മുന്‍മൊഴി
"പണ്ട് മാവ്ളി എന്നു വിളിക്കുന്ന ഒരു കിങ് കേരളായില്‍ റൂള്‍ ചെയ്തിരുന്നു. വമനാന്‍ എന്ന സ്ട്രേഞ്ചര്‍ വന്ന് ആ കിങ്നെ പാതാളത്തിലേയ്ക്ക് ഡൗണ്‍ ലോഡ് ചെയ്തു. എന്നിട്ടൊരു പാസ്വേഡും കൊടുത്തു. എല്ലാ ഈയറിലും ഓനത്തിന് മാവ്ളി ആ പാസ്വേഡ് ഉപയോഗിച്ച് പാതാളത്തില്‍ നിന്ന് കം ചെയ്യും... അതാണ് ഓനം"
(ചാനല്‍ അവതാരകരുടെ മലയാളത്തെക്കുറിച്ച് - ശ്രീ ജയരാജ് വാര്യര്‍)
ഒരുമിച്ചു പങ്കിട്ട ബാല്യകാലവും ഓര്‍മ്മയില്‍ ഒരുപോലെ മധുരിക്കുന്ന ഒരേ ഭൂതകാലവും ബന്ധങ്ങളുടെ സുസ്ഥിരതയ്ക്കും ഇഴയടുപ്പത്തിനും ആക്കം കൂട്ടുമല്ലോ. പഴയ ആ മാവേലി കഥയിലെ സത്യവും മിഥ്യയും ശരിയും തെറ്റും എത്രത്തോളമാണെന്നറിയില്ലെങ്കിലും ഒരേ ഓര്‍മ്മകളുടെ പങ്കിടലും പുനരുജ്ജീവനവും ബന്ധങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല.
ലോകത്തെവിടെയായിരുന്നാലും ഓണനാളുകള്‍ മലയാളികളായ നാമോരോരുത്തരുടെയും മനസ്സില്‍ ഒരേ പോലെയുണരുന്ന ഗൃഹാതുരത്വത്തിന്‍റെ കാരണവും മറ്റൊന്നല്ല. എന്നോ ഒരിക്കല്‍ നമ്മളെല്ലാവരുടെയും മുന്‍ഗാമികള്‍ നന്മയും സമൃദ്ധിയും നിറഞ്ഞ ഒരു കാലത്ത് ഒരുമിച്ച് ജീവിച്ചിരുന്നു, എന്ന ഓര്‍മ്മ നമ്മില്‍ ഒരുമയുണ്ടാക്കുന്നു. അത് നമ്മെ ഒരേ ഭൂതകാലത്തിന്‍റെ പങ്കുകാരും തന്മൂലം സോദരങ്ങളുമാക്കുന്നു. ഇന്ന് നിലവിലുള്ള അനേകമനേകം ഭേദചിന്തകള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായി അഭേദ്യമായ ഒരു ഐക്യം നമുക്കിടയില്‍ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണല്ലോ ഓണം നല്‍കുന്ന പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്ന്.
ആഴത്തിലുള്ള ഏത് പഠനവും മനനവും അത് ചരിത്രത്തിലായാലും തത്ത്വശാസ്ത്രത്തിലായാലും- ഭേദങ്ങള്‍കൂടി ഏകമാണെന്ന തിരിച്ചറിവിലേയ്ക്കായിരിക്കും. നമ്മെ നയിക്കുക. ഉദാഹരണത്തിന് ഓണത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നമുക്കു നല്‍കുന്ന വിവരങ്ങള്‍ നോക്കുക:
മരുതനാര്‍ രചിച്ച 'മധുരൈ കാഞ്ചി' എന്ന പുസ്തകത്തിലെ വിവരണങ്ങളനുസരിച്ച് തമിഴ്നാട്ടിലും ഇപ്പോള്‍ ആന്ധ്രയുടെ ഭാഗമായ തിരുപ്പതിയിലുമൊക്കെ ക്രിസ്തുവിനു മുന്‍പ് നാലാം ശതകത്തില്‍ ഓണത്തിനു സമാനമായ ആഘോഷങ്ങള്‍ നടന്നിരുന്നു. വാമനന്‍റെ ബഹുമാനാര്‍ത്ഥം ശ്രാവണ പൗര്‍ണ്ണമി നാളില്‍ ക്ഷേത്രങ്ങളില്‍ വച്ച് താലപ്പൊലിയും ചേരിപ്പോരും ആറാട്ടും സദ്യയുമൊക്കെയായിട്ടായിരുന്നു ഈ ആഘോഷം. കേരളത്തില്‍ ഇതൊരു സാമൂഹികാഘോഷമായി രൂപപ്പെട്ടു എന്നു മാത്രം. ഇങ്ങനെ നോക്കുമ്പോള്‍ ഭൂതകാലത്തിന്‍റെ വേരുകള്‍ പിന്നെയും പിന്നെയും കൂടുതല്‍ ജനസമൂഹങ്ങളെ ഒരേ ചരടില്‍ കോര്‍ത്തിണക്കുന്നതായി കാണാം.
വിരോധാഭാസമെന്നു തോന്നുന്ന മറ്റൊരു കാര്യം ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട മിത്തില്‍പ്പോലും ഇത്തരമൊരു ഐകരൂപ്യം കണ്ടെത്താന്‍ കഴിയുമെന്നതാണ്. ദേവന്മാരും അസുരന്മാരും തമ്മിലുള്ള ശത്രുതയാണല്ലോ കേട്ടു പഴകിയ ആ കഥയിലെ മൂലതന്തു. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ സഹോദരന്മാരായിരുന്നു.
ബ്രഹ്മാവിന്‍റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപരാജര്‍ഷിക്ക് ദിതി എന്ന ഭാര്യയിലുണ്ടായ പുത്രന്മാരാണ് ദൈത്യന്മാര്‍ അഥവാ അസുരന്മാര്‍. കശ്യപന് അദിതി എന്ന ഭാര്യയിലുണ്ടായ പുത്രന്മാരാണ് ദേവന്മാര്‍. പ്രായപൂര്‍ത്തിയെത്തിയ ദേവന്മാര്‍ ജ്യേഷ്ഠന്മാരായ അസുരന്മാരോട് കുറച്ചു ഭൂമി ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കിയില്ല. അതെച്ചൊല്ലിയുള്ള 12 ഭയങ്കരയുദ്ധങ്ങള്‍ 300 കൊല്ലം നീണ്ടുനിന്നുവെന്നാണ് കഠകസംഹിത പറയുന്നത്.
കശ്യപന്‍റെ മക്കളായ അസുരന്മാരില്‍ പ്രമുഖനായിരുന്നു ഹിരണ്യകശിപു. അദ്ദേഹത്തിന്‍റെ പുത്രന്‍ പ്രഹ്ലാദന്‍റെ പൗത്രന്‍ വിരേചനന്‍റെ മകനായിരുന്നു മഹാബലി. ശുക്രാചാര്യരുടെ സഹായത്തോടു കൂടി വിശ്വജിത്ത് യാഗം നടത്തിയും, ദേവന്മാര്‍ വിഷ്ണുവിനോട് പിണങ്ങി നടന്ന സമയത്ത് ദേവലോകം ആക്രമിച്ചുമൊക്കെ ബലി മൂലോകങ്ങളുടെയും ചക്രവര്‍ത്തിയായിത്തീര്‍ന്നു. ഇതില്‍ അസൂയപൂണ്ട് പരാതിയുമായിച്ചെന്ന ദേവകളുടെ പരാതിതീര്‍ക്കാന്‍ മഹാവിഷ്ണു വാമനനായി അവതരിച്ചുവെന്നും അവതാരലക്ഷ്യം സാധിച്ചുവെന്നുമാണല്ലോ ഐതീഹ്യം പറയുന്നത്.
ഇവിടെ നാം അനുസ്മരിക്കേണ്ട വസ്തുത മഹാബലിയും വാമനനെ അയച്ച ദേവേന്ദ്രനും സഹോദരന്മാരായിരുന്നുവെന്നതാണ്.
എല്ലാ ഭേദചിന്തകള്‍ക്കുമപ്പുറം അദ്വീതിയവും അവിഭാജ്യവുമായ ഐക്യം ഉണ്ടെന്ന് തിരിച്ചറിയാന്‍ ഓണം നമ്മെ സഹായിക്കട്ടെ. ഓണസദ്യയും ഓണപ്പൂക്കളവുമൊക്കെ വിരല്‍ചൂണ്ടുന്നതും വൈവിധ്യത്തിലെ ഐക്യം- നാനാത്വത്തിലെ ഏകത്വം- എന്ന ആശയമാണല്ലോ.
ഓണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ചിന്ത അത് ഒരു വിളവെടുപ്പുത്സവം മാത്രമല്ല വീണ്ടെടുപ്പുത്സവം കൂടിയാണ് എന്നതാണ്. വിശാലമായ അര്‍ത്ഥത്തില്‍ വിളവെടുപ്പും ഒരു വീണ്ടെടുപ്പാണല്ലോ. വീണ്ടെടുക്കുക എന്നു പറയുമ്പോള്‍- പണ്ടെപ്പോഴോ ഉണ്ടായിരുന്നതിനെ കണ്ടെത്തുക എന്ന അര്‍ത്ഥമാണല്ലോ ഉള്ളത്. എപ്പോഴെങ്കിലും ഉണ്ടായിരുന്നത് മാത്രമേ ഒരാള്‍ക്ക് വീണ്ടെടുക്കുവാനോ ഗൃഹാതുരതയോടെ ഓര്‍മ്മിക്കുവാനോ കഴിയുകയുള്ളൂ.
നമ്മുടെ പഴമയുടെ, ഗരിമയുടെ, തനിമയുടെ ഇതെല്ലാം ചേര്‍ന്ന ഒരു സംസ്കാരത്തിന്‍റെ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ജീവിതരീതിയുടെ, നന്മ മാത്രം വിളഞ്ഞുനിന്ന ഒരു കാലഘട്ടത്തിന്‍റെ ഒക്കെ വീണ്ടെടുപ്പാണ് ഓണം.
മഹാബലിക്ക് മടങ്ങിവരാന്‍ നന്മയുടെ ഒരു സാമ്രാജ്യം അദ്ദേഹം പിന്നിലുപേക്ഷിച്ചിരുന്നു. നമുക്കൊക്കെ ഓര്‍മ്മിക്കുവാനും ആഘോഷിക്കുവാനും ചില ഗരിമകള്‍ മുന്‍തലമുറകള്‍ ബാക്കിവച്ചിരുന്നു. (അതുകൊണ്ടാവാം ഓണത്തെക്കുറിച്ചോര്‍മ്മിക്കുമ്പോള്‍ പലപ്പോഴും ഈ വരികള്‍ മനസ്സിലേയ്ക്കോടിയെത്തുന്നത്:-
'ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ
ഒരു ചെമ്പകം പൂക്കും സുഗന്ധം)
നൂറ്റാണ്ടുകള്‍ക്കപ്പുറം ഈ മണ്ണില്‍ ജനിക്കാന്‍ പോകുന്ന ഒരു കുഞ്ഞിന് നമ്മുടെ തലമുറ എന്ത് ബാക്കി വയ്ക്കുന്നു എന്ന് വിചിന്തനം ചെയ്യേണ്ടതുണ്ട്. പാരിസ്ഥിതികമായ കടപ്പാട് അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. അതോടൊപ്പം നമ്മുടെ പാരമ്പര്യവും മൂല്യങ്ങളും സംസ്കാരവും പ്രത്യേകിച്ച് ഭാഷയും നാം സംരക്ഷിക്കേണ്ടതുണ്ട്.
യുവതലമുറയുടെ പ്രതിനിധികളായ ചാനലുകളിലെ അവതാരകരും എഫ്. എം. സ്റ്റേഷനുകളിലെ റേഡിയോ ജോക്കികളും ചവച്ചുതുപ്പുന്ന സങ്കരമലയാളത്തിന്‍റെ ഒരുദാഹരണമാണ് ഈ ലേഖനത്തിന്‍റെ മുന്‍മൊഴി. ഓണത്തോട്/ നമ്മുടെ സംസ്കാരത്തോട് അവര്‍ക്കുള്ള മനോഭാവവും അവരുടെ ഭാഷയും അതിന് വളരെ വ്യക്തമാണ്.
ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയുന്നത് അഭിമാനവും മലയാളം നന്നായി സംസാരിക്കുന്നത് അപമാനവും എന്നതാണ് ഇന്നത്തെ അവസ്ഥ. പദശുദ്ധിയോടെ മലയാളം സംസാരിക്കുവാനും പദസൂക്ഷ്മതയോടെ എഴുതുവാനും വരുംതലമുറയെ നാം ശീലിപ്പിക്കേണ്ടതുണ്ട്.
ഭാഷയോടൊപ്പം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് സംസ്കാരം. ഇതില്‍ കേരളീയവും ഭാരതീയവുമായ അംശങ്ങള്‍ ഉള്‍പ്പെടും. ശാസ്ത്ര സാങ്കേതിക വിദ്യയിലെ വികാസം നമ്മെ ആഗോളപൗരന്മാരാക്കിത്തീര്‍ക്കുമ്പോള്‍ എല്ലാ ദേശീയ/ പ്രാദേശിക സംസ്കാരങ്ങളും സാമാന്യവത്ക്കരിക്കപ്പെടുകയും ശരാശരിവത്ക്കരിക്കപ്പെടുകയും ചെയ്യുകയാണ്. അതിനിടയില്‍ തനിമ നഷ്ടപ്പെടാതിരിക്കണമെങ്കില്‍ മനഃപൂര്‍വ്വമുള്ള പരിശ്രമം കൂടിയേ തീരു.
ശാസ്ത്രത്തിലോ സാങ്കേതികവിദ്യയിലുള്ള അറിവോ വിശാലമായ ലോകവുമായുള്ള പരിചയമോ ഒന്നും സ്വന്തം സാംസ്കാരിക നന്മകള്‍ കളഞ്ഞുകുളിക്കുന്നതിനുള്ള കാരണങ്ങളല്ല. ലോകത്തിന്‍റെ നെറുകയില്‍ നിന്നുപോലും ഒരാള്‍ക്ക് തന്‍റെ നാടിനെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഊറ്റംകൊള്ളാന്‍ കഴിയും. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓസ്കാര്‍ സമ്മാനദാനച്ചടങ്ങില്‍ വെച്ച് ഈ വാക്കുകള്‍ പറയുമ്പോള്‍ ശ്രീ. റസൂല്‍ പൂക്കുട്ടി ചെയ്തത് അതുതന്നെയാണ്:
"I come from a country and civilization that gave the world the word that precedes silence and is followed by more silence. That word is ‘OM’ So I dedicate this award to my country. This is not a sound award, but a piece of history that is handed over to me.''
അവനവനെ വലിയൊരു പാരമ്പര്യത്തിന്‍റെ കണ്ണിയായും തനിക്കു ലഭിക്കുന്ന പുരസ്കാരങ്ങളെ ചരിത്രത്തിന്‍റെ ഭാഗമായും കാണാന്‍ ആഴമുള്ള സാംസ്കാരിക ബോധം ആവശ്യമാണ്. അത് പ്രതിഫലിക്കേണ്ടതാകട്ടെ ഓരോരുത്തരുടെയും വ്യക്തിത്വത്തിലും മനോഭാവത്തിലും ലോകവീക്ഷണത്തിലും ജീവിതശൈലിയിലുമൊക്കെയാണ്.
മുതിര്‍ന്നവരോടുള്ള ബഹുമാനം, സഹജീവികളോടുള്ള സഹാനുഭൂതി, വ്യക്തികളിലെയും സമൂഹത്തിലെയും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് പ്രകൃതിയെ നോവിക്കാത്ത ജീവിതശൈലി, മതങ്ങളുടെയും ആചാരങ്ങളുടെയും അന്തഃസ്സത്ത ഉള്‍ക്കൊണ്ടുള്ള പ്രാര്‍ത്ഥനാശീലം ഇവയൊക്കെ ഒരിക്കല്‍ നമ്മുടെ മഹത്തായ സംസ്കാരത്തിന്‍റെ ഭാഗമായിരുന്നു. ഇവ നഷ്ടപ്പെടുത്തുന്നത് അവനവനെത്തന്നെ നഷ്ടപ്പെടുത്തുന്നതിനു തുല്യമാണ്.
അടുത്ത തലമുറയ്ക്ക് വേണ്ടി സംസ്കാരത്തനിമയും ഭാഷയും നമ്മുടെ മനോഹരമായ പ്രകൃതിയും നമുക്ക് കാത്തുവയ്ക്കാം.
ഓണം നല്‍കുന്ന സന്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്ന് പരോന്മുഖതയുടേതാണ്. തനിക്കുമുന്‍പില്‍ കൈനീട്ടിയ (സത്യത്തില്‍ കാല്‍നീട്ടിയ!) ഒരാള്‍ക്കുമുന്‍പില്‍ തന്‍റെ സാമ്രാജ്യവും തന്നെത്തന്നെയും സമര്‍പ്പിച്ചയാളാണല്ലോ മഹാബലി. ശാസ്ത്രസാങ്കേതിക വിദ്യകളുടെ വികാസത്തോടു കൂടി വ്യക്തികള്‍ തമ്മിലുള്ള പരസ്പരാശ്രയത്വവും ബന്ധവും ഇല്ലാതായി വരുന്ന ഒരു കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. ശ്രീ. കെ. ജി. ശങ്കരപ്പിള്ളയുടെ ഒരു കവിതയില്‍ സമാനമായ ഒരു സന്ദര്‍ഭമുണ്ട്:
"നിനക്ക് ആരെയാണ് ഏറ്റവുമിഷ്ടം?"
"എന്നെത്തന്നെ"
"അതുകഴിഞ്ഞോ?...!"
പരസ്പരം ഒന്ന് മുഖത്തുനോക്കി സംസാരിക്കുവാനും സ്നേഹം പങ്കുവയ്ക്കുവാനും ഓണക്കാലം നമ്മെ പ്രേരിപ്പിക്കട്ടെ. അതിനുശേഷം മാത്രം വിശ്വമാനവികതയിലേയ്ക്കും ലോകം മുഴുവന്‍ തറവാടായിക്കാണുന്ന സാഹോദര്യത്തിലേയ്ക്കും നമുക്ക് ചുവടുവയ്ക്കാം.
ഇങ്ങനെ ഭേദങ്ങളുടെ വേദനയില്‍ നിന്ന് ഐക്യത്തിന്‍റെ ഏകതാനമായ ശാന്തതയിലേയ്ക്ക് മുന്നേറുവാനും സംസ്കാരത്തിലും ഭാഷയിലും അഭിമാനം കൊള്ളുവാനും പരോന്മുഖതയുടെ ബാലപാഠങ്ങളിലൂടെ പിച്ചവയ്ക്കുവാനും ഈ ഓണം നമ്മെ പ്രേരിപ്പിക്കട്ടെ.
പിന്‍മൊഴി:
ഏതു ധൂസരസങ്കല്പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്കൃതലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും
(വൈലോപ്പിള്ളി)
മുന്‍മൊഴിയില്‍ നിന്ന് പിന്‍മൊഴിയിലേയ്ക്കുള്ള മടക്കയാത്ര തുടങ്ങട്ടെയെന്നു മാത്രം ഇത്തവണത്തെ ഓണാശംസ.