ഭയം ഒരു ഉപാധിയാണ്...
അതിജീവനത്തിന്‍റെ ബുദ്ധിയാണ്...
നിശ്ശബ്ദതയുടെ സൗന്ദര്യാത്മകതയാണ്
ഭയം രക്ഷയും വെളിച്ചവുമാണ്...
നീയും ഞാനും... പ്രപഞ്ചവും
ഞാന്‍ കാണുന്ന പക്ഷികളും
കിണറുകളും പാതകളും അതാണ്...
ഭയം ഭൂമിയുടെ പൊരുളാണ്.
എന്‍റെ കമ്പളവും
നിന്‍റെ പ്രണയത്തിന്‍റെ
തീവണ്ടിയാപ്പീസും
ഇടവഴിയിലെ മീന്‍കാരന്‍റെ
ഒറ്റപ്പെട്ട കൂക്ക് വിളിയും അതാണ്...
പരസ്പരം ആക്രമിക്കുകയില്ലെന്ന
ദയയാണ്...
ഭയം ക്രിയാത്മകതയാണ്...
ഒതുങ്ങിയിരിക്കുന്നതിന്‍റെ
ശാലീനതയാണ്... അതിര്‍ത്തികള്‍
ഭേദിക്കില്ല എന്ന പരസ്പര ബഹുമാനമാണ്.
ഞാന്‍ ആത്മഹത്യ ചെയ്തേക്കാം
എന്ന പ്രതിരോധവും കൂടിയാണ്.
മേല്‍ക്കൂരയുടെ അരിപ്പകളില്‍നിന്നു
പുറപ്പെട്ടു ചാടുന്ന കണ്ണീരും
കുടകിട്ടാതെപോയ എന്‍റെ
മഴക്കാലങ്ങളും...
പാത ഇരട്ടിപ്പിച്ചതറിയാതെ
പതുക്കെ നടന്ന പശുവും.
ഭയം ഒരു ഉപാധിയല്ല
ഉപാധികള്‍ നിരവധി ഭയങ്ങളാണ്...
ചങ്ങാതീ, എനിക്കൊന്നു പൊട്ടിച്ചിരിക്കാന്‍
തോന്നുന്നു....
ചിരി ഒരു ഉപാധിയാണ്
ഭ്രാന്തിലേക്കുള്ള ഒരു റാന്തല്‍ വെട്ടം
ഞാന്‍ അതില്‍ ഒരു വിളക്ക് പാറ്റ...
എന്‍റെ ചിറകെടുത്തു നീ വായിച്ചു കഴിഞ്ഞ
താളില്‍ അടയാളം വെച്ചോളൂ...
അടയാളം ഒരു ഉപാധിയാണ്...
ജീവിക്കാതെ മരിച്ചതിന്‍റെ...
ഓര്‍മ്മയും ഒരു ഉപാധിയാണ്
ഒരു നീലമഷിപ്പേനയുടെ ഉടമയുടെ,
ഒരു കണ്ണി മാങ്ങച്ചുനയുടെ...
റേഷനരിയുടെ ഇരുമ്പ് ഗന്ധത്തിന്‍റെ...
തപാല്‍ക്കരനോടു നീ തന്നെ വായിച്ചുതന്നോളൂ
എന്ന് പറയുന്ന നിരക്ഷരതയുടെ...
വലിയ സ്വപ്നങ്ങള്‍ കണ്ടു മരിച്ചുപോയ
വിപ്ലവകാരികള്‍...
വിറകു കൊള്ളിപോലെ നമ്മുടെ
അപ്പത്തിനു വേണ്ടി എരിഞ്ഞവര്‍...
സ്വപ്നങ്ങള്‍ പല ഉപാധികളാണ്...
ഒളിച്ചോടാനും യുദ്ധം ചെയ്യാനും ഉള്ള ഉപാധികള്‍...
നീ എന്‍റെയും
ഞാന്‍ നിന്‍റെയും
ഒരുപാട് ഉപാധികളാണ്....