ഒരു അധ്യാപകദിനംകൂടി മുന്നിലെത്തിയിരിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ച ഗൗരവമായി ചിന്തിക്കുകയും അധ്യാപനത്തിന്‍റെ മഹത്വത്തെ ദാര്‍ശനികമായി തിരിച്ചറിയുകയും ചെയ്ത മുന്‍ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്‍റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ച് അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.
ഭാരത സംസ്കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്കു കല്‍പ്പിച്ചു നല്‍കിയിട്ടുള്ള സ്ഥാനവും ഔന്നത്യവും സമൂഹസൃഷ്ടിയില്‍ അവര്‍ക്കുള്ള അനന്യവും നിര്‍ണ്ണായകവുമായ ഉത്തരവാദിത്വവും ഒരു വിലയിരുത്തലിനു വിധേയമാകേണ്ട അവസരമാണ് അധ്യാപകദിനം.
ഭാരതീയ പാരമ്പര്യമനുസരിച്ച് ഗുരു ദൈവത്തില്‍ ചരിക്കുന്നവനും ദൈവത്തെ ദര്‍ശിക്കുന്നവനുമാണ്. ഗുരുവിന്‍റെ കൂടെ വസിച്ച് പാത്രശുദ്ധി വരുത്തി വിദ്യ സ്വീകരിക്കാന്‍ യോഗ്യത നേടുമ്പോഴാണ് ഒരാള്‍ വിദ്യാര്‍ത്ഥിയാകുന്നത്. ഗുരുവാകട്ടെ കാണപ്പെട്ട ദൈവവും. ശിഷ്യനെ ആത്മസാക്ഷാത്കാരത്തിലേക്കു നയിക്കുകയാണ് ഗുരുവിന്‍റെ ലക്ഷ്യം. ഒപ്പം ശിഷ്യന്‍ ഗുരുവിന്‍റെ പ്രതിരൂപമായി മാറുന്നു. സ്നേഹാധിഷ്ഠിതമായ സമൂഹത്തിന് ആരോഗ്യമുള്ള മനസ്സും ശരീരവും പ്രദാനം ചെയ്യുകയാണു ഗുരുധര്‍മ്മമെന്നും ഏകാഗ്രമായ ഈ കര്‍മ്മം കേവലം ഒരു തൊഴിലല്ല, മറിച്ച് ജീവിത സന്ദേശമാണെന്നും വ്യക്തിനിഷ്ഠമായ ശക്തിവിശേഷങ്ങളെ ഉണര്‍ത്തുന്നതാവണം വിദ്യാഭ്യാസമെന്നും വിശ്വസിച്ചിരുന്ന ആചാര്യനായിരുന്നു ഡോ. എസ്. രാധാകൃഷ്ണന്‍. ഉന്നതമായ ഈ ഭാരതീയ ദര്‍ശനം ഉള്‍ക്കൊണ്ട് അധ്യാപകര്‍ ഇന്നു കര്‍ത്തവ്യങ്ങള്‍ മറന്നു കേവലം ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകരെപ്പോലെ അവകാശങ്ങള്‍ക്കുവേണ്ടി മാത്രം മുറവിളികൂട്ടുമ്പോള്‍ അധ്യാപകവൃത്തിക്ക് എത്രത്തോളം മാന്യതയുണ്ടെന്നു ചിന്തിക്കുന്നത് ഉചിതമാണ്.
അജ്ഞതയുടെയും അധര്‍മ്മത്തിന്‍റെയും അസാന്മാര്‍ഗ്ഗികതയുടെയും ചുഴിയില്‍ തപ്പിത്തടയുന്നവര്‍ക്കു വിജ്ഞാനത്തിന്‍റെ പ്രകാശംചൊരിഞ്ഞ് അവരെ നേര്‍വഴിക്കു നയിക്കാന്‍ അര്‍പ്പണബോധമുള്ള ഗുരുക്കന്മാര്‍ക്കു മാത്രമേ കഴിയൂ. നിരന്തരമായ അന്വേഷണതൃഷ്ണയും ജിജ്ഞാസയും ആത്മീയവിശുദ്ധിയും പുലര്‍ത്തിയ പുണ്യചരിതന്‍ ഡോ. എസ്. രാധാകൃഷ്ണന്‍റെ ജീവിതം അധ്യാപകര്‍ക്കെന്നും ഊര്‍ജ്ജസ്രോതസ്സാണ്.
അധ്യാപക ദിനാചരണത്തിനു വഴിയൊരുക്കിയ പക്വമാനസനും സമചിത്തനുമായ ഡോ. എസ്. രാധാകൃഷ്ണന്‍റെ വിദ്യാഭ്യാസചിന്തകള്‍ എത്തിനില്‍ക്കുന്നത് ആത്മീയതയിലാണ്. ഒരു വിദ്യാഭ്യാസതീര്‍ത്ഥാടനത്തിന്‍റെ പരിസമാപ്തിയാണിത്. വിദ്യാഭ്യാസകാലഘട്ടത്തില്‍ വിദ്യാര്‍ത്ഥിക്കു ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ചമാത്രം പോര എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. വിദ്യാര്‍ത്ഥി ആത്മീയമൂല്യങ്ങളില്‍ വളര്‍ന്നു എന്നു ഉറപ്പുവരുത്തുമ്പോഴാണ് വിദ്യാഭ്യാസം ഉപയോഗപ്രദമാകുന്നത്.
വിദ്യാഭ്യാസത്തിന്‍റെ മൗലികമായ ലക്ഷ്യം സ്വഭാവഗുണമാണെന്നും സ്വഭാവഗുണം ആര്‍ജിക്കാത്ത വിദ്യാഭ്യാസം ആപത്കരവും ഉപയോഗശൂന്യവുമാണെന്നും ഡോ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞുവയ്ക്കുന്നു. കുട്ടിയുടെ ആത്മാവില്‍ പകര്‍ന്നുകൊടുക്കുന്ന നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും സര്‍വ്വപ്രധാനമാണ്. നിര്‍മ്മലവും സത്യസന്ധവും പാവനവുമായ പാഠങ്ങളാണ് പ്രാഥമിക കളരികളില്‍നിന്ന് കുട്ടികള്‍ക്കു ലഭിക്കേണ്ടത്.
വിദ്യാഭ്യാസം ഒരു സംസ്കാര പ്രക്രിയയാണ്. സംസ്കാരത്തിന്‍റെ ശ്രേയസ് ദൈവവിചാരത്തിലും ആത്മീയ ഭാഷയിലും ധാര്‍മ്മികമുന്നേറ്റത്തിലുമാണ്. കര്‍മ്മശോഷണവും ധര്‍മ്മശോഷണവും മൂല്യശോഷണവും സംഭവിക്കുമ്പോള്‍ സംസ്കാരം ക്ഷയിക്കുകയാണ്. വര്‍ഗ്ഗീയവാദികളെയും കുറെ മാനസികരോഗികളെയും ജനിപ്പിക്കുവാന്‍ കഴിയുന്നതാകരുത് വിദ്യാഭ്യാസ പാഠാവലികള്‍ എന്നു ചുരുക്കം.
അധ്യാപകന്‍റെ വിളി സവിശേഷമായ ഒന്നാണ്. ആ വിളിയെ ദൈവവിളിയായി തന്നെ കാണണം. സമൂഹത്തിനുള്ള ഈശ്വരന്‍റെ വരദാനമാണ് അധ്യാപകന്‍. ഏറ്റവും ശ്രേഷ്ഠവും മഹനീയവുമായ ശുശ്രൂഷയാണ് അധ്യാപനം. പഠിപ്പിക്കുക എന്നതു ദൈവികമാണ്. ദൈവിക വെളിച്ചം പകര്‍ന്നുനല്‍കലാണ്. ഏറ്റവും വികസിതമായ രാജ്യംപോലും അധ്യാപകനെ 'ഫെസിലിറ്റേറ്റര്‍' എന്നും 'നോളജ് ഡിസ്പെന്‍സര്‍' എന്നും വിളിക്കുമ്പോള്‍ ഇവിടെ നാം 'ഗുരു' എന്നും 'ആചാര്യന്‍' എന്നുമാണ് വിളിക്കുന്നത്. 'ആചാര്യദേവോ ഭവഃ' എന്നാണ് ആപ്തവാക്യം. ആചാര്യന്‍ ദൈവതുല്യനാണ്.
ജവഹര്‍ലാല്‍ നെഹ്റു അധ്യാപകരെ The Social Engineer (സമൂഹശില്പി) എന്നാണു വിശേഷിപ്പിച്ചിരുന്നത്. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം പറയുന്നത് The Sower of goodness in human mind (മനുഷ്യ മനസ്സില്‍ നന്മയുടെ വിത്തുപാകുന്നവര്‍) എന്നാണ്. അധ്യാപകന്‍റെ വിളിയെ മഹത്വല്‍ക്കരിക്കുന്ന ദര്‍ശനമാണിത്.
'ഗുരു' എന്ന വാക്കിന് 'ഇരുളകറ്റുന്നവന്‍' എന്നാണര്‍ത്ഥം. വിദ്യാര്‍ത്ഥികളുടെ മനസ്സിലെ അജ്ഞതയാകുന്ന ഇരുളിനെ മാറ്റി വിജ്ഞാനമാകുന്ന വെളിച്ചം നിറയ്ക്കുന്ന വ്യക്തിയാണ് അധ്യാപകന്‍. കുട്ടികളില്‍ വിജ്ഞാനവും വിവേകവും വളര്‍ത്തി ബുദ്ധിയും ഹൃദയവും വികസിപ്പിച്ച് മനുഷ്യനെ രൂപപ്പെടുത്തുക എന്ന ധര്‍മ്മമാണ് അധ്യാപകന്‍ നിര്‍വ്വഹിക്കുന്നത്.
'ഋറൗരമൃല' എന്ന ലത്തീന്‍ പദത്തിന്‍റെ തത്ഭവമാണ് ഋറൗരമശേീി എന്ന വാക്ക്. പുറത്തെടുക്കുക, വലിച്ചെടുക്കുക എന്നതാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. ഒരു വിദ്യാര്‍ത്ഥിയില്‍ അന്തര്‍ലീനമായിട്ടുള്ള നന്മകളെ പുറത്തെടുത്തു ചെത്തിമിനുക്കി ഉത്തമപൗരനെ വാര്‍ത്തെടുക്കലാണ് വിദ്യാഭ്യാസം.
ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡി. എസ്. കോത്താരി 1966-ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ തുടക്കം ഇങ്ങനെയായിരുന്നു. 'ഒരു രാജ്യത്തിന്‍റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്നതു ക്ലാസ്മുറികളിലൂടെയാണ്.' അത്ര കരുതലോടെ നിര്‍വ്വഹിക്കപ്പെടേണ്ടതാണ് അധ്യായനം. കരുതലോടെ, കരുത്തോടെ മുന്നോട്ടുപോകാന്‍ വിദ്യാര്‍ത്ഥികളെ ഒരുക്കേണ്ട കാലഘട്ടമാണിത്.
സ്വാമി വിവേകാനന്ദന്‍റെ വാക്കുകളില്‍ മനുഷ്യനെ മനുഷ്യനാക്കലാണ് വിദ്യാഭ്യാസം. കാട്ടുമനുഷ്യനെ നാട്ടുമനുഷ്യനാക്കലാണ് വിദ്യാഭ്യാസ ലക്ഷ്യം. മനുഷ്യനിലെ മൃഗത്വത്തെ അമര്‍ച്ചചെയ്ത് അവനിലെ മനുഷ്യത്വത്തെ വളര്‍ത്തുന്ന പ്രക്രിയയാണത്.
ഐക്യരാഷ്ട്രസംഘടനയുടെ ഏജന്‍സിയായ യുനെസ്കോ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യങ്ങളെ സേവനത്തിന്‍റെ നാല് നെടുംതൂണുകളായി അവതരിപ്പിക്കുന്നു. 1. അറിയുവാന്‍ പഠിക്കുക. 2. ചെയ്യുവാന്‍ പഠിക്കുക. 3. താനാകുവാന്‍ പഠിക്കുക. 4. സഹവസിക്കുന്നതിന് പഠിക്കുക. സമഗ്രതയാര്‍ന്ന വ്യക്തിത്വത്തിന്‍റെ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ കരഗതമാകേണ്ടത്.
അധ്യാപകന്‍ തലമുറകളിലേക്കു പാകപ്പെടുന്നവനാണ്. തലമുറകള്‍ക്കു ജീവചൈതന്യം പകര്‍ന്നു നട്ടുവളര്‍ത്തുമ്പോള്‍ പിഴവുകള്‍ സംഭവിക്കാതെ നോക്കണം. അധ്യാപകന്‍ ടാങ്കാണ്. വിദ്യാര്‍ത്ഥി ടാപ്പാണ് എന്ന് ഓര്‍ക്കണം. ടാങ്കിലുള്ളതേ ടാപ്പിലൂടെ പുറത്തുവരികയുള്ളൂ. പകര്‍ന്നു ലഭിക്കുകയുള്ളൂ.
വിമര്‍ശന സമീപനമാണ് അധ്യാപകന്‍റേതെങ്കില്‍ വിദ്യാര്‍ത്ഥി വിധിക്കുന്ന സ്വഭാവക്കാരനാകും. വിദ്വേഷമാണെങ്കില്‍ കലഹപ്രിയരാകും. അവജ്ഞയാണെങ്കില്‍ ലജ്ജാശീലരാകും. പ്രോത്സാഹനമാണെങ്കില്‍ ആത്മവിശ്വാസമുള്ളവരാകും. നിഷ്പക്ഷതയാണെങ്കില്‍ നീതിനിഷ്ഠരാകും. പരസ്പരധാരണയാണെങ്കില്‍ വിശ്വാസ്യതയുള്ളവരാകുന്നു. അംഗീകാരമാണെങ്കില്‍ ആത്മാഭിമാനമുള്ളവരാകും. സൗഹൃദമാണെങ്കില്‍ സ്നേഹസമ്പൂര്‍ണ്ണരാകും. അനുകമ്പയാണെങ്കില്‍ കരുണാമയരാകും. വിതച്ചതേ കൊയ്യുവാന്‍ സാധിക്കൂ.
അധ്യാപനം സ്നേഹത്തിന്‍റെ പ്രകാശനമാകണം. സ്നേഹവും സഹാനുഭൂതിയുമാണ് അധ്യാപകനു വേണ്ട പ്രഥമഗുണം. കുട്ടികളെ പ്രചോദിപ്പിക്കുക, മോട്ടിവേറ്റ് ചെയ്യുക, അവരെ ആകര്‍ഷിക്കുക, ആശ്ചര്യപ്പെടുത്തുക, പുതുമ മങ്ങാതെ പഠിപ്പിക്കുക, മാര്‍ഗ്ഗദര്‍ശനം നടത്തുക, ദിശാബോധം പകരുക ഇതാണ് അധ്യാപനത്തില്‍ സംഭവിക്കേണ്ടത്.
അധ്യാപകന്‍ ജീവിതശുദ്ധിയുടെ തിളങ്ങുന്ന താരമാകണം, വിജ്ഞാനത്തിന്‍റെ നിറദീപമാകണം, സ്നേഹത്തിന്‍റെ നിറകുടമാകണം, നേര്‍വഴി നടത്താന്‍ കഴിയുന്ന ആത്മബന്ധത്തിന്‍റെ കേദാരമാകണം. അര്‍പ്പണബോധത്തിന്‍റെയും ആത്മാര്‍ത്ഥതയുടെയും വിളനിലമാകണം. അതിരുകളില്ലാത്ത സ്വപ്നങ്ങളുടെ വില്‍പ്പനക്കാരാകണം. ശിഷ്യര്‍ക്കു നെഞ്ചിലേറ്റി ലാളിക്കാന്‍ കഴിയുന്ന മാതൃകയാകണം. അപ്പോള്‍ മാത്രമേ വിദ്യാഭ്യാസലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.
പഠിതാവ്, പഠനപ്രക്രിയ, പഠനസാഹചര്യം ഇവ മൂന്നും വിദ്യാഭ്യാസത്തില്‍ പ്രധാനമാണ്. വിദ്യാര്‍ത്ഥിയില്‍ വന്നു ചേരേണ്ട പരിവര്‍ത്തമാണ് വിദ്യാഭ്യാസം. വിദ്യാര്‍ത്ഥിയെ രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയാണത്. അധ്യാപകന്‍ ശില്പിയാണ്. ശില്പം വാര്‍ത്തെടുക്കുമ്പോള്‍ വിഷവിത്തുകള്‍ വീഴാതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തുക. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ തെറ്റുപറ്റാതിരിക്കട്ടെ. അധ്യാപകദിനം സല്‍ചിന്തകളുടെ സംഗമം കുറിക്കട്ടെ.