news-details
കവിത

എന്‍റെ കാലത്തിന്‍റെ നശ്വര കവിത

ഹീബ്രൂ രചനകളും അറബിരചനകളും കിഴക്കുനിന്ന്
പടിഞ്ഞാറേക്കു പോകുന്നു.
ലത്തീന്‍ രചനകള്‍ പടിഞ്ഞാറുനിന്നു കിഴക്കോട്ടും.
ഭാഷകള്‍ പൂച്ചകളെപ്പോലെയാണ്
അവയുടെ രോമങ്ങളെ എതിര്‍ദിശയില്‍ തടവരുത്.
മേഘങ്ങള്‍ കടലില്‍നിന്നുയരുന്നു, ചൂടുകാറ്റ്
മരുവില്‍ നിന്നും.
മരങ്ങള്‍ കാറ്റില്‍ വളഞ്ഞാടുന്നു,
നാലുദിക്കുകളില്‍ നിന്നുള്ള കാറ്റിലും കല്ലുകള്‍ പറക്കുന്നു
അവ എല്ലാ ദിക്കുകളിലേക്കും പറക്കുന്നു.
അവര്‍ കല്ലെറിയുന്നു-
ഇക്കരെ അക്കരയെയെറിയുന്നു, അക്കര ഇക്കരയേയും.
പക്ഷേ, കരയെന്നും കരയില്‍ത്തന്നെ തിരിച്ചെത്തുന്നു.
അവര്‍ കല്ലെറിയുന്നു-
അതിനെ ഉപേക്ഷിക്കാനെന്നവണ്ണം
അതിന്‍റെ കല്ലുകളെ, മണ്ണിനെ;
എന്നാല്‍ ഒരുനാളും നിനക്ക് കരയെ
വിട്ടുപേക്ഷിക്കാനാവില്ല.
അവര്‍ കല്ലെറിയുന്നു; എന്നെ കല്ലെറിയുന്നു
1936 ല്‍, 1938 ല്‍, 1948 ല്‍, 1988 ല്‍
സെമറ്റിക്കുകള്‍ സെമറ്റിക്കുകളെ എറിയുന്നു, ആന്‍റി-
സെമറ്റിക്കുകള്‍ ആന്‍റി - സെമറ്റിക്കുകളേയും.
ദുഷ്ടര്‍ കല്ലെറിയുന്നു; നീതിമാന്മാരും കല്ലെറിയുന്നു,
പാപികള്‍ കല്ലെറിയുന്നു; പ്രലോഭകരും കല്ലെറിയുന്നു;
ഭൗമശാസ്ത്രജ്ഞര്‍ കല്ലെറിയുന്നു; ദൈവശാസ്ത്രജ്ഞര്‍
കല്ലെറിയുന്നു,
പുരാവസ്തു ഗവേഷകര്‍ കല്ലെറിയുന്നു;
സാമൂഹ്യദ്രോഹികള്‍ കല്ലെറിയുന്നു,
വൃക്കകള്‍ കല്ലെറിയുന്നു; പിത്താശയം കല്ലെറിയുന്നു.
തല കല്ലാവുന്നു, നെറ്റിത്തടം കല്ലാവുന്നു, ഹൃദയം
കല്ലാവുന്നു;
അലറുന്ന വായ് പോലുള്ള കല്ലുകള്‍
കണ്ണടകള്‍ പോലെ കണ്‍കുഴികള്‍ക്ക് ഇണങ്ങുന്ന കല്ലുകള്‍.
ഭൂതകാലം ഭാവിയെ കല്ലെറിയുന്നു... അവയെല്ലാം
ഒരുമിച്ച് വര്‍ത്തമാനകാലത്തില്‍ വീഴുന്നു.
കരയുന്ന കല്ലുകള്‍, ചിരിക്കുന്ന പൊടിക്കല്ലുകള്‍.
വേദഗ്രന്ഥത്തിലെ ദൈവംപോലും കല്ലെറിഞ്ഞു,
അവനെറിഞ്ഞ ഉറിം തുംമീം* നീതിയുടെ മാര്‍ച്ചട്ടയിലാണ്
ഉടക്കിയത്.
ഹേറോദും കല്ലെറിഞ്ഞു, ഉരുത്തിരിഞ്ഞതാകട്ടെ ഒരു
ദേവാലയവും.
ഓ! കല്ലുപോലെ കടുത്ത സങ്കട കവിതയെ...
ഓ! കല്ലുകളുടെ പുറത്ത് എറിയപ്പെട്ട കവിതയെ...
ഓ! എറിയപ്പെട്ട കല്ലുകളുടെ കവിതയെ...
ഈ മണ്ണില്‍ എവിടെയെങ്കിലും ഒരു കല്ലുണ്ടാകുമോ-
ഒരിക്കലും എറിയപ്പെടാത്ത ഒന്ന്?
ഒരിക്കലും പണിയുകയും മറച്ചിടപ്പെടുകയും ചെയ്യാത്ത ഒന്ന്?
ഒരിക്കലും മൂടപ്പെടുകയും അനാവരണം
ചെയ്യപ്പെടുകയും ചെയ്യാത്ത ഒന്ന്?
ഒരിക്കലും മതിലില്‍നിന്ന് വിലപിക്കുകയും, പണിക്കാര്‍
ഉപേക്ഷിച്ചുകളയുകയും ചെയ്യാത്ത ഒന്ന്?
ഒരിക്കലും കുഴിമാടങ്ങളെ അടക്കാത്തതും,
പ്രണയിനികളുടെ അടിയില്‍ കിടക്കാത്തതുമായ ഒന്ന്?
ഒരിക്കലും മൂലക്കല്ലായി മാറാത്ത ഒന്ന്?
ദയവായി ഇനിമേല്‍ കല്ലുകള്‍ എറിയാതിരിക്കൂ-
നിങ്ങള്‍ നാടിനെയാണ് നീക്കംചെയ്യുന്നത്
വിശുദ്ധവും, സമഗ്രഹവും
അതിര്‍വരമ്പുകളില്ലാത്തതുമായ നാടിനെ.
നിങ്ങള്‍ അതിനെ കടലില്‍ എറിയുന്നു
കടലിനാകട്ടെ അതു വേണ്ട താനും
കടല്‍ പറയുന്നു: "എന്നില്‍ വേണ്ട"
ദയവായി കൊച്ചുകല്ലുകള്‍ എറിയൂ-
ഒച്ചിന്‍ തോടുകളും ചരലുകളും,
മാര്‍ദ്ദവമുള്ള കല്ലുകള്‍ എറിയൂ, മധുരമുള്ള മണ്‍കട്ടകള്‍ എറിയൂ,
ചുണ്ണാമ്പ് കല്ലുകള്‍ എറിയൂ, കളിമണ്ണ് എറിയൂ,
കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ എറിയൂ,
മരുഭൂമിയിലെ പൂഴി എറിയൂ, തുരുമ്പ് എറിയൂ,
മണ്ണ് എറിയൂ, കാറ്റ് എറിയൂ,
വായു എറിയൂ, ശൂന്യതയെറിയൂ,
നിങ്ങളുടെ കരങ്ങള്‍ മടുക്കുവോളം...
യുദ്ധങ്ങള്‍ മടുക്കുവോളം...
സമാധാനം മടുക്കുവോളം... അങ്ങനെ
സമാധാനമാകുവോളം!

You can share this post!

ഫ്രാന്‍സിസ് അസ്സീസിയുടെ കവിത

അന്‍റ്റോണിന്‍ അര്‍റ്റോഡ് (മൊഴിമാറ്റം: ജോസ് സുരേഷ്)
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts