news-details
മറ്റുലേഖനങ്ങൾ

ചോദ്യങ്ങള്‍

ആരംഭംമുതല്‍ അവസാനം വരെ അവന്‍ ചോദ്യം ചെയ്യപ്പെട്ടു. ജനനം മുതല്‍ മരണം വരെ അവന്‍റെ അസ്തിത്വം ചോദ്യാവലികള്‍കൊണ്ട് മൂടപ്പെട്ടു. അവര്‍ക്കാകട്ടെ, സന്ദേഹങ്ങള്‍ ആയിരുന്നു. അവന്‍ ദൈവപുത്രനാണെങ്കില്‍ അങ്ങനെ ചെയ്യേണ്ടതല്ലേ...? ഇങ്ങനെ ചെയ്യേണ്ടതല്ലേ?.. എന്നൊക്കെ. അതുകൊണ്ട് അവരെപ്പോഴും അവനെ വെല്ലുവിളിച്ചു.
 
"നീ ദൈവപുത്രനാണെങ്കില്‍..."
 
അവനാകട്ടെ, നിശ്ശബ്ദനും കാത്തിരിക്കുന്നവനുമായി കാണപ്പെട്ടു.
 
ഈ ചോദ്യം അവന്‍റെ ഒറ്റപ്പെട്ട നിമിഷങ്ങളില്‍, ഏകാന്തതയില്‍, പ്രാര്‍ത്ഥനയില്‍, വിശപ്പില്‍, അലച്ചിലില്‍ ഒക്കെ അവനെ പിന്തുടര്‍ന്നു.
 
"നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാക്കി ഭക്ഷിക്ക്..."
 
"നീ ദൈവപുത്രനാണെങ്കില്‍ മുകളില്‍ നിന്ന് താഴേക്ക് ചാട്..."
 
അവനാകട്ടെ, എപ്പോഴും പറഞ്ഞത് ഇങ്ങനെയൊക്കെയാണ്:
 
"ഞാന്‍ വഴിയും സത്യവും ജീവനുമാണ്", "ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി...".
 
"ഞാന്‍ പുനരുത്ഥാനമാണ്," "ഞാന്‍ നല്ല ഇടയനാണ്," "ഞാന്‍ മുന്തിരിച്ചെടിയാണ്"...
 
എന്നിട്ടും ആരും "നീ നല്ല ഇടയനാണെങ്കില്‍ അങ്ങനെ ചെയ്യ്. നീ ജീവനുള്ള അപ്പമാണെങ്കില്‍ കല്ല് അപ്പമാക്ക്; നീ വഴിയും സത്യവും ജീവനുമാണെങ്കില്‍ കുരിശില്‍ നിന്നിറങ്ങി വാ..." എന്നൊന്നും പറഞ്ഞില്ല. "നീ ദൈവപുത്രനാണെങ്കില്‍" എന്ന് സദാ വെല്ലുവിളിച്ചു. അവന്‍ ദൈവപുത്രനാണെന്ന് അവരോട് ആരു പറഞ്ഞു...?
 
അവന്‍ തന്‍റെ പിതാവിനെക്കുറിച്ചുമാത്രം പറഞ്ഞു: മനുഷ്യന്‍ ദൈവത്തെക്കൊണ്ടു ജീവിക്കണമെന്നും, ദൈവത്തെ പരീക്ഷിക്കരുത് എന്നും, ദൈവത്തെ മാത്രം ആരാധിക്കുകയും പൂജിക്കുകയും ചെയ്യണമെന്നും...
 
ഒടുവില്‍, കുരിശില്‍ തറച്ചിട്ട് അവര്‍ പറഞ്ഞു
 
"നീ ദൈവപുത്രനാണെങ്കില്‍ താഴെക്കിറങ്ങി വരിക..."
 
അപ്പോള്‍ അവന്‍ നിശ്ശബ്ദനായിരുന്നു, അവരോട്...
 
അവന് കാത്തിരിക്കാനറിയാമായിരുന്നു...
 
സ്വന്തം അസ്തിത്വവും പ്രവര്‍ത്തികളും ഇത്രയേറെ ചോദ്യം ചെയ്യപ്പെട്ട മറ്റൊരാളുണ്ടാവില്ല.
ഇത്രയേറെ സാന്ദ്രതയും മൗനവും നിറഞ്ഞ ഒരു കാത്തിരിപ്പും മറ്റാര്‍ക്കും ഉണ്ടാവില്ല.
ദൈവത്തിന്‍റെ സമയത്തിനായുള്ള കാത്തിരിപ്പ്. അവന്‍റെ ദൈവം ഉത്തരം കൊടുക്കുമെന്ന് അവനറിയാമായിരുന്നു.
 
മരിച്ചിട്ട്, മൂന്നു ദിവസംവരെ നീണ്ട കാത്തിരിപ്പ്...
അവന്‍ ദൈവപുത്രനാണെന്ന് ലോകം അറിയുന്നതും കാത്ത് കാത്തിരുന്ന മറ്റൊരാളുണ്ട്. സാന്ദ്രതയും ആഴവും മൗനവും സഹനവും ചേര്‍ന്ന ഒരാള്‍, പരി. അമ്മ.
 
ഒടുവില്‍ ദൈവം ഉത്തരം കൊടുത്തു;
 
അവര്‍ കുരിശില്‍ തറച്ചുകൊന്നവനെ ഉയിര്‍പ്പിച്ചുകൊണ്ട്, അവനെ ശക്തിയുടെയും മഹത്വത്തിന്‍റെയും വലതുഭാഗത്ത് ഇരുത്തിക്കൊണ്ട്,
പിന്നെ ഉത്തരങ്ങളുടെ പെരുമഴക്കാലമായിരുന്നു...
ഒടുങ്ങാത്ത ഉത്തരങ്ങള്‍...
അവന്‍റെ നാമം വിളിക്കുന്ന ഏവര്‍ക്കും ഉത്തരങ്ങള്‍...
രോഗത്തിനും പാപത്തിനും മരണത്തിനും ഉത്തരം.
 
അവന്‍റെ നാമം പറയുന്നവന്‍റെ നിഴല്‍പോലും അവന്‍റെ പ്രശ്നത്തിന് ഉത്തരമായി.
ദൈവത്തെ കാത്തിരിക്കുന്നവരെയാണ് ദൈവം കാത്തിരിക്കുന്നത്...
 
ഒന്നോര്‍ത്താല്‍ എല്ലാ ജീവിതങ്ങളും എന്തെങ്കിലുമൊക്കെ വിധത്തില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
 
എന്തിനാടാ നീയിങ്ങനെ?...എന്നൊരു ചോദ്യത്തെ എവിടെയെങ്കിലുമൊക്കെ വച്ച് നേരിടാത്തവര്‍ ഉണ്ടാവുമോ...? മനസ് ദിവസേന ഒരു പത്തുപതിനഞ്ചു തവണയെങ്കിലും ചോദിക്കുന്നുണ്ട്...
 
"എന്തിനാ നീയിങ്ങനെ..." അതിന്‍റെ ബാക്കി ഒരു പക്ഷേ, "ജീവിക്കുന്നത്?" എന്നോ "മരിക്കുന്നത്"? എന്നൊ ഒക്കെ ആവാം, സന്ദര്‍ഭംപോലെ... എല്ലാ ജീവിതങ്ങളും അങ്ങനെയാണ്.. ആദ്യഭാഗം ഏതാണ്ടൊരുപോലെ... പിന്നെ, എന്തിനാ നീയിങ്ങനെ നടക്കുന്നത്?, എന്തിനാ നീയിങ്ങനെ സ്നേഹിക്കുന്നത്?... എന്നിങ്ങനെ എവിടെയെല്ലാം വച്ച് ഏതെല്ലാം വിധത്തില്‍ നമ്മള്‍ ചോദ്യം ചെയ്യപ്പെടുന്നു.
 
ജീവിതങ്ങളെ പൊതുവേ, ഉത്തരങ്ങളും ചോദ്യങ്ങളുമായി പകുക്കാം എന്ന് തോന്നുന്നു. ചിലരൊക്കെ ഉത്തരങ്ങളും പരിഹാരങ്ങളുമായി മാറുന്നു. ചിലരാവട്ടെ ചോദ്യങ്ങളായിത്തന്നെ മടങ്ങുന്നു. ഓരോരുത്തരും ഉത്തരവും പരിഹാരവുമായി മാറാനാണ് ദൈവം ഈ ഭൂമിയിലേയ്ക്കയയ്ക്കുന്നത്... നീ ആയിരിക്കുന്ന ഇടങ്ങളിലെ സമസ്യകള്‍ക്ക് ചിലതിനൊക്കെ നീ ഉത്തരമാകണം. എന്നാല്‍ ചിലരൊക്കെ, ഉത്തരം കണ്ടെത്താതെ മടങ്ങി ചോദ്യങ്ങളായിത്തന്നെ അവശേഷിക്കുന്നു. ചില ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, ദുര്‍മ്മരണങ്ങള്‍... ഒക്കെ സമസ്യകളായി, ചോദ്യങ്ങളായി നിലനില്‍ക്കുകയാണ്. അങ്ങനെയുള്ളവരെയാണല്ലോ, മരിച്ചുകഴിഞ്ഞാലും നമ്മള്‍ പേടിക്കുന്നത്. അത്തരം കഥകളില്‍ ഒരു കൗതുകമുണ്ട്... ഉത്തരമാകാനോ ഉത്തരമേകാനോ കഴിയാതെ പോയവരാണ് അവര്‍...
 
എന്തുകൊണ്ടാണ് അവര്‍ വീണ്ടും വരുമെന്ന് കഥകള്‍ പറയുന്നത്... അല്ലെങ്കില്‍, മരിച്ചുപോയ വിശുദ്ധരൊക്കെ വീണ്ടും വന്നാല്‍ നമ്മള്‍ അവര്‍ പ്രത്യക്ഷപ്പെട്ടു എന്നൊക്കെയേ പറയാറുള്ളൂ. ആളുകള്‍ കൂടുകയും ചെയ്യും. പക്ഷേ, അപ്പുറത്ത് തൂങ്ങി മരിച്ച ആള്‍ വന്നാല്‍ പ്രേതം വന്നെന്നല്ലേ പറയാറ്. ആ വഴി പിന്നാരും നടന്നെന്നും വരില്ല... ഇനി വിശുദ്ധരെന്നല്ല, മഹാത്മാഗാന്ധി വന്നുവെന്നിരിക്കട്ടെ, അല്ലെങ്കില്‍ എ.പി.ജെ. അബ്ദുള്‍ കലാം വന്നാലും, നമ്മള്‍ പ്രേതം വന്നെന്നു പറയില്ല... എന്നല്ല നമുക്കൊരു സന്തോഷമാണ്. ഇതൊക്കെ നമ്മുടെ മനസ്സിനെ ആരു പഠിപ്പിച്ചതാണ്... ഏതാണു പ്രേതം, ഏതല്ല പ്രേതം എന്നതിന് ലിഖിതനിയമം വല്ലതും ഉണ്ടോ...? അതിലൊക്കെ ചില ചിന്തകളുണ്ട്... ഒന്നു ചിന്തിക്കാന്‍ കുറച്ച് ഇടമുണ്ട് ഈ കാര്യത്തിലൊക്കെ... എല്ലാം നമ്മള്‍ പറഞ്ഞു നശിപ്പിക്കരുത്. കുറെയൊക്കെ നമുക്ക് ചിന്തിക്കാന്‍ വേണം.
 
ഉത്തരമാകുന്നതിനെക്കുറിച്ചാണ്...
 
 
ഒരുപാട് ഫലങ്ങളും വിത്തുകളും ഉണ്ടാകുന്നതിനുവേണ്ടി ഒരു ഫലം അഥവാ വിത്ത് മണ്ണിനടിയില്‍ ശ്വാസം മുട്ടി മരിച്ച് മറ്റൊന്നായി ജനിക്കുന്നു. അതുപോലെ... ഉത്തരങ്ങളായി രൂപപ്പെടാന്‍ വേണ്ടി നമ്മള്‍ ഇപ്പോള്‍ വേണമെങ്കില്‍ പറയാവുന്ന, നല്‍കാവുന്ന ഉത്തരങ്ങളില്‍, നിശ്ശബ്ദമായി ശ്വാസം മുട്ടി, മറുരൂപപ്പെടുന്നു. അതെ, ചങ്ങാതീ... ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിശ്ശബ്ദമായും കാത്തിരിക്കുന്നവരായും കാണപ്പെടുക... അപ്പോഴാണ് നമുക്ക് ഉത്തരമായി രൂപപ്പെടാനാവുന്നത്...
 
 
ഈ ഭൂമിയിലേക്ക് വരാന്‍ മനസായ അന്നുമുതല്‍ ഈ ഭൂമിയിലെ അവസാനവിനാഴികവരെ ചോദ്യം ചെയ്യപ്പെട്ട ജീവിതമായിരുന്നു ക്രിസ്തുവിന്‍റേത്...
 
"ഇതെങ്ങനെ..." മറിയം ചോദിച്ചു...
 
"ഇതെന്ത്..." യൗസേപ്പിതാവ് ചോദിച്ചു.
 
പിന്നെ പലരും... ഹേറോദേസും അര്‍ക്കലാവോസും ഒക്കെ അന്വേഷിച്ചും തേടിയും പിഴുതെറിയാന്‍ ശ്രമിച്ചും ഒക്കെ...
 
എത്രമേല്‍ വിളുമ്പിലാണോ ജീവിതം കിളിര്‍ത്തത്... ഒരു വാക്കിന്‍റെ ഇറുക്കം മതിയായിരുന്നു, അതിന്‍റെ വഴിയടയാന്‍...
 
ചോദ്യം ചെയ്യപ്പെടാന്‍ വന്ന ജീവിതംപോലെ...
ഇവന്‍ ആര്...?
നസ്രത്തില്‍ നിന്ന് നന്മയോ...?
എന്തടയാളമാണ്...?
നീ ആരാണെന്നാണ് ഭാവം...?
 
ഇങ്ങനെ ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ അവന്‍ വിശ്വാസത്തോടെ... പ്രത്യാശയോടെ കാത്തിരുന്നു... ആ നാമം പിന്നെ ഉത്തരമായി.... ചോദ്യം ചെയ്യപ്പെടാനാവാത്ത ഉത്തരം...

You can share this post!

കാഴ്ചയ്ക്കുമപ്പുറം

ലിസ ഫെലിക്സ്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts