മാനവരാശിയാകെ ഒരു മഹാദുരന്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. കുറഞ്ഞുകുറഞ്ഞു വരുന്ന ഭൗതിക സഞ്ചയത്തിന്‍റെമേല്‍ വര്‍ധിച്ചുവരുന്ന ഡിമാന്‍റ് ഒരു സന്ദിഗ്ദ്ധാവസ്ഥ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് പെട്രോളിയത്തിന്‍റെ ശേഖരം ഇനിയും 3-4 പതിറ്റാണ്ടുകാലത്തേക്കേ മതിയാകൂ. ഉല്‍പാദനനിരക്ക് ഏതാണ്ട് ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. അതേസമയം വാഹനങ്ങളുടെ എണ്ണവും പെട്രോളിയത്തിന്‍റെയും ഡീസലിന്‍റെയും ഡിമാന്‍റും അനുസ്യൂതം വര്‍ധിച്ചുവരികയാണ്. ലഭ്യമാകുന്ന പെട്രോള്‍ മുഴുവന്‍ പണമുള്ളവര്‍ സ്വായത്തമാക്കും. അതിന്‍റെ വില ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലിറ്ററിന് നൂറു രൂപയില്‍ അധികമാകും. ആകാതെ പറ്റില്ല. മറ്റ് അനവധി പദാര്‍ഥങ്ങളുടെയും അവസ്ഥ ഇതുതന്നെ! പണംകൊണ്ടു മാത്രം വാങ്ങാന്‍ പറ്റില്ല എന്നുവരുമ്പോള്‍ പിടിച്ചുപറിക്കാന്‍ ആരംഭിക്കും, യുദ്ധങ്ങള്‍ ഉണ്ടാകും. അഫ്ഘാന്‍ യുദ്ധവും ഇറാക്ക് യുദ്ധവും ലിബിയന്‍ യുദ്ധവും ഒക്കെ ഇതിന്‍റെ സാമ്പിളുകളാണ്. ഒരു ഘട്ടമെത്തുമ്പോള്‍, പ്രത്യേകിച്ചും, ഭക്ഷണത്തിന്‍റെ കാര്യം വരുമ്പോള്‍, രാജ്യങ്ങള്‍ തമ്മില്‍ മാത്രമല്ല, ഒരു വീട്ടിലെ അംഗങ്ങള്‍ തമ്മില്‍പോലും രൂക്ഷമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. ഇതിന്‍റെയെല്ലാം ലാഞ്ഛന കാണാന്‍ തുടങ്ങിയിട്ടുണ്ട്. പാരസ്പര്യജീവിയായി പരിണമിച്ചു പുരോഗമിച്ച മനുഷ്യന്‍, ഒരു തരത്തിലുള്ള സ്പീഷീസ് ഭ്രാന്തിന് അടിമപ്പെട്ട് എല്ലാതരത്തിലുള്ള കൂട്ടായ്മകളും ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ക്ലബ് ഓഫ് റോം എന്ന ഒരു സംഘടന 1972ല്‍ ഒരു പഠനം നടത്തുകയുണ്ടായി: സംഗതികള്‍ അന്നത്തെപ്പോലെ തുടരുകയാണെങ്കില്‍ മാനവജാതിയുടെ ഭാവി എന്തായിരിക്കും എന്നതാണ് പഠിച്ചത്. അവര്‍ ചെന്നെത്തിയ നിഗമനം ഭീതിദമായിരുന്നു. 21-ാം നുറ്റാണ്ട് മധ്യമാകുമ്പോഴേയ്ക്കും ആളോഹരി ഭക്ഷ്യലഭ്യത ഗണ്യമായി കുറയും, വ്യവസായിക പുരോഗതി മന്ദീഭവിക്കും, ചുറ്റുപാടുമുള്ള മാലിന്യം ഏറെ വര്‍ധിക്കും. ഇതിന്‍റെയൊക്കെ ഫലമായി മനുഷ്യരുടെ പ്രതീക്ഷിതായുസ്സ് കുത്തനെ കുറയാന്‍ തുടങ്ങും. ആളുകള്‍ കൂട്ടത്തോടെ മരിച്ചുവീഴും. ലോകജനസംഖ്യ പകുതിയോ അതില്‍ താഴെയോ ആയി കുറയും.
അന്ന് ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും അതിന്‍റെ ഫലമായി ഭക്ഷ്യധാന്യോല്‍പാദനത്തില്‍ വീണ്ടുംവരുന്ന കുറവും അവര്‍ കണക്കിലെടുത്തിരുന്നില്ല. 1992 ലെ ഭൗമ ഉച്ചകോടി ആയപ്പോഴയ്ക്കും, ഭയാനകമായ ഈ ഭവിഷ്യത്തിനെ തള്ളിക്കളയാനാകില്ല എന്ന വസ്തുത അംഗീകരിക്കപ്പെട്ടു. ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹവാതകവിസര്‍ജനം കുറച്ചുകൊണ്ടുവരണമെന്ന് എല്ലാവര്‍ക്കും ബോധ്യമായി. അതിന് ചില നടപടിക്രമങ്ങളും നിര്‍ദേശിക്കപ്പെട്ടു. എന്നാല്‍ വികസിതരാഷ്ട്രങ്ങള്‍, പ്രത്യേകിച്ച് യു.എസ്.എ. ഇത് അംഗീകരിച്ചില്ല, നടപ്പാക്കിയില്ല. അതിനായി കോപ്പന്‍ഹേഗനില്‍ നടന്ന അവസാനത്തെ ശ്രമവും പരാജയപ്പെട്ടു. ക്ലബ് ഓഫ് റോം സംഘം 1972 ലെ തങ്ങളുടെ പഠനം, പുതിയ വിവരങ്ങളുടെയും കൂടി അടിസ്ഥാനത്തില്‍, 1992ലും 2002ലും ആവര്‍ത്തിക്കുകയുണ്ടായി. ഭാവിയെപ്പറ്റി ലഭിച്ച ചിത്രത്തില്‍ ഒരു മാറ്റവും കണ്ടില്ല. ഇന്നത്തെ യുവതലമുറ വരാന്‍ പോകുന്ന പാരിസ്ഥിതിക-സാമ്പത്തിക-ധാര്‍മികദുരന്തത്തിന് ദൃക്സാക്ഷികളാകും. അവരുടെ കുട്ടികളാകട്ടെ അതിന്‍റെ ഇരകളായിത്തീരും.
ഇങ്ങനെ മുന്നോട്ടുപോകണമോ? ഒരു ദുരന്തം ബോധപൂര്‍വം ക്ഷണിച്ചുവരുത്തണമോ? ബോധമുള്ളവര്‍ ആരും പറയില്ല, വേണമെന്ന്. തങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും സ്നേഹിക്കുന്ന ആരും പറയില്ല. തന്നെയും മറ്റു മനുഷ്യരെയും സ്നേഹിക്കുന്ന ആരും പറയില്ല. അതുകൊണ്ടാണ് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും, മറ്റൊരു ലോകം സാധ്യമാണ്, ആവശ്യമാണ് എന്ന മുറവിളി ഉയരുന്നത്. ഇന്നത്തെ ലോകം ഇതേപോലെ തുടരാന്‍ അനുവദിച്ചുകൂട എന്ന മുറവിളി ഉയരുന്നത.് ഇന്നത്തെ ലോകത്തിന്‍റെ കൊള്ളരുതായ്മകള്‍ ഇല്ലാത്ത പുതിയൊരു ലോകം വേണമെന്ന മുറവിളി ഉയരുന്നത്.
ഈ പുതിയ ലോകം പ്രഥമവും പ്രധാനവും ആയി ആവശ്യത്തെ ആര്‍ത്തിയില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ വേണ്ട വിവേകം ആര്‍ജിച്ച ഒന്നായിരിക്കും. ഗാന്ധിജി പറഞ്ഞപോലെ എല്ലാവരുടെ ആവശ്യങ്ങളും നിറവേറ്റാന്‍ വേണ്ടത് ഭൂമിയിലുണ്ട്. എന്നാല്‍ ഒരാളുടെ ആര്‍ത്തിപോലും തൃപ്തിപ്പെടുത്താനാകില്ല. ഇന്നത്തെ മുതലാളിത്ത സമൂഹവ്യവസ്ഥ നിലനില്‍ക്കുന്നതുതന്നെ ആര്‍ത്തി വളര്‍ത്തിക്കൊണ്ടാണ്. അങ്ങനെ മാത്രമേ അതിന് നിലനില്‍ക്കാനാകൂ.
പുതിയലോകം പരസ്പരസഹകരണത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായിരിക്കും. ഇന്നത്തെ ലോകം കഴുത്തറപ്പന്‍ മത്സരത്തില്‍ അധിഷ്ഠിതമാണ്.
പുതിയലോകം, ശുഭാപ്തിവിശ്വാസം ഉള്ളതായിരിക്കും, നാളെ, ഇന്നിനെക്കാളും നന്നായിരിക്കും, നന്നാക്കാന്‍ പറ്റുന്നതായിരിക്കും എന്ന് വിശ്വസിക്കുന്ന ഒന്നായിരിക്കും അത്. പക്ഷെ ഇന്ന് നമ്മുടെ വിദ്യാലയങ്ങള്‍, മാധ്യമങ്ങള്‍, സമൂഹം എല്ലാം തന്നെ ഭാവിതലമുറയെ പഠിപ്പിക്കുന്നത് നേരെ വിപരീതമാണ് - ഉപഭോഗാസക്തിവളര്‍ത്തുന്നു; സഹകരണത്തെ പുച്ഛിക്കുന്നു; മത്സരത്തെ ആദരിക്കുന്നു; നാളത്തെ കാര്യം ആര്‍ക്കും അറിയില്ല, അതിനാല്‍ ഇന്ന് അടിച്ചുപൊളിക്കുകڈ എന്ന കാഴ്ചപ്പാട് കുത്തിവയ്ക്കുന്നു.
പുതിയ സമൂഹങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മഹാന്മാരായ നേതാക്കള്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ബുദ്ധനും ക്രിസ്തുവും മാര്‍ക്സും ഗാന്ധിയും ഒക്കെ അത്തരത്തിലുള്ള പങ്കുവഹിച്ചിട്ടുള്ളവരാണ്. ഈ കാലഘട്ടം ഒരു ബുദ്ധനെയും ക്രിസ്തുവിനെയും മാര്‍ക്സിനെയും ഗാന്ധിയെയും ഒക്കെ ആവശ്യപ്പെടുന്നു. എന്നാല്‍ അവരുടെ അവതാരത്തിനായി കാത്തിരിക്കാന്‍ ഇന്നു പറ്റില്ല. മാനവരാശിയുടെ അന്ത്യമാകുന്ന ടൈംബോംബ് മിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിനെ ഡി-ഫ്യൂസ് ചെയ്യണം. അവതാരങ്ങളെ കാത്തിരിക്കാന്‍ സമയമില്ല. സാധാരണ മനുഷ്യര്‍ അവതാരങ്ങളായി മാറണം. നമ്മില്‍ എല്ലാവരിലും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തിലുള്ള അവതാരമാകാനുള്ള സാധ്യത ഒളിഞ്ഞുകിടപ്പുണ്ട്. നാം സ്വയം ഉള്ളിലോട്ടു നോക്കുകയേ വേണ്ടു, വേണ്ടത്ര ശ്രദ്ധയോടെ ആത്മപരിശോധന നടത്തുകയേ വേണ്ടൂ. നമ്മില്‍ ഓരോരുത്തനിലും അന്തര്‍ലീനമായിരിക്കുന്ന സാധ്യതകള്‍ തിരിച്ചറിയാനും അവയെ യാഥാര്‍ഥ്യങ്ങളാക്കി സാക്ഷാത്കരിക്കാനും. അണ്ണാ ഹസാരെയും പോപട് റാവ് പവാറും ബാബാ ആംതെയും ഒന്നും അവതാരപുരുഷന്മാരായിരുന്നില്ല, സാധാരണ മനുഷ്യര്‍ മാത്രമായിരുന്നു. അവര്‍ ത്യാഗികളും ആയിരുന്നില്ല. തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ആനന്ദം കാണുന്നവരായിരുന്നു അവര്‍. പുതിയ ലോകത്തെക്കുറിച്ച് നമ്മുടെ മനസ്സിലുള്ള കാഴ്ചപ്പാടിന് അനുസരിച്ച് സ്വന്തം ജീവിതത്തെ ക്രമീകരിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ശ്രമിക്കാം. നമ്മുടെ ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ കുറച്ചേ വേണ്ടൂ എന്നുവച്ച് മറ്റെല്ലാംതന്നെ വേണ്ടെന്നു വയ്ക്കേണ്ടതില്ല. പക്ഷെ ഇല്ലെങ്കിലും ഒരു മനോവിഷമവും ഉണ്ടാകരുത് എന്നു മാത്രം.
ഇന്ന് നാം ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളില്‍ ഏറിയ പങ്കിനും നമ്മുടെ ജീവിതഗുണത വര്‍ധിപ്പിക്കുന്നതില്‍ ഒരു പങ്കുമില്ല. അവ മിക്കവയും പൊങ്ങച്ചച്ചരക്കുകളാണ്. ലഹരിമരുന്നുകള്‍, മദ്യം, ആയുധങ്ങള്‍ മുതലായവയാകട്ടെ ജീവിതഗുണത നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു സമൂഹം ഇവയെല്ലാം ഉല്‍പാദിപ്പിക്കുന്നതിന് സമയവും വിഭവവും കളയുന്നത് വിഡ്ഢിത്തമാണ്. ആ സമയം കൂടി വിശ്രമത്തിനും വിനോദത്തിനും സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്കുമായി ലഭിക്കുന്നതാണ്. സമൂഹമാകെ പുതിയൊരു ജീവിതശൈലി, ആവശ്യത്തെ ആര്‍ത്തിയില്‍നിന്നു വേര്‍തിരിച്ചറിയുന്ന ഒരു ശൈലി സ്വീകരിച്ചാല്‍ എല്ലാവരുടെയും ജീവിതഗുണത വര്‍ധിക്കുന്നതായിരിക്കും. ഏതാനും അവതാരപുരുഷന്മാര്‍ (സ്തീകളുമാകാം) ഒരു ത്യാഗമെന്നോണം പൊങ്ങച്ചച്ചരക്കുകള്‍ തിരസ്കരിച്ചതുകൊണ്ട് ആയില്ല. സമൂഹത്തിനാകെ ഒരു തിരിച്ചറിവ് ഉണ്ടാകണം. നിര്‍ബന്ധിത അധ്വാനത്തില്‍നിന്നുള്ള മോചനത്തെ വിലമതിക്കാന്‍ സമൂഹത്തിനു കഴിയണം. വൈകാരികതലത്തില്‍ തേടേണ്ടേ ഒന്നല്ല ഈ തിരിച്ചറിവ്. വിചാരത്തില്‍ നിന്നാണ് അത് ഉടലെടുക്കുന്നത്. സമൂഹത്തിന്‍റെ വിചാരതലത്തില്‍ ഒരു വിപ്ലവം ഉണ്ടാകണം. ഈ വിപ്ലവത്തിന്‍റെ വിത്തിടാന്‍ ഏറ്റവും പറ്റിയ മണ്ണ് നമ്മുടെ വിദ്യാലയങ്ങളാണ്. വിചാരതലത്തില്‍ നടക്കുന്ന വിപ്ലവം ആത്യന്തികമായി ഒരു വികാരമായിത്തീരുന്നതാണ്. ഇവിടെ മുഖ്യകാര്‍മികര്‍ അധ്യാപകരാണ്. ഒരു പുതിയതരം അധ്യാപകരെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വിഷയപരിജ്ഞാനത്തിനും അധ്യാപനശേഷിക്കും പുറമെ മുല്യബോധവും അധ്യാപകരുടെ തിരഞ്ഞെടുപ്പില്‍ പ്രധാനമാണ്. അധ്യാപനം ശമ്പളം കിട്ടാനുള്ള തൊഴില്‍ മാത്രമല്ല. പുതിയൊരുതരം സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നിയുക്തരായവര്‍ കൂടിയാണ് അധ്യാപകര്‍. മാതാപിതാക്കള്‍ ഇത് തിരിച്ചറിയണം. മത്സരത്തേക്കാള്‍ കൂടുതല്‍ കൂട്ടായ്മയെ ബഹുമാനിക്കുന്ന, ആര്‍ത്തിയെ യഥാര്‍ഥ ആവശ്യത്തില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയുന്ന, പുതിയൊരു മൂല്യബോധത്തിനുടമകളായിരിക്കണം അധ്യാപകര്‍. അത്തരത്തില്‍പെട്ടവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂ. തങ്ങള്‍ څത്യാഗംچ ചെയ്യുകയാണ് എന്ന ഒരു തോന്നല്‍ അവര്‍ക്കുണ്ടാകരുത്. കുട്ടികള്‍ക്കും ഉണ്ടാകരുത്. ആ തോന്നല്‍ വരുന്നത് കച്ചവടമനഃസ്ഥിതിയില്‍നിന്നാണ്. തങ്ങള്‍ ചെയ്യുന്ന 'ത്യാഗ'ത്തിന് അവര്‍ കനത്ത പ്രതിഫലം പ്രതീക്ഷിക്കുന്നു. പണമാകാം, അവാര്‍ഡുകളാകാം, അധികാരമാകാം. അതുകൊണ്ടാണ് അത് കച്ചവടമാണെന്നു പറഞ്ഞത്. തങ്ങള്‍ചെയ്യുന്ന ഏതു പ്രവര്‍ത്തനത്തിലും ആനന്ദം കാണാന്‍ കുട്ടികള്‍ക്കു കഴിയണം. അധ്യാപകര്‍ക്കും കഴിയണം. അതാണ് യഥാര്‍ഥവിദ്യാഭ്യാസം. ശാസ്ത്രസാഹിത്യപരിഷത്തിന്‍റെ 'പഠനം പാല്‍പ്പായസം അധ്യാപനം അതിമധുരം' എന്നീ മുദ്രാവാക്യങ്ങള്‍, ഈ തിരിച്ചറിവിന്‍റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ടതാണ്. അത്തരത്തിലുള്ള കുറച്ചെങ്കിലും അധ്യാപകരെ വളര്‍ത്തിയെടുക്കാന്‍ പരിഷത്തിനു കഴിഞ്ഞിട്ടുണ്ട്. അതുപോലെ വിദ്യാഭ്യാസത്തില്‍ ആനന്ദാനുഭൂതിയുടെതായ അംശം കുറച്ചെങ്കിലും ഉള്‍ച്ചേര്‍ക്കാനും പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സമൂഹത്തിലാകെ ആളിപ്പടരുന്ന ഒരു ആവേശമാക്കിമാറ്റാന്‍ വേണ്ടത്ര ചൂട് ഇനിയും ഉണ്ടായിട്ടില്ല. എല്ലാവരും ഒത്തൊരുമിച്ച് അതിനു ശ്രമിക്കേണ്ടിയിരിക്കുന്നു. എല്ലാ അധ്വാനവും ആനന്ദപ്രദമാക്കാവുന്നതാണ്.