news-details
മറ്റുലേഖനങ്ങൾ

ഡോം ലൂയിസിന്‍റെ ഭ്രാന്തിന് സ്തുതി!

1970-71 ല്‍ പെട്രോപോളിസില്‍ എന്‍റെ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു ബിഷപ്പും ഫ്രാന്‍സിസ്കന്‍ സന്ന്യാസസഹോദരനുമായ ലൂയിസ് ഫ്ളാവിയോ കാപ്പിയോ. ലാളിത്യത്തിന്‍റെയും വിശുദ്ധിയുടെയും പരിമളം കൊണ്ടും ദരിദ്രര്‍ക്കുവേണ്ടിയുള്ള വിപ്ലവാത്മകമായ ജീവിതസമര്‍പ്പണം കൊണ്ടും അദ്ദേഹം തന്‍റെ സഹപാഠികളില്‍നിന്ന് വ്യത്യസ്തനായിരുന്നു. ദൈവശാസ്ത്ര കോഴ്സിന്‍റെ പൂര്‍ത്തീകരണത്തിനായി സമര്‍പ്പിക്കേണ്ട ഏകദേശം മുപ്പതുപേജുകള്‍ വരുന്ന പ്രബന്ധം അദ്ദേഹം സമര്‍പ്പിച്ചില്ല. സാന്‍ പൗളോയ്ക്ക് പോകുന്നതിന്‍റെ തലേന്ന് എന്‍റെ മുറിയുടെ കതകിനടിയിലൂടെ ഒരു ചെറുകുറിപ്പ് ഇട്ടിട്ട് അദ്ദേഹം പോയി. കുറിപ്പ് ഇങ്ങനെയായിരുന്നു: "കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ദൈവശാസ്ത്രപഠനത്തിനും പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും ശേഷം എന്‍റെ ഹൃദയത്തില്‍ നില്‍ക്കുന്നത് ഇതു മാത്രമാണ്." എന്നിട്ട് ഗ്രീക്ക്, ലാറ്റിന്‍, പോര്‍ച്ചുഗീസ് ഭാഷകളില്‍ 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാര്‍ത്ഥന എഴുതിച്ചേര്‍ത്തിരുന്നു.

ഞാന്‍ അദ്ദേഹത്തെ കാണുമ്പോഴൊക്കെ പ്രബന്ധത്തെക്കുറിച്ച് ചോദിക്കുമായിരുന്നു. 1975 ലെ പെസഹാ വ്യാഴാഴ്ച സാന്‍ പൗളോയിലെ സന്ന്യാസഭവനത്തില്‍ നിന്ന് അദ്ദേഹം അപ്രത്യക്ഷനായി. മൂന്നു ദിവസങ്ങള്‍ക്കു ശേഷം ദേവാലയത്തിലെ ഒരു പാര്‍ശ്വ അള്‍ത്താരയ്ക്ക് മുകളില്‍ ഒരു കുറിപ്പ് കാണപ്പെട്ടു. അതില്‍ സമൂഹത്തിലെ ഏറ്റവും ദരിദ്രരായവരെ സുവിശേഷ ചൈതന്യത്താല്‍ ശുശ്രൂഷിക്കാന്‍ പോകുന്നു എന്ന അദ്ദേഹത്തിന്‍റെ തീരുമാനം കുറിക്കപ്പെട്ടിരുന്നു. ഇട്ടിരുന്ന സന്ന്യാസവസ്ത്രവും സുവിശേഷങ്ങളുടെ ഒരു പകര്‍പ്പും മാത്രമാണ് അദ്ദേഹം കൂടെക്കൊണ്ടുപോയത്. യാത്രയില്‍ ലോറി ഡ്രൈവറന്മാരുടെ കൂടെക്കൂടി. രണ്ട് മാസങ്ങള്‍ക്കുശേഷം ബാഹ്യായിലെ ബാറായില്‍ എത്തി. കൈയില്‍ സുവിശേഷവും പിടിച്ച് ഫ്രാന്‍സിസ്കന്‍ ചെരുപ്പുമണിഞ്ഞ് സന്ന്യാസ വസ്ത്രത്തില്‍ അദ്ദേഹം നദീതടത്തിലെ ദരിദ്രമായ ടൗണുകളില്‍ പ്രസംഗിച്ചുനടന്നു.

അദ്ദേഹത്തെ കണ്ടുപിടിച്ച് കഴിഞ്ഞപ്പോള്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നെ വിളിച്ചുപറഞ്ഞു: "സഹോദരന്‍ ലൂയിസിന് മാനസികരോഗമാണ്, നമുക്ക് പോയി കൊണ്ടുവരണം." എന്‍റെ മറുപടി ഇങ്ങനെയായിരുന്നു: "പ്രൊവിന്‍ഷ്യലച്ചാ, വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷം തുറന്ന് അദ്ധ്യായം മൂന്ന്, വാക്യം ഇരുപത്തിയൊന്ന് ഒന്ന് വായിക്കൂ- അവിടെ ഇങ്ങനെ എഴുതിയിട്ടില്ലേ: "അവന്‍റെ സ്വന്തക്കാര്‍ അവനെക്കുറിച്ച് കേട്ട്, അവനെ പിടിച്ചുകൊണ്ടുവരാന്‍ പുറപ്പെട്ടു. കാരണം, അവന് സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു." യഹൂദന്മാര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്ക് വിഡ്ഢിത്തവും ക്രിസ്ത്യാനികള്‍ക്ക് രക്ഷയുമായ യേശുവിന്‍റെ കുരിശിനെക്കുറിച്ച് പ്രസംഗിച്ച വിശുദ്ധ പൗലോസിന്‍റെ അനുഭവവും അതു തന്നെയായിരുന്നല്ലോ. നിലവിലിരിക്കുന്ന ഏതെങ്കിലും സന്ന്യാസ നിയമാവലി അനുസരിച്ച് ജീവിക്കാനുള്ള നിര്‍ദ്ദേശം തള്ളിക്കളഞ്ഞ് ദരിദ്രരോട് പരിപൂര്‍ണ്ണമായി ഐക്യപ്പെട്ട ഒരു ജീവിതശൈലി സ്വീകരിച്ച അസ്സീസിയിലെ ഫ്രാന്‍സിസിലും ആരോപിക്കപ്പെട്ടത് ഈ ഭ്രാന്തു തന്നെയായിരുന്നു. മാര്‍പാപ്പയുടെ പരിവാരങ്ങളോട് ഫ്രാന്‍സിസിന്‍റെ മറുപടി ഇങ്ങനെയായിരുന്നു: "ദൈവം എന്നെ ലാളിത്യത്തിന്‍റെ പാത പിന്‍തുടരാന്‍ വിളിച്ചു; അതില്‍നിന്നു വ്യത്യസ്തമായ മറ്റൊരു നിയമത്തെക്കുറിച്ച് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഈ ലോകത്ത് ഒരു പുത്തന്‍ ഭ്രാന്ത് ജീവിക്കണമെന്ന് ദൈവം, അവന്‍റെ ഹിതം എന്നോട് വെളിപ്പെടുത്തി." ഒരു നിരാഹാര സമരമാരംഭിക്കുമ്പോള്‍ ഡോം ലൂയിസ് ഫ്ളാവിയോ കാപ്പിയോ പറഞ്ഞതിങ്ങനെ: "യുക്തി മരിക്കുമ്പോള്‍, ഭ്രാന്താണ് ഏക വഴി."

ആ ഭ്രാന്ത്, ഭ്രാന്തല്ല. അത് യുക്തിയുടെ മറ്റൊരു രൂപമാണ്. സ്നേഹത്തിന്‍റെ യുക്തി, ക്രിയാത്മകതയുടെ യുക്തി, യാഥാസ്ഥിതിക ഘടനാസംവിധാനങ്ങളെ അതിലംഘിക്കുന്ന യുക്തി. സാന്‍ ഫ്രാന്‍ചെസ്കൊ നദീ താഴ്വാരത്തെ അറിയുന്ന ഒരാളുണ്ടെങ്കില്‍ അത് ബിഷപ്പ് ഡോം ലൂയിസാണ്. 1992 മുതല്‍ 1993 വരെ ഒരു ചെറുസംഘത്തോടൊപ്പം അദ്ദേഹം ഈ നദീതടത്തിലൂടെ യാത്രചെയ്തു. അവിടെ വസിക്കുന്ന ജനങ്ങളെ സന്ദര്‍ശിച്ച്, അവരുടെ പ്രശ്നങ്ങള്‍ കേട്ട് മനസ്സിലാക്കി, പാരിസ്ഥിതികമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച് ഞാന്‍ കൂടി പങ്കെടുത്ത 'വിശുദ്ധ ഫ്രാന്‍സിസിന്‍റെ യാത്രാ സംഘ'ത്തില്‍ വച്ച് അദ്ദേഹം അക്കാലത്ത് തയ്യാറാക്കിയ, വിദഗ്ദ്ധര്‍ ഇന്നും വലിയ മൂല്യത്തോടെ കാണുന്ന, കുറിപ്പുകള്‍ പ്രസിഡന്‍റ് ലുല ഡ സില്‍വ സഹോദരന്‍ ലൂയിസിന്‍റെ കൈയില്‍നിന്നു സ്വീകരിച്ചു. വിശുദ്ധനായ ഒരു ആത്മീയ മനുഷ്യന്‍ എന്ന നിലയില്‍ ദരിദ്രരെയും "പഴയ കുഞ്ഞി"ന്‍റെ ‘Old Little One'(സാന്‍ ഫ്രാന്‍ ചെസ്കൊ നദിയെ പ്രാദേശിയര്‍ അരുമയോടെ വിളിക്കുന്ന പേര്) ശോഷണത്തേയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഡോം ലൂയിസിന് അഗാധമായ ഉള്‍ക്കാഴ്ചയുണ്ടായിരുന്നു.  ഗവണ്‍മെന്‍റ് സാങ്കേതികമായ പരിഹാരങ്ങളെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്; എന്നാല്‍ ലൂയിസ് സഹോദരന്‍ സാമൂഹികമായ പരിഹാരങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്. അദ്ദേഹം നദീജലം തിരിച്ചുവിടുന്നതിന് എതിരല്ല. നദീജലം തിരിച്ചുവിടുന്നതുകൊണ്ട് ദുരിതമനുഭവിക്കാന്‍ പോകുന്ന ജനങ്ങളുമായി വേണ്ടവിധത്തിലുള്ള ചര്‍ച്ചകള്‍ നടത്താതെയും അവര്‍ക്കു വേണ്ട പരിരക്ഷയുടെ ഉറപ്പ് കൊടുക്കാതെയുമുള്ള സാമൂഹികപരിഹാരത്തെയാണ് അദ്ദേഹം എതിര്‍ക്കുന്നത്. എല്ലാറ്റിനേയും കച്ചവടവത്കരിക്കുകയും ലാഭക്കൊയ്ത്തിനുള്ള വില്പനച്ചരക്കാക്കുകയും ചെയ്യുന്ന ഇന്നത്തെ ലോകത്ത്, തിരിച്ച് വിടുന്ന ജലത്തിന്‍റെ 70% വും കയറ്റുമതിക്ക് വേണ്ടിയുള്ള കാര്‍ഷികക്കച്ചവടത്തിന് ഉപയോഗിക്കില്ല എന്നതിന് എന്താണ് ഉറപ്പ്? ബാക്കി മാത്രമെ രാഷ്ട്രം, ദാഹിക്കുന്ന ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സാധ്യതയുള്ളൂ. അതും അവര്‍ വിലയ്ക്കു വാങ്ങേണ്ടിവരുമോ? മുപ്പതുവര്‍ഷക്കാലത്തോളമായി ഈ താഴ്വാരത്തിലെ ദരിദ്രജനങ്ങളുമായി ഹൃദയൈക്യത്തിലായ ബിഷപ്പ് ഡോം ലൂയിസിനറിയാം എവിടെയാണ് പ്രശ്നം കിടക്കുന്നതെന്ന്. ഉന്നത ജ്ഞാനത്തിന്‍റെ ഒരു ദൗത്യവുമായി അദ്ദേഹമിവിടെ "ദൈവത്തിന്‍റെ വട്ടനായി"ത്തീര്‍ന്നിരിക്കുകയാണ്.

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts