news-details
മറ്റുലേഖനങ്ങൾ

പരാജിതരുടെ സുവിശേഷം

പടയോട്ടങ്ങളുടെയും യുദ്ധങ്ങളിലെ വിജയപരാജയങ്ങളുടെയും ആഘോഷങ്ങളാണ് എഴുതപ്പെട്ട ചരിത്രങ്ങളിലധിവും. ഘോരയുദ്ധങ്ങളും അധിനിവേശങ്ങളും മിത്തിന്‍റെ മായക്കണ്ണാടിയിലൂടെ നോക്കിക്കണ്ട് എഴുതിവച്ചവര്‍ ഇതിഹാസകാരന്മാരായി - ഹോമറിനെപ്പോലെ. സാഹിത്യചരിത്രം ഇത്രമേല്‍ ഹൃദയത്തോടു ചേര്‍ത്തുവച്ച ഇതിഹാസകാരന്മാര്‍ വേറെയില്ല. യുദ്ധവും മരണവും പ്രണയവും ഭീതിദമായി പകര്‍ന്നാട്ടം നടത്തിയ അടര്‍ക്കളങ്ങളില്‍ ഹോമര്‍ തീര്‍ത്ത പത്മവ്യൂഹങ്ങളില്‍ മനുഷ്യരും ദേവതകളും എത്ര നിസ്സഹായരായാണ് അകപ്പെട്ടുപോയത്! ഇലിയഡില്‍ ഹോമര്‍ യുദ്ധവും മരണവും വിജയവും വര്‍ണ്ണിക്കുകയായിരുന്നില്ല, ഒരു വിശുദ്ധപാപംപോലെ ആഘോഷിക്കുകയായിരുന്നു. ധീരനായ പോരാളിയും, ഒപ്പം തികഞ്ഞ സാത്വികനുമായിരുന്ന ഹെക്ടറെ ക്രൂരമായി വധിച്ച്, ട്രോജന്‍ യുദ്ധമുഖം കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ തകര്‍ത്ത്, ഹെക്ടറുടെ മൃതദേഹം തേര്‍ത്തട്ടില്‍ കെട്ടിവലിച്ചെത്തിയ അക്കിലസ്സിനെ ദേവതകള്‍ക്കും മുകളിലാണ് ഹോമര്‍ പ്രതിഷ്ഠിച്ചത്. അങ്ങനെ, യുദ്ധത്തിന്‍റെയും മരണത്തിന്‍റെയും പ്രണയത്തിന്‍റെയും കഥാകാരന്‍മാത്രമല്ല, കീഴ്പ്പെടുത്തലിന്‍റെയും ക്രൂരമായ വിജയങ്ങളുടെയും ഇതിഹാസകാരന്‍കൂടിയായി മാറി ഹോമര്‍.

ആയിരം വിജയങ്ങളുടെ ഇതിഹാസമെഴുതിയ ഹോമറിന്, പക്ഷേ, സ്വന്തം അസ്തിത്വത്തിന്‍റെ ശേഷിപ്പുകള്‍പോലും ബാക്കിവയ്ക്കാനായില്ല. വിധിവൈപരീത്യംപോലെ ചരിത്രം വിജയങ്ങളുടെ ഇതിഹാസകാരനായി കാത്തുവച്ച ഒരു ചോദ്യമുണ്ടായിരുന്നു - "ആരായിരുന്നു ഈ ഹോമര്‍?" ലോകചരിത്രം കണ്ട എക്കാലത്തേയും മഹാനായ പോരാളിയെന്ന് ഹോമര്‍ തന്നെ അടയാളപ്പെടുത്തിയ അക്കിലസ് കാല്‍പ്പാദത്തില്‍ ഒരസ്ത്രമുനകൊണ്ട് പൊടിഞ്ഞുപൊലിഞ്ഞു പോയി.

-അക്കിലസ് യഥാര്‍ത്ഥത്തില്‍ വിജയിയോ പരാജിതനോ?

'ആയിരം കപ്പലുകളെ കടലിലിറക്കിയ സുന്ദരമുഖം' എന്ന് ചരിത്രം ഹെലനെ വാഴ്ത്തി. ആയിരം കപ്പലുകളെ മാത്രമല്ല, അനേക സംസ്കൃതികളിലെ പുരുഷാസ്തിത്വങ്ങളെ ഒന്നടങ്കം അടര്‍ക്കളത്തിലിറക്കി പരസ്പരം പൊരുതിച്ച സുന്ദരമുഖം. വിജയികളുടെ വിജയി. ലോകസാഹിത്യത്തില്‍ ഇത്രമേല്‍ സ്നേഹിക്കപ്പെട്ടൊരു സ്ത്രീയില്ല. പക്ഷേ, ലോകസാഹിത്യത്തില്‍ ഇത്രയേറെ വെറുക്കപ്പെട്ടൊരു സ്ത്രീയും ഇന്നേവരെ ഉണ്ടായിട്ടില്ലല്ലോ.

വിജയം ഒരാളെ എത്രയേറെ പരാജിതനാക്കുന്നു എന്നറിയാന്‍ മഹാഭാരതം സ്ത്രീപര്‍വ്വത്തിന്‍റെ അലസമായൊരു വായന മതി. ധര്‍മ്മാധര്‍മ്മങ്ങളുടെ യുദ്ധഭൂമി എന്നു കൊണ്ടാടപ്പെട്ട കുരുക്ഷേത്രത്തില്‍ കൗരവരുടെ സമ്പൂര്‍ണ്ണനാശം വീക്ഷിക്കാനെത്തിയ വിജയികളായ പഞ്ചപാണ്ഡവരുണ്ട്. ശത്രുക്കളെ ഒന്നടങ്കം നശിപ്പിച്ച വീരന്മാരായ ആ മക്കളെ പെറ്റുവളര്‍ത്തിയ ഒരമ്മയുണ്ട്. യുദ്ധമുഖത്ത് കൊടുങ്കാറ്റുയര്‍ത്തിയ രാജാക്കന്മാരും മറ്റ് സാമന്തന്മാരുമുണ്ട്. മാത്രമല്ല, ഒരു കുതിരയുടെ കടിഞ്ഞാണ്‍ കയറുകൊണ്ട് യുദ്ധത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിച്ച്, ജനതയുടെ ഭാഗധേയമെഴുതിയ ധര്‍മ്മസംസ്ഥാപകനായ ശ്രീകൃഷ്ണനുണ്ട്.

-പക്ഷേ, അവര്‍ മാത്രമല്ല അവിടെയുള്ളത്.

വാഴക്കൂമ്പുപോലെ വെട്ടിയരിയപ്പെട്ട സുന്ദരശരീരങ്ങളായി വിജയികളുടെ പുത്രന്മാരും പൗത്രന്മാരും അവിടെ ചിതറിക്കിടപ്പുണ്ട്. അവരുടെ സഹോദരങ്ങള്‍ അംഗഭംഗം വന്ന ഞരക്കങ്ങളായി ആ ചുവപ്പില്‍ ഒഴുകിപ്പരക്കുന്നുണ്ട്. നല്‍കാത്ത ഒരനുഗ്രഹമോ പറയാത്തൊരു പ്രാര്‍ത്ഥനയോ വിറങ്ങലിപ്പിച്ച നാവുകള്‍ പുറത്തേക്കുനീട്ടി ഗുരുക്കന്മാരും ഗുരുതുല്യരും അവിടെയെവിടെയോ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നുണ്ട്. മടിയിലിരുത്തി നെഞ്ചിന്‍കൂടിലെ ചൂടുനല്‍കി അവരെ വളര്‍ത്തിയ പിതാക്കന്മാര്‍, മിഴിയടച്ചുവയ്ക്കാന്‍ ഒരു തലോടല്‍ കിട്ടാതെ, അടയാത്ത മിഴികളില്‍ ഒരു കഴുകന്‍റെ നിഴല്‍ വീഴുന്നതുപോലുമറിയാതെ അവിടെ മിഴിതുറന്നു കിടപ്പുണ്ട്. കാലം സമാനതകളില്ലാത്തവനെന്ന് അടയാളപ്പെടുത്തിയ ഉത്തമനായ ഒരു പിതാമഹന്‍ ഉത്തരായണപഥം നോക്കി ഒരു ശരമഞ്ചത്തില്‍ മരണമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നുണ്ട്. ഗര്‍ഭത്തിനുള്ളിലെ ഭ്രൂണത്തെ പിളര്‍ക്കുവാനായി ഒരു അസ്ത്രം കുതിക്കുന്നുണ്ട്.

പരാജിതരുടെ അമ്മ നെഞ്ചുപൊട്ടിക്കരയുന്നുണ്ടവിടെ. വിജയികളുടെ  അമ്മ വിതുമ്പി നില്‍ക്കുന്നുണ്ട്. വിജയങ്ങള്‍ക്കൊടുവില്‍ കിരീടം ചൂടേണ്ടവന്‍ ആത്മസംഘര്‍ഷങ്ങളുടെ അഗ്നിയില്‍ ചുട്ടുപൊള്ളി നില്‍ക്കുന്നുണ്ടവിടെ. ഗാണ്ഡീവത്തില്‍ ഇടിനാദമുയര്‍ത്തി ശത്രുനിര ഭേദിച്ചവന്‍ പാടിത്തീരാത്തൊരു താരാട്ടുപാട്ടിന്‍റെ ഈണംപോലെ ഇടറിനില്‍ക്കുന്നുണ്ടവിടെ. ഭൂതവും ഭാവിയും കാണുന്ന കണ്ണുകളില്‍ ഇരുമ്പുലക്ക പൊടിച്ചുകുഴച്ചുണ്ടാക്കിയ ഒരു നീചാസ്ത്രത്തിന്‍റെ മുനയുടെ തിളക്കമുണ്ട്, മുച്ചൂടും മുടിഞ്ഞുപോകുമെന്ന് തലമുറകള്‍ക്കുമേല്‍ പതിച്ചുപോയ ശാപവാക്കിന്‍റെ വാള്‍ത്തലകളുണ്ട്.

-കുരുക്ഷേത്രം ചിരിക്കുന്നില്ല. ഒരു ആഘോഷസന്ധ്യയിലേക്ക് മടങ്ങിപ്പോകാന്‍ കുരുക്ഷേത്രത്തിലിനി വിജയികളുടെ പകലുകള്‍ ശേഷിക്കുന്നില്ല.

-ഒരു കുരുക്ഷേത്രവും വിജയികളെ സൃഷ്ടിക്കുന്നില്ല, സൃഷ്ടിച്ചിട്ടില്ല.

ഇതിഹാസങ്ങളുടെ ഏടുകള്‍ മാത്രമല്ല, ചരിത്രത്താളുകളും കീഴടക്കലുകളുടെയും അധിനിവേശത്തിനായുള്ള പടയോട്ടങ്ങളുടെയുമിടയില്‍  പരാജിതരാക്കപ്പെട്ടവരുടെ ചോരവീണു ചുവന്നവയാണ്. അന്യന്‍റെ ഒരുതുണ്ടു മണ്ണിനും അന്യന്‍റെ പെണ്ണിനും വേണ്ടിയുള്ള ലജ്ജാകരമായ യുദ്ധങ്ങളെ നാം ചരിത്രമെന്ന് വിളിച്ചു. അധിനിവേശത്തിനിരയായ നിരപരാധികളെ കൊന്നൊടുക്കിയവര്‍ നമ്മുടെ അല്പബുദ്ധിയില്‍ മഹാന്മാരായി. സോളമന്‍ മുതല്‍ അലക്സാണ്ടര്‍വരെ, നെപ്പോളിയന്‍ മുതല്‍ ഹിറ്റ്ലര്‍വരെ, സ്റ്റാലിന്‍ മുതല്‍ ജോര്‍ജ് ബുഷും ഗദ്ദാഫിയും വരെ മഹാന്മാരുടെ നിര നീളുന്നു...

-യഥാര്‍ത്ഥത്തില്‍ അവരാരായിരുന്നു?

ലോകം ജയിച്ച പടയോട്ടങ്ങള്‍ക്കൊടുവില്‍ പനിപിടിച്ചു ചത്തുപോയവര്‍. വിജയകിരീടങ്ങള്‍ക്കിടയില്‍ സ്വയം വെടിവച്ചുചാകാനായി ഒരു കൈത്തോക്കൊളിപ്പിച്ചുവച്ചവര്‍. വരുംതലമുറയ്ക്ക് ചവിട്ടിക്കുഴയ്ക്കാനും തല്ലിത്തകര്‍ക്കാനുമായി സ്വന്തം പ്രതിമ പണിയിച്ചുവച്ചവര്‍, തല്ലിക്കൊല്ലാനെത്തുന്ന പ്രജകളുടെ തലയില്‍ ബോംബിട്ടു സമാധാനമുണ്ടാക്കുന്നവര്‍.

-അവരിലാരൊക്കെയാണ് വിജയികള്‍?

യുദ്ധങ്ങളെയും വിജയങ്ങളെയും അന്തിമമായി വിധിക്കേണ്ടത് കാലമാണ്, ചരിത്രമല്ല. സമീപകാലചരിത്രം ഏതൊരു യുദ്ധത്തെയും വൈകാരികതകൊണ്ടളക്കും. രാജ്യസ്നേഹം, രാജഭക്തി തുടങ്ങിയ ഒരുപാട് പക്ഷപാതിത്വങ്ങള്‍ സത്യത്തെ മൂടിവച്ചേക്കും. ചരിത്രത്തിന് വഴിതെറ്റും, വക്രീകരിക്കപ്പെടും. വിദൂരഭാവിയില്‍ ഏതൊരു യുദ്ധവും കീഴടക്കലും മിത്തിന്‍റെ മായക്കണ്ണാടിയിലൂടെ മഹത്വവല്‍ക്കരിക്കപ്പെടും. പക്ഷേ, അനതിവിദൂരഭാവികള്‍ വ്യക്തിതലത്തിലും കുടുംബത്തിലും രാജ്യങ്ങള്‍ക്കിടയിലുമുള്ള സംഘര്‍ഷങ്ങളെ സമചിത്തതയോടെ ചോദ്യം ചെയ്യും. സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും വ്യര്‍ത്ഥത വിചാരണയ്ക്ക് വിധേയമാവുകയും ചെയ്യും.

-ചരിത്രം വിജയികളെന്ന് ഘോഷിച്ചവരാരും വിജയികളായിരുന്നില്ല.

പക്ഷേ, പരാജയപ്പെട്ട വിജയികള്‍ക്കും പരാജയപ്പെട്ട പരാജിതര്‍ക്കുമിടയില്‍ ഒരു വാള്‍ത്തലയിലും ഒരു കുതിരക്കുളമ്പിലും ഒരു തോക്കിന്‍തുമ്പത്തുമൊടുങ്ങിപ്പോയ അനേകകോടി മനുഷ്യാത്മാക്കളുണ്ട്. നെറുകയില്‍ തിലകം ചാര്‍ത്തി യാത്രയാക്കിയ പ്രേയസിയ്ക്ക് ഒരു ചുംബനം പോലും തിരികെ കൊടുക്കാനാവാതെ, കൊഞ്ചുന്ന കുഞ്ഞിനെയൊന്നു തഴുകാനാവാതെ, അമ്മമടിത്തട്ടിലൊന്ന് വിതുമ്പാനാകാതെ പടിയിറങ്ങിപ്പോയവര്‍. കൊല്ലപ്പെടാതിരിക്കാനായി കൊന്നവര്‍, കൊല്ലാതിരുന്നാല്‍ കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും കൊല്ലാനാവാത്തിനാല്‍ കൊല്ലപ്പെട്ടവര്‍, എന്തിനെന്നുപോലുമറിയാതെ കൊന്നവരും കൊല്ലപ്പെട്ടവരും.

-അവരെ നാം ഏതുഗണത്തില്‍പ്പെടുത്തും. അവരാരാണ്, വിജയികളോ പരാജിതരോ?

രാഷ്ട്രീയ-സാമൂഹ്യ പരിതോവസ്ഥകളുടെ നേര്‍ച്ചിത്രങ്ങള്‍ക്കൂടി നല്‍കേണ്ടിവരുന്നു എന്നതുകൊണ്ട് മതഗ്രന്ഥങ്ങളെല്ലാം തന്നെ 'ആരാണ് വിജയി, ആരാണ് പരാജിതന്‍' എന്ന മഹാസമസ്യയെ ഒട്ടൊരു നിസ്സഹായതയോടെ അഭിസംബോധന ചെയ്യുന്നുണ്ട്. ബൈബിളിലെ പഴയനിയമം,  ഗ്രീക്കുപുരാണങ്ങളെപ്പോലെ, അതിജീവനത്തിനും അധിനിവേശത്തിനുമായുള്ള മനുഷ്യന്‍റെ പോരാട്ടങ്ങള്‍ക്കു ദൈവത്തിന്‍റെ പക്ഷപാതിത്വപരമായ പിന്തുണ ഉണ്ടെന്നു വിശ്വസിച്ചു. പടക്കളത്തില്‍ മരിച്ചുവീഴാനായി ഈയൊരു ഉറപ്പെങ്കിലും അവര്‍ക്കു വേണമായിരുന്നു. പിന്നീട്, കുരിശുയുദ്ധങ്ങളും വിശുദ്ധയുദ്ധങ്ങളെന്ന് വിളിക്കപ്പെട്ട വിശുദ്ധകള്ളങ്ങളും ദൈവത്തെ പോര്‍ച്ചട്ടയണിയിച്ച് തോക്കും വാളും കയ്യില്‍പിടിപ്പിച്ച് മുന്നില്‍നിര്‍ത്തി പട നയിപ്പിച്ചു. യഥാര്‍ത്ഥ പരാജിതര്‍ക്ക് വാളായി വെട്ടാനും ബോംബായി പൊട്ടാനും ഇന്നും വിശുദ്ധയുദ്ധമെന്ന പ്രലോഭനം വേണം.

പക്ഷേ, വിജയികളെയും പരാജിതരെയും സൃഷ്ടിക്കുന്ന പഴയനിയമ ദൈവത്തിന്‍റെ പക്ഷപാതിത്വങ്ങളെ പാടേ നിരാകരിച്ചുകൊണ്ടാണ് യേശുക്രിസ്തു തന്‍റെ ദൗത്യം ആരംഭിച്ചത്. ഭൗതികസമൂഹം പരാജിതരെ തിരിച്ചറിയുന്ന അടയാളങ്ങള്‍ കൊണ്ടളന്നാല്‍, ആ നസ്രായന്‍ യുവാവിനെപോലെ ഇത്രയും ലക്ഷണമൊത്തൊരു പരാജിതന്‍ ചരിത്രത്തിലെവിടെയുമുണ്ടാവില്ല. അന്യദേശത്ത്, അന്യന്‍റെ കന്നുകാലിപ്പുരയില്‍, കന്നുകാലികള്‍ക്കിടയില്‍ പൊടിച്ചതാണവന്‍റെ ജന്മം. ദരിദ്രനായ ഒരു മരപ്പണിക്കാരന്‍റെയും അയാളുടെ ഭാര്യയുടെയും പ്രവാസത്തിന്‍റെ ശേഷിപ്പ്. പരിശുദ്ധാത്മാവില്‍ നിന്നുള്ള കന്യകാജനനമെന്ന ആഡംബരമൊന്നും അവന്‍ സ്വയം ആഘോഷിച്ചതായി സുവിശേഷകന്മാര്‍ അടയാളപ്പെടുത്തുന്നില്ല. ദരിദ്രരും പാമരരുമായ മാതാപിതാക്കളില്‍ നിന്നുള്ള അനാകര്‍ഷകമായ ജന്മം - പരാജിതന്‍റെ ഒന്നാം അടയാളമാണത്. അതവന് നന്നായി ഇണങ്ങുന്നു.

മരപ്പണി ചെയ്ത് അന്നം തേടിയ ഒരു ബാലന്‍, മുതിര്‍ന്നപ്പോള്‍ വിജയികളുടെ രാജപാതവിട്ട് പരാജിതരുടെ പരുക്കന്‍ വഴികളിലൂടെ നിര്‍ബന്ധബുദ്ധിയോടെ നടന്നു -തീര്‍ത്തും അനാകര്‍ഷകമായ ഒരു സൗഹൃദക്കൂട്ടത്തോടൊപ്പം. മുക്കുവര്‍, ചുങ്കം പിരിച്ചിരുന്നവര്‍, അധഃകൃതര്‍, പാപിനികള്‍ -അവന് മഹത്വം നല്‍കുന്നതൊന്നും ആ സൗഹൃദസംഘത്തിന്‍റെ ലക്ഷണങ്ങളായുണ്ടായിരുന്നില്ല. സമൂഹദൃഷ്ടിയില്‍ ലക്ഷണമൊത്ത പരാജിതര്‍, ഭിക്ഷാംദേഹികള്‍. കേവലം മുപ്പതുവയസ്സുള്ള സുമുഖനും ആര്‍ദ്രവാനുമായൊരു ചെറുപ്പക്കാരന്‍, മൂന്നുവര്‍ഷം മാത്രം നീണ്ട പരസ്യജീവിതകാലത്ത് ആള്‍ക്കൂട്ടങ്ങളോടു പറഞ്ഞത് മഹാഗുരുക്കന്മാരെപ്പോലും അതിശയിപ്പിച്ച ഗുരുമൊഴികള്‍. പന്ത്രണ്ടുവയസ്സുമാത്രമുള്ളപ്പോള്‍ ദേവാലയവാസികളായ ഉപാധ്യായന്മാരോടു വേദത്തിന്‍റെ പൊരുള്‍ പറഞ്ഞ് അവരെ അമ്പരപ്പിച്ചവനാണവന്‍. "ഇവന്‍ ആ തച്ചന്‍റെ മകനല്ലേ"യെന്ന് ജന്മംകൊണ്ട് പരാജിതനെങ്കിലും ജ്ഞാനംകൊണ്ട് സ്വയം മഹത്വീകരണം നേടി വിജയിക്കാമായിരുന്നു ആ ചെറുപ്പക്കാരന്.

എന്നിട്ടവന്‍ ചെയ്തതെന്താണ്? വിജയിയുടെ സ്ഥാനചിഹ്നങ്ങള്‍ തരേണ്ടവരോട് അവന്‍ ജ്ഞാനംകൊണ്ട് നിശിതമായി കലഹിച്ചു. അധികാരത്തിന്‍റെ ജീര്‍ണ്ണിച്ച സിംഹാസനങ്ങളെ വാക്കുകള്‍കൊണ്ട് പ്രഹരിച്ചു. നിസ്സ്വരുടെ പെരുവഴിക്കൂട്ടങ്ങളിലും സമ്പന്നരുടെ വിരുന്നുശാലകളിലും അവന്‍ വിശക്കുന്നവര്‍ക്കുവേണ്ടി വാദിച്ചു. അധികാരത്തിന്‍റെ അനിഷ്ടം കലഹിച്ചുവാങ്ങി പരാജിതരുടെ പാതകളിലൂടെ അവന്‍ തീക്ഷ്ണസഞ്ചാരങ്ങള്‍ നടത്തി. അങ്ങനെയവന്‍ നിഷ്കാസിതന്‍റെയും പരാജിതന്‍റെയും സ്ഥാനചിഹ്നങ്ങള്‍ സ്വയം ചോദിച്ചുവാങ്ങി. എമ്മാവൂസിലേക്കു യാത്രപോയ ആ രണ്ടുപേരെപ്പോലെ "നാമെന്തൊക്കെ പ്രതീക്ഷിച്ചിരുന്നു" എന്ന് അനുയായികളെക്കൊണ്ട് മനസ്സുകലങ്ങി പറയിക്കുന്നത്രയും പരാജിതനായിപ്പോയി അവന്‍.

- "ആകാശപ്പറവകള്‍ക്ക് കൂടുണ്ട്. മനുഷ്യപുത്രന് തലചായ്ക്കാനിടമില്ല" എന്നു സ്വയം സാക്ഷ്യപ്പെടുത്തുന്നത്രയും ഭൗതികമായി പരാജയപ്പെടുത്തപ്പെട്ട ഒരു ജീവിതം ജീവിക്കാന്‍ അവന്‍ നിശിതമായ ശാഠ്യം കാട്ടിയതെന്തിനാണ്?

അത്ഭുതങ്ങളിലൂടെ മഹത്വീകൃതമാകുമായിരുന്ന ഒരു യേശുവിന്‍റെ ചിത്രം സുവിശേഷകന്മാര്‍ മാത്സര്യബുദ്ധിയോടെ വരച്ചുകാട്ടുന്നുണ്ട്. അത്ഭുതങ്ങളെപ്പറ്റി പറയുമ്പോള്‍ നൂറു നാവാണവര്‍ക്ക്. പക്ഷേ, യേശു ഒരിക്കലും അത്ഭുതങ്ങളെ ആഘോഷങ്ങളാക്കിയില്ലെന്നുകൂടി സുവിശേഷകന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അത്ഭുതങ്ങളുമായി ബന്ധപ്പെട്ട സുവിശേഷഭാഗ്യങ്ങള്‍ പലപ്പോഴും ലജ്ജാശീലനായ ഒരു യേശുവിനെ കാട്ടിത്തരുന്നുണ്ട്. മഹത്വീകൃതനാകുവാനും സ്വയം വിജയിയായി ആവിഷ്കരിക്കപ്പെടാനും സാധ്യതയുള്ള അത്തരം ഇടങ്ങളില്‍ തീക്ഷ്ണമായൊരു അടക്കം പാലിക്കാന്‍ സ്വയം ശ്രദ്ധിക്കുകയും മറ്റുള്ളവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ടവന്‍. "നീയിതാരോടും പറയരുത്" എന്ന് ശാഠ്യത്തോടെ വിലക്കിക്കൊണ്ട് വിജയചിഹ്നങ്ങള്‍ തന്നെ സ്പര്‍ശിക്കാതിരിക്കാന്‍ നിശിത നിഷ്കര്‍ഷയോടെ ഒഴിഞ്ഞുമാറുന്നുണ്ട് പലവട്ടമവന്‍. ഭൗതികമായ നേട്ടങ്ങള്‍ക്കു വേണ്ടി അത്ഭുതം അന്വേഷിക്കുന്നവരെപ്പറ്റി ഒട്ടൊരു നിരാശയോടെ പരിതപിക്കുന്നുണ്ട്. ഇന്ദ്രജാലക്കാരന്‍റെ മുമ്പില്‍നില്‍ക്കുന്ന കുട്ടിയെപ്പോലെ അത്ഭുതം കാണിക്കാനാവശ്യപ്പെടുന്ന ഹെറോദേസിനെ തികഞ്ഞ നിസ്സംഗതയോടെ അവഗണിക്കുന്നുണ്ട്. ദൈവാനുഭവത്തിന്‍റെ ആഴങ്ങള്‍ തേടാതെ അടയാളങ്ങളുടെ പരപ്പുകളന്വേഷിച്ചു നടക്കുന്ന അല്പവിശ്വാസികളെപ്പറ്റി "ഈ തലമുറ അടയാളമന്വേഷിക്കുന്നു, യോനാപ്രവാചകന്‍റെ അടയാളമല്ലാതെ മറ്റൊന്നും അതിന് നല്‍കപ്പെടുകയില്ല" എന്ന് ശാപവാക്കുകള്‍ പറയുന്നുപോലുമുണ്ട് അവന്‍.

-വിജയിയായി എണ്ണപ്പെടാന്‍ സാധ്യതയുള്ള അവസരങ്ങളെയെല്ലാം ശാഠ്യത്തോടെ അവന്‍ നിരാകരിച്ചു.

-ഒടുവില്‍, തലചായ്ക്കാന്‍ ഒരു പിടി മണ്ണിന്‍റെ സാന്ത്വനസ്പര്‍ശം പോലുമില്ലാതെ ആകാശത്തിനും ഭൂമിക്കുമിടയില്‍ ശാപഗ്രസ്തമായൊരു മരണം ഏറ്റുവാങ്ങി പരാജിതരില്‍ പരാജിതനാകാന്‍ അവന്‍ തന്നെത്തന്നെ വിട്ടുകൊടുത്തതെന്തിനായിരുന്നു?

നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ- മത ജീവിതത്തില്‍ വിജയപരാജയങ്ങള്‍ അളക്കാന്‍ നമുക്ക് ഋജുവായ മാനദണ്ഡങ്ങളുണ്ട്. ഏറ്റവും വലിയ അധികാരചിഹ്നങ്ങള്‍ കയ്യാളുന്നവന്‍ ഏറ്റവും വലിയ വിജയി -സിംഹാസനസ്ഥനാണവന്‍. രാജാവും മന്ത്രിയും നിരപരാധികള്‍ക്കുമേല്‍ അധികാരത്തിന്‍റെ ചെങ്കോല്‍ പ്രയോഗിക്കുന്നവരും അങ്ങനെ വലിയ വിജയികളാകുന്നു. അധികാരത്തിന്‍റെ അംഗവസ്ത്രങ്ങള്‍ ധരിക്കുന്നവരും സ്ഥാനചിഹ്നങ്ങള്‍ ചുമക്കുന്നവരും വിജയികള്‍ -സിംഹാസനങ്ങള്‍ നിലനിര്‍ത്തുന്നവരാണവര്‍. ഭരണത്തിന്‍റെ താക്കോല്‍ സൂക്ഷിപ്പുകാര്‍, നടത്തിപ്പുകാര്‍, സമാധാനം നടപ്പാക്കാന്‍ അധികാരം പ്രയോഗിക്കാവുന്നവര്‍, പറഞ്ഞു പറ്റിച്ച് 'ജന' പ്രതിനിധികളാകുന്നവര്‍, അരമനകളുടെ കാര്യക്കാര്‍, കനത്ത ഭണ്ഡാരങ്ങളുടെയും സ്ഥാപനങ്ങളുടെയും ആശ്രമങ്ങളുടെയും അധിപന്മാര്‍ -ചിത്രഗുപ്തന്മാര്‍, മലക്കുകള്‍, കെരൂബുകള്‍...

വിജയികളിനിയുമുണ്ട്. അധികാരസ്ഥാനത്തേക്ക് നടന്നെത്താനുള്ള പാലങ്ങള്‍, ഇടനിലക്കാര്‍, ഭണ്ഡാര വഴികള്‍ കണ്ടെത്തുന്ന എം. ബി. എ. കാര്‍, ഭണ്ഡാര സൂക്ഷിപ്പുകാര്‍, മൈക്കിനു മുമ്പില്‍നിന്ന് കള്ളംപറയാന്‍ മടിയില്ലാത്തവര്‍, നാണം നഷ്ടമായവര്‍, ഇടവകപ്പെരുന്നാളിന് പ്രദക്ഷിണമിറങ്ങുമ്പോള്‍ തിരുസ്വരൂപത്തിന്‍റെ മുന്‍ഭാഗം വലതുവശത്തു പിടിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍, തിക്കും തിരക്കും നിയന്ത്രിക്കാനായി നിയോഗം കിട്ടിയവര്‍, ഭണ്ഡാരപ്പുരയില്‍ ചീട്ടെഴുതുന്നവര്‍ - എല്ലാ സ്വര്‍ഗ്ഗവാസികളും...

സാമാന്യമായിപ്പറഞ്ഞാല്‍ മറ്റുള്ളവരെല്ലാം പരാജിതരാണ്. സാധാരണ പൗരന്മാര്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവര്‍, നിയമം അനുസരിക്കാനുള്ളതാണെന്നു കരുതുന്നവര്‍, പള്ളിയിലും അമ്പലത്തിലും വിതുമ്പിനിന്ന് ദൈവത്തിനുമുമ്പില്‍ നെഞ്ചുപൊട്ടുന്നവര്‍, പോലീസിനെ കണ്ടാല്‍ പേടി തോന്നുന്നവര്‍, ഞായറാഴ്ചക്കുര്‍ബാനയിലെ പ്രസംഗങ്ങള്‍ നിശ്ശബ്ദരായി കേള്‍ക്കുന്നവര്‍, വോട്ടു ചെയ്യാത്തവര്‍ (ചെയ്യുന്നവരും), ബൗദ്ധികമായി ലജ്ജാശീലമുള്ളവര്‍ (നാണമുള്ളവര്‍), -ശുദ്ധീകരണസ്ഥലത്തുള്ളചിലര്‍, പിന്നെ, എല്ലാ നരകവാസികളും....

കാലത്തിന്‍റെ നിര്‍ണ്ണായകസന്ധികളില്‍, കാലപ്രവാഹത്തെ മുമ്പോട്ടുനയിക്കാനായി ജന്മംകൊണ്ട ആചാര്യന്മാരും ഗുരുക്കന്മാരും മറ്റ് തീക്ഷ്ണവ്യക്തിത്വങ്ങളും പരാജിതരുടെ പക്ഷം ചേര്‍ന്നവരോ പരാജിതരോട് പക്ഷപാതിത്വം കാട്ടിയവരോ ആണ്. ആര്‍ഷസംസ്കൃതിയിലെ അനേകം ആചാര്യന്മാരും ശ്രീബുദ്ധനും മുഹമ്മദ് നബിയും മഹാത്മഗാന്ധിയും ശ്രീനാരായണഗുരുവും ഫ്രാന്‍സിസ് അസ്സീസിയുമെല്ലാം ഇങ്ങനെ സൂര്യസമാനരായി ജ്വലിച്ചുയര്‍ന്ന വ്യക്തിത്വങ്ങളാണ്. പ്രിയതമയ്ക്കും പ്രിയപുത്രനും അനാഥത്വം നല്‍കി, കൊട്ടാരത്തിലെ രാജകീയമഞ്ചത്തില്‍നിന്നു തെരുവോരങ്ങളിലെ നിഷ്കാസിതരുടെ ഇടയിലേക്കു നടന്നുപോയ സിദ്ധാര്‍ത്ഥനും, ഒരു മേല്‍മുണ്ടുപോലും ആഡംബരമായി കരുതിയ ശ്രീനാരായണഗുരുവും ഗാന്ധിജിയും, ഉറുമ്പിനെയും ഉരഗങ്ങളെയും അന്നം നല്‍കി സംരക്ഷിച്ചിരുന്ന ഫ്രാന്‍സിസും പരാജിതര്‍ക്കിടയില്‍ സാക്ഷ്യമായി മാറിയവരാണ്. വിജയികളുടെ വിരുന്നുശാലകളില്‍ അവരെ നാം കണ്ടിട്ടില്ല.

- അതോ അവര്‍തന്നെയായിരുന്നോ ഏറ്റവും വലിയ പരാജിതര്‍?

എല്ലാ യുദ്ധങ്ങളിലും എല്ലാ മത്സരങ്ങളിലും വിജയികളും പരാജിതരുമുണ്ടായി. വിജയികള്‍ നാളെ പരാജിതരായി. പരാജിതര്‍ മോചനദ്രവ്യം നല്‍കി വിജയികളുടെ വിജയത്തില്‍ പങ്കുകാരുമായി. എന്നാല്‍ വിജയികള്‍ക്കും പരാജിതര്‍ക്കുമിടയില്‍ വിജയികളോ പരാജിതരോ എന്നറിയാതെ ഒടുങ്ങിപ്പോയവരായിരുന്നു യഥാര്‍ത്ഥ പരാജിതര്‍ - അവര്‍ തന്നെ യഥാര്‍ത്ഥ  വിജയികളും. ചരിത്രത്തെയും കാലത്തേയും മുമ്പോട്ടു നയിച്ചതവരാണ്. താജ്മഹല്‍ പണിതതും ട്രോജന്‍യുദ്ധം ജയിച്ചതും ഹിരോഷിമ പണിതുയര്‍ത്തിയതുമവരാണ്. ഹിരോഷിമയില്‍ തീപിടിച്ചുവെന്തതും കുരുക്ഷേത്രത്തില്‍ പലതായി പിളര്‍ന്നതും ട്രോയിയുടെ മണലില്‍ പുതഞ്ഞതും അവര്‍ തന്നെ. യുദ്ധത്തിലെ പരാജിതരുടെ ദൈവങ്ങള്‍ പലായനം ചെയ്തേക്കാം. വിജയികളുടെ ദൈവങ്ങള്‍ ദുര്‍മേദസ്സു തലോടി അഞ്ചാംമലയില്‍ ആലസ്യത്തോടെ മയങ്ങിയേക്കാം. എന്നാല്‍ ജീവിതത്തില്‍ തോല്‍പ്പിക്കപ്പെട്ടുപോയ നിരപരാധികളുടെ ദൈവം ഉറങ്ങുന്നില്ല, പലായനം ചെയ്യുന്നില്ല. അവന് ഇനിയും പണിതുയര്‍ത്തേണ്ടതുണ്ട്, മുറിവുകള്‍ ഉണക്കേണ്ടതുണ്ട്, പടനിലങ്ങളില്‍ പൊലിഞ്ഞുപോയ ജീവന്‍ സ്നേഹക്കാറ്റൂതി ജ്വലിപ്പിച്ചെടുക്കേണ്ടതുണ്ട്, കരുണക്കുഴമ്പു പുരട്ടി പൊട്ടിപ്പോയ ഹൃദയങ്ങളെ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്, നിഷ്കാസിതരെയും ജീവിതത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ വല്ലാതെ ഒറ്റപ്പെട്ടുപോയവരെയും ഒരുമിച്ചുകൂട്ടി അതിജീവനത്തിന്‍റെ പുതിയൊരു കഥ പറയേണ്ടതുണ്ട്...

ഉപസംഹാരം

പരാജിതരുടെ പ്രതീകമായി കാലിത്തൊഴുത്തില്‍ പിറന്ന്, പരാജിതര്‍ക്കുവേണ്ടി പറഞ്ഞു കുരിശില്‍ മരിച്ച ആ നസ്രായന്‍ യുവാവ് ഇത്രമേല്‍ സ്നേഹയോഗ്യനാകുന്നതെന്തുകൊണ്ടാണ്? അവനിന്നും ഇത്രയേറെ സ്നേഹിക്കപ്പെടുന്നതെന്തുകൊണ്ടാണ്? അത്ഭുതജനനവും ആകാശവൃന്ദങ്ങളുടെ ഹല്ലേലൂയ്യയും ജ്ഞാനികളുടെ സന്ദര്‍ശനവുമൊക്കെ ഒരു ക്രിസ്മസ് രാത്രിയുടെ ആഹ്ളാദങ്ങള്‍ക്കപ്പുറം അവനെ സ്നേഹയോഗ്യനാക്കുന്നില്ല. അവന്‍ ചെയ്ത അത്ഭുതങ്ങള്‍ കൗതുകവും ആകര്‍ഷണവും ജനിപ്പിച്ചേക്കാം. പക്ഷേ, അത്ഭുതങ്ങളിലെ യേശു രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം സ്നേഹവിഷയമാകുന്നില്ല.

-പിന്നെന്തുകൊണ്ട്....?

അവന്‍റെ നിലപാടുകള്‍, പക്ഷപാതിത്വങ്ങള്‍, പരാജിതര്‍ക്കും നിഷ്കാസിതര്‍ക്കുമായി അവന്‍ വച്ചുനീട്ടിയ ദൈവാനുഭവത്തിന്‍റെ ഒരു ചീന്ത്, അധികാരസ്ഥാനങ്ങളില്‍നിന്നും അവന്‍ പാലിച്ച അകലം, ആത്മാവിനെതൊട്ട് അവന്‍ പറഞ്ഞ തെളിമയുള്ള വാക്കുകള്‍. നമ്മെത്തൊട്ട് നമുക്കിടയില്‍ നില്‍ക്കുമ്പോള്‍ വല്ലാതെ ഇഷ്ടം തോന്നിപ്പോകുന്നു നമുക്കവനോട്. കോസ്മിക് പ്രപഞ്ചങ്ങളുടെ അധിപനായല്ല, ബലിപീഠങ്ങളിലെ വെറും പ്രതിഷ്ഠയായല്ല, സ്വര്‍ണ്ണക്കുരിശിലെ തടവുകാരനായല്ല, അധികാരചിഹ്നങ്ങളുടെ അലങ്കാരവുമായല്ല.

- നമുക്കിടയില്‍, നമ്മെത്തൊട്ട്, നമ്മോടു പറയാതെ പറഞ്ഞ് അവന്‍.

- അവന്‍ ഇത്രമേല്‍ സ്നേഹിക്കപ്പെടുന്നത് അതുകൊണ്ടാണ്...

You can share this post!

പത്ത് കൗമാരപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts