എണ്ണത്തിന്‍റെ കാര്യത്തില്‍ മനുഷ്യനേറ്റവും കൂടുതലുള്ള അവയവം അവന്‍റെ വിരലുകളാണ്. ഒരുപക്ഷേ സ്വയം എന്നതിനേക്കാള്‍ അപരനുവേണ്ടിയാവും ദൈവം അതു കരുതിയത്, എന്നാല്‍ സ്വയം ചൊറിഞ്ഞ്, ആത്മാനുഭൂതി നുകരാനാണ് നാം ഒരുപക്ഷേ അവയത്രയും ഒന്നിച്ച് ഇന്ന് ഉപയോഗിക്കുന്നത്!
ഞാനൊരു കഥ പറയുകയല്ല, കഥയുടെ ഉടല്‍ഘടനകളെ അഴിച്ചു പണിയുന്ന ഒരു പെണ്‍ജീവിതത്തിലേക്ക് ജാലകം തുറന്നിടുകയാണ്. ടി. സി. അശ്വതി ഒരു ഗദ്ദാമയാണ്. ഇന്നു തീയേറ്ററുകളില്‍ പണം വാരുന്ന, കാവ്യാ മാധവന്‍ അവതരിപ്പിക്കുന്ന കമല്‍ ചിത്രത്തിന്‍റെ അംഗഭംഗിയല്ല അവള്‍. നിരക്കെ തകര്‍ന്നുപോയ ഒരു കപ്പല്‍ച്ചേതത്തിന്‍റെ കൈയൊപ്പ് നമ്മുടെ ഹൃദയത്തെ നിരന്തരം അഭിസംബോധന ചെയ്യുന്നുണ്ട്, കാതോര്‍ത്താല്‍ മാത്രം കേള്‍ക്കാവുന്ന തരംഗവ്യാപ്തിയില്‍. പക്ഷേ, ഒരൊഴിവുദിനത്തിന്‍റെ പ്രാര്‍ത്ഥനക്കുള്ള പരക്കംപാച്ചിലിനിടയില്‍ പോലും, നാമൊന്നു ചെവി വട്ടംപിടിക്കാന്‍ മറന്നുപോകുന്നു. ഒരു സൃഷ്ടി നടത്തണമെന്നുണ്ടായപ്പോള്‍ ദൈവം നിങ്ങളെതന്നെ സൃഷ്ടിച്ചതെന്തുകൊണ്ടായിരിക്കാം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ദൈവത്തിനു നമുക്കുമേലുള്ള ചില പ്രതീക്ഷകളില്‍ എത്ര ശതമാനം നമുക്ക് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്! മതമേതായാലും വിശുദ്ധ പുസ്തകവുമെടുത്തുകൊണ്ട് പ്രാര്‍ത്ഥനാലയത്തിലേക്കുള്ള വാരാന്ത്യത്തിലെ കവാത്തില്‍ എല്ലാം തീരുന്നുണ്ടോ!
ഒരു കഞ്ചാവു വലിക്കാരന്‍റെ കത്തിമൂര്‍ച്ചയില്‍ വളരെ ലളിതമായി പിടഞ്ഞമര്‍ന്ന ഒരാളുടെ ഭാര്യയാണ് അശ്വതി. അയാള്‍ അവശേഷിപ്പിച്ച മൂക്കോളം കടവും, രണ്ട് പൊടിപ്പെണ്‍മക്കളും അവളെ ഗദ്ദാമ വേഷത്തില്‍ കയറ്റിയിരുത്തി ഞങ്ങള്‍ക്കിടയിലേക്ക് നാടുകടത്തി. ഉള്ളിലിരമ്പുന്ന കണ്ണീര്‍ക്കടലില്‍ വല്ലാതെ താഴ്ന്നുപോകുമ്പോള്‍ അവള്‍ വല്ലപ്പോഴും എന്നോടു നിലവിളിക്കും: "കുഴല്‍ കിണറിന്‍റെ വായില്‍ വീണുപോയ ഒരാളോടുള്ള ദയ നീ കാട്ടണേ, എന്നോട് എന്തെങ്കിലും നീ കുറെനേരം സംസാരിക്കണേ, അല്ലെങ്കില്‍ ഞാന്‍ വീണ്ടും വീണ്ടും ആഴങ്ങളിലേക്ക് വീണുപോകും, ആര്‍ത്തിയോടെ വല്ലപ്പോഴും ഞാനൊന്ന് മേലോട്ട് നോക്കിക്കോട്ടേ." ഒരു നിലാവുള്ള രാത്രിയില്‍ കാറ്റ് കുലച്ച മരുഭൂമിയിലെ ഖൈമയില്‍ (കൂടാരം) നിന്നും എനിക്കൊരു നിലവിളി കിട്ടി: "ഇന്നത്തെ ദിവസമറിയാമോ?" എന്‍റെ ഓര്‍മയില്‍ പ്രത്യേകതകളൊന്നുമില്ലാത്ത, വരവ് ചെലവുകളുടെ കണക്കെടുപ്പില്‍ ഇത്തിരി സന്തുഷ്ടനായ ദിവസം. "ഇന്ന് തിരുവാതിര ഞാറ്റുവേലയാ മാഷെ!"
"നടാനൊന്നുമില്ലാത്തവര്‍ക്കെന്ത് തിരുവാതിര ഞാറ്റുവേല."
"അങ്ങനെ പറയരുത്, നമുക്ക് നിലാവ് നടാം, കാറ്റ് നടാം."
"എന്നിട്ടുവേണം കൊടുങ്കാറ്റു കൊയ്യാന്‍."
"ഇപ്പോ കൃഷി വല്യമെച്ചമില്ലാത്ത കാലമല്ലേ, മാഷ് കാറ്റ് വിതച്ചോളൂ, ഇളംകാറ്റേ കൊയ്യൂ!"
അങ്ങനെയുള്ള ചില സംഭാഷണങ്ങളിലൂടെയാണ് അശ്വതിയുടെ ഇടനാഴികളില്‍ ഞാന്‍ ഇരച്ചു കയറിയത്. ഇക്കണോമിക്സില്‍ ബിരുദം, പഠനകാലത്ത് അത്യാവശ്യം കവിതാവാസന, നേഴ്സിംഗ് പഠനം ലേബര്‍റൂമില്‍ ചോരകണ്ട് ഭയന്നു ബോധമറ്റു വീഴുംവരെ.
ഇരുന്നൂറ്റി അറുപതു രൂപ ഏതു ദാരിദ്ര്യത്തിലും വിനിമയം ചെയ്യാനാവാതെ വീട്ടില്‍ കിടപ്പുണ്ട്! കൊല്ലപ്പെട്ട ഭര്‍ത്താവിന്‍റെ രക്തംപുരണ്ട കറന്‍സികള്‍. ഏതു വറുതിയിലും അച്ഛന്‍റെ രക്തം വിനിമയം ചെയ്യപ്പെടാനാവാതെ മൂന്നിലും ആറിലും പഠിക്കുന്ന കുഞ്ഞുങ്ങള്‍.
ജാലകങ്ങളില്ലാത്ത മുറിയാണ് അശ്വതിക്ക്. ഒരു ഗദ്ദാമ നിലാവ് കാണേണ്ടതിന്‍റെ സാംഗത്യം ആര്‍ക്കു ചോദ്യം ചെയ്യാനാവും! അവരുടെ യജമാനന്‍, ബാബയും മാമയും തമ്മിലുള്ള നിരന്തരം വഴക്കിന്‍റെ ഉച്ചസ്ഥായി, മാമയേയും അശ്വതിയെയും കാറിലിട്ടുകൊണ്ടുള്ള ബാബയുടെ മരണപ്പാച്ചിലാണ്. ആ മരണവേഗമാണ് അയാളിലെ രോഷം നനച്ചുകെടുത്തുന്നത്. ആ പാച്ചിലിലങ്ങോളം പിന്‍സീറ്റില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ തലപൂഴ്ത്തി ഒരു ഒട്ടകപ്പക്ഷിയെപ്പോലെ അശ്വതി ഭയന്നിരിക്കും. ജീവന്‍ തിരിച്ചുകിട്ടിയതിന്‍റെ അണപ്പോടെ നാലാം കാലത്തില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ചിലപ്പോള്‍ എന്നെ വിളിക്കും.
മറ്റു ചിലപ്പോള്‍ നിലാവ് പൂക്കുന്ന ചില രാവറുതികളില്‍ എന്‍റെ ഉറക്കത്തെ തുലച്ചുകളഞ്ഞുകൊണ്ട് അശ്വതിയുടെ വിളിയെത്തും.
"മാഷ്ക്ക് എന്നെക്കൊണ്ട് ഇടങ്ങാറായി. ക്ഷമിക്കണം ഇത്ര സ്വാതന്ത്ര്യമെടുത്തു സംസാരിക്കാന്‍ എനിക്കാരുമില്ല. നല്ല നിലാവ്, മൂക്ക് വട്ടം പിടിച്ചാല്‍ നമുക്കിവിടെയും കിട്ടും നാട്ടില്‍ പൂക്കുന്ന ഇലഞ്ഞിമണം." മണക്കാനൊന്നുമില്ലാതെ ദരിദ്രമായിക്കിടന്ന എന്‍റെ മൂക്കിനെ വല്ലപ്പോഴും സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നത് അശ്വതിയുടെ അസമയത്തെ വിളികളാണ്!
"എനിക്കെന്തെങ്കിലും കുറച്ചു പുസ്തകങ്ങള്‍ കൊണ്ടുതരൂ, ഇല്ലെങ്കില്‍ ഞാന്‍ ചത്തുപോകും മാഷേ" എന്നൊരു നിലവിളി അശ്വതിയില്‍ നിന്നും ഉയര്‍ന്ന ദിവസം ഞാന്‍ വല്ലാതെ വീര്‍പ്പുമുട്ടിയിരുന്നു. നേരിട്ട് കാണുവാന്‍ ഒരു നിര്‍വാഹവുമില്ലാത്ത കോട്ടയില്‍ പാര്‍ക്കുന്ന അശ്വതിക്ക് എങ്ങിനെ പുസ്തകങ്ങള്‍ എത്തിക്കും, ഒരുപാട് ആലോചനകള്‍ക്കൊടുവില്‍ ഒരു പഴുതു കണ്ടു. അവരുടെ അയല്‍വീട്ടിലെ മലയാളി ഡ്രൈവര്‍ വശം കൊടുത്തുവിട്ടു.
അലമാരയില്‍ നിന്നും ആനന്ദിന്‍റെ 'മരുഭൂമികള്‍ ഉണ്ടാവുന്നത്' എം ടിയുടെ 'രണ്ടാമൂഴം' വി. ടി. കൊച്ചുവാവയുടെ 'വൃദ്ധസദനം' എന്നിവ എടുത്തുവയ്ക്കുമ്പോള്‍ മനസ്സില്‍ ഇങ്ങനത്തെ ഗൗരവരചനകള്‍ മാത്രം വായിക്കുന്ന ഒരാളാണ് ഞാന്‍ എന്ന് അശ്വതി അറിയട്ടെ എന്നൊരു സ്വകാര്യ അഹങ്കാരവും എനിക്കുണ്ടായിരുന്നു.
അന്ന് രാത്രി എന്നെ ലജ്ജിപ്പിച്ചുകൊണ്ട് അശ്വതി പറഞ്ഞതിത്രമാത്രം: "മൂന്നില്‍ കുറഞ്ഞ തവണയെങ്കിലും ഞാന്‍ വായിക്കാത്ത ഒരു പുസ്തകമെങ്കിലും കിട്ടിയില്ലല്ലോ മാഷേ! ആനന്ദിന്‍റെ കുന്ദന്‍റെ മനസ്സാണ് നിനക്ക്. ചിലപ്പോള്‍ അതൊരു കൊളാഷുപോലെ നീ വ്യതിരിക്തമാക്കികളയും! മറ്റുചിലപ്പോള്‍ അപരനുവേണ്ടി കലാപം കൂട്ടും എന്നിട്ട് സ്വസ്ഥമായി വാതിലടച്ചുറങ്ങും, അത്രയേ ഉള്ളൂ നിന്‍റെ സാമൂഹിക പ്രതിബദ്ധത."
ചിലപ്പോള്‍ വാക്കുകളേക്കാള്‍ കലാപം കൂട്ടുന്ന നിശബ്ദതകൊണ്ട് അശ്വതി സമ്പന്നയാവും. മറ്റുചിലപ്പോള്‍ ഇടപഴുതില്ലാത്ത പറച്ചിലുകള്‍ക്കിടയില്‍ യജമാനന്‍റെ കാലൊച്ച അകലെയെങ്ങാനും കേട്ടാല്‍ അങ്ങേത്തലയ്ക്കല്‍ ഭയത്തിന്‍റെ നിശബ്ദത വിടരും, മരുഭൂമികള്‍ പൂക്കുന്നതു പോലെ. വല്ലാത്ത നിലവിളിയാണ് ഒരു ദിവസത്തെ രാവറുതി എനിക്ക് അശ്വതി തന്നത്. കണ്ണീരൊലിപ്പിന്‍റെ ഇടവഴികളിലൂടെ അശ്വതി എന്നെ കൂട്ടിക്കൊണ്ടുപോയ ഖേദത്തിന്‍റെ താവഴികള്‍. അമ്മ തിരിച്ചുവരാന്‍വേണ്ടി കരഞ്ഞുവിളിച്ച എട്ടുവയസ്സുകാരിയോട് അശ്വതിയിലെ അമ്മ:
"മോളെ, അമ്മ അങ്ങോട്ട് വന്നാലെങ്ങിനെയാ? അമ്മ അയയ്ക്കുന്ന പണം കൊണ്ടല്ലേ മോള്‍ക്ക് ഉടുപ്പ് വാങ്ങുന്നത്? ചോറു കഴിക്കാന്‍ പറ്റുന്നത്? മരുന്ന് വാങ്ങിത്തരാന്‍പോലും നമുക്കാരാ മോളെ ഉള്ളത്?"
"അമ്മാ, അമ്മ ഇങ്ങോട്ട് വന്നോള്ളൂ, ചോറുവയ്ക്കാന്‍ അരി ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്." സ്കൂള്‍ വക ഈദിന് കിട്ടിയ അഞ്ചുകിലോ അരിയാണ് അവളുടെ ധൈര്യം!
വീട്ടില്‍ വിളിക്കുമ്പോളൊക്കെ എന്‍റെ ഭാര്യയുടെ സ്ഥിരം പരാതി നാല് വയസ്സുകാരി ഉമ്മുഖുല്സു ഭക്ഷണം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതാണ്! ദിവസങ്ങളോളമാണ് ഈ എട്ടുവയസ്സുകാരി എന്‍റെ ഉറക്കത്തെ വേട്ടയാടിയത്. മാസങ്ങളായി എന്‍റെ ചെറിയ വരുമാനത്തിന്‍റെ വളരെ ചെറിയൊരു പങ്ക് ഈ എട്ട് വയസ്സുകാരിക്കാണ്. അശ്വതിയുടെ അമ്മ ഇപ്പോള്‍ എന്‍റെയും അമ്മയാണ്, ഒരുപക്ഷേ അതിലേറെ!
ഒരു വറുതിക്കാലത്ത് അവര്‍ പറഞ്ഞതിങ്ങനെ: "അമൃതാനന്ദമയി വക ഒരു അയല്‍ക്കൂട്ടമുണ്ട് ഞങ്ങള്‍ക്ക്. അതില്‍നിന്നും ആയിരംരൂപ ലോണെടുത്തു മോനെ. പലിശയില്ല, മാസത്തില്‍ നൂറുരൂപവച്ച് അടച്ചു തീര്‍ത്താല്‍ മതി." ശരിക്കും 'ഗോഡ്സ് ഓഫ് സ്മോള്‍ തിങ്ങ്സ്' അതിന്‍റെ നിഷ്കളങ്കത എനിക്കനുഭവപ്പെടുന്നുണ്ട് പലപ്പോഴും ആ അമ്മ വാക്കില്‍. പനിച്ചുകിടന്ന എനിക്ക് അമ്പലപ്പുഴ പാല്‍പ്പായസം നേരുന്നു ചിലപ്പോള്‍ ആ ഗ്രാമ്യ സ്നേഹം! വിളിക്കാന്‍ വൈകിയാല്‍ എന്തിനെന്നില്ലാതെ വ്യാകുലമാവുന്നു. എന്‍റെ അമ്മ വളരെ പിശുക്കോടെ എനിക്ക് വിളമ്പുന്ന ഒന്ന്!
രണ്ട് ദിനാറിന്‍റെയും, മൂന്നു ദിനാറിന്‍റെയും, രണ്ടു ചിട്ടികളുടെ ഉടമയാണ് അശ്വതി! അവരോട് പലതവണ പറഞ്ഞ ഒരു കാര്യമുണ്ട്. "നിങ്ങളെയൊക്കെയാണ് ശരിക്കും ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്‍ അധ്യക്ഷയാക്കേണ്ടത്."
ചെറിയ കുടില്‍, ആസ്ബസ്ടോസ് മേഞ്ഞ് ഇത്തിരി വെടിപ്പാക്കിയതു വഴി ബാക്കിയായ ഒരു ലക്ഷത്തോളംരൂപയാണ് അശ്വതിയുടെ പേടിസ്വപ്നം. മാസാന്ത്യത്തില്‍ കയ്യില്‍ കിട്ടുന്ന നാല്പ്പതു ദിനാര്‍ കൊണ്ട് തുഴഞ്ഞെത്താനാവാത്തത്ര ദൂരം. പലിശ കയറിക്കയറി മേല്‍ക്കൂര പൊളിച്ചു തുടങ്ങിയിരിക്കുന്നു.
എന്‍റെ സുഹൃത്തുക്കള്‍ക്കിടയില്‍ അശ്വതിയുടെ പ്രശ്നങ്ങള്‍ പലതവണ അവതരിപ്പിച്ചു. നാം വെറുതെ ഫോണ്‍ വിളിച്ചും പുകച്ചും കളയുന്ന ചില്ലിക്കാശുമതി അശ്വതിയുടെ ചെറിയ കടം വീട്ടി അവരെ സ്വതന്ത്രയാക്കാന്‍.
"പെണ്‍വിഷയമാണ്, ആവശ്യമില്ലാതെ പ്രശ്നങ്ങളില്‍ പോയി വീഴണ്ട, അവള്‍ വല്ല കടുംകൈയും ചെയ്താല്‍ ഫോണ്‍ നമ്പര്‍ വഴി നീയാണകത്താവുക" എന്നൊരു മോശമല്ലാത്ത ഉപദേശവും. മിനിയാന്ന് നട്ടുച്ചനേരം അപ്രതീക്ഷിതമായി അശ്വതി വിളിച്ചു: "മാഷേ, എനിക്കിത്തിരി ധൈര്യം വേണം." "എന്ത് പറ്റി?" "എന്‍റെ ധൈര്യത്തിനാണ് മാഷേ ഞാനിപ്പോള്‍ വിളിക്കുന്നത്. വീട്ടില്‍ ബാബ മാത്രമേയുള്ളൂ, അവന്‍ എന്നെ ടി. വി. കാണാന്‍ ഹാളിലേക്ക് വിളിച്ചു, അതില്‍ നിറയെ നീലച്ചിത്രങ്ങളാണ്, ഞാനിപ്പോള്‍ വാതിലടച്ചു എന്‍റെ മുറിയിലിരിക്കുകയാണ്. മാഷെന്‍റെ ഹൃദയമിടിപ്പ് കേള്‍ക്കുന്നില്ലേ?" "അശ്വതീ, എനിക്കെന്താണ് ചെയ്യാന്‍കഴിയുക, നീ ഒരു കോട്ടയിലാണല്ലോ! ഞാന്‍ ആരോടു സഹായം ചോദിക്കും?"
"ടെന്‍ഷനടിക്കേണ്ട മാഷെ, വാതിലിനിപ്പുറം ഞാനൊരു കത്തിയും പിടിച്ചാണിരിക്കുന്നത്. ചിലപ്പോള്‍ അടുക്കളവരെ ഓടാന്‍ സൗകര്യം കിട്ടിയില്ലെങ്കിലോ?"
ഒരു കത്തിമുനക്കിരുവശവും ഞാനും അശ്വതിയും മണിക്കൂറുകളോളം വിയര്‍ത്ത് കഴിഞ്ഞു!
"അശ്വതീ, നമുക്ക് ആകാശം ഇടിഞ്ഞുവീഴാന്‍ പ്രാര്‍ത്ഥിക്കാം, ഒരു നിസ്സഹായന് ഇതില്‍ കവിഞ്ഞെന്തുചെയ്യാന്‍ കഴിയും?" അല്ലെങ്കില്‍ ഞാനെന്താണ് ഉപദേശിക്കുക, നീ അയാള്‍ക്ക് വഴങ്ങി കുടുംബത്തെ സംരക്ഷിക്കണമെന്നോ! അല്ലെങ്കില്‍ അയാളെ കുത്തിമലര്‍ത്തി നീയും ആത്മഹത്യ ചെയ്യൂ എന്നൊ! "മാഷ് തളരരുത്, മാഷാണെനിക്കിപ്പോള്‍ ധൈര്യം തരേണ്ടത്."
മഴപെയ്യാതെ ഒഴിഞ്ഞുപോയി, പക്ഷേ എപ്പോഴും ചാടിവീഴാന്‍ പതുങ്ങിയിരിക്കുന്നൊരു പൂച്ചയാണയാള്‍. അന്ന് രാത്രി ഉറക്കം വരാഞ്ഞപ്പോള്‍ അശ്വതിയെ ഒന്നുകൂടി വിളിച്ചു: "അരുതായ്ക എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ നീ എന്തുചെയ്യുമായിരുന്നു?"
"എന്താലോചിക്കാന്‍? ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു."
"പിന്നെ മക്കള്‍?"
"അച്ഛനില്ലാതെ അവരിത്രവരെ എത്തിയില്ലേ? അമ്മയില്ലെങ്കിലും നിങ്ങള്‍ ജീവിക്കുമെന്ന ധൈര്യം ഞാന്‍ നിരന്തരം കൊടുക്കാറുണ്ട് മാഷേ, ദൈവം ഇവിടെവരെ വിളക്ക് കാണിച്ചുതന്നില്ലേ"
എന്നെ നിരന്തരം അത്ഭുതപ്പെടുത്തിയത് അശ്വതിക്ക് ഒന്നിലും പരാതിയില്ലെന്നുള്ളതിലാണ്. പരാതി നാം ആരോടു പറയും, എല്ലാവരും ഓടുകയല്ലേ മാഷേ, എന്നൊരു ഭാവം! കടം നിറഞ്ഞു മൂക്കോളം മുങ്ങിക്കൊണ്ടിരിക്കുന്ന അശ്വതിക്കുമേല്‍ ചാടി വീഴാന്‍ പഴുതുനോക്കി ഇപ്പോള്‍ ഒരു കാട്ടുപൂച്ചയും കാത്തിരിപ്പുണ്ട്! എനിക്ക് അടുപ്പമുള്ള അസോസിയേഷന് വ്യക്തിത്വങ്ങള്‍ കൂടുതലില്ല! എന്നെ നന്നായി അറിയാവുന്ന ഒരു ചേച്ചിയോട് ഈ കാര്യം അവതരിപ്പിച്ചുനോക്കി. ശരിയാണ് അവര്‍ പറയുന്നത് ഒരു അസോസിയേഷന്‍ ഇടപെടാനുള്ള ചേരുവകളൊന്നുമില്ലാത്ത അശ്വതിയുടെ കഥയില്‍ അവളുടെ ആത്മഹത്യകൊണ്ട് അവള്‍ക്കു വേണമെങ്കില്‍ എരിവു ചേര്‍ക്കാം. അല്ലെങ്കില്‍ മക്കള്‍ക്കാര്‍ക്കെങ്കിലും മാരകരോഗം പിടിപെടണം. ഇത്തരം മിനിമം യോഗ്യതകളൊന്നുമില്ലാത്ത അശ്വതി പടിക്കുപുറത്തു നില്‍ക്കട്ടെ. "ഇല്ല മാഷേ എന്‍റെ മക്കള്‍" എന്നൊരു സ്നേഹത്തിന്‍റെ അര്‍ധോക്തിയില്‍ അവള്‍ക്കു പലപ്പോഴും വാക്കുകള്‍ നഷ്ടപ്പെടുന്നു. മിക്കവാറും അസോസിയേഷന്‍ ധീരമായി ഇടപെടാനുള്ള ഒരവസരം അശ്വതി അടുത്തുതന്നെ ഉണ്ടാക്കിത്തന്നേക്കാം, ആത്മഹത്യ കൊണ്ട്! അതുവരെ നമുക്ക് കാത്തിരിക്കാം.
അശ്വതി ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ഞാനൊരു കുറിപ്പിടാം. 65029247 ഇത് എന്‍റെ നമ്പര്‍. അവരുടെ അമ്മയെയോ, കുട്ടികളെയോ വിളിച്ച് ആര്‍ക്കെങ്കിലും അനുശോചിക്കണമെന്നുണ്ടെങ്കില്‍ അവരുടെ വീട്ടു നമ്പര്‍ എന്‍റെ കൈവശം ഉണ്ട,് അഹം ബ്രഹ്മാസ്മി...
ഇനി പ്രാര്‍ത്ഥിക്കുമ്പോള്‍ ചേര്‍ത്തുപിടിച്ച കൈകള്‍ക്കിടയില്‍ നിന്നും രണ്ടിറ്റു കണ്ണീര്‍ ദൈവത്തിന്‍റെ ഭാഷയില്‍ നമ്മളെ ചോദ്യം ചെയ്യും. നമുക്ക് ക്രമേണ പ്രാര്‍ത്ഥനയ്ക്ക് ഭാഷ നഷ്ടപ്പെടും. വിശുദ്ധ പുസ്തകത്തിലെ ലിപികളോട് ഹൃദയത്തിന്‍റെ വെള്ളെഴുത്ത് യുദ്ധം ചെയ്യും. ആര്‍ദ്രവചനങ്ങള്‍ കൈമോശം വന്ന സമൂഹത്തിന്‍റെ മരുന്നുകള്‍ക്കുമേല്‍ രോഗങ്ങള്‍ മുദ്രകൂട്ടുന്നത് ഇതിനാലാവാം. കപിലവസ്തു ശാന്തമാണ്. ഉച്ചരിക്കാന്‍ വാക്കുകള്‍ നഷ്ടപ്പെട്ട ഒരു സമൂഹത്തിന് സമാധാനം, പുകപെറുന്ന ഒരു കരിന്തിരി മാത്രമാണ്! അപരന്‍റെ മുറിവില്‍ ജാഗ്രതയോടെ മരുന്ന് വെക്കുന്നവരോടാണ് ദൈവത്തിനു പ്രിയം എന്ന് നാം പഠിക്കാന്‍, ദൈവത്തിന് ഇനിയും ഒരുപാട് കഥകള്‍ പറയേണ്ടിവരും...!