news-details
ധ്യാനം

അപരിചിതനെപ്പോലെ കൂടെ നടന്ന യേശുവിനെ നോക്കി 2 ശിഷ്യന്മാര്‍ പറഞ്ഞു: "പകല്‍ അവസാനിക്കുന്നു. ഞങ്ങളുടെ കൂടെ വസിക്കുക." രാത്രിയ്ക്കുശേഷം പ്രഭാതം തീര്‍ച്ച എന്നതുപോലെ ക്ഷണികമായ ഈ സഹനങ്ങള്‍ക്കുശേഷം സഭയ്ക്കു മഹത്വമുണ്ടെന്നുള്ള ഉറപ്പ് നാം ഇവിടെ കാണുന്നു. മുമ്പു പലരോടും സംസാരിച്ചവരാണവര്‍. ഹൃദയത്തെ ജ്വലിപ്പിക്കുന്ന അവസരം അന്നൊന്നുമുണ്ടായിട്ടില്ല. അവരുടെയുള്ളിലെ ഭീതിയകറ്റി പ്രതീക്ഷ അണയാതെ സൂക്ഷിക്കുവാന്‍ സഹയാത്രികനെ അവര്‍ ക്ഷണിക്കുന്നു. അവന്‍ അവരുടെ കൂടെയിരുന്ന് അപ്പം മുറിച്ചു. തന്‍റെ ശാരീരിക സാന്നിദ്ധ്യം കൊണ്ട് ശിഷ്യരില്‍ നിന്നകന്നെങ്കിലും തന്നെത്തന്നെ അപ്പത്തിന്‍റെ രൂപത്തില്‍ നല്‍കി കൊണ്ട് അവരോടൊപ്പം വസിക്കുന്നു. വിശ്വാസസമൂഹത്തിന് യേശുവിന്‍റെ സാന്നിദ്ധ്യത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുക സാദ്ധ്യമല്ല. അപ്പം മുറിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ തുറന്നു. ദൈവികസാന്നിദ്ധ്യം തിരിച്ചറിഞ്ഞ ഒരു ജനത്തിന്‍റെ സാക്ഷ്യവും ഉറപ്പും ഇവിടെ പ്രകടമാണ്. തങ്ങള്‍ പ്രതീക്ഷിക്കുന്ന മിശിഹായാല്‍ മുറിക്കപ്പെടാനായി യഹൂദര്‍ ഒരപ്പം മാറ്റിവച്ചിരിക്കും. അതുവരെ അവര്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു ധൈര്യം മിശിഹാ അപ്പം മുറിച്ചപ്പോള്‍ അവര്‍ക്കു ലഭിച്ചു. തങ്ങള്‍ ഏതു സാഹചര്യത്തില്‍ നിന്ന് ഓടിയൊളിക്കുവാന്‍ ശ്രമിച്ചോ ആ സ്ഥലത്തേയ്ക്കും സാഹചര്യത്തിലേയ്ക്കും അവര്‍ തിരിച്ചു ചെല്ലുന്നു. നമ്മെ ഭീതിപ്പെടുത്തുന്ന ജീവിത സാഹചര്യങ്ങളില്‍നിന്ന് ഒളിച്ചോടാതെ സഹയാത്രികന്‍റെ സാന്നിദ്ധ്യമനുഭവിച്ച് പ്രതിസന്ധികളെ അതിജീവിക്കുവാന്‍ നമുക്കു കഴിയണം.

പഴയനിയമകാലം മുതല്‍ ദൈവം കൂടെ വസിച്ചവരെയും ദൈവത്തോടുകൂടെ വസിച്ചവരെയും നമുക്കു കാണുവാന്‍ കഴിയും. ദൈവസാന്നിദ്ധ്യം കൂടെ വസിച്ചപ്പോള്‍ ഇസ്രായേല്‍ ജനത ശക്തി സംഭരിച്ചു. ദൈവികസാന്നിദ്ധ്യം ചോര്‍ന്നുപോയപ്പോള്‍ സാംസണ്‍ പരാജയപ്പെട്ടു. തീച്ചൂളയിലും സിംഹക്കുഴിയിലുമെല്ലാം ബലം പകര്‍ന്നതും ദൈവസാന്നിദ്ധ്യമായിരുന്നു. "കര്‍ത്താവു കൂടെയുണ്ടെങ്കില്‍ എല്ലാം സാദ്ധ്യമാണ്" എന്ന് പൗലോസ് പറയുന്നതും ശ്രദ്ധിക്കേണ്ടതാണ് (ഫിലി4/13). ഉത്ഥാനത്തിനുശേഷം ശിഷ്യന്മാര്‍ ശക്തിസംഭരിച്ചത് ഉത്ഥിതന്‍റെ സാന്നിദ്ധ്യത്തിലാണ്. ഭയചകിതരായി മുറിയടച്ചിരുന്ന ശിഷ്യന്മാര്‍ ധീരമതികളായ പ്രഘോഷകരായി മാറുന്നത് നാം കാണുന്നു. അന്ധകാരത്തിന്‍റെ ബന്ധനമെല്ലാം മാറി ദൈവമക്കളുടെ  സന്തോഷത്തോടെ അവര്‍ ചുറ്റിസഞ്ചരിച്ചു. എമ്മാവൂസ് യാത്രയില്‍ ചില തിരിച്ചറിവുകള്‍ അവര്‍ക്കു ലഭിക്കുന്നതായാണ് നാം കാണുന്നത്. ജറുസലേമില്‍ നില്‍ക്കേണ്ട ഞങ്ങള്‍ എമ്മാവൂസിലേക്കാണു പോകുന്നതെന്ന ബോധം അവര്‍ക്കുണ്ടായി. കര്‍ത്താവിന്‍റെ മരണത്തിനും മഹത്വീകരണത്തിനും വേദിയായ ജറുസലേമില്‍ നിന്ന് ശക്തി സംഭരിക്കേണ്ടവര്‍ അവനെ വിട്ടുപോകുന്നു. അകന്നുപോയി എന്ന ബോദ്ധ്യം വന്നാലേ തിരിച്ചു നടക്കുവാന്‍ കഴിയൂ. ആ തിരിച്ചറിവില്‍ അവര്‍ തിരിച്ചു നടന്നു.
 
തങ്ങള്‍ എമ്മാവൂസിലേക്കു പോകേണ്ടവരല്ല എന്ന തിരിച്ചറിവും അവര്‍ക്കുണ്ടായി. പോകുന്ന സ്ഥലത്തെക്കുറിച്ചും, തിരിച്ചു പോകേണ്ടസ്ഥലത്തെക്കുറിച്ചുമെല്ലാമുള്ള ഓര്‍മ്മകള്‍ അവരുടെ ഹൃദയങ്ങളിലുയര്‍ന്നുവന്നു. അതവരെ തിരിച്ചു നടത്തുകയും ഒരു പുതുജീവിതത്തിലേക്കു നയിക്കുകയും ചെയ്തു. ഈസ്റ്ററിന്‍റെ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന നാളുകളാണിത്. ഉത്ഥിതനില്‍ നിന്നും വളരെ വേഗം നമ്മളകന്നുപോയോ? തര്‍ക്കങ്ങളും ആകുലതകളും നമ്മുടെ മനസ്സിനെ മഥിക്കുന്നുണ്ടോ? പരിഹാരത്തിനായി ഉത്ഥിതനിലേയ്ക്കു തിരിയുക. മരവിച്ചു പോയ ഹൃദയം ജ്വലിക്കാന്‍ ഒരു വഴിയേ ഉള്ളൂ. ഉത്ഥിതനോടു സംസാരിച്ചുകൊണ്ടു നടക്കുക. ഇരുള്‍ പരന്ന ജീവിതത്തില്‍ പ്രകാശം കടന്നുവരുവാന്‍ ഒരു വഴിയേ ഉള്ളൂ. ഉത്ഥിതനെ ഹൃദയത്തില്‍ പ്രവേശിപ്പിക്കുക. അടഞ്ഞുപോയ ആന്തരിക നയനങ്ങള്‍ തുറക്കുവാനുള്ള ഏക മാര്‍ഗ്ഗം നുറുക്കപ്പെട്ട അപ്പത്തിലേക്കു നോക്കുക എന്നതാണ്. ജറുസലേം എമ്മാവൂസ് യാത്ര ഒരു ക്രിസ്തുശിഷ്യന്‍റെ ആവര്‍ത്തിച്ചുള്ള അനുഭവമാണ്. ഓരോ നിമിഷവും തിരിയുവാനും തിരിച്ചുനടക്കുവാനും ഉത്ഥിതന്‍ നമ്മെ ക്ഷണിക്കുന്നു.

You can share this post!

ഉത്ഥാനവഴികള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

എന്താണ് പ്രാര്‍ത്ഥന

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts