news-details
മറ്റുലേഖനങ്ങൾ

രക്തദാനം ഹൃദയത്തിന് നല്ലത്

രക്തദാനം മറ്റൊരു ജീവനെത്തന്നെ രക്ഷിച്ചേക്കാം. ഒപ്പം, സ്വന്തം ജീവനും അതു നല്ലതാണ്. ദാനധര്‍മ്മം കൊണ്ടു ലഭിക്കുന്ന നന്മയല്ല ഇവിടുത്തെ വിവക്ഷ. രക്തത്തിന്‍റെ ചില സ്വഭാവസവിശേഷതകള്‍ക്കൊണ്ടുണ്ടാകുന്ന നന്മയെക്കുറിച്ചാണ് പറയുന്നത്.
അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപ്പിഡമോളജി ആന്‍ഡ് ഹാര്‍ട്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചില പഠനങ്ങള്‍, രക്തം ദാനംചെയ്യുന്ന ഒരാള്‍ക്കു ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറവായിരിക്കുമെന്നു സ്ഥാപിക്കുന്നു.

രക്തം ദാനം ചെയ്യുന്നതോടെ, പുതിയ രക്തകോശങ്ങള്‍ നിര്‍മ്മിക്കപ്പെടേണ്ടതായി വരുന്നു. ഇത്, ചുവന്ന രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന എല്ലുകളിലെ മജ്ജയെ പ്രവര്‍ത്തനക്ഷമമാക്കുന്നു. ചില പഠനങ്ങള്‍ പറയുന്നത് 450 മി. ലി. രക്തം കൊടുത്താല്‍, ദാതാവിന്‍റെ ശരീരത്തിലെ 650 കലോറി കത്തിത്തീരുമെന്നാണ്. തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ടെക്നോളജിയിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍റെ തലപ്പത്തുള്ള ജെയ്സി മാത്യു പറയുന്നു: "കലോറി നഷ്ടപ്പെടുന്നതിനെക്കുറിച്ച് നമ്മള്‍ ഇവിടെ പഠനമൊന്നും നടത്തിയിട്ടില്ല. എങ്കിലും, ഹീമോഗ്ലോബിന്‍റെ അളവു വളരെ കൂടുതലുള്ള പുരുഷന്മാരിലെ രക്തചംക്രമണം സാവധാനമായിരിക്കുമെന്നുള്ളത് വളരെ വ്യക്തമായ വസ്തുതയാണ്."

രക്തദാനം തീര്‍ച്ചയായിട്ടും രക്തത്തിന്‍റെ കട്ടി കുറയ്ക്കുമെന്നും ശരീരത്തിന്‍റെ എല്ലാ ഭാഗത്തും, ചെറിയ സൂക്ഷ്മ രക്തവാഹിനികളില്‍ പോലും, രക്തത്തിന്‍റെ ഒഴുക്ക് സുഗമമാക്കുമെന്നും അവര്‍ പറഞ്ഞു. എല്ലായിടത്തും ഓക്സിജന്‍ എത്തിയാല്‍ അതു ശരീരത്തെ ആരോഗ്യമുള്ളതാക്കി സൂക്ഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൊതുവേ സ്ത്രീകളില്‍ രക്തത്തിന്‍റെ അളവു കുറവാണ്. ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാത്തതുകൊണ്ടും രക്തസ്രാവം മൂലവും മറ്റും സ്ത്രീകളില്‍ ഹീമോഗ്ലോബിന്‍റെ അളവു കുറവായിരിക്കുമെന്നാണ് കൊച്ചിന്‍ ഒബ്സ്റ്റെട്രിക്സ് ആന്‍റ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയുടെ സെക്രട്ടറി ഗ്രെയ്സി തോമസിന്‍റെ അഭിപ്രായം. ഇന്ത്യയിലെ ഗര്‍ഭിണികളില്‍ അറുപതു ശതമാനത്തോളം പേരില്‍ രക്തത്തിന്‍റെ കുറവു കണ്ടുവരുന്നു. ഹീമോഗ്ലോബിന്‍റെ അളവു കുറവുള്ള സ്ത്രീകള്‍ നല്ലഭക്ഷണം കഴിക്കുന്നതു ശീലമാക്കണമെന്ന് ഡോ. ജെയ്സി മാത്യു മുന്നറിയിപ്പു നല്കുന്നു.

"സ്ത്രീകളെ അപേക്ഷിച്ച് താരതമ്യേന ചെറുപ്രായത്തില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരിലാണ് കൂടുതലുള്ളത്. ഇതിനു കാരണം പുരുഷന്മാരുടെ രക്തത്തിലെ ഇരുമ്പിന്‍റെ അളവു കൂടുതലായതുകൊണ്ടാണ്," ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ജെറോം സള്ളിവാനെ ഉദ്ധരിച്ചുകൊണ്ട് പറയുന്നത് ആലുവായിലെ ബ്ലഡ് ബാങ്ക് സെന്‍ററിന്‍റെ തലവന്‍ എന്‍. വിജയകുമാറാണ്. സ്ത്രീകളില്‍ ആര്‍ത്തവം സംഭവിക്കുന്നതുകൊണ്ട് അവരുടെ രക്തത്തിലെ ഇരുമ്പിന്‍റെ അംശം സ്വതവേ കുറഞ്ഞിരിക്കും; പക്ഷേ പുരുഷന്മാരില്‍ അതു ശേഖരിക്കപ്പെടുകയാണു ചെയ്യുന്നത്.

ചുവന്ന രക്താണുക്കളിലുള്ള ഹീമോഗ്ലോബിന്‍റെ ഒരു അവിഭാജ്യഘടകമാണ് ഇരുമ്പ്. ധമനികളെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ കൊളസ്ട്രോളിന്‍റെ ഓക്സിഡേഷന് ഇരുമ്പു കാരണമാകാറുണ്ട്. അതുകൊണ്ട്, രക്തത്തിലെ ഇരുമ്പിന്‍റെ അളവുകൂടുന്നത് പലവിധ രോഗങ്ങള്‍, പ്രത്യേകിച്ച് ഹൃദയം, കരള്‍, കിഡ്നി ഇവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ 1000 മി. ഗ്രാം വരെ ഇരുമ്പ് രക്തത്തില്‍ കാണപ്പെടുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതേസമയം ആര്‍ത്തവം നിലയ്ക്കാത്ത സ്ത്രീകളില്‍ ഇരുമ്പിന്‍റെ അളവ് 300 മി. ഗ്രാം മാത്രമാണ്. ആര്‍ത്തവം നിലച്ച സ്ത്രീകളില്‍ ഇരുമ്പിന്‍റെ അംശം കൂടുന്നതായും കണ്ടുവരുന്നു. അത്തരം സ്ത്രീകളില്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഇവയില്‍നിന്നൊക്കെ മനസ്സിലാക്കാനാവുന്നത് ഇരുമ്പിന്‍റെ അളവു ശരീരത്തില്‍ ഏറുന്നതിനനുസരിച്ച് ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുമെന്നാണ്.

വിവിധ പോഷകാംശങ്ങളുള്ള ഭക്ഷണം കഴിക്കുന്നതും മൂന്നുമാസം കൂടുമ്പോള്‍ ഒരിക്കല്‍ രക്തം ദാനം ചെയ്യുന്നതും ആരോഗ്യത്തോടെ ജീവിക്കാനും  വാര്‍ദ്ധക്യകാലം കുറച്ചുകൂടി മെച്ചമാക്കാനും  നമ്മെ സഹായിക്കും.

ഇന്ത്യക്കാര്‍ക്ക് അറുപതുവയസുവരെ രക്തദാനം നടത്താമെന്നാണ് ഡോ. വിജയകുമാര്‍ പറയുന്നത്. വികസിത രാഷ്ട്രങ്ങളില്‍പ്പെട്ടവര്‍ക്ക് അറുപതു കഴിഞ്ഞാലും രക്തദാനം നടത്താവുന്നതാണ്. "രോഗങ്ങളൊന്നുമില്ലാത്ത, ആരോഗ്യമുള്ളയാര്‍ക്കും രക്തം കൊടുക്കാവുന്നതാണ്" അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. രക്തദാനത്തിനായി ദാതാവ് ചെല്ലുന്ന ഓരോ തവണയും അദ്ദേഹത്തിന്‍റെ രക്തത്തിലെ പഞ്ചസാരയുടെ അളവു നോക്കുന്നതാണ്. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്. ഐ. വി., സിഫിലിസ്, മലേറിയ എന്നീ രോഗങ്ങളുണ്ടോയെന്നും പരീക്ഷിക്കുന്നതാണ്. സ്വന്തം ശരീരം ആരോഗ്യമുള്ളതായി എന്നും കാത്തുസൂക്ഷിക്കാന്‍ ഇടയ്ക്കിടെ ലഭിക്കുന്ന ഈ വിവരങ്ങള്‍  ഒരാള്‍ക്കു പ്രയോജനപ്പെടുന്നു.

You can share this post!

പത്ത് കൗമാരപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts