"സഞ്ചാരം ഒരു വംശമര്യാദയാണ്
ജീവന്‍റെ നാഭിയില്‍
ലിഖിതം ചെയ്യപ്പെട്ടതാണതിന്‍റെ രഹസ്യം.
ഓരോ ജീവനും പിന്നിടേണ്ട ദൂരമുണ്ട്.
അളന്നുതീര്‍ക്കേണ്ട നാഴികകളും വിനാഴികകളുമുണ്ട്.
ജീവന്‍റെ അശാന്തിയായി വന്നു മൂടുന്നത്
ദൂരങ്ങള്‍ക്കായുള്ള ദാഹമാണ്.
ദൂരം പൂര്‍ത്തിയാവുമ്പോള്‍
യാത്രയും പൂര്‍ത്തിയാവുന്നു."
(ശ്യാമബുദ്ധന്‍, വി.ടി. ജയദേവന്‍)
അന്തരിച്ച രവീന്ദ്രന്‍റെ (ചിന്തരവി) ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഈ വരികള്‍ക്ക് കൂടുതല്‍ സാംഗത്യമുണ്ടാകുന്നു. ജീവന്‍റെ നാഭിയില്‍ സഞ്ചാരത്തിന്‍റെ മുദ്രകള്‍ പതിഞ്ഞ യാത്രികനായിരുന്നു രവീന്ദ്രന്‍. ജനപദങ്ങളിലൂടെ നാഗരികതയുടെ ആഴക്കാഴ്ചകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. നിറക്കാഴ്ചകളുടെ അപ്പുറത്തുള്ള നിറംമങ്ങിയ ജീവിതാനുഭവങ്ങളുടെ പൊരുളുകള്‍ തെരഞ്ഞ് യാത്ര ചെയ്ത ഈ സഞ്ചാരി നമ്മുടെ സംസ്കാരത്തിന്‍റെ ചക്രവാളങ്ങളെ ഏറെ വിസ്തൃതമാക്കി. യാത്ര, കല, സാഹിത്യം, സിനിമ, രാഷ്ട്രീയം, സാംസ്കാരിക പ്രവര്‍ത്തനം എന്നിങ്ങനെ പടര്‍ന്നു കിടക്കുന്നതായിരുന്നു രവീന്ദ്രന്‍റെ സ്വത്വം. എഴുപതുകള്‍ മുതലുള്ള അര്‍ത്ഥവത്തായ എല്ലാ സംസ്കാരികാന്വേഷണങ്ങള്‍ക്കും പിന്നില്‍ ചാലകശക്തിയായി രവീന്ദ്ര സാന്നിധ്യമുണ്ടായിരുന്നു.
'ഞാനേറെയും യാത്രചെയ്തിരുന്നത് ഗോത്രപ്രദേശങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയുമായിരുന്നു' എന്നാണ് രവീന്ദ്രന്‍ പറയുന്നത്. 'എനിക്ക് യാത്രകള്‍ ജനങ്ങളുടെ അടുത്തേക്കുള്ള പോക്കുകളായിരുന്നു. അതുമാത്രമായിരുന്നു യാത്രകളില്‍ എന്‍റെ പ്രചോദനങ്ങള്‍' എന്നു പറയുമ്പോള്‍ മനുഷ്യജീവിതത്തിന്‍റെ വൈവിധ്യവൈചിത്രങ്ങളാണ് അദ്ദേഹത്തെ മുന്നോട്ടു നയിച്ചതെന്നു മനസ്സിലാവുന്നു. അകലങ്ങളിലെ മനുഷ്യര്‍, സ്വിസ് സ്കെച്ചുകള്‍, മെഡിറ്ററേനിയന്‍ വേനല്‍, ബുദ്ധപഥം, എന്‍റെ കേരളം, ശീതകാലയാത്രകള്‍ എന്നീ യാത്രാവിവരണങ്ങള്‍ ഇതിന്‍റെ സാക്ഷ്യപത്രങ്ങളാണ്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് എവിടെയും അദ്ദേഹം കടന്നുചെന്നത്. "ഞാന്‍ ഗൃഹദേശപരിസരങ്ങളെ അറിയാന്‍ ശ്രമിച്ച സഞ്ചാരിയാണ്. യാത്രയിലുടനീളം മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളത് മനുഷ്യരേയും അവരുടെ പരിസരങ്ങളേയും നിത്യജീവിതത്തേയുമാണ്. ജീവിതത്തിലെ വൈവിധ്യങ്ങള്‍ അതിലെ ഇതര-ഇതര ഛായകള്‍ - അതൊക്കെയാണ് ഞാന്‍ ശ്രദ്ധിച്ചത്. എന്‍റെ എഴുത്തില്‍ ഏതിലും ഒരുപാട് ആളുകളുണ്ട്, പാര്‍പ്പിടങ്ങളുണ്ട്, മനുഷ്യരുടെ ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍ ഒക്കെയുമുണ്ട്. ഈ രീതിയിലുള്ള ഒരുള്‍ക്കാഴ്ച അവയിലുടനീളമുണ്ട്. പാചകം, വസ്ത്രങ്ങള്‍, പെരുമാറ്റരീതികള്‍ ഇതൊക്കെ ഞാന്‍ ആഴത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഗൃഹദേശ പരിസരങ്ങളിലൂടെ വരുന്ന സംസ്കാരത്തിന്‍റെ വലിയ ചില തലങ്ങളുണ്ട്. സംസ്കാരത്തിന്‍റെ വലിയൊരു പകര്‍ച്ചയുണ്ട് അതില്‍. ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് ദേശങ്ങളില്‍നിന്ന് ദേശങ്ങളിലേക്ക് അതു പകരുന്നുണ്ട്" എന്നാണ് തന്‍റെ യാത്രകളുടെ പിന്നിലുള്ള ദര്‍ശനത്തെക്കുറിച്ച് രവീന്ദ്രന്‍ പറയുന്നത്. സവിശേഷതകളുള്ള ഒരു സഞ്ചാരിയായിരുന്നു രവീന്ദ്രനെന്ന് നാം തിരിച്ചറിയുന്നു.
ജൈവ ബുദ്ധിജീവി
ബുദ്ധിജീവികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍ അന്‍റോണിയോ ഗ്രാംഷി 'ജൈവബുദ്ധിജീവി' എന്ന് ചിലരെ വിശേഷിപ്പിക്കുന്നുണ്ട്. ഗ്രന്ഥജ്ഞാനത്തിനപ്പുറമുള്ള മാനുഷികജ്ഞാനവും ഉള്‍ക്കാഴ്ചയും ഉള്ള അസാധാരണ പ്രതിഭകളെയാണ് ഗ്രാംഷി ജൈവബുദ്ധി ജീവി എന്നു വിശേഷിപ്പിക്കുന്നത്. രവീന്ദ്രനെ ഈ ഗണത്തില്‍ പെടുത്താം. വിശാലമായ, സര്‍ഗാത്മകമായ ഇടതുപക്ഷ വീക്ഷണമാണ് രവീന്ദ്രന്‍റെ ചിന്തയുടെ ഉള്‍ക്കരുത്ത്. മനുഷ്യപക്ഷത്തു നില്‍ക്കുന്ന അദ്ദേഹം സൈദ്ധാന്തികശാഠ്യങ്ങളെ വകവയ്ക്കുന്നില്ല. നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് അദ്ദേഹം ചലനാത്മകമായ ദര്‍ശനത്തോടൊപ്പം വളര്‍ന്നു. ഗ്രാംഷിയെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി പഠനഗ്രന്ഥം തയ്യാറാക്കിയത് രവീന്ദ്രനായിരുന്നു എന്നത് യാദൃച്ഛികമല്ല. ഗ്രാംഷിയെപ്പോലെ പലശാഖകളായി പടരുന്ന താല്പര്യങ്ങളായിരുന്നു രവീന്ദ്രന്‍റേത്. കല, സംസ്കാരം, രാഷ്ട്രീയം, ചരിത്രം എന്നിങ്ങനെ ഫോക്ലോര്‍ വരെ നീളുന്ന ഗ്രാംഷിയന്‍ വിചാരധാരയുടെ തുടര്‍ച്ച രവീന്ദ്രനില്‍ കാണാം. ഗ്രാംഷിയുടെ ജയില്‍ക്കുറിപ്പുകളിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹത്തിന്‍റെ ധിഷണയുടെ തിളക്കം നമ്മെ വിസ്മയിപ്പിക്കും. രവീന്ദ്രന്‍റെ അന്വേഷണങ്ങളെ ത്വരിപ്പിച്ചതും ഗ്രാംഷിയെപ്പോലുള്ള ചിന്തകരാണ്. ലൂയി അള്‍ത്തുസറിന്‍റെ പ്രത്യയശാസ്ത്ര സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ട രവീന്ദ്രന്‍ മനുഷ്യവ്യവഹാരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പ്രത്യയശാസ്ത്രവിവക്ഷകള്‍ സൂക്ഷ്മമായി തിരിച്ചറിഞ്ഞിരുന്നു. കലയും സാഹിത്യവും സിനിമയുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര ലോകം അദ്ദേഹത്തിന്‍റെ നിരന്തരമായ അന്വേഷണത്തിന് വിഷയമായി. സിനിമയുടെ രാഷ്ട്രീയം, സിനിമാസമൂഹം, പ്രത്യയ ശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങള്‍ എടുത്തു പറയേണ്ടവയാണ്. അരാഷ്ട്രീയത രോഗമായി പടരുന്ന കാലത്ത് സ്വന്തം രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. 'കലാവിമര്‍ശം - ഒരു മാര്‍ക്സിസ്റ്റ് മാനദണ്ഡം' എന്ന പുസ്തകം എഡിറ്റു ചെയ്തതിലൂടെ മാര്‍ക്സിയന്‍ ചിന്തകള്‍ക്ക് എണ്‍പതുകളില്‍ പുതിയൊരു കുതിപ്പ് നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെ ജഡസ്വഭാവത്തെ തിരസ്കരിച്ച്, അതിന്‍റെ സര്‍ഗാത്മകതയും പ്രത്യയശാസ്ത്രപരമായ ഉള്‍ക്കരുത്തും ഈ അന്വേഷണങ്ങള്‍ക്ക് പേശീബലം പകര്‍ന്നു. വിപണി ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിലോമ പ്രത്യയശാസ്ത്രത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിന് ചില പഠനോപകരണങ്ങള്‍ സംഭാവന ചെയ്യുകയായിരുന്നു രവീന്ദ്രന്‍.
ഭാഷയുടെ ധന്യത
ഇടതുപക്ഷചിന്തകള്‍ സിദ്ധാന്തങ്ങളില്‍ കുടുങ്ങിക്കിടക്കുകയും ജാര്‍ഗണുകള്‍ വാരി വിതറി സങ്കീര്‍ണമാക്കുകയും ചെയ്തപ്പോള്‍ മനോജ്ഞവും ഊര്‍ജ്ജദായകവുമായ വാക്കുകളിലൂടെ പുതിയൊരു ഭാഷ രവീന്ദ്രന്‍ വാര്‍ത്തെടുത്തു. പദങ്ങളുടെ സവിശേഷമായ ചേരുവയാണ് രവീന്ദ്രന്‍റെ രചനകളില്‍ നാം കാണുക. സംസ്കൃതവും മലയാളവും സര്‍ഗാത്മകമായി കൂടിച്ചേരുന്ന മുഹൂര്‍ത്തങ്ങള്‍ നാമിവിടെ സന്ധിക്കുന്നു. അകലങ്ങളിലെ മനുഷ്യര്‍, മെഡിറ്ററേനിയന്‍ വേനല്‍, സ്വിസ് സ്കെച്ചുകള്‍, ബുദ്ധപഥം എന്നീ ഗ്രന്ഥങ്ങളില്‍ കാണുന്ന ഭാഷയുടെ ചാരുത പ്രത്യേകം അന്വേഷിക്കാന്‍ മാത്രം പ്രാധാന്യമുള്ളതാണ്. 'ശൈലി മനുഷ്യ'നാണ് (style is the man) എന്ന വചനം രവീന്ദ്രന്‍റെ ഭാഷയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നു. സമസ്തപദങ്ങളും ചെറിയ വാക്യങ്ങളും എല്ലാം സമ്മിശ്രമായി കടന്നുവരുന്ന ഭാഷയിലൂടെ മലയാളത്തിന് പുതിയൊരു മുഖം നല്‍കാന്‍ കഴിഞ്ഞതാണ് രവീന്ദ്രന്‍റെ ശ്രേഷ്ഠത. അദ്ദേഹം അവതരിപ്പിച്ച ജീവിതദര്‍ശനത്തോടൊപ്പം സവിശേഷമായ ആ ഭാഷാശൈലിയും നാളെയും നിലനില്‍ക്കും എന്നതില്‍ തര്‍ക്കമില്ല.
കൂട്ടായ്മയുടെ ആഘോഷം
രവീന്ദ്രന്‍റെ ജീവിതം മനുഷ്യരോടും സുഹൃത്തുക്കളോടുമൊപ്പമായിരുന്നു. സുഹൃത്തുക്കളുടെ ജീവിതത്തോടു ചേര്‍ന്നുനിന്ന അദ്ദേഹം ഏവര്‍ക്കും സ്നേഹത്തിന്‍റെ തണല്‍ നല്‍കി. അതുമാത്രമല്ല കേരളചരിത്രത്തില്‍ സ്ഥാനം നേടിയ സാംസ്കാരികാന്വേഷണങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച കൂട്ടായ്മകളോടൊപ്പം രവീന്ദ്രനും പങ്കാളിയായി. അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, ജോണ്‍ അബ്രാഹം, ടി. വി. ചന്ദ്രന്‍, വി. എം. ബക്കര്‍, പവിത്രന്‍ എന്നിങ്ങനെയുള്ള സിനിമാ പ്രവര്‍ത്തകരുടെ സഫലമായ അന്വേഷണങ്ങളോടൊപ്പം രവീന്ദ്രനും ഉണ്ടായിരുന്നു. സ്വന്തം സിനിമകളിലേയ്ക്ക് അദ്ദേഹം കാലെടുത്തുവയ്ക്കുന്നതും ചങ്ങാത്തത്തിന്‍റെ കരുത്തു കൊണ്ടുതന്നെയാണ്. ഇന്നത്തെ കാലത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന കൂട്ടായ്മയാണ് രവീന്ദ്രന്‍ ആഘോഷിച്ചത്. സ്വന്തം കഴിവുകളും പ്രതിഭയും ഉയര്‍ത്തിപ്പിടിക്കാതെ മറ്റുള്ളവരെ തുല്യരായും ഉയര്‍ന്നവരായും കാണാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. പ്രായോഗികമായ ജയപരാജയങ്ങളുടെ കണക്കുകള്‍ വച്ച് അളക്കാവുന്നതല്ല രവീന്ദ്രന്‍റെ ജീവിതത്തിന്‍റെ സാഫല്യം. രവീന്ദ്രന്‍റെ മരണശേഷമുള്ള ചങ്ങാതിമാരുടെ വാക്കുകള്‍ ഇത് അന്വര്‍ത്ഥമാക്കുന്നവയാണ്.
സിനിമയുടെ വഴിയില്‍
ഹരിജന്‍, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഒരേ തൂവല്‍പക്ഷികള്‍ എന്നിവയാണ് രവീന്ദ്രന്‍ സംവിധാനം ചെയ്ത സിനിമകള്‍. അദ്ദേഹത്തിന്‍റെ യാത്രയുടെയും ചിന്തകളുടെയും അന്വേഷണങ്ങളുടെയും തുടര്‍ച്ച തന്നെയായിരുന്നു ഈ സിനിമകള്‍. ആന്ധ്രപ്രദേശിലെ അധഃകൃതരുടെ ജീവിതത്തെ സൂക്ഷ്മമായി പിന്തുടരുന്ന ചിത്രമാണ് 'ഹരിജന്‍'. പൊതു പ്രവണതകള്‍ക്ക് പുറത്തു നില്‍ക്കുന്ന സിനിമയായിരുന്നു 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍'. 'അതൊരുതരം ആര്‍ഗുമെന്‍റ്സ് ആയിരുന്നു. ഒരു പ്രബന്ധം എന്ന മട്ടിലാണ് ഞാനതു ചെയ്തത്' എന്ന് രവീന്ദ്രന്‍ പറയുന്നു. 'ഒരേ തൂവല്‍ പക്ഷികള്‍' എന്ന സിനിമ മലബാറിലെ റബര്‍കര്‍ഷകര്‍ക്കിടയില്‍ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്‍റെ ചരിത്രമാണ് അവതരിപ്പിക്കുന്നത്. കച്ചവട സിനിമയുടെ പ്രതിലോമമായ പ്രത്യയശാസ്ത്രങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു രവീന്ദ്രന്‍റെ സിനിമകള്‍. 'സിനിമ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ മൂല്യങ്ങളെ എപ്പോള്‍ ധിക്കരിക്കുകയും വര്‍ഗ സംഘര്‍ഷത്തിന് ഒരുങ്ങുകയും ചെയ്യുന്നുവോ, ആ നിമിഷത്തില്‍ സാമ്പത്തികമായി അത് പരാജയപ്പെടും" എന്ന ബോദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥയുടെ മൂല്യങ്ങളെ കര്‍ശനമായി ചോദ്യം ചെയ്യുന്ന, ധിക്കരിക്കുന്ന സിനിമകളായിരുന്നു രവീന്ദ്രന്‍ ഒരുക്കിയത്.
മാഞ്ഞുപോയ ഒരു തലമുറ
രവീന്ദ്രന്‍റെ തലമുറ നമ്മുടെ സാംസ്കാരിക ചരിത്രത്തില്‍ ഒരുപാടു മുദ്രകള്‍ പതിപ്പിച്ചാണ് കടന്നുപോയത്. "മൊത്തം ഒരു ബാലന്‍സ്ഷീറ്റ് എടുക്കുമ്പോള്‍ അനുഭവപരമായി വലിയ പരാജയങ്ങളാണെന്നും, ഞങ്ങള്‍ക്കൊന്നും സാധിച്ചിട്ടില്ല എന്നും തോന്നുന്നു" എന്നു പറയാനുള്ള ബൗദ്ധിക സത്യസന്ധത രവീന്ദ്രന്‍ കാണിക്കുന്നു. "സാഹിത്യം, സിനിമ ഞാന്‍ ഒന്നും ഒന്നും മുഴുവനാക്കിയിട്ടില്ല. ഒരിടത്തും മുഴുവനായി നിന്നിട്ടുമില്ല. ഒന്നും ദീര്‍ഘകാലം ചെയ്തിട്ടുമില്ല. ഒരുതരത്തില്‍ ഡ്രിഫ്റ്റിങ്ങ് വുഡ് ആയിരുന്നു ഞാന്‍. എനിക്കു മാത്രമല്ല, എന്‍റെ തലമുറയിലെ പല ആളുകള്‍ക്കും സംഭവിച്ചത് ഇതാണ്. പല തരത്തിലുള്ള ഒഴുക്കുകളില്‍ പെട്ടുപോയവരാണ് ഞങ്ങള്‍. തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങളെന്താണ്? വലിയ അസംതൃപ്തി ബാക്കിനില്‍ക്കുന്നു. ഒന്നും ചെയ്യാനായിട്ടില്ലെന്ന അതൃപ്തി. സഫലമായില്ല എന്ന തോന്നല്‍." ഈ തോന്നല്‍ ചിന്തിക്കുന്ന ഒരാള്‍ക്കേ ഉണ്ടാവൂ. ചിന്തരവി എന്നും ചിന്തിച്ചുകൊണ്ടിരുന്നു. നമ്മെ പുതിയ ചിന്തയിലേക്ക് അദ്ദേഹം ക്ഷണിച്ചു. തന്‍റെ ചിന്തകളും യാത്രകളും അവസാനിപ്പിച്ച്, അവയുടെ ഫലങ്ങള്‍ നമുക്കായി നല്‍കി രവീന്ദ്രന്‍ ദീര്‍ഘമായ യാത്രയ്ക്കിറങ്ങിയിരിക്കുന്നു. മടക്കമില്ലാത്ത യാത്ര...! "ജീവിതം അത്ഭുതകരമായ ഒരു തമാശയാണ്" എന്നെഴുതിയവന്‍റെ സഞ്ചാരം.