തീയിലും പുകയിലും കരിഞ്ഞുണങ്ങി
ചെളി പുരണ്ട നീണ്ട അങ്കി ധരിച്ച്
അടുക്കളയിലെ ആശങ്കകള്‍
നെഞ്ചിലെ നെരിപ്പോടാക്കുന്നവളാണ് മറിയം.
ചാണകം മെഴുകിയ മണ്‍തറയില്‍ ചരിഞ്ഞിരുന്ന്
കരിപിടിച്ച മണ്‍കുടം കഴുകി മിനുക്കി,
പുല്ലിന്‍റെ മേല്‍ക്കൂരയില്‍ നിന്ന്
മാറാല തുടച്ചുമാറ്റുന്നവളാണ് മറിയം.
കാലികളെ കുളിപ്പിച്ച്, കാലിക്കൂടു കഴുകി നടുകഴച്ച്
മുറ്റത്തൊരു കല്ലില്‍ ചാരിയിരുന്ന്
നെടുവീര്‍പ്പെടുക്കുന്നവളാണ് മറിയം.
കാന്തനും സുതനും പ്രാതല്‍ പൊതിഞ്ഞ്
പണിയിടത്തേയ്ക്ക് തിടുക്കം നടക്കുന്നവളാണ് മറിയം.
സന്ധ്യമയങ്ങുമ്പോള്‍ കുളിച്ചൊരുങ്ങി
കവിളില്‍ നേര്‍ത്ത പുഞ്ചിരിയോടെ
ദൈവസന്നിധിയില്‍ മുട്ടുകുത്തുന്നവളാണ് മറിയം.
-2-
ഞങ്ങള്‍ നിനക്കായി പടുത്തുയര്‍ത്തുന്ന
ഗംഭീരസൗധങ്ങളും ചില്ലുകൂടാരങ്ങളും
അലോസരപ്പെടുത്തുമ്പോള്‍, മനുഷ്യപുത്രി,
അങ്ങാണോ പിഞ്ചിയ വസ്ത്രങ്ങള്‍ ധരിച്ച്
മാറത്തൊരു കുഞ്ഞിനെയും അണച്ചുപിടിച്ച്
തെരുവീഥികളിലൂടെ അലഞ്ഞുവരുന്നത്!