തിരിച്ചു പോകുന്നതിന്‍റെ തൊട്ടു തലേന്നാള്‍
ആത്മമിത്രങ്ങളെ അവന്‍ വിളിച്ചുകൂട്ടി.
മേശക്കടുത്തവര്‍ വന്നിരുന്നപ്പോള്‍
അവനവര്‍തന്‍ പാദങ്ങള്‍ കഴുകി ചുംബിച്ചു.
അപ്പമെടുത്തവന്‍ പകുത്തു നല്‍കവെ
ആത്മമിത്രങ്ങളെ നോക്കിപ്പറഞ്ഞു:
"നിങ്ങള്‍ കഴിക്കുന്നിതെന്‍റെ ശരീരം!"
അതു സത്യമായിരുന്നു;
അപ്പമവന്‍റെ അദ്ധ്വാനവും
അതില്‍ ചേര്‍ത്ത ലവണം അവന്‍റെ വിയര്‍പ്പും.
വീഞ്ഞു പകര്‍ന്നവന്‍ കോപ്പ നിറച്ചു
അവരുടെ ചുണ്ടോടു ചേര്‍ത്തു പറഞ്ഞു:
"നിങ്ങള്‍ കുടിക്കുന്നിതെന്‍റെ രക്തം!"
നാളെയുടെ വെയിലിലീ തെരുവില്‍ ചിതറും
ചുടുചോരയാണതെന്നറിയാതെയവര്‍
ആ കോപ്പ അടിയോടെ മോന്തികുടിച്ചു.
ഒടുവിലവനവരോടായിപ്പറഞ്ഞു:
"ഇതെന്‍റെ അവസാന അത്താഴമെങ്കിലും
നിങ്ങളുടെയാത്മാവിന്നാദ്യസദ്യ
ഇനിയുമെന്നാളും ഒന്നിച്ചു കൂടുമ്പൊഴെല്ലാം
അപ്പം മുറിക്കണം, വീഞ്ഞുകുടിക്കണം
നിങ്ങളെന്‍ സ്നേഹത്തിലൊന്നായ് ചേരണം."
സ്തോത്രഗീതങ്ങളാലപിച്ചശേഷം
അവര്‍ രാത്രിയുടെ സ്വച്ഛതയിലേക്ക്...
അവനാകട്ടെ കുരിശുമായ് മരണത്തിന്‍ മലമുകളിലേക്കും.
വര്‍ഷങ്ങള്‍ കടന്നുപോയ്...
ദശാബ്ദങ്ങളും ശതാബ്ദങ്ങളും
സഹസ്രാബ്ദങ്ങള്‍ക്കു വഴിമാറവെ
ഇന്നലെ വെളുപ്പിനെ പതിവുപോലെ കുന്നിന്‍മുകളിലെ
പുരാതന ദേവാലയത്തില്‍
ആ ദിവ്യസ്നേഹമനുസ്മരിക്കാന്‍
സുഹൃത്തുക്കളെല്ലാം ഒത്തുകൂടി.
അവന്‍റെ ചങ്കോടു ചേരുന്ന ചങ്ങാതിമാര്‍ക്കായ്
മുറിക്കപ്പെടുന്ന അപ്പങ്ങളും
നിറഞ്ഞൊഴുകുന്ന പാനപാത്രവും.
വിരുന്നുകഴിയവേ അവന്‍ ചോദിച്ചു:
"ഇനിയും നിങ്ങളൊരുമിച്ച കൂടുകില്ലെ...?"
അവരൊന്നാകെ ആര്‍ത്തു പറഞ്ഞു:
"ഇനി ഞങ്ങള്‍ വരുമോ ഇല്ലയോ എന്നറിയുകില്ല!
എങ്കിലും ഇതു ഞങ്ങളുടെ ആത്മശരീര ഭാഗം തന്നെ."
ഒടുവിലവര്‍ ഓരോരുത്തരായ് പിരിഞ്ഞു.
ചുംബനം കൊണ്ടൊറ്റാന്‍ ഒരാള്‍ ഇരുളിലേക്ക്...
തള്ളിപ്പറയാന്‍ തക്കംപാര്‍ത്തൊരുവന്‍ ആള്‍ക്കൂട്ടത്തിലേക്ക്...
ഉറങ്ങാന്‍പറ്റിയ തണലിടങ്ങള്‍ തേടി ചിലര്‍...
ഇനിയും ചിലര്‍...?
അവന്‍ മാത്രം വീണ്ടുമേകനായ്
കുരിശുമെടുത്ത് മലമുകളിലേക്ക്...
എല്ലാം പതിവുപോലെയായിരുന്നു... എല്ലാം...!