news-details
മറ്റുലേഖനങ്ങൾ

ദൈനംദിനജീവിതത്തിലെ രാഷ്ട്രീയ നിലപാടുകള്‍

പതിവായി ചെയ്യുന്ന കൊച്ചുകൊച്ചു കാര്യങ്ങളുടെ -വ്യവഹാരങ്ങളുടെ- കൂട്ടത്തെയാണ് ദൈനംദിന ജീവിതമെന്നോ, നിത്യജീവിതമെന്നോ പറയുമ്പോള്‍ നാം വിവക്ഷിക്കുന്നത്. പ്രത്യക്ഷത്തില്‍ സാധാരണമെന്നു തോന്നാവുന്ന നമ്മുടെ വ്യവഹാരങ്ങളായ ഭക്ഷണം, വസ്ത്രധാരണം, പാര്‍പ്പിടസംവിധാനം, മാധ്യമസമ്പര്‍ക്കം, വിനോദങ്ങള്‍ എന്നിവ അവയില്‍ ഏര്‍പ്പെടുന്നവരുടെ വ്യക്തിപരമായ -സ്വകാര്യമായ- കാര്യം മാത്രമാണോ? അതോ, അവയ്ക്കു പ്രഥമ നിരീക്ഷണത്തില്‍ വ്യക്തമാകാത്ത എന്തെങ്കിലും സാമൂഹ്യ രാഷ്ട്രീയ പ്രാധാന്യമോ അര്‍ത്ഥതലങ്ങളോ ഉണ്ടോ?

1960കളുടെ അവസാനവും 70കളുടെ ആദ്യവും പാശ്ചാത്യ ഫെമിനിസത്തില്‍ "വ്യക്തിപരമായത് രാഷ്ട്രീയമാണ്" "The personal is political"- എന്ന പ്രയോഗവും, അത് അവതരിപ്പിച്ച ആശയവും വ്യാപകമായ ചര്‍ച്ചയ്ക്കു വഴി തുറക്കുകയുണ്ടായി. കാരള്‍ ഹാനിഷ്ച്ച് എന്ന ഫെമിനിസ്റ്റ് ചിന്തക 1970ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്‍റെ ശീര്‍ഷകം The Personal is Political എന്നായിരുന്നു.

ഫെമിനിസ്റ്റുകള്‍ അവതരിപ്പിച്ച 'വ്യക്തിപരമായത് രാഷ്ട്രീയപരമാണ്' എന്ന മൗലികമായ വാദമാണ് പിന്നീട് ദൈനംദിന ജീവിത വ്യവഹാരങ്ങളിലെ രാഷ്ട്രീയം തിരിച്ചറിയാനുള്ള ചൂണ്ടുപലകയും പ്രേരണയുമായി ഭവിച്ചത്. തുടര്‍ന്നാണ് ദൈനംദിന ജീവിതത്തിലെ രാഷ്ട്രീയം (the politics of everyday life) വ്യാപകമായ ചര്‍ച്ചാവിഷയമായത്. വ്യക്തികള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ചെയ്യുന്ന വ്യക്തിപരമായ കാര്യങ്ങള്‍ എങ്ങനെയാണ് സാമൂഹിക അഥവാ രാഷ്ട്രീയ പ്രസക്തി കൈവരിക്കുന്നതെന്നു ദൈനംദിന ജീവിതത്തിലെ ചില വ്യവഹാരങ്ങള്‍ ഉദാഹരണമായി എടുത്തു പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തമാകും.

ഭക്ഷണത്തില്‍ നിന്നാരംഭിക്കാം. ഭക്ഷണകാര്യത്തില്‍ എന്തു രാഷ്ട്രീയം എന്ന് ആശ്ചര്യപ്പെടുന്നവരാകും നമ്മില്‍ അധികംപേരും. എന്തു കഴിക്കുന്നു, എന്തു വര്‍ജ്ജിക്കുന്നു എന്നതിലും രാഷ്ട്രീയം കടന്നുകൂടുന്നുണ്ടെന്നു സൂക്ഷ്മപരിശോധനയില്‍ വ്യക്തമാകും.  ലോകജനസംഖ്യയില്‍ (ആറ് ബില്യന്‍) ആറിലൊന്നു പേര്‍ (ഒരു ബില്യണ്‍) പട്ടിണിയുടെയും പോഷകാഹാരക്കുറവിന്‍റെയും ഇരകളാണിന്ന്. ഒരു ബില്യണ്‍ പേര്‍ ആഹാരമില്ലാതെ നരകിക്കുമ്പോള്‍ അത്രയുംപേര്‍ അമിതാഹാരം കൊണ്ടും തെറ്റായ പോഷണം കൊണ്ടുമുണ്ടാകുന്ന പൊണ്ണത്തടി അഥവാ ഒബിസിറ്റി എന്ന രോഗംകൊണ്ട് കഷ്ടപ്പെടുന്നവരാണ്. ആഫ്രിക്കയിലെ സബ്സഹാറന്‍ മേഖലയില്‍ ലക്ഷക്കണക്കിനാളുകള്‍ പട്ടിണികൊണ്ട് മരിച്ചപ്പോള്‍, അമിതമായ ഉല്പാദനത്തിന്‍റെ ഫലമായി ഗോതമ്പിന്‍റെ വില കമ്പോളത്തില്‍ ഇടിയാതിരിക്കാന്‍ അമേരിക്ക ലക്ഷക്കണക്കിന് ടണ്‍ ഗോതമ്പ് കടലില്‍ തള്ളിക്കളഞ്ഞതിനു പിന്നില്‍ സാമ്പത്തികശാസ്ത്രം മാത്രമല്ല, രാഷ്ട്രീയവുമുണ്ടെന്നതു പകല്‍പോലെ വ്യക്തമാണ്. കറുത്തവന്‍റെ ജീവനേക്കാള്‍ പ്രാധാന്യം വെള്ളക്കാരന്‍റെ പേഴ്സിനാണ് എന്ന നിലപാട് ക്യാപിറ്റലിസവും ലിബറല്‍ ജനാധിപത്യവും ഇണചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഒരു ഭീകര സത്വമാണ്.

പൊണ്ണത്തടിയുടെ കാരണത്തെപ്പറ്റി നടന്നിട്ടുള്ള ശാസ്ത്രീയപഠനങ്ങളിലെ പൊതുവായ കണ്ടെത്തല്‍ 'ജങ്ക്' എന്നു വിളിക്കപ്പെടുന്ന വിലകുറഞ്ഞ, എന്നാല്‍ ഉയര്‍ന്ന കലോറിയുള്ളതും രുചികരവുമായ ആഹാരസാധനങ്ങളുടെയും,  ഫാസ്റ്റ് ഫുഡ്ഡിന്‍റെയും, പെപ്സി, കൊക്കോക്കോള തുടങ്ങിയ അമിതമായി മധുരം കലര്‍ന്ന ശീതളപാനീയങ്ങളുടെയും ഉപയോഗമാണെന്നാണ്. ഒരു കാലത്ത് പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം പ്രചാരമുണ്ടായിരുന്ന ഉയര്‍ന്ന കലോറി നല്കുന്ന ഇത്തരം വിചിത്ര തീറ്റവസ്തുക്കളും പാനീയങ്ങളും (ഇവയെ ഭക്ഷ്യവസ്തുക്കള്‍ എന്നുവിളിക്കുന്നത് ശരിയായ ഭക്ഷണത്തെ അവഹേളിക്കലാകും) ആഗോളവത്കരണത്തെ തുടര്‍ന്ന് പിന്നാക്കരാജ്യങ്ങളിലെ നാട്ടിന്‍പുറങ്ങളിലേക്കുപോലും നുഴഞ്ഞു കയറിക്കഴിഞ്ഞു എന്നു കാണാവുന്നതാണ്. ഇത്തരം തീറ്റവസ്തുക്കളും പാനീയങ്ങളും വന്‍തോതില്‍ ഉല്പാദിപ്പിച്ച് ലോകമെങ്ങും പ്രചരിപ്പിക്കുന്നതു ബഹുരാഷ്ട്ര കുത്തക കമ്പനികളാണ്. ചുരുക്കം രാജ്യങ്ങളൊഴികെ, ഇന്ത്യ ഉള്‍പ്പെടെ, ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലെയും ഭരണകൂടങ്ങളെ സൃഷ്ടിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഇത്തരം കമ്പനികള്‍ വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്. ഇത്തരം കമ്പനികളെ നിലനിര്‍ത്തുന്നതാകട്ടെ ഇവരുടെ ഉല്പന്നങ്ങള്‍ ആസ്വദിച്ച് തിന്നുകയും കുടിക്കുകയും ചെയ്യുന്ന ചിന്താശൂന്യരായ ജനസഹസ്രങ്ങളുമാണ്. മക്ഡൊണാള്‍ഡ്, കെന്‍റിക്കി ഫ്രൈഡ് ചിക്കന്‍, റ്റാക്കോ ജോണ്‍സ്, സ്റ്റാര്‍ബക്ക് തുടങ്ങിയ ബഹുരാഷ്ട്ര ഭീമന്മാരുടെ തീറ്റവസ്തുക്കള്‍ ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ അവിഹിത സൃഷ്ടിയാണെന്നു മനസ്സിലാക്കാന്‍ അല്പമൊന്ന് ആലോചിച്ചാല്‍ മതി. ഈ രാഷ്ട്രീയ വ്യവസ്ഥയെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതാകട്ടെ അവയുടെ ഇരകളായ ജനങ്ങളാണ് എന്നതാണ് വിരോധാഭാസം.

അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ഏറ്റവും സുപ്രധാന ഭാഗമായ U.S. Food and Drug Administration (FDA) ന്‍റെ തലവനായിരുന്ന ഡോ. ഡേവിഡ് കെസ്ലര്‍ 2009 ലെ അദ്ദേഹത്തിന്‍റെ ഒരു സുപ്രധാന റിപ്പോര്‍ട്ടില്‍ പറഞ്ഞത് അമേരിക്കക്കാര്‍ അമിതമായി ആഹാരം കഴിക്കുന്നതിന്‍റെ ഉത്തരവാദികള്‍ അവിടത്തെ ഭക്ഷണവ്യവസായികളാണെന്നാണ്. ആധുനിക ഭക്ഷണവ്യവസായം എന്താണ് ചെയ്യുന്നത്? ഉപഭോക്താക്കളില്‍ ആസക്തി -അഡിക്ഷന്‍- ഉണ്ടാക്കുന്ന വസ്തുക്കള്‍ -രാസപദാര്‍ത്ഥങ്ങള്‍- കലര്‍ത്തി പുതിയ തരം തീറ്റവസ്തുക്കള്‍ ഡിസൈന്‍ ചെയ്ത് അവതരിപ്പിക്കുകയാണ് അവര്‍. ഇത്തരം തീറ്റവസ്തുക്കളിലേക്ക് ആകര്‍ഷകമായ പരസ്യങ്ങള്‍ വഴിയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ദീര്‍ഘകാല ഉപഭോക്താക്കളാകാന്‍ ഏറ്റവും സാധ്യതയുള്ള കുട്ടികളെയും കൗമാരപ്രായക്കാരെയുമാണ് ഇവര്‍ ലക്ഷ്യമിടുന്നതും വിജയകരമായി വശീകരിക്കുന്നതും. പാശ്ചാത്യനാടുകളിലെ കുട്ടികളില്‍ അമ്പതുശതമാനത്തിലധികം പൊണ്ണത്തടിയുള്ളവരാണെന്നു കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് സ്കൂള്‍ കാന്‍റീനുകളില്‍ ഫാസ്റ്റ് ഫുഡും മധുരം കലക്കിയ ശീതളപാനീയങ്ങളും വ്യാപകമായി നിരോധിച്ചു തുടങ്ങിയിരിക്കുന്നു. സ്കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ പരസ്യം സ്ഥാപിക്കുന്നതു നിരോധിച്ചു. ഇതിനെതിരെ ശീതളപാനീയ നിര്‍മ്മാതാക്കള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. എന്തു കുടിക്കണമെന്നു തീരുമാനിക്കേണ്ടതു സര്‍ക്കാര്‍ അല്ലെന്നും വ്യക്തികളാണെന്നും അതുകൊണ്ട് മേല്‍പ്പറഞ്ഞ വിധമുള്ള നിരോധനം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കലാണെന്നും ഇവര്‍ വാദിക്കുന്നു.

കേരളത്തിലെ സമ്പന്നരുടെ മക്കള്‍ പഠിക്കുന്ന പല ഇംഗ്ലീഷ്മീഡിയം പബ്ളിക് സ്കൂളുകളിലെയും കഫറ്റേറിയകളില്‍ കുട്ടികള്‍ക്കു നല്കുന്നതു ജങ്ക് ഫുഡാണ്. പരിഷ്കാരികളായ പല രക്ഷാകര്‍ത്താക്കളും സ്കൂള്‍ കഫറ്റേറിയകളില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ്. വീടുകളില്‍ ഭക്ഷണമുണ്ടാക്കുന്നതും കഴിക്കുന്നതും, പാത്രങ്ങളിലാക്കി സ്കൂളില്‍ കൊടുത്തയക്കുന്നതും വെറും പഴഞ്ചന്‍, അപരിഷ്കൃത ഏര്‍പ്പാടായിട്ടാണ് പുത്തന്‍തലമുറയിലെ രക്ഷിതാക്കള്‍ കരുതുന്നത്. കഫറ്റേറിയകളില്‍നിന്നും വാങ്ങുന്ന ഭക്ഷ്യസാധനങ്ങള്‍ ഏതാനും ദിവസം കഴിക്കുന്നതോടെ കുട്ടികള്‍ അഡിക്റ്റടാകുന്നു. ഹോട്ട് ഡോഗും, ബര്‍ഗ്ഗറും  തന്നെ വേണമെന്നു കുട്ടികള്‍ വാശിപിടിക്കാന്‍ തുടങ്ങും. പച്ചപ്പരിഷ്കാരികളായ മാതാപിതാക്കള്‍ തങ്ങളുടെ മക്കളും പരിഷ്കാരികളാകുന്ന കാഴ്ചകണ്ട് ഹര്‍ഷപുളകിതരാവുകയും അഹങ്കരിക്കുകയും ചെയ്യുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ പൊണ്ണത്തടിയുടെ ഇരകളായി മാറുമ്പോഴും, തങ്ങളുടെ മക്കളുടെ തൂക്കം കൂടുതലില്ല, ആവശ്യത്തിനേ ഉള്ളൂ എന്നവര്‍ ന്യായവാദം ചെയ്യുന്നു.

ആധുനിക ഭക്ഷണവ്യവസായത്തിന്‍റെ ഉല്പന്നങ്ങളായ തീറ്റസാധനങ്ങള്‍ അവ കഴിക്കുന്നവരെ രോഗികളാക്കുക മാത്രമല്ല ചെയ്യുന്നത്. അവ പ്രകൃതിയെ നശിപ്പിക്കുകയും ദുഷിപ്പിക്കുകയുംകൂടി ചെയ്യുന്നു. കേരളത്തില്‍ ഈ അടുത്തകാലത്തായി മാംസാഹാരം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതു പ്രകൃതിയെ താങ്ങാനാവാത്ത പാരിസ്ഥിതിക സമ്മര്‍ദ്ദത്തിലാക്കുമെന്ന് നാം അറിയേണ്ടതാണ്. ഒരുദാഹരണം വഴി ഇതു വ്യക്തമാക്കാം. ഒരു കിലോ ഉരുളക്കിഴങ്ങ് ഉല്പാദിപ്പിക്കുവാന്‍ ഏകദേശം 600 ലിറ്റര്‍ വെള്ളം വേണ്ടിവരുമ്പോള്‍ ഒരു കിലോ മാംസം ഉല്പാദിപ്പിക്കാന്‍ 12,0000 ലിറ്റര്‍ വെള്ളം ആവശ്യമായി വരും. അതായത് 200 മടങ്ങ്. ഇതു ജലദൗര്‍ലഭ്യത്തിലേക്കു നയിക്കുമെന്നു വ്യക്തമല്ലേ.  

ഭക്ഷണത്തെപ്പറ്റി ലോകമതങ്ങള്‍ അവതരിപ്പിച്ച കാഴ്ചപ്പാടുകളും ഈ പശ്ചാത്തലത്തില്‍ പുനരന്വേഷണത്തിനു വിധേയമാക്കപ്പെടുന്നുണ്ട്. യഹൂദമതം എന്തു കഴിക്കണമെന്ന് (കഷ്റുത്ത്) വ്യക്തമാക്കിയിരുന്നു. ഇസ്ലാം മതത്തില്‍ നിഷിദ്ധമായ ഭക്ഷണവും (ഹറാം) സ്വീകാര്യമായ ഭക്ഷണവും (ഹലാല്‍) എടുത്തുപറയുന്നുണ്ട്. ഹിന്ദു-ബുദ്ധ-ജൈന മതങ്ങളില്‍ ഭക്ഷണം തിരഞ്ഞെടുക്കുന്നതിന്‍റെ  അടിസ്ഥാനം അഹിംസാ സങ്കല്പമാണ്. മനുഷ്യന്‍റെ ഗുണങ്ങള്‍ക്കനുസൃതമായി ഹിന്ദുമതം ആഹാരത്തെയും സാത്വികം, രജസം, താമസം എന്നിങ്ങനെ വിഭജിച്ചുപറയുന്നുണ്ട്. സെക്യുലര്‍ വീക്ഷണത്തിലും ഭക്ഷണകാര്യത്തില്‍ പുലര്‍ത്തേണ്ട ശ്രദ്ധയേയും മിതത്വത്തേയും പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാനാവും. പരിസ്ഥിതി ദര്‍ശനത്തില്‍ ഫുഡ്ചെയിന്‍ സങ്കല്പമാണ് മാര്‍ഗ്ഗദര്‍ശകമായിട്ടുള്ളത്. നേരമ്പോക്കല്ല ആഹാരകാര്യമെന്നും അതിന് ആദ്ധ്യാത്മികവും രാഷ്ട്രീയവുമായ വിവക്ഷകളുണ്ടെന്നും ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ ഓരോരുത്തരും ശ്രദ്ധാലുക്കളാകണം.

'ഒരു പേരില്‍ എന്തിരിക്കുന്നു?' എന്നു നാം അശ്രദ്ധമായി പറഞ്ഞുപോകാറുണ്ട്. വസ്ത്രത്തിന്‍റെ മൗലികമായ ധര്‍മ്മം ശരീരസംരക്ഷണം ആണെന്ന കാര്യം നാം എന്നേ മറന്നുകഴിഞ്ഞു.  മനുഷ്യരുടെ സൗന്ദര്യബോധം അവരുടെ ആടയാഭരണങ്ങളിലേക്കും വ്യാപിക്കുക സ്വാഭാവികമാണ്. ചെവിയിലും മൂക്കിലും ദ്വാരങ്ങളുണ്ടാക്കി ആഭരണങ്ങള്‍ അണിഞ്ഞ് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയ മനുഷ്യര്‍ ഇപ്പോള്‍ മേല്‍ച്ചുണ്ടിലും ലൈംഗികാവയവങ്ങളില്‍പ്പോലും ലോഹാഭരണങ്ങള്‍ ധരിക്കുന്നു. പഴയ കാലങ്ങളില്‍ വേഷത്തില്‍നിന്നും മനുഷ്യരുടെ മതവും ജാതിയും ഉപജാതിയും തൊഴിലുമൊക്കെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു. പിന്നീട് രാഷ്ട്രീയ ദാര്‍ശനിക നിലപാടുകളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തില്‍ വേഷസംവിധാനങ്ങളില്‍ മനുഷ്യര്‍ മാറ്റങ്ങള്‍ വരുത്തി. മഹാത്മാഗാന്ധി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ നേതൃത്വത്തിലേക്കു വന്നതോടെ ഖാദി ദേശസ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും സ്വാതന്ത്ര്യദാഹത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതീകമായിത്തീര്‍ന്നു. ഖാദി ധരിക്കുന്നവര്‍ സത്യം, അഹിംസ, ധര്‍മ്മം, നീതി എന്നീ മൂല്യങ്ങളുടെ മൂര്‍ത്തികളാണെന്ന വിശ്വാസം വ്യാപകമായി. വസ്ത്രത്തെ രാഷ്ട്രീയവുമായി വിളക്കിച്ചേര്‍ത്തത് ഗാന്ധിജിയാണ്. ശരിയായ ഖാദിയല്ലെങ്കിലും കാഴ്ചക്കാര്‍ക്ക് ഖാദിയാണെന്ന് തോന്നിക്കുന്ന തരം തുണികൊണ്ടുള്ള വേഷം ഇന്നു ചില രാഷ്ട്രീയക്കാര്‍ ധരിക്കുന്നതു രാഷ്ട്രീയ ലാഭം ഉദ്ദേശിച്ചുമാത്രമാണ്. സ്വാതന്ത്ര്യസമരകാലത്തും തുടര്‍ന്നുവന്ന ഏതാനും പതിറ്റാണ്ടുകളിലും രാഷ്ട്രീയ വിശ്വാസപ്രമാണങ്ങളാണു വസ്ത്രധാരണ രീതിയെ സ്വാധീനിച്ചതെങ്കില്‍, ആഗോളവത്കരണകാലത്ത് രാഷ്ട്രീയക്കാരുടെ ഇമേജിന്‍റെ ശോഭ വര്‍ദ്ധിപ്പിക്കുകയാണ് വസ്ത്രധാരണരീതികൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. സ്ഥലത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് വസ്ത്രധാരണരീതിയില്‍ മാറ്റം വരുത്താത്ത രാഷ്ട്രീയക്കാര്‍ കുറവാണിന്ന്. ഇതിനും ഗാന്ധിജി മാത്രമായിരുന്നു അപവാദം. ബക്കിംങ്ങാം കൊട്ടാരത്തിലെ വിരുന്നില്‍ പതിവു വേഷത്തിലാണ് ഗാന്ധി പങ്കെടുത്തത്. അതുവഴി ഒരു വലിയ രാഷ്ട്രീയ സന്ദേശമാണ് ലോകത്തിനും തൊട്ടടുത്ത സീറ്റില്‍ അസ്വസ്ഥമായ മുഖഭാവത്തോടുകൂടിയിരുന്ന ബ്രിട്ടീഷ് ചക്രവര്‍ത്തിക്കും ഗാന്ധി നല്കിയത്.

രാഷ്ട്രീയക്കാരുടെ വസ്ത്രധാരണ രീതി അവിടെ നില്ക്കട്ടെ. സാധാരണക്കാരുടെ വസ്ത്രധാരണരീതിയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക. കാലാവസ്ഥ, സംസ്കാരം മുതലായ ഘടകങ്ങള്‍ വസ്ത്രധാരണശൈലിയെ നിര്‍ണ്ണായകമായി സ്വാധീനിച്ചിരുന്നു. ബഹുസ്വരതയും വൈവിധ്യവും വസ്ത്രങ്ങളിലും പ്രകടമായി പ്രതിഫലിച്ചിരുന്നു. ആഗോളവത്കരണത്തെ തുടര്‍ന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യവത്കരണത്തിന്‍റെ ശക്തമായ വേലിയേറ്റത്തില്‍ പടിഞ്ഞാറന്‍ വസ്ത്രധാരണരീതി സാമാന്യരീതിയായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. വ്യവസായവത്കരണത്തിന്‍റെ അവിഭാജ്യഘടകവും സവിശേഷതയുമായ  Standardisation വസ്ത്രധാരണരംഗത്തും ലബ്ധപ്രതിഷ്ഠമായിക്കഴിഞ്ഞു. സമ്പന്നരുടെയും ബിസിനസ്സ് എക്സിക്യൂട്ടിവുകളുടെയും ഇടയിലാണ് വസ്ത്രധാരണത്തിലെ സമാനത പ്രത്യക്ഷപ്പെട്ടത്. ഞങ്ങളും പാശ്ചാത്യരേക്കാള്‍ പിന്നിലല്ല എന്നു സ്ഥാപിക്കാന്‍ പാശ്ചാത്യേതരും പാശ്ചാത്യരെപ്പോലെ വസ്ത്രംധരിക്കാന്‍ തുടങ്ങി. പിന്നീട് ഈ പ്രവണത നമ്മുടെ സ്കൂള്‍യൂണിഫോമിലേക്ക് പകര്‍ത്തപ്പെട്ടു. കേരളംപോലെ ഉയര്‍ന്ന ഹ്യുമിഡിറ്റിയുള്ള പ്രദേശങ്ങളിലെ സ്കൂള്‍കുട്ടികള്‍ക്ക് ഏറ്റവും സുഖകരമായ യൂണിഫോം തുറന്ന കഴുത്തുള്ള ഷര്‍ട്ടും സോക്സ് ആവശ്യമില്ലാത്ത വള്ളിച്ചെരുപ്പുമായിട്ടും നാം അവരെ നെക്ക് ടൈയും സോക്സും ഷൂസും ധരിപ്പിച്ച് പീഡിപ്പിക്കുകയാണ്. ഇപ്പോള്‍ പല സ്കൂളുകളിലും കുട്ടികള്‍ക്ക് യൂണിഫോം സ്യൂട്ടാണത്രേ!

കേരളത്തിലെ ഒരു പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന സ്കൂളിലെ വാര്‍ഷികത്തില്‍ പങ്കെടുത്തപ്പോള്‍, അവിടുത്തെ അധ്യാപകര്‍ സ്യൂട്ട് ധരിച്ചാണ് പഠിപ്പിക്കുന്നത് എന്ന കാര്യം സ്കൂളിന്‍റെ ഒരു പ്രധാനനേട്ടമായി പ്രിന്‍സിപ്പല്‍ സ്കൂള്‍റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നതു കേട്ട് ഞാന്‍ വിസ്മയിച്ചുപോയി. പാശ്ചാത്യ സംസ്കാരത്തെപ്പറ്റി കുട്ടികളുടെ മനസ്സില്‍ ആരാധനഭാവം ജനിപ്പിക്കുന്നതോടൊപ്പം നമ്മുടെ തനതു സംസ്കാരത്തെപ്പറ്റി അവജ്ഞയും അപകര്‍ഷതാബോധവും സൃഷ്ടിക്കുവാനും ഇതു കാരണമാകുമെന്നു നാം തിരിച്ചറിയണം. സ്കൂള്‍ യൂണിഫോംമുതല്‍ ഫാഷന്‍ഷോകള്‍വരെ വ്യാപിക്കുന്ന വസ്ത്രധാരണരീതിയിലെ വ്യതിയാനങ്ങള്‍ സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ അധിനിവേശത്തിന്‍റെ ലക്ഷണവും ഫലവുമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. കേരളത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു കോളേജില്‍ ഫാഷന്‍ടെക്നോളജി കോഴ്സുകള്‍ നടത്തുകയും കന്യാസ്ത്രീകള്‍തന്നെ പഠിക്കുന്ന പെണ്‍കുട്ടികളേയുംകൂട്ടി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പോയി ഫാഷന്‍ ഷോകള്‍ നടത്തുകയും ചെയ്യുന്നിടത്താണ് കാര്യങ്ങള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. വസ്ത്രനിര്‍മ്മാണം മാത്രമല്ല ഫാഷന്‍ ഡിസൈനിങ്ങും ടെക്നോളജിയും ഇന്ന് ഒരു വ്യവസായമായി വികസിപ്പിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തികതാല്പര്യം മാത്രമല്ല ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇതേപ്പറ്റി നടത്തിയ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വസ്ത്രധാരണവും മറ്റ് വ്യവഹാരങ്ങള്‍പോലെ ബുദ്ധിപൂര്‍വ്വം ചെയ്യേണ്ട കാര്യമാണ്. വസ്ത്രത്തിന് ചുരുങ്ങിയപക്ഷം സാമ്പത്തികശാസ്ത്രപരം, ആരോഗ്യപരം, പാരിസ്ഥിതികം എന്നിങ്ങനെ മൂന്നു സുപ്രധാന അര്‍ത്ഥതലങ്ങളുണ്ട്. നാം വാങ്ങുന്ന തുണിക്കു വിലയായി നല്‍കുന്ന പണം ആരുടെ കൈകളിലാണ് എത്തുന്നത് എന്നാലോചിക്കാന്‍ ചിന്താശക്തിയുള്ള ഒരു ഉപഭോക്താവിനു ചുമതലയുണ്ട്. അതുപോലെതന്നെ താന്‍ വാങ്ങി ധരിക്കാന്‍ പോകുന്ന വസ്ത്രം കാലാവസ്ഥയ്ക്കു യോജിച്ചതാണോ, അത് എന്‍റെ ശരീരത്തിന്‍റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും ഇതും പരിശോധിക്കേണ്ട കാര്യമാണ്. അതുപോലെതന്നെ വാങ്ങാന്‍ പോകുന്ന വസ്ത്രത്തിന്‍റെ നിര്‍മ്മാണപ്രക്രിയകള്‍ പ്രകൃതിയെ അഥവാ പരിസ്ഥിതിയെ ഏതു രീതിയിലാണ് ബാധിച്ചിരിക്കുക, പരിസ്ഥിതി നാശം, മലിനീകരണം ഇവ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള തുണിയാണോ ഇത്? ഈ മൂന്നു പരിശോധനകളിലും അനുകൂലമായ മറുപടികള്‍ ലഭിക്കുന്ന തരം വസ്ത്രം തിരഞ്ഞെടുക്കുകയാണ് നീതിബോധമുള്ള ഒരു വ്യക്തി ചെയ്യേണ്ടത്. ഈ മൂന്നു പരിശോധനകളിലും വിജയിക്കുന്നതുകൊണ്ടാണ് ഖാദിയും, കൈത്തറിവസ്ത്രങ്ങളുമാണ് മില്‍ വസ്ത്രങ്ങളേക്കാള്‍ സ്വീകാര്യമാകുന്നത്. ഖാദി വസ്ത്രത്തിനു മുടക്കുന്ന ഒരു രൂപയുടെ ഇരുപതു ശതമാനം മറ്റ് ചെലവുകള്‍ക്കായും overhead charges  എണ്‍പതു ശതമാനം കൃഷിക്കാര്‍ മുതല്‍ നെയ്ത്തുകാര്‍വരെ ഉല്പാദനത്തിന് അധ്വാനം മുടക്കുന്നവര്‍ക്കു പ്രതിഫലമായും ആണ് വിതരണം ചെയ്യപ്പെടുന്നത്. മില്‍തുണിയുടെ കഥ നേരേമറിച്ചുമാണ്. വസ്ത്രത്തിന്‍റെ രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും നൈതികതയുമെല്ലാം ഈ വിശദീകരണങ്ങളില്‍നിന്നു വായിച്ചെടുക്കാവുന്നതാണ്.

