"സാറേ, അവരെന്താണ് വിളിച്ചു പറയുന്നതെന്ന് മനസ്സിലായോ?"
എന്‍റെ ഡ്രൈവര്‍ ആവേശഭരിതനായി എന്നോട് ചോദിച്ചു.
"എന്താണ്?" ഞാന്‍ തിരക്കി.
അത് ഡിസംബറിലെ മനോഹരമായ ഒരു പ്രഭാതമായിരുന്നു. സൂര്യന്‍ തെളിഞ്ഞ് പ്രശോഭിച്ചിരുന്നെങ്കിലും അന്തരീക്ഷത്തിലെ കുളിര്‍മ മായ്ക്കപ്പെട്ടിരുന്നില്ല. മിസ്സോറാമിന്‍റെ ചന്തകള്‍ ക്രിസ്മസ് ആഘോഷത്തിന്‍റെ ആവേശത്തിലാണ്. മിസ്സോറാമികള്‍ ഡിസം.25 ന് മാത്രമല്ല ക്രിസ്തുമസ് ആഘോഷിക്കുന്നത്, ഡിസംബര്‍ മാസം മുഴുവന്‍ അവര്‍ക്ക് ആഘോഷത്തിന്‍റെ നാളുകളാണ്. മിസ്സോറാമില്‍ വലുപ്പത്തില്‍ രണ്ടാമത്തെ സ്ഥാനത്തു നില്‍ക്കുന്ന ലുങ്ലെയ് സിറ്റിയുടെ ഡിസംബര്‍ ചന്ത ആഘോഷത്തിമിര്‍പ്പിലാണ്. ആളുകള്‍ ഡ്രസ്സും ചൈനീസ് സാധനങ്ങളും പാത്രങ്ങളും വീട്ടുപകരണങ്ങളും... അങ്ങനെയെല്ലാം വാങ്ങുന്ന തിരക്കിലാണ്. മുഴുവന്‍ സിറ്റിയും ഒരു ചന്ത പോലെ തോന്നിച്ചു. ഈ കോലാഹലങ്ങള്‍ക്കിടയിലാണ് ഡ്രൈവര്‍ സൂചിപ്പിച്ച മിസ്സോറാമി ഭാഷയിലുള്ള ഈ അനൗണ്‍സ്മെന്‍റ് ഉച്ചഭാഷിണിയിലൂടെ വന്നത്.
"ആരോ ഒരു ടീ-ഷര്‍ട്ട് വാങ്ങി കടയില്‍ മറന്ന് വച്ച് പോയിരിക്കുന്നു. ആള് ഈ പരിസരത്ത് എവിടെയെങ്കിലുമുണ്ടെങ്കില്‍ വന്ന് സാധനം കൈപ്പറ്റി പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അനൗണ്‍സ്മെന്‍റാണത്." ഡ്രൈവര്‍ വിവരിച്ചു. 'എന്ത്? സത്യസന്ധതയ്ക്കും ഒരതിരില്ലേ?" - ഞെട്ടലില്‍ നിന്നുണര്‍ന്ന എന്‍റെ ആദ്യത്തെ ചിന്ത ഇതെന്‍റെ നാട്ടില്‍ സംഭവിക്കുമോ എന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ജോലി ഒരനുഗ്രഹവും ഒപ്പം ഒരു ശാപവുമാണ്. അനുഗ്രഹമായിരിക്കാന്‍ കാരണം ചെലവില്ലാതെ നിങ്ങള്‍ക്ക് ഇന്ത്യയിലെ വ്യത്യസ്തനാടുകള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്നു. അതേസമയം നിങ്ങളുടെ കുടുംബത്തിലും നാട്ടിലും നിന്ന് വിട്ടുപിരിഞ്ഞ് മാസങ്ങളും വര്‍ഷങ്ങളും അന്യനാടുകളിലായിരിക്കുക എന്ന ദൗര്‍ഭാഗ്യവുമുണ്ട്. ഒരു രണ്ടു വര്‍ഷക്കാലത്തേക്ക് എന്ന് പറഞ്ഞ് ലുങ്ലെയില്‍ ഞാന്‍ നിയമിതനായിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടു.
വടക്ക് കിഴക്ക് ഇന്ത്യയെക്കുറിച്ച് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് ഏറെ തെറ്റിദ്ധാരണകളുണ്ട്: അവര്‍ "സംസ്കാരമില്ലാത്ത ആദിവാസികളും വന്യജീവികളെ തിന്നുന്ന നായാടികളുമാണ്..." അങ്ങനെ പലതും. അവരോട് മുഖ്യധാരാ ഇന്ത്യാക്കാരനുള്ള അവജ്ഞ സാവകാശം ശത്രുതയായി രൂപപ്പെടുന്നു. അവരെന്നെ ആദ്യം ഒരു മുഖ്യധാരാ ഇന്ത്യാക്കാരനായി കണക്കാക്കിയപ്പോള്‍ എനിക്ക് അരോചകത്വമാണ് അനുഭവപ്പെട്ടത്. എന്താ ഇവരും ഇന്ത്യക്കാരല്ലേ, എന്നെ മാത്രം എന്തിന് ഇന്ത്യാക്കാരനായി മാറ്റിനിര്‍ത്തി കാണണം? ഏറെ താമസിയാതെ ഞാന്‍ തിരിച്ചറിഞ്ഞു, "അവരും" "നമ്മളും" തമ്മില്‍ ഭീമമായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന്. മിസ്സോറാമില്‍ കാലുകുത്തിയ ദിവസം അതെനിക്ക് അനുഭവപ്പെട്ടതാണ്.
ഐസോളില്‍ നിന്ന് 235 കിലോ മീറ്റര്‍ വിദൂരത്തിലുള്ള യാത്രയില്‍ ഞങ്ങള്‍ തേയിലത്തോട്ടത്തിനിടയിലുള്ള ഒരു ചായക്കടയ്ക്കരികില്‍ വണ്ടി നിര്‍ത്തി. ഒരു "ഇന്ത്യാക്കാര"നായതുകൊണ്ട് ഒരാദിവാസി നടത്തിയിരുന്ന ചായക്കടയില്‍ നിന്ന് ചായ കുടിക്കാന്‍ ഞാന്‍ അല്പം വിമുഖനായിരുന്നു. എന്നാല്‍ വിശപ്പ് "അഭിമാന"മില്ലാത്തവനായതു കൊണ്ട് ഞാന്‍ കടയ്ക്കുള്ളിലേയ്ക്ക് തിടക്കപ്പെട്ടു കടന്നു. കടക്കാരി സ്ത്രീ പ്രസന്നഭാവത്തില്‍ ചോദിച്ചു: "സാറന്മാരേ, ചായ എടുക്കട്ടേ?" ചായ വലിയ മെച്ചമായിരുന്നില്ല. ചായ കുടിച്ചശേഷം ഞാന്‍ ഒരു പത്ത് രൂപ നോട്ടു കൊടുത്തു.
"സാറെ, ചെയ്ഞ്ച് ഇല്ലല്ലോ. ചെയ്ഞ്ച് ഉണ്ടോ?" കടക്കാരി. എന്‍റെ കൈവശവും ചെയ്ഞ്ച് ഉണ്ടായിരുന്നില്ല. ഈ സമയം ബംഗാളി ഡ്രൈവര്‍ വണ്ടിയില്‍ തിരിച്ച് ചെന്നിരുന്ന് അക്ഷമനായി ഹോണടിക്കുകയായിരുന്നു. എനിക്ക് ഇച്ഛാഭംഗം തോന്നി. അപ്പോള്‍ അവര്‍ പുഞ്ചിരിച്ചു കൊണ്ട് എന്തോ ഒന്ന് മിസ്സോറാമി ഭാഷയില്‍ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. പിന്നെ അവര്‍ എന്‍റെ വണ്ടിക്ക് നേരെ കൈകാണിച്ച് യാത്ര പറഞ്ഞു. അപ്പോഴെനിക്ക് ബോധം വീണു - അവര്‍ തന്‍റെ രണ്ട് രൂപ വേണ്ടെന്ന് വച്ചിരിക്കുന്നു. എന്നിട്ടും അവര്‍ പുഞ്ചിരിക്കുന്നു! മുറുക്കാന്‍ കറപുരണ്ട പല്ലുകള്‍ കൊണ്ട് ഇത്ര മനോഹരമായി ചിരിക്കാനാവുമെന്ന് എനിക്കൊരിക്കലും വിചാരിക്കാനായിരുന്നില്ല. ഈ മനുഷ്യര്‍ നാട്യങ്ങളില്ലാത്ത സത്യസന്ധരും സാധാരണക്കാരുമാണ്.
കഴിഞ്ഞ് ഇരുപത് വര്‍ഷമായി ലുങ്ലെയില്‍ താമസക്കാരനായ എന്‍റെ സുഹൃത്ത് (ഒരു തമിഴ്നാട്ടുകാരന്‍ പ്രൊഫസര്‍) പറഞ്ഞു: "ലുങ്ലെയിലേക്കുള്ള ബസ്സുകളില്‍ ആളുകള്‍ വലിയ കെട്ടുകളുമായി സഞ്ചരിക്കുക പതിവ് കാഴ്ചയാണ്. അവര്‍ ബസ്സിറങ്ങുമ്പോള്‍ കെട്ടുകള്‍ക്ക് ചുമക്കാന്‍ പറ്റുന്നതില്‍ കൂടുതല്‍ ഭാരമുണ്ടെങ്കില്‍ അവര്‍ അത് ഏതെങ്കിലും കോണിലോ കടയുടെ മുന്നിലോ ബസ്സ് സ്റ്റോപ്പില്‍ തന്നെയോ ഇട്ടിട്ടുപോവുക പതിവ് കാഴ്ചയാണ്. എന്നിട്ടവര്‍ അടുത്ത ദിവസം വന്ന് എടുത്തുകൊണ്ടുപോകും. അവരുടെ കെട്ട് അവിടെ കാണുന്നില്ലെങ്കില്‍ തീര്‍ച്ചയായും അടുത്തുള്ള കടക്കാരന്‍ മഴ നനയാതെ ഉള്ളില്‍ എടുത്ത് വച്ചിട്ടുണ്ടാകും. കടക്കാരനോട് കെട്ട് ആവശ്യപ്പെടുമ്പോള്‍ അയാള്‍ തെളിവൊന്നും ചോദിക്കാറില്ല. ചോദിക്കുന്ന ആളെ പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ട് കെട്ട് തിരിച്ചേല്പിക്കുന്നു! അവര്‍ എല്ലാവരെയും വിശ്വസിക്കുന്നു!"
ഇത് കേട്ടപ്പോള്‍ പണ്ട് വീട്ടില്‍ വച്ച് നടന്ന ഒരു സംഭവം ഞാന്‍ ഓര്‍ത്തുപോയി. ഒരിക്കല്‍ ഞാനെന്‍റെ ഭാര്യയോടൊപ്പം ബസ്സ്യാത്ര ചെയ്യുകയായിരുന്നു. ടിക്കറ്റ് എടുത്തു കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ ബാലന്‍സായി നാല് വലിയ നാണയത്തുട്ടുകള്‍ അവളുടെ കൈയില്‍ കൊടുത്തു. തീര്‍ച്ചയായും ആ നാണയത്തുട്ടുകള്‍ 50 പൈസയുടെ ആയിരുന്നില്ല. അവയുടെ വലുപ്പത്തില്‍ നിന്ന് വ്യക്തമാണ് അവ ഒന്നിന്‍റേതോ രണ്ടിന്‍റേതോ ആണ്. ഏതായാലും നാണയങ്ങള്‍ കൈയില്‍ കിട്ടിയപ്പോള്‍ത്തന്നെ ഭാര്യ കണ്ടക്ടറുടെ മുന്നില്‍ വച്ച് അവ എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങി. ഞാനപ്പോള്‍ അവളുടെ മടയത്തരത്തെയോര്‍ത്ത് പിറുപിറുത്തു കൊണ്ടിരുന്നു. 'അവ ഒന്നിന്‍റെ നാണയങ്ങളല്ലെങ്കില്‍ രണ്ടിന്‍റേതായിരിക്കും. നമുക്ക് നേട്ടമേയുള്ളൂ. അത് മനസ്സിലാവാത്ത വിഡ്ഢിയാണോ ഇവള്‍?' ഇന്ന് ഞാന്‍ അന്ന് "കൂടുതല്‍ അറിവുള്ള മിടുക്ക"നാകാന്‍ ശ്രമിച്ചതില്‍ ലജ്ജിക്കുന്നു.
മിസ്സോറാമികള്‍ ഒരുമിച്ച് ഒരു സമൂഹമായിട്ടാണ് ക്രിസ്തുമസ്സ് ആഘോഷിക്കുന്നത്. ക്രിസ്തുമസ് ആഘോഷവേളയില്‍ എല്ലാവരും പൊതു ആഘോഷത്തിന് പണം സംഭാവന ചെയ്യണം. ജാതിമതം നോക്കാതെ. ആ പ്രദേശത്ത് കൂടി കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്നെല്ലാം അവര്‍ പണം പിരിക്കും. നിങ്ങള്‍ പിരിവ് കൊടുത്തു കഴിഞ്ഞാല്‍ അവര്‍ നിങ്ങള്‍ക്ക് ചുവപ്പോ പച്ചയോ നിറത്തിലുള്ള ഒരു കൊച്ചു പതാക തരും. അത് നിങ്ങളുടെ വാഹനത്തില്‍ കെട്ടിയാല്‍ പിന്നെ ആരും നിങ്ങളുടെ വാഹനത്തെ തടഞ്ഞുനിര്‍ത്തി പണം പിരിക്കില്ല. ഞങ്ങള്‍ക്ക്, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അവിടെ താമസമാക്കിയവര്‍ക്ക്, മിസ്സോറാമികളുടെ ഈ ക്രിസ്തുമസ്സ് പിരിവിനെക്കുറിച്ച് പരാതിയുണ്ടായിരുന്നു. കാരണം ഞങ്ങള്‍ ക്രിസ്ത്യാനികളല്ല, പിന്നെ എന്തിന് അവരുടെ ക്രിസ്തുമസ്സ് ആഘോഷത്തിന് പിരിവ് കൊടുക്കണം? അതുകൊണ്ട് ഞങ്ങളില്‍ ചിലര്‍ക്ക് ഒരാശയമുദിച്ചു - അവര്‍ സ്വന്തമായി ചെറിയ ഒരു പതാകയുണ്ടാക്കി വാഹനത്തില്‍ സ്ഥാപിച്ച് ക്രിസ്തുമസ്സ് നാളുകളില്‍ സഞ്ചരിച്ചു. ഞങ്ങളുടെ 'സംസ്കാരസമ്പന്നരായ ഇന്ത്യാക്കാരു'ടെ, മറ്റുള്ളവരെ കബളിപ്പിക്കാനുള്ള കഴിവില്‍ ഞാന്‍ ആശ്ചര്യപ്പെട്ടില്ലെങ്കിലും സത്യസന്ധരും സാധാരണക്കാരുമായ മിസ്സോറിമകള്‍ സംശയ ലവലേശമില്ലാതെ പുഞ്ചിരിച്ച് കൈവീശി ഇങ്ങനെ പതാക സ്ഥാപിച്ച് പോകുന്ന ഞങ്ങളുടെ വണ്ടികളെ കടത്തിവിടുമ്പോള്‍ ഞാന്‍ ആശ്ചര്യഭരിതനായി. ഇങ്ങനെ കബളിപ്പിച്ച് മുന്നോട്ട് പോകുമ്പോള്‍ എന്‍റെ സുഹൃത്ത് ഇത് പറഞ്ഞ് ഉറക്കെ ചിരിക്കുമ്പോള്‍ ഞാനുള്ളില്‍ നീറുന്നുണ്ടായിരുന്നു. ഇതാണോ 'സംസ്കാരസമ്പന്നത'? മറ്റുള്ളവരെക്കാള്‍ പ്രഗല്‍ഭരായിരിക്കുക എന്നാല്‍ അവരെ വഞ്ചിക്കാനറിയുക എന്നതാണോ?...
ഞാന്‍ മിസ്സോറാമികളെക്കുറിച്ച് സ്തുതിപാടല്‍ നടത്തുകയല്ല. അവര്‍ക്ക് അവരുടേതായ കുറവുകളുണ്ട്. അവരില്‍ പലരും കുടിയന്മാരും മുറുക്കുന്നവരും മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരുമാണ്. കൗമാരപ്രായക്കാരില്‍ ഗര്‍ഭധാരണം സാധാരണമാണ്. സ്ത്രീകളോട്, പ്രത്യേകിച്ച് അവിവാഹിതരോട്, സമൂഹം പരുക്കനായിട്ടാണ് പെരുമാറുന്നത്. അങ്ങനെ അങ്ങനെ പലതും... എന്നിരുന്നാലും അവരെല്ലാവരും സത്യസന്ധത പാലിക്കുന്നു. അവര്‍ പറയുന്ന വാക്കിന് വിലകല്പിക്കുന്നവരാണ്. ക്രൂരകൃത്യങ്ങള്‍ അവരുടെ ഇടയില്‍ കേട്ടുകേള്‍വി പോലുമില്ല. ഇതെന്‍റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ അനുഭവമാണ്.
മിസ്സോറാമികളെക്കുറിച്ച് മറ്റ് ഇന്ത്യക്കാര്‍ സ്ഥിരം പറയുന്ന പരാതി അവര്‍ ഇന്നും ഇന്ത്യയുടെ ദേശീയഭാഷയായ ഹിന്ദി പഠിച്ചില്ല എന്നുള്ളതാണ്. എനിക്ക് വിയോജിപ്പുണ്ട്. അവരാദ്യം മിസ്സോറാമികളെപ്പോലെ സത്യസന്ധരാകാന്‍ പഠിക്കട്ടെ. നമുക്ക് അവരെ മോശക്കാരാക്കാതിരിക്കാം. മിസ്സോറാമികള്‍ക്കും മറ്റ് ഇന്ത്യാക്കാരില്‍ നിന്ന് ചിലതൊക്കെ പഠിക്കാനുണ്ടാവും. നമുക്ക് നല്ല കാര്യങ്ങള്‍ പരസ്പരം കൊണ്ടും കൊടുത്തും പഠിക്കാം, അല്ലാതെ നമ്മള്‍ പരസ്പരം കൈമാറുന്നത് കഞ്ചാവും വഞ്ചനയും ആവാതിരിക്കട്ടെ. ആരെങ്കിലും മാറണമെങ്കില്‍ ആദ്യം മാറേണ്ടത് നമ്മള്‍, മറ്റ് ഇന്ത്യാക്കാരായിരിക്കണം.
മിസ്സോറാമികള്‍ എന്നെ പഠിപ്പിച്ചത് സത്യസന്ധത ആരംഭിക്കുന്നത് പരസ്പര വിശ്വാസമായിട്ടാണ് എന്ന സത്യമാണ്. മറ്റുള്ളവരെ സംശയലേശമെന്യേ വിശ്വസിക്കുക. പരസ്പര വിശ്വാസം കൈമാറ്റം ചെയ്യപ്പെടുന്നിടത്ത് സത്യസന്ധത തളിര്‍ക്കുന്നു. സത്യസന്ധത അനുദിന ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ നമുക്ക് ഒരു "അണ്ണാഹസ്സാരെ" ടീം ആവശ്യമുണ്ടോ? ഗാന്ധിജിയുടെ മാതൃക ബുദ്ധിമുട്ടുള്ളതായി എനിക്ക് തോന്നാറുണ്ട്. എന്നാല്‍ ഒന്ന് സത്യമാണ് മിസ്സോറാമികള്‍ അത് ആയാസരഹിതമായി ജീവിക്കുന്നുണ്ട്. എന്തുകൊണ്ട് നമുക്കുമൊന്ന് ശ്രമിച്ചുകൂടാ?
(ലേഖകന്‍ ഡി.ഡി കേന്ദ്ര, ചെന്നൈയിലെ അസി. എന്‍ജിനീയറാണ്,