news-details
മറ്റുലേഖനങ്ങൾ

എത്ര ദുഷ്കരം കൈക്കൂലിക്കാരന്‍റെ ജീവിതം!

കൈക്കൂലി എന്താണെന്ന് ഞാന്‍ ആദ്യമായിട്ടു മനസ്സിലാക്കിയത് 1965 ലാണ്. ഞാനും സുഹൃത്ത് വിജയ് സാരഥിയും ഹൈദരാബാദില്‍ കൂടി ഒരു സൈക്കിളില്‍ പോകുകയായിരുന്നു. രണ്ടുപേര്‍ ഒറ്റ സൈക്കിളില്‍ യാത്ര ചെയ്യുന്നത് -അതും ലൈറ്റില്ലാതെ- കുറ്റകരമാണല്ലോ. അന്നൊക്കെ ഡൈനാമോ ലൈറ്റല്ല, മണ്ണെണ്ണയുപയോഗിക്കുന്ന ഒരുതരം ലൈറ്റാണുള്ളത്. ഒരു ട്രാഫിക് പോലീസുകാരന്‍ എവിടെനിന്നോ ചാടിവന്നു ഞങ്ങളെ പിടികൂടി. പിഴയായി രണ്ടുരൂപയടച്ചില്ലെങ്കില്‍ സൈക്കിള്‍ കണ്ടുകെട്ടുമെന്നു ഭീഷണിപ്പെടുത്തി. ഞങ്ങള്‍ കരയാന്‍ തുടങ്ങി. ഞങ്ങളുടെ കൈയില്‍ ആകെയുണ്ടായിരുന്നത് സൈക്കിള്‍ വാടകയായ 25 പൈസയാണ്. അതയാള്‍ പിടിച്ചുവാങ്ങി പോക്കറ്റിലിട്ടു. ഇനിമേലാല്‍ ഇത്തരം കുറ്റം ആവര്‍ത്തിക്കരുതെന്നു മുന്നറിയിപ്പും തന്നു. ഇത്തരം ചില ഒത്തുതീര്‍പ്പുകളിലൂടെ നിയമത്തെ മറികടക്കാമെന്നു അങ്ങനെ ഞങ്ങള്‍ പഠിച്ചു.

പിന്നീട് ഒരിക്കല്‍ സ്കൂളില്‍വച്ച് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നതും ഞങ്ങള്‍ കണ്ടു. രണ്ടു രൂപയ്ക്ക് ഒരു കോപ്പി കിട്ടുമായിരുന്നു. ഇതൊക്കെ ഇന്നും നിലവിലുണ്ടല്ലോ. ക്ലാസ്സില്‍നിന്നു രക്ഷപെടാന്‍ ഇന്നും കുട്ടികള്‍ അസുഖമാണെന്നോ, വല്യമ്മ മരിച്ചുപോയി എന്നോ ഒക്കെ എഴുതി വ്യാജക്കത്തുകള്‍ സ്കൂളില്‍ ഹാജരാക്കാറുണ്ടല്ലോ.

വര്‍ഷങ്ങള്‍ പലതു കടന്നുപോയി. ഏറെക്കാലം അമേരിക്കയിലായിരുന്നതിനുശേഷം ഇന്ത്യയില്‍ വന്നു താമസിക്കാന്‍ തുടങ്ങി. കുട്ടിക്കാലത്തുണ്ടായിരുന്ന പലരുമായും ബന്ധം സ്ഥാപിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുതുടങ്ങി. അവരില്‍ ആദ്യത്തെയാള്‍ അന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ പെന്‍ഷന്‍ ഓഫീസില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. പരിചയമൊക്കെ പുതുക്കിയശേഷം അദ്ദേഹം പരാതിപ്പെടാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ നിരാശയുടെ കാതല്‍ ഇതാണ്: വല്ല ആര്‍. റ്റി. ഓയിലോ കൊമേഴ്സ്യല്‍ നികുതി വിഭാഗത്തിലോ രജിസ്ട്രേഷന്‍ സെക്ഷനിലോ ആയിരുന്നെങ്കില്‍ കൈക്കൂലി ഇനത്തില്‍ കൂറെക്കൂടി ഒപ്പിക്കാമായിരുന്നു! അപ്പോഴത്തെ അദ്ദേഹത്തിന്‍റെ ജോലിസ്ഥലത്ത് അതിനൊരു സാധ്യതയുമില്ലത്രേ.

ഞാനും വിജയും ധാര്‍മ്മികബോധവുമായി ബന്ധപ്പെട്ട ഏറെ കോഴ്സുകളില്‍ പങ്കെടുക്കുകയും ക്ലാസെടുക്കുകയും ചെയ്തിട്ടുണ്ട്. ശുപാര്‍ശയുമായി ഒരു അമ്പലം സന്ദര്‍ശിക്കുന്നതുപോലും അധാര്‍മ്മികമാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ബെര്‍ത്ത് ഉറപ്പാക്കാന്‍ റെയില്‍വേ ടിക്കറ്റ് എക്സാമിനര്‍ക്കു കൈക്കൂലി കൊടുക്കുന്നതും അധാര്‍മ്മികമാണ്.

എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്? അടിസ്ഥാനകാരണം, കുടുംബങ്ങളിലെ മൂല്യസംവിധാനം തകര്‍ന്നതാണ്. മാതാപിതാക്കള്‍ കുട്ടികള്‍ക്കു ധാര്‍മ്മികബോധനം നല്കുന്നില്ല. അവര്‍ എങ്ങനെയും പണം നേടാന്‍ നോക്കുന്നത് കുട്ടികള്‍ കണ്ടുപഠിക്കുകയാണ്. ഇവിടുത്തെ അഴിമതിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഭരണകൂടത്തിന്‍റെയും നീതി-ന്യായ വ്യവസ്ഥിതിയുടെയും മാത്രം മുകളില്‍ കെട്ടിവയ്ക്കുകയാണു നാം. അഴിമതി നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെയാകമാനം ഗ്രസിച്ചിരിക്കുകയാണ്. കോര്‍പ്പറേറ്റ് മേഖല, എന്‍. ജി. ഒ.കള്‍, മതങ്ങള്‍, വിദ്യാഭ്യാസം ഒന്നും ഇതില്‍നിന്നു മുക്തമല്ല. 'കൂടുതല്‍' കൊടുത്ത് കാര്യം നേടുക - ഇത് ഇന്നൊരു ശീലമാണ്.

അഴിമതി സൂക്ഷ്മ-സ്ഥൂല രൂപങ്ങളില്‍ ഇന്ന് എവിടെയും കാണാം. കള്ളം പറയുന്നത്, യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുന്നത്, കണക്കുകളില്‍ തിരിമറി നടത്തുന്നത്, സുതാര്യമല്ലാത്ത ചെയ്തികള്‍, മറന്നുപോയിയെന്നുള്ള ഒഴികഴിവുകള്‍, സമ്മാനമോ, ടിപ്പോ, സദ്യയോ നല്കുന്നത്, സംഭാവന കൊടുക്കുന്നത്, പ്രത്യേക പരിഗണന കൊടുക്കുന്നത്, കൈക്കൂലി കൊടുക്കുന്നത് എല്ലാം അഴിമതിയുടെ ചെറിയ ചെറിയ രൂപങ്ങളാണ്.

ഒരുപാടു ശ്രമിച്ചതിനുശേഷമാണ് റവന്യു ഡിപ്പാര്‍ട്ടുമെന്‍റില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൈക്കൂലി സ്വീകരിക്കുന്നയാള്‍ സമര്‍ത്ഥനായിരിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസ്സിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യത്തേത്, വാങ്ങുന്ന കൈക്കൂലി ഡിപ്പാര്‍ട്ടുമെന്‍റിലുള്ള എല്ലാവരുമായി പങ്കുവയ്ക്കുന്നതില്‍ 'സുതാര്യത' പുലര്‍ത്തണമെന്നതാണ്. ഡിപ്പാര്‍ട്ടുമെന്‍റിലെ എല്ലാവരുടെയും പരസ്പര സഹകരണം കൈക്കൂലി വിജയിക്കാന്‍ കൂടിയേ തീരൂ.

രണ്ടാമത്തേത്, ഉപഭോക്താവിനെ ശരിക്കു മനസ്സിലാക്കുക എന്നതാണ്. അയാളുടെ ആവശ്യം എന്താണെന്നും അയാള്‍ക്ക് എത്രമാത്രം ചെലവാക്കാനാകുമെന്നും ധാരണയുണ്ടാകണം. പിന്നെ നിങ്ങള്‍ക്കു നിയമങ്ങളെക്കുറിച്ചു നല്ല ഗ്രാഹ്യമുണ്ടാകണം. എങ്കിലേ ഉപഭോക്താവിനു വേണ്ടി ഏതെല്ലാം നിയമങ്ങളാണു നിങ്ങള്‍ ലംഘിക്കുന്നതെന്നും സ്വീകരിക്കുന്ന കൈക്കൂലി ഈ ലംഘനങ്ങള്‍ക്ക് ആനുപാതികം മാത്രമാണെന്നും അയാളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്കാകൂ.

സുഹൃത്തിന്‍റെ അഭിപ്രായത്തില്‍ മൂന്നാമത്തെ പ്രധാനപ്പെട്ട കാര്യം ഇതാണ്: "നാം ജാഗ്രതയുള്ളവരായിരിക്കണം, അവധിയെടുക്കാന്‍ പാടില്ല, സമൂഹത്തില്‍ ഒട്ടും പ്രകടനപരത കൂടാതെ ജീവിക്കണം, കാശ് നിക്ഷേപിക്കുന്നതും വസ്തുവാങ്ങുന്നതും വളരെ ശ്രദ്ധയോടെയായിരിക്കണം. നമ്മള്‍ നല്ല വസ്ത്രം ധരിക്കാനോ വലിയ ഹോട്ടലില്‍ കയറാനോ പാടില്ല. കാശ് ഒരുപാടുണ്ടെങ്കിലും അതൊന്നു പ്രകടിപ്പിക്കാനോ അതൊന്നു പൊടിക്കാനോ നമുക്കാകില്ല. അങ്ങനെ വല്ലോം ചെയ്യണമെങ്കില്‍ നമ്മളെയറിയാത്ത ഒരിടത്തുപോയി വേണം അതു ചെയ്യാന്‍. നമ്മുടെ ഡിപ്പാര്‍ട്ടുമെന്‍റില്‍ തന്നെ നമ്മോടു മത്സരിക്കുന്നവരുണ്ട്. നമ്മള്‍ വാങ്ങുന്നതിലും കുറഞ്ഞ തുകയ്ക്ക് അവര്‍ കാര്യം ചെയ്തു കൊടുക്കും. അഴിമതിവിരുദ്ധ സ്ക്വാഡില്‍ നിന്നുള്ള ഭീഷണി നമുക്ക് എപ്പോഴുമുണ്ടാകും. നമ്മുടെ ശമ്പളം എത്രയാണെന്ന് അവര്‍ക്കു കൃത്യം അറിയാമല്ലോ. പിന്നെ നമ്മുടെ വീടിന്‍റെ ആവശ്യങ്ങള്‍ - അതിനൊരു അന്ത്യവുമില്ലല്ലോ. നമ്മെ അവയെത്ര ഭാരപ്പെടുത്തുന്നുവെന്ന് ആരും അറിയുന്നതേയില്ല. കൂടാതെ, നമ്മുടെ കുട്ടികളുടെ മുമ്പിലും അയല്‍ക്കാരുടെ മുമ്പിലും നമ്മള്‍ സത്യസന്ധരാണെന്ന് അഭിനയിക്കുകയും വേണം."

ഞങ്ങള്‍ക്ക് ഞങ്ങളുടെ സുഹൃത്തിനോട് ശരിക്കും സഹതാപം തോന്നി. പ്രമേഹരോഗി മധുരപലഹാരക്കട നടത്തുന്നതുപോലെയാണ് അദ്ദേഹത്തിന്‍റെ സ്ഥിതി. അദ്ദേഹം എല്ലാറ്റിനെയും ശപിച്ചു - ഇന്‍റര്‍നെറ്റ്, കോസ്ഡ് സര്‍ക്യൂട്ട് റ്റി.വി., മൊബൈല്‍ ഫോണിലെ വീഡിയോ ക്യാമറ, വിവരാവകാശ നിയമം. എല്ലാം അദ്ദേഹത്തിന്‍റെ ബിസിനസ്സിനു വലിയ ഭീഷണിയാണത്രേ.

എന്നാലും പ്രതീക്ഷക്കു വകയുണ്ട്. കാരണം അഴിമതി വിരുദ്ധ സ്ക്വാഡിലെ പലരും അദ്ദേഹത്തിന്‍റെ ഡിപ്പാര്‍ട്ടുമെന്‍റില്‍ തന്നെയുള്ളവരാണ്. പിടിക്കപ്പെട്ടാല്‍ തന്നെ രക്ഷപെടാന്‍ വഴികളുണ്ട്. പക്ഷേ അതിനു നല്ല വില കൊടുക്കേണ്ടിവരും. ഏറ്റവും വലിയ വെല്ലുവിളി ഇങ്ങനെയുണ്ടാക്കുന്ന കാശ് എവിടെ സൂക്ഷിക്കുമെന്നുള്ളതാണ്. കൂടാതെ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ടുമെന്‍റിനെയും കൈകാര്യം  ചെയ്യണം. കാശു നിക്ഷേപിക്കാന്‍ ബിനാമികളെ വേണ്ടിവരുന്നു. അതു തിരിച്ചെടുക്കാന്‍ റിട്ടയര്‍മെന്‍റുവരെ കാത്തിരിക്കണം. തന്‍റെ സന്തോഷം ഭാര്യയോടുപോലും ഒന്നു പങ്കുവയ്ക്കാന്‍ അദ്ദേഹത്തിനാകുന്നില്ല. അവളോടു പറയുന്നതും റേഡിയോയില്‍ പറയുന്നതും ഒരു പോലെയാണത്രേ! മറ്റുരാജ്യങ്ങളിലെ അഴിമതിയെക്കുറിച്ചൊക്കെ അദ്ദേഹം ഞങ്ങളോട് ചോദിച്ചു. സ്വിസ് ബാങ്കില്‍ പണം നിക്ഷേപിക്കാനുള്ള വഴികളും അദ്ദേഹം അന്വേഷിച്ചു.

"നിങ്ങളുടെ ഡിപ്പാര്‍ട്ടുമെന്‍റില്‍ സത്യസന്ധരായി ആരുമില്ലേ," ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ഉടന്‍വന്നു മറുപടി: "അവനെ ഇവിടെ പണി ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സഹകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ അവനെ സ്ഥലംമാറ്റിയിരിക്കും. ശരിക്കും സത്യസന്ധനാണെങ്കില്‍, ഞങ്ങള്‍ കൊടുക്കുന്നതു വാങ്ങി മിണ്ടാതിരുന്നോണം. ഈ കസേരയില്‍ ഒന്നിരുന്നു കിട്ടാന്‍ എത്ര കാശു കൊടുക്കാനും ആളുകള്‍ തയ്യാറായി കാത്തിരിപ്പുണ്ട്."

വിചിത്രമായ കാര്യം, സ്കൂളുകളില്‍പോലും അഴിമതിയുണ്ടെന്ന് അദ്ദേഹം ആകുലപ്പെടുന്നു എന്നതാണ്. അഡ്മിഷന്‍ കിട്ടാന്‍ എല്ലായിടത്തും ക്യാപിറ്റേഷന്‍ ഫീസോ, സംഭാവനയോ കൊടുക്കേണ്ടി വരുന്നു. ആശുപത്രികളും ദേവാലയങ്ങളും എന്‍. ജി. ഒ. കളും കോര്‍പ്പറേറ്റ് മേഖലയും ഒന്നും ഇതിനൊരു അപവാദമല്ല. വൈദ്യുതി ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുന്നിടത്തുപോലും കൈക്കൂലി കൊടുത്തില്ലെങ്കില്‍, അവര്‍ പവര്‍ ഓഫ് ചെയ്യുന്നുവത്രേ. ഞങ്ങളുടെ സുഹൃത്ത് പറഞ്ഞതിനോടു ഞങ്ങള്‍ പൂര്‍ണ്ണമായും യോജിച്ചു. ഞങ്ങളുടെ ഒരനുഭവവും അദ്ദേഹത്തോടു പങ്കുവച്ചു: പ്രസിദ്ധമായ ഒരമ്പലത്തില്‍ ദര്‍ശനത്തിനു ചെന്നപ്പോള്‍, ഒരു ലഡ്ഡു കൂടുതല്‍ ഞങ്ങള്‍ ചോദിച്ചു. കോഡ്സ് സര്‍ക്യൂട്ട് റ്റി. വി.  വച്ചിരിക്കുന്നതു കൊണ്ടു അതു ചെയ്യാനാവില്ലെന്നാണ് കൗണ്ടറിലിരിക്കുന്നയാള്‍ പറഞ്ഞത്.

അഴിമതിയില്‍നിന്നു മുക്തമായ ഒരു മേഖലയും സമൂഹത്തിലില്ല എന്നു വന്നിരിക്കുന്നു. കൈക്കൂലി കൊടുക്കുക എന്നത് ചോദ്യംചെയ്യാനാവാത്ത രീതിയായിക്കഴിഞ്ഞിരിക്കുന്നു. വ്യവസ്ഥിതിയുടെ മാത്രം കുറ്റമല്ലയിത്. ജീവിത നിലവാരത്തില്‍ ഇനിയുമിനിയും ഉയരാനുള്ള ഒടുങ്ങാത്ത മോഹവുമായി നടക്കുന്ന നാം ഒരോരുത്തരും ഈയൊരു സ്ഥിതി വിശേഷത്തിന് ഉത്തരവാദിയാണ്.

അഴിമതി ഇല്ലാതാക്കാന്‍ വ്യവസ്ഥിതി കുറ്റമറ്റതാക്കിയാല്‍ മാത്രം പോരാ. തീര്‍ച്ചയായും ആധുനിക മാര്‍ഗ്ഗങ്ങളുടെ വിനിയോഗം അഴിമതി കുറയ്ക്കാന്‍ സഹായിക്കും. എങ്കിലും വിള്ളലുകള്‍ എവിടെയുമുണ്ടാകും. അതുപയോഗിക്കാന്‍ തയ്യാറുള്ളവരുമുണ്ടാകും. അതു തടയാന്‍ നീതി-ന്യായ വ്യവസ്ഥിതി കൂടുതല്‍ കര്‍ക്കശമാക്കേണ്ടതുണ്ട്. അന്യായമായ വസ്തുവകകളുടെ ഉടമകളെ ശിക്ഷിച്ചേ തീരൂ. എന്നാലും കൈക്കൂലി കൊടുക്കാന്‍ സന്നദ്ധതയുള്ളവര്‍ ഉള്ളിടത്തോളം കാലം അതു വാങ്ങാനും ആളുകളുണ്ടാകും. ചൂഷണവും അഴിമതിയും അടുത്ത ബന്ധുക്കളാണ്.

അന്താരാഷ്ട്ര തലത്തിലുള്ള ഓര്‍ഗനൈസേഷന്‍സും ധാര്‍മ്മികതയിലൂന്നിയ നിലപാടുകള്‍ സ്വീകരിക്കാന്‍ വേണ്ട പരിശീലനം തങ്ങളുടെ ജോലിക്കാര്‍ക്കു കൊടുക്കാറുണ്ട്. കാശുപയോഗിച്ചുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ധാരാളം നടക്കുന്ന നമ്മുടേതു പോലുള്ള രാജ്യങ്ങളില്‍, ധാര്‍മ്മികമായ നിലപാട് ഒരു ബസ് കണ്ടക്ടര്‍ക്കുപോലും സ്വീകരിക്കാനായിട്ടുണ്ട്. എത്ര കണ്ടക്ടര്‍മാര്‍ യാത്രക്കാര്‍ക്ക് അവകാശപ്പെട്ട ബാലന്‍സ് മുഴുവനും കൊടുക്കാറുണ്ട്? പല കണ്ടക്ടര്‍മാരും 50 പൈസയൊന്നും കൊടുക്കാറില്ലല്ലോ. നിങ്ങളുടേത് അല്ലാത്തത് നിങ്ങളുടേതല്ല എന്നതാണ് അടിസ്ഥാനപരമായി ഉണ്ടാകേണ്ട ധാര്‍മ്മികബോധം. നിങ്ങള്‍ക്കു ശമ്പളം നല്കുന്നത് ജോലി ചെയ്യാനാണ്, അല്ലാതെ ജോലിയുപയോഗിച്ച് കാശുണ്ടാക്കാനല്ല. റെസ്റ്റോറന്‍റുകളില്‍ കൊടുക്കുന്ന റ്റിപ് കൈക്കൂലിയാണെന്നു പറയാവുന്നതാണ്. ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കൊടുത്ത് കാര്യം സാധിക്കുന്നത് റ്റിപ്പായി വ്യാഖ്യാനിക്കാനാവില്ല.

ധാര്‍മ്മികതയിലൂന്നിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. അതിന് ധാര്‍മ്മിക ബോധനം സ്കൂള്‍തലത്തിലും കോളേജുതലത്തിലും നടത്തപ്പെടണം. കള്ളം പറയാതിരിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം; സത്യം പറയാനും അതില്‍ തുടരാനുമുള്ള ധൈര്യം അവര്‍ക്കു നല്കപ്പെടണം; തെറ്റായ വിവരങ്ങള്‍ക്കും വളച്ചൊടിക്കലുകള്‍ക്കും എതിരേ ജാഗരൂകത പുലര്‍ത്താന്‍ പരിശീലിപ്പിക്കണം; വ്യക്തിപരമായി അഴിമതിക്കെതിരേ പോരാടാന്‍ അവരെ പ്രേരിപ്പിക്കണം; അഴിമതിക്കാരാകാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്ത് അവര്‍ക്കു നല്കപ്പെടണം.

കുട്ടികളുടെ മൂല്യബോധനത്തില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വലിയ പങ്കുവഹിക്കാനുണ്ട്. വീട്ടിലുള്ളവര്‍ കളങ്കരഹിതമായ ഒരു ജീവിതം നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അപ്പോള്‍ നമ്മുടെ കുട്ടികള്‍ നമ്മുടെ കാലടികളെ പിഞ്ചെന്നുകൊള്ളും. ആദ്യത്തെ പടി എന്ന നിലയ്ക്ക് സ്കൂള്‍ അഡ്മിഷനു പ്രത്യേകം സംഭാവന നമുക്കു നല്കാതിരിക്കാം. ഞാനും വിജയും റവന്യൂ ഡിപ്പാര്‍ട്ടുമെന്‍റിലെ ഞങ്ങളുടെ സുഹൃത്തിന്‍റെ സൗഹൃദം ഉപേക്ഷിക്കാന്‍ തയ്യാറാണ്!

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts