news-details
മറ്റുലേഖനങ്ങൾ

പ്രണയമറിയാതെ വരണ്ടുപോയൊരു ജീവിതമുണ്ട്. നീര്‍ച്ചാലുകളും പൂക്കളും കാടും മാന്‍പേടയും കിളിനാദവുമൊക്കെയുണ്ടായിരുന്നിട്ടും എല്ലാറ്റിനേയും പൊതിയുന്ന ആ മനോഹാരിതയെ തൊട്ടറിയാതെ ജീവിച്ചൊരാള്‍; ഋശ്യശൃംഗന്‍. ഹൃദയത്തിന്‍റെ ആഴങ്ങളിലേയ്ക്ക് തുടിച്ചെത്തിയ ഒരു പ്രണയമഴ പെയ്യുംവരെ അയാള്‍ ഒരു മരൂഭൂമിക്കു സമനായിരുന്നു. എന്നാല്‍ വൈശാലിയുടെ ഒരു ശ്വാസക്കാറ്റില്‍ ആ ഹൃദയമരു പൂത്തുലയുന്നുണ്ട്. തികച്ചും സംവേദനാത്മകമായൊരു ജീവിതത്തിലേയ്ക്കാണ് അയാള്‍ പിന്നീടു നീങ്ങുന്നത്. ഒരാള്‍ പരുക്കനെന്നും കര്‍ക്കശനെന്നും മുദ്രകുത്തപ്പെടുന്നതും ഈ പ്രണയാര്‍ദ്രത അറിയാതെ പോകുന്നതുകൊണ്ടാകാം. ഏതൊന്നിലും സൗന്ദര്യം തെളിക്കുന്ന, താളാത്മകത നിറയ്ക്കുന്ന ഒരു പ്രതിഭാസമായി മാറുന്നു പ്രണയം.

ഇങ്ങനെയൊക്കെയാണെന്നാലും നമ്മുടെ ഇന്നത്തെ സംസ്കാര സാഹചര്യങ്ങളില്‍നിന്നു നോക്കിയാല്‍ പ്രണയം അതിന്‍റെ പൂര്‍ണ്ണസാധ്യതയിലേയ്ക്കെത്തിപ്പെടാന്‍ ഏറ്റം യോഗ്യമാകേണ്ട വീട്ടകങ്ങളില്‍പ്പോലും ഇത് എത്രത്തോളം സാധ്യമാകുന്നുണ്ട്! തികച്ചും ചാരുതയാര്‍ന്നൊരു പ്രണയാന്തരീക്ഷത്തിലേയ്ക്ക് എത്തിപ്പെടാന്‍ കഴിയാത്തവണ്ണം വീടുകള്‍ക്കകത്ത് വല്ലാതെ തിരക്കുനിറയുന്നു. കൈയെത്തിപ്പിടിക്കാനാവുമായിരുന്നിട്ടും കണ്‍മുന്‍പില്‍ തിരിച്ചറിയാനാവാതെ പോകുന്ന പ്രണയങ്ങളുടെ ശവപ്പറമ്പ്. പ്രണയം കൈമാറാതെ, കൈയേല്‍ക്കാതെ ശുഷ്കിച്ചുപോകുന്ന ജീവിതങ്ങള്‍. ഭാര്യാഭര്‍ത്താക്കന്മാരായും അച്ഛനമ്മമാരായും ഇന്‍-ലോസ് ആയും ഒക്കെയുള്ള ചില രൂപപ്പെടലുകള്‍ക്ക് വശംവദരാകുമ്പോള്‍ വിവാഹപൂര്‍വ്വദിനങ്ങളില്‍ ഉറകൂടിത്തുടങ്ങിയ പ്രണയഹിമബിന്ദുവും മാഞ്ഞുപോകുന്നു. വരണ്ടനോട്ടങ്ങളിലും ചുരുങ്ങിയ വാക്യങ്ങളിലും പങ്കുവയ്ക്കപ്പെടാതെ പോകുന്ന സന്തോഷ സന്താപങ്ങളില്‍ പങ്കാളികളുടെ ലോകം ഇടുങ്ങിയമരുന്നു. അവസാനം പ്രദോഷത്തിന്‍റെ മരവിച്ച ശയ്യയില്‍ ഒന്നുമുരിയാടാതെ, അടക്കമൊതുക്കമോടെ പരസ്പരം പ്രാപിക്കപ്പെടുന്നു.

ഈ ചര്യാചരണങ്ങള്‍ക്കിടയില്‍ നഷ്ടമായിപ്പോകുന്നത് സൗഹൃദത്തിന്‍റെ ചില്ലകളില്‍ വിടരേണ്ട പ്രണയപുഷ്പങ്ങളാണ്. പങ്കാളിയില്‍ തന്‍റെ നല്ല ഒരു സുഹൃത്തിനെയാണ് തിരയേണ്ടതും കണ്ടെത്തേണ്ടതും. ഇത് അന്തിക്കിടക്കയില്‍ തുടങ്ങിയൊടുങ്ങേണ്ടതല്ല. രാവിലെ പകരുന്ന ചായയുടെ ചൂടില്‍ത്തുടങ്ങി രാവെത്തുവോളം തുടര്‍ന്നാവണം പ്രണയം പൂക്കേണ്ടത്. ഒളിച്ചുവയ്ക്കാതെ, വയ്ക്കപ്പെടാതെ എല്ലാ അതിര്‍വരമ്പുകളും മാഞ്ഞുപോകണം. അങ്ങനെ ഹൃദയവും മനസ്സും ശരീരവും തുറവിയുടെ പുതുലോകം കണ്ടെത്തണം.

കഠിനാധ്വാനത്തിലൂടെയോ അശ്രാന്ത പരിശ്രമത്തിലൂടെയോ അല്ല, മറിച്ച്, ഏറ്റം സ്വാഭാവികമായും ഒരു പൂവിടരുംപോലെ സ്വയമറിയാതെയും സംഭവിക്കേണ്ടതാണ് പ്രണയം. ഞാന്‍ എന്നെ കണ്ടെത്തുംപോലെ തന്നെ. കിടപ്പറകള്‍ വാക്കുകളില്ലാതെയും നിശ്ചിതചലനങ്ങളില്‍പ്പെട്ടും ഒരു നാട്യമെന്നോണം അരങ്ങേറുമ്പോള്‍ പിന്നെ എവിടെയാണ് പ്രണയം സംഭവിക്കേണ്ടത്? പൂര്‍ണ്ണമായും ഒരാള്‍ സ്വയം മറക്കേണ്ടിടങ്ങളില്‍ പുകഞ്ഞും തികട്ടിയും വരുന്നത് തൊട്ടുമുന്‍പുവരെ പറഞ്ഞ കുത്തുവാക്കുകളും കരുതലും ആര്‍ദ്രതയും കൈവിട്ടുപോയ നിമിഷങ്ങളും ഒക്കെത്തന്നെയല്ലേ. സൗഹൃദത്തിന്‍റെ ഈ ചങ്ങലക്കണ്ണികളറ്റുപോകുമ്പോഴാണ് ദാമ്പത്യം മരിക്കാന്‍ തുടങ്ങുക.

ഒരുവേള ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചതാണ്. പക്ഷേ എവിടെയാണ് തെറ്റിപ്പോയിരിക്കുക? പല പങ്കാളികളും സ്വയം ആവര്‍ത്തിക്കുന്നൊരു ചോദ്യമാണിത്. മുന്‍പറഞ്ഞതുപോലെ പങ്കാളികള്‍ക്ക് പരസ്പരം നല്ല സുഹൃത്തുക്കളാവേണ്ടതുണ്ട്. അതിന് വിവാഹത്തിനും ഏറെ മുന്‍പേതന്നെ ഒരുങ്ങേണ്ടതില്ലേ? വീട്ടുകാരുടെ താത്പര്യപ്രകാരമോ നിര്‍ബന്ധത്തിനു വഴങ്ങിയോ ആവാം ഒരു പക്ഷേ പങ്കാളിയുടെ തെരഞ്ഞെടുപ്പ്. കുടുംബ പശ്ചാത്തലവും ശാരീരിക ചേര്‍ച്ചയും വിദ്യാഭ്യാസയോഗ്യതയും തൊഴിലുമൊക്കെ അങ്ങേയറ്റം ചേര്‍ന്നുവരുമ്പോഴും ഗണിക്കപ്പെടാതെ പോകുന്നതൊന്നുണ്ട്, മാനസികപ്പൊരുത്തം. പല തീരുമാനമെടുപ്പിലും ഇതുമാത്രം പാടേ അവഗണിക്കപ്പെടുന്നു. വിവാഹത്തിന് അല്പനാള്‍ മുന്‍പെങ്കിലും ഒന്നു പരിചയപ്പെടാനും പരസ്പരം സംസാരിക്കാനുമൊക്കെ സാധിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ. എന്‍റെ ആശയങ്ങളും വീക്ഷണങ്ങളും സ്വപ്നങ്ങളുമാണ് എന്‍റെ വഴി നിര്‍ണ്ണയിക്കുന്നത്. അപ്പോള്‍ മരണംവരെ ഒന്നിച്ചു കഴിയേണ്ടവര്‍ക്ക് ഇക്കാര്യങ്ങളിലെല്ലാം ചേര്‍ന്നുപോകുന്നൊരു ചങ്ങാതിയെ കണ്ടെത്താനാവുക എന്നത് അത്യന്താപേക്ഷിതമാകുന്നു. ഈ മനസ്സിലാക്കലുകള്‍ വിവാഹശേഷം പലപ്പോഴും പ്രായോഗികമാവില്ല. ഒരു തെരഞ്ഞെടുപ്പ് നടത്തും മുന്‍പേ വേണം ഇവയൊക്കെ തിരിച്ചറിയാന്‍. ഉദാഹരണമായി ഏറെ പുസ്തകം വായിക്കാനും ആശയപരമായ സംവാദങ്ങള്‍ നടത്താനും ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് അത്തരം സംഗതികളില്‍ യാതൊരു താത്പര്യവുമില്ലാത്ത ഒരാളെ പങ്കാളിയായി ലഭിച്ചാലോ. അല്ലെങ്കില്‍ ഏറെ യാത്രചെയ്യാനും പ്രകൃതി മനോഹാരിതയില്‍ സ്വസ്ഥമായി ചെലവിടാനും ആഗ്രഹിക്കുന്നൊരാള്‍ക്ക് മറിച്ചൊരാളാണ് പങ്കാളിയെങ്കിലോ? കൂടുതല്‍ ആക്റ്റീവായി സമൂഹത്തിലിടപെടുന്നൊരാള്‍ക്ക് ഒറ്റയ്ക്ക് വെറുതേ ചടഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നൊരു പങ്കാളിയാണ് ഉള്ളത് എങ്കിലോ? അഡ്ജസ്റ്റുമെന്‍റുകളുടെ ലോകത്തേയ്ക്കാവും പിന്നീടുള്ള ചുവടുവയ്പുകള്‍. അഡ്ജസ്റ്റ്മെന്‍റുകള്‍ ഒരാളെ സ്വസ്ഥനാക്കുകയല്ല അസ്വസ്ഥനാക്കുകയാണ്. വളരെ ശാന്തമായി സ്വസ്ഥമായി ഒരിക്കലും മുന്നോട്ടു പോകാനാവില്ല പിന്നെ. തെന്നിയൊഴുകും പോലെ പരസ്പരം കൈചേര്‍ത്തു പിടിച്ച് ഒന്നിച്ചുനീങ്ങാന്‍ എങ്ങനെ സാധിക്കുമപ്പോള്‍? മേല്‍പ്പറഞ്ഞ പരിചയപ്പെടലുകളും കൂട്ടുചേരലും അതിനുശേഷമുള്ള വിവാഹബന്ധങ്ങളുമൊക്കെ ഇന്നത്തെ പുതുതലമുറയില്‍ സംഭവിക്കുന്നില്ലേ എന്നൊരു ചോദ്യമുണ്ടാവാം. ശരിയാണ്, പക്ഷേ യാഥാര്‍ത്ഥ്യത്തിന്‍റെ ചാലുവഴികളിലൂടെയാവണമെന്നില്ല ഈ പോക്ക്. ഒളിവും മറവുമില്ലാതെ, അടിച്ചുപൊളിയുടെയും നാട്യങ്ങളുടെയും മേമ്പൊടിയില്ലാതെ ഉള്ള പരിചയപ്പെടലുകളും തുടര്‍ന്നുള്ള സൗഹൃദങ്ങളും വിവാഹവുമൊക്കെ വളരെ വിരളമായേ ഇപ്പോഴും സംഭവിക്കുന്നുള്ളൂ എന്നതാണ് സത്യം. ഒരു ജീവിതം ഒന്നിച്ചു തുടങ്ങാനാഗ്രഹിക്കുമ്പോള്‍ ഒരു സ്വയാവബോധവും ആവശ്യമായി വരുന്നു. പക്വതയോടെ ചിന്തിക്കാനും വെറും മതിഭ്രമങ്ങളല്ല ജീവിതം എന്ന് തിരിച്ചറിയാനും കഴിയണം. ശരീരസൗന്ദര്യത്തേക്കാള്‍ പ്രധാനം കരുത്തഴകാര്‍ന്നൊരു മനോഭാവമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ഈ സൗഹൃദജീവിതം സമ്മാനിക്കുന്ന ഒരു മനോഹരഭാവമാണ് സര്‍ഗ്ഗാത്മകത. സര്‍ഗ്ഗാത്മകതയിലൂടെ ജീവിതം ചലനാത്മകമാകുന്നു. ചലനാത്മകതയാവട്ടെ, ഉന്മേഷകരമായൊരു അന്തരീക്ഷം നമുക്കു ചുറ്റും സൃഷ്ടിച്ചുകൊണ്ടേയിരിക്കും. എല്ലാറ്റിലും പുതുമ കണ്ടെത്തുകയും അത് ആസ്വദിക്കുകയും ചെയ്തുകൊണ്ടിരിക്കുക എന്നത് സുന്ദരമായൊരു കാര്യം തന്നെയല്ലേ. വറ്റിത്തീരാത്തൊരു പ്രണയ നീരുറവ ഹൃദയത്തോടു ഹൃദയം ഒഴുകിക്കൊണ്ടേയിരിക്കും. അവിടെ നീ ഞാനായും ഞാന്‍ നീയായും രൂപാന്തരം പ്രാപിക്കും. അപ്പോള്‍ എല്ലാ സ്വാതന്ത്ര്യത്തോടെയും ഒരാള്‍ക്ക് തന്‍റെ പങ്കാളിയെ സ്വന്തമാക്കാനാവുന്നു.

