ആധുനിക വ്യാവസായിക സമൂഹത്തിന്‍റെ ഉല്പത്തിയോടുകൂടിയാണ് പ്രണയം ഒരു ശ്രദ്ധാവിഷയമായി ജീവിതത്തിലേയ്ക്കു കടന്നുവന്നത്. ആധുനികതയുടെ ഭാഗമായ, വ്യക്തിവാദം എന്നറിയപ്പെടുന്ന ദര്‍ശനത്തിന്‍റെയും പ്രണയസാഹിത്യത്തിന്‍റെയും ഉദയം ഏറെക്കുറെ ഒന്നിച്ചാണ് സംഭവിച്ചത്. അതിന്‍റെ പ്രത്യക്ഷ സാഹിത്യാനുഭവമായിരുന്നു റൊമാന്‍റിസം എന്ന പേരില്‍ അറിയപ്പെട്ടത്.
പ്രണയത്തിന്‍റെ ഉത്സവാനുഭവങ്ങളായിരുന്നു അന്നു സാഹിത്യത്തിലെ പ്രധാനപ്രമേയം. ചെറുപ്പക്കാരുടേതു മാത്രമായ ഒരു ജീവിതമായിരുന്നു, അവരുടേതു മാത്രമായ അനുഭവാവിഷ്കാരമായിരുന്നു ഒരിക്കല്‍ സാഹിത്യം. സമൂഹം ചെറുപ്പക്കാരെയും അവരുടെ ലൈംഗികതയെയും പ്രണയത്തെയും ഒരുപോലെ ഭയപ്പെട്ടിരുന്നു അക്കാലത്ത്. സാഹിത്യം ഒളിച്ചുവച്ച് വായിക്കപ്പെടേണ്ട ഒന്നായിരുന്നു എന്നത് ഇന്നേറെ കൗതുകകരമായ ഒരു കാര്യമാണെന്നു തോന്നുന്നു.
പണ്ടും സമൂഹത്തില്‍ പ്രണയവും അതിനെ ആദര്‍ശാത്മകമായി ചിത്രീകരിക്കുന്ന സാഹിത്യവും ഉണ്ടായിരുന്നു എന്നത് വാസ്തവംതന്നെ. എന്നാല്‍ അതിന്‍റെ സാമൂഹ്യതലം വളരെ വിഭിന്നമായിരുന്നു എന്നതാണ് സത്യം. കാളിദാസ സാഹിത്യത്തിലെ പ്രണയങ്ങളെല്ലാം, അല്ലെങ്കില്‍ മഹാഭാരത പരാമൃഷ്ടങ്ങളായ പ്രണയങ്ങളെല്ലാം പൗരാണിക സമൂഹത്തിന്‍റെ അതിസങ്കുചിത ലോകത്തിനുള്ളില്‍ നടന്നിരുന്ന ചെറുചെറുകലാപങ്ങളായിരുന്നെങ്കിലും അവയൊന്നും പൊതുസമൂഹത്തിന്‍റെ നേരിട്ടുള്ള പകര്‍പ്പുകളായിരുന്നില്ല.
ഒരു സമൂഹമെന്ന നിലയില്‍ പൗരാണിക സമൂഹങ്ങള്‍ പ്രണയത്തെ പല നിലയ്ക്കും ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. സ്വയംവരമെന്നൊക്കെ നാം കേട്ടിട്ടുള്ള അതിപ്രശസ്തമായ പൗരാണിക വിവാഹങ്ങള്‍ക്ക് പ്രണയത്തിന്‍റെ ഒരു പരിവേഷം ചിലപ്പോഴൊക്കെ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം ആചാരാനുഷ്ഠാനങ്ങളാല്‍ വ്യവസ്ഥാപിതമായിരുന്നു എന്നോര്‍ക്കണം. സംഘസാഹിത്യത്തിലും പ്രണയവും ഒളിച്ചോട്ടവും പ്രണയനൈരാശ്യം കൊണ്ടുള്ള 'മടലേറല്‍' പോലുള്ള ആത്മഹത്യകളും അരങ്ങേറിയിരുന്നു.
നമുക്ക് ഭാരതത്തില്‍, പ്രണയത്തിനൊരു സവിശേഷ ദുരന്തച്ഛവിയുണ്ടായിരുന്നു. പ്രണയപരവശരായ ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വനവേടന്‍ അമ്പെയ്തുവീഴ്ത്തിയ പ്രതീകാത്മക ദുരന്തമാണ് രാമായണേതിഹാസത്തില്‍ സീതാരാമന്മാരുടെ പതനത്തിലൂടെ വാല്മീകി ആവിഷ്കരിച്ചിട്ടുള്ളത്. കര്‍മ്മഫലത്തിലും വിധിയിലും സമൂഹത്തിലുംനിന്ന് മുറിവുപറ്റിയവരുടെ ജീവിതമാണ് രാമായണം ആവിഷ്കരിക്കുന്നത്. പ്രണയികളെ വിധിയും കര്‍മ്മഫലങ്ങളും സാഹചര്യങ്ങളും വേട്ടയാടുന്നതിന്‍റെ മറ്റൊരു ദൃഷ്ടാന്തമാണ് നളദമയന്തിമാരുടെ ജീവിതസമസ്യകളില്‍ നാം വായിക്കുന്നത്.
മലയാളസാഹിത്യത്തില്‍ ഇന്ദുലേഖയാണ് പ്രണയത്തെ സാമൂഹ്യാധികാരകേന്ദ്രങ്ങളുമായുള്ള ഏറ്റുമുട്ടലിന്‍റെ രൂപത്തില്‍ ശ്രദ്ധേയമാംവിധം പുനരെഴുത്തു നടത്തിയത്. പ്രണയം രണ്ടുതലമുറകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണെന്ന് ഇന്ദുലേഖയും ലീലയും രമണനുമെല്ലാം നമ്മോടു വാചാലരാകുന്നുണ്ട്. നവോത്ഥാനകാലത്തിനുശേഷം രൂപപ്പെട്ട വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ചിറകുകൊണ്ടാണ് ആ ഒരു തലമുറ പ്രണയത്തിലേയ്ക്ക് പറന്നുപോയത്. ജാതി, ജന്മി, മതസമൂഹങ്ങള്‍ പ്രണയത്തെ എങ്ങനെയെല്ലാം നേരിട്ടിരുന്നുവെന്നുള്ളതിന് അക്കാലത്തെ സാഹിത്യം പലതരം തെളിവുകള്‍ നല്കുന്നുണ്ട്. രണ്ടിടങ്ങഴിയും ചെമ്മീനും കുടിയൊഴിക്കലും അതിന്‍റെ തരാതരങ്ങളെ പ്രദര്‍ശിപ്പിക്കുന്ന കാഴ്ചശാലകളാണെന്നു നമുക്കറിയാം. പ്രണയം അക്കാലത്ത് ഒരു സാമൂഹ്യവിപ്ളവം കൂടിയായിരുന്നു. പ്രണയിക്കുകയെന്നാല്‍ ഒരു നവോത്ഥാനപ്രവര്‍ത്തനമായിരുന്നു എന്നു വായിക്കുവാന്‍ കഴിയുംവിധം കനത്ത ഉള്ളടക്കത്തോടു കൂടിയതായിരുന്നു അക്കാലത്തെ സാഹിത്യം. സ്വാഭാവികമായും അതു സമൂഹത്തിന്‍റെ ഒരു പ്രതിഫലനം എന്നതുപോലെതന്നെ സമൂഹത്തിന്‍റെ ആഗ്രഹചിന്തയും കൂടിയായിരുന്നു.
എന്നാല്‍ 'കൊച്ചുതൊമ്മന്‍' പോലുള്ള കൃതികള്‍ക്കുശേഷം ആധുനിക കേരളത്തില്‍ കാല്പനിക പ്രണയം വിചാരണചെയ്യപ്പെടുന്ന അവസ്ഥയിലേയ്ക്ക് സാഹിത്യം പൊതുവില്‍, വിശേഷിച്ചും കവിത, മാറിപ്പോകുകയാണുണ്ടായത്. ആ സ്ഥാനത്തേയ്ക്കു കടന്നുവന്നത് സിനിമ എന്ന നവമാധ്യമമായിരുന്നു. പ്രണയത്തിന്‍റെ വാഗ്രൂപങ്ങള്‍ക്കു പകരം നായികാനായകന്മാരുടെ രൂപചാരുതയും ശരീരഭാഷയും പ്രണയാവബോധത്തിന്‍റെ രൂപാന്തരങ്ങള്‍ക്കു നിമിത്തമായിത്തീര്‍ന്നു. പ്രണയം സുന്ദരന്മാരുടെയും സുന്ദരികളുടെയും ഒരു കലയായി മാറി. അവന്‍ നൃത്തം ചെയ്യുകയും പാടുകയും മരംചുറ്റി ഓടുകയും പ്രണയഭാഷണം നടത്തുകയും ചെയ്യുന്നതിന്‍റെ ശരീരഭാഷയായി പിന്നീട് പ്രണയത്തിന്‍റെ സാര്‍വലൗകിക ഭാഷ.
പൗരാണിക സാഹിത്യം പ്രണയത്തെ രാജകുമാരന്മാരുടെയും രാജകുമാരിമാരുടെയും അനുഭവങ്ങളായി ചുരുക്കെഴുത്തു നടത്തിയപ്പോള്‍ ആധുനിക സിനിമ അതിനെ സുന്ദരന്മാരുടേയും സുന്ദരിമാരുടേയും കലയായി മാറ്റിയെഴുതിയെന്നു മാത്രം. അപ്പോഴും പ്രണയം സാധാരണ മനുഷ്യരുടെ ഒരു സാമൂഹ്യാനുഭവമായി രൂപപ്പെട്ടിരുന്നോ എന്നു സംശയിക്കാവുന്നതാണ്. പ്രണയത്തിന്‍റെ കീഴാളകാഴ്ചകള്‍ പൈങ്കിളിസാഹിത്യം എന്നു വിളിച്ചാക്ഷേപിക്കപ്പെട്ട ജനപ്രിയ സാഹിത്യത്തിലാണ് ശരിക്കും വേരുപിടിച്ചത്. അസുന്ദരന്മാരും പാവപ്പെട്ടവരും ദരിദ്രസുന്ദരികളും അവിടെ നിറഞ്ഞാടിയിരുന്നെങ്കിലും അവരുടെ പ്രണയപര്‍വ്വം അതിവൈകാരികവും ചപലവുമായി നിന്ദിക്കപ്പെട്ടുവെന്ന കാര്യം നാമോര്‍ക്കണം. ദരിദ്രന്‍റെ പ്രണയംപോലും പൈങ്കിളിയാണെന്ന ഒരു തീര്‍പ്പ് കഴിഞ്ഞ തലമുറയിലുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ ഒരു വലിയ ഇടത്തരം ജനസമൂഹം പ്രണയത്തിന്‍റെ വഴി കണ്ടുപിടിച്ചത് ഈ പൈങ്കിളികളില്‍ നിന്നായിരുന്നു എന്ന കാര്യം എത്രയോ വലിയ സത്യമാണുതാനും. സിനിമാ ഗാനങ്ങള്‍ മലയാളികളുടെ പ്രണയസന്ദേശങ്ങള്‍ കൂടിയായി മാറിയതോടെ ഗാനമേളകള്‍ക്ക് സംഗീതത്തേക്കാള്‍ കൂടുതലായി ഒരു തലമുറയുടെ പ്രണയാഭിനിവേശങ്ങളുമായി അഭിരഞ്ജിക്കപ്പെടേണ്ടി വന്നു.
ഇങ്ങനെ കവിത, നാടകം, സിനിമ, സിനിമാഗാനം മുതലായവയിലൂടെ അഭിവ്യക്തമാകുന്ന പ്രണയാനുഭങ്ങളാണ് നമ്മുടേത്. യഥാര്‍ത്ഥ ജീവിതത്തില്‍ അതിന്‍റെ പ്രസക്തിയും സാക്ഷാല്‍ക്കാരവും എത്രത്തോളമുണ്ടായിരുന്നെന്ന് നമുക്കറിയില്ല. അന്‍പതുകള്‍ തൊട്ടുള്ള പത്രങ്ങളില്‍ കമിതാക്കളുടെ ഒളിച്ചോട്ടങ്ങളും ആത്മഹത്യകളും സാധാരണവാര്‍ത്തകളായി മാറുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. എഴുപതെന്‍പതുകളിലെ ചെറുപ്പക്കാര്‍ അതില്‍ മുന്‍പന്തിയിലായിരുന്നുതാനും.
സമൂഹം പൊതുവില്‍ പ്രണയത്തെ ഒരു പാപമായിട്ടാണ് കണക്കാക്കിപ്പോരുന്നത്. മക്കള്‍ അച്ഛനമ്മമാരുടെ സ്വകാര്യ സ്വത്തും ഭാര്യ ഭര്‍ത്താവിന്‍റെ ഒരു സ്വകാര്യസ്വത്തും ആയി പരിഗണിക്കപ്പെടുന്ന സമൂഹത്തില്‍ പ്രണയം ഒരു മഹാപാപവും പാതകവുമായി മാറും. വ്യക്തികള്‍ മതത്തിന്‍റെയും ജാതിയുടെയും വര്‍ഗ്ഗത്തിന്‍റെയും വംശത്തിന്‍റെയും ദേശത്തിന്‍റെയും സ്വകാര്യസ്വത്താകയാല്‍ അത്തരം സ്ഥാപനങ്ങളുടെ അനുസരണയുള്ള അനുയായികളായിരിക്കേണ്ടത് വ്യക്തികളുടെ ബാദ്ധ്യതയായിരിക്കും. സ്വന്തം താല്‍പര്യങ്ങളെ ഹനിച്ചുകൊണ്ടേ ഒരുവന് ആ സമൂഹത്തിനുള്ളില്‍ ജീവിക്കാന്‍ കഴിയൂ. അതിനായി ഒരുവന്‍ ആദ്യമായി വെടിയേണ്ടി വരുന്നത് സ്വന്തം പ്രണയത്തെയായിരിക്കും. പ്രണയത്തിന്‍റെ വൃത്തത്തെ സ്വന്തം ജാതിയിലേയ്ക്കും മതത്തിലേയ്ക്കും സാമ്പത്തികനിലവാരത്തിലേയ്ക്കും കുലമഹിമയിലേയ്ക്കും ചുരുക്കിക്കൊണ്ടു വന്നാലേ അപരാജിതവും സാമൂഹ്യാംഗീകാരവുമുള്ള ഒരു പ്രണയവിവാഹം ഇവിടെ സാദ്ധ്യമാകുകയുള്ളൂ. അതസാദ്ധ്യമാണെന്ന് നമുക്കറിയാം. എന്തെന്നാല്‍ പ്രണയം ഒരു അഡ്ജസ്റ്റ്മെന്‍റല്ല. മേല്പറഞ്ഞ ഒരു സമൂഹവും പ്രണയവിവാഹത്തെ അംഗീകരിച്ചിട്ടുള്ളതായി നാം ഒരിടത്തും കണ്ടിട്ടില്ല.
പ്രണയം മനുഷ്യന്‍റെ ലൈംഗികവാസനയുടെ സാക്ഷാത്കാരവുമായി, സ്ത്രീ-പുരുഷന്മാരുടെ പരസ്പരാകര്‍ഷകത്വവുമായി, ആന്തരികാസക്തികളുമായി മാത്രം നേരിട്ടു ബന്ധമുള്ള ഒന്നാണ്. ബുദ്ധിപരമായി അതൊരാത്മഹത്യയും ഭ്രാന്തുമാണ്.
പ്രണയബാധിതമായ മനസ്സുകളെ സമൂഹം എന്നും ഭയപ്പെടുന്നുണ്ട്. സാമൂഹ്യമായി വിലയിരുത്തിയാല്‍ പ്രണയം ഒരു ധിക്കാരമാണ്. അതു സമൂഹത്തിന്‍റെ വ്യവസ്ഥാപിത കെട്ടുപാടുകളെ പൊളിച്ചടുക്കുന്ന ഒരു സാമൂഹ്യവിപ്ളവമാണ്. ജാതി മത വര്‍ഗ്ഗ ദേശ രാഷ്ട്രീയങ്ങളെ അസ്ഥിരപ്പെടുത്തുന്ന കലാപവുമാണ് അത്. അതുകൊണ്ട് വിവാഹപൂര്‍വ പ്രണയം, അഥവാ പ്രണയത്തിലൂടെ സാക്ഷാത്കൃതമാകുന്ന വിവാഹം എന്ന ആശയം ഒരു ഒറ്റപ്പെട്ട സംഗതിമാത്രമായിരിക്കും. എന്നാല്‍ എല്ലാ സങ്കുചിത സാമൂഹ്യവിഭാഗങ്ങളും വിവാഹാനന്തര പ്രണയസാദ്ധ്യതകളെ മാത്രം ആരായുന്നുവെന്നതാണ് ഇന്നത്തെ വിരോധാഭാസം. നിലവിലുള്ള സാമൂഹ്യാവസ്ഥയ്ക്ക് കേടുപാടുണ്ടാവാത്തവിധം ദമ്പതിമാരെ പ്രണയിനികളാക്കി മാറ്റാന്‍ പുതുസാമൂഹ്യ വിഭാഗങ്ങള്‍ ആഗ്രഹിക്കുന്നു. ജാതിയുടേയും മതത്തിന്‍റേയും കുലത്തിന്‍റെയും ദേശത്തിന്‍റെയും കുടുംബത്തിന്‍റെയും പരിധിക്കുള്ളില്‍ എങ്ങനെ വ്യക്തികള്‍ക്ക് അവരുടെ പ്രണയത്തെമെരുക്കി നിര്‍ത്താന്‍ കഴിയുമെന്നാണ് ഇന്ന് പലരുടേയും അന്വേഷണം.
എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സ്നേഹവും പ്രണയവും ഒന്നല്ല. സ്നേഹം പലതരം ബന്ധങ്ങളിലൂടെ അരക്കിട്ടുറപ്പിക്കാവുന്ന ഒരു വികാരമാണ്. പ്രണയമാകട്ടെ ഒരു കലാപവും. അത് സമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ലൈംഗികമായ ഉള്ളടക്കമില്ലാത്ത, വിപ്ളവകരമല്ലാത്ത പ്രണയമില്ല. എന്നാല്‍ സ്നേഹം വൈകാരികമായ പക്വതയാണ്. കുടുംബബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നത് പലതരത്തില്‍ നെയ്തെടുത്ത സ്നേഹത്തിന്‍റെ ഈ നൂലുകള്‍ കൊണ്ടാണ്. അതേസമയം മനുഷ്യബന്ധങ്ങള്‍ പണബന്ധങ്ങളായി രൂപപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ പ്രണയവും സ്നേഹബന്ധങ്ങളും ഒരുപോലെ അനാഥമായിത്തീര്‍ന്നിരിക്കുന്നു. ഒട്ടും സമയമില്ലാത്തവരുടെ, തിരക്കുകള്‍ക്കിടയിലകപ്പെട്ടവരുടെ, ഉന്തും തള്ളുമാണ് പ്രണയമെന്നുവരുന്നതാണ് ഏറ്റവും സഹതാപാര്‍ഹമായ ദുരന്തം.
ദൈവമേ നീ കുറച്ചുകൂടി സമയമുള്ളവരുടെ ഒരു സമൂഹത്തെ സൃഷ്ടിക്കാതിരുന്നതെന്ത് എന്നാണെനിക്കു ദൈവത്തോടുള്ള പരിഭവം. സ്നേഹിക്കുവാനും പ്രണയിക്കുവാനും ഈ ലോകത്ത് സമയമില്ലെങ്കില്‍ ഇതൊരു വെറും പാഴ്നിലം മാത്രമല്ലേ ആവുന്നുള്ളൂ - ധനികരുടെ ഒരു വലിയ മരുഭൂമി?