news-details
മറ്റുലേഖനങ്ങൾ

മരങ്ങള്‍ നട്ട മനുഷ്യന്‍

(സ്വന്തമല്ലാത്ത മണ്ണില്‍ ആര്‍ക്കോ വേണ്ടി നന്മയുടെ വിത്തുകള്‍ പാകുന്ന പ്രകൃതിസ്നേഹികള്‍ക്ക് ജീന്‍ ജിയോനോയുടെ - Jean Jiono - ആത്മകഥാപരമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഈ കഥ -The man who planted trees- കരുത്തേകട്ടെ.)

സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1200 അടിയിലേറെ ഉയര്‍ന്നുകിടക്കുന്ന ഒരു പ്രദേശമാണ് ഫ്രാന്‍സിലെ പ്രൊവന്‍സ്. ആല്‍പ്സ് പര്‍വ്വതനിരകളോട് ഇടകലര്‍ന്ന ഭൂപ്രദേശം. അവിടത്തെ ഒരു കൊച്ചു ഗ്രാമമാണ് വേഗന്‍. ഒരു നാല്പതുവര്‍ഷം മുമ്പ് ആ പ്രദേശത്തെക്കുറിച്ച് അധികമാര്‍ക്കും അറിവില്ലായിരുന്നു.

അങ്ങിങ്ങ് പടര്‍ന്നു കയറിയിരിക്കുന്ന കര്‍പ്പൂരവള്ളികളൊഴികെ മറ്റ് യാതൊരുവിധ പച്ചപ്പുകളും ഈ പ്രദേശത്ത് കാണാനില്ല. ഫ്രാന്‍സിലെ പകുതിയിലേറെ സ്ഥലങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള എനിക്ക് ഈ വരണ്ട മണ്ണിലെത്തിയപ്പോള്‍ ഒരുന്മേഷവും തോന്നിയില്ല.

ഈ ഗ്രാമത്തിനടുത്തായിരുന്നു എന്‍റെ ക്യാമ്പ്. ജൂണ്‍മാസത്തിലെ ഒരു മനോഹരദിവസം. ഞാന്‍ ആ പ്രദേശമൊക്കെ ഒന്നു ചുറ്റിനടന്ന് കാണാനിറങ്ങി. ശക്തമായ കാറ്റ് ചൂളംവിളിക്കുന്നുണ്ട്. നടത്തം തുടങ്ങിയിട്ട് അഞ്ചുമണിക്കൂറിലധികമായി. ക്യാമ്പില്‍ നിന്നും ഏറെ ദൂരം അകലെയാണ് ഞാനിപ്പോള്‍. കൈയില്‍ കരുതിയിരുന്ന കുടിവെള്ളത്തിന്‍റെ അവസാനത്തുള്ളിവരെ കുടിച്ചുതീര്‍ത്തിരിക്കുന്നു. ഇപ്പോഴാണെങ്കില്‍ ദാഹം സഹിക്കാനാവുന്നില്ല. ഒരിത്തിരി വെള്ളത്തിന് ഒരു മാര്‍ഗ്ഗവുമില്ല. എങ്ങും ഉണങ്ങി കിടക്കുന്ന മണ്ണ് മാത്രം. ഒരു തുള്ളി വെള്ളത്തിനു വേണ്ടിയുള്ള എല്ലാ പ്രതീക്ഷയും അസ്തമിക്കുകയാണ്.

ഒരു കാലത്ത് ഇവിടെ ജനജീവിതം ഉണ്ടായിരുന്നു എന്നതിന്‍റെ പല സൂചനകളും അവിടെ കാണാം. തകര്‍ന്നടിഞ്ഞ വണ്ടിന്‍കൂടു പോലുള്ള അഞ്ചാറുവീടുകള്‍... നശിച്ചുപോയ ചാപ്പലിന്‍റെയും മണിമാളികയുടെയും അവശിഷ്ടങ്ങള്‍... അങ്ങനെ പലതും.

അങ്ങകലെ ഒരു കറുത്ത നിഴല്‍ചിത്രം. ഞാന്‍ അവിടം ലക്ഷ്യംവച്ചു നടന്നു. ആട്ടിന്‍പറ്റത്തോടൊപ്പം വിശ്രമിക്കുന്ന ഒരു ആട്ടിടയനെ അവിടെ കണ്ടു. മുപ്പത് ആടുകള്‍ അയാളോടൊപ്പമുണ്ട്.

ദാഹിച്ചു വലഞ്ഞ എനിക്ക് അയാള്‍ തന്‍റെ ചുരക്കയില്‍ സൂക്ഷിച്ചിരുന്ന ദാഹജലം നല്കി. ആ കുടിനീര് എത്ര സ്വാദേറിയതായിരുന്നു! പ്രകൃത്യായുള്ള ഓലിയില്‍ നിന്നും കോരിയെടുത്ത് സൂക്ഷിച്ചതായിരുന്നു ആ ജലം.

