news-details
മറ്റുലേഖനങ്ങൾ

പരിശുദ്ധ ത്രിത്വവും മനുഷ്യവ്യക്തിത്വവും

ദൈവം ഏകാകിയല്ല, സ്നേഹത്തിന്‍റെ ഒരു കൂട്ടായ്മയാണ്. ത്രിയേകദൈവമാണ്; സ്നേഹത്തിന്‍റെ കൂട്ടായ്മയായ ദൈവം മനുഷ്യനെ സൃഷ്ടിച്ചതും ഏകാകിയായിട്ടല്ല, സ്നേഹത്തിന്‍റെ ഒരു കൂട്ടായ്മയായിട്ടാണ്. വി. ഗ്രന്ഥത്തിന്‍റെ ആദ്യത്തെ പുസ്തകത്തിന്‍റെ ആദ്യത്തെ അധ്യായത്തില്‍ത്തന്നെ നാം വായിക്കുന്നുണ്ട്: "ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അങ്ങനെ ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവിടുന്ന് അവരെ സൃഷ്ടിച്ചു.' (ഉല്‍പ. 1:26). സ്ത്രീയും പുരുഷനുമായുള്ള സ്നേഹത്തിന്‍റെ കൂട്ടായ്മ പരി. ത്രിത്വത്തിന്‍റെ ഛായയും സാദൃശ്യവും സാക്ഷാത്കരിക്കുന്ന പ്രഥമ പ്രതിരൂപമാണ്. ഈ സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും ഫലമായ സന്താനം കൂടിച്ചേരുമ്പോള്‍ ഭൂമിയില്‍ പരി. ത്രിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഏറ്റവും ഉദാത്തമായ ഒരു പ്രതീകമാണതെന്നു പറയാം. "മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല, അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും" (ഉല്‍പ. 2:18) എന്നു പറയുമ്പോഴും വി. ഗ്രന്ഥം ഉദ്ദേശിക്കുന്നത് ഇതുതന്നെയാണ്. ഏകനായിട്ടല്ല മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പിന്നെയോ സമൂഹത്തിലാണ്, സമൂഹജീവിയായിട്ടാണ്. ഏകനായി, സമൂഹത്തില്‍നിന്നു മാറി, ഒരു വ്യക്തിയായിത്തീരുവാന്‍ മനുഷ്യന് ഒരിക്കലും സാധ്യമല്ല. വ്യക്ത്യന്തരബന്ധങ്ങളിലൂടെ മാത്രമേ വ്യക്തിത്വത്തിലേക്കു വളരുവാന്‍ സാധിക്കുകയുള്ളൂ.

സ്നേഹത്തിന്‍റെ കൂട്ടായ്മയാണ്, അഥവാ സ്നേഹം തന്നെയാണ് ത്രിയേകദൈവം. സ്നേഹം സ്വയം കൊടുക്കലാണ്; പൂര്‍ണ്ണമായ സ്നേഹം പൂര്‍ണ്ണമായ സ്വയം കൊടുക്കലും പൂര്‍ണ്ണമായ സ്വീകരണവുമാണ്. സ്നേഹസ്വരൂപനായ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ അവന്‍റെ യഥാര്‍ത്ഥസ്വഭാവത്തിലേക്ക്, സ്വത്വത്തിലേക്ക് വരുന്നത് അവനിലും ഈ സ്വയംകൊടുക്കലും സ്വീകരണവുമുള്ളപ്പോള്‍ മാത്രമാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, മനുഷ്യന്‍ മനുഷ്യനാകുന്നത്, വ്യക്തിത്വത്തിലേക്കു വളരുന്നത്, സ്വയം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുമ്പോഴാണ്. അഥവാ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. സ്നേഹിക്കാത്ത, സ്നേഹം അനുഭവിച്ചിട്ടില്ലാത്ത, മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യത്വത്തിലേക്ക് ഇനിയും വളര്‍ന്നിട്ടില്ല എന്നതാണ് വാസ്തവം.

പരി.ത്രിത്വത്തെക്കുറിച്ചുള്ള വിചിന്തനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഉള്‍ക്കാഴ്ചയെ വ്യക്തിത്വാധിഷ്ഠിത തത്ത്വചിന്തയും സ്ഥിരീകരിക്കുന്നുണ്ട്. ഒരു "നീ" ഇല്ലാതെ "ഞാന്‍" ഇല്ല. ഒരു 'നീ' യിലൂടെ എനിക്ക് സ്വീകരണവും അംഗീകാരവും ലഭിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ 'ഞാന്‍' ആയിത്തീരുന്നത്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ഒരു 'നീ' എന്നെ സ്നേഹിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ 'ഞാന്‍' ആയിത്തീരുന്നത്. ഞാന്‍ എന്നില്‍നിന്നുതന്നെ പുറത്തുവന്ന് അപരന് എന്നെത്തന്നെ നല്‍കുമ്പോഴാണ് ഞാന്‍ ആ വ്യക്തിയെ സ്നേഹിക്കുന്നു എന്നു പറയുന്നത്. അതുപോലെതന്നെ, ആ വ്യക്തി തന്നില്‍നിന്നുതന്നെ പുറത്തുവന്ന് എനിക്ക് സ്വയം നല്‍കുമ്പോഴാണ് ആ വ്യക്തി എന്നെ സ്നേഹിക്കുന്നുവെന്ന് പറയുന്നത്. അങ്ങനെ ഒരു 'ഞാനും' 'നീയും' പരസ്പരം സ്നേഹിക്കുമ്പോഴാണ് ഞാന്‍ ഞാനും നീ നീയും ആയിത്തീരുന്നത്. പരസ്പരം സ്നേഹിച്ചുകൊണ്ട് അവര്‍ പരസ്പരം അസ്തിത്വവും വ്യക്തിത്വവും നല്‍കുന്നു. അങ്ങനെ അസ്തിത്വവും വ്യക്തിത്വവും കൊടുക്കുവാനും സ്വീകരിക്കുവാനും ആയിട്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്നേഹത്തിന്‍റെ കൂട്ടായ്മയായ ത്രിയേകദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതിന്‍റെ അര്‍ത്ഥം ഇപ്പോള്‍ വ്യക്തമായിരിക്കുമല്ലോ.

തന്നില്‍ത്തന്നെ നിലകൊള്ളുന്നവനും തന്നില്‍ത്തന്നെ പരിപൂര്‍ണ്ണനുമായ ഏകത്വത്തിലുള്ള പരമാസ്തിത്വമായി തത്ത്വചിന്തയും ദൈവശാസ്ത്രവും ദൈവത്തെ സങ്കല്പിക്കാറുണ്ട്. യേശുനാഥന്‍ വെളിപ്പെടുത്തിയ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മവുമായ സ്നേഹത്തിന്‍റെ കൂട്ടായ്മയാണെന്ന സത്യം ക്രൈസ്തവര്‍പോലും പലപ്പോഴും വിസ്മരിച്ചുകളയുന്നു. മനുഷ്യനെപ്പറ്റിയുള്ള സങ്കല്പത്തിലും ഈ വിസ്മൃതിയുടെ പ്രതിഫലനം കടന്നുകൂടി. തന്നില്‍ത്തന്നെ നിലകൊള്ളുന്നവനും തന്നില്‍ത്തന്നെ പൂര്‍ണ്ണനുമായ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനും തന്നില്‍ത്തന്നെ നിലകൊള്ളുന്നവനും തന്നില്‍ത്തന്നെ പൂര്‍ണ്ണനുമാണെന്ന ചിന്ത അങ്ങനെയാണ് ഉരുത്തിരിഞ്ഞത്. സ്കൊളാസ്റ്റിക് വൈദ്യശാസ്ത്രവും സ്കൊളാസ്റ്റിക് തത്ത്വചിന്തയും മനുഷ്യവ്യക്തിയെ കാണുന്നത് തന്നില്‍ത്തന്നെ നിലകൊള്ളുന്ന, മറ്റാരുമായി പങ്കുവയ്ക്കാനാകാത്ത, സയുക്തിക സ്വഭാവമുള്ള ഏകത്വമായിട്ടാണ്. ഈ നിര്‍വചനമനുരിച്ച് ഒരു മനുഷ്യവ്യക്തിയാകുവാന്‍ മറ്റാരുമായും ബന്ധപ്പെടേണ്ടയാവശ്യമില്ല. കാരണം അവനവനില്‍തന്നെ  നിലകൊള്ളുന്നവനും ഒരു വ്യക്തിയെന്ന നിലയില്‍ തന്നില്‍ത്തന്നെ പൂര്‍ണ്ണനുമാണ്. മനുഷ്യവ്യക്തിയെപ്പറ്റിയുള്ള തെറ്റായ ചില ധാരണകളിലേക്കാണ് ഈ നിര്‍വ്വചനം നയിക്കുന്നത്.

