ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടുനേടുന്നതല്ല ഇത്. ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം. അനുഗ്രങ്ങള്‍ ലഭിക്കുന്നതിനായി മനുഷ്യന്‍ ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. ഉല്‍പ്പത്തി പുസ്തകത്തിന്‍റെ 12-ാമദ്ധ്യായത്തില്‍ അബ്രാഹവുമായി ദൈവം നടത്തുന്ന സംഭാഷണത്തില്‍ ഈ അനുഗ്രഹത്തിന്‍റെ വ്യവസ്ഥകള്‍ നാം കാണുന്നുണ്ട്.
അബ്രാഹം അനുഗ്രഹം പ്രാപിച്ചതിന്‍റെ ഒന്നാമത്തെ കാരണം ത്യജിക്കേണ്ടതിനെ ത്യജിക്കാനുള്ള സന്നദ്ധതയായിരുന്നു. സ്വന്തദേശത്തെയും പിതൃഭവനത്തെയും ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവനതു ചെയ്തു. ഭൗതികമായി നേടുവാന്‍ കഴിയുമായിരുന്ന സൗഭാഗ്യങ്ങളെ അബ്രാഹം ഉപേക്ഷിച്ചു. സഹോദരന്‍ ലോത്ത് ഏറ്റവും നല്ല ഭൂപ്രദേശം ആവശ്യപ്പെട്ടപ്പോള്‍ പരാതികൂടാതെ അബ്രാഹം വിട്ടുകൊടുത്തു. ജീവിതയാത്ര മുഴുവന്‍ ത്യാഗത്തിന്‍റേതായിരുന്നു. ഉപേക്ഷയുടെ ഒരു ജീവിതംവഴി ഉപരിനന്മ തേടിയ അബ്രാഹത്തെയാണ് നാം കാണുന്നത്. ദൈവത്തിന്‍റെ അനുഗ്രഹം ലഭിക്കണമെങ്കില്‍ ഈ ലോകത്തോട് നമ്മെ ആകര്‍ഷിപ്പിക്കുന്നതും, നമ്മുടെ ആശകളെ വശീകരിക്കുന്നതുമായ ഭൗതികകാര്യങ്ങളോടുള്ള വേര്‍പാട് അനിവാര്യമത്രെ. രണ്ടു യജമാനന്മാരെ ഒരുമിച്ചു സേവിക്കുവാന്‍ സാദ്ധ്യമല്ലെന്നും തനിക്കുള്ളതെല്ലാം ത്യജിക്കാതെ തന്‍റെ ശിഷ്യരായിരിക്കുവാന്‍ സാദ്ധ്യമല്ലെന്നുമുള്ള യേശുവിന്‍റെ തിരുവചനങ്ങളെ നാം ധ്യാനിക്കണം.
ഒരുവന്‍റെ അവകാശങ്ങളെ സന്തോഷത്തോടുകൂടി വിട്ടുകൊടുക്കുമ്പോഴാണ് ദൈവാനുഗ്രഹം കടന്നു വരുന്നത്. പരിഭവം കൂടാതെ അബ്രാഹം തന്‍റെ പ്രിയപ്പെട്ട മകനെ ദൈവത്തിനു കൊടുത്തു. ഏറ്റവും ഇഷ്ടപ്പെട്ടതൊക്കെ ജീവിതത്തില്‍ നഷ്ടപ്പെടുമ്പോള്‍ പതറാതെ നില്‍ക്കുവാന്‍ നമുക്കു കഴിയുമോ? തന്‍റെ പുറങ്കുപ്പായം ആവശ്യപ്പെടുമ്പോള്‍ അകത്തുള്ളതു കൂടി കൊടുക്കുവാനും, ഒരു മൈല്‍ ദൂരം കൂടെ നടക്കുവാനാവശ്യപ്പെടുന്നവനൊപ്പം മറ്റൊരു മൈല്‍കൂടി നടക്കുവാനും യേശു പഠിപ്പിക്കുന്നത് നാം ധ്യാനവിഷയമാക്കണം. ഇത്തരത്തിലുള്ള മനോഭാവം കാത്തുസൂക്ഷിക്കുന്നവനെ ദൈവം അനുഗ്രഹിക്കും.
സോദോമില്‍ നിന്നും അനര്‍ഹമായി ലഭിച്ച ധനമെല്ലാം അബ്രാഹം ഉപേക്ഷിച്ചു. നാം ആവശ്യപ്പെടാതെ ലഭിക്കുന്നതെല്ലാം വാങ്ങുന്നതില്‍ തെറ്റില്ല എന്നു കരുതുന്നവരുണ്ട്. ഏതു മാര്‍ഗ്ഗത്തില്‍കൂടി പണം ലഭിച്ചാലും അതു ദൈവത്തില്‍ നിന്നും ലഭിക്കുന്നതാണെന്നു തെറ്റിദ്ധരിക്കുന്നവരുമുള്ള ധനപരമായ സമൃദ്ധിയാണ് ദൈവാനുഗ്രഹമെന്നു പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന സഭാവിഭാഗങ്ങളെയും കണ്ടിട്ടുണ്ട്. പണസംബന്ധമായ കാര്യങ്ങളിലെ ചെറിയ അവിശ്വസ്തതകള്‍പോലും ദൈവത്തില്‍ നിന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് തടസ്സമായിത്തീരാം. മറ്റു പല ബലഹീനതയേക്കാള്‍ ഒരു മനുഷ്യനിലുള്ള തിന്മ അവന്‍റെ സമ്പത്തിനോടുള്ള ആര്‍ത്തിയാണ്. എല്ലാം തികഞ്ഞവനെന്നു കരുതിയ യുവാവിനോട് "നിനക്കൊരു കുറവുണ്ട്, നിനക്കുള്ളതെല്ലാം ഉപേക്ഷിച്ചിട്ടു എന്‍റെ പിന്നാലെ വരിക" എന്നു പറഞ്ഞ കര്‍ത്താവിന്‍റെ വചസ്സുകള്‍ നമ്മുടെ മുമ്പിലുണ്ടല്ലോ.
നാലാമതായി അബ്രഹാമിനെ ദൈവം അനുഗ്രഹിച്ചതിന്‍റെ ഒരു പ്രധാന കാരണം അവന്‍റെ അനുസരണമാണ്. മോശയോട് "ഞാന്‍ അബ്രാഹത്തിന്‍റെ ദൈവമാണ്" എന്നു പറയുമ്പോള്‍ അനുസരിക്കുന്നവരെ അനുഗ്രഹിക്കുന്ന ദൈവമെന്നാണ് അര്‍ത്ഥം വയ്ക്കുന്നത്. തന്‍റെ ഭവനത്തില്‍ വളര്‍ന്ന ഹാഗാറിനെയും ഇസ്മായേലിനെയും അബ്രാഹം അനുസരണം മൂലം ഉപേക്ഷിച്ചു. പ്രിയപുത്രന്‍ ഇസഹാക്കിനെ ബലിയര്‍പ്പിക്കുവാനാവശ്യപ്പെട്ടപ്പോള്‍ അപ്രകാരം പ്രവര്‍ത്തിക്കുവാന്‍ അബ്രാഹം സന്നദ്ധനായി. ജനതകളുടെ പിതാവായിത്തീരുമെന്നു ദൈവം മുന്‍പു നല്‍കിയ വാഗ്ദാനവുമായി ഇതെങ്ങനെ ഒത്തുപോകുമെന്ന് അബ്രാഹം സംശയിച്ചില്ല. യുക്തിഭദ്രമായ തര്‍ക്കങ്ങളൊന്നും നടത്താതെ അക്ഷരംപ്രതി ദൈവത്തെ അനുസരിച്ചു. ദൈവത്തിന്‍റെ വചനം വഴിയോ, ദൈവികമനുഷ്യര്‍ വഴിയോ അവിടുന്നു സംസാരിക്കുമ്പോള്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ അനുസരിക്കുക.
അവസാനമായി ഒരു വ്യക്തിയില്‍ ദൈവാനുഗ്രഹം വരുന്നത് അവന്‍ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്‍റെ ഹിതപ്രകാരം തന്‍റെ ജീവിതത്തെ നടത്തുന്നതിനും, തന്‍റെ സമ്പത്തു മുഴുവന്‍ ദൈവഹിതപ്രകാരം ഉപയോഗിക്കുന്നതിനും അബ്രാഹം മനസ്സു കാണിച്ചു. ഈ സമ്പൂര്‍ണ്ണ സമര്‍പ്പണം ദൈവാനുഗ്രഹത്തിന്‍റെ ഒഴുകിയെത്തലില്‍ കാരണമായി. "ഇതാ കര്‍ത്താവിന്‍റെ ദാസി"യെന്ന് സമര്‍പ്പണമനസ്സോടെ മറിയം പറഞ്ഞപ്പോഴാണല്ലോ സ്വര്‍ഗ്ഗം ഭൂമിയിലിറങ്ങി മാതാവിന്‍റെ ഉദരത്തില്‍ കൂടാരമടിച്ചത്. ദൈവത്തിനുവേണ്ടി സമര്‍പ്പിച്ചവരെയെല്ലാം അവിടുന്ന് അനുഗ്രഹിച്ചിട്ടുണ്ട്. പൂര്‍വ്വപിതാക്കന്മാരെയും പ്രവാചകരെയുമെല്ലാം ഇങ്ങനെ അനുഗ്രഹിക്കുന്നതായി നാം കാണുന്നു. പറുദീസായില്‍ ആദിമാതാപിതാക്കള്‍ അനുസരണക്കേടിലൂടെ ദൈവാനുഗ്രഹം തട്ടിക്കളഞ്ഞെങ്കില്‍ അബ്രാഹം തന്‍റെ അനുസരണത്തിലൂടെ ദൈവാനുഗ്രഹം വീണ്ടെടുത്തു. ക്രിസ്തു തന്‍റെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ ഈ അനുസരണത്തിന്‍റെ മാതൃക നമ്മെ പഠിപ്പിക്കുന്നു. ദൈവഹിതത്തിന് സ്വയംവിട്ടുകൊടുത്തുകൊണ്ട് അനുസരണത്തിന്‍റെ വഴിയില്‍ നമുക്കും യാത്ര തുടരാം.