വിശുദ്ധ ബൈബിളില്‍ ദൈവത്തിന്‍റെ പക്ഷംചേര്‍ന്ന് ജീവിച്ചവരും ദൈവനിശ്ചയത്തിനു വിധേയരായി വര്‍ത്തിച്ചവരും ലോകത്തിന്‍റെ മുമ്പില്‍ വിഡ്ഢികളെപ്പോലെ കാണപ്പെട്ടു. ലോകത്തിന്‍റെ ജ്ഞാനികളെ ലജ്ജിപ്പിക്കുവാന്‍ ദൈവം ഈ ലോകത്തിലെ ഭോഷന്മാരെ തിരഞ്ഞെടുത്തുവെന്ന് പൗലോസ് ശ്ലീഹാ പറയുന്നു. ഉത്പത്തി പുസ്തകം മുതല്‍ ഇപ്രകാരമുള്ള വ്യക്തിത്വങ്ങളെ നാം കാണുന്നുണ്ട്. നോഹയെന്ന കഥാപാത്രം നമ്മുടെ മുന്നില്‍ തെളിഞ്ഞുനില്ക്കുന്നു. ദൈവതിരുമുമ്പില്‍ വിഡ്ഢിയെപ്പോലെ നിന്നവനാണ് നോഹ. ഉഗ്രപ്രതാപവാനായ സൂര്യന്‍ ആകാശത്തു ജ്വലിച്ചുനിന്നപ്പോഴാണ് നോഹ പേടകം പണിതത്. മഴയോ മഴക്കാറോ ഇല്ലാത്ത ആകാശകൂടാരത്തിനു കീഴില്‍ നോഹ പെട്ടകം പൂര്‍ത്തിയാക്കി. മഴ തകര്‍ത്തു പെയ്യുമ്പോഴോ, ജലനിരപ്പ് ഉയരുമ്പോഴോ മാത്രം പണിതെടുക്കേണ്ട സുരക്ഷാകൂടാരം നോഹ പൊരിവെയിലത്ത് പണിതുയര്‍ത്തി. ജനം അദ്ദേഹത്തെ വിഡ്ഢിയെന്നു വിളിച്ചു. പിന്നീടു കാണിച്ചതെല്ലാം ഒരു ഭ്രാന്തന്‍റെ ഭാവപ്രകടനങ്ങളായിരുന്നു. ജോടി ജോടിയായി എല്ലാ ജീവജാലങ്ങളെയും ശേഖരിക്കുന്നു. പോത്തും എരുമയും, പശുവും മൂരിയും, പൂവനും പിടയും തുടങ്ങി എല്ലാ ജീവജാലങ്ങളെയും പേടകത്തിനുള്ളിലാക്കി. ജനം പരിഹസിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ ആകാശം ഇരുണ്ടു. നിലയ്ക്കാത്ത മഴത്തുള്ളികള്‍ ഭൂമിയില്‍ പതിച്ചു. കടലാസുവള്ളം വെള്ളത്തില്‍ പൊങ്ങിക്കിടന്നതുപോലെ നോഹയുടെ പെട്ടകവും അതിലുള്ള സകല ജീവജാലങ്ങളും സുരക്ഷിതരായി ഉയര്‍ന്നുപൊങ്ങി. ലോകം വിഡ്ഢി എന്നു വിളിച്ചവന്‍ ദൈവതിരുമുമ്പില്‍ സ്വീകാര്യനായി.
പുറപ്പാടിന്‍റെ പുസ്തകത്തില്‍ മറ്റൊരു മനുഷ്യനെ ദൈവം കാണിച്ചുതരുന്നു. മോശയെന്ന അത്ഭുതമനുഷ്യന്‍. ഒത്തിരി മുറിവുകളുള്ള മനുഷ്യന്‍. വിക്കനും അനാഥനും കൊലപാതകിയും വൃദ്ധനുമായിരുന്നു മോശ. മാനുഷികബുദ്ധിയില്‍ പ്രതീക്ഷയ്ക്കു വകയില്ലാത്ത മനുഷ്യന്‍. എണ്‍പതാം വയസ്സിലെ വാര്‍ദ്ധക്യത്തിന്‍റെ നിറവില്‍ ദൈവനിയോഗം ഏറ്റെടുക്കേണ്ടി വരുന്നു. പിന്നീടു കാത്തിരുന്നതെല്ലാം വിഡ്ഢിത്തങ്ങള്‍. അലറുന്ന കടലിനും ഇരമ്പുന്ന സൈന്യത്തിനുമിടയില്‍ നിസ്സഹായനായി നില്‍ക്കുമ്പോള്‍ മോശ ദൈവത്തിലേയ്ക്കു നോക്കി. മുകളിലേയ്ക്കു നോക്കിയ കണ്ണുകള്‍കൊണ്ട് താഴെയുള്ള കടലിലേയ്ക്ക് നോക്കി. പിന്നീട് ഒന്നും ആലോചിച്ചില്ല. ഒരു ഭ്രാന്തമായ ആവേശത്തോടെ ചുളിവുവീണ കൈകളിലെ ഉണക്കവടി കടലിനുനേരെ നീട്ടിപ്പിടിച്ചു. ഡാം കെട്ടി തടയേണ്ട വെള്ളത്തിനു മീതേ ഉണങ്ങിയ വടി നീട്ടിയിട്ടെന്തുകാര്യമെന്ന് ജനം ചോദിച്ചു. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ കടല്‍ മുറിഞ്ഞു. കര തെളിഞ്ഞു. ജനം അത്ഭുതസ്തബ്ധരായി നിന്നു. പിന്നീട് ഒരിക്കല്‍ അതേ വടികൊണ്ട് ഉണങ്ങിയ പാറയില്‍ മോശ അടിച്ചു. അതില്‍നിന്നും ഉറവക്കണ്ണികള്‍ ഒഴുകിയിറങ്ങി. വെള്ളത്തെ പകുത്തു മാറ്റിയ ദൈവത്തിന് ഉണക്കപ്പാറയില്‍നിന്ന് കുളിര്‍മ്മയുള്ള ഉറവ തുറക്കാനുമാകുമെന്ന് മോശ വിശ്വസിച്ചു. പച്ചപ്പുള്ളതൊന്നും മോശയ്ക്കില്ലായിരുന്നു. ഉണങ്ങിയ ശരീരവും ഉണക്കപ്പാറയും ഉണക്കവടിയും ഉണങ്ങിയ മരുഭൂമിയും മാത്രം മുമ്പില്‍. അതിന്‍റെയെല്ലാം നടുവില്‍നിന്ന് ദൈവത്തിലാശ്രയിച്ചവനെ ദൈവം മറന്നില്ല.
ജോഷ്വായുടെ പുസ്തകം ആറാം അധ്യായത്തില്‍ വേറൊരു മനുഷ്യനെ നാം കാണുന്നു. ജോഷ്വാ എന്നാണ് പേര്. ഒരു ജനതയെ മോശയ്ക്കു ശേഷം നയിച്ച നേതാവ്. കാനാന്‍ദേശത്തു പ്രവേശിക്കുവാന്‍ ജറീക്കോയുടെ പുറത്തുനിന്ന ജനത. അവരുടെ നായകന്‍ ജോഷ്വാ. ശക്തമായ സ്ഫോടകവസ്തുക്കളുപയോഗിച്ചു തകര്‍ക്കേണ്ട കോട്ടയാണത്. അതിന്‍റെ മുമ്പില്‍ കാഹളമൂതി ജനത്തെ നയിച്ച നേതാവ്. ജനം ഉള്ളില്‍ പരിഹാസവാക്കുകള്‍ പറഞ്ഞുകൊണ്ട് ജോഷ്വായെ അനുഗമിച്ചു. പക്ഷേ ഏഴാം പ്രാവശ്യം കാഹളം മുഴക്കിയപ്പോള്‍ കോട്ട നിലംപതിച്ചു. ദൈവം മനുഷ്യന്‍റെ നാസാരന്ധ്രങ്ങളില്‍ ഊതിയപ്പോള്‍ ജീവന്‍ ലഭിച്ചു. യേശു അന്ധന്‍റെ കണ്ണിലും ബധിരന്‍റെ കാതിലും ഊതിയപ്പോള്‍ സൗഖ്യം ലഭിച്ചു. ഉത്ഥിതന്‍ ശിഷ്യരിലേക്ക് ഊതിയപ്പോള്‍ പരിശുദ്ധാത്മാവിനെ ലഭിച്ചു. ദൈവത്തില്‍ വിശ്വസിച്ച് ഒരു കാര്യം ചെയ്യുന്വോള്‍ ദൈവികശക്തി നമ്മില്‍ നിറഞ്ഞുനില്‍ക്കും.
ദാവീദ് എന്ന ഇടയച്ചെറുക്കനാണ് മറ്റൊരു കഥാപാത്രം. ഫിലിസ്ത്യാ നേതാവായ ഗോലിയാത്ത് വളരെ വലുപ്പമുള്ള ശക്തനായിരുന്നു. ജനം അവനെ ഭയന്നിരുന്നു. ശക്തനും മല്ലനുമായ ഗോലിയാത്തിനെ നേരിടാന്‍ ദാവീദ് തീരുമാനിച്ചു. ഗോലിയാത്ത് ശ്വാസം വലിച്ചെടുത്താല്‍ ദാവീദ് അദ്ദേഹത്തിന്‍റെ മൂക്കിനുള്ളില്‍ കയറിപ്പോകും. അത്രയ്ക്കും ചെറിയവനായിരുന്നു ദാവീദ്. ഒരു കവിണയും അഞ്ചു കല്ലുകളുമായി ഗോലിയാത്തിനെ ആ ബാലന്‍ നേരിട്ടു. കല്ല് കൊണ്ട് താഴെവീണ ഗോലിയാത്തിന്‍റെ ശിരസ്സ് ദാവീദ് അറുത്തെടുത്തു. ഒരു കല്ലു മാത്രം മതിയായിരുന്നു ഗോലിയാത്തിനെ വധിക്കുവാന്‍. ദൈവം അഞ്ചുകല്ലുകള്‍ ദാവീദിന്‍റെ കരങ്ങളില്‍ വച്ചുകൊടുത്തു. ഒരു ദൗത്യം ദൈവം ഒരു വ്യക്തിയെ ഏല്പിച്ചാല്‍ അതു നിറവേറ്റാനുള്ള ശക്തിമാത്രമല്ല അഞ്ചിരട്ടി ശക്തി ദൈവം നല്കിയിരിക്കും.
നമ്മുടെയൊക്കെ ജീവിതയാത്രയില്‍ ലോകസമക്ഷം വിഡ്ഢികളെന്നു കരുതപ്പെടുന്നവരുണ്ട്. ഭര്‍ത്താവിന്‍റെ മുമ്പില്‍ വെറുതേ ചെറുതാകേണ്ടിവരുന്ന ഭാര്യയും ഭാര്യയുടെ മുന്‍പില്‍ ചെറുതാകേണ്ടി വരുന്ന ഭര്‍ത്താവുമൊക്കെ കുടുംബനന്മയ്ക്കായി വിഡ്ഢിവേഷം കെട്ടുന്നവരാണ്. ചില സാഹചര്യങ്ങളില്‍ നമ്മള്‍ വളരെ ചെറുതായെന്നു വരാം. അപ്പോഴൊക്കെ നമ്മെ ഉയര്‍ത്തുന്ന ദൈവം അതു കാണുന്നുണ്ടെന്നു വിശ്വസിക്കുക. ദൈവത്തിന്‍റെ മുമ്പില്‍ വിഡ്ഢികളാകുന്നതില്‍ നമുക്കു ലജ്ജിക്കാതിരിക്കാം.