ജീവിതം ഒരു കളിയാട്ടമാണ്. ഓരോ പിറവിയും ഇവിടെ ആടിത്തീര്‍ക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. കരുണവും ശോകവും ബീഭത്സവുമെല്ലാം ഇടകലര്‍ന്ന ഭാവങ്ങള്‍. യവനിക ഉയരുമ്പോള്‍ ആനന്ദഗാനമാണെങ്കിലും യവനിക താഴുംമുന്‍പ് നോവും കണ്ണീരും വേദനയും രംഗത്ത് നിറയുകയും പൊലിയുകയുമൊക്കെ ചെയ്യും. അവന്‍റെ ആത്മാവിനും ശരീരത്തിനുമൊപ്പെം സഹനങ്ങളും വളരുന്നു, വിളവെടുക്കുമ്പോള്‍ മാത്രം പറിച്ചുമാറ്റപ്പെടാവുന്നകളകളായി.
ആദവും ഹവ്വയും മുതലേ മാനവരാശി സഹനത്തിന്‍റെ പാതയിലാണ്. എങ്കിലും, അന്ന് ആ തോട്ടത്തില്‍വച്ച് അവന്‍റെ പച്ചമാംസത്തില്‍നിന്ന് വാരിയെല്ല് ഊരിയെടുക്കുംമുന്‍പ് നോവറിയാതിരിക്കാന്‍വേണ്ടി ദൈവം അവനെ ഉറക്കിക്കിടത്തി. മനുഷ്യന് ദൈവം നല്കിയ ആദ്യ ഔദാര്യം. പിന്നീടെപ്പോഴെങ്കിലും ഇത്തരം ഔദാര്യം പ്രകടിപ്പിക്കപ്പെട്ടുവോ, സംശയമാണ്. ആദിപാപത്തിലൂടെ സ്ത്രീ വശീകരിക്കപ്പെടേണ്ടവളും പുരുഷന്‍ തന്‍റെ കുറ്റങ്ങളെല്ലാം സൗകര്യപൂര്‍വ്വം അവളുടെമേല്‍ കെട്ടിവയ്ക്കുന്ന ആണത്തമില്ലാത്തവനുമായി ഭൂമിയിലെത്തി. ഈറ്റുനോവും നെറ്റിയിലെ വിയര്‍പ്പും അവര്‍ കൂടെകൊണ്ടുവന്നു. എങ്കിലും അവര്‍ പരിഭവിച്ചില്ല, പരാതിപ്പെട്ടില്ല - അത്യുന്നതന്‍റെ ഹിതം നിറവേറപ്പെടണമല്ലോ.
ഒത്തിരിയൊത്തിരി തിക്താനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന സാധു മനുഷ്യന്‍ - മോശ. താന്‍ അശക്തനും വിക്കനും ആണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേണുപറഞ്ഞിട്ടും ദൈവം അവനെ വലിയൊരു ജനതയുടെ നേതാവാക്കി! ഒപ്പം, 'ഞാനില്ലെ നിന്‍റെ കൂടെ' എന്നൊരുറപ്പും കൊടുത്തു. അന്ന് ആ നെഞ്ചിലെ പ്രതീക്ഷ വാഗ്ദത്തഭൂമി മാത്രമായിരുന്നില്ലേ? പക്ഷേ 120 വയസ്സായ ആ പടുവൃദ്ധനെ മൊവാബുദേശത്തെ അബറിം പര്‍വ്വതനിരയിലെ നെബോ മലയില്‍ കയറ്റിനിര്‍ത്തി കാനാന്‍ദേശം കാണിച്ചുകൊടുത്തുകൊണ്ടു പറഞ്ഞു: "സീന്‍ മരുഭൂമിയില്‍ കാദെഷിലെ മെരീബാ ജലാശയത്തിനു സമീപം വച്ച് ഇസ്രായേല്‍ ജനത്തിനു മുന്‍പില്‍വച്ച് നീ എന്നോട് അവിശ്വസ്തമായി പെരുമാറി. എന്‍റെ പരിശുദ്ധിക്കു നീ സാക്ഷ്യം നല്കിയില്ല. ഇസ്രായേല്‍ ജനത്തിനു ഞാന്‍ നല്കുന്ന ദേശം നീ കണ്ടുകൊള്‍ക; എന്നാല്‍ നീ അവിടെ പ്രവേശിക്കുകയില്ല" (നിയമാവര്‍ത്തനം 32: 51-52). മൊവാബു താഴ്വരയില്‍ അടക്കപ്പെട്ട ആ വന്ദ്യവയോധികന്‍റെ ശവകുടീരത്തിന്‍റെ സ്ഥാനം എവിടെയെന്നുപോലും ആര്‍ക്കും ഇന്നറിയില്ല. കര്‍ത്താവു മുഖാമുഖം സംസാരിച്ച ആ പ്രവാചകന്‍റെ അലച്ചിലുകള്‍ക്കും സഹനങ്ങള്‍ക്കും മാനുഷികമായ എന്തു പരിഗണനയാണ് ലഭിച്ചത്? ഏതു പ്രമാണത്തിന്‍റെ ലംഘനമാണ് അല്ലെങ്കില്‍ ഏതു പ്രമാണത്തിന്‍റെ പാലനമാണ് മോശയുടെ കഷ്ടതകള്‍ക്ക് വഴിമരുന്നിട്ടത്. പ്രവാചകന്‍ മാത്രമല്ലല്ലോ ഒരു മനുഷ്യനുമായിരുന്നില്ലേ അദ്ദേഹം?
വാര്‍ദ്ധക്യത്തിന്‍റെ മദ്ധ്യാഹ്നം കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ഒരു കുട്ടിയെ ലഭിച്ചിരുന്നെങ്കില്‍ എന്നാശയോടെ കാത്തിരുന്ന ഒരു വൃദ്ധനും വൃദ്ധയും. ഒരു ദിനം സന്തോഷവാര്‍ത്തയുടെ അരുളപ്പാടുണ്ടായി. സന്താനസൗഭാഗ്യമുണ്ടാകാന്‍ കൃപയായിരിക്കുന്നു. തന്‍റെ ഭാര്യയുടെ ചുക്കിച്ചുളിഞ്ഞു തുടങ്ങിയ ശരീരം ഒരു നിമിഷം ഓര്‍മ്മിച്ചെടുത്ത വൃദ്ധന്‍റെ നാവില്‍നിന്നും ഒരു സ്വരം പുറപ്പെട്ടു. "ഇതെങ്ങനെ സംഭവിക്കും...?" വൃദ്ധന്‍റെ ചിന്ത പൊറുക്കാവുന്നതിനും അപ്പുറമായതെങ്ങനെ? വാദമുണ്ടായില്ല, വിസ്താരമുണ്ടായില്ല, വിധിവാചകം വായിച്ചു; അയാള്‍ ഊമനായി. (ഇതേ സംശയം ഒരു ഇടയകന്യകയുടെ നാവില്‍നിന്ന് ഉതിര്‍ന്നപ്പോള്‍ ദൂതന്‍ സൗമ്യനും ശാന്തനുമായിരുന്നു എന്നത് ഉറക്കെചിന്തിക്കരുത്). പ്രമാണങ്ങള്‍ അണുവിടതെറ്റാതെ പാലിച്ചുപോന്ന ഭക്താത്മാവ്. പിന്നിടങ്ങോട്ടുള്ള യാത്രയില്‍ മക്കളില്ലാത്തകാലത്ത് അനുഭവിച്ചതിലും വലിയ മാനസിക വ്യഥകളാണ് അവര്‍ക്കനുഭവിക്കേണ്ടിവന്നത്. ഓമനിച്ചു വളര്‍ത്തിയവന്‍ മരുഭൂമിവാസിയായി. തന്‍റെ പിന്നാലെ വരുന്നവന്‍റെ ചെരുപ്പിന്‍റെ വാറഴിക്കാന്‍പോലും താന്‍ യോഗ്യനല്ലെന്ന് അവന്‍ എളിമപ്പെട്ടു. എന്നിട്ടും ഒരു കുലടയുടെ വിലകുറഞ്ഞ വികാരപൂര്‍ത്തീകരണത്തിനായി അവന്‍റെ ശിരസ്സ് അറുത്ത് ഒരു വെള്ളിത്താലത്തില്‍ സമര്‍പ്പിക്കേണ്ടിവന്നു. ശ്രദ്ധിക്കുക, അനുസരണക്കേടിന്‍റെ ഫലമല്ല സഹനം. മാനുഷികമായി ചിന്തിക്കുമ്പോള്‍ ഒരുത്തരവും കിട്ടാത്ത പ്രഹേളികയാണത്. ദിവ്യരഹസ്യത്തിന്‍റെ മറയില്‍ മാത്രമേ ഇതു വ്യാഖ്യാനിക്കപ്പെടു.
സഹനത്തിന്‍റെ പശ്ചാത്തലം പല വിധത്തില്‍ സംഭവിക്കാം. തെറ്റു ചെയ്യാത്തവന്‍, എല്ലാ അപരാധങ്ങളും തന്‍റെ വ്യക്തിത്വത്തിന്‍റെ മേല്‍ വന്നുവീണപ്പോള്‍ ഒരക്ഷരംപോലും ഉരിയാടാത്തവന്‍. ഉരിയാടാന്‍ അവന്‍ അനുവദിക്കപ്പെട്ടില്ല. ആ വ്യക്തിത്വത്തെ വികലമാക്കിയത് സുവിശേഷകനല്ല; സുവിശേഷ വ്യാഖ്യാതാക്കളാണ്. ധൂര്‍ത്തപുത്രന്‍റെ ചേട്ടനാണ് ഇവിടത്തെ കഥാപാത്രം. "എനിക്കൊരു ആട്ടിന്‍കുട്ടിയെപ്പോലും നീ തന്നില്ലല്ലോ..."എന്ന് ആ ചേട്ടനെക്കൊണ്ട് പറയിപ്പിച്ചതിന്‍റെ പിന്നിലെ മനുഷ്യമനസ്സ് തിരിച്ചറിയാന്‍ എന്തേ ഇവിടാരും ശ്രമിക്കുന്നില്ല? പകരം അയാളുടെ ചോദ്യത്തെ സദസ്സിനെ പിടിച്ചിരുത്താന്‍ ഉപകരിക്കുന്ന വാക്കുകളുടെ ആരോഹണാവരോഹണക്രമത്തില്‍ ഏറ്റവും നികൃഷ്ടമാക്കുന്നു. അയാള്‍ ഒരു നല്ല മകനല്ലാതായി, ചേട്ടനല്ലാതായി.
കുടുംബിനികള്‍ക്ക് - പ്രത്യേകിച്ച് കുടുംബബന്ധങ്ങളില്‍ അസ്വസ്ഥത അനുഭവിക്കുന്ന സ്ത്രീകള്‍ക്കു- മുന്നില്‍ റോള്‍ മോഡലായി ചിത്രീകരിക്കപ്പെടുന്ന ഒരു ചരിത്രവനിതയുണ്ട് - വി. മോനിക്ക. തന്‍റെ മകനെ മാനസാന്തരത്തിലേക്കു നയിച്ച ആ അമ്മ, അവനോടൊപ്പം പതിമൂന്നുവര്‍ഷം ഒരുമിച്ചുജീവിച്ച, അവന്‍റെ കുഞ്ഞിനെ (അഡിയോഡാറ്റസ് - ദൈവത്തിന്‍റെ ദാനം) പ്രസവിച്ചു വളര്‍ത്തിയ സ്ത്രീയെ നിഷ്കരുണം നാടുകടത്തി. കുഞ്ഞിനെ മോനിക്കാ വിട്ടുകൊടുത്തുമില്ല. താമസിയാതെ രോഗബാധിതനായി മരിച്ച ആ കുഞ്ഞിനെ ശുശ്രൂഷിക്കാന്‍പോലും ആ സ്ത്രീക്ക് അനുമതി ലഭിച്ചില്ല. ഒരു ഭാര്യയുടെ, അമ്മയുടെ വേദന എന്തെന്ന് അക്ഷരാര്‍ത്ഥത്തില്‍ രുചിച്ചറിഞ്ഞ മോനിക്ക, എന്തുകൊണ്ട് തന്‍റെ മരുമകളുടെ വേദന തിരിച്ചറിഞ്ഞില്ല? ഉത്തരംമുട്ടുന്ന മറ്റൊരു പ്രശ്നവും ഇവിടെ ഉദിക്കുന്നുണ്ട്. വി. മോനിക്കാ സ്വീകരിച്ച അതേ മാര്‍ഗ്ഗം തന്‍റെ ഭര്‍ത്താവിനെയും കുഞ്ഞിനെയും വീണ്ടെടുക്കുന്നതിനായി ആ സ്ത്രീയും സ്വീകരിച്ചിരുന്നെങ്കില്‍, അതില്‍ വിജയിച്ചിരുന്നെങ്കില്‍ അവളും 'വിശുദ്ധ' ആകുമായിരുന്നോ? സമൂഹത്തിലുള്ള സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് സഹനത്തിന്‍റെ മൂല്യം ഏറിയും കുറഞ്ഞും ഇരിക്കും. സഹിക്കുന്ന വ്യക്തിയുടെ അന്തസ്സ് ഉയരുകയോ, താഴുകയോ ചെയ്യും. എല്ലാംകൊണ്ടും വിലകെട്ട/വിലകെടുത്തപ്പെട്ട ഒരുവന് ഉണ്ടാകുന്ന ദുരിതങ്ങള്‍ 'ശിക്ഷ'യായി വ്യാഖ്യാനിക്കപ്പെടും. ഹാഗാറുമാരും ബത്ഷെബായും അനീതി സഹിക്കുമ്പോള്‍ സാറാമാരും ദാവീദുമാരും തെരഞ്ഞെടുക്കപ്പെട്ടവരും ആദരണീയരുമാകുന്നു.
പഠനത്തിനുള്ള എല്ലാ വാതിലുകളും കോളേജ് അധികാരികളും ലോണ്‍ വാഗ്ദാനംചെയ്ത സാമ്പത്തികസ്ഥാപനവും നിരുത്തരവാദിത്തപരമായി കൊട്ടിയടച്ചപ്പോള്‍, ആ സാധു ചിന്തിച്ചത് ആത്മാഹൂതിയെക്കുറിച്ചു മാത്രം. എന്നാല്‍ അവളുടെ ശരീരം കീറിമുറിച്ച്, അവളൊരു കന്യകയായിരുന്നോ എന്നറിയാനായിരുന്നു അധികാരികള്‍ക്കു തിടുക്കം. പരാജയപ്പെട്ട അവളെ അപമാനിതയും വഴിപിഴച്ചവളുമായി ചിത്രീകരിക്കാന്‍ തത്രപ്പെടുന്നവര്‍! "ഇത്രമാത്രം അണിഞ്ഞൊരുങ്ങി നടക്കാന്‍ ഇവള്‍ക്കെന്താണ് യോഗ്യത? ഇല്ലാത്ത പണമുണ്ടാക്കി ആഡംബരം കാണിച്ചവള്‍" - ഒരു മലയാളി പെണ്‍കൊടിയുടെ തനിമയില്‍ പൊട്ടും കുറിയുമൊക്കെ അണിഞ്ഞ് നടന്നതില്‍ അസ്വസ്ഥരായ സമൂഹം വിമര്‍ശനവുമായി രംഗത്തെത്തി. ആരുടെയെങ്കിലുമൊക്കെ സൗജന്യം (അത് അര്‍ഹതപ്പെട്ടതാണെങ്കില്‍പ്പോലും!) കൊണ്ട് ജീവിക്കുന്നവള്‍ നിറമുള്ള വസ്ത്രം ധരിച്ചുകൂടാ, അല്പംപോലും മോഡേന്‍ ആയിക്കൂടാ - ഇത് എന്നും പാലിക്കേണ്ട കീഴ്വഴക്കമായി ഇവിടെ നിലനിര്‍ത്തപ്പെടുന്നു. അവര്‍ക്കെന്നും ഒരു ഭാവം മാത്രമേ പാടുള്ളൂ -വിധേയത്വത്തിന്‍റെ ഭാവം. രജനിയുടെ മാതാപിതാക്കള്‍ എന്തു തെറ്റു ചെയ്തിട്ടാണ് അവര്‍ക്ക് ഇങ്ങനെ ഒരു ദുര്‍വിധി നേരിട്ടത്. "പാവം രജനി, ആ കുട്ടി ഉപരിപഠനത്തിന് ശ്രമിച്ചില്ലായിരുന്നെങ്കില്‍, ഇത്തിരി ആത്മസംയമനം കാണിച്ചിരുന്നെങ്കില്‍" ഇങ്ങനെ ഒരുപാട് 'എങ്കിലുകള്‍' നിരത്തപ്പെടാം. വെറും പൊടിയും ചാരവും ആയിത്തീരേണ്ട മര്‍ത്യന് സര്‍വ്വശക്തന്‍റെ സംരക്ഷണത്തിന് അപ്പുറവും ഇപ്പുറവും മറികടക്കാന്‍ സാധിക്കില്ലെന്ന ന്യായവാദം ആശ്വാസമാണോ പ്രത്യാശയാണോ അവള്‍ക്ക് (രജനിമാര്‍ക്ക്) നല്കുന്നത്?
അല്പം മനസമാധാനത്തിനായി ജീവിതത്തിന്‍റെ അസഹനീയ നിമിഷങ്ങളെ പങ്കുവയ്ക്കുന്നവനെ ഇന്നു പലരും ചൂഷണം ചെയ്യുന്നു. അയാളുടെ ഭ്രൂണാവസ്ഥമുതല്‍ ഇങ്ങോട്ടുള്ള ഓരോ ഘട്ടങ്ങളെയും അവര്‍ വെളിപാടിലൂടെ കണ്ടറിഞ്ഞ്, തൊട്ടു സുഖപ്പെടുത്തുന്നു! നിലവിളിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിലാണ് ആത്മീയതയുടെ വിജയമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. സൗഖ്യങ്ങള്‍ പേമാരിപോലെയങ്ങ് പെയ്തിറങ്ങുകയല്ലേ!!! 'സഹനസൗഖ്യം' തേടുന്നവരുടെ എണ്ണം ഏറിവരുന്നു. ജീവിതത്തില്‍ രുചിച്ചറിഞ്ഞ ദുരിതങ്ങളുടെ കയ്പുനീരിന്‍റെ അളവെടുത്ത് ഒരുവനെ നീതിമാനോ/ വിശുദ്ധനോ, അപരനെ ദുര്‍മാര്‍ഗ്ഗിയോ/ പാപിയോ ആക്കുന്നത് കടുത്ത അനീതിയാണ്. മനുഷ്യജീവിതത്തിന്‍റെ ഒരു ഭാഗംതന്നെയാണ് സങ്കടങ്ങളും. ഒരുവന്‍റെ സഹനത്തിലൂടെ അപരന്‍ വളര്‍ന്നേക്കാം. അതൊരു നിയോഗമോ, നിമിത്തമോ ആകാം. കല്പനകളുടെ പാലനമോ, ലംഘനമോ അതിനു ഹേതുവാകുന്നില്ല. കല്പനകളുടെ പാലനം പരലോകസുഖമെന്ന ഓഫര്‍ നല്കി അവനെ കൂടുതല്‍ കൂടുതല്‍ സഹിക്കാന്‍ ശക്തനാക്കുന്നു. സഹനാവസ്ഥയെ അംഗീകരിക്കുക മാത്രമാണ് ഉചിതം. ഉന്മാദാവസ്ഥയിലേക്കോ, നൈരാശ്യത്തിലേക്കോ നയിക്കപ്പെടേണ്ടതല്ലത്. കണ്ണീര്‍ വീഴ്ത്താതെ ഒരുവനും ഈ മണ്ണില്‍നിന്നും യാത്രയാകുന്നില്ല.