news-details
കവിത

ശൂന്യമായ കരം നല്കുന്നത്

കണക്കില്‍പെടാത്തവന്‍ ഭാഗ്യവാന്‍
അവന്‍ നക്ഷത്രങ്ങളെ എണ്ണിത്തീര്‍ക്കും.
കാറ്റത്തൂര്‍ന്നു പോയവന്‍ ഭാഗ്യവാന്‍
നിലവിളികളവനെ പരിരക്ഷിക്കും.
പാട്ടുകളറിയാത്തവന്‍ ഭാഗ്യവാന്‍
നിസ്സാര ദുഃഖങ്ങളവനെ ശിക്ഷിക്കുകയില്ല.
ഒറ്റയ്ക്കായിപ്പോയവന്‍ ഭാഗ്യവാന്‍
അവന്‍ അശരീരികളെ ശ്രവിക്കും.
ശാസ്ത്രമറിയാത്തവന്‍ ഭാഗ്യവാന്‍
കഥകളവനെ വിശ്വസിക്കും.
ഇടിമിന്നലേറ്റവന്‍ ഭാഗ്യവാന്‍
ഇനിയവനു കടങ്ങളില്ല.
ചെരിപ്പിടാന്‍ മറന്നുപോയവന്‍ ഭാഗ്യവാന്‍
തീവണ്ടികളവനെ പിന്തള്ളുകയില്ല.
ജലംകൊണ്ടു മുറിവേറ്റവന്‍ ഭാഗ്യവാന്‍
സൂചിക്കുഴകളവനെ കടത്തിവിടും.
ദിനപത്രം വായിക്കാത്തവന്‍ ഭാഗ്യവാന്‍
അവന്‍റെ വാതില്‍ക്കലാരും മുട്ടുകില്ല.
പ്രണയിക്കാത്തവന്‍ ഭാഗ്യവാന്‍
അവന് ഒറ്റയ്ക്കു സംസാരിക്കാം.
അവിശ്വാസിയായവന്‍ ഭാഗ്യവാന്‍
ദൈവമവനെ വിശ്വസിക്കുന്നു.
കാട്ടിലകപ്പെട്ടവന്‍ ഭാഗ്യവാന്‍
ചൂളമരങ്ങളുടെ വിറയലിലാകെ ഒരിക്കലും മടങ്ങിവരാത്ത
അമ്മമാരുടെ തേങ്ങലുകളുണ്ട്.
കവിതകളെ കുപ്പിയിലാക്കി ഒഴുക്കിവിട്ടവന്‍ ഭാഗ്യവാന്‍
ആത്മാക്കളുടെ ചുംബനങ്ങളുമായത് തിരിച്ചൊഴുകുന്നു.
ദൈവത്തിന്‍റെ നഗ്നത കണ്ട സ്ത്രീ ഭാഗ്യവതി
അവളൊരിക്കലും നഗ്നയാവില്ല.
കിണറ്റിന്‍ കരയിലിരിക്കുന്നവനു വെള്ളം കൊടുക്കുന്നവള്‍
ഭാഗ്യവതി
യേശു അവളുടെ ഭര്‍ത്താവാകും.
അപരിചിതനെ സ്വപ്നം കാണുന്ന സ്ത്രീ ഭാഗ്യവതി.
പ്രപഞ്ചം അപകടത്തിലാകുമ്പോളവര്‍ക്കു മുന്നറിയിപ്പു കിട്ടും.
മഴയത്തു കുടപിടിക്കാത്ത സ്ത്രീ ഭാഗ്യവതി
ആകാശം അവളുടെ ശരീരത്തു പച്ചകുത്തും,
യേശുവിനെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍
തീരമില്ലാത്ത കടലിലേയ്ക്കവര്‍ വന്നടുക്കും.

You can share this post!

ഫ്രാന്‍സിസ് അസ്സീസിയുടെ കവിത

അന്‍റ്റോണിന്‍ അര്‍റ്റോഡ് (മൊഴിമാറ്റം: ജോസ് സുരേഷ്)
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts