കടലിന്‍റെ ചൂരും മീനിന്‍റെ മണവുമുള്ള മനുഷ്യരുണ്ട്,
കടലിന്‍റെ ഗര്‍ഭപാത്രത്തില്‍ ഉയിരെടുത്തവരവര്‍.
കരമടി വലിച്ചും വള്ളം തുഴഞ്ഞും കൈകള്‍ കാരിരുമ്പാക്കിയവര്‍
ചോര്‍ന്നൊലിക്കുന്ന മീന്‍കുട്ടയും ചുമന്ന്,
കയ്യില്‍ ജപമാലയും ഞെരിച്ചു,
വെളുപ്പിനേ ചന്തയിലും വീടുവീടാന്തരങ്ങളിലും പോകുന്ന സ്ത്രീകള്‍.
ചുടുമണലില്‍ ഇഴഞ്ഞും ചുരുണ്ടും കളിക്കുന്ന,
മണല്‍ കളിപ്പാട്ടമാക്കിയ കുരുന്നുകള്‍.
മഴയില്‍ ചോര്‍ന്നൊലിക്കുന്ന കൂരകള്‍,
പിന്നെ വലിയ കടല്‍കയറ്റത്തില്‍ ആണ്ടു പോകുന്ന പുരകള്‍.
വികസനത്തിന്‍റെ മണിമന്ദിരങ്ങളും സ്തംഭങ്ങളും ഉയര്‍ന്നു നില്ക്കാന്‍,
വേട്ടയാടപ്പെടുന്ന പാവം കടലിന്‍റെ മക്കള്‍.
ഏതോ പുരാതന സംസ്കൃതി പോലെ തച്ചുടഞ്ഞു കിടക്കുന്നു മുക്കുവക്കുടികള്‍.
തുറമുഖം ഉയര്‍ന്നപ്പോള്‍ തുറയുടെ മുഖം മാറി.
വികസനത്തിന് കപട മുഖം വന്നു, തുറയുടെ മുഖം മാഞ്ഞു.
ഇനി ഈ തീരത്തു കപ്പലടുക്കുമ്പോള്‍
നിങ്ങള്‍ക്ക് അണയാന്‍ ഒരു തീരമുണ്ടോ?