കല്ലുകൊണ്ട് വെട്ടിയൊരുക്കി മെനഞ്ഞ അയാളുടെ ആ കൊച്ചുവീടിനുള്ളിലാണെങ്കില്‍ നല്ല അടുക്കും ചിട്ടയും. വൃത്തിയായി കഴുകി വച്ചിരിക്കുന്ന പാത്രങ്ങള്‍, തൂത്തു വൃത്തിയാക്കിയ തറ. എണ്ണയിട്ടു മിനുക്കി മൂലയിലൊരിടത്ത് ചാരിവച്ചിരിക്കുന്ന തോക്ക്.

അയാള്‍ ധരിച്ചിരുന്ന ഉടുപ്പില്‍ എച്ചുപിടിപ്പിക്കലുകള്‍ ഉണ്ടായിരുന്നെങ്കിലും അവ പെട്ടെന്ന് മറ്റാര്‍ക്കും മനസ്സിലാകാത്തവിധം വിദഗ്ദ്ധമായി തുന്നിച്ചേര്‍ത്തിരുന്നു.

അടുപ്പിലെ കലത്തില്‍ സൂപ്പ് പാകമായിക്കൊണ്ടിരിക്കുന്നു. അതിലൊരു പങ്ക് അയാള്‍ എനിക്കും നല്കി.

'പുകവലിക്കുന്നോ?' ഞാനയാളുടെ നേരെ സിഗരറ്റ് നീട്ടി

'ഞാന്‍ വലിക്കാറില്ല.' അയാള്‍ പറഞ്ഞു.

വീടിനു പുറത്ത് അയാളുടെ പട്ടി ഇരിപ്പുണ്ട്. അയാളെപ്പോലെ തന്നെ ശാന്തന്‍. സ്നേഹഭാവം പ്രകടമാണെങ്കിലും വിളച്ചിലുകളൊന്നുമില്ല.

ആ ഗ്രാമത്തിലെ ആളുകളുടെ ജീവിതരീതി ഏറെക്കുറെ എനിക്കു വ്യക്തമായി. കുന്നിന്‍റെ ചരിവിലായി നാലോ അഞ്ചോ വീടുകള്‍. അങ്ങിങ്ങ് ഉയര്‍ന്നു നില്‍ക്കുന്ന ഓക്കുമരങ്ങള്‍. മരം മുറിച്ചുണ്ടാക്കുന്ന കരിയില്‍ നിന്നാണ് ഉപജീവനം. തീര്‍ത്തും ദരിദ്രരായവര്‍ താമസിക്കുന്ന പ്രദേശം. ആ കുടുംബങ്ങള്‍ തമ്മില്‍ ഒട്ടും സ്വരചേര്‍ച്ചയില്ല. നിസാരകാര്യത്തിനുപോലും ശണ്ഠ കൂടുന്നവര്‍. സ്ത്രീകളുടെ ജീവിതം തികച്ചും ദുരിതപൂര്‍ണ്ണമായിരുന്നു. കാലാവസ്ഥയാണെങ്കില്‍ ഒട്ടും അനുകൂലവുമല്ല. മാത്സര്യബുദ്ധിയോടെ പെരുമാറിയിരുന്ന അവര്‍ക്കിടയില്‍ പല സാമൂഹിക പ്രശ്നങ്ങളും തലപൊക്കിയിരുന്നു.

എനിക്ക് അടുത്ത ഗ്രാമത്തിലെത്തണമെങ്കില്‍ ഒന്നരദിവസത്തെ നടപ്പുണ്ട്. അതിനാല്‍ ആ രാത്രി അവിടെ അയാളോടൊപ്പം തങ്ങാനുള്ള അനുവാദം ചോദിച്ചുവാങ്ങി.

രാത്രിയായി. ഞാനപ്പോഴും പുകവലിച്ചു കൊണ്ടിരിക്കുകയായിരുന്നു. അയാളാകട്ടെ ഒരു സഞ്ചി തുറന്നു. അതില്‍ നിറയെ വിത്തുകളായിരുന്നു. നല്ലതും ചീത്തയും തിരയാന്‍ തുടങ്ങി.

'ഞാന്‍ സഹായിക്കണോ?'

'വേണ്ട, ഇത് എനിക്ക് തനിയെ ചെയ്യാനുള്ളതേ ഉള്ളൂ"

ഞാനയാളെ നിര്‍ബന്ധിച്ചില്ല. പിന്നെയൊന്നും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചില്ല. സംസാരിക്കാന്‍ അയാള്‍ ഒട്ടുംതന്നെ താല്പര്യം കാണിക്കുന്നതേയില്ല.

ഏകാന്ത ജീവിതം നയിക്കുന്ന ഒരുവനില്‍നിന്ന് ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍! പക്ഷേ അയാളുടെ ഭാവങ്ങളില്‍ എന്തെന്നറിയാത്ത ഒരു ആത്മവിശ്വാസത്തിന്‍റെ കരുത്ത് തുടിച്ചിരുന്നു. അയാളുടെ കൃഷിത്തോട്ടത്തിലും ആ കരുത്ത് നാമ്പെടുത്തു തഴച്ചിരുന്നു. നല്ല നൂറു വിത്തുകള്‍ തെരഞ്ഞെടുത്തു മാറ്റിവച്ചതിനു ശേഷം അയാള്‍ ഉറങ്ങാന്‍ കിടന്നു.
എന്താണെന്നറിയില്ല ആ മനുഷ്യനുമായുള്ള സഹവാസം എനിക്കേറെ തൃപ്തികരവും അതിലേറെ സന്തോഷകരവുമായിരുന്നു.

പിറ്റേന്ന് നേരം പുലര്‍ന്നു. അന്ന് അവിടെ തങ്ങേണ്ട ആവശ്യമൊന്നും എനിക്കില്ലായിരുന്നു. പക്ഷേ അയാള്‍ക്കു ചുറ്റും എന്തോ ഒരു നിഗൂഢതയുണ്ടെന്ന് എനിക്കു തോന്നി. അതെന്താണെന്ന് കണ്ടുപിടിക്കാനുള്ള ആകാംക്ഷ എന്‍റെ മനസ്സില്‍ തുടിച്ചു.  

അന്നേ ദിവസം അയാളോടൊപ്പം ചെലവിടാനുള്ള ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചു. അയാള്‍ എന്നെ നിരുത്സാഹപ്പെടുത്തിയില്ല.

അയാള്‍ ആടുകളെ കൂട്ടില്‍ നിന്നും ഇറക്കി. തലേന്ന് തിരഞ്ഞു വച്ചിരുന്ന വിത്തുകള്‍ പുറപ്പെടുംമുമ്പ് വെള്ളത്തില്‍ കുതിര്‍ത്തെടുത്തു. ഏകദേശം ഒന്നരമീറ്റര്‍ നീളമുള്ള ഒരു ഇരുമ്പുവടിയും അയാള്‍ കൈയില്‍ കരുതി.

ഞാന്‍ വെറുതെ അയാള്‍ക്കു സമാന്തരമായി അലസനായി, എന്നാല്‍ അയാളുടെ നീക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് നടന്നു. അയാള്‍ തന്‍റെ ആട്ടിന്‍പറ്റത്തെ മേയാന്‍ വിട്ടു. അവയുടെ കാവലിനായി പട്ടിയെ അവിടെ നിര്‍ത്തി.

അയാള്‍ എന്‍റെയടുത്തേക്ക് കയറിവന്നു. കയ്യില്‍ ഇരുമ്പുവടിയുമുണ്ട്. അയാളെത്തന്നെ ശ്രദ്ധിച്ചിരുന്ന എന്നെ അധിക്ഷേപിക്കാനോ മറ്റോ ആണോ ഇയാള്‍ കയറിവരുന്നതെന്ന് ഒരു നിമിഷം ഞാന്‍ ശങ്കിച്ചു. പക്ഷേ അരുതാത്തതൊന്നും സംഭവിച്ചില്ല. അയാള്‍ എന്നെയും മറികടന്ന് മുന്നോട്ടു നീങ്ങി.

"മറ്റൊന്നും ചെയ്യാനില്ലെങ്കില്‍ എന്നോടൊപ്പം പോന്നോളൂ" അയാള്‍ വിളിച്ചു പറഞ്ഞു. 200 മീറ്ററോളം ഉയരത്തിലേക്ക് ഞങ്ങള്‍ നടന്നുകയറി.

ഇരുമ്പുവടി കൊണ്ട്  ഓരോ കുഴി കുത്താന്‍ തുടങ്ങി. അവയിലൊക്കെ ഓരോ വിത്തിട്ടു. വീണ്ടും മണ്ണിട്ടുമൂടി.

അയാള്‍ ഓക്കുമരങ്ങള്‍ നടുകയാണെന്ന് എനിക്കു മനസിലായി.

"ഈ ഭൂമി തങ്ങളുടേതാണോ?"

"അല്ല"

"ഇതാരുടെ മണ്ണാണ്?"

"അതും അറിയില്ല."

ഒരു പക്ഷേ ഇത് സര്‍ക്കാര്‍വക മണ്ണായിരിക്കാം. അല്ലെങ്കില്‍ സംരക്ഷിക്കാന്‍ കഴിവോ താത്പര്യമോ ഇല്ലാത്ത ആരുടേതെങ്കിലും ആകാം.

മണ്ണ് ആരുടെ സ്വന്തമെന്നത് അയാള്‍ക്കൊരു വിഷയമേ ആയിരുന്നില്ല. തന്‍റെ കൈവശം കരുതിയിരുന്ന നൂറു വിത്തുകളും വളരെ ശ്രദ്ധാപൂര്‍വ്വം അയാള്‍ നട്ടു.

ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. അയാള്‍ വീണ്ടും വിത്തുകള്‍ തിരയാന്‍ തുടങ്ങി. ഞാന്‍ കൗതുകത്തോടെ അടുത്തുകൂടി. അയാളില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ വേണ്ടി ഓരോന്നു ചോദിച്ചു തുടങ്ങി.

"മൂന്നു വര്‍ഷത്തോളമായി ഈ വിജനപ്രദേശത്ത് ഞാന്‍ മരത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു. ഇതിനോടകം ഒരു ലക്ഷത്തോളം തൈകള്‍ നട്ടു. ഏകദേശം 20,000 എണ്ണം ചുവടുപിടിച്ചെങ്കിലും അവയില്‍ പകുതിയും കീടങ്ങളുടെ ശല്യവും കാലാവസ്ഥയുടെ മോശവും നിമിത്തം നശിച്ചുപോയി. ഇപ്പോള്‍ പതിനായിരത്തോളം ഓക്കുമരത്തൈകള്‍ വളര്‍ന്നുവരുന്നുണ്ട്. അവ കൃഷി ചെയ്യുന്നതിനുമുന്‍പ് ഈ മണ്ണില്‍ മറ്റൊന്നും ഇല്ലായിരുന്നു."

"ഇപ്പോള്‍ എത്ര വയസുണ്ട്?" അയാള്‍ക്ക് അന്‍പതു വയസായിട്ടുണ്ടാകുമെന്ന് മനസ്സില്‍ കരുതി ഞാന്‍ ചോദിച്ചു.

"അന്‍പത്തിയഞ്ച്"

'പേര്?"

"എല്‍സെയാര്‍ഡ് ബോഫിയര്‍"

"കുടുംബം ഇല്ലേ?"

"ഉണ്ടായിരുന്നു. താഴ്വാരത്ത് തനിക്ക് സ്വന്തം കുടുംബവും വീടും കൃഷിസ്ഥലവുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ എനിക്കെന്‍റെ ഭാര്യയും പുത്രനും നഷ്ടപ്പെട്ടു. ഞാന്‍ ഏകനായി. ഈ സ്ഥലത്ത് എത്തിച്ചേര്‍ന്നു. ഇപ്പോള്‍ കൂട്ടിന് ഈ പട്ടിയും ആട്ടിന്‍പറ്റവുമുണ്ട്. ക്രമേണ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്."

"ഈ ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ്. മരങ്ങളുടെ അഭാവമാണ് ഇതിനു കാരണം. ഈ ഭീകരപ്രശ്നത്തിന് പരിഹാരം കണ്ടെത്തിയേ തീരു." അയാള്‍ തുടര്‍ന്നു.

അയാളുടെ വാക്കുകള്‍ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ എനിക്കു പ്രേരണ നല്കി.

"ഒരു മുപ്പതുകൊല്ലം മുന്‍പേ താങ്കള്‍ക്ക് ഈ 10,000 ഓക്കുമരങ്ങള്‍ നട്ടുപിടിപ്പിക്കാനായിരുന്നെങ്കില്‍ അതെത്ര ഉപകാരപ്രദമായിരുന്നു." ഞാന്‍ പറഞ്ഞു.

"ദൈവം ആയുസു നീട്ടിത്തന്നാല്‍ അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ ഞാന്‍ വേറെയും മരങ്ങള്‍ വച്ചു പിടിപ്പിക്കും. സമുദ്രത്തിലെ ഒരു തുള്ളിപോലെ." അയാള്‍ തന്‍റെ ദൃഢനിശ്ചയം വെളിപ്പെടുത്തി.

അടുത്തദിവസം ഞങ്ങള്‍ വേര്‍പിരിഞ്ഞു. എല്‍സെയാര്‍ഡ് വിവിധയിനം മരങ്ങളുടെ വര്‍ഗ്ഗവര്‍ദ്ധനവിനെയും കൃഷിരീതിയേയും കുറിച്ചു പഠനം നടത്തി. വീടിനടുത്ത് ഉങ്ങ് വൃക്ഷത്തൈകളുടെ ഒരു നേഴ്സറി ആരംഭിച്ചു. തന്‍റെ ആട്ടിന്‍കൂട്ടം അതു നശിപ്പിക്കാതിരിക്കാന്‍ അതിനു ചുറ്റും വേലികെട്ടി.

താഴ്വരത്തെ മണ്ണ് ജലാംശം ഉള്ളതാണെന്ന കണക്കുകൂട്ടലില്‍ അയാള്‍ അവിടെ ചന്ദനമരത്തൈകളും നട്ടു.

അടുത്തവര്‍ഷം ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു. അടുത്ത അഞ്ചുവര്‍ഷം ഞാന്‍ യുദ്ധരംഗത്തായിരുന്നു. യുദ്ധം അവസാനിച്ചപ്പോള്‍  ഞാന്‍ വീണ്ടും എല്‍സെയാര്‍ഡ് ബോഫിയറിനെ പരിചയപ്പെട്ട ആ മരുഭൂമിയിലേക്ക് യാത്ര തിരിച്ചു. പതിനായിരം ഓക്കുമരങ്ങള്‍ നട്ടുപിടിപ്പിച്ച ആ മനുഷ്യന്‍ എന്‍റെ ഓര്‍മ്മയിലുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ആ പ്രദേശത്തെ പലരും മണ്‍മറഞ്ഞിട്ടുണ്ടാകാമെങ്കിലും എല്‍സെയാഡിനെ മരണത്തിന് കീഴ്പ്പെടുത്താനായിട്ടില്ലായെന്ന് മനസ്സ് മന്ത്രിച്ചു. ഒരു കിഴട്ടുകിളവന്‍റെ ദൈന്യതയല്ല ഇരുപതുകാരന്‍റെ ചുറുചുറുക്കാണ് ആ അന്‍പത്തിയഞ്ചുകാരനില്‍ ഞാന്‍ കണ്ടത്.

എല്‍സെയാര്‍ഡ് തന്‍റെ കാര്‍ഷിക പ്രവര്‍ത്തനരംഗത്ത് അല്പസ്വല്പം മാറ്റങ്ങളൊക്കെ നടപ്പാക്കിയിരുന്നു. തന്‍റെ വൃക്ഷത്തൈകളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുമെന്നു കണ്ടപ്പോള്‍ ആടുകളുടെ എണ്ണം നാലായി കുറച്ചു. തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചു. നൂറുകണക്കിന് തേനീച്ച കൂടുകള്‍ അയാള്‍ നിര്‍മ്മിച്ചു വച്ചിട്ടുണ്ട്.

"യുദ്ധം ഒരു വിധത്തിലും എന്നെ അലോസരപ്പെടുത്തിയില്ല" അയാള്‍ പറഞ്ഞു.

ഞാന്‍ അയാളോടൊപ്പം ആ കൃഷിയിടം കാണാനിറങ്ങി. 11 കിലോമീറ്റര്‍ നീളവും മൂന്നു കിലോമീറ്റര്‍ വീതിയുമുള്ള കൃഷിഭൂമി. മൂന്നു വിഭാഗമായി അതു തിരിച്ചിട്ടിരിക്കുന്നു. 1910-ല്‍ നട്ട ഓക്കുമരങ്ങള്‍ ഇപ്പോള്‍ ഒരാള്‍പൊക്കത്തില്‍ വളര്‍ന്നിട്ടുണ്ട്. യാതൊരു സാങ്കേതിക സഹായവും കൂടാതെ കേവലം ഒരാളുടെ പ്രയത്നം കൊണ്ടുമാത്രം നട്ടുവളര്‍ത്തപ്പെട്ട ആ വനഭൂമി കണ്ടപ്പോള്‍ എനിക്കേറെ അതിശയം തോന്നി. നശിപ്പിക്കാന്‍ മാത്രമല്ല, നട്ടുനനച്ചു വളര്‍ത്താനും ദൈവത്തെപ്പോലെ മനുഷ്യനും കഴിയുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

അയാള്‍ തന്‍റെ ലക്ഷ്യപൂര്‍ത്തിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഓക്കുമരങ്ങള്‍ക്കൊപ്പം ഉങ്ങ് തൈകളും വളര്‍ന്നുതുടങ്ങി. ആ വൃദ്ധന്‍റെ കൃഷിഭൂമിയെ കാട്ടുമൃഗങ്ങളുടെയും പ്രകൃതിശക്തികളുടെയും ആക്രമണത്തില്‍നിന്ന് ദൈവം പരിപാലിച്ചു.

ഞങ്ങള്‍ തിരിച്ച് ഗ്രാമത്തിലേക്കു നടന്നു. ആ പ്രദേശത്തുകൂടെ ഒരു അരുവി ഒഴുകുന്നത് അപ്പോഴാണ് എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

"1913 ല്‍ ഞാനിവിടെ വന്നപ്പോള്‍ ഈ പ്രദേശമൊക്കെ ഉണങ്ങി കിടക്കുകയായിരുന്നല്ലോ. ഈ അരുവി അന്നിവിടെ ഇല്ലായിരുന്നല്ലോ." എന്‍റെ സംശയം ഞാനുറക്കെ പറഞ്ഞു.

"വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ അരുവി ഇവിടെ ഉണ്ടായിരുന്നു" അയാള്‍ പറഞ്ഞു.

പണ്ട് അവിടെ നിലനിന്നിരുന്ന ഗാലോ - റോമന്‍ വില്ലേജിനെക്കുറിച്ച് ഗവേഷണം നടത്തിയ പുരാവസ്തു ഗവേഷകര്‍ മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളുടെ അവശിഷ്ടങ്ങള്‍ അവിടെനിന്നും കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ഈ പ്രദേശം വെള്ളമില്ലാത്ത പ്രദേശമായിരുന്നെങ്കില്‍ ഒരിക്കലും ഇത്തരത്തിലുള്ള വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ അവിടെ നിന്നും കണ്ടെത്തുമായിരുന്നില്ലല്ലോ.

വെള്ളം വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ അവിടെ പച്ചപ്പും തലനീട്ടി. പുല്‍ത്തകിടിയും പൂന്തോട്ടവും പ്രത്യക്ഷപ്പെട്ടു. കാറ്റ് പരാഗണം നടത്തിയ വിത്തുകളും ആ മണ്ണിലെത്തി.

മുയലിനെയും കാട്ടുപന്നിയെയും വേട്ടയാടാനെത്തുന്ന നായാട്ടുകാരുടെ ശ്രദ്ധയില്‍ ഈ ഹരിതശോഭ പെട്ടെങ്കിലും ഇതൊരു സ്വാഭാവിക പരിണാമം മാത്രമായേ അവര്‍ കരുതിയിരുന്നുള്ളൂ. എല്‍സെയാര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരെങ്കിലും സംശയിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും തടസ്സപ്പെടുത്തലുകളും ഉണ്ടാകുമായിരുന്നു.

ഭൂമി നേരിടാന്‍ പോകുന്ന വിപത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ഈ പോരാട്ടം അനിവാര്യമാണെന്ന് എല്‍സെയാര്‍ഡ് തിരിച്ചറിഞ്ഞിരുന്നു. ദൈവത്തിന്‍റെ ഹിതവും പരിപാലനവും ആയി മാത്രമേ അയാള്‍ തന്‍റെ ജോലിയെ കണക്കാക്കിയുള്ളൂ.

ഒരു വര്‍ഷം അയാള്‍ 10,000 മാപ്പിള്‍സ് തൈള്‍ നട്ടു. പക്ഷേ അവയെല്ലാം നശിച്ചെങ്കിലും അയാള്‍ നിരാശനായില്ല. ഓക്കുമരത്തേക്കാള്‍ മേന്മയേറിയതാണ് ഉങ്ങ് മരങ്ങള്‍ എന്നു മനസ്സിലാക്കിയതോടെ അയാള്‍ അതിന്‍റെ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഏകനായി അയാള്‍ അദ്ധ്വാനിച്ചു. ആരോടും ഒന്നും ഉരിയാടിയില്ല. സംസാരിക്കുന്ന ശീലം അയാള്‍ പാടേ ഉപേക്ഷിച്ചിരുന്നു.

1933-ല്‍ ഒരു വനപാലകന്‍ ഈ വനത്തിലെത്തി. ഈ സ്വാഭാവിക വനത്തിനു ഭീഷണിയാകുമെന്നതിനാല്‍ വീടിനുപുറത്ത് തീ കത്തിക്കരുതെന്ന് എല്‍സെയാര്‍ഡിനെ താക്കീതു ചെയ്തു.

'താനാണ് ഇവ നട്ടു നനച്ചു വളര്‍ത്തിയത്' ആ നിഷ്കളങ്കന്‍ പറഞ്ഞു. അന്നാദ്ധ്യമായി എല്‍സെയാര്‍ഡ് തന്‍റെ അദ്ധ്വാനത്തെക്കുറിച്ച് മറ്റൊരാളോട് പറഞ്ഞു.

ആ സംഭവത്തിനുശേഷം തന്‍റെ വീട്ടില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ കൃഷി ഇറക്കാന്‍ അയാള്‍ തീരുമാനിച്ചു. അന്ന് അയാള്‍ക്ക് പ്രായം 75. പോക്കുവരവിന്‍റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി അയാള്‍ അവിടെത്തന്നെ കല്ലുകൊണ്ട് ഒരു കുടില്‍ വെട്ടിക്കൂട്ടി ഉണ്ടാക്കി. ഒരു വര്‍ഷത്തിനകം അവിടേയ്ക്കു താമസവും മാറ്റി.

1935 -ല്‍ ഭരണകൂടം അയച്ച ഒരു അന്വേഷണ സംഘം ഈ സ്വാഭാവിക വനത്തെക്കുറിച്ച് പഠനം നടത്താന്‍ എത്തി. വിവിധ വകുപ്പുകളിലെ വിദഗ്ദ്ധന്മാര്‍ ഉള്‍പ്പെട്ടിരുന്നു ആ സംഘത്തില്‍. അവര്‍ ഒത്തിരി വലിയ വലിയ കാര്യങ്ങള്‍ പ്രഖ്യാപിച്ചു. ഒക്കെയും അനാവശ്യ കാര്യങ്ങളായിരുന്നുവെന്നത് മറ്റൊരു സത്യം. വനസംരക്ഷണത്തിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി തീരുമാനിച്ചു. അതില്‍ ഒന്നുമാത്രമേ നടപ്പിലായുള്ളൂ. വനത്തിന്‍റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. കരി നിര്‍മ്മാണത്തിനായി ആരും ആ വനത്തില്‍നിന്ന് മരം മുറിക്കരുതെന്ന് വിലക്കും ഏര്‍പ്പെടുത്തി. മറ്റ് തീരുമാനങ്ങളൊന്നും ഭാഗ്യവശാലോ, നിര്‍ഭാഗ്യവശാലോ നടപ്പിലാകാതെ സമിതിയുടെ തീരുമാനം മാത്രമായി അവശേഷിച്ചു. എങ്കിലും ആ വനം സ്വയം അതിജീവനത്തിലേക്കു വളരുകയായിരുന്നു.

പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ഒരു അംഗം റേഞ്ച് ആഫീസര്‍ ആയിരുന്നു. എന്‍റെ സുഹൃത്തായിരുന്ന അയാളോട് ഞാന്‍ ഈ വനത്തിന്‍റെ ഉത്ഭവരഹസ്യത്തെക്കുറിച്ച് പറഞ്ഞു. അടുത്തൊരു ദിവസം തന്നെ ഞാനും അദ്ദേഹവും കൂടി എല്‍സെയാര്‍ഡിനെ തിരക്കി പുറപ്പെട്ടു. സര്‍ക്കാര്‍ ഏറ്റെടുത്ത വനഭൂമിയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെ ഒരിടത്തായിരുന്നു അയാള്‍ അപ്പോള്‍ താമസിച്ചിരുന്നത്. അവിടെ അയാള്‍ ഭൂമിയെ ഹരിതവത്കരിക്കുന്നതിനുള്ള കഠിനപ്രയത്നത്തിലായിരുന്നു.

എല്‍സെയാര്‍ഡിന്‍റെ മഹത്തായ സേവനത്തിന്‍റെ വില എന്‍റെ സുഹൃത്ത് തിരിച്ചറിയുകതന്നെ ചെയ്തു. പക്ഷേ അയാള്‍ മൗനം പാലിക്കുക മാത്രമാണ് ചെയ്തത്. എന്തുകൊണ്ടോ അയാള്‍ യാതൊരു വിധ പ്രതികരണവും നടത്തിയില്ല. ഞാന്‍ കൈവശം കരുതിയിരുന്ന ലഘുഭക്ഷണവും പങ്കിട്ട് കഴിച്ച് അയാള്‍ എന്നോടൊപ്പം ഏതാനും മണിക്കൂര്‍ ആ പ്രകൃതിരമണീയത ആസ്വദിച്ചുകൊണ്ട് നടന്നു.

1913-ല്‍ വെറും മരുഭൂമിയായിരുന്ന ഇവിടെ ഇപ്പോള്‍ 6-7 മീറ്റര്‍ ഉയരത്തില്‍ മരങ്ങള്‍ വളര്‍ന്നുനില്ക്കുന്നു. എല്‍സെയാര്‍ഡ് എന്ന സാധു മനുഷ്യന്‍റെ ആത്മാര്‍ത്ഥമായ പ്രയത്നമാണ് ഈ ഹരിതശോഭയുടെ അടിസ്ഥാനം. മരങ്ങള്‍ നട്ടുപിടിപ്പിച്ച്  എത്രയോ ഹെക്ടര്‍ തരിശുഭൂമിയാണ് ഇയാള്‍ മനോഹരമാക്കിയിരിക്കുന്നത്. തീര്‍ച്ചയായും ഇയാള്‍ ദൈവത്തില്‍ നിന്നു വന്നവന്‍ തന്നെ. എന്‍റെ ചിന്തകള്‍ പഴയകാല സ്മരണകളിലൂടെ കയറിയിറങ്ങി.

"ഇവിടെ ഏതാനും സുഗന്ധവിളകള്‍ കൂടി കൃഷി ചെയ്യുന്നത് നന്നായിരിക്കും. അവയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ് ഈ പ്രദേശത്തുള്ളത്." നീണ്ട മൗനത്തിനൊടുവില്‍ അയാള്‍ നിര്‍ദ്ദേശിച്ചു. സുഗന്ധ വിളകള്‍ കൃഷി ചെയ്യണമെന്ന് അയാള്‍ ഒട്ടുംതന്നെ നിര്‍ബന്ധിച്ചില്ല. എന്തെങ്കിലും ഒരഭിപ്രായം പറയാന്‍ വേണ്ടി മാത്രമാണ് അയാള്‍ അങ്ങനെ പറഞ്ഞത്.

"എനിക്ക് അറിയാവുന്നതിനെക്കാള്‍ വളരെ നന്നായി അയാള്‍ക്ക് ഈ മണ്ണിനെക്കുറിച്ച് അറിയാം" അയാള്‍ നിരീക്ഷിച്ച് കണ്ടറിഞ്ഞതുപോലെ ഒരു നിഗമനത്തിലെത്തി.

ഒരു മണിക്കൂര്‍ കൂടി ഞങ്ങള്‍ അവിടെ ചെലവഴിച്ചു.

"മറ്റാരെക്കാളും കൂടുതലായി അയാള്‍ ഈ മണ്ണിനെ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ മണ്ണുമായി അയാള്‍ അത്രയ്ക്കും ഇഴുകിച്ചേര്‍ന്നിരിക്കുന്നു." തന്‍റെ നിഗമനത്തെ അയാള്‍ ഒന്നുകൂടി ബലപ്പെടുത്തി.

എങ്കിലും ആ സുഹൃത്തിന്‍റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരുനടപടി ഉണ്ടായി. മൂന്ന് ഫോറസ്റ്റ് റേഞ്ചര്‍മാരെ ആ പ്രദേശത്തിന്‍റെ സംരക്ഷണത്തിനായി നിയമിച്ചു.

1939 വരെ ഈ വനത്തിന് പറയത്തക്ക ഭീഷണിയൊന്നും സംഭവിച്ചില്ല. അക്കാലത്ത് വാഹനങ്ങള്‍ ഓടിയിരുന്നത് മരക്കരി കത്തിച്ചുള്ള ഇന്ധനം ഉപയോഗിച്ചാണ്. യുദ്ധകാലത്ത് മരക്കരിക്ക് ക്ഷാമം നേരിട്ടു. എല്‍സെയാര്‍ഡ്  1910-ല്‍ നട്ടുവളര്‍ത്തിയ ഓക്കുമരങ്ങള്‍ മുറിച്ചെടുക്കാന്‍ തീരുമാനമുണ്ടായി. പക്ഷേ ഈ വനത്തിലേക്ക് എത്തിച്ചേരാന്‍ സഞ്ചാരയോഗ്യമായ റോഡുകള്‍ അക്കാലത്ത് ഇല്ലായിരുന്നു. അതുകൊണ്ട് ഈ തടികള്‍ മുറിച്ചുകൊണ്ടുപോകുക ചെലവേറിയ കാര്യമായിത്തീര്‍ന്നു. സാമ്പത്തികച്ചെലവ് വര്‍ദ്ധിച്ചതിനാല്‍ ഈ നീക്കം ഉപേക്ഷിച്ചു. എല്‍സെയാര്‍ഡ് ഇക്കാര്യങ്ങളൊന്നും തന്നെ അറിഞ്ഞിരുന്നേയില്ല. 1939-ലെ യുദ്ധവും അയാള്‍ അറിഞ്ഞില്ല. അയാളപ്പോള്‍ അവിടെ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു തരിശുഭൂമിയെ ഹരിതമയമാക്കുകയായിരുന്നു.

1945 -ജൂണ്‍ മാസത്തില്‍ ഞാന്‍ വീണ്ടും എല്‍സെയാര്‍ഡിനെ കാണാനെത്തി. അന്ന് അയാള്‍ക്ക് 87 വയസുണ്ടായിരുന്നു. അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച.

ഇന്ന് ആ പ്രദേശത്തിനാകെ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. പഴയകാലത്ത് തമ്മില്‍ത്തല്ലി കഴിഞ്ഞിരുന്ന ഒരു ജനവിഭാഗമാണ് അവിടെയുണ്ടായിരുന്നതെങ്കിലും, ഇന്നത്തെ ജനത വളരെ സ്വരുമയോടെയാണ് അവിടെ ജീവിക്കുന്നത്. പ്രകൃതിയില്‍ വന്ന പ്രശാന്തതയും പ്രസരിപ്പും അവരുടെ മനസുകളിലും നന്മ നിറച്ചു. മനുഷ്യരിലും പ്രകൃതിയിലും സ്നേഹസൗരഭ്യങ്ങള്‍ മാത്രം. കുളങ്ങളും അരുവികളും ആവശ്യത്തിനുണ്ട്. കൂടാതെ കൃത്രിമ കുളങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. അവയുടെ കരയില്‍ നില്‍ക്കുന്ന നാരകത്തൈകള്‍ക്ക് കുറഞ്ഞത് നാലുവര്‍ഷത്തെ പ്രായമെങ്കിലുമുണ്ട്. ശരിക്കും ഉയിര്‍ത്തെഴുന്നേറ്റ ഒരു ഭൂപ്രദേശം. പുതിയ വീടുകള്‍ പലതും പണിതീര്‍ക്കപ്പെട്ടു. അവയ്ക്കു ചുറ്റും പൂന്തോട്ടങ്ങളും പച്ചക്കറി തോട്ടങ്ങളും.

ഞാന്‍ മലയടിവാരത്തേയ്ക്ക് കാല്‍നടയായി യാത്ര ചെയ്തു. അവിടെ ബാര്‍ലിയും വരകും പല തട്ടുകളിലായി നട്ടുപിടിപ്പിച്ചിരിക്കുന്നു. മല മുഴുവന്‍ പച്ചപ്പ് വളര്‍ന്നു കിടക്കുന്നു.

കൃഷിയിടങ്ങള്‍ നന്നായി പരിപാലിക്കപ്പെട്ടു. ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിച്ചു. കാലാവസ്ഥ അനുകൂലമായി. പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മുഖങ്ങള്‍ പ്രസന്നമായി. ഉത്സവങ്ങളും ആഘോഷങ്ങളും അരങ്ങേറി. കൂടുതല്‍ ആളുകള്‍ അങ്ങോട്ടേയ്ക്ക് കുടിയേറി. അവരുടെ ആനന്ദപൂര്‍ണ്ണമായ ജീവിതത്തിന് എല്ലാവരും കടപ്പെട്ടിരുന്നത് ഒരാളോടു മാത്രം. എല്‍സെയാര്‍ഡിനോടു മാത്രം.

ആ മരുഭൂമിയെ കാനാന്‍ദേശമാക്കി മാറ്റിയ എല്‍സെയാര്‍ഡ് അടിമുടി നന്മകള്‍ നിറഞ്ഞ ഒരു മനുഷ്യനായിരുന്നു. അയാളുടെ നിസ്വാര്‍ത്ഥ സേവനം മാത്രമാണ് ഈ മാറ്റങ്ങളുടെയൊക്കെ മൂലഹേതു. ബഹുമാനാദരങ്ങളോടെ മാത്രമേ ആ മനുഷ്യനെക്കുറിച്ച് ഓര്‍മ്മിക്കാനാവൂ. കാരണം എല്‍സെയാര്‍ഡ് ദൈവത്തിനു വേണ്ടി ജീവിച്ചു, വേല ചെയ്തു, ദൈവം നല്കിയ ഭൂമിയെ പരിപാലിച്ചു.

1947 - ല്‍ Banon ലെ hospiceല്‍ വച്ച് എല്‍സെയാര്‍ഡ് മൃതിയടഞ്ഞു.

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts