ഒരു പുല്‍ത്തുള്ളിയായ്
മിന്നലില്‍ മറയുന്ന ഇലച്ചാര്‍ത്തായ്
മഴ പകരുന്ന ഈറനായ്
വെയില്‍നാമ്പില്‍ നീളുന്ന മരക്കൂട്ടമായ്
നിന്‍റെ മുന്നിലൊരുവന്‍...
പക്ഷേ നിറക്കൂട്ടുകള്‍
നിന്‍ കാഴ്ചയില്‍ തിമിരം നിറച്ചല്ലോ.
കത്തിത്തുളയ്ക്കുന്ന വാക്കുകളിലെവിടെയോ
ഒരു മൃദുസ്വരം
ആവര്‍ത്തിച്ചുരുവിടുന്ന മന്ത്രങ്ങള്‍ക്കിടയിലെവിടെയോ
ഒരു പദം
നിനക്കായ് അടരുന്നു...
പക്ഷേ ദ്രുതതാളങ്ങളും ഗര്‍ജ്ജനങ്ങളും
നിന്നെ ബധിരനാക്കിയല്ലോ.
പൊട്ടിച്ചിരികള്‍ക്കിടയിലൊരു മൂകഭാവം
വിലാപങ്ങള്‍ക്കിടയിലൊരു തേങ്ങല്‍
ആലിംഗനങ്ങള്‍ക്കിടയിലൊരു മൃദുസ്പര്‍ശം
നിന്‍റെ ഹൃദയത്തെ തൊടുന്നു...
പക്ഷേ നീ ഇപ്പോഴും
തീവ്രതയുടെ ലഹരിയില്‍ ചുവടുതേടുന്നു.
വേറിട്ടൊരു ഭാവം
ചാലിക്കാത്തൊരു വര്‍ണ്ണം
പാടാത്തൊരു സ്വരം
നുകരാത്തൊരു സ്പര്‍ശം
പാതവക്കിലോ
ആള്‍ക്കൂട്ടത്തിലോ
മന്ത്രക്കൂടാരങ്ങളിലോ
ഏകനായ്
നിശ്ശബ്ദനായ്
നിന്നെ കാത്തിരിക്കുന്നു.
നിന്‍റെ മാറിലുമൊരു ചൂടുണ്ടെന്നറിയാതെ
അന്യന്‍റെ മാറിടത്തില്‍ തലതല്ലുന്നു നീ.
നിന്‍റെ നെഞ്ചോടു
നെഞ്ചൊന്നു ചേര്‍ക്കൂ.
പെരുമ്പറകളില്ലാതെ
ഒരു കനല്‍ത്തരിയവിടെ
പടരാന്‍ വെമ്പിനില്‍പ്പൂ
സ്ഫോടനത്തിളക്കമില്ലാതെ
വേദവാക്യ നുറുങ്ങുകളില്ലാതെ.