നമ്മുടെ വീടുകളുടെ രൂപകല്പനയിലും ആന്തരിക അലങ്കാരങ്ങളിലും (architecture and internal decoration) വന്നിട്ടുള്ള മാറ്റങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍ പല സ്ഥാപിത താല്പര്യശക്തികളെയും അവിടെ കണ്ടെത്താനാവും. "വീടുകള്‍ പണിയുന്നത് താമസിക്കുവാനാണ് കാണാനല്ല" എന്ന ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍റെ വാക്കുകളെ വെല്ലുവിളിക്കുന്നതാണ് കേരളത്തില്‍ എവിടെയും ഈ അടുത്തകാലത്തായി പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്ന മണിസൗധങ്ങള്‍. വീടിന്‍റെ ആന്തരിക സംവിധാനം മുതല്‍ എല്ലാം എങ്ങനെയായിരിക്കണം എന്നു സങ്കല്പിക്കേണ്ടതും അതു സമൂര്‍ത്തമാക്കേണ്ടതും ആ വീട്ടില്‍ താമസിക്കുവാന്‍ പോകുന്നവരാകണം. എല്ലാ മനുഷ്യര്‍ക്കും സ്വന്തം വസതിയെപ്പറ്റി ഒരു സങ്കല്പമുണ്ടാവണം, ഉണ്ടായിരിക്കും. എന്നാല്‍ എന്താണ് ഇന്നത്തെ അവസ്ഥ? വിദ്യാഭ്യാസസമ്പന്നരായവര്‍, എഞ്ചിനീയറിങ്ങ് പഠിച്ചവര്‍പോലും വീടിന്‍റെ രൂപകല്പന മുതലുള്ള എല്ലാ ചുമതലകളും പ്രൊഫഷണലായി ഇത്തരം നിര്‍മ്മാണങ്ങള്‍ നടത്തുന്നവര്‍ക്കു വിട്ടുകൊടുക്കുകയാണ്. അകത്തുള്ള സൗകര്യങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം ബാഹ്യസൗന്ദര്യത്തിനു നല്കുന്നു. അനാവശ്യമായി ചെലവേറിയ ഫിറ്റിംങ്സ് ഉപയോഗിക്കുന്നു. ഒരു ലക്ഷം രൂപമുതല്‍ പത്തുലക്ഷം രൂപവരെ ചെലവുവരുന്ന ഫിറ്റിങ്സാണ് ഒരു കുളിമുറിയില്‍ ഉപയോഗിക്കുന്നത്. തറയില്‍ വിരിക്കുന്ന ടൈല്‍സിന്‍റെ കാര്യവും വ്യത്യസ്തമല്ല. പാശ്ചാത്യനാടുകളിലുള്ളവര്‍ വരച്ചുവിടുന്ന ഡിസൈന്‍ അനുസരിച്ചാണ് ഫര്‍ണിച്ചര്‍ ഉണ്ടാക്കുന്നത്. ഒരു സാധാരണവീട് ഫര്‍ണിഷ് ചെയ്യാന്‍ ചുരുങ്ങിയത് പത്തു ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നു മനസ്സിലാക്കുന്നു. വിലയേറിയ കര്‍ട്ടനുകളും മറ്റ് അലങ്കാരവസ്തുക്കളും ഇല്ലെങ്കില്‍ വീട് വീടാവുകയില്ലെന്നാണ് സാധാരണക്കാരെ വിശ്വസിപ്പിക്കുന്നത്. പല കുത്തകമാധ്യമക്കാരും വീടിനുവേണ്ടി പ്രത്യേക പ്രസിദ്ധീകരണങ്ങള്‍ ഇറക്കുന്നു. ചാനലുകള്‍ ചെലവുള്ള വീടുകള്‍ സുന്ദരികളായ യുവതികളെക്കൊണ്ട് പരിചയപ്പെടുത്തി വീടുപണിയാന്‍ തയ്യാറാകുന്നവരുടെ മനസ്സില്‍ വലിയ വലിയ സ്വപ്നങ്ങള്‍ മുളപ്പിക്കുന്നു.

എന്താണിതിന്‍റെ രാഷ്ട്രീയമെന്നു നോക്കാം. സ്വന്തം വരുമാനമുപയോഗിച്ച് വീടുപണിയിക്കാനോ വാങ്ങാനോ വളരെപ്പേര്‍ക്കും കഴിയുകയില്ല. അങ്ങനെയുള്ളവര്‍ക്ക് ഭവനവായ്പ നല്‍കാന്‍ ബാങ്കുകള്‍ അഹമഹമിഹയാ മുന്നോട്ടുവരികയാണ്. ബാങ്കുകളും ബില്‍ഡേഴ്സുമായിട്ടാണ് ഏര്‍പ്പാട്. ബില്‍ഡേഴ്സ് എളുപ്പത്തില്‍ വായ്പ ഏര്‍പ്പാടാക്കിത്തന്ന് വീട് സ്വന്തമാക്കാന്‍ സഹായിക്കും. ഈ വ്യവഹാരത്തില്‍ മിക്കപ്പോഴും ഉപഭോക്താവിന് കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവരും. കേരളത്തില്‍ എത്ര ഭവനനിര്‍മ്മാണ കമ്പനികളാണ് ജനങ്ങളെ കബളിപ്പിച്ചത് എന്നു തെളിയാനിരിക്കുന്നതേയുള്ളൂ. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നത് ബാങ്ക്, റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്‍റെയും രാഷ്ട്രീയ നേതാക്കളുടെയും അറിവോടും ഒത്താശയോടും കൂടിയാണെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഭവനനിര്‍മ്മാണ രംഗത്തും മാഫിയാവല്‍ക്കരണം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് നാം തിരിച്ചറിയുന്നത്.

ഇടത്തരക്കാര്‍ മാധ്യമങ്ങളും, കമ്പനികാറ്റലോഗുകളും കാട്ടിത്തരുന്നത്ര മനോഹരമായ ഭവനങ്ങള്‍ വാങ്ങാനുള്ള വരുമാനമില്ലാത്തവരാണ്. എങ്കിലും സമ്പന്നര്‍ ആസ്വദിക്കുന്ന ജീവിതസൗകര്യങ്ങള്‍ സ്വന്തമാക്കാനുള്ള തീവ്രമായ ആഗ്രഹം ഇവര്‍ക്കു നിയന്ത്രിക്കാനുമാവുന്നില്ല.

പുതിയ ഉപഭോഗാസക്തി സൃഷ്ടിക്കുന്നതിലും വളര്‍ത്തി ശക്തിപ്പെടുത്തുന്നതിലും ഏറ്റവും നിര്‍ണ്ണായക പങ്കുവഹിക്കുന്നത് മാധ്യമങ്ങളാണ്. പ്രത്യേകിച്ചും ഇലക്ട്രോണിക് മീഡിയ. നമ്മുടെ വര്‍ത്തമാനപത്രങ്ങള്‍ പൊതുവിലും, ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍ ഉള്ളവ പ്രത്യേകിച്ചും വാര്‍ത്തകളേക്കാള്‍ കൂടുതല്‍ ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കുന്നത് പരസ്യങ്ങളാണ്. ഒരു ഉപഭോക്തൃകൈപ്പുസ്തകം പോലെയായി രൂപപ്പെട്ടിരിക്കുന്നു നമ്മുടെ ദിനപത്രങ്ങള്‍. യുവതികളുടെയും ദൃഢഗാത്രരായ യുവാക്കളുടെയും നഗ്നശരീരം പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ എണ്ണം കൂടിവരികയാണ് പത്രങ്ങളില്‍, മഞ്ഞപ്പത്രങ്ങളുടെ നിലയിലേക്ക് ഇവ കൂപ്പുകുത്തുന്നു എന്നു പറയാതെ വയ്യ. സംരക്ഷിത  മേഖലകളായും വിശുദ്ധ ഇടങ്ങളായും നമ്മള്‍ കരുതിപ്പോന്നിരുന്ന സ്കൂളുകളും ആശുപത്രികളും എന്തിന് ദേവാലയങ്ങള്‍പോലും പരസ്യങ്ങളുടെയും മാര്‍ക്കറ്റിങ്ങിന്‍റെയും പ്രചരണരംഗങ്ങളായി മാറ്റപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ പല ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കുള്ളിലും കൊക്കോകോളയുടെയും പെപ്സിയുടെയും വെന്‍ഡിംഗ് മെഷിനുകള്‍ സ്ഥാപിച്ചിരിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വൈദികന്‍റെ വചനപ്രഘോഷണം കേള്‍ക്കുന്നതിനിടയില്‍ പലരും കോള കുടിക്കുന്നതു കണ്ടിട്ടുണ്ട്. നമ്മുടെ വലിയ സ്വകാര്യ ആശുപത്രികളില്‍ വലിയ കമ്പനികളുടെ ശീതളപാനീയങ്ങളുടെയും ചായ കാപ്പികളുടെയും മെഷിനുകള്‍ സര്‍വ്വസാധാരണമായി കഴിഞ്ഞിരിക്കുന്നു. കമ്പോളവത്കരണത്തിന്‍റെ രാഷ്ട്രീയമാണ് ഇതിലെല്ലാം അന്തര്‍ഭവിച്ചിരിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ നാം നടത്തുന്ന ഓരോ തിരഞ്ഞെടുപ്പും തുടര്‍ന്നു ചെയ്യുന്ന ഓരോ പ്രവൃത്തിയും വഴി നാം അറിയാതെയും അറിഞ്ഞും ഈ രാഷ്ട്രീയത്തെ സ്വീകരിക്കുകയും സ്ഥാപിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. പ്രത്യക്ഷ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. നമ്മുടെ നിത്യജീവിതത്തിലെ സാമാന്യ വ്യവഹാരങ്ങള്‍ വഴിയും നാം പരോക്ഷമായി രാഷ്ട്രീയം ചെയ്യുന്നുണ്ട്.

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts