news-details
മറ്റുലേഖനങ്ങൾ

കാഴ്ച - ജീവിക്കാന്‍വേണ്ട അവശ്യഘടകം

"അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കാന്‍ മലയിലേക്കു കയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച് ആയിരുന്നു" മത്താ: 14:23.

നിങ്ങള്‍ തനിച്ചായിരിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്കു ശരിക്കും സ്നേഹിക്കാനാകൂ എന്ന വസ്തുത  ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ?

സ്നേഹിക്കുക എന്നതുകൊണ്ട് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് എന്താണ്? ഒരു വ്യക്തിയെയോ വസ്തുവിനെയോ സാഹചര്യത്തെയോ അതായിരിക്കുന്ന രീതിയില്‍ -നമ്മുടെ സങ്കല്പത്തിനനുസരിച്ചല്ല- കാണുകയും അതിനോട് അതര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിക്കുകയും ചെയ്യുക എന്നതാണു സ്നേഹം. നിങ്ങള്‍ കാണാത്ത ഒന്നിനെ നിങ്ങള്‍ക്കു സ്നേഹിക്കാനാവില്ല.

ഒന്നിനെ അതായിരിക്കുന്ന അവസ്ഥയില്‍ കാണുന്നതില്‍നിന്നു നിങ്ങളെ തടസ്സപ്പെടുത്തുന്നത് എന്താണ്? നിങ്ങളിലെ ചില തത്ത്വങ്ങള്‍, പ്രമാണങ്ങള്‍, മുന്‍വിധികള്‍, ആവശ്യങ്ങള്‍, അഭിനിവേശങ്ങള്‍, ധാരണകള്‍, നിങ്ങളുടെ പഴയകാല അനുഭവത്തിന്‍റെ വെളിച്ചത്തില്‍ നിങ്ങള്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ ഒക്കെയും നിങ്ങളുടെ കാഴ്ചയ്ക്കു തടസ്സം സൃഷ്ടിക്കുന്നു.

കാണുക എന്നതാണ് ഒരു മനുഷ്യന് ഏറ്റെടുക്കാവുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള പ്രവൃത്തി. കാരണം, ശരിയായ കാഴ്ചയ്ക്കു അച്ചടക്കവും ജാഗ്രതയുമുള്ള ഒരു മനസ്സ് ആവശ്യമുണ്ട്. ഓരോ വ്യക്തിയെയും വസ്തുവിനെയും വര്‍ത്തമാന നിമിഷത്തിലെ പുതുമയോടെ കാണുക എന്ന 'പൊല്ലാപ്പിനു' നില്ക്കാതെ മിക്ക മനുഷ്യരും ചെയ്യുന്നത് മാനസികമായ ഒരലസതയില്‍ അഭിരമിക്കുക എന്ന എളുപ്പമുള്ള കാര്യമാണ്.

യഥാതഥമായി ഒന്നിനെ കാണാന്‍ നമ്മുടെ ധാരണകളെ നാം പൊഴിച്ചുകളയേണ്ടതുണ്ട്. അവ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, അതിലും വേദനിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്: സമൂഹം നിങ്ങളില്‍ ചെലുത്തുന്ന സ്വാധീനങ്ങളെ ഉപേക്ഷിക്കുക എന്ന കാര്യം. ഈ സ്വാധീനങ്ങളുടെ നീരാളിപ്പിടുത്തം നിങ്ങളുടെ അസ്തിത്വത്തിന്‍റെ അടിത്തറവരെ എത്തിനില്ക്കുന്നതാണ്. അവയുപേക്ഷിക്കുക എന്നു വച്ചാല്‍ നിങ്ങളെ വലിച്ചുകീറുക എന്നാണര്‍ത്ഥം.

ഇപ്പറഞ്ഞതിനെക്കുറിച്ച് ഒരേകദേശ ധാരണയുണ്ടാകണമെങ്കില്‍, കുഞ്ഞുന്നാള്‍ മുതല്‍ ചെറിയ തോതില്‍ മയക്കുമരുന്നു നല്കപ്പെട്ട ഒരു കുട്ടിയെ സങ്കല്പിച്ചാല്‍ മതി. അവന്‍റെ ശരീരത്തില്‍ അത് ആകമാനം പടര്‍ന്നുപിടിക്കുന്നതോടെ, അവന്‍ അതിനടിമയായിത്തീരുകയും അതില്ലാതെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന  തോന്നലുണ്ടാവുകയും ചെയ്യുന്നു. മയക്കുമരുന്നിനുവേണ്ടി അവന്‍റെ ഓരോ കോശവും അത്രമേല്‍ ദാഹിക്കുന്നു.

ഒരു കുട്ടിയായിരുന്നപ്പോള്‍ സമൂഹം നിങ്ങളോടു ചെയ്തത് ഇതിനു സമാനമായ രീതിയിലാണ്. ജീവിതത്തിനാവശ്യമായ പോഷകാഹാരങ്ങള്‍ - കളിയും ജോലിയും ആളുകളുമായുള്ള സൗഹൃദവും ഇന്ദ്രിയങ്ങളുടെയും മനസ്സിന്‍റെയും സുഖങ്ങളും- ഒന്നുംതന്നെ സമൂഹം നിങ്ങള്‍ക്കു നല്കിയില്ല. പകരം അതു നിങ്ങള്‍ക്കു നല്കിയതു മയക്കുമരുന്നാണ് - അംഗീകാരം, കൈയടി, വിജയം, അഭിമാനം, അധികാരം തുടങ്ങിയ മയക്കുമരുന്നുകള്‍. ഈ മയക്കുമരുന്നുകള്‍ രുചിച്ചതോടെ നിങ്ങള്‍ അതിനടിമയായിത്തീര്‍ന്നു. അവ എന്നെങ്കിലും നഷ്ടപ്പെടുമോയെന്ന് നിങ്ങള്‍ ഭയപ്പെട്ടു തുടങ്ങി. അബദ്ധത്തിന്‍റെയും തോല്‍വിയുടെയും മറ്റുള്ളവരുടെ വിമര്‍ശനത്തിന്‍റെയും ചെറിയ ലാഞ്ഛനയുടെ മുമ്പില്‍പ്പോലും നിങ്ങള്‍ വല്ലാതെ വിറച്ചുതുടങ്ങി. അങ്ങനെ നിങ്ങള്‍ മറ്റുള്ളവരുടെമേല്‍ നാണമില്ലാതെ ചാരിത്തുടങ്ങി. സകല സ്വാതന്ത്ര്യവും കളഞ്ഞുകുളിച്ചു.

അതോടെ നിങ്ങളെ സന്തുഷ്ടയാക്കാനും ദുഃഖിതയാക്കാനുമുള്ള അധികാരം നിങ്ങള്‍ മറ്റുള്ളവരെ ഭരമേല്പിച്ചു. എത്രമാത്രം വേദനിപ്പിക്കുന്നതാണ് ഈ സ്ഥിതിവിശേഷമെങ്കിലും, അതു മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ നിങ്ങള്‍ അങ്ങേയറ്റം നിസ്സഹായയാണെന്നും കണ്ടെത്തുന്നു. ബോധപൂര്‍വ്വമോ അല്ലാതെയോ മറ്റുള്ളവരുടെ പ്രതികരണങ്ങളോടു പൊരുത്തപ്പെട്ടുപോകാനും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചുവടുവയ്ക്കാനും ഓരോ നിമിഷവും നിങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ അവഗണിക്കപ്പെടുകയോ അംഗീകരിക്കപ്പെടാതിരിക്കുകയോ ആണെങ്കില്‍ നിങ്ങളെ അസഹനീയമായ ഏകാന്തത അലട്ടിത്തുടങ്ങും. പിന്നെ നിങ്ങള്‍, മറ്റുള്ളവരുടെ മുമ്പില്‍ ഇഴഞ്ഞുചെന്ന് അംഗീകാരത്തിനുവേണ്ടി കെഞ്ചുന്നതില്‍ ഒട്ടും മടി കാണിക്കില്ല. മറ്റുള്ളവരുടെ അംഗീകാരം കിട്ടുന്നതുവരെ വലിയ ഏകാന്തത; കിട്ടിക്കഴിഞ്ഞാല്‍ അതു നഷ്ടപ്പെടുമോ എന്ന ഭയം.

നിങ്ങള്‍ക്ക് വ്യക്തികളെ അവരായിരിക്കുന്ന രീതിയില്‍ കാണാനും അതിനോടു പ്രതികരിക്കാനുമുള്ള കഴിവുതന്നെ നഷ്ടപ്പെടുന്നു. കാരണം, നിങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത 'മയക്കുമരുന്ന്' നിങ്ങളുടെ കാഴ്ചയ്ക്കു മങ്ങലേല്പിച്ചിരിക്കുന്നു. അങ്ങനെ നിങ്ങള്‍ ഭീതിദമായ ഒരവസ്ഥയില്‍ എത്തിച്ചേരുന്നു. നിങ്ങള്‍ ഒരു വ്യക്തിയെയോ വസ്തുവിനെയോ സ്നേഹിക്കാനാവാത്ത വിധത്തിലായിത്തീരുന്നു. ഇനിയും നിങ്ങള്‍ക്കു സ്നേഹിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ശരിക്കും കാണാന്‍ നിങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു.

ശരിയായ കാഴ്ച നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങളുടെ 'മയക്കുമരുന്ന്' നിങ്ങള്‍ ഉപേക്ഷിച്ചേ മതിയാകൂ. അതിന് നിങ്ങളുടെ മജ്ജയില്‍കൂടി പടര്‍ന്നുപിടിച്ചിരിക്കുന്ന സമൂഹത്തിന്‍റെ വേരുകളെ നിങ്ങള്‍ പിഴുതെറിഞ്ഞേ മതിയാകൂ. ബാഹ്യമായി നോക്കിയാല്‍ എല്ലാം പഴയതുപോലെയായിരിക്കും. നിങ്ങള്‍ ലോകത്തില്‍ തുടര്‍ന്നും ജീവിക്കും. എന്നാല്‍, ലോകത്തിന്‍റേതല്ലാത്ത രീതിയിലായിരിക്കും അത്. അങ്ങനെ നിങ്ങള്‍ ഒറ്റയ്ക്കാവുകയും അങ്ങേയറ്റത്തെ സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യും. ഈയൊരു പരമമായ ഏകാന്തതയിലേ, മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള അഭിനിവേശവും അവരോടുള്ള ആശ്രിതത്വവും ഒടുങ്ങുകയുള്ളൂ. അതോടെ യഥാര്‍ത്ഥത്തില്‍  സ്നേഹിക്കാനുള്ള നിങ്ങളിലെ കഴിവ് വീണ്ടും ഉയര്‍ന്നുവരും. കാരണം, സ്വന്തം ഭ്രമങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഉപകരണങ്ങളായിട്ടായിരിക്കില്ല ഇനിമേല്‍ നിങ്ങള്‍ മറ്റുള്ളവരെ കാണുന്നത്.

ഈയൊരു പ്രക്രിയ ശരിക്കും ഭയപ്പെടുത്തുന്നതുതന്നെയാണ്. നിങ്ങളെ മരിക്കാന്‍ തന്നെയാണ് ക്ഷണിക്കുന്നത്. മയക്കുമരുന്നിന് അടിമയായ ഒരാളോട് അയാളെ സന്തുഷ്ടനാക്കിയിരുന്ന മയക്കുമരുന്ന് ഉപേക്ഷിക്കാനും, പകരം ബ്രെഡും പഴവും നല്ല പച്ചവെള്ളവും തണുത്ത കാറ്റും ആസ്വദിക്കാനും പറയുന്നതുപോലെയാണത്.  മയക്കുമരുന്ന് ഉപേക്ഷിക്കുന്നത് അവനില്‍ എത്ര വലിയ ശൂന്യതയായിരിക്കും നിക്ഷേപിക്കുന്നത്! അവനെ സംബന്ധിച്ചിടത്തോളം മയക്കുമരുന്നിന് പകരംവയ്ക്കാന്‍ മറ്റൊന്നുമില്ലതന്നെ.

അംഗീകാരത്തിന്‍റെയോ പരിഗണനയുടെതോ ആയ ഒരു വാക്കുപോലും മറ്റുള്ളവരില്‍നിന്നു പ്രതീക്ഷിക്കാത്ത ഒരു ജീവിതം നിങ്ങള്‍ക്കു സങ്കല്പിക്കാനെങ്കിലും ആകുമോ? അപരന്‍റെ കൈയില്‍ തൂങ്ങി നടക്കാത്ത ജീവിതം; അപരനെ വൈകാരികമായി ആശ്രയിക്കാത്തതുകൊണ്ട് മറ്റാര്‍ക്കും നിങ്ങളെ സന്തുഷ്ടയോ ദുഃഖിതയോ ആക്കാനാവാത്ത ജീവിതം; ആരുടെയും പ്രിയപ്പെട്ടവളാകാനോ, ആരേയും പ്രിയപ്പെട്ടവനാക്കാനോ ശ്രമിക്കാത്ത ജീവിതം - സ്വപ്നമെങ്കിലും കാണാനാകുമോ ഇത്തരമൊരു ജീവിതം? ആകാശത്തിലെ പറവകള്‍ക്കു കൂടുകളും കുറുനരികള്‍ക്കു മാളങ്ങളുമുണ്ടാകും; പക്ഷേ നിങ്ങള്‍ക്ക് തലചായ്ക്കാന്‍ ഒരിടമുണ്ടാകില്ല.

ഇത്തരമൊരു അവസ്ഥയില്‍ നിങ്ങള്‍ എത്തിച്ചേര്‍ന്നാല്‍ ഭയമോ ഭ്രമമോ മങ്ങലേല്പിക്കാത്ത വ്യക്തമായ കാഴ്ചയെന്താണെന്നു നിങ്ങള്‍ക്കു വ്യക്തമാകും. സ്നേഹമെന്താണെന്ന് അതോടെ നിങ്ങള്‍ തിരിച്ചറിയുകയും ചെയ്യും. പക്ഷേ, സ്നേഹത്തിന്‍റെ ഈ നാട്ടിലേക്കു പ്രവേശിക്കാന്‍, മരണകരമായ വേദനയിലൂടെ നിങ്ങള്‍ കടന്നുപോയേ മതിയാകൂ. ആളുകള്‍ക്കുവേണ്ടിയുള്ള ഭ്രമം ഉപേക്ഷിക്കാനും ഒറ്റയ്ക്കായിരിക്കാനും സാധിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്കു ശരിക്കും ഒരാളെ സ്നേഹിക്കാനാകൂ.

ഈ അവസ്ഥയില്‍ എങ്ങനെയാണു നിങ്ങള്‍ എത്തിച്ചേരുക?

1. നിരന്തരമായ അവബോധത്തിലൂടെ.

2. മയക്കുമരുന്നിന് അടിമപ്പെട്ടവനോടെന്നതുപോലെ ഒരുപാടു ക്ഷമയും അനുകമ്പയും സ്വയം നല്കിക്കൊണ്ട്.

3. സ്വയം മറന്ന് ചെയ്യാനാകുന്ന ചില പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ട് അത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ വിജയമോ, അന്യരുടെ അംഗീകാരമോ നിങ്ങള്‍ക്കൊരു വിഷയമേയാകുന്നില്ല.

4. പ്രകൃതിയിലേക്കു മടങ്ങിപ്പോകുന്നതും നിങ്ങളെ സഹായിക്കും. ആള്‍ക്കൂട്ടത്തെ പറഞ്ഞുവിട്ടിട്ട്, മലമുകളിലേക്കു പോകുക. അവിടെവച്ച് മരങ്ങളോടും മൃഗങ്ങളോടും പക്ഷികളോടും പൂക്കളോടും സമുദ്രത്തോടും ആകാശത്തോടും മേഘങ്ങളോടും നക്ഷത്രങ്ങളോടും സംസാരിക്കുക. നിങ്ങളുടെ ഹൃദയം മരുഭൂമിയിലെന്നതുപോലെ ഒരേകാന്തത അപ്പോള്‍ അനുഭവിക്കും. അവിടെ നിങ്ങള്‍ മാത്രം. ആരുമില്ല അവിടെ നിങ്ങളോടൊപ്പം.

തുടക്കത്തില്‍ ഇതു നിങ്ങള്‍ക്ക് അസഹനീയമായിത്തോന്നിയേക്കാം. പക്ഷേ, ഈ ഏകാന്തത പരിചയിക്കാത്തതുകൊണ്ടാണത്. പക്ഷേ, നിങ്ങള്‍ ആ അവസ്ഥയില്‍ തുടര്‍ന്നാല്‍, മരുഭൂമി സ്നേഹമായി പുഷ്പിച്ചതു നിങ്ങള്‍ തിരിച്ചറിയും. നിങ്ങളുടെ  ഹൃദയം സ്വയമറിയാതെ സംഗീതം ആലപിക്കും. പിന്നെയെന്നും വസന്തകാലമായിരിക്കും.

You can share this post!

പത്ത് കൗമാരപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts