news-details
മറ്റുലേഖനങ്ങൾ

മേല്‍പ്പാലത്തില്‍ നിന്നു താഴേയ്ക്ക്
കുറെ വര്‍ഷംമുമ്പ് സംഭവിച്ചതാണ്. തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷന്‍റെ തെക്കുഭാഗത്തുള്ള മേല്‍പ്പാലത്തിലൂടെ നടന്നുവരികയായിരുന്നു. ഏറെക്കുറെ 65 വയസ്സു പ്രായം തോന്നിക്കുന്ന ഒരു മനുഷ്യന്‍ നിര്‍ന്നിമേഷനായി എന്തോ നോക്കിനില്ക്കുകയാണ്. മുഖത്ത് ആകെപ്പാടെ ഒരു വിഭ്രാന്തിയും വിഹ്വലതയും. കണ്ടപാടെ അദ്ദേഹം ചോദിച്ചു: "അച്ചന്‍ ഇവിടെയടുത്തുള്ളയാളാണോ?" "അതേ, സുഹൃത്തേ. എന്താ സംഗതി?" "അല്പം സംസാരിച്ചാല്‍ കൊള്ളാമെന്നുണ്ട്." മടിച്ചുമടിച്ചാണ് അത്രയും പറഞ്ഞുതീര്‍ത്തത്. ഗൗരവമേറിയ എന്തോ കാര്യമാണെന്നു മനസ്സിലായി. "ഇവിടെനിന്ന് അഞ്ചുമിനിട്ടു നടന്നാല്‍ ഞങ്ങളുടെ ആശ്രമമാണ്. അവിടെയിരുന്നു സൗകര്യമായി സംസാരിക്കാമല്ലോ." അദ്ദേഹം എന്‍റെ കൂടെവന്നു. രണ്ടുമണിക്കൂറോളം സംസാരിച്ചു. പരിഭ്രമവും വിറയലും വിട്ടുമാറാതെയാണ് സംസാരിച്ചുതുടങ്ങിയത്. "അടുത്തുവരുന്ന ട്രെയിനിന്‍റെ മുമ്പിലേക്കു ചാടി മരിക്കാന്‍ വേണ്ടിയാണ് ഞാന്‍ മേല്‍പ്പാലത്തില്‍ കാത്തുനിന്നത്. അച്ചന്‍ വരുന്നതു കണ്ടപ്പോള്‍ ഒന്നു സംസാരിക്കണമെന്നു തോന്നി. അച്ചാ, ചെറുപ്പത്തില്‍ ഞാനൊരു ദൈവ വിശ്വാസി ആയിരുന്നു. പള്ളിയില്‍ പോകുകയും കുര്‍ബാനയ്ക്കു കൂടുകയുമൊക്കെ ചെയ്തിരുന്നു. പിന്നെ കോളേജില്‍ പഠിക്കുമ്പോള്‍ അതില്‍നിന്നെല്ലാം അകന്നു. കൂട്ടുകാരില്‍ പലരെയുംപോലെ ഞാനും ഒരു നിരീശ്വരവാദിയായിത്തീര്‍ന്നു. സഹപാഠികള്‍ക്കിടയില്‍ അതൊരു ഫാഷനായിരുന്നു. കോളേജ് പഠിത്തമെല്ലാം വിജയപൂര്‍വ്വം പൂര്‍ത്തിയാക്കി, അടുത്തൊരു കമ്പനിയില്‍ ആദ്യം അസിസ്റ്റന്‍റായും പിന്നീട് എക്സിക്യൂട്ടീവ് മാനേജരായും ജോലി കിട്ടി. നല്ലൊരു തറവാട്ടില്‍നിന്നുതന്നെ കല്യാണം കഴിച്ചു. രണ്ടുകൊല്ലം കഴിഞ്ഞ് ഒരു മകനുണ്ടായി. പഠിക്കാന്‍ ബഹുമിടുക്കന്‍. അവനെ പഠിപ്പിച്ച് ഒരുയര്‍ന്ന ഉദ്യോഗസ്ഥനാക്കണമെന്നതു മാത്രമായിരുന്നു പിന്നീട് എന്‍റെ ജീവിതത്തിനുള്ള ഒരേ ഒരു ലക്ഷ്യം. എന്‍ജിനീയറായി ബിരുദമെടുത്ത അവന്‍ എന്‍ജിനീയറിംഗ് ബിരുദവും അമേരിക്കന്‍ പൗരത്വവുമുള്ള ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ച് അമേരിക്കയില്‍ തന്നെ സ്ഥിരതാമസമാക്കിയിരിക്കയാണ്. അവനും ഭാര്യയും രണ്ടു കുട്ടികളും അവിടെ സുഖമായി ജീവിക്കുന്നു. മൂന്നുകൊല്ലംമുമ്പ് എന്‍റെ ഭാര്യ ക്യാന്‍സര്‍ രോഗംമൂലം മരിച്ചുപോയി. അമ്മയുടെ അടക്കിനു മകന്‍ മാത്രം ഒരാഴ്ചത്തെ ലീവിന് അമേരിക്കയില്‍നിന്നു വന്നിരുന്നു. അവനും ഭാര്യയ്ക്കും വല്ലാത്ത ജോലിത്തിരക്കാണ്. നാട്ടില്‍ വരാനൊന്നും സമയവും സൗകര്യവും കിട്ടാറില്ല. സ്വന്തം പെന്‍ഷന്‍ കൂടാതെ മകന്‍ കാലാകാലങ്ങളില്‍ അയച്ചുതരുന്ന പണം കൊണ്ട് സുഭിക്ഷമായി ജീവിക്കാം. വീട്ടില്‍ റ്റി.വി., ഫോണ്‍, ഫ്രിഡ്ജ്, അലക്കുമെഷീന്‍ തുടങ്ങിയ എല്ലാ ആധുനിക ഉപകരണങ്ങളുമുണ്ട്. അമ്മയുടെ അടക്കിനു വന്ന മകന്‍ അപ്പനുവേണ്ടി ഒരു വേലക്കാരനെയും ഏര്‍പ്പാടുചെയ്തിട്ടാണു പോയത്. അങ്ങനെ ഒന്നിനും കുറവില്ല. പക്ഷേ ഒന്നുമില്ലതാനും. താന്‍ എന്തിനുവേണ്ടി ജീവിക്കുന്നു? അറിഞ്ഞുകൂടാ. ജീവിതത്തിന് ഒരര്‍ത്ഥവും കാണുന്നില്ല. ആഴത്തില്‍ മുറിപ്പെടുത്തുന്ന ഒരു ശൂന്യതാബോധം മാത്രം. ഏറെനാളായി അതു തന്നെ കുത്തിനോവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഒരര്‍ത്ഥവുമില്ലാത്ത ഈ ജീവിതം അങ്ങവസാനിപ്പിച്ചേക്കാമെന്നു തീരുമാനിച്ചത്. അതിനാണ് ട്രെയിനിന്‍റെ മുമ്പില്‍ച്ചാടി മരിക്കാന്‍ ആ മേല്‍പ്പാലത്തില്‍ വന്നു കാത്തുനിന്നത്." "പക്ഷേ അങ്ങനെ ചാടി മരിക്കുന്നതിന് എന്തെങ്കിലുമര്‍ത്ഥമുണ്ടെന്നു കരുതുന്നുണ്ടോ?" ഞാന്‍ ചോദിച്ചു. "ഇല്ല, അതിനും ഒരര്‍ത്ഥമില്ല. അര്‍ത്ഥശൂന്യതയുടെ പാരമ്യമാണതെന്ന് എനിക്കറിയാം. എന്തു ചെയ്യണമെന്ന് ഒരെത്തുംപിടിയും കിട്ടുന്നില്ല. അങ്ങനെ ശങ്കിച്ചുനിന്നപ്പോഴാണ് അച്ചനെ കണ്ടതും ഒന്നു മിണ്ടിയാലോ എന്നു തോന്നിയതും." അങ്ങനെ ഏറെനേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. പോകാന്‍ നേരത്ത് അദ്ദേഹം പറഞ്ഞു: "എന്‍റെ ചിന്തയ്ക്ക് ആകെപ്പാടെ ഒരു മാറ്റമുണ്ടായിരിക്കുന്നു. മനസ്സിന് ഒരയവും. ഞാന്‍ വീണ്ടും വന്ന് അച്ചനെ കണ്ടോളാം." ആശ്വാസത്തിന്‍റെ ഒരു നെടുനിശ്വാസത്തോടെയാണ് അദ്ദേഹം പോയത്.

എന്താണിതിന്‍റെയെല്ലാം അര്‍ത്ഥം?
ജീവിതത്തിന്‍റെ അര്‍ത്ഥമെന്ത്? ഈ ചോദ്യവും ഇതേപ്പറ്റിയുള്ള പരിചിന്തനവുമാണ് അയാളില്‍ മാറ്റം വരുത്തിയത്. പ്രത്യക്ഷമായിട്ടല്ലെങ്കില്‍ പരോക്ഷമായി എല്ലാ മനുഷ്യരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. ചോദ്യങ്ങള്‍ ചോദിക്കുകയെന്നത് എല്ലാ മനുഷ്യരും ചെയ്യുന്ന ഒരു കാര്യമാണ്. കാരണം ബുദ്ധിയുള്ള ഒരു ജീവിയാണ് മനുഷ്യന്‍ എന്നതുതന്നെ. കുഞ്ഞുങ്ങള്‍പ്പോലും ചോദ്യങ്ങള്‍ ചോദിക്കുന്നു. 'ഇതെന്താണ്, അതെന്താണ്, ഇങ്ങനെ തുടങ്ങുന്നു കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍. ക്രമേണ വളര്‍ന്നുവരുമ്പോള്‍ 'ഇതെന്തിനാണ്, അതെന്തിനാണ്' എന്നു തുടങ്ങി വസ്തുക്കളുടെ ലക്ഷ്യത്തെപ്പറ്റിയും വസ്തുതകളുടെ അന്ത്യത്തെപ്പറ്റിയുമെല്ലാം അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു. അവസാനം ഈ ചോദ്യങ്ങള്‍ ചെന്നെത്തുന്നത് വസ്തുതകളുടെയും സംഭവങ്ങളുടെയും പ്രതിഭാസങ്ങളുടെയുമെല്ലാം അര്‍ത്ഥമെന്തെന്നതിലാണ്. മനുഷ്യന്‍ ബോധപൂര്‍വ്വം ചെയ്യുന്നതും ബോധപൂര്‍വ്വം ചെയ്യാതിരിക്കുന്നതുമെല്ലാം ഒരര്‍ത്ഥത്തിനു വേണ്ടിയാണ്. അര്‍ത്ഥമില്ലാത്തതൊന്നും ബോധപൂര്‍വ്വം ചെയ്യാന്‍ മനുഷ്യനു സാധിക്കയില്ല. അര്‍ത്ഥമില്ലാതെ ജീവിക്കാനും അവനു സാധ്യമല്ല. അതുകൊണ്ടാണ് എല്ലാ മനുഷ്യരും ഈ ചോദ്യം ചോദിക്കുന്നത്. പ്രത്യക്ഷമായിട്ടല്ലെങ്കില്‍, പരോക്ഷമായിട്ട്. ജീവിതവ്യഗ്രതകള്‍ക്കിടയില്‍ ബോധമനസ്സില്‍നിന്നു ചിലപ്പോള്‍ മറഞ്ഞുപോയാലും, ഉള്ളിന്‍റെയുള്ളില്‍ സദാ അന്തര്‍ലീനമായിക്കിടക്കുന്ന ഒരു ചോദ്യമാണിത്.

പ്രായോഗികമായ ഉത്തരം
മനുഷ്യന്‍ ഈ ചോദ്യം ചോദിക്കുന്നത് അതിന് ഒരുത്തരം അവന്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണ്. ഒരിക്കലും  ഉത്തരമില്ലെങ്കില്‍, ചോദ്യവും അസാധ്യമാണ്. എല്ലാവരും ഈ ചോദ്യം ചോദിക്കുന്നുണ്ടെന്നു മാത്രമല്ല, എല്ലാവരും പ്രത്യക്ഷമായിട്ടല്ലെങ്കില്‍ പരോക്ഷമായി അതിന് ഉത്തരവും നല്കുന്നുണ്ട്. ബോധപൂര്‍വ്വം മനുഷ്യന്‍ ചെയ്യുന്നതും ബോധപൂര്‍വ്വം ഉപേക്ഷിക്കുന്നതുമെല്ലാം വാസ്തവത്തില്‍ ഈ ചോദ്യവും അതിനുള്ള പരോക്ഷമായ ഉത്തരവുമാണ്. സമ്പത്തിനുവേണ്ടി, അധികാരത്തിനുവേണ്ടി വിജയത്തിനുവേണ്ടി, സ്നേഹത്തിനുവേണ്ടി, സൗഭാഗ്യത്തിനുവേണ്ടി, ഉള്ള അന്വേഷണവും നെട്ടോട്ടവുമെല്ലാം യഥാര്‍ത്ഥത്തില്‍ ജീവിതത്തിന്‍റെ അര്‍ത്ഥത്തെപ്പറ്റിയുള്ള ചോദ്യവും അതിനു മനുഷ്യന്‍ സ്വയം നല്കുന്ന പ്രായോഗിക ഉത്തരവുമാണ്.

അര്‍ത്ഥം ഒരിക്കലും നിഷേധകം (negative) അല്ല, വിധ്യാത്മകം (Positive) ആണ്. സമഗ്രതയുടെ, ഐക്യത്തിന്‍റെ, യോജിപ്പിന്‍റെ, ദിശയിലാണ് അര്‍ത്ഥം എപ്പോഴും ഊന്നിനില്ക്കുക. സാക്ഷാത്കരിക്കപ്പെട്ട സമഗ്രത, പൂര്‍ണ്ണതയിലെത്തിയ ഐക്യം, അര്‍ത്ഥത്തിന്‍റെയും സമ്പൂര്‍ണ്ണതയാണെന്നു പറയാം. അര്‍ത്ഥത്തിന്‍റെ ഈ സമ്പൂര്‍ണ്ണതയെയാണ് 'ശാന്തി' എന്ന സംസ്കൃതപദവും, Salvus (=സമഗ്രം) എന്ന ലത്തീന്‍ പദത്തില്‍ നിന്നു രൂപം കൊണ്ട Salvation(=രക്ഷ) എന്ന ഇംഗ്ലീഷ്പദവും സൗഭാഗ്യമെന്ന മലയാളപദവും ദ്യോതിപ്പിക്കുന്നത്. ഈ ശാന്തിയാണ്, ഈ സൗഭാഗ്യമാണ് ആത്യന്തികമായി എല്ലാ മനുഷ്യരും അന്വേഷിക്കുന്ന അര്‍ത്ഥം.

സന്തോഷകരമായ അനുഭവങ്ങളും വേദനാജനകമായ അനുഭവങ്ങളും
അര്‍ത്ഥത്തെപ്പറ്റിയുള്ള ചോദ്യം പ്രത്യക്ഷമായിത്തന്നെ മനുഷ്യന്‍റെ മുമ്പില്‍ വന്നുനില്ക്കുന്ന അവസരങ്ങളുണ്ട്. സ്നേഹം, സൗഹാര്‍ദ്ദത, സമാധാനം തുടങ്ങിയ സന്തോഷകരമായ അനുഭവങ്ങളാകാം അവ. മറ്റുചിലപ്പോള്‍ പരാജയം, രോഗം, സഹനം, മരണം തുടങ്ങിയ വേദനാജനകമായ അനുഭവങ്ങളാകാം. ജീവിതത്തിലെ വേദനാജനകമായ അനുഭവങ്ങളില്‍ അര്‍ത്ഥം അത്ര സ്പഷ്ടമല്ലെന്നതു ശരിതന്നെ. എന്നാല്‍, അര്‍ത്ഥം സ്പഷ്ടമല്ലാത്തതുകൊണ്ട് അര്‍ത്ഥമില്ലെന്നു പറയുവാന്‍ സാധ്യമല്ല. വേദനാജനകമായ അനുഭവങ്ങളുടെ അര്‍ത്ഥത്തെ ചോദ്യംചെയ്യുന്നതുതന്നെ സന്തോഷകരമായ അനുഭവങ്ങളിലെ അര്‍ത്ഥത്തെ അനുഭവിച്ചറിഞ്ഞിട്ടുള്ളതുകൊണ്ടാണല്ലോ. നിഷേധാത്മകമായ അനുഭവങ്ങളില്‍പ്പോലും ക്ഷണവും വാഗ്ദാനവുമായി അര്‍ത്ഥം അന്തര്‍ലീനമായിരിക്കുന്നുവെന്നതാണ് വാസ്തവം. അര്‍ത്ഥത്തിന്‍റെയെല്ലാം അവസാനമെന്നു തോന്നിക്കുന്ന മരണംതന്നെ അര്‍ത്ഥം അനുഭവവേദ്യമാക്കുന്ന ഒരു ഘടകമാണെന്നു പറയാം. സമയത്തില്‍നിന്നു അതിന്‍റെ ഉദാസീനതയും വിരസതയും നീക്കി, തീരുമാനങ്ങളുടെയും നിശ്ചിത നിലപാടുകളുടെയും നിമിഷങ്ങളാക്കിത്തീര്‍ക്കുന്നതു മരണമാണ്. നിഷേധാത്മകമായ അനുഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ അര്‍ത്ഥത്തിന്‍റെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

എന്നാല്‍, സന്തോഷകരമായ അനുഭവങ്ങളിലാണ് അര്‍ത്ഥം വ്യക്തവും സുതാര്യവുമായിത്തീരുന്നത. സമഗ്രമായ അര്‍ത്ഥത്തിന്‍റെ അഥവാ ശാന്തിയുടെ മുന്നോടികളും പ്രതീകങ്ങളുമാണ് സന്തോഷകരമായ അനുഭവങ്ങള്‍. അങ്ങനെയുള്ള അര്‍ത്ഥപൂര്‍ണ്ണമായ നിമിഷങ്ങള്‍ എല്ലാ മനുഷ്യരുടെയും ജീവിതത്തിലുണ്ടാകാറുണ്ട്. ഈ അര്‍ത്ഥപൂര്‍ണ്ണത മനുഷ്യന്‍റെ വെറും സങ്കല്പമോ പ്രൊജക്ഷനോ അല്ല. അതവന്‍റെ അനുഭവമാണ്. ചില വേളകളിലെങ്കിലും മനുഷ്യന്‍റെ അനുഭവമണ്ഡലത്തിലേക്ക് അതു മിന്നിത്തെളിയുന്നു. അങ്ങനെയുള്ള അവസരങ്ങളില്‍ തന്നോടുതന്നെ, തന്‍റെ ചുറ്റുപാടുകളോട്, എന്നല്ല എല്ലാ മനുഷ്യരോടും ഈ പ്രപഞ്ചത്തോടുതന്നെയും ഐക്യവും യോജിപ്പും അവന് അനുഭവപ്പെടുന്നു.

അര്‍ത്ഥത്തിന്‍റെ ഏറ്റവും മികച്ച അനുഭവം
വ്യക്തിബന്ധങ്ങളിലുള്ള സ്നേഹവും സൗഹൃദവുമാണ് ഏറ്റവും കൂടുതല്‍ അര്‍ത്ഥവത്തായി മനുഷ്യന് അനുഭവപ്പെടുന്നത്. തന്‍റെ വ്യക്തിത്വത്തിന്‍റെ അര്‍ത്ഥം തേടുന്ന വ്യക്തി അതു കണ്ടെത്തുന്നത്, മറ്റൊരു വ്യക്തി തന്നെ നിരുപാധികം സ്വീകരിക്കുന്നു, നിരുപാധികം തനിക്കുസ്വയം നല്കുന്നു എന്ന അനുഭവത്തിലാണ്. ഈ അനുഭവത്തിലാണ് സ്വയം മറ്റേ വ്യക്തിക്കു നല്കുവാനും ആ വ്യക്തിയെ നിരുപാധികം സ്വീകരിക്കുവാനും കഴിയുന്നത്. പരസ്പരമുള്ള ഈ സ്വീകരണവും സ്വയം നല്കലുമാണ് ജീവിതത്തിലെ ഏറ്റവും മികച്ച അര്‍ത്ഥത്തിന്‍റെ അനുഭവം. ഇതിനെയാണ് സ്നേഹം എന്നു നാം വിളിക്കുക. എന്നാല്‍ സ്നേഹത്തിലും അര്‍ത്ഥം പൂര്‍ണ്ണമാകണമെങ്കില്‍ അതുപരിധികളില്ലാത്ത ഒരു സ്നേഹമായിരിക്കണം. കുറെനാളത്തേക്കു മാത്രമാണെങ്കില്‍ അതില്‍ പൂര്‍ണ്ണതയില്ല. പൂര്‍ണ്ണമായ സ്നേഹം മരണത്തിനപ്പുറത്തും നിലനില്ക്കുന്നതായിരിക്കണം, നിത്യമായിരിക്കണം. അതുപോലെ തന്നെ രണ്ടു വ്യക്തികള്‍ തമ്മില്‍, അല്ലെങ്കില്‍ കുറെ വ്യക്തികള്‍ തമ്മില്‍ മാത്രമാണ് സ്നേഹമെങ്കില്‍, അതിലും അര്‍ത്ഥത്തിന്‍റെ പൂര്‍ണ്ണതയില്ല. ഈ പൂര്‍ണ്ണത കൈവരണമെങ്കില്‍, സ്നേഹം സാര്‍വ്വത്രികമായിരിക്കണം, എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്നതായിരിക്കണം. അങ്ങനെയുള്ള ഒരു സ്നേഹത്തില്‍ മാത്രമേ അര്‍ത്ഥത്തിന്‍റെ പൂര്‍ണ്ണത, സമഗ്രത അനുഭവപ്പെടുകയുള്ളൂ. സമഗ്രമായ, സാര്‍വ്വത്രികമായ, പരിധികളൊന്നുമില്ലാത്ത, അങ്ങനെയുള്ള ഒരു സ്നേഹമുണ്ടോ? അത്തരത്തിലുള്ള ഒരു സ്നേഹത്തിനു വേണ്ടിയാണ് എല്ലാവരും കൊതിക്കുന്നത്. ഈ സ്നേഹമാണ് എല്ലാവരും തേടുന്ന ശാന്തി, സൗഭാഗ്യം, രക്ഷ. ഇങ്ങനെയൊരു സ്നേഹം ഉണ്ടോ? മറ്റുവാക്കുകളില്‍, ദൈവമുണ്ടോ എന്ന ചോദ്യം തന്നെയാണിത്. ഈ സ്നേഹം ഉണ്ടെന്നത് എന്‍റെ പ്രത്യാശയാണ്, പ്രതീക്ഷയാണ്. ജീവിക്കാനും പ്രവര്‍ത്തിക്കാനും ഈ പ്രത്യാശ എനിക്കു ശക്തി നല്കുന്നു. അതേസമയം ദൈവം തന്നെ ഈ സ്നേഹമായി സ്വയം വെളിപ്പെടുത്തിയിരിക്കുന്നു, ബൈബിളില്‍. ബൈബിള്‍ മുഴുവന്‍ പരിധിയില്ലാതെ നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തല്‍ ആണല്ലോ.  ഈ സ്നേഹമുണ്ടെന്നതിനു ശാസ്ത്രീയമായ തെളിവൊന്നുമില്ല. യുക്തി കൊണ്ട് അതു സ്ഥാപിക്കാന്‍ സാധ്യവുമല്ല. എങ്കിലും യുക്തിരഹിതമല്ല ഈ പ്രത്യാശ. അതു യുക്തിക്കനുസൃതം തന്നെയാണ് (reasonable). കാരണം, ജീവിക്കാനും പ്രവര്‍ത്തിക്കാനും തിന്മകള്‍ക്കെതിരേ പോരാടാനും, കൂടുതല്‍ നീതിപൂര്‍വ്വകവും മനുഷ്യോചിതമായ ഒരു ലോകത്തിനുവേണ്ടി പ്രയത്നിക്കാനും അതു കരുത്തേകുന്നു. എന്‍റെ ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും അത് അര്‍ത്ഥം നല്കുന്നു. മറിച്ച്, ഈ സ്നേഹം ഇല്ലെന്നും ഈ പ്രത്യാശ നിഷ്ഫലമാണെന്നും ഒരാള്‍ പറയുന്നെങ്കില്‍, അതും അയാളുടെ വിശ്വാസം മാത്രമാണ്. അതിനും തെളിവൊന്നുമില്ല. എന്നാല്‍, ഈ നിഷേധം യുക്തിക്ക് ഒട്ടും അനുസൃതമല്ല എന്നു പറയേണ്ടിയിരിക്കുന്നു. കാരണം, ഈ നിഷേധം നയിക്കുന്നത്, ഴ്ഷാന്‍ പോള്‍ സാര്‍ത്രിനെപ്പോലെയുള്ള നിരീശ്വരന്മാര്‍ തന്നെ സമ്മതിക്കുന്നതുപോലെ,  absurdity- യുടെ പരകോടിയിലേക്കാണ്, പരമാബദ്ധത്തിലേക്കാണ്. ജീവിക്കാനും പ്രവര്‍ത്തിക്കാനും തിന്മകള്‍ക്കെതിരേ പോരാടാനും ഒരു മെച്ചപ്പെട്ട ഭാവിക്കുവേണ്ടി പ്രയത്നിക്കാനും ഈ നിലപാട് ഒരുവനെ തീര്‍ത്തും അശക്തനാക്കുന്നു.

ചരിത്രത്തിലര്‍ത്ഥം?
ചരിത്രത്തെപ്പറ്റിയുള്ള ചിന്തയും ഈ പ്രതീക്ഷയിലേക്കു നയിക്കുന്നതാണ്. ചരിത്രത്തിന്‍റെ ഇന്നത്തെ അവസ്ഥ വളരെ ആശങ്കാകുലമാണ്. പലപ്പോഴും ചരിത്രത്തില്‍ ഒരര്‍ത്ഥവും കാണുവാന്‍ നമുക്കു സാധിക്കുന്നില്ല. എണ്ണമറ്റ വിലയേറിയ മനുഷ്യജീവിതങ്ങളെ നശിപ്പിച്ചുകൊണ്ട് പലയിടത്തും മുന്നേറുന്ന യുദ്ധങ്ങള്‍, മനുഷ്യകുലത്തിന്‍റെ മൂന്നില്‍ രണ്ടുഭാഗത്തെയും തീരാത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും തളച്ചിടുന്ന ആഗോള സാമ്പത്തികവ്യവസ്ഥിതി, പലവട്ടം ഭൂഗോളത്തെ മുഴുവന്‍ ചുട്ടെരിച്ചു നശിപ്പിക്കാന്‍ കഴിയുന്ന അണുവായുധങ്ങളുടെ കൂമ്പാരങ്ങള്‍, അനീതിയുടെയും അസത്യത്തിന്‍റെയും ഹിംസയുടെയും വിജയാഘോഷങ്ങള്‍, ദരിദ്രരും ബലഹീനരുമെല്ലാം ചരിത്രഗതിയുടെ ഉച്ഛിഷ്ടങ്ങളായി വലിച്ചെറിയപ്പെടുന്ന സാര്‍വ്വത്രിക പ്രതിഭാസം, ഇതെല്ലാം ചരിത്രത്തില്‍ അര്‍ത്ഥം കാണുക വിഷമകരമാക്കുന്നു. എന്നാല്‍ ഈ അവസ്ഥയുമായി ഒത്തുതീര്‍പ്പാകാന്‍ നമുക്കു സാധ്യമല്ല. അനീതിയും അഴിമതിയും കൊടികുത്തി വാഴുന്ന, കുഞ്ഞുങ്ങളും വിധവകളും വധിക്കപ്പെടുന്ന, ദരിദ്രര്‍ പട്ടിണികിടന്നു മരിക്കുന്ന, ഒരു ലോകവുമായി രമ്യപ്പെടാന്‍ നമുക്കാവില്ല. അതിനെതിരേ പ്രതിഷേധസ്വരമുയര്‍ത്തണമെന്നു ബുദ്ധിയും മനസ്സും നമ്മോടു മന്ത്രിക്കുന്നു. അനീതിയെയും അഴിമതിയെയും ചോദ്യം ചെയ്തേ മതിയാവൂ. പക്ഷേ അനീതിയും അക്രമവുമെല്ലാം തൂത്തുമാറ്റാനുള്ള പരിശ്രമങ്ങള്‍ പലപ്പോഴും ഹിംസാത്മകമാവുകയും പുതിയ അനീതികളിലേക്കും അക്രമങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു. അങ്ങനെ ഹിംസയുടെ ഒരു വിഷമവൃത്തം തന്നെ രൂപംകൊള്ളുന്നു. ഈ വിഷമവൃത്തത്തില്‍ നിന്നു പുറത്തുകടക്കാനാവുമോ? അതോ നിരാശയുടെ പടുകുഴിയിലേക്കു നാം മുങ്ങിനശിക്കണോ?

ഈ ദുരന്താനുഭവങ്ങളെല്ലാമുണ്ടായിട്ടും തുടര്‍ന്നു ജീവിക്കാനും പ്രവര്‍ത്തിക്കാനും എന്തോ ഒന്നു നമ്മെ പ്രേരിപ്പിക്കുന്നു. എല്ലാം അര്‍ത്ഥമില്ലായ്മയില്‍ അവസാനിക്കയില്ലെന്ന് അതു നമുക്കു പ്രത്യാശ നല്കുന്നു. ഒരു നല്ല ഭാവിയിലേക്കു വിരല്‍ചൂണ്ടിക്കൊണ്ട് അര്‍ത്ഥവത്തായ കൊച്ചു കൊച്ചുകാര്യങ്ങള്‍ ചെയ്യുവാന്‍ അതു നമ്മെ ക്ഷണിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍, താനും തന്‍റെ സഹജീവികളും അവരുമായുള്ള പരസ്പരബന്ധങ്ങളും ലോകവും ചരിത്രവുമെല്ലാം അര്‍ത്ഥമില്ലായ്മയിലേക്കു തകര്‍ന്നടിയുക സാധ്യമല്ലെന്ന ബോധ്യവും അനുഭവവും ഒരുവനുണ്ടാകുന്നു. അതീന്ദ്രിയമായ ഈ അനുഭവം അര്‍ത്ഥപൂര്‍ണ്ണതയിലേക്ക്, സമഗ്രതയിലേക്ക്, സൗഭാഗ്യത്തിലേക്ക്, ഉള്ള ഒരു കൈചൂണ്ടിയാണെന്നു പറയാം. ഈ അര്‍ത്ഥപൂര്‍ണ്ണതയിലുള്ള, ഈ സൗഭാഗ്യത്തിലുള്ള, പ്രത്യാശ ശാസ്ത്രീയമായി തെളിയിക്കാന്‍ നമുക്കാവില്ല. എന്നാല്‍, അതു യുക്തിക്ക് അനുസൃതമാണെന്നു നാം കണ്ടു കഴിഞ്ഞു. അതേ സമയം അതു ദൈവത്തിന്‍റെ വെളിപാടുമാണ്. ഇതംഗീകരിക്കുവന്നവന്‍ ദൈവമുണ്ടെന്നും അവിടുന്ന് എല്ലാറ്റിന്‍റെയും അന്തിമമായ അര്‍ത്ഥമാണെന്നും വിശ്വസിക്കുന്നു. അംഗീകരിക്കാത്തവന്‍, ദൈവമില്ലെന്നും എല്ലാം അര്‍ത്ഥരഹിതമാണെന്നും ചരിത്രം തന്നെ അര്‍ത്ഥമില്ലായ്മയുടെയും നാശത്തിന്‍റെയും പടുകുഴിയിലേക്കു നിപതിക്കുമെന്നും വിശ്വസിക്കുന്നു. രണ്ടുപേരും വിശ്വാസത്തില്‍ ആണ് ഈ നിലപാടുകള്‍ എടുക്കുന്നത്. തെളിവു രണ്ടുപേര്‍ക്കുമില്ല. എങ്കിലും അന്തിമാര്‍ത്ഥത്തിലും ദൈവത്തിലും വിശ്വസിക്കുന്നവന്‍റെ നിലപാട് യുക്തിക്കനുസൃതമാണ്. അന്തിമാര്‍ത്ഥത്തിലും ദൈവത്തിലും വിശ്വസിക്കാത്തവന്‍റെ നിലപാടിനെക്കുറിച്ച് ഇതുപറയുവാന്‍ കഴിയുകയില്ല. അവനെ സംബന്ധിച്ച് അര്‍ത്ഥമില്ലായ്മയും  absurdityയുമാണ് എല്ലാറ്റിന്‍റെയും അന്ത്യം. അതൊന്നിനും പ്രചോദനമാകുകയില്ലല്ലോ.

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts