അസ്സീസിയിലെ ഫ്രാന്‍സിസിനെപ്പറ്റി കേട്ടിട്ടും അറിഞ്ഞിട്ടുമുള്ള എല്ലാവരും അദ്ദേഹത്തെ ആദരിക്കുന്നു, സ്നേഹിക്കുന്നു. ഇവിടെ ജാതി, മത, മതദേശ വ്യത്യാസങ്ങളൊന്നുമില്ല. കഴിഞ്ഞ എട്ടു നൂറ്റാണ്ടുകളിലേറെയായി ജ്വലിച്ചു നില്‍ക്കുന്ന വ്യക്തിത്വത്തിന്‍റെ ഉടമയാണ് ഫ്രാന്‍സിസ്. ആകര്‍ഷണീയതയ്ക്ക് മങ്ങലൊന്നും ഏല്‍ക്കാത്ത എളിയ മനുഷ്യന്‍. വിശ്വസാഹിത്യകാരനായ നിക്കോസ് കസന്‍ദ്സക്കീസ് ഫ്രാന്‍സിസിന്‍റെ ജീവചരിത്രം നോവല്‍രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വന്തം പുസ്തകങ്ങളില്‍ തനിക്കേറ്റവും പ്രിയപ്പെട്ട, തന്‍റെ ജീവിതത്തെ ഒട്ടധികം സ്വാധീനിച്ച ഗ്രന്ഥം ഇതാണെന്ന് അദ്ദേഹം പറയുന്നു. ഈ പുസ്തകം ഒരാവര്‍ത്തി ഞാന്‍ വായിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞദിവസം പേജുകള്‍ ഒരിക്കല്‍കൂടി മറിച്ചുകൊണ്ടിരിക്കുമ്പോള്‍, ഫ്രാന്‍സിസിനെ ചിത്രീകരിക്കുന്ന ഒരു രംഗം ശ്രദ്ധയില്‍പ്പെട്ടു.
തണുത്തു മരവിക്കുന്ന ശീതകാലം. ഫ്രാന്‍സിസ് തന്‍റെ കൊച്ചുപാര്‍പ്പിടമായ പൊര്‍സ്യുങ്കുലായുടെ മുറ്റത്തിരുന്ന് വെയില്‍കായുകയായിരുന്നു. പെട്ടെന്നൊരു യുവാവ് ഓടിക്കിതച്ച് അദ്ദേഹത്തിന്‍റെ മുമ്പിലെത്തി. നായ അണക്കുന്നതുപോലെ അവന്‍ അണക്കുകയാണ്. കിതച്ചുകൊണ്ടുതന്നെ അവന്‍ ചോദിക്കുന്നു: "പീറ്റര്‍ ബര്‍ണാര്‍ദോയുടെ മകന്‍ ഫ്രാന്‍സിസ് എവിടെയാണ്? ആ പുതിയ പുണ്യവാനെ എനിക്ക് എവിടെ കണ്ടെത്താനാകും? അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍ വീണ് എനിക്ക് വന്ദിക്കണം. മാസങ്ങളായി ഞാന്‍ അദ്ദേഹത്തെ തേടി നടക്കുകയായിരുന്നു. മിശിഹായെപ്രതി പ്രിയ സഹോദരാ, ഫ്രാന്‍സിസ് എവിടെയാണെന്ന് ഒന്നു പറഞ്ഞുതരൂ."
"പീറ്റര്‍ ബര്‍ണാര്‍ദോന്‍റെ മകന്‍ ഫ്രാന്‍സിസ് എവിടെയാണ്?" തലയാട്ടിക്കൊണ്ട് ഫ്രാന്‍സിസും തിരിച്ചുചോദിച്ചു. "ബര്‍ണാര്‍ദോന്‍റെ മകന്‍ ഫ്രാന്‍സിസ്, ആരാണയാള്‍? എന്താണയാള്‍? സഹോദരാ വര്‍ഷങ്ങളായി ഞാനും അയാളെ തിരയുകയാണ്. വരൂ, എന്‍റെ കൈ പിടിക്കൂ, നമുക്കൊന്നിച്ചു പോയി അന്വേഷിക്കാം." അദ്ദേഹം എഴുന്നേറ്റ് അവന്‍റെ കൈയില്‍ പിടിച്ചു. പിന്നെ അവര്‍ ഒന്നിച്ചു പുറത്തേക്കു നടന്നു.
അസ്സീസിയിലെ പുണ്യവാന്‍റെ ആകര്‍ഷണീയത എന്താണ്? എല്ലാവര്‍ക്കും ഫ്രാന്‍സിസിനെ ഇഷ്ടമാണ്. എല്ലാവരും അദ്ദേഹത്തെ അന്വേഷിക്കുന്നു. യുവാക്കള്‍ക്ക് ഫ്രാന്‍സിസ് സര്‍വ്വദാ ആദരണീയന്‍. 2001 ജൂണ്‍ പത്താംതീയതിയിലെ കലാകൗമുദി എന്ന പ്രസിദ്ധീകരണത്തില്‍ മാത്യു തോമസ് എഴുതിയ ചെറുകഥയുണ്ട്. പേര് 'വിസ്മയം.' ഫ്രാന്‍സിസാണ് കഥയിലെ കേന്ദ്രബിന്ദു. മിശിഹായുടെ സ്നേഹത്തില്‍നിന്ന് ശക്തിസംഭരിച്ച് പുത്തന്‍ ജീവിതശൈലി തിരഞ്ഞെടുക്കുന്ന ഫ്രാന്‍സിസിനെയാണ് കഥാകൃത്ത് ചിത്രീകരിക്കുന്നത്. ഈ സ്നേഹാഗ്നി കത്തിപ്പടരുന്നത് കഥയില്‍ കാണാം. യുവാക്കളും ക്ലാരയെപ്പോലുള്ള പ്രഭുകുമാരിമാരും ഫ്രാന്‍സിസിന്‍റെ ആദര്‍ശങ്ങളുടെ പിന്നാലെ ഓടിവരുകയാണ്.
എന്തുകൊണ്ട് എല്ലാവരും ഫ്രാന്‍സിസിന്‍റെ പിന്നാലെ? ഈ ചോദ്യം പതിമൂന്നാം നൂറ്റാണ്ടിലെ മാത്രമല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരേപോലെ പ്രസക്തമാണ്. എണ്ണൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു വസന്തകാല സായാഹ്നത്തിലേക്ക് നമുക്കു മടങ്ങാം. ഫ്രാന്‍സിസിന്‍റെ അരുമശിഷ്യന്‍ മസ്സേയോ അദ്ദേഹത്തോടു ചോദിച്ച കുസൃതിചോദ്യത്തിന്‍റെ പൊരുള്‍ ഒന്നന്വേഷിക്കാം. കാര്യമായിട്ടാണെങ്കിലും ഫലിതരൂപത്തില്‍ മസ്സേയോ ഫ്രാന്‍സിസിനോടു ചോദിച്ചു: "ജനമെല്ലാം അങ്ങയുടെ പിന്നാലെയാണല്ലോ വരുന്നത്? എന്താണെല്ലാവരും അങ്ങയുടെ പിന്നാലെ, അതെ അങ്ങയുടെ പിന്നാലെ തന്നെ. കാരണമൊന്നു പറയാമോ?"
പ്രിയപ്പെട്ട ശിഷ്യന്‍റെ കുറുമ്പു ചോദ്യം ഫ്രാന്‍സിസിനു മുഴുവനങ്ങു മനസ്സിലായില്ല. അതുകൊണ്ടാവാം വിശദീകരണം ആവശ്യപ്പെട്ടത്. "പ്രിയമുള്ളവനേ, താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പറയാമോ?" മസ്സേയോ തമാശയില്‍ത്തന്നെ ആവര്‍ത്തിച്ചു: ഈ ജനമെല്ലാം അങ്ങയുടെ പിന്നാലെതന്നെ വരുന്നല്ലോ. ലോകം മുഴുവന്‍ അങ്ങിലേക്ക് ആകര്‍ഷിക്കപ്പെടുന്നതുപോലെ തോന്നുന്നു. എല്ലാവര്‍ക്കും അങ്ങയെ കാണണം. അങ്ങു പറയുന്നതു കേള്‍ക്കണം. അങ്ങയെ അനുകരിച്ചു ജീവിക്കണം. അങ്ങയുടെ ആകാരഭംഗികൊണ്ടാണോ ഈ ആകര്‍ഷണം? അങ്ങ് അത്ര കോമളനൊന്നുമല്ലല്ലോ. അറിവും ലോകപരിചയവും കൂടുതലുള്ള എത്രയോ പേരുണ്ട്? പ്രഭു കുടുംബത്തിന്‍റെ മഹിമ അങ്ങേക്കവകാശപ്പെടാനാവില്ല. സമ്പന്നനായ ഒരു വ്യാപാരിയുടെ മകനാണെന്ന കാര്യം ശരിതന്നെ. പക്ഷേ ആ മനുഷ്യനും അങ്ങയെ തള്ളിപ്പറഞ്ഞില്ലേ? എങ്കിലും ജനം അങ്ങയുടെ പിന്നാലെ തന്നെ ഓടിക്കൂടുന്നു. എന്താണു കാരണം?"
അല്പസമയത്തെ പ്രാര്‍ത്ഥനയ്ക്കുശേഷം വികാരഭരിതനായി, പ്രസന്നവദനത്തോടെ ഫ്രാന്‍സിസ് പറഞ്ഞു: "മസ്സേയോ, കാരണം ഞാന്‍ പറയണമോ? ശരി, പറയാം. എളിയവരില്‍ എളിയവനാണ് ഞാന്‍. എളിയവരിലൂടെ വലിയ കാര്യങ്ങള്‍ ചെയ്യുന്ന തമ്പുരാന്‍ അതിനുള്ള ഉപകരണമായി ഈ അയോഗ്യദാസനെ വിളിച്ചിരിക്കുന്നു. വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ഈ ലോകത്തിലെ എളിയവരെ അവിടുന്നു സ്വീകരിക്കയാണ്. അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ."
എളിമയുടെയും ലാളിത്യത്തിന്‍റെയും വിനയത്തിന്‍റെയും ഉദാത്തമാതൃകയായിരുന്നു ഫ്രാന്‍സിസ്. പതിമൂന്നാം നൂറ്റാണ്ടില്‍ മിശിഹായെ പൂര്‍ണമായും സ്വന്തം ജീവിതത്തില്‍ അവതരിപ്പിച്ച വ്യക്തിയായിട്ടാണ് ഫ്രാന്‍സിസിനെ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. തത്ത്വജ്ഞാനിയും മതത്യാഗിയുമായ റെനാന്‍റെ അഭിപ്രായത്തില്‍ യേശുവിനു ശേഷമുള്ള പൂര്‍ണ ക്രൈസ്തവന്‍ ഫ്രാന്‍സിസാണ്. ഓമര്‍ എംഗല്‍ബര്‍ട്ട് ഫ്രാന്‍സിസ് അസ്സീസിയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചപ്പോള്‍ മുഖവുര കുറിപ്പില്‍ ഇങ്ങനെ ചേര്‍ത്തു: "കത്തോലിക്കര്‍ മാത്രമല്ല അദ്ദേഹത്തെ ബഹുമാനിക്കുന്നതും ആദരിക്കുന്നതും പ്രോട്ടസ്റ്റന്‍റ് വിഭാഗങ്ങളും പാന്‍തീയിസ്റ്റ് വിശ്വാസികളും യുക്തിവാദികളും മറ്റെല്ലാ ഗണങ്ങളില്‍പ്പെട്ടവരും ഫ്രാന്‍സിസിനെ ആദര്‍ശവ്യക്തിയായി സ്വീകരിക്കുന്നു. ബുദ്ധമതക്കാര്‍ തങ്ങളുടെ ജീവിതശൈലിയെ അദ്ദേഹവുമായി ബന്ധപ്പെടുത്തി സംസാരിക്കാറുണ്ട്. മഹാത്മാഗാന്ധിയുടെ ജീവിതാദര്‍ശങ്ങളെല്ലാം തന്നെ അസ്സീസിയിലെ റിവോടോര്‍ട്ടോ കൂരകളില്‍ തുടക്കമിട്ട ആശയങ്ങളാണല്ലോ.
ഫ്രാന്‍സിസിന്‍റെ സമാധാനപ്രാര്‍ത്ഥനയില്‍ അദ്ദേഹത്തിന്‍റെ സാര്‍വ്വത്രിക ആകര്‍ഷണീയത നിറഞ്ഞുനില്ക്കുന്നതു കാണാം.
കര്‍ത്താവേ, എന്നെ അങ്ങയുടെ
സമാധാനത്തിന്‍റെ ഉപകരണമാക്കണമേ.
വിദ്വേഷമുള്ളിടത്തു സ്നേഹവും
ദ്രോഹമുള്ളിടത്തു ക്ഷമയും
സംശയമുള്ളിടത്തു വിശ്വാസവും
നിരാശയുള്ളിടത്തു പ്രത്യാശയും
അന്ധകാരമുള്ളിടത്തു പ്രകാശവും
സന്താപമുള്ളിടത്തു സന്തോഷവും
ഞാന്‍ വിതയ്ക്കട്ടെ.
ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍
ആശ്വസിപ്പിക്കുന്നതിനും
മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍
മനസ്സിലാക്കുന്നതിനും
സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനും
എനിക്കിടയാകണമേ.
എന്തുകൊണ്ടെന്നാല്‍
കൊടുക്കുമ്പോഴാണ് ഞങ്ങള്‍ക്കു ലഭിക്കുന്നത്
ക്ഷമിക്കുമ്പോഴാണ് ഞങ്ങള്‍ ക്ഷമിക്കപ്പെടുന്നത്.
മരിക്കുമ്പോഴാണ് ഞങ്ങള്‍
നിത്യജീവിതത്തിലേക്കു ജനിക്കുന്നത്.
ക്രൈസ്തവമൂല്യങ്ങള്‍ക്ക് കോട്ടം സംഭവിച്ച ഒരു കാലഘട്ടമായിരുന്നു ഫ്രാന്‍സിസിന്‍റെ മുന്നില്‍. തകര്‍ന്നടിയുന്ന സുവിശേഷ ധര്‍മ്മത്തിന്‍റെ പുനഃസ്ഥാപനമായിരുന്നു ഫ്രാന്‍സിസിന്‍റെ ദൗത്യം. മിശിഹായെ പൂര്‍ണമായി സ്വജീവിതത്തില്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം അതു യാഥാര്‍ത്ഥ്യമാക്കി. ഒരു കാലഘട്ടത്തെ മിശിഹാനുകരണത്തിലേക്കു തിരിച്ചുകൊണ്ടുപോകുക അത്ര എളുപ്പമായിരുന്നില്ല. പണം, പദവി, ഭൗതികസുഖങ്ങളുടെ അമിതാസക്തി തുടങ്ങിയവയായിരുന്നു അധപ്പതനത്തിനു കാരണമെങ്കില്‍, ഇവയില്‍ നിന്നുള്ള മോചനവും ധര്‍മ്മത്തിന്‍റെ പുനഃസ്ഥാപനവും സുവിശേഷാദര്‍ശങ്ങളില്‍ ജീവിക്കുക വഴി മാത്രമാണെന്ന് ഫ്രാന്‍സിസ് തിരിച്ചറിഞ്ഞു. അതില്‍ അദ്ദേഹം വിജയിച്ചു. കൊടുക്കേണ്ടിവന്ന വില വലുതാണെങ്കിലും ഇവിടെയാണ് അദ്ദേഹത്തിന്‍റെ നിത്യനൂതന ആകര്‍ഷകത്വം. പീറ്റര്‍ ബര്‍ണര്‍ദോന്‍റെ മകനെ കാണാന്‍ കിതച്ചുകൊണ്ട് ഓടിയെത്തിയ യുവാവിനെ ആകര്‍ഷിച്ചതും ഇതു തന്നെയാകണം.
മുമ്പു സൂചിപ്പിച്ച മാത്യു തോമസിന്‍റെ ചെറുകഥയില്‍ ക്ലാര ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു: "പരിശുദ്ധാരൂപിയെ, എവിടെയാണ് സമൃദ്ധജീവന്‍?" ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍ അവള്‍ തന്നെ ഉത്തരവും കണ്ടെത്തുന്നു. "വേണ്ടായ്മയിലാണ് സംതൃപ്തി. പങ്കിടലില്‍ സമൃദ്ധിയും." ക്ലാര ഉരുവിടുന്ന മറ്റൊരു ചോദ്യവുമുണ്ട്: "ഫ്രാന്‍സിസ്, മിശിഹായുടെ വഴികളെല്ലാം നിങ്ങള്‍ക്കു പറഞ്ഞുതന്നതാരാണ്?" ഗൊല്‍ഗോഥായിലേക്കു നടന്നു കയറവേ കുരിശുമായി മറിഞ്ഞുവീണ ഇടങ്ങള്‍, പഞ്ചമുറിവുകളുടെ ആഴം, ഒക്കെ?" മറുപടിയായി ഫ്രാന്‍സിസിന്‍റെ കണ്ണുകളാണ് അവളുടെ മുന്നില്‍ തെളിഞ്ഞുവന്നത്. ധ്യാനനിമീലതമായ കണ്ണുകള്‍. ആധുനികലോകത്തോടും ഫ്രാന്‍സിസിന്‍റെ കണ്ണുകള്‍ ഇന്നു സംസാരിക്കുകയാണ്, ഏറെ ആകര്‍ഷകമായി.