നിറയേ നീരുള്ളൊരു കള്ളിമുള്‍ച്ചെടിപോലെ വാര്‍ദ്ധക്യത്തിലും നിറഞ്ഞുതുടിച്ചു നില്‍ക്കാന്‍ കഴിയുന്നതാണ് പ്രണയം. ഹൃദയം നിത്യമായി പുഷ്പിച്ചുനില്‍ക്കുംപോലെ സുന്ദരം. നോവുകളുടെ വേനലറുതിയിലും തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്ന ഒന്ന്. ചിന്തിച്ചുനോക്കാം, എവിടെവച്ചാണത് കാറ്റു കൊണ്ടുപോയത്?

ജീവിതം ഒരിക്കലും സന്തോഷങ്ങളുടെയും സ്വപ്നസാഫല്യത്തിന്‍റെയും വേദിയല്ല എന്നിരിക്കേ, നോവുകളുടെ കണ്ണീര്‍ച്ചാലുകള്‍ തിളച്ചൊഴുകി വരുമ്പോഴും നഷ്ടസ്വപ്നങ്ങളുടെ ചീവിടുകള്‍ ചെവിയിലാര്‍ത്തിരമ്പുമ്പോഴും കുളിര്‍പ്പിക്കുന്നൊരു അലയൊലിയായി ഒരു പ്രണയഗാനം കൂടെയുണ്ടാവട്ടെ. അവന്‍ / അവള്‍ നിന്‍റെ ഹൃദയത്തില്‍ തൊട്ടെഴുതിയ കാവ്യഭംഗിയാര്‍ന്നൊരു കൈയൊപ്പാകട്ടെ പ്രണയം.

You can share this post!

പത്ത് കൗമാരപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts