ഒരാളെ വധിക്കാന്‍ ക്ലേശകരമായ പല വഴികളുണ്ട്:
ഒരു കഷണം മരത്തടി ചുമലിലേറ്റിക്കൊടുത്ത് മലമുകളില്‍ കൊണ്ടുപോയി നിനക്കവനെ അതില്‍ തറച്ചു കൊല്ലാം.
എന്നാല്‍ ഇത് വൃത്തിയായി ചെയ്യാന്‍ ചെരുപ്പണിഞ്ഞ ഒരു വലിയ കൂട്ടം ജനവും, കൂവാന്‍ ഒരു കോഴിയും, സമയം നിശ്ചയപ്പെടുത്താന്‍ ഒരു നാഴികമണിയും, ഒരു പഞ്ഞിക്കഷണവും, അല്പം ചൊറുക്കയും, ആണി തറക്കാന്‍ ഒരാളെയും ആവശ്യമുണ്ട്.
അല്ലെങ്കില്‍ ഒരു ഇരുമ്പുകഷ്ണമെടുത്ത് പരമ്പരാഗത രീതിയില്‍ അതിനെ പരിവപ്പെടുത്തി മൂര്‍ച്ചവെപ്പിച്ച് അവന്‍ ധരിച്ചിരിക്കുന്ന ലോഹകവച്ചത്തിനുള്ളിലേക്ക് കുത്തിയിറക്കുക. പക്ഷേ നിനക്കതിന് വെള്ളക്കുതിരകളും, ഇംഗ്ലീഷ് മരങ്ങളും, അമ്പും വില്ലുമേന്തിയവരും, ചുരുങ്ങിയ പക്ഷം രണ്ട് പതാകകളും, ഒരു രാജകുമാരനും, വിരുന്നു നടത്താന്‍ ഒരു കൊട്ടാരവും ആവശ്യമുണ്ട്.
കുലീനത മറന്നുകൊണ്ട്, കാറ്റ് അനുവദിക്കുമെങ്കില്‍, നിങ്ങള്‍ക്ക് അവനു നേരെ വിഷവാതകം തുറന്നു വിടാം.
പക്ഷേ അതിന് കിടങ്ങില്‍ ഒരു മൈയില്‍ ദൂരമെങ്കിലും മണ്ണ് വെട്ടിമാറ്റണം; കറുത്ത ബൂട്ടുകളും, ബോംബിന്‍ഗര്‍ത്തങ്ങളും, മണ്ണിന്‍റെ അളവും, എലിപ്ലേഗും, ഒരു ഡസന്‍ പാട്ടും, കുറെ ഉരുക്കിന്‍ വട്ടതൊപ്പികളും സൂചിപ്പിക്കേണ്ടതേയില്ലല്ലോ.
വ്യോമയാനങ്ങളുടെ കാലത്ത് ഇരയുടെ മുകളിലൂടെ മൈലുകളോളം പറന്ന്, ഒരു ചെറു ബട്ടണമര്‍ത്തി നിനക്കവനെ ഇല്ലാതാക്കാം. നിനക്കതിന് ആവശ്യമുള്ളത് നിങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്ന ഒരു സമുദ്രവും, രണ്ടുതരം ഭരണസംവിധാനവും, ഒരു രാജ്യത്തിന്‍റെ ശാസ്ത്രജ്ഞന്മാരും, കുറെ ഫാക്ടറികളും, ഒരു ചിത്തരോഗിയും, ആര്‍ക്കും ഏറെ നാളേയ്ക്ക് ആവശ്യമില്ലാത്ത ഒരു തുണ്ട് ഭൂമിയും മാത്രമാണ്.
ഞാന്‍ പറഞ്ഞു തുടങ്ങിയതുപോലെ, ഒരാളെ വധിക്കാന്‍ ക്ലേശകരമായ പല വഴികളുണ്ട്. എന്നാല്‍ ഏറ്റവും ലളിതവും നേര്‍ചൊവ്വുള്ളതുമായ വഴി അവന്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ ജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, എന്നിട്ട് അവനെ അവിടെ തന്നെ ജീവിക്കാന്‍ വിടുക.
(എഡ്വിന്‍ ബ്രോക്ക് ഇരുപതാംനൂറ്റാണ്ടിലെ മനുഷ്യനെ കൊല്ലാനുള്ള വഴികളാണ് സ്വന്തം കവിതയില്‍ കുറിച്ചത്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൊലപാതകത്തിന് വേണ്ടി പുത്തന്‍ വഴികള്‍ തേടി ഒരു കവിതാരചന എന്‍റെയും നിങ്ങളുടെയും ചുമതലയാണ്)