news-details
മറ്റുലേഖനങ്ങൾ
ഭൂതത്തിന്‍റെ കണ്ണീരായി
പ്രഭാതത്തില്‍ മിന്നിനില്ക്കുകയും
സ്വപ്നംപോലെ മാഞ്ഞുപോകുകയും ചെയ്ത
മഞ്ഞുതുള്ളിയാണ് നളന്ദ
 
ലോകത്തിലെ ഏറ്റവും വലുതും ഐതിഹാസികവുമായ ലൈബ്രറികളിലൊന്നിന്‍റെ അവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നളന്ദ. 427-നും1197-നും ഇടയ്ക്ക് ഇന്ത്യയിലും നേപ്പാളിലും ടിബറ്റിലുംനിന്ന്, എന്നല്ല, ചൈനയിലും ജപ്പാനിലും നിന്നുപോലുമുള്ള അന്വേഷകര്‍ എത്തിയിരുന്ന, അന്താരാഷ്ട്ര ബുദ്ധിസ പഠനകേന്ദ്രമായിരുന്നു അത്. 5-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കുമാരഗുപ്തന്‍റെ ഭരണകാലത്താണ് നളന്ദ സര്‍വകലാശാലയുടെ ആവിര്‍ഭാവം. അതിനും ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പേ ബുദ്ധന്‍റെയും മഹാവീരന്‍റെയും കാലത്തു ലഭിച്ച ഉദ്ബോധനങ്ങളുമായി ഉറ്റബന്ധമുള്ള കാര്യങ്ങളായിരുന്നു ഇവിടെ പഠിപ്പിച്ചിരുന്നത് എന്നതിനാല്‍ നളന്ദയ്ക്ക് ഒരര്‍ഥത്തില്‍ അത്രയും പൗരാണികത്വം അവകാശപ്പെടാവുന്നതാണ്. ഭാരതചക്രവര്‍ത്തിയായിരുന്ന മഹാനായ അശോകന്‍ ധനസഹായങ്ങളും സ്കോളര്‍ഷിപ്പുകളും നളന്ദയ്ക്ക് നല്‍കിയിരുന്നു എന്നാണ് പരമ്പരാഗത വിശ്വാസം. നളന്ദ, ഈജിപ്തില്‍ അലക്സാന്‍ഡ്രിയായിലുണ്ടായിരുന്ന പ്രശസ്തവും പുരാതനവുമായ മഹാലൈബ്രറിയോട് കിടപിടിച്ചിരുന്നു. രണ്ടും ഒരേപോലെ വിനാശത്തിനിരയായി എന്നതാണ് കഷ്ടം.
 
ബിരുദം നല്കുന്ന ഒരു കോളേജ് എന്നതിനെക്കാള്‍ ഉന്നതവിദ്യാഭ്യാസം നല്കുന്ന ഒരു ഉപരിപഠനകേന്ദ്രം തന്നെയായിരുന്നു നളന്ദ. അവിടെയെത്തുന്ന വിദ്യാര്‍ഥികള്‍ കുറഞ്ഞത് 20 വയസ്സെങ്കിലും തികഞ്ഞവരും യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള വാചിക പരീക്ഷ കഴിഞ്ഞവരുമായിരുന്നു.  വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ പുസ്തകങ്ങളോടും നാനാ മേഖലകളില്‍പ്പെട്ട വിഷയങ്ങളോടും ഉള്ള ആഴത്തിലുള്ള അടുപ്പം അവര്‍ കാണിച്ചുകൊടുക്കണമായിരുന്നു. അപേക്ഷകരില്‍നിന്ന് പത്തില്‍ രണ്ടോ മൂന്നോ പേരില്‍ കൂടുതല്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നില്ല, അവര്‍പോലും താമസംവിനാ അധ്യാപകരുടെയും സഹപാഠികളുടെയും ധിഷണയില്‍ വിനയാന്വിതരാകുമായിരുന്നു. ഹുയാന്‍സാങ്ങിന്‍റെ അഭിപ്രായത്തില്‍, "നിശിതമായ ചോദ്യങ്ങള്‍ക്കും അവയുടെ ഉത്തരങ്ങള്‍ക്കും ഒരു ദിവസം മതിയാകുമായിരുന്നില്ല. പ്രഭാതം മുതല്‍ പ്രദോഷം വരെ അവര്‍ ചര്‍ച്ചകളില്‍ മുഴുകിയിരുന്നു, ചെറുപ്പക്കാരും പ്രായമേറിയവരും പരസ്പരം സഹായിച്ചിരുന്നു. ത്രിപിടകയില്‍ നിന്നുള്ള ചോദ്യങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ കഴിവില്ലാത്തവര്‍ മോശപ്പെട്ടവരും നാണക്കേടുകൊണ്ട് സ്വയം ഒളിക്കുന്നവരുമായിരുന്നു. അതുകൊണ്ടുതന്നെ വ്യത്യസ്ത നഗരങ്ങളില്‍നിന്നുള്ള, ചര്‍ച്ചകളില്‍ പെട്ടെന്ന് ഖ്യാതി നേടാന്‍ ആഗ്രഹിക്കുന്ന, ധാരാളം വിദ്യാസമ്പന്നര്‍ സംശയനിവാരണത്തിന് ഇവിടെ എത്തുകയും ചെയ്തിരുന്നു..."
 
ഹുയാന്‍സാങ് നളന്ദ സന്ദര്‍ശിച്ചപ്പോള്‍, ഒന്നോ രണ്ടോ നിലകളുള്ള 108 ആശ്രമക്കെട്ടിടങ്ങളിലായി 8500 വിദ്യാര്‍ഥികളും 1500 അധ്യാപകരും അവിടെയുണ്ടായിരുന്നു. വളരെക്കാലത്തിനു ശേഷമുള്ള ഉത്ഖനനത്തില്‍, നയന മനോഹരമായ ക്ഷേത്രങ്ങളും ചെങ്കല്ലില്‍ തീര്‍ത്ത സ്തൂപങ്ങളും കണ്ടെത്തുകയുണ്ടായി. ഓരോ ആശ്രമത്തിലും ഒരു കട്ടിലുള്ളതോ രണ്ടു കട്ടിലുള്ളതോ ആയ വേണ്ടത്ര മുറികളുണ്ട്. കതകുകള്‍ തടികൊണ്ടുള്ളതായിരുന്നു. നാലുകെട്ടിന്‍റെ ആകൃതിയിലുള്ള ആ താമസസ്ഥലത്തിന്‍റെ മുറ്റത്ത് പ്രവേശനകവാടത്തിന് അഭിമുഖമായി ഒരു ശ്രീകോവിലും ഉണ്ടായിരുന്നു. മുറികളിലെല്ലാം ഉണ്ടായിരുന്ന കസേരകളും തടിക്കട്ടകളും ചെറിയ വിരിപ്പുകളും ഭിത്തിയില്‍  അനുയോജ്യമായ സ്ഥലത്തു സൂക്ഷിച്ചിരുന്ന പാത്രങ്ങളും ഒരേ പോലെയുള്ളവയായിരുന്നു. മഴക്കാലത്തിനു മുമ്പായി ഏറ്റവും നല്ല മുറികള്‍ സമൂഹത്തിലെ ഏറ്റവും മുതിര്‍ന്നവര്‍ക്കായി നല്കുന്ന പതിവുണ്ടായിരുന്നു എന്ന് യി ചിങ് എഴുതിയിരിക്കുന്നു.

പിന്നീടുള്ള തന്‍റെ ജീവിതത്തില്‍ ഹുയാന്‍സാങ് ചെയ്തതുപോലെ, നല്ല അധ്യാപകരില്‍ ചിലര്‍ പഠിപ്പിക്കുക മാത്രമല്ല പ്രബന്ധങ്ങളും വ്യാഖ്യാനങ്ങളും തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. നിരവധിപ്പേര്‍ പ്രശസ്തരാവുകയും നളന്ദയിലെ വിദ്യാഭ്യാസം കീര്‍ത്തി കൈവരിക്കുകയും ചെയ്തു.  അധ്യാപകര്‍ക്കുള്ള പ്രസംഗപീഠവും പൊതുവായ അടുപ്പും കുളിമുറികളും കിണറും പൊതുസവിശേഷതകളായുള്ള, അഷ്ടാംഗമാര്‍ഗത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ എട്ടായി വിഭജിച്ചിരുന്ന, ആശ്രമങ്ങളില്‍ കുട്ടികളോടൊപ്പം അധ്യാപകര്‍ താമസിച്ചു. തറകള്‍ നിര്‍മ്മിക്കാന്‍ ഇഷ്ടികയോ കല്ലോ ഉപയോഗിക്കാതിരുന്നിടത്ത്  ചാണകവും കച്ചിയും ചേര്‍ത്ത് മെഴുകി ഭംഗിപ്പെടുത്തിയിരുന്നു. ദിനചര്യകളെ നിയന്ത്രിക്കുന്നതിന് ജലഘടികാരങ്ങളും പരിപാടികള്‍, സേവനങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയുടെ തുടക്കത്തിനും സമാപനത്തിനും അടയാളമായി മണികളും ഉപയോഗിച്ചു. യീ ചിങ്ങ് എഴുതി: "നളന്ദ ആശ്രമത്തിനു സമീപം പത്തിലേറെ കുളങ്ങളുണ്ടായിരുന്നു. ദിവസവും സന്ന്യാസികളെ സ്നാനസമയം അറിയിക്കുന്നതിന് മണിമുഴങ്ങും." അവരുടെ പ്രതിദിനവ്യായാമത്തിന്, സന്ന്യാസികള്‍ രാവിലെ അല്പ്പം വൈകിയോ വൈകുന്നേരങ്ങളിലോ പോയിരുന്നു.

നളന്ദ ഒരിക്കലും കൊടുക്കുന്നതിന് അലംഭാവം കാണിച്ചിട്ടില്ല എന്നുമാത്രമല്ല, ഒരിക്കല്‍ ഇവിടെ ആയിരക്കണക്കിന് സന്ന്യാസികളും അധ്യാപകരും വിദ്യാര്‍ഥികളും സമാധാനത്തോടെയും ക്ഷമയോടെയും കഴിഞ്ഞതാണ്. ഒമ്പതുനില ലൈബ്രറിയില്‍ ഗണിതശാസ്ത്രം, അസ്ട്രോണമി, ആല്‍ക്കമി (കെമിസ്ട്രി), മെഡിസിന്‍ എന്നിവയുള്‍പ്പെടെ വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട പതിനായിരത്തിലധികം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ വേദങ്ങളില്‍നിന്നും ഇതിഹാസങ്ങളില്‍ നിന്നുമുള്ള പുസ്തകങ്ങളും എല്ലാ മതങ്ങളിലും തത്വശാസ്ത്രങ്ങളിലും പെട്ട പുസ്തകങ്ങളുമുണ്ടായിരുന്നു. ബുദ്ധമത ഗ്രന്ഥങ്ങളായിരുന്നു മുഖ്യമെങ്കിലും സാഹിത്യം, കവിത, സംഗീതം എന്നിങ്ങനെ  എല്ലാ വിഷയങ്ങളെപ്പറ്റിയും പഠിപ്പിച്ചിരുന്നു. അറിയപ്പെടുന്ന എല്ലാ ഭാഷയും പഠിപ്പിച്ചിരുന്നു. അറിവുകള്‍ പങ്കുവെച്ചിരുന്നു. ലോകവുമായി അറിവുകള്‍ പങ്കുവെയ്ക്കുന്നതിനായാണ് ബുദ്ധിസ്റ്റുകള്‍ നളന്ദയ്ക്ക് രൂപംകൊടുത്തത്. ആര്‍ക്കും നളന്ദയിലെത്തുകയും പഠിക്കുകയും ചെയ്യാമായിരുന്നു.

1193-ല്‍ തുര്‍ക്കിയില്‍നിന്നുള്ള മുസ്ലീമുകള്‍ ബക്തിയാര്‍ കില്‍ജിയുടെ നേതൃത്വത്തില്‍ ഇത് കവര്‍ച്ച ചെയ്യാനെത്തി. സ്വര്‍ണ്ണം പ്രതീക്ഷിച്ചെത്തിയ അവര്‍, എല്ലാം പുസ്തകങ്ങളാണെന്നു കണ്ടപ്പോള്‍ നളന്ദയെ അഗ്നിക്കിരയാക്കി. 12000-ത്തോളം ആത്മാക്കളെ അവര്‍ ജീവനോടെ കത്തിച്ചു. ആ തീ നളന്ദയെ വിഴുങ്ങി. നളന്ദ കത്തിത്തീരാന്‍ മൂന്ന് മാസം വേണ്ടിവന്നു എന്നു ചിലര്‍ പറയുന്നു. സൂര്യനെപ്പോലും പിന്തള്ളുന്ന വിധമായിരുന്ന കത്തിക്കലാണ് അവര്‍ നടത്തിയ ഗ്രന്ഥഹോമം. അങ്ങനെ രാത്രിയെ പകലാക്കി എന്നവര്‍ വീമ്പടിച്ചു. നളന്ദ കത്തുന്ന വെളിച്ചത്തില്‍ അവര്‍ക്ക് പാതിരാപ്രാര്‍ഥനയ്ക്ക് ഖുറാന്‍ വായിക്കാന്‍ കഴിഞ്ഞു. ദലൈലാമയെ ആദ്യവും അവസാനവുമായി കരയിച്ച ആ വാര്‍ത്ത ടിബറ്റിലെത്തിച്ചത്, ദുരന്തത്തെ അതിജീവിച്ച് അവിടെയെത്തിയ ഒരു വൃദ്ധസന്ന്യാസിയും ഒരധ്യാപകനും ഒരാണ്‍കുട്ടിയുമായിരുന്നു.

നളന്ദയുടെ ദുരന്തം ചരിത്രം പോലും മാറ്റിമറിച്ചു. പഠനം മരിക്കുമ്പോള്‍ അജ്ഞത ഭരണം നടത്തുന്നു. ഭാവിയെ നേരിടാന്‍ ആവശ്യമായിരുന്ന ആയിരക്കണക്കിനു വര്‍ഷത്തെ അറിവ് ഭാരതത്തിന് നഷ്ടപ്പെട്ടു. ദുഷ്ടമനുഷ്യര്‍ ഭാരതത്തെ അജ്ഞതയുടെ അന്ധകാര ഗര്‍ത്തത്തില്‍ തള്ളി. പക്ഷേ അപ്പോഴും എല്ലാ നളന്ദകളും കത്തുകയായിരുന്നു. സര്‍വ്വോപരി ലോക ലൈബ്രറികളോരോന്നും അഗ്നിക്കിരയാക്കിയതിനൊപ്പം അധ്യാപകരെയും പിശാചുക്കളെന്ന് വിളിച്ച് അവര്‍ ചുട്ടെരിച്ചു. ഈജിപ്തിലെ അലക്സാന്‍ഡ്രിയായില്‍ നളന്ദക്കൊപ്പം ഭീമാകാരമായ ഒരു ലൈബ്രറി പൗരാണികര്‍ നിര്‍മ്മിച്ചിരുന്നു. ഇത് അലക്സാന്‍ഡ്ര ലൈബ്രറി എന്നാണ് അറിയപ്പെട്ടിരുന്നത്. പുരാതന ഗ്രീസിലും ഈജിപ്തിലും എഴുതപ്പെട്ട പുസ്തകങ്ങളെല്ലാം അവിടെയുണ്ടായിരുന്നു. പൗരാണികരുടെ സമസ്ത അറിവുകളും, യുദ്ധങ്ങളെയും പിടിച്ചടക്കലുകളെയും അതിജീവിച്ചു.

റോമില്‍നിന്നുള്ള ജൂലിയസ് സീസര്‍ അലക്സാന്‍ഡ്രിയയിലെ നൗകാശയത്തിലുണ്ടായിരുന്ന വ്യാപാരരേഖകള്‍ അടങ്ങുന്ന മറ്റൊരു ലൈബ്രറിക്ക് യാദൃച്ഛികമായി തീ കൊടുക്കുകയുണ്ടായി. അത് മുമ്പു പറഞ്ഞ മഹത്തായ അലക്സാന്‍ഡ്രാ ലൈബ്രറിക്കായിരുന്നെങ്കില്‍ അതൊരിക്കലും പുനരുദ്ധരിക്കാനാവുമായിരുന്നില്ല. റോം പോലും അദ്ദേഹത്തിന് മാപ്പ് കൊടുക്കുമായിരുന്നില്ല. പക്ഷേ അദ്ദേഹം ഭാഗ്യവാനായിരുന്നു. കാരണം മഹത്തായ ലൈബ്രറി മറ്റൊരിടത്തായിരുന്നു. അലക്സാന്‍ഡ്രിയയിലെ നൗകാശയത്തിലുണ്ടായിരുന്ന ആയിരത്തോളം വര്‍ഷങ്ങളിലെ വളരെ വിലപ്പെട്ട വാണിജ്യരേഖകളും കച്ചവട വിവരണങ്ങളുമാണ് അദ്ദേഹം അഗ്നിക്കിരയാക്കിയത്. ഈ ഗ്രന്ഥങ്ങളുടെയൊക്കെ പകര്‍പ്പുകള്‍ തയ്യാറാക്കാന്‍ അക്കാലത്ത് പ്രസ്സുകളുണ്ടായിരുന്നില്ല. പകര്‍പ്പെടുക്കേണ്ട നിരവധി പുസ്തകങ്ങള്‍ എല്ലാം ഒരിടത്തു മാത്രമായി സംഭരിച്ചിരിക്കുകയായിരുന്നു.

640-ല്‍ ഖലീഫാ ഒമറിന്‍റെ നേതൃത്വത്തില്‍  മുസ്ലീങ്ങള്‍ അലക്സാന്‍ഡ്രിയ ആക്രമിച്ച് കീഴടക്കി. അങ്ങനെ പുരാതന ലോകത്തിലെ മഹത്തായ നഗരങ്ങളില്‍ ഒന്നു തകര്‍ന്നു. അവിടെയുണ്ടായിരുന്ന പുരാതനമായ സുന്ദരക്ഷേത്രങ്ങള്‍ അവര്‍ തകര്‍ത്തു. പുരാതനമായ കൊത്തുപണികളും പ്രതിമകളും അവര്‍ തകര്‍ത്തു. മാനവചരിത്രത്തിലെ പുരാതനനിര്‍മ്മിതികളായ  പിരമിഡുകള്‍ തകര്‍ക്കാനും അവര്‍ ശ്രമിച്ചു. പക്ഷേ അവ ഭീമാകാരമായിരുന്നതിനാല്‍ അവര്‍ക്കതിനു കഴിഞ്ഞില്ല. പിന്നെയവര്‍ പാശ്ചാത്യലോകവിജ്ഞാനത്തിന്‍റെ നിറവായ  അലക്സാന്‍ഡ്രിയായിലെ ലോകോത്തരമായ ലൈബ്രറിയിലേക്ക് തിരിഞ്ഞു.

ഇസ്ലാമിന്‍റെ രണ്ടാമത്തെ ഖലീഫായായ ഒമര്‍, ഖുറാനൊഴികെ മറ്റെല്ലാ ഗ്രന്ഥങ്ങളും കത്തിക്കാന്‍ ഉത്തരവിട്ടു. ഖുരാനെ എതിര്‍ത്തെഴുതിയിട്ടുള്ളവ വേദവിരുദ്ധവും അനുകൂലിച്ചെഴുതിയിട്ടുള്ളവ ഉപരിപ്ലവവും ആയിരിക്കും; അതിനാല്‍ ഖുറാന്‍മാത്രം ശേഷിച്ചാല്‍മതി എന്നായിരുന്നു ഒമറിന്‍റെ നിലപാട്. കുളിമുറികളില്‍ വെള്ളം ചൂടാക്കാന്‍ അലക്സാന്‍ഡ്രയില്‍ എല്ലായിടത്തും ജനങ്ങള്‍ പുസ്തകങ്ങള്‍ കത്തിച്ചു. സ്പാനീഷ് ഇന്‍ക്വിസിഷനിലും പുസ്തകങ്ങള്‍ അഗ്നിക്കിരയാക്കുകയുണ്ടായി. എന്തുകൊണ്ടാണ് മനുഷ്യര്‍ പുസ്തകങ്ങളെ ഭയപ്പെടുന്നത്? കാരണം പുസ്തകങ്ങള്‍ കൂട്ടുകാരാണ്, അവ അറിവിന്‍റെ മായാജാലവുമാണ്. അറിവ് അത് ഗ്രഹിക്കാനും ഉപയോഗിക്കാനും അറിയാവുന്നവര്‍ക്ക്‌ ശക്തിയാണ്. എഴുതുന്ന പേന വാളിനെക്കാള്‍ ശക്തമാണ്.

ഇന്ന് നളന്ദയ്ക്ക് ചുറ്റുമുള്ള ജനങ്ങള്‍ നിരക്ഷരരാണെന്നത് ഹൃദയഭേദകമായ ഒരു വൈരുധിമാണ്. സമീപ ഗ്രാമങ്ങളില്‍ ഉന്തിയ വയറുമായി നിരവധി കുട്ടികളെ നമുക്ക് കാണാന്‍ കഴിയും. സുന്ദരമായ ഭൂപ്രകൃതിയും സമ്പന്നമായ പ്രകൃതിവിഭവങ്ങളും ആവേശകരമായ ചരിത്രവും ഉള്ള ബുദ്ധന്‍റെയും മഹാവീരന്‍റെയും അശോകന്‍റെയും നാട്‌ അവയൊന്നും ഓര്‍മിക്കാന്‍പോലും ആവാത്തവിധം ദരിദ്രമായിപ്പോയിരിക്കുന്നു. പൂജ്യവും ദശാംശ സമ്പ്രദായവും കണ്ടുപിടിച്ച ഗുപ്ത കാലഘട്ടത്തിലെ കല, നാടകം, സാഹിത്യം, ഗണിത, ജ്യോതിശാസ്ത്ര കണ്ടെത്തലുകള്‍ ഒക്കെ വിപുലമായ തോതില്‍ ഉണ്ടായിരുന്ന സാംസ്കാരിക സ്വാധീനവും ബീഹാര്‍ ഇന്ന് വിസ്മരിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും അവികസിതമായ, രാഷ്ട്രീയ അഴിമതിയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പ്രദേശമായി ബീഹാര്‍ ഇന്ന് മാറിയിരിക്കുന്നു.

നളന്ദയുടെ അവശിഷ്ടങ്ങള്‍ക്ക് അരികിലായി ഒരു അന്താരാഷ്ട്ര യൂണിവേഴ്സിറ്റിയും പോസ്റ്റ്ഗ്രാജുവേറ്റ് പഠനത്തിനുള്ള ഒരു റസിഡന്‍ഷ്യല്‍ സ്കൂളും ഉള്‍പ്പെടുന്ന ഒരു മോഹപദ്ധതി പരിഗണനയിലുണ്ട്. സിംഗപ്പൂര്‍, ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്നു വിഭാവനം ചെയ്യുന്ന, നൂറുകോടി ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. ബുദ്ധിസപഠനം, തത്വശാസ്ത്രം, മതതാരതമ്യം, ഭാഷ, ചരിത്രം, അന്താരാഷ്ട്ര ബന്ധങ്ങള്‍, പരിസ്ഥിതി മുതലായവ പഠിക്കാനുള്ള കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഏഷ്യന്‍ ജനതയുടെ പുരോഗതിയും പഴയബന്ധങ്ങളുടെ പുനഃസ്ഥാപനവും ലക്ഷ്യമിട്ടുള്ള  നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ടാവും. ഹുയാന്‍സാങ്ങും യീ ചിങ്ങും തീര്‍ച്ചയായും അംഗീകരിക്കപ്പെടും.

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts