news-details
മറ്റുലേഖനങ്ങൾ

യേശുവിനെ അറിഞ്ഞത്

ഒന്ന്

ഒരു വാതിലില്‍ മുട്ടുന്നതുപോലെ നിങ്ങളില്‍ത്തന്നെ മുട്ടുവിന്‍. ഒരു തുറസ്സായ വഴിയിലൂടെ പോകുന്നതുപോലെ നിങ്ങളില്‍ത്തന്നെ ഏറെ ദൂരം നടന്നുപോകുക. എന്തെന്നാല്‍, ആ വഴിക്കു നിങ്ങള്‍ പോയാല്‍ വഴിതെറ്റില്ല. ആ വാതിലില്‍ മുട്ടിയാല്‍ തുറക്കപ്പെടുന്നത് നിങ്ങളുടെതന്നെ വാതിലായിരിക്കും.

മൂന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പ് അടിയന്തരാവസ്ഥക്കാലത്ത് വിപ്ലവരാഷ്ട്രീയത്തിന്‍റെ പേരില്‍ ധാരാളം ചെറുപ്പക്കാര്‍ ജയിലിലടയ്ക്കപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ക്ലോസ് പ്രിസണില്‍ ഈ ലേഖകനുമുണ്ടായിരുന്നു. ജയിലിനകത്തു നിന്നു കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കായി ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ പ്രത്യേക ജയിലായിരുന്നു അത്. ഈ ഇരുട്ടുമുറിക്കുള്ളില്‍വച്ചാണ് എത്രയോ ദൂരം എന്നില്‍നിന്നു നടന്നുപോയ ഞാന്‍ എന്നിലേക്കു തിരിച്ചുവന്നത്. മുടിയനായ പുത്രന്‍ ഗതികെട്ട് സ്വന്തം വീട്ടിലേക്കു തിരിച്ചുവരുന്നതുപോലെയായിരിന്നു അത്. ഒരാള്‍ക്കുവേണ്ടിയുള്ള കൊച്ചു സെല്ലില്‍ ഓരോന്നിലും ഞങ്ങള്‍ നാലഞ്ചു പേരാണുണ്ടായിരുന്നത്. വൈകുന്നേരം 6 മണിയോടെ അത്താഴം കഴിച്ച് സെല്ലിലടയ്ക്കപ്പെട്ടാല്‍ പിറ്റേന്ന് രാവിലെ 6 മണിവരെ തടവറക്കുള്ളില്‍തന്നെ കഴിയണം. സന്ധ്യക്കു തടവുകാരുടെ മുറികളിലേക്കു കയറാനുള്ള സൈറണ്‍ ഉയരുമ്പോള്‍  ബദ്ധപ്പെട്ട് വളര്‍ത്തു മൃഗങ്ങളെപ്പോലെ പരക്കംപായുന്നത് പറയാനാവാത്ത ഒരു ശോകഭാവത്തോടെ നോക്കിനിന്നുപോകുമായിരുന്നു. അപ്പോള്‍ പുറത്ത് മനോഹരമായ സ്വര്‍ണ്ണ വെയില്‍നാളങ്ങള്‍ മരങ്ങള്‍ക്കിടയിലൂടെ വന്നു വീഴുന്നുണ്ടാവും.

ഇരുളുന്നതോടെ എല്ലാവരും സ്വന്തം പായകള്‍ തട്ടിവിരിക്കുകയും ശാന്തമായി കിടക്കുകയും ചെയ്യുന്നു.  ഞങ്ങള്‍ക്കു മുറിയില്‍ വെളിച്ചമില്ല! അതുകൊണ്ട് രാത്രി വായനയോ, എഴുത്തോ നടക്കില്ല. ജയിലിലാകെ ഒരു നിശ്ശബ്ദത പരക്കുന്നു. കിളികള്‍ ചേക്കേറുന്നതുപോലെ ഓരോ തടവുകാരനും തന്നിലേക്കു മടങ്ങിവരുന്ന സമയമാണത്. വീട്, നാട് സ്വന്തക്കാര്‍, പരിചയക്കാര്‍ എല്ലാം ഒറ്റക്കൊറ്റയ്ക്കും കൂട്ടമായും മനസ്സിലേക്കു കടന്നുവരും. ഒടുവില്‍ ഓരോരുത്തരും ഇറങ്ങിപ്പോകും. ഏതെങ്കിലുമൊരാള്‍, രണ്ടാള്‍, മൂന്നാള്‍ മാത്രം ബാക്കിയാവും. പിന്നീടവരെയും പറഞ്ഞയക്കും. സ്വന്തം ശരീരം, അവയവങ്ങള്‍ അതു മാത്രമാവും. കൈകള്‍, മുഖം, തല, കാലുകള്‍ എല്ലാം തലോടും. വീണു വേദനിച്ചു നിലവിളിക്കുമ്പോള്‍ ആരും വ ന്നാശ്വസിപ്പിക്കാനില്ലാത്ത കുട്ടി സ്വയം കണ്ണീര് തുടച്ച് എണീറ്റിരുന്ന് സ്വയം തലോടുന്നതുപോലെ. ഒടുവില്‍ ഞാനൊറ്റക്ക് എന്‍റെ ഉള്ളിലേക്കു പോകാന്‍ ശ്രമിക്കും. ചുറ്റും ചുവരുകള്‍ മാത്രമുള്ള ഒരു വിശാലമായ മുറിക്കകത്ത് ഇരുട്ടില്‍ വാതില്‍ തേടി നടക്കുന്നവനെപ്പോലെ ഞാന്‍ നടക്കും. എത്രയോ ദൂരം എത്രയോ നേരം നടന്ന് ഒരു വാതില്‍ കണ്ടുപിടിച്ച് അതുവഴി പുറത്തു കടക്കാന്‍. വീണ്ടും അതുപോലുള്ള മുറികളും വാതിലുകളും.. അങ്ങനെ സ്വയം എവിടെയുമെത്താതെ എന്‍റെ അന്വേഷണം തളര്‍ന്നു കുഴഞ്ഞു വീണുപോകും.

മാര്‍ക്സ്, ലെനിന്‍, മാവോ എന്നിവരുടെ വെളിച്ചത്തിനു പകരം ഗീത, ബൈബിള്‍, ഖുര്‍ആന്‍ എന്നിവകളിലൂടെ പോയെങ്കിലും അവയൊന്നും എന്നിലെ എന്നെ എനിക്കു കാട്ടിത്തരുകയോ, എന്നെ വ്യക്തിപരമായി സംബോധന ചെയ്യുകയോ ഉണ്ടാവില്ല. അന്വേഷിക്കുക തളരുക, അന്വേഷിക്കുക തളരുക, അത്രമാത്രം.

ഒരു വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ മനസ്സില്‍ പ്രത്യേക ബിംബങ്ങളൊന്നുമുണ്ടായിരുന്നില്ല. ജീവിതം, പ്രപഞ്ചം, മനുഷ്യന്‍, പ്രകൃതി, ജീവജാലങ്ങള്‍, ഭൂമി എല്ലാം കൂടുതല്‍ അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാന്‍ തുടങ്ങി. അതിനിടയ്ക്ക് ജീവിതത്തിന്‍റെ പൊരുള്‍ തേടി പലയിടങ്ങളിലും അലഞ്ഞു. ഒടുവില്‍ പുറത്ത് എല്ലാ വാതിലുകളിലും മുട്ടിമുട്ടി തളര്‍ന്നു ഒരു പ്രയാണി സ്വന്തം ഹൃദയവാതിലില്‍ എത്തുകയും അന്വേഷിച്ചതു കണ്ടെത്തുകയും ചെയ്തതുപോലെ ധ്യാനം പരിശീലിപ്പിക്കുന്ന രാജയോഗിനി ബി. കെ. സതി മാതാജിയുടെ മുന്നില്‍ ഞാനെത്തി.

കമ്മ്യൂണിസത്തിന്‍റെ വഴിയിലായിരുന്നപ്പോള്‍ ജീവിതത്തിന്‍റെ മഹാദൂരം ഒറ്റക്കാലിലോടാന്‍ ശ്രമിച്ചതുപോലെയായിരുന്നു എന്‍റെ പോക്ക് എന്ന് തിരിച്ചറിഞ്ഞതു കൊണ്ട് ധ്യാനത്തിന്‍റെ  വഴിയില്‍ പോകുമ്പോള്‍ ഒറ്റക്കാലിലുള്ള ഒരോട്ടമായി അതു മാറരുതെന്ന് സ്വയം കരുതലെടുത്തിരുന്നു.

ജെ. കൃഷ്ണമൂര്‍ത്തി, സെന്‍, താവോ, സൂഫിദര്‍ശനം, രമണമഹര്‍ഷി,  ഓഷോ, എന്നിവരുടെ വാക്കുകളും അനുഭവ മണ്ഡലവും ജീവിതത്തിന്‍റെ ആത്മീയത ഏതൊരു മനുഷ്യനും രുചിച്ചറിയാവുന്ന ഒന്നാക്കി.

'ഒരു വിഗ്രഹം തകരുമ്പോള്‍ അതാരാധനക്ക് എടുക്കില്ല. അത്തരം വിഗ്രഹങ്ങള്‍ മ്യൂസിയത്തിലേ വയ്ക്കുകയുള്ളൂ.' നമ്മുടെ മതങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍, സാമൂഹസിദ്ധാന്തങ്ങള്‍ ഇപ്രകാരം മ്യൂസിയത്തില്‍ വെക്കേണ്ടവയാണെന്ന് ആന്തരികമായി സൂചിപ്പിക്കുന്നവയല്ലാത്ത ഒന്നും ഇപ്പോള്‍ നമുക്കു മുന്നിലില്ല. കെട്ടുപോയ ഈ വിളക്കുകളെയൊക്കെ മറന്ന്, ഒരു ശിശു ലോകത്തെ കാണുന്നതുപോലെ ലോകത്തെ കാണാന്‍ ഒരാള്‍ക്കാകുമോ?

ജീവിതം ഒരനശ്വര തീര്‍ത്ഥാടനമായി ഇപ്പോളെനിക്കും അനുഭവപ്പെടുന്നു. അവിടെ പഠിക്കുകയും പഠിച്ചതൊക്കെ മറക്കുകയും ചെയ്യുന്നു. ഇപ്പോളൊരു സത്യം മനസ്സിലാകുന്നു. ജീവിതത്തിലൊരാള്‍ എന്തു പഠിക്കുന്നുവോ, അതിന്‍റെ പരമസാരം പൂവിന്‍റെ സുഗന്ധം പോലെയനുഭവിച്ച്, ബാക്കിയെല്ലാം ഉള്ളില്‍നിന്നു മാഞ്ഞുപോകണം. അപ്പോള്‍ ഒരാളുടെ അവബോധം ശുദ്ധമായി, നവ്യമായി നിലനില്ക്കുന്നു. അയാള്‍ വീണ്ടുമൊരു കുഞ്ഞായി മാറുന്നു. ജീവിതത്തിലുടനീളം ഈ ശൈശവഭാവം പുലര്‍ത്താന്‍ ഒരാള്‍ വര്‍ത്തമാനകാലത്തിന്‍റെ അനശ്വര നിമിഷങ്ങളില്‍ ജീവിക്കാന്‍ പഠിക്കണം. ഓരോ ശ്വാസനിശ്വാസങ്ങളും ധ്യാനമായി മാറണം.

മനോനിറവിലെത്തുമ്പോള്‍ ഒരാള്‍ പുനരുത്ഥാനം ചെയ്യുകയാണ്. അയാളപ്പോള്‍ പുതിയൊരു പിറവിയുടെ രുചിയറിയുന്നു. ഉണര്‍ന്നവന് എല്ലാറ്റിനോടും തുറന്ന ഒരു സമീപനമത്രെ. എല്ലാം അതിന്‍റെ യഥാസ്ഥാനത്ത് സമ്പൂര്‍ണ്ണമായി അയാളറിയുന്നു. അയാള്‍ക്ക് ഇച്ഛാശക്തിയോ ഭ്രമമോ ഇല്ല. അയാള്‍ യാഥാര്‍ത്ഥ്യത്തില്‍ വിശ്വസിക്കുന്നു.

ആത്മാവിന്‍റെ ഇരുണ്ട രാത്രികള്‍ വിശ്വത്തെയാകെ വിനാശമാക്കിക്കൊണ്ടിരിക്കുന്ന നാളുകളില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ക്രിസ്തു, പുനരുത്ഥാനം, സ്വര്‍ഗ്ഗരാജ്യം, പരിശുദ്ധാത്മാവ് എല്ലാം പുനര്‍നിര്‍വചിക്കപ്പെട്ടുകൊണ്ടല്ലാതെ ആത്മീയതയെ അനുഭവിക്കാനാവില്ല. ബുദ്ധനിലും, യേശുവിലും നബിയിലും ഒക്കെയുള്ള നിഗൂഢപൈതൃകത്തെ വീണ്ടെടുത്തുകൊണ്ടും അതിന്‍റെ പിന്തുണ നേടിക്കൊണ്ടുമല്ലാതെ പുതിയകാലത്തെ മനുഷ്യന് പുലരാനാവില്ല.

രണ്ട്

യേശു മരിച്ചു. അദ്ദേഹത്തിന്‍റെ ശരീരം ഒരു ഗുഹയില്‍ സൂക്ഷിക്കപ്പെട്ടു. മൂന്നാംനാള്‍ മഗ്ദലന മറിയം അദ്ദേഹത്തെ കാണാന്‍ ചെന്നെങ്കിലും ശരീരം അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടവള്‍ യേശുവിനെയന്വേഷിച്ച് ചുറ്റും നടന്നു. അവിടെ ഒരു തോട്ടക്കാരന്‍ പണിയെടുക്കുന്നതു കണ്ടു. അവള്‍ ആ തോട്ടക്കാരന്‍റെ അടുത്തുചെന്നാരാഞ്ഞു: "യേശുവിന്‍റെ ദേഹം എവിടേക്കാണ് നീക്കിയതെന്നു നിങ്ങള്‍ക്കറിയുമോ?" തോട്ടക്കാരന്‍  ചിരിക്കുകയും ഇപ്രകാരം ചോദിക്കുകയും ചെയ്തു: "നിനക്കെന്നെ മനസിലാകുന്നില്ല, അല്ലെ?' അദ്ദേഹം ഉയിര്‍ത്തെണീറ്റ യേശുവായിരുന്നു. യേശു സംസാരിച്ചപ്പോള്‍, അപ്പോള്‍ മാത്രമാണ് മഗ്ദലനയ്ക്ക് അയാളെ മനസ്സിലായത്. അയാളൊരു ഉദ്യാനപാലകനാണെന്നാണ് അവള്‍ ആദ്യം നിനച്ചത്. എന്നിട്ടും ഒരു വാക്കുച്ചരിച്ച ക്ഷണം. അവള്‍ അദ്ദേഹത്തിന്‍റെ കണ്ണുകളിലേക്കു നോക്കുകയും അയാളെ തിരിച്ചറിയുകയും ചെയ്തു.

എന്നാല്‍, പിന്നീട് യേശു തന്‍റെ ശിഷ്യന്മാരെ തേടിപ്പോകുകയും വഴിയില്‍ അവരെ കാണുകയും ചെയ്തു. അവര്‍ മറ്റൊരു നഗരത്തിലേക്കു പോകുകയായിരുന്നു. അവര്‍ തങ്ങളുടെ ഗുരുവിനെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. യേശു അവര്‍ക്കൊപ്പം നടന്നു, ഒരപരിചിതനെപ്പോലെ. അവര്‍ യേശുവിനോടു സംസാരിക്കുന്നുണ്ടായിരുന്നു. നാലുനാഴികയോളം അവര്‍ ഒപ്പം നടക്കുകയും സംസാരിക്കുകയോ ചെയ്തു. അവര്‍ക്ക് യേശുവിനെ  തിരിച്ചറിയാനേ കഴിഞ്ഞില്ല.

പിന്നീടവര്‍ ഒരു ഭക്ഷണശാലയില്‍ ചെല്ലുകയും ഭക്ഷണത്തിനായി ഒപ്പമിരിക്കുകയും ചെയ്തു. യേശു തന്‍റെ അപ്പം മുറിച്ചപ്പോള്‍, അപ്പോള്‍ മാത്രമാണ് അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞത് കാരണം യേശു അപ്പം മുറിക്കുന്ന രീതി അതുല്യമായിരുന്നു അദ്ദേഹത്തിന്‍റെ മാത്രമായിരുന്നു. ആ ആംഗ്യം യേശുവിന്‍റേതായിരുന്നു. ആര്‍ക്കുമത് അനുകരിക്കാനാവില്ല. അത്രയ്ക്ക് ആദരവോടെ, പാവനതയോടെ, അത്രയ്ക്കും പ്രാര്‍ത്ഥനാനിരതനായി, അപ്പം ഈശ്വരനാണോ, എന്നു തോന്നിപ്പിക്കുംവിധം.

നമ്മുടെയൊക്കെ ഉള്ളില്‍ ഒരു ക്രിസ്തുവുണ്ട്. സ്ഥലകാലങ്ങളെ അതീന്ദ്രിയതയോടടുപ്പിക്കുന്ന ക്രിസ്തു. ഇതാണ് ജീവിക്കുന്ന ക്രിസ്തു. ചരിത്രത്തിലെ ക്രിസ്തു ബത്ലഹേമില്‍ പിറന്നു. ഒരു മരപ്പണിക്കാരന്‍റെ മകനായി, അദ്ദേഹം മാതൃരാജ്യത്തുനിന്ന് ഏറെ യാത്ര ചെയ്തു. ഒരു പ്രബോധനകനായി, 33-ല്‍ കുരിശിലേറി. നമ്മുടെ ഉള്ളില്‍ ജീവിക്കുന്ന ക്രിസ്തു ദൈവപുത്രന്‍. അദ്ദേഹം ഉയിര്‍ത്തെണീക്കുകയും ജീവിതം തുടരുകയും ചെയ്യുന്നു.

ഒരാള്‍ തന്നില്‍ത്തന്നെയുള്ള ഉന്നതബോധവുമായി സ്പര്‍ശത്തിലാകുമ്പോള്‍ അയാളൊരു ക്രിസ്തുവാകുന്നു. എന്തെന്നാല്‍ അയാളപ്പോള്‍ പരിശുദ്ധാത്മാവുകൊണ്ടു പൂരിതനാകുന്നു.
യേശു അപ്പം മുറിക്കുകയും വീഞ്ഞ് ഒഴിക്കുകയും ചെയ്തപ്പോള്‍ മൊഴിഞ്ഞു: ' ഇതെന്‍റെ ദേഹമാകുന്നു, ഇതെന്‍റെ രക്തവും ഇതു നിങ്ങളും കഴിക്കുക. നിങ്ങള്‍ക്ക് അനശ്വര ജീവിതമുണ്ടാവും.'

മറവിയില്‍ നിന്ന് ശിഷ്യരെ ഉണര്‍ത്താനുള്ള ഒരു കടുത്ത പ്രയോഗമായിരുന്നു അത്. ഒരാളുടെ അപ്പം അഗാധമായി സ്പര്‍ശിക്കാന്‍ അയാള്‍ക്കു സാധിക്കുകയാണെങ്കില്‍ അയാള്‍ പുനര്‍ജനിക്കപ്പെടുന്നു. കാരണം അയാളുടെ അപ്പം ജീവിതം തന്നെയാണ്, ആഴത്തില്‍ ഉണര്‍ന്നിരുന്നുകൊണ്ടു ഭക്ഷിക്കുമ്പോള്‍ ഒരാള്‍ സൂര്യനെ സ്പര്‍ശിക്കുന്നു, മേഘങ്ങളെ ഭൂമിയെ പ്രപഞ്ചത്തിലെ എല്ലാറ്റിനെയും. ഇത്തരത്തില്‍ മനോനിറവോടുകൂടി ആഹരിക്കുമ്പോള്‍ ഓരോ ഭക്ഷണവും 'ഒടുക്കത്തെ അത്താഴ' മാകുന്നു. ഒരാള്‍ക്കതിനെ 'ആദ്യത്തെ അത്താഴ'മെന്നു പറയാം. കാരണം അപ്പോള്‍ സര്‍വവും പുതുതും അതുല്യവുംമായിമാറുന്നു.

യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭക്ഷണത്തോടൊപ്പം പൂര്‍ണ്ണമായി ഒന്നിച്ചാകുന്നത് വിസ്മയകരവും ആനന്ദകരവുമാകുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഉടനീളം അയാളതിനുനേരെ കൃതജ്ഞനായിരിക്കുന്നു.

മനോനിറവോടെയുള്ള ആഹരിയ്ക്കല്‍ ബുദ്ധദര്‍ശനത്തിലേയും പ്രധാനമായൊരു പരിശീലനമത്രെ. ഇത് നമ്മെ അബോധത്തിന്‍റെ സൂക്ഷ്മതലത്തില്‍ പോഷിപ്പിക്കുന്നു. ഉണരുകയെന്നര്‍ത്ഥമാക്കുന്ന 'ബുദ്ധ' ധാതുവില്‍ നിന്നാണ് ബുദ്ധന്‍ എന്ന വാക്കുണ്ടായത്. ഉണര്‍ന്ന ഒരാളത്രെ ബുദ്ധന്‍ ഒരാളിലുള്ള ബുദ്ധത്വത്തെ സ്പര്‍ശിക്കാന്‍ മനോനിറവോടെയുള്ള ശ്വസനം ശീലിക്കാന്‍ ബുദ്ധന്‍ പറഞ്ഞു.

ബോധത്തോടെയുള്ള ശ്വസനം സമാധാനത്തെ സ്പര്‍ശിക്കാനുള്ള വളരെ അടിസ്ഥാനപരമായ ബൗദ്ധ പ്രയോഗമാണ്. ബോധത്തോടെ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുന്നതും പരിശീലിക്കുമ്പോള്‍ ഒരാളുടെ മനസ്സ് ശാന്തമാകുന്നു, ചിന്തകള്‍ അടങ്ങുന്നു. സമാധാനം കൈവരുന്നു.

തന്ത്രയില്‍ ഓരോ നിശ്വാസവും മൃതിയാകുന്നു. ഓരോ പുതുശ്വാസവും പുനര്‍ജന്മവും. ഓരോ ശ്വാസനിശ്വാസത്തിലും നിന്ന് ജനിക്കുകയും മരിക്കുകയുമാണ്. ഒരാളെ ദേഹവുമായും പ്രപഞ്ചവുമായും സ്ഥലകാലങ്ങളുമായും ബന്ധിപ്പിക്കുന്ന പാലമാണ് 'ശ്വാസം.'

ഒരുഹേമന്തകാലത്ത് ബദാം വൃക്ഷത്തോട് 'ദൈവത്തെപ്പറ്റി എന്നോടും പറയൂ' എന്ന് ഫ്രാന്‍സിസ് പുണ്യവാളന്‍ പറഞ്ഞപ്പോള്‍ ബദാം മരം പൂവിട്ടു നിന്നുവത്രെ, അതു ജീവനോടെ നിന്നു. ദൈവത്തെ ചൂണ്ടിക്കാണിക്കുന്നതിലേക്കു വേറൊരു വഴിയുമില്ല. ഇതിനെയത്രെ ബൈബിളില്‍ ഹോളി സ്പിരിറ്റ് (പരിശുദ്ധാത്മാവ്) എന്നുപറയുന്നത്, സ്പിരിറ്റിന്‍റെ അര്‍ത്ഥം ശ്വാസമെന്നാണ്. ശ്വസിക്കുകയെന്നാല്‍ ജീവിക്കുകയെന്നും. ഹോളിസ്പിരിറ്റ് എന്നാല്‍ ദിവ്യജീവിതത്തിന്‍റെ ശ്വാസം!

സൃഷ്ടിയുടെ ഒടുവില്‍ ദൈവം മണ്ണില്‍നിന്ന് സ്വന്തം പ്രതീകത്തിലുരുവാക്കിയ നിശ്ചലവും ജീവനറ്റതുമായ മനുഷ്യന്‍റെ നാസികയിലേക്ക് ശ്വാസം പകര്‍ന്നു; അപ്രകാരം നാം മനുഷ്യരായി! ബൈബിള്‍ പരിപ്രേക്ഷ്യത്തില്‍ ദൈവത്തിന്‍റെ സ്വന്തം ശ്വാസത്തിലൂടെയല്ലാതെ ഒരിക്കലും ഒരു മനുഷ്യജീവി ഉരുവാകുന്നില്ല. പരിശുദ്ധാത്മാവ് എന്നാല്‍ ദൈവമയച്ച ഊര്‍ജ്ജം എന്നാണര്‍ത്ഥം.

'യേശു പാശ്ചാത്യ ബുദ്ധന്‍' എന്നൊരു കാഴ്ചപ്പാട് ബുദ്ധനെയും യേശുവിനെയും ഒരുപോലെ പഠിച്ചവര്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. ഉണരുവാനും പ്രബോധിതനാവാനുമുള്ള സാധ്യത മുഴുവന്‍ മനുഷ്യരിലുമുണ്ടെന്ന് ബുദ്ധനും യേശുവും പറയുന്നു.

***

ദൈവരാജ്യം ഒരു ചെറുകടുകുമണിപോലെ ഇതിന്‍റെ അര്‍ത്ഥം ദൈവരാജ്യത്തിന്‍റെ ബീജം അത്രയും സൂക്ഷ്മമായി നമ്മില്‍ത്തന്നെയാകുന്നു എന്നത്രെ. നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഈര്‍പ്പമുള്ള മണ്ണില്‍ അതെങ്ങനെ നട്ടുപിടിപ്പിക്കണമെന്നു നമ്മളറിഞ്ഞു കഴിഞ്ഞാല്‍ അതു വളര്‍ന്നു വലുതാകുന്നു, അതില്‍ നിരവധി പറവകള്‍ വന്നു ചേക്കേറുന്നു.

ഉണര്‍വോടെ, മനോനിറവോടെ ജീവിക്കുമ്പോള്‍ ഒരാള്‍ ദൈവരാജ്യത്തേക്കു പോകുകയല്ല, ദൈവരാജ്യം അയാളിലേക്കു വരുകയാണ്. ദൈവരാജ്യം ഇവിടെ, ഇപ്പോള്‍!

'ദൈവസാന്നിധ്യത്തില്‍ ജീവിയ്ക്കല്‍' എന്നത് ക്രൈസ്തവികതയിലെ സുന്ദരമായൊരു പ്രയോഗമത്രെ

ജൂതപാരമ്പര്യത്തില്‍ ഭക്ഷണ സമയത്തിന്‍റെ പരിവാനത അത്യധികം ഊന്നിപ്പറയുന്നുണ്ട്. നിങ്ങള്‍ ഭക്ഷണം പാകം ചെയ്തു. മേശ തുടച്ചൊരുക്കി ദൈവസാന്നിധ്യത്തില്‍ ഭക്ഷിക്കുന്നു. നിങ്ങളുണരുമ്പോള്‍ ദൈവം ഈ ലോകം സൃഷ്ടിച്ചുവെന്നു നിങ്ങള്‍ ബോധവാനാകുന്നു. സൂര്യവെളിച്ചം ജാലകത്തിലൂടെ കടന്നുവരുമ്പോള്‍ അതില്‍ ദൈവസാന്നിധ്യം നിങ്ങള്‍ അനുഭവിക്കുന്നു. നിങ്ങളെഴുന്നേറ്റ് ഭൂമിയില്‍ നില്ക്കുമ്പോള്‍ ഈ ഭൂമി ദൈവത്തിന്‍റേതാണെന്ന് നിങ്ങളറിയുന്നു. മുഖം കഴുകുമ്പോള്‍ ജലം ദൈവമാണെന്നു നിങ്ങളറിയുന്നു. തണുത്തകാറ്റേല്ക്കുമ്പോള്‍ ദൈവസ്പര്‍ശം നിങ്ങളറിയുന്നു. പൂക്കളുടെ സുഗന്ധത്തില്‍, കിളികളുടെ പാട്ടില്‍, ആകാശ നീലിമയില്‍ നിങ്ങള്‍ ദൈവത്തെ മണക്കുന്നു, കേള്‍ക്കുന്നു, കാണുന്നു. അപ്പോളൊക്കെയും ഒരാള്‍ തന്നിലുള്ള പരിശുദ്ധാത്മാവിന്‍റെ ബീജത്തെ സ്പര്‍ശിക്കുകയാകുന്നു! അപ്പോള്‍ ഒരാള്‍ ശിശുവിനെപ്പോലെയാകുന്നു. ദൈവരാജ്യത്തിലേക്കു പ്രവേശനം കിട്ടണമെങ്കില്‍ നാം ശിശുക്കളെപ്പോലെയാകണമെന്നു യേശു പറഞ്ഞു.

You can share this post!

പത്ത് കൗമാരപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts