news-details
മറ്റുലേഖനങ്ങൾ

ജനാലയ്ക്കരികിലെ വികൃതിക്കുട്ടി

തെത്സുകോ കുറോയാനഗി എഴുതിയ പുസ്തകമാണ് "റ്റോറ്റോചാന്‍, ജനാലക്കരികിലെ വികൃതിക്കുട്ടി". ഏറെനാള്‍ ജാപ്പനീസിലും ഇംഗ്ലീഷിലും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞുകൊണ്ടിരുന്ന കൃതിയാണിത്. ഒരു പ്രാഥമിക വിദ്യാലയ ജീവിതത്തിന്‍റെ ഓര്‍മ്മകളാണ് ഉള്‍ക്കൊള്ളുന്നതെങ്കിലും, ഇതൊരു സങ്കല്പകഥയാണെന്നേ വായനക്കാര്‍ക്കു തോന്നൂ. അനുബന്ധമായി ചേര്‍ത്തിരിക്കുന്ന കഥാശേഷം കാണുമ്പോഴാണ് അറിയുക, 1963-ല്‍ മരിച്ച സൊസാകു കൊബായാഷി എന്ന അദ്ധ്യാപകന്‍ രൂപകല്‍പന ചെയ്ത, ഏറെ കുഞ്ഞുങ്ങള്‍ക്ക് ഗുരുകുലമായിത്തീര്‍ന്ന, റ്റൊമോ ഗാക്വെന്‍ എന്ന് പേരിട്ടിരുന്ന പ്രാഥമിക വിദ്യാലയത്തിന്‍റെയും അവിടെ വളര്‍ന്ന ഗ്രന്ഥകര്‍ത്രിയുടെയും യഥാര്‍ത്ഥ കഥയാണിതെന്ന്. അതു വായിച്ചശേഷം അവരുടെ ഏതാനും സഹപാഠികളെഴുതിയ പ്രതികരണങ്ങളും അവസാനം ചേര്‍ത്തിട്ടുണ്ട്. രണ്ടാംമഹായുദ്ധകാലത്ത്, അമേരിക്കയുടെ ബോംബുകള്‍ ഈ വിദ്യാലയം കത്തിയെരിച്ചുകളഞ്ഞു.

ഒരു കുഞ്ഞിനെയും അതിന്‍റെ സ്വാഭാവിക പ്രത്യേകതകള്‍ക്കെതിരായി ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കരുത് എന്നതായിരുന്നു കൊബായാഷിയുടെ സ്കൂളിലെ നിയമം. ഓരോ കുട്ടിക്കും ഇഷ്ടമുള്ളതെന്തോ അത് ചെയ്യാന്‍ സഹായിക്കുക, അതിലൂടെ അതിന്‍റെ കഴിവുകളെ വളര്‍ത്തുക എന്നതു മാത്രമായിരുന്നു അവിടുത്തെ 'വിദ്യാഭ്യാസം'. ഏറ്റം വികൃതിയായ കുട്ടിയോടും നോക്ക്, നേരായും നീയൊരു നല്ല കുഞ്ഞാണ് എന്നേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ. അത് കേട്ടവരെല്ലാം  നല്ല കുഞ്ഞുങ്ങളായിത്തീരുകയും ചെയ്തു. ഒരദ്ധ്യാപകനോ, അദ്ധ്യാപികയോ  നന്മയുള്ളവരായിരുന്നതുകൊണ്ട് മാത്രം രക്ഷപ്രാപിച്ച എത്രയോ പേരുണ്ട്.

ഈ കഥയെഴുതിയ തെത്സുകോ കുറോയാനഗി അവളുടെ ആദ്യത്തെ സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ട കുട്ടിയായിരുന്നു. കുസൃതി വളരെ കൂടുതല്‍ എന്നതായിരുന്നു കാരണം. എല്ലാം കാണുക, എല്ലാറ്റിനോടും പ്രതികരിക്കുക എന്നതായിരുന്നു അവളുടെ കുസൃതി. ഇത് ശിശുസഹജമായ ഓമനത്തമാണെന്ന് അറിയാനുള്ള ലാളിത്യം അദ്ധ്യാപക പരിശീലനം വഴി നഷ്ടപ്പെട്ട ഒരാളായിരുന്നു അവളുടെ ആദ്യാദ്ധ്യാപിക! നമ്മുടെ എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട പുസ്തകമാണ്, റ്റോറ്റോചാന്‍ (National Book Trust, India, 1996). മുതിര്‍ന്നവരുടെ ദുഃസ്വാധീനങ്ങളാണ് അന്നുമിന്നും കുഞ്ഞുങ്ങളെ കളങ്കപ്പെടുത്തുന്നത്. ഇന്നത്തെ നമ്മുടെ വിദ്യാബോധനത്തില്‍ നൈസ്സര്‍ഗികത അംഗീകരിക്കപ്പെടുന്നില്ല. പന്ത്രണ്ടും പതിനഞ്ചും നീണ്ട വര്‍ഷങ്ങള്‍ മുഴുവന്‍ ഒരു ജോലി കരസ്ഥമാക്കാനുള്ള വിദ്യകള്‍ അഭ്യസിക്കുക മാത്രമാണ് നമ്മുടെ കുട്ടികള്‍ ചെയ്യുന്നത്. നിസ്സര്‍ഗ്ഗസുന്ദരമായ പ്രകൃതിയെ കണ്ടുപഠിക്കുക എന്നതായിത്തീരണം ഒരു നല്ല സ്കൂളിന്‍റെ ലക്ഷ്യം എന്നത് കാത്തുസൂക്ഷിക്കാന്‍ അപ്പോള്‍ സാദ്ധ്യതയെവിടെ? അതിനു വഴികാണിക്കാന്‍ കഴിവുള്ള അധ്യാപകരെവിടെ?

അന്നത്തെപ്പോലെ ഇന്നും 'പരിഷ്കൃതരും പ്രബുദ്ധരും' വകവച്ചു കൊടുക്കില്ലാത്ത പലതും 1937-ല്‍ ആരംഭിച്ച തന്‍റെ സ്കൂളില്‍  കൊബായാഷി പരീക്ഷിച്ചുനോക്കി. അതിലൊന്നായിരുന്നു, അംഗവൈകല്യങ്ങള്‍ ഒളിപ്പിക്കേണ്ടതില്ലെന്നും, അതിന്‍റെ പേരില്‍ പെരുമാറ്റച്ചട്ടങ്ങളൊന്നും പാടില്ലെന്നും മാത്രമല്ല, ശരീരത്തെ പരസ്പരം മറച്ചുപിടിക്കേണ്ടതുമില്ലെന്നുള്ള അദ്ദേഹത്തിന്‍റെ നിര്‍ബന്ധം. സ്കൂള്‍ കുളത്തില്‍ കുഞ്ഞുങ്ങള്‍ നഗ്നരായി ഒന്നിച്ചു നീന്തിക്കുളിക്കുന്നതില്‍ ഒരപാകതയും ഉള്ളതായി കരുതിയിരുന്നില്ല. കൗമാരത്തിലെ അമിതജിജ്ഞാസകളെ മുളയിലേ നുള്ളിക്കളയാന്‍ ഇത്തരം  സഹജരീതികള്‍ ഉതകുമെന്ന് കണ്ടെത്തുകയും ചെയ്തു. പ്രകൃതിക്കിണങ്ങുന്നതൊന്നും തെറ്റല്ല എന്നതായിരുന്നു അവിടുത്തെ കാഴ്ചപ്പാട്. എന്തിലും ആണ്‍പെണ്‍ വേര്‍തിരിവ് അവിടെ അന്യമായിരുന്നു. ഇപ്പോഴും കേരളത്തിലും ഇന്ത്യയില്‍ പലേടത്തും നിലവിലുള്ള "boys' school, "girls school'  ഏര്‍പ്പാട് അങ്ങേയറ്റം പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് ഇനിയെന്നാണ് നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ മനസ്സിലാക്കുക? ഏതാനും വര്‍ഷങ്ങള്‍ അത്തരമൊരു ചുറ്റുപാടില്‍ ജീവിച്ച എനിക്ക് അതിന്‍റെ നീണ്ടു നില്‍ക്കുന്ന ദോഷവശങ്ങള്‍ നന്നായറിയാം. അത്തരം അനാശാസ്യങ്ങള്‍ വരുത്തിവയ്ക്കുന്ന മാനസികക്ഷതങ്ങളില്‍ നിന്നു കരകയറുക ഒട്ടുംതന്നെ എളുപ്പമല്ലതാനും. ഭൂരിഭാഗവും ജീവിതാന്ത്യംവരെ അവരുടെ മാനസിക വികലതകള്‍ക്കടിപ്പെട്ടുതന്നെ കഴിയേണ്ടി വരും.

റ്റോറ്റോചാനിന്‍റെ ജര്‍മ്മന്‍ ഷെപ്പെട് നായയെ സ്കൂളിലെ ഒരു കഥാപാത്രമാക്കിയതിലൂടെ, ജന്തുലോകത്തോട് മനുഷ്യനുണ്ടായിരിക്കേണ്ട കരുണനിറഞ്ഞ മനോഭാവം, ഈ ഗ്രന്ഥത്തില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നു. മൃഗങ്ങളെ ചതിക്കുന്നത് ക്രൂരമാണെന്ന് കുഞ്ഞുങ്ങള്‍ക്കറിയാം. മുതിര്‍ന്നവരാണ്, സ്വാര്‍ത്ഥലാഭത്തിനായി അങ്ങനെ ചെയ്യുന്നതും അതിലൂടെ പ്രകൃതിയെ തള്ളിപ്പറയാന്‍ കുഞ്ഞുങ്ങള്‍ക്ക് മാതൃകയാകുന്നതും. മൃഗങ്ങളെ ചതിക്കുന്നവര്‍ മനുഷ്യരെയും ചതിക്കും. പ്രാണികളില്‍ ചെറിയതിനോട് നിഷ്കരുണം ഇടപെടാന്‍ തുടങ്ങിയാണ് മുതിര്‍ന്നതിനോടും മുന്തിയതിനോടും അങ്ങനെ ചെയ്യാന്‍ ശീലമുണ്ടാകുന്നത്. നിത്യമെന്നോണം മത്സ്യമാംസാദികള്‍ കൂട്ടി ഉണ്ടാലേ തൃപ്തിവരൂ എന്ന് ശഠിക്കുന്നവര്‍ എവിടെയുമുണ്ട്. അവരുടെ മനസ്സാക്ഷിയെ സുഖിപ്പിക്കാനുതകുന്ന വാക്യങ്ങള്‍ മതഗ്രന്ഥങ്ങളില്‍ നിന്നുപോലും തപ്പിയെടുക്കാം. എന്നാല്‍ ഒന്നു നാം ഓര്‍ക്കണം, ജീവനോടുള്ള ബഹുമാനം സര്‍വ്വവ്യാപിയായില്ലെങ്കില്‍ അത് സത്യസന്ധമല്ല. തൊട്ടുമുകളില്‍ സൂചിപ്പിച്ച ആണ്‍പെണ്‍ വേര്‍തിരിക്കലിലെ യുക്തിരാഹിത്യംപോലെ വളരെ വ്യക്തമായ ഇക്കാര്യവും മൂടിവയ്ക്കാനാണ് ഭൂരിപക്ഷത്തിനും താത്പര്യം. ഇതൊക്കെ ചെയ്തു ശീലിച്ചവര്‍ അംഗീകരിക്കില്ലെങ്കിലും, ഇവയൊക്കെ പകല്‍പോലെ നഗ്നമായ, സമൂഹത്തെ താറുമാറാക്കുന്ന, അപാകതകളാണ്.

തെത്സുകോയുടെ അമ്മയാണ് ഈ കഥയില്‍ തിളങ്ങിനില്‍ക്കുന്ന രണ്ടാമത്തെ പാത്രം. ഇതുപോലെ ഒരമ്മയെ കിട്ടിയതില്‍ ഞാനെത്ര ഭാഗ്യവതിയാണ്! എന്നു പറയാന്‍ കഴിയുന്ന ഒരു കുട്ടിയും ജീവിതപ്രതിസന്ധികളില്‍ തോറ്റുപിന്മാറില്ല. ശൈശവസഹജമായ വികൃതികള്‍ തന്‍റെ കുഞ്ഞില്‍ ഒരു കുറവായി ഒരിക്കലും കാണുകയോ അങ്ങനെ അവളോട് പ്രതികരിക്കുകയോ ചെയ്തില്ല എന്നതാണ് ആ അമ്മയുടെ മഹത്വം.

ഏഴായിരത്തോളം ചിത്രങ്ങളുടെ രചയിതാവായ ചിഹിരോ ഇവാസാക്കിയുടെ കുട്ടിച്ചിത്രങ്ങള്‍ പുസ്തകത്തെ അഴകുള്ളതാക്കിയിരിക്കുന്നു. ഇവരുടെ പേരിലൊരു സചിത്ര പുസ്തകങ്ങളുടെ ഒരു പ്രദര്‍ശനശാല തന്നെയുണ്ട്, റ്റോക്കിയോവില്‍ ഷിമോഷക്യൂജിയില്‍. അതിസൂക്ഷ്മമായ ഭാവനയാണ് ഏതാനും മൃദുപോറലുകളിലൂടെ സൃഷ്ടിച്ച ഈ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്.

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts