ആ രാത്രിയില്‍ വാക്കുകളെല്ലാം
പിരിഞ്ഞുപോകുന്ന നിശബ്ദതയില്‍
പാപങ്ങളെല്ലാം വിശുദ്ധമാകുന്ന നിഗൂഡതയില്‍
ക്രിസ്തു
ഒരു കടത്തിണ്ണയില്‍
ജടപിടിച്ച മുടിയും
ഒഴിഞ്ഞ കണ്ണുകളും
തുളകള്‍ വീണ മുഖവുമായി
ഇരിക്കുന്നത് ഞാന്‍ കണ്ടു
അവന്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.
എനിക്കൊന്നുമറിയില്ല!
എനിക്കൊന്നുമറിയില്ല!
എന്തിനാണ് പ്രണയമെന്നെ നിലത്തൊഴുക്കിയത്?
നൃത്തങ്ങളെന്നെ വിലങ്ങണിയിച്ചത്?
അച്ഛനെന്നെ പുറത്താക്കി
അമ്മയെന്നെ തിരക്കി വരുന്നില്ല
പെങ്ങളെന്നെ തിരിച്ചറിയുന്നില്ല
കുട്ടികളെന്നെ പേടിപ്പിക്കുന്നു
ഞാനിപ്പോള്‍ ഇരുട്ടിനനുപാതമാണ്
ദൂരങ്ങളെന്നെ ചവിട്ടിമെതിക്കുന്നു
ആണികളെല്ലാം എന്‍റെ ശരീരത്തില്‍
പഴുതുകള്‍ കണ്ടെത്തുന്നു.