അനുഭവത്തിലൂടെതന്നെ നമുക്കറിയാം മറ്റുള്ളവരിലൂടെയല്ലാതെ നാമാരും നാമായിത്തീരുന്നില്ല. ഒരു ശിശു ജനിക്കുന്നതിന്, ജനിച്ചു കഴിഞ്ഞ് ഒരു വ്യക്തിയായിത്തീരുന്നതിന്, ഒരു 'ഞാന്‍' എന്ന അവബോധത്തിലേക്കു വരുന്നതിന്, എത്രമാത്രം അതു മറ്റുള്ളവരെ ആശ്രയിച്ചിരിക്കുന്നു. ഇങ്ങനെയുള്ള വ്യക്ത്യന്തരബന്ധങ്ങളിലൂടെ ജീവശാസ്തപരമായി ഒരുവന്‍ ഒരു വ്യക്തിയായിത്തീര്‍ന്നാലും യഥാര്‍ത്ഥമായ വ്യക്തിത്വത്തിലേക്ക് അവന്‍ ഇനിയും വളരേണ്ടിയിരിക്കുന്നു. ഈ വളര്‍ച്ച സംഭവിക്കുന്നത് അവന്‍ ബോധപൂര്‍വ്വം തന്നില്‍നിന്നു തന്നെ ബഹിര്‍ഗമിച്ച് അപരനു സ്വയം നല്കുമ്പോഴാണ്. തന്നില്‍ത്തന്നെ നിലകൊള്ളുകയും തനിക്കുവേണ്ടി മാത്രം ആയിത്തീരുകയും ചെയ്യുന്നിടത്തോളം കാലം അവന് ഒരിക്കലും ഈ വളര്‍ച്ച കൈവരിക്കാനാവില്ല. സ്വയം നല്കുന്നിടത്തു സ്വീകരണവുമുണ്ടാകും. നല്കലും സ്വീകരണവും പരസ്പരവ്യവസ്ഥിതമാണ്. പലപ്പോഴും സ്വീകരണമാണ് ആദ്യം സംഭവിക്കുന്നത്. അമ്മയുടെയും പിന്നെ അപ്പന്‍റെയും കുടുംബാംഗങ്ങളുടെയുമൊക്കെ സ്നേഹം അനുഭവിച്ചാണ് ഒരു കുഞ്ഞ് സ്നേഹിക്കാന്‍ പ്രാപ്തനാകുന്നതെന്ന് നമുക്കറിയാമല്ലോ. നല്കലും സ്വീകരണവും -സ്നേഹിക്കലും സ്നേഹം സ്വീകരിക്കലും - ആണ് യഥാര്‍ത്ഥവ്യക്തിത്വത്തിലേക്ക് ഒരുവനെ വളര്‍ത്തുന്നത്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന കൂട്ടായ്മയിലാണ് ദൈവത്തിന്‍റെ ഛായയും സാദൃശ്യവും മനുഷ്യനില്‍ യാഥാര്‍ത്ഥ്യമാകുന്നത്. അപ്പോള്‍ സ്നേഹത്തിന്‍റെ കൂട്ടായ്മയാകാന്‍വേണ്ടിയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, സ്നേഹിക്കാനും സ്നേഹം സ്വീകരിക്കാനുംവേണ്ടി അങ്ങനെ സ്നേഹിക്കയും സ്നേഹം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് യഥാര്‍ത്ഥ വ്യക്തിത്വം രൂപംകൊള്ളുന്നത്.

യഥാര്‍ത്ഥമായ മനുഷ്യവ്യക്തിത്വത്തിന്‍റെ അത്യുദാത്തമായ  നിദര്‍ശനമാണ് യേശുനാഥന്‍റെ ജീവിതവും മരണവും. സ്നേഹത്തിന്‍റെ കൂട്ടായ്മയായ പരി. ത്രിത്വത്തില്‍നിന്ന് സ്വയംദാനമായി അവിടുന്നു ലോകത്തിലേക്കു വന്നു. അവിടുത്തെ ജീവിതം മുഴുവന്‍ സ്വയം കൊടുക്കലായിരുന്നു. സ്നേഹത്തിന്‍റെ നിരന്തരപ്രവാഹമായിരുന്നു. അങ്ങനെ കൊടുത്ത് കൊടുത്ത്, അവസാനം സമ്പൂര്‍ണ്ണസ്വയംദാനമായി അവിടുന്നു കുരിശില്‍ മരിച്ചു. തന്നില്‍ത്തന്നെ ആയിരിക്കുന്നതല്ല, പ്രത്യുത തന്നില്‍നിന്നു ബഹിര്‍ഗമിച്ച് മറ്റുള്ളവര്‍ക്ക് ജീവനേകനായി സ്വയം മറ്റുള്ളവര്‍ക്കു നല്കുന്നതാണ് വ്യക്തിത്വത്തിന്‍റെ പൂര്‍ണ്ണതെയന്ന് സ്വമാതൃകയിലൂടെ അവിടുന്ന് വ്യക്തമാക്കി. അതുകൊണ്ടാണ് അവിടുന്ന് "മനുഷ്യനു തന്നെ മനുഷ്യനെ വെളിപ്പെടുത്തുകയും അവന്‍റെ പരമമായ വിളിയെ വ്യക്തമാക്കുകയും ചെയ്തു"വെന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നത്(സഭ ആധുനികലോകത്തില്‍, നമ്പര്‍ 22). ഡീട്രിക് ബോണ്‍ ഹോഫര്‍(ഉശലൃശേരവ ആീിവീലളളലൃ)) എന്ന ദൈവശാസ്ത്രജ്ഞന്‍ യേശുവിനെ നിര്‍വചിക്കുന്നത്, "മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള മനുഷ്യന്‍" എന്നാണ്. സ്നേഹത്തിന്‍റെ കൂട്ടായ്മയായ പരി. ത്രിത്വത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനും വ്യക്തിത്വത്തിന്‍റെ പൂര്‍ണ്ണതയിലേക്കു വളരുന്നത് അപരാഭിമുഖമായിരിക്കുമ്പോഴാണ്. സ്വയം കൊടുക്കുമ്പോഴാണ്, മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള മനുഷ്യനായിത്തീരുമ്പോഴാണ്.    

You can share this post!

ഒറ്റപ്പന

ഫാ. ഷാജി സിഎംഐ
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts