കേരളത്തിലെ കത്തോലിക്കര്‍ ദുഃഖവെള്ളിയില്‍ ആമോദിക്കുന്നവരാണ്. ഏതു ക്രിസ്ത്യാനിയും അന്നു പള്ളിയില്‍ പോകും. ഇത് പോര്‍ച്ചുഗീസ് സ്പാനിഷ് കത്തോലിക്കാ പാരമ്പര്യത്തിന്‍റെ ഒരു തിരുശേഷിപ്പായി തോന്നിയിട്ടുണ്ട്. ലത്തീന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഫിലിപ്പൈന്‍സിലും ഇതേ പാരമ്പര്യം കാണാം. കസാന്‍ത്സാക്കിസിന്‍റെ ഗ്രീക്കു പാഷന്‍റെ കഥ ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലെ ദുഃഖവെള്ളി ആഘോഷത്തിന്‍റെ ഭാഗമാണ്. ജര്‍മ്മനിയിലെ ഓബര്‍അമര്‍ഗാവ് ഗ്രാമവും പീഡാനുഭവനാടകത്തിന്‍റെ പാരമ്പര്യം പേറുന്നു.
എന്നാല്‍ കത്തോലിക്കാ ബല്‍ജിയത്തെ പ്രശസ്ത ലുവയിന്‍ സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോള്‍ ദുഃഖവെള്ളി അവിടെ ഒഴിവുദിവസംപോലുമല്ല എന്നറിഞ്ഞു. പ്രൊട്ടസ്റ്റന്‍റ് സ്വാധീനത്തിന്‍റെ നാടുകളില്‍ ദുഃഖവെള്ളി അപ്രധാനമാണ്. ഇന്നു കത്തോലിക്കാപാരമ്പര്യത്തിലേക്ക് പ്രൊട്ടസ്റ്റന്‍റ് കടന്നുകയറ്റം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ ദുഃഖവെള്ളിയേയും ബാധിക്കുന്നുണ്ട്. ദുഃഖവെള്ളിയുടെ പീഡാനുഭവ നാടകകര്‍മ്മം മനുഷ്യമനസ്സുകളെ ഏതോ ദൈവികാനുകമ്പയുടെ അനുഭവമായി മാറ്റുന്നു. ദൈവത്തെക്കുറിച്ച് വിശ്വാസികള്‍ കരുണാര്‍ദ്രമായി വിലപിക്കുകയും ആ വിലാപത്തില്‍ ഏതോ സുഖം അനുഭവിക്കുകയും ചെയ്യുന്നു. ദൈവത്തിനുവേണ്ടി കരയുകയും ദൈവത്തോടു കരുണ കാണിക്കുകയും ചെയ്യുന്ന ഒരു മതമാണിത്. ദൈവം മനുഷ്യനോട് കരുണ കാണിക്കുന്ന മതങ്ങളുടെ ലോകത്തില്‍ ദൈവത്തോട് വിശ്വാസികള്‍ കരുണ കാണിക്കുന്ന പുണ്യദിനം.
തങ്ങള്‍ ദൈവമെന്നു വിശ്വസിക്കുന്നവനെ നോക്കി വിശ്വാസികള്‍ സങ്കടപ്പെടുകയും കരുണാര്‍ദ്രമായി ഹൃദയമലിയിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ ദുരന്തനാടകം ഹൃദ്യമായി മാറുന്നത് എന്തുകൊണ്ട്? പരാജിത ദൈവത്തെ നോക്കി കണ്ണീര്‍ പൊഴിക്കുന്നത് എന്തിന്? കത്തോലിക്കരുടെ മറ്റൊരു ഭക്താഭ്യാസമാണ് 'കുരിശിന്‍റെ വഴി.' അതു നിര്‍വഹിക്കുന്നവര്‍ക്കു ലഭിക്കുന്നത് ദുഃഖത്തിന്‍റെ ഒരു സംതൃപ്തിയാണ്. എന്തുകൊണ്ട്, എന്തിന് ഇതു സംതൃപ്തിദായകമാകുന്നു?
കുരിശിന്‍റെ വഴിയില്‍ ഉയിര്‍പ്പിന്‍റെ 15-ാം സ്ഥലം സൃഷ്ടിച്ച് പരിഷ്കരിക്കാന്‍ ശ്രമമുണ്ട്. ക്രൂശിതരൂപം ഇല്ലാത്ത കുരിശും ഉത്ഥിതരൂപമുള്ള കുരിശും പള്ളിയില്‍ പ്രതിഷ്ഠിക്കണമെന്നു ചിന്തിക്കുന്നവരുമുണ്ട്. യേശുവിന്‍റെ അതിദാരുണമായ മരണത്തിന്‍റെ ദുരന്തത്തെ വിജയത്തിന്‍റെ ഉത്ഥാനാനുഭവമാക്കാനാണോ? ഉത്ഥാനം ക്രൂശിതന്‍റെ ട്രാജഡിയെ വിജയമാക്കി ഒരു കോമഡിയാക്കുന്നുണ്ടോ? ഇത്തരം ഒരു അപനിര്‍മ്മാണത്തിന്‍റെ അപകടമെന്ത്? പരാജിതന്‍റെ കഥ വിജയഗീതമാക്കാനാവുമോ? ഒന്നാമതായി ഉത്ഥാനം ചരിത്രത്തിനുള്ളിലെ ഒരു സംഭവമല്ല. അങ്ങനെ ആരും അതു കാണുന്നുമില്ല. അതുകൊണ്ടാണ് ശൂന്യമായ കല്ലറ ഇന്നു ദൈവശാസ്ത്രവിഷയമല്ലാത്തത്. രണ്ടാമതായി അതു മരണാനന്തരത്തിന്‍റെ ഒരു വിശ്വാസ പദപ്രയോഗമാണ്. അപ്പുറത്ത് എന്ത് എന്നത് ഇപ്പുറത്തിന്‍റെ ഭാഷയില്‍ പറയാനുള്ള ശ്രമം. അതില്‍ ക്രൈസ്തവമായ ഒരു തനിമയുമുണ്ട് -മരണാനന്തരത്തെ ശരീരത്തില്‍നിന്നു വേര്‍പെടുത്താത്ത ഒരു വിശേഷം. മാംസത്തില്‍നിന്ന് ആത്മാവിനെ വേര്‍പെടുത്താത്ത ഒരു സമാസത്തിന്‍റെ വെളിപാട്. ആത്മാവ് മാംസളമാകുന്ന വൈരുധ്യം. മാത്രമല്ല ക്രൂശിതനെക്കുറിച്ച് ദൈവത്തിന്‍റെ നിലപാടിന്‍റെ വെളിപാടുമാണത്. അതു മരണദുരന്തത്തെ മായിച്ചുകളയുന്നില്ല. മരണത്തിനു മഹത്വം നല്കുന്നു എന്നുപറയാം, പക്ഷേ, അതു ദുരന്തത്തെ ലഘൂകരിക്കുന്നില്ല.
ചരിത്രത്തിനുള്ളിലെ സത്യം മഹാദുരന്തമാണ്. അതുകൊണ്ടാണ് മിഗുവേല്‍ ദെ ഉനാമുനോ "ജീവിതത്തിന്‍റെ ദുരന്താര്‍ത്ഥ" (The Tragic Sense of life)ത്തില്‍ എഴുതിയത്: "യേശുവിന്‍റെ ദുരന്തം (tragedy) ദൈവിക ദുരന്തമാണ്, അതാണ് കുരിശിലെ ദുരന്തം."
ദുഃഖവെള്ളിയാഴ്ചയാചരണത്തില്‍ ഒരു വൈരുധ്യമുണ്ട്. അന്ന് ദൈവം മരിച്ചു; അന്ന് ക്രൈസ്തവ കുടുംബങ്ങളില്‍ പ്രാര്‍ത്ഥനയില്ല. പക്ഷേ, എല്ലാ ക്രിസ്ത്യാനികളും പള്ളിയില്‍ പോകുന്നു. മരിച്ച ദൈവത്തെ നോക്കി സഹതപിക്കാന്‍! കാരണം ദൈവം പ്രാര്‍ത്ഥിക്കുന്നു, മനുഷ്യന്‍ പ്രാര്‍ത്ഥന കേട്ടാല്‍ മതി. കുരിശുയുദ്ധത്തെക്കുറിച്ച് എഴുതിയ ജി.കെ. ചെസ്റ്റര്‍ട്ടന്‍ പാലസ്തീനായില്‍വച്ച് ഒരു ബാലന്‍ യേശു പ്രാര്‍ത്ഥിച്ച സ്ഥലം കാണിച്ചത് വിവരിക്കുന്നു. "ഗ്രാമീണനായ ബാലന്‍ വികലമായ ഇംഗ്ലീഷില്‍ എന്നോടു പറഞ്ഞു: ദൈവം പ്രാര്‍ത്ഥിച്ചത് അവിടെയാണ്. ക്രൈസ്തവരെ മുസ്ലീങ്ങളില്‍നിന്നും യഹൂദരില്‍നിന്നും ഇത്ര വ്യക്തമായി വേര്‍തിരിക്കുന്ന ഇതിനെക്കാള്‍ മെച്ചമായ ഒരു പ്രസ്താവം എനിക്കു കിട്ടാനില്ലായിരുന്നു." എന്താണ് വ്യത്യാസം? മുസ്ലിം യഹൂദമതങ്ങളില്‍ വിശ്വാസി ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. ക്രിസ്ത്യാനിയുടെ ദൈവമാണ് പ്രാര്‍ത്ഥിക്കുന്നത്.
ക്രൂശിതരൂപം ക്രിസ്ത്യാനിയുടെ പ്രാര്‍ത്ഥനയുടെ മൂര്‍ത്തബിംബമാണ്. ക്രിസ്ത്യാനി മരിച്ചാല്‍ അവന്‍റെ തലയ്ക്കല്‍ ക്രൂശിതരൂപം അനിവാര്യമാണ്. ക്രൂശിതന്‍റെ അവസാന പ്രാര്‍ത്ഥന ഏതു മനുഷ്യന്‍റെയും ആത്മത്തെ ഇളക്കിമറിക്കുന്നു. അവന്‍ അവസാനമായി ഉരുവിട്ടു: "എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് എന്നെ നീയുപേക്ഷിച്ചു?" ഇതു പ്രാര്‍ത്ഥനയാണോ ദൈവദോഷമാണോ? മനസ്സിലാക്കലിന്‍റെ മനസ്സിനെ മരവിപ്പിക്കുന്ന മരണമൊഴി. ഈ മരണമൊഴിയെ മനസ്സിലാക്കലാണ് ജീവിതം. ദൈവത്തിന്‍റെ ഉപേക്ഷയില്‍ മരിച്ചവന്‍റെ ജീവിതം ലോകത്തില്‍ എല്ലാ അര്‍ത്ഥത്തിലും പരാജയമായിരുന്നു. പരാജിതന്‍റെ പാതയാണ് ക്രിസ്തുവിശ്വാസിയുടെ ജീവിതപാത. കുറ്റകരവും പരാജിതവുമായ വഴി ജീവിതശൈലിയാക്കുന്നതാണ് ക്രൈസ്തവജീവിതം.
മരണത്തില്‍നിന്നും സഹനത്തില്‍നിന്നും മോചിപ്പിക്കാന്‍ ഒരു ദൈവമില്ല എന്നതാണ് ഈ ദുരന്തത്തിന്‍റെ വെളിപാട്. മരണത്തിനും സഹനത്തിനും ഏല്പിക്കുന്ന ശക്തികളില്‍നിന്നും ദൈവം രക്ഷിക്കുന്നതു വീരോചിതമായ മരണദുരന്തത്തിലേക്കാണ്. ദൈവം കൈപിടിച്ചു നടത്തുന്നതു മരണത്തിനുള്ളിലേക്കാണ്. മരണം വിലകെട്ട ചാവലും വീരോചിതമായ നിര്യാണവുമാകാം. ഇതു നിശ്ചയിക്കുന്ന മാനദണ്ഡം എന്താണ്? അത് ഇവിടത്തെ വിജയമാണോ? ഈ വില എവിടെയാണ് വിലപ്പെട്ടതാകുക, വിലയുടെ മൂല്യനിര്‍ണ്ണയത്തിന്‍റെ മാനദണ്ഡമെവിടെ? പോര്‍ച്ചുഗീസുകാരനായ സ്പിനോസ എന്ന യഹൂദന്‍ ഹോളണ്ടില്‍ താമസിച്ച് പണ്ട് എഴുതി: "സ്വതന്ത്രനായ മനുഷ്യന്‍ ചിന്തിക്കുന്നതു മുഴുവന്‍ മരണത്തെക്കുറിച്ചും സംസാരിക്കുന്നതു മുഴുവന്‍ ജീവിതത്തെക്കുറിച്ചുമാണ്." മരണചിന്ത ജീവിതചിന്തയായി മാറാന്‍ എന്തു വേണം? മരണചിന്ത വെറും മരണമോഹവും ആത്മഹത്യാജ്വരവുമാകാതെ ഒരു ജീവിതത്തിന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കലാകാന്‍ എന്തുവേണം? ജീവിതബോധം മരണചക്രവാളത്തില്‍ കെട്ട് ഇരുട്ടാകുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള എന്‍റെ ഒരു ശ്രമവും വിജയിക്കില്ല എന്ന ആശങ്ക. ജീവിതം സ്വപ്നമാണെങ്കില്‍ അതു തുടര്‍ന്നുപോകാന്‍ കഴിയില്ലെന്ന ഞെട്ടല്‍.
ക്രൂശിതന്‍ ദൈവത്തിന്‍റെ വെളിപാടാകുമ്പോള്‍ അത് ജീവിതമെന്ന ദുരന്തത്തില്‍ എന്തു വെളിച്ചം നല്കുന്നു? കുരിശ് ഒഴിവാക്കുന്ന ദൈവമല്ല, ക്രൂശിതന്‍റെ ദൈവം. മരണത്തിനു മരുന്നുമില്ല. മരണാനന്തരം മരണത്തെ വിജയമാക്കുന്നുണ്ടോ? ഞാന്‍ മരണശേഷവും തുടരുന്നുണ്ടോ? ഞാനെന്ന ബോധത്തിനു തുടര്‍ച്ചയും സമഗ്രതയുമുണ്ടോ? അനിവാര്യം അറിയേണ്ട ചോദ്യങ്ങള്‍ക്ക് സംശയരഹിതമായ ഉത്തരമില്ല എന്നതാണ് ഏറെ ദയനീയം. എന്‍റെ ഇച്ഛ ജീവിക്കാനാണ്, അതു മരണമോഹമല്ല. അതൊരു മിഥ്യാമോഹമാണോ? നിത്യത സത്യമോ മിഥ്യയോ? ജീവിക്കാനുള്ള വിശപ്പ് വെറും മായയോ? എനിക്കതിനു യോഗ്യതയില്ലായിരിക്കാം, പക്ഷേ, എനിക്കത് അനിവാര്യമായി മാറുന്നു - ജീവിക്കാന്‍. ലോകത്തോളം വളരുന്നതും പരാപരനാകുന്നതും അഹന്തയാകാം. ഞാന്‍ ഇല്ലാതാകുന്നതാണോ എളിമ? അതാരുടെ എളിമയാണ്? മര്‍ത്യത തെളിഞ്ഞ് കണ്ണില്‍ കുത്തിക്കയറുന്നു - അമര്‍ത്യത സംശയാസ്പദമായി മൂടല്‍മഞ്ഞുപോലെയാകുന്നു. ഈ ദുര്‍ഗതിക്ക് പരിഹാരമെന്ത്?
"തെളിയിക്കപ്പെടേണ്ടതൊന്നും തെളിയിക്കപ്പെടുന്നില്ല.
തെളിയിക്കപ്പെടാതിരിക്കുന്നുമില്ല, എവിടെനിന്ന് നിനക്ക് വെളിവ് കിട്ടും
സംശയത്തിന്‍റെ തെളിഞ്ഞ വശത്തോട് ചേരുക
വിശ്വാസത്തിന്‍റെ രൂപങ്ങള്‍ക്കതീതമായി വിശ്വാസത്തില്‍ മുറുകെപ്പിടിക്കുക"
ടെന്നിസന്‍ എഴുതി (The Ancient sage). ദൈവനിഷേധിയും ഭ്രാന്തനുമായിരുന്ന നീഷേയുടെ വാചകം അമ്പരപ്പിക്കുന്നു. "മഹാദുരന്തം: അബദ്ധം ദൈവികമായാല്‍ എന്തു ചെയ്യും? എല്ലാറ്റിന്‍റേയും മൂല്യം വ്യാജമാണെങ്കിലോ? അവന്‍ ശരിയല്ല തെറ്റായതുകൊണ്ട് ആ ദൈവത്തില്‍ നാം വിശ്വസിക്കാതിരിക്കണോ?" വിശ്വാസം മരണത്തെ റദ്ദാക്കുന്നില്ല; കുരിശിലെ മരണത്തിന്‍റെ ദുരന്തമകറ്റുന്നുമില്ല. കുരിശിലെ മരണം സ്നേഹത്തിന്‍റെ ഫലമാണെന്നറിയുന്നു. "ദൈവം തന്‍റെ പുത്രനെ നല്കാന്‍ തക്കവിധം ലോകത്തെ അത്രയധികം സ്നേഹിച്ചു" (യോഹ. 3:16).
ബൈറന്‍ തന്‍റെ കായേന്‍ നാടകത്തില്‍ എഴുതി "ലോകത്തിലും ജീവിതത്തിലും ഏറ്റവും ദുരന്തപരമായ കാര്യം സ്നേഹമാണ്... മിഥ്യയുടെ മകനാണ് സ്നേഹം; ഇച്ഛാഭംഗത്തിന്‍റെ പിതാവുമാണ്. മരണത്തിനുള്ള ഏക മരുന്നാണത്; കാരണം മരണത്തിന്‍റെ സഹോദരനാണത്."
ഇതൊക്കെ കവികളുടെ കാവ്യപ്രപഞ്ചത്തിന്‍റെ ഭാഗമാണ്. നാളെയുടെ കഥകള്‍, യാഥാര്‍ത്ഥ്യമാകുന്നത് പരലോകം യാഥാര്‍ത്ഥ്യമാകുമ്പോഴാണ്. പക്ഷേ, ഈ ലോകയാഥാര്‍ത്ഥ്യത്തിന്‍റെ ഭാഷാപ്രപഞ്ചത്തില്‍ പരലോകം കാവ്യസങ്കല്പമാണ്; വാസ്തവവിവരണമല്ല. അതു വിശുദ്ധമായ നുണയാകുന്നു. പക്ഷേ, ഈ നുണയില്ലാതെ എനിക്കു ജീവിക്കാനാവില്ല. നിത്യതയുടെ മായയില്ലാതെ എന്‍റെ ആയുസ്സിന് വിലയില്ല. ഉത്ഥാനമില്ലാതെ എന്‍റെ മരണത്തിനും മഹത്വമില്ല. എന്‍റെ ജീവിതത്തിന്‍റെ ദുരന്തം, സര്‍ഗ്ഗാത്മകമായി ഞാന്‍ വരിക്കുന്ന ദുരന്തമാകുമ്പോഴാണ് അതില്‍ മഹത്വമുള്ളത്. അത് ബോധപൂര്‍വ്വം ഏല്ക്കുന്ന വലിയ പരാജയമാണ്. ജയം തട്ടിയെറിഞ്ഞു പരാജയം ബോധപൂര്‍വം വരിക്കുന്നത് ഏതോ സ്നേഹത്തിന്‍റെ പേരിലും, സ്നേഹത്തിനു നിത്യതയുമായി സംബന്ധമുണ്ട് എന്ന ബോദ്ധ്യത്തിന്‍റെ പേരിലുമാണ്. ശരീരങ്ങള്‍ സന്തോഷത്തില്‍ ഒന്നിക്കുമ്പോള്‍, ആത്മാവുകള്‍ സഹനത്തില്‍ ഒന്നിക്കുന്നു. ഇവിടെ രണ്ടു വാക്കുകളുണ്ട്, ശരീരം, ആത്മാവ്. അത് രണ്ടും ഞാന്‍ തന്നെ. അഥവാ എന്നെ രണ്ടു കോണത്തിലൂടെ നോക്കുന്ന വിധങ്ങളാണ്.
ഈ സ്നേഹത്തിന്‍റെ ആത്മാവാണ് കുരിശിനെ നോക്കി കണ്ണീരൊഴുക്കി ഏതോ ദൈവികസായൂജ്യമടയുന്നത്. സ്വയം മരണത്തിന് ഏല്പിച്ചുകൊണ്ട് ആരും തനിക്കു വിധി തീര്‍ക്കാന്‍ അനുവദിക്കാതെ സ്വന്തം വിധി സൃഷ്ടിക്കുന്നവന്‍റെ കണ്ണീരില്‍ കുതിര്‍ന്ന ഹര്‍ഷം. മനുഷ്യന്‍റെ അനുകമ്പയുടെ മൂര്‍ത്തമായ അനുഭവമാണ് ക്രൂശിതനെ നോക്കി നെടുവീര്‍പ്പിടുന്നവനു ലഭിക്കുക. കാരണം അനീതി, അക്രമം, വൈരം എന്നിവയില്‍ ദേഹിദേഹങ്ങള്‍ വിഘടിക്കുന്നവന്‍, അതേ വിഘടനത്തിന്‍റെ മഹാസഹനം ഏറ്റവനെ നോക്കി കണ്ണീരണിയുമ്പോള്‍ സംജാതമാകുന്ന സംതൃപ്തിയുണ്ട്. ഇവിടെ വിജയമില്ല - പരാജയത്തിന്‍റെ മഹത്വമുണ്ട്. ഇവിടെ മരണം മഹത്വമണിയുന്നു - ഈ ദുരന്തമഹത്വത്തിലേക്ക് മാടി വിളിക്കുന്ന ദൈവത്തിന്‍റെ പ്രാര്‍ത്ഥനയാണ് ക്രൂശിതന്‍. മനുഷ്യര്‍ പ്രാര്‍ത്ഥിക്കേണ്ടതില്ല; ദൈവത്തിന്‍റെ ക്രൂശിതന്‍റെ വഴിയിലേക്കുള്ള പ്രാര്‍ത്ഥന ശ്രവിച്ചാല്‍ മതി. അത് പിന്‍തുടരുന്നതു ദുരന്തപരമായ സ്നേഹത്തിന്‍റെ വിളിയാണ്.
ദൈവത്തിന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നതാണ് ദൈവാനുഗ്രഹം - ദൈവത്തിന്‍റെ വിളി പിന്‍തുടരുക. അത് സ്നേഹത്തിന്‍റെ ദുരന്തത്തിനുള്ള പ്രാര്‍ത്ഥനയാണ്. ആ പ്രാര്‍ത്ഥന വിലയേറിയ ദൈവാനുഗ്രഹത്തിന്‍റെയത്രെ. ലൗകികനേട്ടങ്ങളും വിജയത്തിന്‍റെ കിരീടങ്ങളും മോഹത്തിന്‍റെ സംതൃപ്തികളും ദൈവാനുഗ്രഹമാണ് എന്നു ഘോഷിക്കുന്ന വിലകുറഞ്ഞ ദൈവാനുഗ്രഹങ്ങളുടെ മതവികലതകള്‍ ധാരാളം. മണല്‍ക്കാട്ടിലെ ചെകുത്താന്‍റെ പ്രലോഭനവിഷയങ്ങള്‍ ദൈവത്തിന്‍റെ അനുഗ്രഹങ്ങളായി അവതരിക്കുന്നു. ആരാണ് ദൈവം, ആരാണ് ചെകുത്താന്‍ എന്ന ഭയങ്കരമായ അങ്കലാപ്പ്. ക്രൂശിതന്‍റെ പരാജയത്തില്‍ ദൈവാനുഗ്രഹങ്ങള്‍ കാണുന്നവര്‍ കമ്പോളത്തില്‍ ഇല്ലാതാകും. അവിടെ എല്ലാ താരങ്ങളും വിജയകിരീടം ചൂടിയവരാണ്.
എന്നാല്‍ ചരിത്രത്തിലെയും ഇതിഹാസങ്ങളിലെയും മഹാകഥാപാത്രങ്ങള്‍ എല്ലാം തന്നെ ദുരന്തതാരങ്ങളാണ്. അവരുടെ ദുരന്താന്ത്യമാണ് അവരെ മൂര്‍ത്തികളും താരങ്ങളുമാക്കിയത്. സ്പാനിഷ് ക്രിസ്തു എന്നറിയപ്പെട്ട ഡോണ്‍ ക്വിക്സോട്ട് ഭ്രാന്തനെന്ന പരിഹാസത്തിന്‍റെയും ലോകം നന്നാക്കാനുള്ള പുറപ്പാടിന്‍റെയും അവസാനം വേലക്കാരനോട് ക്ഷമ ചോദിക്കുന്നു: "ഞാന്‍ നിന്നെ വഴി തെറ്റിച്ചു:" താന്‍ തിരഞ്ഞെടുത്ത വഴി തെറ്റി എന്ന സുബോധമാണ് ചിരിയുടെ ഹാസ്യരചനയെ വലിയ ട്രാജഡിയാക്കുന്നത്. ആ ജീവിതം അന്ത്യത്തില്‍ വലിയ പരാജയമായി എന്ന കയ്പ് നമ്മളും പങ്കുകൊള്ളുമ്പോള്‍ മനസ്സില്‍ ഡോണ്‍ ക്വിക്സോട്ട് എന്ന മനുഷ്യനുമായി നാം ഏതോ അഗാധമായ അനുകമ്പയുടെ ഉദാത്തവികാരത്തില്‍ ഒന്നാകുന്നു. കൊല്ലപ്പെട്ട സഹോദരനെ മാന്യമായി അടക്കണം എന്ന തീരുമാനത്തില്‍ ജീവിതം ദുരന്തമാക്കുന്ന ആന്‍റിഗണി അതിനു ന്യായം പറയുന്നു. "ഞാന്‍ ഏറ്റം പ്രീതിപ്പെടുത്താന്‍ കടപ്പെട്ടിടത്തു ഞാന്‍ പ്രീതി ജനിപ്പിക്കുന്നു എന്ന് എനിക്കറിയാം." അവളുടെ ജീവിതാഹൂതിയുടെ ദുരന്തത്തില്‍ നാം എന്തുകൊണ്ട് അവളുടെ കൂടെ അനുകമ്പയോടെ നില്ക്കുന്നു? അടക്കാന്‍ നിരോധിക്കപ്പെട്ട സഹോദരന്‍റെ ശവമടക്കിയവളുടെ കര്‍മ്മത്തില്‍ ധീരതയുണ്ട്, അതിന്‍റെ സഹനത്തില്‍ ഉദാത്തതയുണ്ട്, ആ പരാജയം വിരോചിതമാണ്. ശരശയ്യയില്‍ കിടന്ന ഭീഷ്മര്‍ തോറ്റവനാണ്? എന്തുകൊണ്ട്? ഒരു വ്രതനിശ്ചയത്തിന്‍റെ പേരില്‍ -ജയിക്കാന്‍ അറിയാവുന്നവന്‍ തോറ്റു- ആ തോല്‍വിയാണ് മഹത്വം. മനുഷ്യനുവേണ്ടി അഗ്നി മോഷ്ടിച്ചതിന്‍റെ പേരില്‍ തളയ്ക്കപ്പെട്ടവന്‍റെ ചങ്കും കരളും കൊത്തിപ്പറിക്കുന്ന കഴുകനിലല്ല നമ്മുടെ അനുകമ്പ. വിധിയെ വെല്ലുവിളിച്ചു പരാജയപ്പെട്ട പ്രൊമിത്തിയൂസിന്‍റെ കല്ലുപിളരുന്ന വേദനയിലാണ്. ഈഡിപ്പസ് രാജാവിനോട് കരുണ തോന്നുന്നത് വിധിയെ തോല്‍പ്പിക്കാന്‍ പടവെട്ടിയവന്‍റെ ദുരന്തം സ്വന്തം ആത്മാവില്‍ ആവഹിക്കുന്നതിന്‍റെ ഏതോ സുഖമാണ്.
ഇവരൊക്കെ കപോലകല്പിത കഥാപാത്രങ്ങളാണ് - ചരിത്രത്തില്‍ ജീവിച്ചവരല്ല. എങ്കിലും ചരിത്രത്തിലെ മനുഷ്യരില്‍ ജനിച്ച ജീവിതകഥാപാത്രങ്ങളാണ്. അനേകരുടെ ചരിത്രങ്ങളെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന മനസ്സിന്‍റെ അത്ഭുതതാരങ്ങളാണ്. എന്നാല്‍, ചരിത്രത്തില്‍ അവതരിച്ച ദൈവത്തിന്‍റെ വെളിപാടാണ് ക്രൂശിതന്‍. കവികളുടെയും പ്രവാചകരുടെയും സ്വപ്നങ്ങളുടെ പൂര്‍ത്തീകരണം. അവന്‍റെ മരണദുരന്തത്തില്‍ ഒരു ദൈവം മരിച്ചു: എല്ലാ ദുഃഖപരാജയങ്ങളെയും തട്ടിത്തെറുപ്പിച്ച് വിജയം ഉറപ്പാക്കുന്ന സൈന്യങ്ങളുടെ രാജകീയ ദൈവം. ഗോപുരത്തില്‍ നിന്നു ചാടുന്നവനെ കൈകളില്‍ താങ്ങുന്ന അത്ഭുതദൈവം; കല്ലുകളെ അപ്പമാക്കുന്ന ദൈവം. "അവര്‍ വന്നു തന്നെ രാജാവാക്കാന്‍ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്നു മനസ്സിലാക്കിയ യേശു വീണ്ടും തനിയേ മലമുകളിലേക്കു പിന്‍മാറി" (യോഹ. 6:15). അധികാരത്തിന്‍റെ രാജകീയ വഴി ഉപേക്ഷിച്ചവന്‍ വിജയത്തിന്‍റെ വഴി അടച്ചു -ദുരന്തപൂര്‍ണ്ണമായ കുരിശിന്‍റെ വഴി തുറന്നു.
അവന്‍റെ വഴി ദൈവികമാണെന്നു വിശ്വസിച്ചവര്‍ അവന്‍ അടച്ച വഴി വീണ്ടും തുറക്കുന്നുവോ? കുരിശില്‍ മരിച്ചവന്‍റെ വരപ്രസാദം പണപ്രതാപങ്ങളുടെ കമ്പോളവിഭവമായി മാറിപ്പോകുന്നുണ്ടാ? പരാജിതനില്‍ ദൈവപ്രസാദം കാണാത്ത സീസറിന്‍റെ ദേവാലയങ്ങള്‍ പണിയാന്‍ പ്രലോഭിതമാകുന്നുണ്ടോ?
ദുരന്തം വഹിക്കുന്ന സ്നേഹത്തിന്‍റെ വഴി പുല്കാന്‍ ഒരു ഭ്രാന്തു വേണം. അത് അറിവിനു മുമ്പുള്ള കലയുടെ മിഥ്യയല്ല, മറിച്ച് അറിവിനു ശേഷമുള്ള ദൈവികമായ മിഥ്യയാണ്. അതൊരു മരണാനന്തര മിഥ്യയുമാണ് -നിത്യതയുടെ സ്പര്‍ശം സൃഷ്ടിക്കുന്ന ഉദാത്തത. പക്ഷേ, അത് കല്ലും മരവും മഴയും പോലെ യാഥാര്‍ത്ഥ്യമല്ല. സ്നേഹത്തിന്‍റെ നിത്യതയുടെ ഭാഷ ലോകത്തിന്‍റെ ഗണിതഭാഷയില്‍ തര്‍ജ്ജമ ചെയ്യാനാവില്ല. ചിന്തയും അതിന്‍റെ ഹൃദയ വികാരങ്ങളും വിണ്ണിലേക്ക് ഉയര്‍ത്തുന്നവന് അത്യുന്നതങ്ങളില്‍നിന്നു ലഭിക്കുന്ന ദൈവികവരത്തിന്‍റെ ആത്മഭാഷയാണത്. ഈ ഭാഷയ്ക്കായി സമര്‍പ്പിച്ചവര്‍ ക്രൂശിതന്‍റെ നിലവിളിക്കുള്ളില്‍ ആത്മാവിനെ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കുന്നു - ദൈവത്തിന്‍റെ പ്രാര്‍ത്ഥന. പരാജിതന്‍റെ ആത്മാവിനെ ആശ്വസിപ്പിക്കുന്ന ദൈവത്തിന്‍റെ ലേപനം.
ജീവിതത്തില്‍ ഏറെ വിലപ്പെട്ടതിനുവേണ്ടി സഹിക്കുമ്പോള്‍ ശരീരം വേദനിക്കുന്നെങ്കിലും ആത്മാവ് നിര്‍വൃതി അടയുന്നുണ്ട്. കുരിശില്‍ മരിച്ച യേശു നിത്യാനന്ദം (beatific vision) അനുഭവിച്ചുവെന്നു തോമസ് അക്വിനാസ് എഴുതിയത് അതുകൊണ്ടാണ്. നീതിക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാരാകുന്നു. രക്തസാക്ഷികള്‍ക്കു തല പോകുമ്പോഴും ആത്മാവ് സായുജ്യമടയുന്നു. ആത്മാവു സമ്പന്നമാകാന്‍ ദാരിദ്ര്യവും ഇല്ലായ്മകളും ആനന്ദപൂര്‍വം സ്വീകരിക്കുന്നു. മൂല്യവത്തായ ജീവിതം ദുരന്തമനുഭവിക്കുമ്പോഴും അതില്‍ വീരഭാവം കാണുന്ന വലിയ ചാരിതാര്‍ത്ഥ്യമാണ് ദുഃഖവെള്ളിയില്‍ ദൈവത്തെ നോക്കി കണ്ണീരണിയുന്നവര്‍ക്കു ലഭിക്കുന്നത്.
വിജയിക്കാന്‍ മാത്രം പഠിച്ചവരുടെ ദൈവമല്ല - ക്രൂശിതന്‍. താരവെളിച്ചത്തില്‍ പ്രശോഭിക്കുന്നവരുടെ ദൈവവുമല്ല. കാല്‍വരിയിലെ ഏകാന്തതയില്‍ 'ദൈവം' പോലും ഉപേക്ഷിച്ചവന്‍റെ ദൈവം. അവന്‍ പ്രാര്‍ത്ഥനയുടെ വിഷയം എന്നതിനെക്കാള്‍ പ്രാര്‍ത്ഥന തന്നെയാണ് - ആത്മാവിനെ ദൈവത്തിനു സമര്‍പ്പിച്ചും ശരീരത്തെ ദുരന്തത്തിനു വിട്ടുകൊടുത്തും മരണത്തെ മഹത്വപൂര്‍ണ്ണമാക്കാന്‍ മനുഷ്യരെ മാടിവിളിക്കുന്ന പ്രാര്‍ത്ഥന.
കണ്ണെത്താത്ത വിധം നാലുപാടും ഇരമ്പുന്ന കടല്‍. അതിനിടയില്‍ ഞാന്‍ എന്ന ചെറുബോധം ശരീരമാകുന്ന തോണിയില്‍ ആദ്യമോ അവസാനമോ അറിയാതെ പകച്ചിരിക്കുന്നു. ഈ മിന്നാമിനുങ്ങ് സ്വപ്നം കാണുന്നു. ഇവിടെ ആശ്വസിക്കാന്‍ എന്തുണ്ട്? സ്വപ്നം കാണുന്നവന്‍ തന്നെ സ്വപ്നമായി തോന്നുന്ന മായാജാലം. ഇതൊരു ദുഃസ്വപ്നമായി കെട്ടുപോകും എന്ന മരണബോധം. എല്ലാ സമാശ്വാസങ്ങളും പൊള്ളയായി പ്രശ്നനിവാരണത്തില്‍ നിന്ന് ഒളിച്ചോട്ടമായി തോന്നിപ്പോകുന്നു. വിധിക്കു കീഴടങ്ങി വിരമിക്കുന്നതാണ് വരമെന്ന ആശ്വാസവാക്കിനെ തട്ടിയെറിയുന്നു. പാരമ്പര്യത്തിന്‍റെ ബോധ്യപ്പെടാത്ത ശുഭാപ്തി വിശ്വാസം ഏതോ മദ്യം സൃഷ്ടിക്കുന്ന ഉത്തരവാദിത്വരാഹിത്യമായി തോന്നിപ്പോകുന്നു. ഇവിടെയിരുന്നു തിരയെണ്ണുന്ന ശാസ്ത്രീയതയ്ക്കെന്തര്‍ത്ഥം? തിരകളില്‍ കേറിയിറങ്ങി വിനോദത്തിന്‍റെ ഉറക്കഗുളിക കഴിക്കുന്നത് ആത്മവഞ്ചനയല്ലേ? ഇവിടെ ഒരു കര്‍മ്മമേ ധീരമായിട്ടുള്ളൂ. ദുരന്തത്തിന്‍റെ മുഖത്തു നോക്കി വിധിയോടു മല്ലിടുക. ഗെഥേയുടെ പ്രൊമിത്തിയൂസിനെ ഉദ്ധരിക്കുന്നതില്‍ ക്ഷമിക്കുക.
"ഞാന്‍ ഇവിടെ ഇരിക്കുന്നു - ഞാന്‍ മനുഷ്യരെ എന്‍റെ രൂപത്തില്‍ സൃഷ്ടിക്കുന്നു. എന്നെപ്പോലുള്ളവരുടെ ഒരു വംശം സഹിക്കാനും കരയാനും ജീവിതം ആസ്വദിക്കാനും ആനന്ദിക്കാനും എന്നെപ്പോലെ നിന്നെ അവഗണിക്കാനും."8
സേവൂസിനെ അവഗണിക്കുക - സേവൂസിന്‍റെ വിധിയോടു പടവെട്ടുക. ആ സേവൂസിന്‍റെ പേര് ലെഗിയോന്‍ എന്നുമാകാം - ആധിപത്യത്തിന്‍റെ വിധി തീര്‍ക്കുന്ന ശക്തികള്‍ - യേശു പഠിപ്പിച്ച "വിനാശത്തിന്‍റെ അശുദ്ധ ലക്ഷണം." ജീവിതം എന്‍റെമേല്‍ വച്ചുകെട്ടുന്ന വിധിക്കെതിരായ യുദ്ധവും അതിന്‍റെ സഹനവും നല്കുന്ന ചാരിതാര്‍ത്ഥ്യം ആയുസ്സിനെ സാര്‍ത്ഥകമാക്കുന്നു. ഈ യുദ്ധം ലോകത്തിലെ ഏതെങ്കിലും ജയത്തിന്‍റെ നിര്‍വചനത്തില്‍ ഒതുങ്ങുന്നില്ല. എന്‍റെ യുദ്ധത്തില്‍ എന്‍റെ മരണം വീരമാകട്ടെ. ക്രിസ്തുവിനെ മാംസത്തിലും മനസ്സിലും വഹിക്കുമ്പോള്‍ ലഭിക്കുന്ന അനുഗ്രഹമാണ് ജീവിതം. വര്‍ത്തമാനത്തിന്‍റെ പാലത്തില്‍ സുരക്ഷിതമായ സംതൃപ്തിയനുഭവിക്കുന്നതല്ല ജീവിതത്തിന്‍റെ സായൂജ്യം. അതിനെ സ്വതന്ത്രമായി നിഷേധിക്കുന്ന ധീരതയാണ്. സൂര്യനെ മുഖാമുഖം നോക്കി അന്ധനാക്കുന്നവന്‍റെ കടത്തുകടക്കല്‍. അവിടെ ദുരന്തബോധത്തിന്‍റെ ഭയവും അനുകമ്പയും ഏതോ മഹത്വത്തിന്‍റെ ചിറക് മുളപ്പിക്കുന്നു.