പ്രഭാതത്തെ സ്വാഗതം ചെയ്യാന്‍
ശരീരമൊന്നു ചൊറിയാന്‍
പ്രിയപ്പെട്ടവരെയൊന്നാലിംഗനം ചെയ്യാന്‍
കൈകളില്ലെങ്കില്‍... ഈ അവസ്ഥ ചിന്തിക്കാനാവുമോ?
നടക്കാന്‍, ഓടാന്‍
സൈക്കിള്‍ ചവിട്ടാന്‍
ഒന്നു നിവര്‍ന്നു നില്‍ക്കാന്‍
കാലുകളില്ലെങ്കില്‍... അതൊന്നും ഓര്‍ക്കാന്‍പോലും പറ്റില്ലല്ലേ?
നിങ്ങളുടെ ജീവിതത്തില്‍ ഇങ്ങനെയൊരു അവസ്ഥ ഉണ്ടായാല്‍ എന്തുചെയ്യുമെന്ന് ഒന്നു സങ്കല്പിക്കാമോ? ആ അവസ്ഥയില്‍ നിങ്ങള്‍ക്ക് ജീവിതത്തെ എങ്ങനെ അഭിമുഖീകരിക്കാനാവും?
1982-ല്‍ ആസ്ത്രേലിയായിലെ മെല്‍ബണില്‍ പിറന്നുവീണ നിക്ക് വോയെചിച്ചിന്(Nick Vujicic)കൈകളും കാലുകളും ഇല്ലായിരുന്നു. തങ്ങളുടെ ആദ്യത്തെ കണ്‍മണി ഒരു അസ്വാഭാവിക ശിശുവായിരിക്കുമെന്ന് ദുഷ്ക വോയെചിച്ചും പാസ്റ്റര്‍ വോയെചിച്ചും ഒരിക്കലും നിനച്ചിരുന്നില്ല. നിക്കിന്‍റെ അമ്മയ്ക്ക് ആ കുട്ടി തന്‍റെ ഗര്‍ഭത്തില്‍ കിടന്ന അവസ്ഥയില്‍ അസ്വാഭാവികമായി യാതൊന്നും അനുഭവപ്പെട്ടില്ല. എല്ലാം തികച്ചും സാധാരണം. മുന്‍തലമുറക്കാര്‍ക്ക് അംഗവൈകല്യങ്ങളില്ലാതിരുന്നതിനാല്‍ പാരമ്പര്യമായ വൈകല്യങ്ങളെ ഭയക്കേണ്ട കാര്യവും ഇല്ലായിരുന്നു. കുട്ടിയുടെ വൈകല്യാവസ്ഥയെക്കുറിച്ച് വൈദ്യശാസ്ത്രവും മുന്നറിയിപ്പു നല്കിയില്ല.
ഡാഡിക്കും മമ്മിക്കും തന്‍റെയീ അവസ്ഥ ഉണ്ടാക്കിയ മാനസ്സീക ബുദ്ധിമുട്ടുകളെക്കുറിച്ച് വളരെ ഹൃദയസ്പര്‍ശിയായ രീതിയില്‍ നിക്ക് പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്:
"മമ്മിയുടെ അടുത്ത് എന്നെ കൊണ്ടുവന്നു കിടത്തി. എന്നെ കാണാനുള്ള ആവേശത്തോടെ ഡാഡി മുറിയിലെത്തി. മമ്മിയോടു ചേര്‍ന്നു കിടക്കുന്ന എന്നെ സൂക്ഷിച്ചുനോക്കി. അദ്ദേഹം ആദ്യം കണ്ടത് എന്‍റെ ഒരം ആണ്. ഡാഡിക്കു തന്‍റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല; കാരണം എനിക്കു വലതു കരം ഇല്ല. പാവം ഡാഡി... കുഞ്ഞിന് വലതുകരമില്ലെന്ന് മമ്മി കാണാതിരുന്നെങ്കില്‍ എന്ന് അദ്ദേഹം ആശിച്ചു. ഡാഡി മുറിക്കു പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ വന്നു.
'ഡോക്ടര്‍, ഞങ്ങളുടെ കുഞ്ഞിന് വലതുകരം ഇല്ല.' ഡാഡി പറഞ്ഞു.
'ഇല്ല, വലതുകരം മാത്രമല്ല, അവനു രണ്ടു കൈയും രണ്ടു കാലും ഇല്ല.' ഡോക്ടര്‍ വളരെ ശാന്തനായി പറഞ്ഞു.
ഒന്നും വിശ്വസിക്കാനാവാതെ ഡാഡി തറയിലേക്കു കുഴഞ്ഞുവീണു.
എന്‍റെ ഡാഡി ഒരു പാസ്റ്ററായിരുന്നു. എന്തിനാണ് തങ്ങളുടെ പാസ്റ്റര്‍ക്ക് ദൈവം ഇങ്ങനെയൊരു കുഞ്ഞിനെ നല്കിയതെന്ന് സഭയിലെ അംഗങ്ങള്‍ സങ്കടപ്പെട്ടു.
ആദ്യമൊക്കെ എന്നെ മുലയൂട്ടുന്നതില്‍ മമ്മി ഒട്ടും താല്‍പര്യം കാണിച്ചില്ല. ആദ്യമാസങ്ങളില്‍ എന്നെയൊന്ന് എടുക്കാന്‍പോലും മമ്മിക്ക് അറിയില്ലായിരുന്നു; കൈയും കാലും ഇല്ലാത്ത കുഞ്ഞല്ലേ, എങ്ങനെ എടുക്കാനാണ്!
പിന്നെപ്പിന്നെ എന്‍റെ ഡാഡിയും മമ്മിയും ദൈവത്തിലേക്കു തിരിഞ്ഞു. ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ല എന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു."
തങ്ങളുടെ കുഞ്ഞിന്‍റെ അംഗവൈകല്യത്തെക്കുറിച്ചുള്ള സങ്കടവും നിരാശയും ഭയവുമെല്ലാം അവര്‍ ദൈവതിരുമുമ്പില്‍ അര്‍പ്പിച്ചു. അവന്‍റെ ഭാവിയെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ടാകുമെന്ന് അവര്‍ വിശ്വസിച്ചു.
എങ്കിലും, തങ്ങളുടെ കുഞ്ഞ് എങ്ങനെ സ്കൂളില്‍ പോകും, അവനു കൂട്ടുകാരുണ്ടാകുമോ, കല്യാണം കഴിക്കാന്‍ സാധിക്കുമോ, അവന്‍റെ ജീവിതമെങ്ങനെയായിരിക്കുമെന്നൊക്കെ അവര്‍ ആകുലപ്പെടാതിരുന്നുമില്ല. അംഗവിഹീനനായ ഈ മിടുക്കന്‍ ഭാവിയില്‍ അനേകരുടെ ജീവിതങ്ങളെ സ്പര്‍ശിക്കുമെന്ന്, അവര്‍ക്ക് ആത്മവിശ്വാസം പകരുമെന്ന് ആ മാതാപിതാക്കള്‍ അന്നറിഞ്ഞിരുന്നില്ലല്ലോ.
നിക്ക് വളര്‍ന്നു തുടങ്ങിയപ്പോള്‍ അവന് മാനസികവും ശാരീരികവുമായ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. വിഷാദവും ഏകാന്തതയും അവനെ കീഴടക്കി തുടങ്ങി. ഞാന്‍ മാത്രമെന്തേ ഇങ്ങനെയിരിക്കുന്നത്, എന്തുകൊണ്ടാണ് താന്‍ മറ്റു കുട്ടികളെപ്പോലെ ഓടിച്ചാടി നടക്കാവുന്ന ഒരു കുട്ടി ആകാതിരുന്നത് - ഇങ്ങനെ പലവിധ ചിന്തകള്‍ നിക്കിനെ ശല്യപ്പെടുത്തി. തന്നെ ഇങ്ങനെ സൃഷ്ടിച്ചതില്‍ ദൈവത്തിന് എന്തെങ്കിലും ലക്ഷ്യമുണ്ടോ, അതോ ഒരു ലക്ഷ്യവുമില്ലാതെയാണോ തന്നെ സൃഷ്ടിച്ചത് എന്ന് അവന്‍ ആകുലപ്പെട്ടു. നിക്ക് ദൈവത്തോടു പറഞ്ഞു: "എന്തിനാണ് അങ്ങ് എന്‍റെ കൈകളും കാലുകളും എടുത്തത്? മറ്റുള്ളവരില്‍നിന്നും ഇത്രയേറേ വ്യത്യസ്തനായിട്ട് എന്തിനാണ് എന്നെ ഇങ്ങനെ സൃഷ്ടിച്ചത്? അങ്ങിതിന് ഉത്തരം പറഞ്ഞേ മതിയാവൂ. ദൈവമേ, അങ്ങ് ഇതിനൊരു മറുപടി പറയാതെ ഞാനിനി അങ്ങയെ സ്നേഹിക്കില്ല, അങ്ങിതൊരു വെല്ലുവിളിയായി ഏറ്റെടുത്തുകൊള്ളൂ."
"ദൈവം എന്‍റെ വേദന അവസാനിപ്പിച്ചുതരാന്‍ തയ്യാറാകുന്നില്ലെങ്കില്‍, ഞാന്‍ സ്വയം എന്‍റെ വേദന അവസാനിപ്പിച്ചുകൊള്ളാം. ബാത്ത്ഡബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ എട്ടാമത്തെ വയസ്സില്‍ ഞാന്‍ തീരുമാനിച്ചു. അതിലുള്ളതാകട്ടെ നാലിഞ്ച് ആഴത്തില്‍ മാത്രമുള്ള വെള്ളവും. എനിക്ക് ബാത്ത്ഡബ്ബില്‍ കിടക്കണം, എന്നെ അതിനൊന്നു സഹായിക്കാമോയെന്ന് ഞാന്‍ ഡാഡിയോടും മമ്മിയോടും ചോദിച്ചു. ഞാന്‍ പലവട്ടം മുങ്ങിമരിക്കാന്‍ ശ്രമിച്ചിട്ടും എല്ലാം പരാജയപ്പെട്ടു. എനിക്ക് ജീവിതം അവസാനിപ്പിക്കാന്‍ സാധിച്ചില്ല; എന്‍റെ ഡാഡിയുടെയും മമ്മിയുടെയും വാത്സല്യത്തെക്കുറിച്ച്, എനിക്ക് അവരോടുള്ള സ്നേഹത്തെക്കുറിച്ച് ഓര്‍മ്മിച്ചപ്പോള്‍. ഞാന്‍ എന്‍റെ ശവസംസ്കാരരംഗം ഭാവനയില്‍ കണ്ടു. എല്ലാവരും അവരെ കുറ്റപ്പെടുത്തുന്നു. പക്ഷേ, ഒരു കുറ്റവും അവരുടേതല്ലല്ലോ. അവര്‍ക്ക് കൂടുതലായി ഒന്നും ചെയ്യാനില്ലായെന്നതല്ലേ വാസ്തവം. അതോടെ ഞാനെന്‍റെ ആത്മഹത്യാശ്രമം ഉപേക്ഷിച്ചു." കേവലം എട്ടാമത്തെ വയസ്സില്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ച നിക്ക് വര്‍ഷങ്ങള്‍ക്കുശേഷം പറഞ്ഞു: "വെല്ലുവിളികള്‍ നമ്മുടെ ജീവിതത്തെ, നമ്മുടെ ബോധ്യങ്ങളെ ശക്തിപ്പെടുത്താനുള്ളതാണ്. അല്ലാതെ നമ്മളെ കീഴ്പ്പെടുത്തുവാനുള്ളവയല്ല." (The challenges in our lives are there to strenghten our convictions. They are not there to run us over.) ആത്മഹത്യാശ്രമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതോടെ നിക്ക് ജീവിതത്തില്‍ അഭിമുഖീകരിച്ച എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നോ, അദ്ദേഹത്തിന്‍റെ വേദനകള്‍ മാറിയെന്നോ കണക്കാക്കേണ്ടതില്ല.
അംഗവൈകല്യം ബാധിച്ച ഒരു മനുഷ്യന്‍റെ കഥ ഒരു ദിവസം നിക്കിനെ മമ്മി വായിച്ചു കേള്‍പ്പിച്ചു. ആ മനുഷ്യന്‍റെ ജീവിതകഥ നിക്കിനെ സ്വാധീനിച്ചു. അവന്‍ പറഞ്ഞു: "എന്‍റെ മുമ്പില്‍ രണ്ടു വഴികളുണ്ട്. എന്‍റെ ഇല്ലായ്മയെ ഓര്‍ത്ത് ദൈവത്തെ അതികഠിനമായി വെറുക്കുക, അല്ലെങ്കില്‍ താനായിരിക്കുന്ന അവസ്ഥയില്‍ ദൈവത്തോടു നന്ദിയുള്ളവനായിരിക്കുക." അന്നത്തെ ഈ ചിന്തയുടെ പ്രതിഫലനമായിട്ടായിരിക്കാം പിന്നീട് നിക്ക് ഇങ്ങനെ പറഞ്ഞത്: "ജീവിതത്തില്‍ നിങ്ങള്‍ക്ക് രണ്ട് തിരഞ്ഞെടുപ്പുകള്‍ ഉണ്ട്: കയ്പേറിയതോ മെച്ചപ്പെട്ടതോ? മെച്ചപ്പെട്ടത് തിരഞ്ഞെടുക്കൂ, കയ്പേറിയതിനെ മറക്കൂ." (In life you have a choice: Bitter or Better? Choose better, forget bitter.)
"ദൈവം നിന്നെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു. എപ്പോഴെന്നോ, എങ്ങനെയെന്നോ എനിക്കറിയില്ല. പക്ഷേ, ഒന്നറിയാം ദൈവം നിന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു." മമ്മി പറഞ്ഞു.
ആ വാക്കുകള്‍ എന്‍റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി. എനിക്കൊരു സത്യം മനസ്സിലായി. ആന്തരികമായി തകര്‍ന്നിരിക്കുന്ന ഒരുവനെ പുറത്തുനിന്നുള്ള ഒന്നിന് സൗഖ്യപ്പെടുത്താനാവില്ല. നിങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍തന്നെ നിങ്ങള്‍ക്കു സൗഖ്യം പകരാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ." ജീവിതത്തില്‍ നിസ്സഹായതയുടെ ചൂടും ചൂരുമറിഞ്ഞ്, ദൗര്‍ബല്യത്തില്‍ നിന്ന് കരുത്തിലേയ്ക്ക് വളര്‍ന്ന നിക്ക് പറയുന്നു: "കൈകളും കാലുകളുമില്ലാത്ത ഒരാളെ ദൈവത്തിന് തന്‍റെ കൈകളും കാലുകളുമായി ഉപയോഗിക്കാമെങ്കില്‍, നിശ്ചയമായും സ്വയം സമര്‍പ്പിക്കാന്‍ ഒരുക്കമുള്ള ഒരാളെ ദൈവം നിശ്ചയമായും ഉപയോഗിക്കും."
"നിങ്ങള്‍ക്ക് ആവശ്യത്തിന് കഴിവില്ല. കടന്നു പോകുക. നിങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്തുതരാന്‍ ഞങ്ങള്‍ക്കു താത്പര്യമില്ല" എന്ന് മറ്റുള്ളവര്‍ നമ്മോട് പലതവണ പറയുമ്പോള്‍, അതു കേട്ടുനില്‍ക്കാന്‍ നമുക്ക് വലിയ വിഷമം തോന്നും. ജീവിതത്തിന്‍റെ അര്‍ത്ഥമെന്താണെന്ന് പലപ്പോഴും നിങ്ങള്‍ക്ക് അറിയില്ല. നിങ്ങള്‍ സ്വതന്ത്രരല്ല, കാരണം പല നുണകളും ശരിയാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. കൈകളും കാലുകളും ഇല്ലാത്ത വെറുമൊരു മനുഷ്യന്‍ മാത്രമല്ല ഞാനെന്ന് സ്വയം തിരിച്ചറിഞ്ഞതുപോലെ, നിങ്ങള്‍ ആരാണെന്ന് ഒരിക്കല്‍ നിങ്ങളും തിരിച്ചറിയും. ഞാന്‍ ദൈവത്തിന്‍റെ കുഞ്ഞാണ്. ദൈവം നിങ്ങള്‍ക്കായി ഒരു അത്ഭുതം പ്രവര്‍ത്തിച്ചില്ലെങ്കിലും, നിങ്ങള്‍ ദൈവത്തിന്‍റെ അത്ഭുതമാണ്, ആരുടെയൊക്കെയോ മോചനത്തിനുവേണ്ടി.
"എട്ടാമത്തെ വയസ്സില്‍ ഞാന്‍ ദൈവത്തോടു യാചിച്ചു, എനിക്കു കൈകളും കാലുകളും തരണേയെന്ന്. പക്ഷേ ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടില്ല. അന്ന് ദൈവം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കാത്തതില്‍ ഇന്നു ഞാന്‍ അവിടുത്തോട് നന്ദിയുള്ളവനാണ്."
ഏഴാമത്തെ വയസ്സില്‍ സ്കൂളിലെത്തിയപ്പോള്‍ മറ്റു കുട്ടികള്‍ സ്വതന്ത്രമായി സ്വന്തം കാര്യങ്ങള്‍ നോക്കി ഓടിച്ചാടി നടക്കുന്നതു കണ്ടപ്പോള്‍ നിക്കിന് നിരാശ തോന്നിയിരുന്നു. സ്കൂളില്‍ ഒറ്റപ്പെട്ടവനെപ്പോലെയായി അവന്‍. മറ്റു കുട്ടികളെപ്പോലെ പ്രവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയോടെ, നിക്കിന് പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക് കൈകളും കാലുകളും വെച്ചുപിടിപ്പിച്ചു. പക്ഷേ ആ കൃത്രിമോപാധികള്‍ തനിക്ക് കൂടുതല്‍ അസൗകര്യമാണ് നല്കുന്നതെന്ന് നിക്ക് തിരിച്ചറിഞ്ഞു.
കാലം മുന്നോട്ടുപോകുന്തോറും നിക്ക് തന്‍റെ പരിമിതികളുമായി കൂടുതല്‍ ഇണങ്ങിച്ചേര്‍ന്നു. സ്വന്തമായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തുടങ്ങി. മറ്റ് ആള്‍ക്കാര്‍ ചെയ്യുന്നതുപോലെ പല്ലു തേയ്ക്കാനും മുടി ചീകാനും ടൈപ്പു ചെയ്യാനും നീന്താനും കളികളില്‍ ഏര്‍പ്പെടാനുമൊക്കെ നിക്ക് പരിശീലിച്ചു. ഏഴാം ക്ലാസില്‍ പഠിക്കുന്ന അവസരത്തില്‍ സ്കൂള്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
ജീവിതപ്രശ്നങ്ങളെ അതിജീവിച്ചു മുന്നേറിയതിന,് തന്‍റെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പിന്നെ പല സന്ദര്‍ഭങ്ങളിലായി കണ്ടുമുട്ടിയ ചില ആള്‍ക്കാരോടുമൊക്കെ താന്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് നിക്ക് പറയുന്നു.
നിക്ക് സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അക്കൗണ്ടിംഗ് ആന്‍റ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റില്‍ ഇരട്ടബിരുദം നേടി. പത്തൊന്‍പതാമത്തെ വയസ്സുമുതല്‍ നിക്ക് നല്ല ഒരു പ്രസംഗകനായി അറിയപ്പെട്ടു തുടങ്ങി. മറ്റുള്ളവര്‍ക്കു ധൈര്യം പകര്‍ന്നു നല്കുക എന്നത് അദ്ദേഹത്തിന്‍റെ ഒരു സ്വപ്നമായിരുന്നു. അതിനുവേണ്ടി തന്‍റെ ജീവിതകഥ അവരുമായി പങ്കുവച്ചു.
2005-ല്‍ ആസ്ത്രേലിയായിലെ പരമോന്നത ബഹുമതിയായ 'Young Australian of the Year’ നിക്കിന് ലഭിച്ചു. പ്രാദേശിക സമൂഹത്തിനും രാഷ്ട്രത്തിനും നല്കുന്ന പ്രത്യേക സേവനവും മികച്ച വ്യക്തിത്വവും കണക്കിലെടുത്താണ് ഈ അവാര്‍ഡ് നല്കുന്നത്. വളരെ ആക്ടീവായ വ്യക്തിത്വത്തിന്‍റെ ഉടമകള്‍ക്കാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. കേവലം 30 വയസ്സിനുള്ളില്‍, അതിനിരട്ടി കാലംകൊണ്ടു ചെയ്തു തീര്‍ക്കാവുന്നത്ര സാമൂഹികപ്രവര്‍ത്തനങ്ങള്‍ നിക്ക് പൂര്‍ത്തിയാക്കി. പ്രസംഗങ്ങള്‍ക്കായി നിക്കിന് സ്വന്തമായി ഒരു ടീം(Attitude Is Attitude) ഉണ്ടായിരുന്നു. നിക്ക് ലോകം മുഴുവനും സഞ്ചരിച്ച്, തന്‍റെ ജീവിതാനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ചു. നിരവധി ടെലിവിഷന്‍ ചാനലുകള്‍ നിക്കുമായുള്ള അഭിമുഖം പ്രേക്ഷപണം ചെയ്തു. നിരവധി പ്രമുഖവ്യക്തികളുമായി (കെനിയന്‍ വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍) കൂടിക്കാഴ്ച നടത്തുന്നതിനും അദ്ദേഹത്തിനു സാധിച്ചു.
പലരും അത്ഭുതത്തോടെ അദ്ദേഹത്തോടു ചോദിച്ചിട്ടുണ്ട്, താങ്കള്‍ക്കെങ്ങനെ ചിരിക്കാനാകുന്നു? എന്ന്. താന്‍ ഭാവനയ്ക്കും സ്വപ്നത്തിനും നല്കിയ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം അവരോടു വിവരിച്ചു. "ഞാന്‍ പരാജയപ്പെട്ടാല്‍ വീണ്ടും വീണ്ടും പരിശ്രമിക്കും, അതു നേടിയെടുക്കുവോളം." തങ്ങളുടെ പരിമിതികള്‍ക്കപ്പുറം നേട്ടങ്ങള്‍ കൈവരിക്കാന്‍ സ്വപ്നങ്ങള്‍ സഹായിക്കുമെന്നു നിരീക്ഷിച്ചറിയാന്‍ നിക്ക് മറ്റുള്ളവരെ വെല്ലുവിളിച്ചു. അദ്ദേഹം പറയുന്നു, തടസ്സങ്ങളെ പരാജയങ്ങളായി കണക്കാക്കി തളരാതെ, അവയെ വളര്‍ച്ചയ്ക്കുള്ള അവസരങ്ങളായി കണക്കാക്കുക. നമ്മുടെ കഴിവു തെളിയിക്കുന്ന ഏറ്റവും ശക്തമായ ഘടകം നമ്മുടെ മനോഭാവങ്ങളാണ്. തന്‍റെ ജീവിതത്തില്‍ നിരവധി പ്രതിസന്ധികളുണ്ടായപ്പോള്‍, അവയെ പരാജയങ്ങളായി കാണാതെ ഓരോ അനുഭവങ്ങളായി കണ്ട് അവയെ നേരിട്ടുവെന്നാണ് നിക്ക് പറയുന്നത്. Kanae Miyahara യെ വിവാഹം കഴിച്ച നിക്ക് സന്തോഷകരമായ ഒരു ദാമ്പത്യജീവിതം നയിക്കുന്നു.
തന്‍റെ അംഗവിഹീനതയെ നിക്ക് ഇന്ന് എങ്ങനെ കാണുന്നു? അദ്ദേഹം അത് അംഗീകരിച്ചു, സ്വീകരിച്ചു. തന്‍റെ പോരായ്മകളെ അതിജീവിക്കാനായി ചെയ്യുന്ന പരിശ്രമങ്ങളെ പലപ്പോഴും ഒരു തമാശയായിട്ടാണ് അദ്ദേഹം കണ്ടത്. വെല്ലുവിളികളെ ഒരു പ്രത്യേക മനോഭാവത്തോടെ(humor sense)യാണ് നിക്ക് കാണുന്നത്. അത്തരം സാഹചര്യങ്ങളെ കാണാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും അങ്ങനെതന്നെ. തങ്ങളുടെ സ്വപ്നപൂര്‍ത്തിക്കായി പ്രവര്‍ത്തിച്ചു തുടങ്ങുക; വെല്ലുവിളികളെ നേരിടാന്‍ ശക്തരാകും. മറ്റുള്ളവരുമായി ഇടപെടാന്‍ നിക്കിന് പ്രത്യേകമായ ഒരു വശ്യശക്തി തന്നെയുണ്ടായിരുന്നു. തന്‍റെ സ്വതസ്സിദ്ധമായ തമാശയിലൂടെ നിക്ക് കുട്ടികളെയും കൗമാരക്കാരെയും യുവജനങ്ങളെയുമൊക്കെ നേടിയെടുത്തു. ഏറെ പ്രചോദനാത്മകവും ആകര്‍ഷണീയവുമായിരുന്നു നിക്കിന്‍റെ പ്രസംഗങ്ങള്‍. ലോകം ഏറെ താത്പര്യത്തോടെയാണ് നിക്കിന്‍റെ വാക്കുകള്‍ക്കു കാതുകൊടുക്കുന്നത്.