10 ചിത്രീകരണങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ 30 ദിവസങ്ങളേ അനുവദിച്ചിട്ടുള്ളൂ. എന്നാലത് സമയത്ത് തീര്‍ക്കാനാവുമോ എന്നത് ഒരു കഴിവുറ്റ കലാകാരനെ ആശ്രയിച്ചാണിരിക്കുന്നതും. അയാളാവട്ടെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ മാധുര്യവും ശുണ്ഠിയുമുള്ളൊരാള്‍.
"നാളെയാവട്ടെ... നാളെത്തന്നെ തരാം." എന്‍റെ നിര്‍ബന്ധം മുറുകുമ്പോള്‍ ഒരു പുഞ്ചിരിയോടെ അയാള്‍ പറയും. പച്ചനുണയാണിതെന്ന് ഇരുവര്‍ക്കുമറിയാമെങ്കിലും ഇതുകേള്‍ക്കുമ്പോള്‍ ഞാനും തിരിച്ച് പുഞ്ചിരിക്കും.
നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ - ഈ പദ്ധതി എന്‍റെ കൈകളില്‍ മാത്രമൊതുങ്ങുന്നതല്ല.
ഇതുസംബന്ധിച്ച പ്ലാന്‍ ഇപ്രകാരമായിരുന്നു. ചിത്രങ്ങള്‍ വരച്ചുകിട്ടേണ്ട താമസം ഞാന്‍ അവ പ്രൊഡക്ഷന്‍ യൂണിറ്റിലേയ്ക്ക് കംപ്യൂട്ടര്‍ മുഖേന അയയ്ക്കും. ഒരു മണിക്കൂറിനുള്ളില്‍ അവിടെനിന്ന് മറുപടിയും എത്തും. പിന്നെ അടുത്ത ചിത്രങ്ങള്‍ വരച്ചുകിട്ടുന്നതിനുള്ള കാത്തിരിപ്പും അതിനിടയില്‍ മുന്‍പ് അയച്ച ചിത്രങ്ങളെപ്പറ്റിയുള്ള ചില ചര്‍ച്ചകളും. അങ്ങനെ തുടരുന്നു. മഴയുള്ള ഒരു പ്രഭാതം. ടെലഫോണ്‍ ഓപ്പറേറ്റര്‍പോലും ചോദിക്കയുണ്ടായി "എന്നാവും ഈ പണി തീരുക?" എനിക്ക് തല ചൂടാവുന്നപോലെ തോന്നി. ഓട്ടോ പിടിക്കാനോടുമ്പോള്‍ പോപ്പ് ജൂലിയസ് മൈക്കലാഞ്ചലയോടു ചോദിച്ച ചോദ്യമാണ് ഓര്‍മ വന്നത്: "ഇത് എന്നത്തേയ്ക്കു ചെയ്തു കഴിയുമെന്നാവും പ്രതീക്ഷിക്കേണ്ടത്?"
"അപ്പോളോ ഹോസ്പിറ്റലിനടുത്തേയ്ക്ക്...." കൈയിലെ പേപ്പര്‍കെട്ടിനെ കൈകൊണ്ട് ഇറുകെപ്പിടിച്ച് ഓട്ടോയിലേയ്ക്ക് ചാടിക്കയറി പറഞ്ഞു. ഓട്ടോറിക്ഷ വീടിന്‍റെ ഗേറ്റിനടുത്തു നിര്‍ത്തി. 25 രൂപ ചെയ്ഞ്ചില്ലാതിരുന്നതുകൊണ്ട് ഞാന്‍ ഒരു 100 രൂപ എടുത്തു നീട്ടി.
"ചെയ്ഞ്ചുണ്ടോ?" സൗമ്യതയാര്‍ന്ന കണ്ണുകളുള്ള ഡ്രൈവറോട് ഞാന്‍ അന്വേഷിച്ചു.
"എന്‍റെ കൈയില്‍ ബാക്കി തരാന്‍ 50 രൂപയേ ഉള്ളൂ." അയാള്‍ പറഞ്ഞു
ഞാനൊന്ന് ശങ്കിച്ചുനിന്നിട്ടു പറഞ്ഞു: "സാരമില്ല, ഈ 100 രൂപ എടുത്തിട്ട് 50 തന്നേയ്ക്കൂ." എനിക്ക് ജോലി തീര്‍ക്കാനുള്ള തിരക്കായിരുന്നു.
"ഇല്ലമ്മാ" അയാള്‍ പറഞ്ഞു. ഇത് വളരെ കൂടുതലാണ്. ഞാനിത്രയും വാങ്ങില്ല"
"അതു സാരമില്ല, എടുത്തോളൂ." ഞാനയാളെ വീണ്ടും നിര്‍ബന്ധിച്ചു.
"ഇല്ലമ്മാ" അയാള്‍ തന്‍റെ വാക്കില്‍ ഉറച്ചുനിന്നു. എന്‍റെ നേരെ നോക്കി ആദരവോടെ തുടര്‍ന്നു,
"ഒരഞ്ചുരൂപയില്‍ കൂടുതലൊക്കെയെങ്ങനാ...?"
ധര്‍മ്മ ചൈതന്യം?
അയാള്‍ക്ക് നല്‍കാനുള്ള ചെയ്ഞ്ച് എടുത്തുകൊണ്ടുവരാന്‍ ഞാന്‍ വീടിന്‍റെ മുകള്‍നിലയിലേക്കു നടക്കുമ്പോള്‍ ജീവിത പ്രയാണത്തിനിടയില്‍ ഇടറിവീണു പോയ ചില വിശുദ്ധശീലുകള്‍ ഓര്‍മ്മയില്‍ മിന്നിത്തെളിഞ്ഞു. ധര്‍മ്മം പാലിക്കാനുള്ള അയാളുടെ മഹത്തരമായ കടുംപിടുത്തം എന്നില്‍ അത്ഭുതമുളവാക്കി.
നമ്മുടെ രാജ്യത്ത് ദിവസേന രക്തച്ചൊരിച്ചിലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. കുട്ടികള്‍ പട്ടിണിമൂലം മരണപ്പെടുന്നു; അല്ലെങ്കില്‍ അടിമവേലയ്ക്കു വില്‍ക്കപ്പെടുന്നു. ജനതതിയുടെ പാതിയോളം സദാചാര അടിമത്തത്തില്‍ പെട്ടുകിടക്കുന്നു. ഓരോ ദിനവും കുടുംബബന്ധങ്ങള്‍ തകര്‍ന്നടിയുന്നു.
കൂട്ടുകാര്‍ തമ്മില്‍ നുണപറഞ്ഞാഹ്ലാദിക്കുന്നു. കരിയറില്‍ സഹപ്രവര്‍ത്തകരുടെ കുതികാല്‍ വെട്ടിയും സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കുന്നു. ഒരു പാവപ്പെട്ടവന് ഒരുമാസം കഴിയാനാവശ്യമായ തുക ധനികന്‍ ഒരു മിനിട്ടില്‍ ചെലവാക്കുന്നു.
എന്നിട്ടും .... ഇതാ ഇവിടെ ഇന്ത്യയുടെ ധാര്‍മ്മികചൈതന്യം ജീവനോടെ നിലനില്‍ക്കുന്നു, അര്‍ഹതപ്പെട്ടതിലേറെ വാങ്ങാന്‍ ഈ മനുഷ്യന്‍ കാണിച്ച വൈമുഖ്യത്തിലൂടെ, വലിയ പ്രഖ്യാപനങ്ങളില്ലാതെ, ത്യാഗത്തെപ്പറ്റിയോ സ്വന്തം മതത്തെപ്പറ്റിയോ വീമ്പിളക്കലില്ലാതെ, ഒരാളെയും കുറ്റപ്പെടുത്താതെ. എന്‍റെ വീടിനു നേര്‍ക്കുള്ള ഒരു നോട്ടം മാത്രം മതിയായിരുന്നു, ഈ 100 രൂപയുടെ നഷ്ടം എനിക്ക് ഒരു മാറ്റവുമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് അയാള്‍ക്ക് ചിന്തിക്കാന്‍, തന്‍റെ കുടുംബത്തിനു വേണ്ടി അതു വാങ്ങാന്‍. എന്നാല്‍ നമുക്ക്അപരിചിതമായൊരു യാദൃച്ഛികത്വമാണിത്.
ഞാന്‍ ചെയ്ഞ്ചുമായി തിരിച്ചെത്തുമ്പോള്‍ അയാള്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കൂലി വാങ്ങി നന്ദിഭാവത്തില്‍ തലയാട്ടി. ആ പഴഞ്ചന്‍ ഓട്ടോറിക്ഷ ഒരു ഇരമ്പലോടെ കുലുങ്ങിക്കൊണ്ട് ഗതാഗതത്തിരക്കിലലിഞ്ഞു പോയപ്പോള്‍ ഈ അത്ഭുതാവഹമായ യാദൃച്ഛികതയില്‍ ഞാന്‍ മുഴുകിപ്പോയി. മഴ നനയാതെ കാത്തു കൊണ്ടുവന്ന ഈ ചിത്രങ്ങള്‍ മൂല്യങ്ങളെയും വ്യക്തിധര്‍മ്മങ്ങളെയും പറ്റി കുട്ടികള്‍ക്കായുള്ള ഒരു പുസ്തക പരമ്പരയ്ക്കുവേണ്ടിയുള്ളതായിരുന്നു. ഇവിടെ സ്വന്തം പ്രവൃത്തിയിലൂടെ ജീവിക്കുന്ന ഒരു ചിത്രീകരണമായി ഒരാള്‍ എന്‍റെ വീട്ടിലേയ്ക്കു വന്നു. ഞാന്‍ സാവധാനം മുകളിലേയ്ക്കു പടികയറിപ്പോയി. അയാളുടെ പേരു ചോദിക്കാന്‍ ഞാന്‍ മറന്നല്ലോ?