മരണമെ നിന്‍റെ വിജയം എവിടെ? മരണമെ നിന്‍റെ ആധിപത്യമെവിടെ? എന്ന് 1 കൊറി 15/55 ല്‍ പൗലോസ് ശ്ലീഹാ ചോദിക്കുന്നു. ജീവിക്കുന്നത് നഷ്ടമായും മരണം നേട്ടമായും ഗലാത്തിയാക്കാ ര്‍ക്കുള്ള ലേഖനം 2/20 ല്‍ ശ്ലീഹാ ഏറ്റുപറയുന്നു. പഴയ നിയമ കാലഘട്ടത്തില്‍ ദൈവത്തെ അനുഭവിച്ചവരെല്ലാം ധൈര്യപൂര്‍വ്വം മരണത്തെ സ്വാഗതം ചെയ്തു. ജറമിയായെപ്പോലുള്ള പ്രവാചകന്മാര്‍ യഹോവയ്ക്ക് മരിക്കുന്നതും അഭിമാനമായി കരുതി. പുതിയ നിയമത്തില്‍ പത്രോസും പൗലോസും മറ്റ് അപ്പസ്തോലന്മാരും മരണത്തെ ധൈര്യപൂര്‍വ്വം നേരിട്ടവരാണ്. മരണമെന്ന യാഥാര്‍ത്ഥ്യത്തെ പ്രത്യേകമായി സ്വീകരിച്ചവനാണ് രണ്ടാം ക്രിസ്തു എന്നറിയപ്പെട്ട ഫ്രാന്‍സിസ്സ് അസ്സീസി.
പ്രിയപ്പെട്ട ഒരാളുടെ വേര്‍പാട്കൊണ്ട് നമ്മുടെ ജീവിതം വെല്ലുവിളിക്കപ്പെടാം. കാലം തന്നെ നിശ്ചലമാകുന്നതുപോലെ തോന്നാം. അകാലത്തിലുള്ള ഒരു വ്യക്തിയുടെ മരണം നിരവധി ചോദ്യങ്ങള്‍ നമ്മിലുയര്‍ത്തും. പ്രിയപ്പെട്ടവര്‍ മരിച്ചു കഴിയുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ ഭൂതകാലത്തില്‍ ജീവിച്ചു തുടങ്ങും. മരണത്തിന്‍റെ ശക്തി എത്രയായാലും "സ്നേഹത്തെപ്പോലെ ശക്ത മാണ്" (ഉത്തമഗീതം 8/6). മഗ്ദലനായിലെ മറിയം ഉത്ഥിതനെ സ്പര്‍ശിക്കു വാന്‍ ശ്രമിച്ചപ്പോള്‍ തന്നെ തടഞ്ഞു നിറുത്തരുതെന്ന് യേശു അവളോടു പറഞ്ഞു (യോഹ. 20/17). വേറൊരുതരം നേര്‍ക്കാഴ്ച യിലേക്ക് യേശു അവളെ നയിച്ചു.
പൗരസ്ത്യസഭാപിതാവായ വിശുദ്ധ അപ്രേം മനുഷ്യന്‍റെ വിവിധങ്ങളായ മരണ ജനനങ്ങളെ ക്കുറിച്ച് ധ്യാനപൂര്‍വ്വം പഠിപ്പിക്കുന്നുണ്ട്. ദൈവത്തിന്‍റെ ഹൃദയത്തിലാണ് ഒരു മനുഷ്യന്‍ ആദ്യം ജനിക്കുന്നത്. രണ്ടാം ഘട്ടം അമ്മയുടെ ഉദരത്തിലാണ് നടക്കുന്നത്! അതില്‍ നിന്നും വേര്‍പെട്ട് ലോകത്തിന്‍റെ മടിത്തട്ടിലേക്ക് പ്രവേശിക്കുന്നു. ലോകത്തില്‍നിന്നും യാത്രപറഞ്ഞ് സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുന്നു. യാത്രകള്‍ക്കിടയില്‍ നാം വായിക്കുന്ന ഒരു ബോര്‍ഡ് ഉണ്ട് ഒരു പഞ്ചായത്തിനോട് യാത്ര പറഞ്ഞ് അടുത്ത പഞ്ചായത്തിലേക്കു സ്വാഗതം ചെയ്യപ്പെടുന്നു. ഇപ്രകാരമാണ് മരണവും നിത്യതയും. നശ്വരമായ ഈ ലോകത്തിന് മരിച്ച് നിത്യതയിലേക്കുള്ള കവാടമായി മരണത്തെ കാണണം. കലുഷിതമായ ലോകത്തില്‍ നിന്നും ശാന്തമായ നിത്യതയി ലേക്കുള്ള ഒരു കടന്നുപോകല്‍. ഇപ്രകാരം വ്യക്തമായി മരണത്തെ കണ്ടവനായിരുന്നു ഫ്രാന്‍സിസ് അസ്സീസി. 'മരിക്കുമ്പോഴാണ് ഞങ്ങള്‍ ജനിക്കുന്നത്' എന്ന് അദ്ദേഹം ആനന്ദത്തോടെ ഉല്‍ഘോഷിച്ചു.
മരണമടഞ്ഞവര്‍ പൂര്‍ണ്ണമായി കടന്നുപോവു ന്നില്ല. സ്നേഹംകൊണ്ട് ദൈവം നമ്മെ സൃഷ്ടിച്ചു വെന്നും മരണത്തോടെ നമ്മുടെ ജീവിതം അവസാനിക്കാത്ത വിധത്തില്‍ നമ്മെ ആക്കിത്തീര്‍ത്തു വെന്നും ബൈബിള്‍ നമ്മോടു പറയുന്നു.
"മരിച്ച് ക്രിസ്തുവിനോടുകൂടി ആയിരിക്കുവാനാണ് എന്‍റെ ആഗ്രഹം" (ഫിലിപ്പിയര്‍ 1/23). മരണശേഷം തന്നെ സ്നേഹിക്കുന്നവര്‍ക്കായി ദൈവം സജ്ജീകരിച്ചിരിക്കുന്നവ (5 കൊറി. 2/9) അവിടെ ക്രിസ്തുവിനോടൊത്തു നമ്മെ കാത്തിരിക്കുന്നു. കര്‍ത്താവില്‍ വിശ്വസിക്കുന്നവരുടെ ജീവിതം അവസാനിക്കുന്നില്ല. മാറ്റം വന്നിട്ടേയുള്ളൂ. നാം മരണത്തെ അംഗീകരിക്കുന്നുവെങ്കില്‍ നമ്മെത്തന്നെ അതിനായി ഒരുക്കുവാന്‍ കഴിയും. 'ഇനിമേല്‍ മരണമോ, ദുഃഖമോ നിലവിളിയോ ഉണ്ടായിരിക്കില്ല' (വെളിപാട് 21/4).
ഒരു മതിലിന്‍റെ മുകളിലൂടെ മറുവശത്തേയ്ക്ക് നോക്കിയിട്ട് അലറിക്കരഞ്ഞ് തിരിച്ചോടുന്നവരുണ്ട്. മതിലിനപ്പുറത്ത് ഭയപ്പെടുത്തുന്ന കാഴ്ചകണ്ട് പിന്തിരിയുന്നവരായിരിക്കുമെന്ന് നാം ഉറപ്പിക്കുന്നു. മറ്റുചിലര്‍ മതിലിനപ്പുറത്തേക്ക് നോക്കിയിട്ട് ചിരിച്ചുകൊണ്ട് അപ്പുറത്തേക്ക് എടുത്തുചാടുന്നു. എന്തോ സുന്ദരമായ ഒരു കാഴ്ച കണ്ടതുപോലെ നമുക്ക് തോന്നും. കുരിശില്‍ കിടന്നുകൊണ്ട് അപ്പുറത്തുള്ള പറുദീസാ സ്വപ്നം കണ്ടവനാണ് യേശു. സമാധാനത്തോടെ ആ പറുദീസായിലേക്ക് അവന്‍ പറന്നിറങ്ങി. കൂടെകിടന്ന കള്ളന്മാരെയും അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി. നാഥുറാം ഗോഡ്സെയുടെ വെടിയുണ്ട നെഞ്ചില്‍ ഏറ്റു മേടിച്ച മഹാത്മാഗാന്ധി 'ഹെ റാം' എന്നു പറഞ്ഞു മരിച്ചപ്പോഴും മരണഭയമില്ലാത്ത ജീവിതത്തെയാണ് കാഴ്ചവച്ചത്. വിശ്വപ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങളെയും 'സഹോദരാ സഹോദരി' എന്നു വിളിച്ച ഫ്രാന്‍സിസ് അസ്സീസി അവസാനം മരണത്തെയും 'സോദരി മരണമെ സ്വാഗതം, സ്വാഗതം' എന്നു പറഞ്ഞു ജീവന്‍ വെടിഞ്ഞു. ഈ ചെറിയ ലോകത്തിലെ ജീവിതത്തിനുശേഷം നിത്യതയിലുള്ള ഒരു നീണ്ട ജീവിതമുണ്ടെന്ന് ഫ്രാന്‍സിസ്സ് മനസ്സിലാക്കി.
മനുഷ്യര്‍ രണ്ടുവിധത്തിലുണ്ട്. ഭീരുക്കളും, ധൈര്യമുള്ളവരും. ഭീരുക്കള്‍ ജീവിതയാത്രക്കിടയില്‍ പല പ്രാവശ്യം മരിക്കും. രോഗത്തില്‍ പ്രകൃതി ദുരന്തത്തില്‍, സാമ്പത്തിക തകര്‍ച്ചകളിലെല്ലാം അവര്‍ തകര്‍ന്നു പോകും. മരിച്ചവരെപ്പോലെ നിശ്ചലരായിത്തീരും. എന്നാല്‍ ധീരന്മാര്‍ ഒരിക്കല്‍ മാത്രമേ മരിക്കൂ. മരണത്തിന്‍റെ നിമിഷത്തില്‍ ധൈര്യമുള്ളവരാകണമെങ്കില്‍ സ്വയം മരിച്ചു ജീവിക്കുവാന്‍ പഠിക്കണം. ക്രിസ്തുവിന്‍റെ ശബ്ദത്തിന് ഫ്രാന്‍സീസ് കാതുകൊടുത്ത നിമിഷം മുതല്‍ അദ്ദേഹം സ്വയം മരിച്ചു തുടങ്ങി. കുഷ്ഠരോഗിയുടെ ചീഞ്ഞളിഞ്ഞ മുറിവുകളില്‍ ചുംബിച്ചപ്പോള്‍ സ്വന്തം സ്വാര്‍ത്ഥതകള്‍ക്ക് അദ്ദേഹം മരിച്ചു. മെത്രാന്‍റെ അരമനയില്‍ വച്ച് ഉടുതുണി ഉരിഞ്ഞെറിഞ്ഞ് സ്വര്‍ഗ്ഗസ്ഥനായ പിതാവില്‍ പൂര്‍ണ്ണമായി ആശ്രയിച്ചപ്പോള്‍ രക്തബന്ധങ്ങളുടെ ലോകത്തില്‍ അദ്ദേഹം മരിക്കുകയായിരുന്നു. ഭിക്ഷക്കാര്‍ക്കൊപ്പമിരുന്ന് ഭിക്ഷയാചിച്ചപ്പോള്‍ സ്വന്തം അഹന്തയ്ക്ക് മരണം വിധിക്കുകയായിരുന്നു. മരണഭയമില്ലാത്തവര്‍ക്കേ ജീവിതത്തിലെന്തെങ്കിലും ചെയ്യുവാന്‍ കഴിയൂ. മരണത്തിന്‍റെ ഇരുളടഞ്ഞ താഴ്വരയില്‍ക്കൂടി സഞ്ചരിക്കുമ്പോഴും ബലമുള്ളവരാകുവാന്‍ മരണത്തെ നിര്‍ഭയം നേരിടാന്‍ കഴിയുന്നവരാ കണം. രോഗങ്ങളുടെയും പ്രതികൂല സാഹചര്യങ്ങ ളുടെയും മുമ്പില്‍ ഫ്രാന്‍സിസ് തളര്‍ന്നില്ല. തകര്‍ച്ച കള്‍ക്കിടയില്‍ നിന്നും അദ്ദേഹം തളിര്‍ത്തുവന്നു. തളരുന്നവരാകാതെ തളിര്‍ക്കുന്നവരാകുവാന്‍ നമുക്കു സാധിക്കട്ടെ. "മരിക്കുമ്പോഴാണ് ഞങ്ങള്‍ നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്" എന്ന് വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയോടു ചേര്‍ന്ന് നമുക്കും ഏറ്റു പറയാം.