news-details
കവിത

അത്ഭുതങ്ങളെന്തേ ഇത്ര പൊലിപ്പിക്കപ്പെടുന്നു?
എനിക്കാകട്ടെ മറ്റൊന്നുമറിയില്ല അത്ഭുതങ്ങളല്ലാതെ.
മന്‍ഹട്ടന്‍ തെരുവുകളിലൂടെ നടന്നാലും,
വീടുകളുടെ മോന്തായങ്ങള്‍ക്ക് മുകളിലൂടെ വിഹായുസ്സിലേക്ക് മിഴിപാളിച്ചാലും,
നഗ്നപാദനായി തിരകള്‍ അതിരിടുന്ന തീരത്തിലൂടെ ഉഴറി നീങ്ങുമ്പോഴും,
കുടപിടിച്ച കാനനവൃക്ഷങ്ങള്‍ക്കു കീഴെ നില്‍ക്കുമ്പോഴും,
പ്രണയിക്കുന്ന ഒരാളോടൊപ്പം ഒരു പകല്‍ സവാരിക്കിറങ്ങുമ്പോഴും/ അല്ലെങ്കില്‍ ഒരു രാവ്
അയാളുമൊത്തു ശയിക്കുമ്പോളും,
മറ്റുള്ളവരോടൊത്തു തീന്മേശക്കരുകിലിരിക്കുമ്പോഴും,
എനിക്ക് എതിര്‍വശം കാറോടിച്ചു പോകുന്ന അപരിചിതരുടെ മേല്‍ മിഴിപാളിക്കുമ്പോഴും
ഉഷ്ണകാല ഇളംചൂടില്‍ തേനറയ്ക്ക് ചുറ്റും കര്‍മനിരതരാകുന്ന തേനീച്ചകളെയും
പുല്‍ത്തകിടിയില്‍ മേയുന്ന കന്നുകളെയും,
കിളികളേയും കാറ്റില്‍ പറക്കുന്ന പറവകളെന്ന അത്ഭുതങ്ങളേയും,
അസ്തമയത്തിന്‍റെ ചാരുതയേയും, ശാന്തരായി മിന്നുന്ന താരാഗണങ്ങളുടെ ശോഭയേയും,
വസന്തത്തിലെ ആദ്യചന്ദ്രന്‍റെ അനുപമലോല കലയേയും നിരീക്ഷിക്കുമ്പോഴും...
ഇവയും, പിന്നെ ഓരോന്നും, എനിക്കത്ഭുതങ്ങള്‍ തന്നെ.
എല്ലാം സൂചകങ്ങള്‍, എന്നാല്‍ അവയെല്ലാം സ്വന്തം ഇടങ്ങളില്‍ വ്യതിരിക്തവും.
പകലിന്‍റെയും രാത്രിയുടെയും ഓരോ നാഴികകളും  എനിക്ക് അത്ഭുതങ്ങള്‍...
വ്യാപ്തിയുടെ ഓരോ അങ്കുലവും ഓരോ അത്ഭുതങ്ങള്‍...
ഓരോ മുഴം മണ്ണിലും ചിതറിക്കിടക്കുന്ന അത്ഭുതങ്ങള്‍...
ഓരോ അടി ആന്തരിക ജൈവലോകവും അത്ഭുതം...
എനിക്ക് കടലൊരു നിലയ്ക്കാത്ത അത്ഭുതം...
നീന്തിത്തുടിക്കുന്ന മത്സ്യങ്ങള്‍- പാറക്കൂട്ടങ്ങള്‍ - തിരയിളക്കങ്ങള്‍ - മനുഷ്യന്‍റെ
യാനപാത്രങ്ങള്‍-
എല്ലാം എത്ര അപരിചിതമായ അത്ഭുതങ്ങള്‍!!!

You can share this post!

ഫ്രാന്‍സിസ് അസ്സീസിയുടെ കവിത

അന്‍റ്റോണിന്‍ അര്‍റ്റോഡ് (മൊഴിമാറ്റം: ജോസ് സുരേഷ്)
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts