യേശു തന്‍റെ ശിഷ്യന്മാരെ ലോകത്തിന്‍റെ അതിര്‍ത്തികളിലേക്ക് അയയ്ക്കുമ്പോള്‍ അവര്‍ക്കു ചില നിര്‍ദ്ദേശങ്ങള്‍ നല്കുന്നതായി നാം കാണുന്നു. പരിശുദ്ധാത്മാവിന്‍റെ നിറവില്‍ ശിഷ്യര്‍ ലോകമെങ്ങും ചുറ്റിസഞ്ചരിച്ചു. കര്‍ത്താവ് നല്കിയ 10 നിര്‍ദ്ദേശങ്ങള്‍ അവര്‍ മനസ്സില്‍ സൂക്ഷിച്ചു. പഴയനിയമത്തില്‍ ഫറവോയ്ക്ക് 10 ശിക്ഷകള്‍ നല്കിയ ദൈവം പുതിയ നിയമത്തില്‍ മോശ വഴി തന്‍റെ ജനത്തിന് 10 കല്പനകള്‍ നല്കി. ഇവിടെ ശിഷ്യന്മാര്‍ക്കും യേശു 10 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതായി സുവിശേഷം രേഖപ്പെടുത്തുന്നു. ഒന്നാമതായി ശിഷ്യത്വം ദൈവം നല്കിയ ദാനമാണെന്നു പറയുന്നു. സ്വന്തം സാമര്‍ത്ഥ്യമോ കുടുംബമഹിമയോ ഒന്നുമല്ല അടിസ്ഥാനം. തനിക്കിഷ്ടമുള്ളവരെ അവന്‍ വിളിക്കുന്നു. ബലഹീനരും പഠനമില്ലാത്തവരുമെല്ലാം അതില്‍പ്പെടുന്നു. എല്ലാം ദൈവത്തിന്‍റെ ദാനമാണ്. ഈ തിരിച്ചറിവ് ശിഷ്യരെ വിനീതരാക്കുന്നു. രണ്ടാമതായി പറയുന്നത് ദാനമായി ലഭിച്ചത് ദാനമായി നല്കണമെന്നാണ്. ഒന്നും സ്വന്തമായി വച്ചുകൊണ്ടിരിക്കരുത്. നമ്മുടെ സമ്പത്തും കഴിവുകളുമെല്ലാം മറ്റുള്ളവര്‍ക്കായി ചെലവഴിക്കണം. സൂക്ഷിക്കുവാനേല്പിച്ചവയായി എല്ലാത്തിനെയും കാണണം. നമ്മള്‍ കാവല്‍ക്കാരാണ് (ഉല്‍പത്തി 2/10).
യാത്രാമധ്യേ ആരോടും സംസാരിക്കരുതെന്നാണ് അടുത്ത കല്പന. ഗൗരവമുള്ള ഉത്തരവാദിത്വമേല്പിക്കപ്പെട്ടവര്‍ അതിന്‍റെ ഗൗരവം വിട്ടുകളയരുത്. കൈയില്‍ മെഴുകുതിരിയുമായി കാറ്റത്തു സഞ്ചരിക്കുന്നവന്‍റെ ശ്രദ്ധ ശിഷ്യന്മാര്‍ ജീവിതത്തില്‍ പുലര്‍ത്തണം. നാലാമതായി പറയുന്നത് സുരക്ഷിതത്വം വെടിയുന്നതിനെക്കുറിച്ചാണ്. ചെരിപ്പ് ധരിക്കരുത് എന്നു പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്? മനുഷ്യനിര്‍മ്മിതമായ സുരക്ഷിതത്വമാണ് ചെരുപ്പ്. കാലില്‍ മുള്ളുകൊള്ളാതിരിക്കാനും പൊടി പറ്റാതിരിക്കാനും കല്ലില്‍ തട്ടി കാലിനു പരിക്കുപറ്റാതിരിക്കാനും ഉപയോഗിക്കുന്നതാണ് ചെരുപ്പ്. സുരക്ഷിതത്വത്തിന്‍റെ മേഖല കര്‍ത്താവിനു വിട്ടുകൊടുക്കണം. കൈയില്‍ പണസഞ്ചി കരുതരുതെന്നാണ് അടുത്ത കല്പന. ദാനത്തെ മറന്ന് ദാതാവിനെ ഓര്‍ത്തു ജീവിക്കാനുള്ള ആഹ്വാനമാണിത്. "നീ മതി, നിന്‍റെ സൃഷ്ടവസ്തുക്കളെ വേണ്ട" എന്നു പറയാനുള്ള ആര്‍ജ്ജവത്വം ശിഷ്യനിലുണ്ടാവണം. കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും ജീവിതം പാഴാക്കരുത്. അവയേക്കാള്‍ ഗൗരവമുള്ള പലതും നമുക്കു ചെയ്യാനുണ്ടല്ലോ.
ആറാമതായി ഓര്‍മ്മിപ്പിക്കുന്നത് ആശ്രയബോധത്തെക്കുറിച്ചാണ്. 'വടി എടുക്കരുത്' എന്നാണ് നിര്‍ദ്ദേശം. മോശയ്ക്ക് വാര്‍ദ്ധക്യത്തില്‍ ഒരു വടി കൊടുത്തു. ഊന്നിനടക്കാനുള്ള വടി. താഴെ വീഴാതെ താങ്ങിനടത്തുന്നതാണ് വടി. എന്നെ താങ്ങി നിര്‍ത്തുന്നവന്‍ ദൈവം മാത്രമാണ്. 125-ാം സങ്കീര്‍ത്തനം ഒന്നാം വാക്യത്തില്‍ ഇപ്രകാരം പറയുന്നു: "യഹോവയില്‍ ആശ്രയിക്കുന്നവന്‍ സീയോന്‍ പര്‍വ്വതംപോലെ ഉറച്ചുനില്ക്കും." ലോകത്തിലാരിലെങ്കിലും ആശ്രയം വച്ചാല്‍ നിരാശയാണ് ഫലം. നമ്മുടെ ആശ്രയവും അഭയശിലയും ദൈവം മാത്രമായിരിക്കണം. സമാധാനത്തിന്‍റെ ഉപകരണമായി ശിഷ്യര്‍ മാറണമെന്നതാണ് അടുത്ത കല്പന. നിങ്ങള്‍ ചെല്ലുന്നിടത്തെല്ലാം സമാധാനം ആശംസിക്കണം. എന്‍റെ ഹൃദയത്തിലുള്ള സമഗ്രതയാണ് സമാധാനം. എന്‍റെ ഹൃദയത്തില്‍ സമാധാനം ഉണ്ടെങ്കിലേ പുറത്തേയ്ക്കു പകരുവാന്‍ കഴിയൂ. ഹൃദയം കലങ്ങിമറിയുന്നവനു മറ്റുള്ളവരെ സമാധാനത്തിലേക്ക് നയിക്കാനാവില്ല. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ഹൃദയത്തില്‍ സമാധാനം നിറഞ്ഞുകവിഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിച്ചു: "കര്‍ത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ."
എട്ടാമത്തെ ഉപദേശം സ്ഥിരതയെക്കുറിച്ചാണ്. ഒരു സ്ഥലത്തുചെല്ലുമ്പോള്‍ അവിടെ ഉറച്ചുനില്ക്കാനും നമ്മുടെ തീരുമാനങ്ങളില്‍ സ്ഥിരതവേണം. ഇടപെടലുകളില്‍, ബന്ധങ്ങളില്‍ സ്ഥിരത വേണം. നിലപാടുകളില്‍ സ്ഥിരത വേണം. ആകാശത്തില്‍ മഴക്കാറു കയറുന്നതുപോലെ വികാരങ്ങള്‍ മാറിമറയരുത്. എന്‍റെ സ്വഭാവം എപ്രകാരമുള്ളതാണെന്ന് ഉറപ്പിച്ചു പറയുവാനും ചിന്തിക്കുവാനും മറ്റുള്ളവര്‍ക്ക് കഴിയണം. പ്രാവിന്‍റെ നിഷ്കളങ്കതയില്‍ ജീവിക്കാനുള്ള നിര്‍ദ്ദേശമാണ് അടുത്തത്. മാനുഷികമായ എന്തെല്ലാം ദൗര്‍ബല്യങ്ങളുണ്ടെങ്കിലും ഉള്ളില്‍ നിഷ്കളങ്കമായ മനസ്സുണ്ടാവണം. ശിശുക്കളെപ്പോലെ നിഷ്കളങ്കരായവരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും. അവസാനത്തെ നിര്‍ദ്ദേശമായി നല്കുന്നത് സര്‍പ്പത്തിന്‍റെ വിവേകമുള്ളവരായി ശിഷ്യര്‍ ജീവിക്കണമെന്നാണ്. കാഴ്ചയില്ലാത്ത സര്‍പ്പം അപകടവഴികളെ തരംഗങ്ങളില്‍ നിന്ന് തിരിച്ചറിയും. വഴിമാറി സര്‍പ്പം ഇഴഞ്ഞുനീങ്ങും. പാപവഴികളെ തിരിച്ചറിഞ്ഞ് വഴി മാറി നടന്നുനീങ്ങുന്നവരായിരിക്കണം ക്രിസ്തുശിഷ്യര്‍. ഈ ചിന്തകള്‍ നമ്മുടെ ശിഷ്യത്വജീവിതത്തെ ക്രമീകരിക്കട്ടെ.