news-details
മറ്റുലേഖനങ്ങൾ

എല്ലാ മനുഷ്യരും നീതിനിഷ്ഠരും സത്യസന്ധരുമല്ലെന്ന് അവന്‍ പഠിക്കേണ്ടിവരുമെന്നെനിക്കറിയാം. എന്നാല്‍ ഓരോ തെമ്മാടിക്കും ബദലായി ഒരു നെറിയുള്ളവന്‍ ഉണ്ടെന്നും ഓരോ സ്വാര്‍ത്ഥരാഷ്ട്രീയക്കാരനും ബദലാവാന്‍ അര്‍പ്പണബോധമുള്ള ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കുക. ഓരോ ശത്രുവിനും പകരം വയ്ക്കാന്‍ ഒരു നല്ല സുഹൃത്തിനെ നേടണമെന്ന അറിവ് പകര്‍ന്നു നല്‍കിയാലും. തിന്മയില്‍നിന്നും അവനെ മാറ്റിനടത്തുക.

പുസ്തകങ്ങളുടെ അത്ഭുതലോകത്തെപ്പറ്റി അവനെ പഠിപ്പിക്കുക. അതുപോലെതന്നെ ആകാശത്തിലെ പറവകളുടെയും പാറിപ്പറക്കുന്ന പൂമ്പാറ്റകളുടെയും ഹരിതമലകളിലെ പൂക്കളുടെയും നിഗൂഢത അവനു ചിന്താവിഷയമാകട്ടെ.

ചതിവിനേക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ഠമായതു തോറ്റുകൊടുക്കലാണെന്ന് അവനു മനസ്സിലാക്കിക്കൊടുക്കുക. തെറ്റെന്ന് ആരൊക്കെ മുദ്രകുത്തിയാലും സ്വന്തം ആശയാദര്‍ശങ്ങളെ മുറുകെപ്പിടിക്കാനും സൗമ്യരോട്  സൗമ്യതയോടെയും പരുക്കന്‍ പ്രകൃതക്കാരോട് കരുത്തോടെയും ഇടപെടാന്‍ അവനെ പഠിപ്പിക്കുക.

ആള്‍ക്കൂട്ടത്തെ പിന്‍ചെല്ലുന്നവരുടെ പക്ഷംചേരാതെ ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്കു നില്‍ക്കുന്നവനാകാന്‍ അവനു കരുത്തേകുക. എല്ലാ മനുഷ്യരേയും ശ്രവിക്കുന്നവനാകുമ്പോഴും കേള്‍ക്കുന്നവയെല്ലാം സത്യത്തിന്‍റെ അരിപ്പയിലൂടെ പേര്‍ത്തെടുക്കാന്‍ കഴിവുള്ളവനായി അവന്‍ മാറട്ടെ, എന്നിട്ട് അതില്‍ ഏറ്റവും നന്മയായുള്ളത് സ്വയം തെരഞ്ഞെടുക്കട്ടെ. ദുഃഖിതനായിരിക്കുമ്പോള്‍ എങ്ങനെയാണ് ചിരിക്കേണ്ടത് എന്നും കണ്ണുനീര്‍ പൊഴിക്കുന്നതില്‍ ലജ്ജിതനാകേണ്ടതില്ലെന്നും അവനറിയട്ടെ. കഴിയുമെങ്കില്‍ പ്രസന്നമായ ചിരിയുടെ രഹസ്യം അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ അവഗണിക്കുന്നതോടൊപ്പം മധുരംപുരട്ടിയ വാക്കുകളില്‍ നിന്ന് അകലം പാലിക്കാനും അവനു പരിശീലനം നല്‍കുക. തന്‍റെ കരുത്തും മേധാശക്തിയും ഏറ്റവും കൂടിയ വിലയ്ക്കുതന്നെ നല്‍കാമെന്നും എന്നാല്‍ ഹൃദയത്തിനും ആത്മാവിനും വിലയിടാന്‍ ആരെയും അനുവദിക്കരുതെന്നും അവനെ പഠിപ്പിക്കുക.

അര്‍ത്ഥശൂന്യമായവയ്ക്കായി മുറവിളി കൂട്ടുന്ന ജനാവലിയ്ക്കുനേരെ കാതുകളടയ്ക്കാനും ശരിയെന്നു കരുതുന്നവയ്ക്കായി ധീരതയോടെ പൊരുതാനും അവനെ സഹായിക്കുക. അവനോട് ദയവോടെ ഇടപെടുക. എന്നാല്‍ താലോലിക്കേണ്ടതില്ല. കാരണം അഗ്നിയിലൂടെ ശുദ്ധി ചെയ്യപ്പെടാതെ ഉരുക്കിന്‍റെ മേന്മയേറില്ലല്ലോ. ആവശ്യമുള്ളിടത്ത് അവന്‍ അക്ഷമനാകട്ടെ, അപ്പോഴും ഒരു ധൈര്യശാലിയുടെ വീര്യത്തോടെ നില്‍ക്കാനുള്ള ക്ഷമ അവന്‍ ആര്‍ജ്ജിക്കട്ടെ. തന്നില്‍ത്തന്നെയുള്ള ഉദാത്തമായൊരു വിശ്വാസം അവനുണ്ടായിരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവനു മാനവരാശിയോടു മുഴുവന്‍ അത്തരമൊരു വിശ്വാസം പുലര്‍ത്താനാവൂ.
ഇതെന്‍റെ ഒരു വലിയ ആഗ്രഹമാണ്. ഇതിനായി അങ്ങേയ്ക്കെന്തു ചെയ്യാനാവുമെന്നു നോക്കൂ. എന്‍റെ മകന്‍, അവന്‍ ഒരു കൊച്ചുമിടുക്കനായിരിക്കട്ടെ.

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts