news-details
മറ്റുലേഖനങ്ങൾ

ദൈവത്തിന്‍റെ കൊലപാതകം

എല്ലാ സായാഹ്നങ്ങളിലും ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനാജപം: "ഈശോയുടെ തിരുവിലാവിലെ വെള്ളമെ, എന്നെ കഴുകണമെ..." ധ്യാനകേന്ദ്രങ്ങളുടെ ഉച്ചഭാഷിണികള്‍ ശബ്ദിക്കുന്നു: "തിരുരക്തത്താല്‍ കഴുകണമെ." അങ്ങനെ കേട്ടും തഴമ്പിച്ചും ഒരു ദൈവശാസ്ത്രവ്യാഖ്യാനത്തില്‍ വളരെ സംതുലിതവും വിപ്ലവാത്മകവുമായിരുന്ന ഒരു ദൈവികജീവിതത്തിന്‍റെയും മരണത്തിന്‍റെയും മൂല്യം ഭാഗികമായെങ്കിലും കഴുകപ്പെട്ടു പോകുന്നത് ഞാന്‍ കാണുന്നു. യേശുവിന്‍റെ മരണത്തെക്കുറിച്ച് കാലങ്ങളായി പ്രസംഗപീഠങ്ങളില്‍നിന്ന് നമ്മള്‍ കേള്‍ക്കുന്നത് പൗലോസിന്‍റെ ഒരു വ്യാഖ്യാനം മാത്രമാണ്: "മാനവകുലത്തിന് നിത്യരക്ഷയുടെ കവാടം തുറക്കാന്‍ പാപപരിഹാരാര്‍ത്ഥം അവന്‍ കുരിശിലേറി." എന്നാല്‍ സുവിശേഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന യേശുവിന്‍റെ മരണാനുഭവത്തിന് ചരിത്രപരമായ മറ്റൊരു വ്യാഖ്യാനം കൂടി സാധ്യമാണ്. അതൊരു കൊലപാതക മരണമായിരുന്നു.

ആട്ടിന്‍കുട്ടിയുടെ സൗമ്യതയും പ്രാവിന്‍റെ നൈര്‍മ്മല്യവും ജീവിതത്തില്‍ സൂക്ഷിക്കുന്ന, ശാന്തനായ ഒരാള്‍  ഇന്നോളം ആരുടെയെങ്കിലും പ്രതികാരത്തിന് പാത്രമായതായി കേട്ടിട്ടില്ല, കലാപത്തിന്‍റെയോ യുദ്ധത്തിന്‍റെയോ ഇരയായതൊഴികെ. എന്നിട്ടും സ്നേഹവും ക്ഷമയും മാത്രം പഠിപ്പിക്കുകയും ജീവിക്കുകയും ചെയ്ത ഒരാള്‍ എങ്ങനെ ഇത്രകണ്ട് ക്രൂരമായി വധിക്കപ്പെട്ടു? ചോദ്യം നസ്രത്തിലെ യേശുവിനെക്കുറിച്ചുതന്നെ.

യേശുവിന്‍റെ മരണത്തിന് സ്വയം സമര്‍പ്പിതമായ ഒരു ബലിയുടെ സൗമ്യതയ്ക്കപ്പുറം രക്തവും വിയര്‍പ്പും പകയും മണക്കുന്നുണ്ട്. മുപ്പത്തിമൂന്നാം വയസ്സിലെ ഒരു അപകടമരണമോ രോഗമരണമോ ആയിരുന്നില്ല അവന്‍റേത്. അങ്ങനെയെങ്കില്‍ ആ മരണത്തിന് പിന്നില്‍ ആരുടെയൊക്കെയോ ഗൂഢമായ കരുനീക്കങ്ങള്‍ നടന്നിട്ടുണ്ട്. ആരുടെ? എന്തിന്?

രാഷ്ട്രീയ കാരണങ്ങള്‍

ഇന്നത്തേതുപോലെ മതവും രാഷ്ട്രീയവും തമ്മില്‍ വ്യക്തമായി വേര്‍തിരിക്കപ്പെട്ടിരുന്ന ഒരു രാഷ്ട്രീയസാഹചര്യത്തിലല്ല യേശു ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്. മതവും രാഷ്ട്രീയവും സാമൂഹ്യജീവിതവും കുടുംബജീവിതവുമെല്ലാം ഒരുമിച്ച് ഇഴചേര്‍ക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അവന്‍റേത്. അതുകൊണ്ടുതന്നെ യേശു ഒരു രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. എന്നാല്‍ അവന്‍റെ നിലപാടുകള്‍ക്കു വ്യക്തമായ രാഷ്ട്രീയമാനമുണ്ടായിരുന്നു എന്ന് കാണാവുന്നതാണ്.

യേശുവിന്‍റെ കാലഘട്ടത്തില്‍ സ്വന്തം നാടായ പാലസ്തീനയും യഹൂദജനതയും റോമന്‍ സാമ്രാജ്യത്തിന്‍റെ ആധിപത്യത്തിന്‍ കീഴിലായിരുന്നു. സ്വന്തം നാട്ടില്‍ ആധിപത്യം പുലര്‍ത്തിയ വിദേശശക്തികളോട് യഹൂദ മത-സമൂഹ നേതൃത്വം (പുരോഹിതര്‍ - ഫരിസേയര്‍- സദൂക്കായര്‍) കൂട്ടുചേര്‍ന്നപ്പോള്‍ അവരുടെ ഇടയില്‍ത്തന്നെ ഒരു കൂട്ടം യഹൂദര്‍ വിപ്ലവകാരികളായി (സെലട്ടുകള്‍ -zealots) റോമന്‍ ഭരണത്തിനെതിരെ സായുധസമരവും ഒളിപ്പോരും നടത്തി. യേശുവിന്‍റെ ഗ്രാമമായ നസ്രത്തും പ്രവര്‍ത്തനമേഖലയായ ഗലീലിയും ഈ വിപ്ലവകാരികളുടെ പ്രധാന കേന്ദ്രങ്ങളായിരുന്നു. വിപ്ലവം എല്ലാക്കാലത്തേയുംപോലെ തലയുയര്‍ത്തിയത് ദരിദ്രജനതകള്‍ക്കിടയിലും.

യേശു ജീവിച്ചുവളര്‍ന്ന ഈ രാഷ്ട്രീയ ചുറ്റുപാടിനുള്ളില്‍ അവനെ ഒരു രാഷ്ട്രീയകുറ്റവാളിയാക്കിത്തീര്‍ക്കാന്‍ മാത്രം അവനെടുത്ത ജീവിതനിലപാടുകള്‍ എന്തായിരുന്നു?

1. "സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക" (മര്‍ക്കോ. 12:17) എന്ന സൂചകത്തില്‍നിന്നുതന്നെ ആരംഭിക്കാം. യേശുവിന്‍റെ ഈ വാക്കുകളുടെ സാഹചര്യം അല്പം വ്യക്തമാക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു. "ദൈവത്തിന്‍റെ (യഹോവയുടെ) സ്വന്തം ജനത" എന്ന് സ്വയം വിശേഷിപ്പിക്കുകയും ദൈവമല്ലാതെ തങ്ങള്‍ക്കു മറ്റൊരു രാജാവില്ലെന്നു വിശ്വസിക്കുകയും ചെയ്തിരുന്നവരാണ് യഹൂദജനത. എന്നാല്‍ അവരുടെ സമൂഹമതനേതൃത്വമാകട്ടെ,  റോമന്‍ ഭരണാധികാരികളുമായി കൂട്ടുചേര്‍ന്ന് സ്വന്തംജനതയില്‍നിന്ന് പണം പിരിച്ച് റോമന്‍ ചക്രവര്‍ത്തിയായ സീസറിന് കപ്പം കൊടുക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. ചൂഷണം ചെയ്യപ്പെട്ടിരുന്ന ദരിദ്ര യഹൂദജനതയ്ക്കിടയില്‍ പ്രവാചകദൗത്യവുമായി വന്ന യേശുവിനെ ഇല്ലാതാക്കുക എന്നത് യഹൂദനേതൃത്വത്തിന്‍റെതന്നെ ആവശ്യമായിരുന്നു. അവനെ വാക്കുകളില്‍   കുടുക്കി റോമാക്കാരെക്കൊണ്ട് പിടിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ചില ചോദ്യങ്ങള്‍ അങ്ങനെയാണ്. അവയ്ക്കുള്ള ഉത്തരം എന്തുമാവട്ടെ നീ വായ് തുറക്കുന്നത് ഒരു കെണിയിലേയ്ക്കാണ്. (സ്കൂള്‍ കാലത്ത് കൂട്ടുകാരോട് ചോദിച്ചിരുന്ന കുസൃതി ചോദ്യംപോലെ: "അമ്മയ്ക്കിപ്പോള്‍ ഭ്രാന്ത് കൂടുതലാണോ കുറഞ്ഞോ?") ഇത്തരം ചോദ്യങ്ങളോട് (Double binding questions), പാപിനിയായ സ്ത്രീയുടെ മേല്‍ വിധി കല്പിക്കാന്‍ ആവശ്യപ്പെട്ടതുപോലുള്ള സാഹചര്യത്തില്‍, യേശു വിവേകത്തോടെ മാത്രമെ പ്രത്യുത്തരിച്ചിരുന്നുള്ളൂ: ഒന്നുകില്‍ ഒരു മറുചോദ്യത്തോടെ, അല്ലെങ്കില്‍ ഉപമാത്മകമായ ഒരു വിശദീകരണത്തിലൂടെ...

ഇവിടെ ഫരിസേയരുടെയും ഹേറോദീയരുടെയും ശിങ്കിടികളായി എത്തുന്നവരോട് യേശു ഒരു റോമന്‍ നാണയം ആവശ്യപ്പെടുന്നു. ആ നാണയത്തിലെ ചിഹ്നം കാട്ടി അവരോട് ചോദിക്കുന്നു 'ഇത് ആരുടേത്?' 'സീസറിന്‍റേത്'  എന്ന അവരുടെ ഉത്തരത്തിനുള്ള മറുപടിയാണ്:  'സീസറിന്‍റേത് സീസറിനും ദൈവത്തിന്‍റേത് ദൈവത്തിനും.' ആദ്യത്തെ വാചകത്തിന്‍റെ അര്‍ത്ഥം വ്യക്തം. സീസറിന്‍റെ പണം സീസറിന് കൊടുക്കുന്നത് അവന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ അവസരോചിതമല്ലാത്ത രണ്ടാമത്തെ വാചകം 'ദൈവത്തിന്‍റേത് ദൈവത്തിന്' എന്തിനവന്‍ കൂട്ടിച്ചേര്‍ത്തു? അതില്‍ വിപ്ലവാത്മകമായ ഒരു രാഷ്ട്രീയനിലപാടുണ്ട്. അവന്‍റെ കേള്‍വിക്കാര്‍ക്ക് അതു വ്യക്തവുമാണ്:  ഇസ്രായേല്‍ ദൈവത്തിന്‍റെ ജനമാണ്. ദൈവത്തിന്‍റെ സ്വന്തം ജനതയെ സീസറിന് അടിയറവുവയ്ക്കുന്ന നേതൃത്വത്തോടുള്ള നിശിതവും പരോക്ഷവുമായ ഒരു വിമര്‍ശനമാണിത്. യേശുവിന്‍റെ മനസ്സില്‍ സീസറിന്‍റെ  ആധിപത്യത്തിന് സ്ഥാനമില്ലെന്ന് ഇവര്‍ക്ക് വ്യക്തമായതു കൊണ്ടാവാം ആ ആരോപണം അവനെക്കുറിച്ചുള്ള വിധിവിസ്താരത്തില്‍ വീണ്ടും സാക്ഷ്യപ്പെടുത്തുന്നത്: "സീസറിന് നികുതി കൊടുക്കരുത് എന്ന് ഇവന്‍ പറയുന്നത് ഞങ്ങള്‍ കേട്ടു" (ലൂക്കാ 23:2).

2. പീലാത്തോസിന്‍റെ മുന്നിലെ ന്യായവിചാരത്തില്‍ യേശുവില്‍ ആരോപിക്കപ്പെടുന്ന മറ്റൊരു രാഷ്ട്രീയകുറ്റം "ഇവന്‍ മിശിഹായാണെന്ന് അവകാശപ്പെട്ടു"വെന്നതാണ്. അന്നും ഇന്നും വിമോചകനായ ഒരു മിശിഹായെ കാത്തിരിക്കുന്നവരാണ് യഹൂദജനത. യേശുവിന്‍റെ കാലത്താകട്ടെ മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷ തീക്ഷ്ണവും മിശിഹാസങ്കല്പങ്ങള്‍ വ്യത്യസ്തവുമായിരുന്നു. അവയില്‍ പ്രധാനപ്പെട്ടവ ചരിത്രത്തില്‍ ഇസ്രായേലിന്‍റെ രാഷ്ട്രീയവിമോചകനായി വരുന്ന ഐഹിക മിശിഹാസങ്കല്പവും (Political Messiah) ചരിത്രത്തിനൊടുവില്‍ സാര്‍വ്വത്രിക വിമോചകനായി അവതരിക്കുന്ന ആത്മീയ മിശിഹാ സങ്കല്പവുമാണ് (Apocalyptic Messiah/ Son of Man/ Universal King). തീവ്രവാദ വിഭാഗത്തില്‍പ്പെട്ടിരുന്ന 'സെലട്ടുകള്‍' പ്രതീക്ഷിച്ചിരുന്നത് ഒരു രാഷ്ട്രീയ വിമോചകനായ മിശിഹായെയാണ്. രാഷ്ട്രീയമിശിഹാ തന്‍റെ ദൗത്യം കൊണ്ടുതന്നെ റോമന്‍ഭരണത്തിന് എതിരായിരിക്കണം. അതുകൊണ്ടാണ് മിശിഹാ എന്ന സ്വയം വിശേഷണത്തെ റോമാക്കാര്‍  സംശയദൃഷ്ടിയോടെ ഒരു രാജ്യദ്രോഹകുറ്റമായി നോക്കിക്കണ്ടത്.

യേശു ഒരിക്കലും താന്‍ മിശിഹായാണെന്ന് അവകാശപ്പെട്ടിട്ടില്ല; മറിച്ച് ആ പേര് ജനം അവനില്‍ ആരോപിച്ചു കൊടുക്കുകയായിരുന്നു. വിധിവേളയില്‍ അവന്‍ വ്യക്തമായി പറയുന്നുണ്ട് "എന്‍റെ രാജ്യം ഐഹീകമല്ല." (യോഹ18:36). പ്രവര്‍ത്തനകാലത്ത് തന്നെ ഭൗതിക രാജാവാക്കാന്‍ ശ്രമിച്ചവരില്‍നിന്ന് അവന്‍ ഒഴിഞ്ഞുമാറുന്നുമുണ്ട് (യോഹ. 6:15). അതേസമയം യേശുവിന്‍റെ ജീവിതവും പഠനങ്ങളും മതപരം മാത്രമായിരുന്നു, അതിന് രാഷ്ട്രീയ മാനങ്ങളില്ലായിരുന്നു എന്നുപറയുന്നത് സുവിശേഷവിരുദ്ധമാണ.് യേശു പ്രസംഗിച്ച ദൈവരാജ്യസദ്വാര്‍ത്തയ്ക്ക് രാഷ്ട്രീയ ഉള്‍ധ്വനികളുണ്ട്. ഈ രാഷ്ട്രീയ ഉള്‍ധ്വനികളെ വ്യക്തമായി വായിച്ചെടുത്ത അവന്‍റെ പ്രതിയോഗികളുടെ ലക്ഷ്യം അവനെ ഒരു രാഷ്ട്രീയ മിശിഹായായി വ്യാഖ്യാനിച്ച്, അവനില്‍ രാജ്യദ്രോഹകുറ്റം ചുമത്തി, രാഷ്ട്രീയമായി വധിക്കുക എന്നതായിരുന്നു.

3. "രണ്ടു കള്ളന്മാരോടുകൂടെ യേശുവിനെ അവര്‍ കുരിശില്‍ തറച്ചു" (മത്താ 27:38). ഈ വചനത്തിലെ ചില സൂചകങ്ങള്‍ ചരിത്രപരമായ അന്വേഷണത്തില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒന്ന്, യേശു വധിക്കപ്പെടുന്നത് കുരിശിലാണ്. രാഷ്ട്രീയകുറ്റവാളികള്‍ക്ക് വിധിക്കുന്ന റോമന്‍ ശിക്ഷാരീതിയാണ് കുരിശുമരണം. യഹൂദരുടെ വധശിക്ഷാ രീതി കല്ലെറിഞ്ഞാണ് നടപ്പാക്കിയിരുന്നത്. അതാകട്ടെ മതപരമോ ധാര്‍മ്മികമോ ആയ തെറ്റുകളില്‍ വളരെ അപൂര്‍വ്വമായി മാത്രമെ വിധിച്ചിരുന്നുള്ളൂ. അങ്ങനെയെങ്കില്‍ യേശു മരിക്കുന്നത് രാഷ്ട്രീയ കുറ്റവാളിയായിട്ടാണ്.

രണ്ടാമത്തെ സൂചകം അവന്‍ രണ്ടു കള്ളന്മാരുടെ നടുവില്‍ ക്രൂശിക്കപ്പെട്ടുവെന്നതാണ്. ആരാണീ കള്ളന്മാര്‍? ആരുടെയെങ്കിലും വസ്തുവകകള്‍ മോഷ്ടിച്ചെടുക്കുന്ന കള്ളന്മാരെ (kleptes) കുരിശില്‍ തറച്ചിരുന്നില്ല. ചരിത്രകാരനായ ജോസെഫൂസിന്‍റെ ചരിത്രലിഖിതങ്ങള്‍ പ്രകാരം വായിച്ചെടുക്കുമ്പോള്‍ സുവിശേഷങ്ങള്‍ പ്രതിപാദിക്കുന്ന 'leistes' എന്ന കള്ളന്മാര്‍ രാഷ്ട്രീയവഞ്ചകരായ 'സെലട്ടുകള്‍' എന്ന തീവ്രവാദി വിഭാഗത്തില്‍പ്പെട്ടവരാണ്. യേശുവിന്‍റെ ശിഷ്യന്മാരില്‍ ചുരുങ്ങിയ പക്ഷം ഒരാളെങ്കിലും രാഷ്ട്രീയതീവ്രവാദ വിഭാഗത്തില്‍നിന്ന് യേശു തിരഞ്ഞെടുത്തതോ അവനിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടതോ ആയിരുന്നു. തീവ്രവാദിയായ ശിമയോന്‍ എന്നു സുവിശേഷം പേരുവിളിക്കുന്ന ആള് തന്നെ. യൂദാസും അതേ വിഭാഗത്തില്‍നിന്ന് വരുന്നു എന്ന് ചില നിഗമനങ്ങളുണ്ട്. അങ്ങനെയെങ്കില്‍ യേശുവിന്‍റെ പഠനങ്ങളില്‍ അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനായ എന്തോ ഉണ്ടായിരുന്നു.

4. യേശുവിന്‍റെ രാഷ്ട്രീയ നിലപാടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആ കാലഘട്ടത്തിന്‍റെ മുഖ്യധാരാ രാഷ്ട്രീയസങ്കല്പത്തിന് ബദലായി അവന്‍ മുന്നോട്ടുവച്ച 'ദൈവരാജ്യ' സങ്കല്പം തന്നെയായിരുന്നു. ക്രിസ്തു പഠിപ്പിച്ച ദൈവരാജ്യം മരണത്തിനുശേഷം ഉന്നതങ്ങളിലെവിടെയോ കിട്ടാന്‍ പോകുന്ന സ്വര്‍ഗ്ഗമാണെന്ന ചിന്ത നമ്മളില്‍ രൂഢമൂലമായിട്ടുണ്ട്. യേശുവിന്‍റെ ദൈവരാജ്യസങ്കല്പം അതില്‍നിന്നും ഒത്തിരി വ്യത്യസ്തമായ ഒരു സാമൂഹ്യജീവിതക്രമമാണ്. (അതിന് തീര്‍ച്ചയായും, മരണത്തെ അതിലംഘിച്ചു നിത്യതയിലേയ്ക്ക് നീളുന്ന പൂര്‍ത്തീകരണ സ്വഭാവമുണ്ട്). അവന്‍ പ്രാര്‍ത്ഥിച്ചതും പഠിപ്പിച്ചതും ദൈവരാജ്യം ഭൂമിയില്‍ വരാനാണ്. ഈ ദൈവരാജ്യ സങ്കല്പം റോമന്‍- യഹൂദ ഭരണവ്യവസ്ഥിതിയുടെ നിലനിന്നിരുന്ന മൂല്യക്രമങ്ങള്‍ക്ക് എതിരായിരുന്നു. അധികാരികള്‍ അടിമപ്പെടുത്തുന്ന രാജ്യത്ത് അവന്‍ സ്വാതന്ത്ര്യം പ്രസംഗിച്ചു, ധനികവര്‍ഗ്ഗം ഭരണചക്രം തിരിക്കുകയും ദരിദ്രന്‍റെ വിധി നിര്‍ണ്ണയിക്കുകയും ചെയ്തപ്പോള്‍ ദരിദ്രര്‍ക്ക് അവന്‍ രാജ്യം വാഗ്ദാനം ചെയ്തു. ഉന്നതര്‍ അധികാരം പ്രയോഗിക്കുകയും എളിയവനെ ചൂഷണം ചെയ്യുകയും ചെയ്യുന്ന നാട്ടില്‍ ഔന്നത്യമുണ്ടാകണമെങ്കില്‍ അപരന്‍റെ പാദം കഴുകലുകള്‍ ആവശ്യമാണെന്ന് അവന്‍ പഠിപ്പിച്ചു. ജീവിതത്തിലും സമൂഹത്തിലും പിന്നിലായി പോവുകയും ചെറുതാക്കപ്പെടുകയും ചെയ്ത മനുഷ്യരെ മുന്നിലേയ്ക്കു കയറ്റിനിര്‍ത്തിക്കൊണ്ട് തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രീയ സങ്കല്പമാണ് അവന്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇത് ആയുധത്തിലൂടെ നേടിയെടുക്കേണ്ട ഒന്നല്ല, സ്നേഹത്തിലൂടെയും സമാധാനത്തിലൂടെയും സക്ഷാത്കരിക്കേണ്ട ഒന്നാണ് എന്നു.

വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അവന്‍ രാഷ്ട്രീയ തീവ്രവാദികളില്‍നിന്ന് വ്യത്യസ്തനായി. അതേസമയം ദുഷിച്ച വിജാതീയ (റോമന്‍) രാഷ്ട്രീയ വ്യവസ്ഥിതിക്കെതിരെ അവന്‍ ഉറച്ച ശബ്ദത്തില്‍ പ്രതികരിക്കാതിരുന്നുമില്ല (മര്‍. 10:42-44). യേശുവിന്‍റെ ബദല്‍രാഷ്ട്രീയ സങ്കല്പങ്ങള്‍ അവനെ റോമന്‍ഭരണത്തിന്‍റെ ശത്രുപക്ഷത്താക്കുകയും രാഷ്ട്രീയവധശിക്ഷയിലേയ്ക്ക് നയിക്കുകയും ചെയ്തു.

സാമൂഹ്യകാരണം

യേശു വധിക്കപ്പെടുന്നതിന് വ്യക്തമായ ചില സാമൂഹ്യകാരണങ്ങള്‍ കൂടിയുണ്ട്. യഹൂദസമൂഹത്തിന്‍റെ പാരമ്പര്യത്തിലും കീഴ്വഴക്കത്തിലുംനിന്ന് വേറിട്ട് നടന്നു എന്നത് സമൂഹനേതൃത്വത്തിന്‍റെ വിമര്‍ശനത്തിന് അവനെ പാത്രമാക്കി. യഹൂദസമൂഹ പെരുമാറ്റരീതിയനുസരിച്ച് സമൂഹത്തില്‍നിന്നും ഭ്രഷ്ട് കല്പിക്കപ്പെട്ടിരുന്നവരോട് ഇടപഴകുന്നത് സമൂഹരീതിയോ നീതിയോ അല്ല. പരസ്യപാപികള്‍, ചുങ്കംപിരിവുകാര്‍, വേശ്യകള്‍, കുഷ്ഠരോഗികള്‍, സമരിയാക്കാര്‍ എന്നിവരെ യഹൂദസമൂഹം തീണ്ടിക്കൂടാത്തവരായിട്ടാണ് കണക്കാക്കിയിരുന്നത്. അവരോട് കൂട്ടുചേരുന്നവരും അശുദ്ധരാകും. പൊതുസമൂഹത്തില്‍വച്ച് ഒരു യഹൂദപുരുഷനും സ്ത്രീയോട് പരസ്യമായി സംസാരിച്ചിരുന്നില്ല. കാരണം സ്ത്രീ ബഹുമാനം അര്‍ഹിക്കാത്ത രണ്ടാംതരക്കാരിയാണ്. എന്നാല്‍ യേശു മുഖ്യമായും ഇടപഴകിയത് ഇത്തരം മനുഷ്യരോടായിരുന്നു. (മര്‍. 2:15, ലൂക്കാ 15:1-2, 7:33-4, യോഹ 4). അവനെ അനുഗമിച്ചവരില്‍ പലരും സ്ത്രീകളും സമൂഹത്തിന്‍റെ താഴെക്കിടയില്‍ നിന്നുള്ളവരുമായിരുന്നു.

അതേസമയം കപടസദാചാരം പുലര്‍ത്തിയിരുന്ന പുരുഷമേല്ക്കോയ്മയുടെ യഹൂദസമൂഹത്തെ അവര്‍ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു (മത്താ 21:31, യോഹ 7:53).  അവന്‍ ഒരു പുത്തന്‍ സമൂഹനിര്‍മിതിയെക്കുറിച്ചു പഠിപ്പിച്ചു. അതു ദരിദ്രര്‍ക്കും ദുര്‍ബലര്‍ക്കും ദൈവത്തിന്‍റെ സദ്വാര്‍ത്തയായപ്പോള്‍, ധനവാന്മാര്‍ക്കും ബലവാന്മാര്‍ക്കും ദുര്‍വാര്‍ത്തയായി മാറി. കാരണം അവന്‍ പഠിപ്പിച്ചത് മുമ്പന്മാര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരുമാകുന്ന സമൂഹക്രമത്തിന്‍റെ തകിടം മറിച്ചിലായിരുന്നു (മത്താ. 20:16, ലൂക്ക. 16: 17-31).

മതപരമായ കാരണം

യേശുവിന് ഏറ്റവും എതിര്‍പ്പ് നേരിടേണ്ടി വന്നത് സ്വന്തം ജനതയുടെ മതനേതൃത്വത്തിന്‍റെ ഭാഗത്തുനിന്നായിരുന്നു. കാരണം അവന്‍റെ പഠനങ്ങളില്‍ ജറെമിയ പ്രവാചകന്‍റെ കാലഘട്ടത്തിലേതുപോലെ ദുഷിച്ചുപോയ ഒരു വ്യവസ്ഥാപിത മതത്തിനും അതിന്‍റെ ദൈവത്തെ മനുഷ്യനില്‍നിന്ന് ഒളിച്ചുപിടിക്കുന്ന തരത്തിലുള്ള അനുഷ്ഠാനങ്ങള്‍ക്കും എതിരെയുള്ള വിമര്‍ശനങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്നു. മതപാരമ്പര്യങ്ങളെ പലതിനേയും ലംഘിച്ചതും (ഉദാ: സാബത്ത് നിയമങ്ങളുടെ ലംഘനവും മര്‍ക്കോ 2:24) മതനേതൃത്വം പഠിപ്പിച്ച രീതികളില്‍ നിന്ന് വ്യത്യസ്തമായി ദൈവത്തെ 'പിതാവേ' എന്ന് വിളിച്ച് പ്രാര്‍ത്ഥിച്ചതും, യഹൂദമതത്തിന്‍റെ വിശ്വാസകേന്ദ്രമായിരുന്ന ജറുസലേം ദേവാലയത്തിനെതിരെ ഭീഷണി മുഴക്കിയതും (മത്താ. 27:31-47)  മതനേതൃത്വത്തിന്‍റെ കാപട്യത്തിനെതിരെ "അണലി സന്തതികള്‍" (മത്താ. 23:33),  "കടിച്ചുകീറുന്ന ചെന്നായ്ക്കള്‍" (മത്താ 7: 15), 'വ്യാജപ്രവാചകന്മാര്‍,' 'അന്ധരെ നയിക്കുന്ന അന്ധര്‍' എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചതും അവനെതിരെയുള്ള ഗൗരവമായ മതനിന്ദ എന്ന ആരോപണങ്ങളായിരുന്നു.

വെറും മതപരമോ സാമൂഹ്യപരമോ മാത്രമായിരുന്നു അവന്‍റെ കുറ്റങ്ങളെങ്കില്‍ വധശിക്ഷ വഴുതിപ്പോകും  എന്നു തിരിച്ചറിഞ്ഞ യഹൂദനേതൃത്വം (യോഹ. 18:31-32) വിധി വേളയില്‍ പീലാത്തോസിനു മുമ്പില്‍ കളം മാറ്റിച്ചവിട്ടുന്നുണ്ട്. അങ്ങനെ അവന്‍റെ പഠനങ്ങളിലെ  രാഷ്ട്രീയ ഉള്‍ധ്വനികളെ വ്യാഖ്യാനിച്ചു പെരുപ്പിച്ച് അവന് രാഷ്ട്രീയ കുറ്റവാളിക്കുള്ള ശിക്ഷ വാങ്ങിക്കൊടുക്കുകയായിരുന്നു (യോഹ. 18:28, 19:16).

യേശുവിന്‍റെ മരണത്തിന് ആത്മീയമായ വലിയ ആഴങ്ങളും പരപ്പുമുള്ളപ്പോള്‍ ഇളംപ്രായത്തിലെ അവന്‍റെ മരണകാരണങ്ങള്‍ വളരെ സൗമ്യവും ധ്യാനാത്മകവുമായ ഒരു ആത്മീയതയില്‍ വ്യാഖ്യാനിച്ചൊതുക്കാവുന്ന ഒന്നല്ല എന്നു പറയാന്‍ ശ്രമിക്കുകയായിരുന്നു. രക്തരൂക്ഷിതമായ ഈ മരണം തന്‍റെ വാക്കുകള്‍ക്കും ജീവിതനിലപാടുകള്‍ക്കും ജീവിതംകൊണ്ട് അവന്‍ കൊടുക്കേണ്ടി വന്ന വിലയായിരുന്നു. ഒപ്പം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിപ്പറയട്ടെ അവര്‍ നടത്തിയത് ദൈവത്തിന്‍റെ കൊലപാതകമായിരുന്നു. 

You can share this post!

പത്ത് കൗമാരപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts