കേരളത്തിലെ ആദിവാസി സമൂഹങ്ങളെക്കുറിച്ചും അവര്‍ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും അവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ എന്താണെന്നും അസ്സീസി ചര്‍ച്ചചെയ്യുന്നു.
ചര്‍ച്ച നയിക്കുന്നത് -അഡ്വ. സ്റ്റീഫന്‍ മാത്യു ചീക്കപ്പാറ, ഡയറക്ടര്‍, നീതിവേദി, കല്പറ്റ.
ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - (1) സജീവന്‍ - കാസര്‍കോഡ്, കൊറക സമുദായം, കേരള ആദിവാസി ഫോറം പ്രസിഡന്‍റ്, (2) ബാബു അറയ്ക്കല്‍- ഇടുക്കി ജില്ല, മലയരയവിഭാഗം, കേരള ആദിവാസിഫോറം ഇടുക്കി ജില്ലാ സെക്രട്ടറി. (3) കാഞ്ചന വിജയന്‍ - അതിരപ്പള്ളി ഗ്രാമപഞ്ചായത്ത്, തോല്‍പ്പാറ, കാടര്‍ വിഭാഗം, കേരളാ ആദിവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്‍റ്, (4) ബാബു മലയ് - തിരുവനന്തപുരം, കാണിക്ക സമുദായം, ഫോറം സംസ്ഥാന സെക്രട്ടറി, (5) മണിയന്‍- വയനാട് ജില്ല, പണിയ വിഭാഗം, വയനാട് ജില്ല ആദിവാസി ഫോറം പ്രസിഡന്‍റ് (6) ജോജി മാത്യു - നീതിവേദി പ്രവര്‍ത്തകന്‍, വയനാട്, സാമൂഹ്യപ്രവര്‍ത്തകന്‍ (7) മഞ്ജി-അട്ടപ്പാടി അഗളി, ഇരുള സമുദായം, (8) ഗിരിജ - വയനാട് ജില്ല, ഫോറം വയനാട് ജില്ലാ സെക്രട്ടറി, കുറമ്പ സമുദായം
ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - (1) സജീവന്‍ - കാസര്‍കോഡ്, കൊറക സമുദായം, കേരള ആദിവാസി ഫോറം പ്രസിഡന്‍റ്, (2) ബാബു അറയ്ക്കല്‍- ഇടുക്കി ജില്ല, മലയരയവിഭാഗം, കേരള ആദിവാസിഫോറം ഇടുക്കി ജില്ലാ സെക്രട്ടറി. (3) കാഞ്ചന വിജയന്‍ - അതിരപ്പള്ളി ഗ്രാമപഞ്ചായത്ത്, തോല്‍പ്പാറ, കാടര്‍ വിഭാഗം, കേരളാ ആദിവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്‍റ്, (4) ബാബു മലയ് - തിരുവനന്തപുരം, കാണിക്ക സമുദായം, ഫോറം സംസ്ഥാന സെക്രട്ടറി, (5) മണിയന്‍- വയനാട് ജില്ല, പണിയ വിഭാഗം, വയനാട് ജില്ല ആദിവാസി ഫോറം പ്രസിഡന്‍റ് (6) ജോജി മാത്യു - നീതിവേദി പ്രവര്‍ത്തകന്‍, വയനാട്, സാമൂഹ്യപ്രവര്‍ത്തകന്‍ (7) മഞ്ജി-അട്ടപ്പാടി അഗളി, ഇരുള സമുദായം, (8) ഗിരിജ - വയനാട് ജില്ല, ഫോറം വയനാട് ജില്ലാ സെക്രട്ടറി, കുറമ്പ സമുദായം
* ആദിവാസികള്‍ എന്ന നിലയില്‍ നിങ്ങള്‍ അഭിമാനം കൊള്ളുന്നുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളുടെ അഭിമാനബോധത്തിന്‍റെ അടിസ്ഥാനമെന്താണ്?
സജീവന്‍: ഇവിടുത്തെ ആദിവാസികള്‍ പ്രത്യേകമായ ആചാരാനുഷ്ഠാനങ്ങളും തനതായ പാരിസ്ഥിതിക വീക്ഷണങ്ങളുമുള്ളവരായതുകൊണ്ടുതന്നെ ഒരു ആദിവാസി എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രകൃതിയെ യാതൊരു വിധത്തിലും നോവിക്കാതെ അതിനെ സ്നേഹിക്കുന്നവരാണ് ഞങ്ങള്‍.
കാഞ്ചന: ഞാന്‍ കാടര്‍ വിഭാഗത്തില്‍പ്പെട്ട ആളാണ്. കാടര്‍ വിഭാഗം എപ്പോഴും കാട്ടിനുള്ളിലാണ് ജീവിക്കുന്നത്. അവര്‍ കാടിന്‍റെ മക്കളും അതിന്‍റെ സംരക്ഷകരുമാണ്. ആറ്, തോട്, പുഴ, മത്സ്യങ്ങള്‍ എന്നിവയെ സംരക്ഷിക്കുന്നു. കല്യാണം, മരണം, അടിയന്തരം എന്നീ അവസരങ്ങളിലൊക്കെ ആദിവാസികള്‍ക്ക് പ്രത്യേകമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെയുണ്ട്. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് പലരും ആദിവാസിക്കുട്ടി എന്ന് പറഞ്ഞ് പുച്ഛിച്ചിരുന്നു. പിന്നീട് പൊതുപ്രവര്‍ത്തനത്തിലേര്‍പ്പെട്ടപ്പോള്‍ എനിക്കു ബോധ്യംവന്നു, ആദിവാസി വിഭാഗത്തില്‍പ്പെട്ടതിന്‍റെ പേരില്‍ അഭിമാനത്തിന് കോട്ടമൊന്നും സംഭവിക്കുന്നില്ലായെന്ന്.
മണിയന്‍: ആദിവാസികള്‍ ഒന്നും സ്വന്തമായി വയ്ക്കുന്നില്ല. എല്ലാം അവര്‍ മറ്റുള്ളവര്‍ക്കുകൂടി പങ്കിട്ടു നല്കുന്നു. അവര്‍ക്ക് സ്വന്തമായി ഒരു കൂട്ടായ്മയുണ്ട്. അവരുടെ ഈ ബന്ധത്തിലും കെട്ടുറപ്പിലും ഞാന്‍ അഭിമാനിക്കുന്നു. അവര്‍ക്ക് രാഷ്ട്രീയത്തില്‍ പിടിപാടില്ല. എന്തിനാണ് രാഷ്ട്രീയം എന്നാണവര്‍ ചോദിക്കുന്നത്. ഇത് അവരുടെ വേറിട്ട ചിന്തയാണ്. അവര്‍ക്ക് ഒരു കൂട്ടായ്മയും അതിന്‍റെ ഭരണാധികാരിയായി ഒരു മൂപ്പനും ഉണ്ട്. നീതിയും നിയമവും അവര്‍ തന്നെ രൂപപ്പെടുത്തുന്നു. അവര്‍ തന്നെ ശിക്ഷയും വിധിക്കുന്നു.
മഞ്ജി: ആയുധങ്ങളില്ലാതിരുന്ന അക്കാലത്തും പരസഹായം കൂടാതെ ആദിവാസികള്‍ മലങ്കാടുകളില്‍ വിത്തിറക്കി. കാട്ടിലെ കായ്കനികളും തേനും കഴിച്ച് അവര്‍ വിശപ്പടക്കി. കുടിയേറ്റക്കര്‍ഷകര്‍ വന്നതിനുശേഷമാണ് ആദിവാസികള്‍ക്കു മാറ്റം സംഭവിച്ചത്. ആദിവാസികള്‍ക്ക് സ്നേഹിക്കാന്‍ മാത്രമേ അറിയൂ. നിഷ്കളങ്കരാണ് അവര്‍. സ്നേഹിച്ചാല്‍ അവര്‍ ജീവന്‍തന്നെ നല്കും. വെറുത്താല്‍ എന്തിനേയും ശത്രുരൂപത്തില്‍ മാത്രം കാണുന്നു.
ഗിരിജ: വയനാട് ജില്ലയിലെ കുറുമ ആദിവാസി സമൂഹത്തിലെ ഒരു അംഗമാണ് ഞാന്‍. ഈ വിഭാഗം വയനാട് ജില്ലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. മറ്റ് ആദിവാസി സമൂഹത്തെക്കാള്‍ കുറുമ സമുദായം പാരമ്പര്യവാദികളാണ്. ഞങ്ങളുടെ സമുദായത്തില്‍പ്പെട്ട എത്ര ഉന്നതരും-കലക്ടര്‍, ഡോക്ടര്‍, അധ്യാപകര്‍-വിവാഹം കഴിക്കുന്നത് സമുദായത്തിന്‍റെ ആചാരങ്ങളിലൂടെയാണ്. അതെന്നില്‍ അഭിമാനം ജനിപ്പിക്കുന്നു.
* താനൊരു ആദിവാസിയാണെന്നു പറയുന്നതിലും അങ്ങനെ ഇടപെടുന്നതിലും ഇന്നത്തെ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സന്തോഷമുണ്ടോ? അതോ അവര്‍ അവരുടെ സ്വത്വം മറച്ചുവച്ചുകൊണ്ടാണോ ഇടപെടുന്നത്?
ബാബു അറയ്ക്കല്‍: തീര്‍ച്ചയായും പല മേഖലകളിലും അവര്‍ തങ്ങളുടെ സ്വത്വം മറച്ചുവയ്ക്കുന്നു. താനൊരു ആദിവാസിയാണെന്ന് പറയുന്നതില്‍ അവര്‍ക്ക് അഭിമാനക്കുറവ് അനുഭവപ്പെടുന്നു. എന്നാല്‍, ഗവ. നല്‍കുന്ന സഹായം ഏതെങ്കിലും വശത്തുകൂടെ കടന്നുചെന്ന് അവര്‍ കൈപ്പറ്റുകയും ചെയ്യും. കാരണം അവര്‍ പുറംസമൂഹത്തിന്‍റെ ചൂഷണത്തിന്, ആദിവാസിയാണെന്നതിന്‍റെ പേരില്‍ വിധേയരാകുന്നു. അവര്‍ എന്തെങ്കിലും കാര്യസാധ്യത്തിനായി ആദിവാസിക്കുടികളിലെത്തി മദ്യം നല്കി സ്വാധീനിച്ച് കാര്യം കാണും. പിന്നീട് എന്തെങ്കിലും കാര്യത്തിനായി ആദിവാസികള്‍ പുറംലോകത്തിനെ സമീപിക്കുമ്പോള്‍, അവനൊരു ആദിവാസിയാണ്, അവനൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല എന്ന പേരില്‍ മാറ്റിനിര്‍ത്തുന്നു.
സജീവന്‍: ഞങ്ങള്‍ ആദിവാസി എന്ന നിലയില്‍ അഭിമാനം കൊള്ളുമ്പോള്‍ ഇവിടുത്തെ പൊതുസമൂഹം ഞങ്ങളുടെ അഭിമാനത്തെ അംഗീകരിക്കുന്നില്ല. ആദിവാസിയെന്ന നിലയില്‍ മറ്റാരും ഞങ്ങളെ അഭിമാനത്തോടെ നോക്കുന്നില്ല.
മണിയന്‍: ആദിവാസി സമൂഹത്തില്‍നിന്ന് ഒരുവന്‍ വിദ്യാഭ്യാസം നേടി ജോലിയിലായിക്കഴിയുമ്പോള്‍ അവന്‍ സ്വന്തം സമുദായത്തെ മറക്കുന്നു, വെറുക്കുന്നു. വലിയ നിലയിലെത്തിക്കഴിഞ്ഞാല്‍ ആദിവാസിക്കോളനിയിലോ ഊരിലോ താമസിക്കാന്‍ അവന്‍ ഇഷ്ടപ്പെടുന്നില്ല. അവരില്‍നിന്ന് അകന്നു ജീവിച്ചാല്‍ ആദിവാസിയെന്ന വിളിയില്‍നിന്ന് ഒഴിവാകാമല്ലോ എന്ന് അവന്‍ ചിന്തിക്കുന്നു. മറ്റു സമുദായങ്ങളിലെ ആളുകള്‍ ഉന്നതനിലയിലെത്തിയാല്‍ അവര്‍ സ്വന്തം സമുദായത്തെ വളര്‍ത്താന്‍ സഹായിക്കും. എന്നാല്‍, അങ്ങനെയുള്ള ആദിവാസികള്‍ സ്വസമുദായത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ല.
ബാബു മലയ്: ഉന്നതമേഖലയിലെത്തിയ ആദിവാസികള്‍ നിരവധിയാണ്. കളക്ടറും വില്ലേജ് ആഫീസറുമൊക്കെയുണ്ട്. എന്നാല്‍, അവരുടെ വളര്‍ച്ചയുടെ പിന്നിലെ ചരിത്രം അന്വേഷിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. അവരെ ഈ നിലയിലെത്താന്‍ സഹായിച്ചത് ഇവിടുത്തെ ക്രിസ്ത്യാനികളാണ്. ആദിവാസികള്‍ പൊതുവേ ഹിന്ദുക്കള്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇവിടുത്തെ ഒരു ഹിന്ദുസംഘടനയും ആദിവാസികളെ രക്ഷിക്കാനെത്തിയിട്ടില്ല. സഹകരിച്ചിട്ടുള്ളത് ക്രിസ്ത്യാനികള്‍ മാത്രമാണ്. അവരുമായി സഹകരിച്ചതു വഴി ആദിവാസികളുടെ പേരിലും ഭാഷയിലും വേഷത്തിലുമൊക്ക മാറ്റം വന്നു. അങ്ങനെ മാറ്റം വന്ന ഇവര്‍ ആദിവാസിയെന്ന സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ വില്ലേജ് ആഫീസര്‍ അതു നിഷേധിക്കുന്നു. ഇവന്‍ ഹിന്ദുവാണോ, ആദിവാസിതന്നെയാണോയെന്ന് വീണ്ടും വീണ്ടും തിരക്കുന്നു. ഇത്തരത്തിലുള്ള അവഗണന മാറണം.
* കുട്ടികള്‍ക്ക് അവരുടെ സമുദായത്തിന്‍റെ ചരിത്രവും പാരമ്പര്യവും കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞാല്‍ സ്വസമുദായത്തെക്കുറിച്ച് അവര്‍ക്കു കൂടുതല്‍ അഭിമാനിക്കാനാകുമെന്ന് വിശ്വസിക്കുന്നവരാണ് നിങ്ങള്‍ എന്ന ധാരണയില്‍ ചോദിക്കട്ടെ ആദിവാസി സമുദായത്തെക്കുറിച്ച് അവരുടെ പുത്തന്‍ തലമുറയെ അഭിമാന ബോധമുള്ളവരാക്കാന്‍ എന്താണ് ചെയ്യേണ്ടത്?
മണിയന്‍: സ്വന്തം സമുദായത്തിന്‍റെ ആചാരങ്ങള്‍ നിലപാട്, കഴിവ് ഇവയൊക്കെ എന്താണെന്ന് അടുത്തറിയണം. അവയൊന്നും പുസ്തകരൂപത്തില്‍ എഴുതപ്പെട്ടിട്ടില്ല. മനസ്സുകളില്‍നിന്ന് മനസ്സുകളിലേക്ക് കൈമാറുക മാത്രമാണ് ചെയ്യുന്നത്. അവ എഴുതിത്തന്നെ വയ്ക്കണം. അതു വായിച്ചു മനസ്സിലാക്കുന്ന കുട്ടികള്‍ ആദിവാസി സമുദായത്തില്‍ അഭിമാനത്തോടെ ഉറച്ചു നില്‍ക്കും. ആദിവാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അന്ധവിശ്വാസമാണെന്നും തെറ്റാണെന്നുമാണ് ഇവിടുത്തെ പൊതുസമൂഹം പറഞ്ഞുപരത്തുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സാക്ഷരതാ ക്ലാസ്സുകള്‍ വന്നു. അവര്‍ അന്നു പഠിപ്പിച്ചത് ആദിവാസികളുടെ ആചാരങ്ങളെല്ലാം അന്ധവിശ്വാസങ്ങളാണെന്നും അവര്‍ ചെയ്യുന്നത് തെറ്റാണെന്നും ആയിരുന്നു. ലോകത്തുള്ള മറ്റെല്ലാ ജനവിഭാഗം ചെയ്യുന്നതും ശരി, ആദിവാസികള്‍ ചെയ്യുന്നതു മാത്രം തെറ്റ് എന്ന ധാരണ മാറ്റപ്പെടണം. എന്നാല്‍ മാത്രമേ ആദിവാസി സമൂഹത്തിന് വളരാനാകൂ.
* ആദിവാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊന്നും പൊതുസമൂഹം അംഗീകരിക്കുന്നില്ല. അവര്‍ക്ക് അര്‍ഹിക്കുന്ന മതിപ്പു നല്‍കുന്നില്ല എന്നൊക്കെയാണ് ഇത്രയും നേരം ചര്‍ച്ച ചെയ്തതില്‍നിന്നു മനസ്സിലായത്. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന നിലയില്‍ ജോജി മാസ്റ്ററുടെ അഭിപ്രായമെന്താണ്?
ജോജി: എന്‍റെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ആദിവാസി ഊരില്‍നിന്നാണ്. അവരുടെ മൂല്യവത്തായ ആചാരാനുഷ്ഠാനങ്ങള്‍ കണ്ടറിഞ്ഞും കൊണ്ടറിഞ്ഞും വളരാനിടയായതുകൊണ്ടാണ് ഞാന്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഇത്രയേറെ മൂല്യവത്തായ ഒരു സംസ്കാരം രാജ്യത്ത് മറ്റൊരുവിഭാഗത്തിനിടയിലും കാണില്ല. എന്നാല്‍ ഈ സഹോദരങ്ങള്‍ ഇവിടെ പങ്കുവച്ച അനുഭവങ്ങളില്‍നിന്ന് അവര്‍ അപമാനിക്കപ്പെടുന്നുവെന്നത് സത്യമാണെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. പൊതുസമൂഹത്തിലെ സ്കൂളുകളില്‍ മനസ്സമാധാനത്തോടെ പഠിക്കുവാന്‍ ആദിവാസി കുട്ടികള്‍ക്ക് സാധിക്കുന്നില്ല. ഏതെങ്കിലും ഒരു കുട്ടി ഇതിനെ അതിജീവിച്ച് പഠിച്ച് ജയിച്ച് ഉന്നതനിലയിലെത്തിയാല്‍ അവന്‍റെ മനസ്സില്‍ വിദ്യാഭ്യാസ കാലത്ത് ലഭിച്ച തിക്താനുഭവങ്ങള്‍ അടിഞ്ഞുകിടപ്പുണ്ടായിരിക്കും. അതുകൊണ്ട് താനൊരു ആദിവാസിയാണെന്ന കാര്യം മറച്ചുവയ്ക്കാന്‍ അവന്‍ ശ്രമിക്കും. കാരണം മറ്റുള്ളവരുടെ മുമ്പില്‍ അവജ്ഞാപാത്രമാകാന്‍ അവന്‍ ഇഷ്ടപ്പെടുന്നില്ല. ആദിവാസികള്‍ പുറത്തിറങ്ങാനോ പൊതുസമൂഹവുമായി ബന്ധപ്പെടാനോ തയ്യാറാകാത്തതിനു കാരണം പൊതുസമൂഹം അവരെ അംഗീകരിക്കാത്തതുതന്നെയാണ്.
എന്തിനാണ് ആദിവാസികള്‍ക്കുവേണ്ടി ഇത്രമാത്രം മരിച്ചുപ്രവര്‍ത്തിക്കുന്നത്, ഇവര്‍ നന്നാകാന്‍ പോകുന്നില്ല, എന്നൊക്കെ എന്‍റെ കൂട്ടുകാരും വീട്ടുകാരും പറയാറുണ്ട്. ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്കിത് മനസ്സിലാകില്ല. ഞാനവരുടെ സ്നേഹം അനുഭവിച്ചവനാണ,് അവരുടെ ജീവിതം കണ്ടറിഞ്ഞവനാണ്. അവരോടൊപ്പം ജീവിച്ചവനാണ്. ആ സ്നേഹം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമോ എന്ന ശ്രമത്തിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.
* കേരളത്തിലെ ആദിവാസി സമൂഹം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നോ രണ്ടോ പ്രശ്നങ്ങള്‍?
സജീവന്‍: ആദിവാസി സമൂഹം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഭൂമിയാണ്. ആദിമ ജനത, മണ്ണിന്‍റെ മക്കള്‍ എന്നൊക്കെ പറയാമെങ്കിലും മരിച്ചാല്‍ അടക്കാന്‍ ഒരു തുണ്ടു ഭൂമിപോലും ആദിവാസിക്കില്ല. ഇതു വലിയൊരു പ്രശ്നമാണ്. ഏക്കറുകണക്കിന് ഭൂമി കൈവശമുണ്ടായിരുന്ന ആദിവാസികള്‍ക്ക് എങ്ങനെയാണ് ഭൂമി നഷ്ടപ്പെട്ടത്? മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഭൂമിയുടെ മക്കളായ ആദിവാസികളെ വഞ്ചിച്ചുകൊണ്ട് കുടിയേറ്റ കര്‍ഷകര്‍ക്ക് നാലും അഞ്ചും ഏക്കര്‍ ഭൂമി നല്കുമ്പോള്‍ ആദിവാസികള്‍ക്ക് നല്കുന്നത് നാലോ അഞ്ചോ സെന്‍റ് ഭൂമി മാത്രമാണ്. അവരെ അവഗണിക്കുന്നു.
ബാബു അറയ്ക്കല്‍: ഭൂമി തന്നെയാണ് ഏറ്റവും പ്രധാന പ്രശ്നം. രണ്ടാമത്തെ കാര്യം ആരോഗ്യമാണ്. കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ചു ജീവിച്ചിരുന്ന ആദിവാസികള്‍ക്ക് ഇന്ന് വിഷം നിറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കഴിക്കേണ്ടി വരുന്നു. മറ്റൊന്ന് ആദിവാസി സ്ത്രീകള്‍ നേരിടുന്ന പ്രശ്നമാണ്. ഊരുകളില്‍ സ്വൈര്യമായി ധൈര്യത്തോടെ ഇരിക്കാന്‍ സ്ത്രീക്കുമാത്രമല്ല കൊച്ചുകുട്ടിക്കുപോലും പറ്റാത്ത ദുഷ്കരമായ അവസ്ഥയാണിന്ന്.
കാഞ്ചന: പുറമെക്കാരുടെ വനഭൂമി കയ്യേറ്റങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുന്നത് ആദിവാസികളാണ്. ഉദാഹരണത്തിന്, പുറമെനിന്ന് ആരോ വന്ന് ചന്ദനം മുറിച്ച് മാറ്റിയതിന്‍റെ പേരില്‍ ഞങ്ങള്‍ക്കെതിരായി പല കേസുകളും ഇന്ന് നിലനില്‍ക്കുന്നുണ്ട്. സത്യത്തില്‍ നിങ്ങള്‍തന്നെയാണോ ചന്ദനം മുറിച്ചതെന്ന് ആദിവാസികളോട് ആരും ചോദിക്കുന്നില്ല. യഥാര്‍ത്ഥ കുറ്റക്കാര്‍ അവിടെയുണ്ടെങ്കിലും അവരെ പിടികൂടുന്നില്ല. ശിക്ഷ അനുഭവിക്കുന്നത് നിരപരാധികളായ ആദിവാസികളാണ്. ഞങ്ങള്‍ക്ക് കാടിനകത്തുനിന്ന് ഒരു കിഴങ്ങ് കുഴിച്ചു തിന്നാനോ മറ്റെന്തെങ്കിലും സാധനം എടുക്കാനോ സാധിക്കുന്നില്ല. ഈ തടസ്സങ്ങള്‍ ഇല്ലാതാക്കണം.
ബാബു മലയ്: ആദിവാസികളുടെ പ്രധാനപ്രശ്നം ഭൂമിതന്നെ. പുറമേ നിന്നെത്തുന്നവര്‍, വെറുമൊരു 50 രൂപാ പത്രത്തില്‍ ഒപ്പിടുവിച്ച് കുറഞ്ഞ വിലയ്ക്ക് ആദിവാസികളുടെ ഭൂമി കൈക്കലാക്കുന്നു. പത്തോ ഇരുപതിനായിരമോ രൂപയ്ക്ക് നാലഞ്ചേക്കര്‍ ഭൂമിയാണ് ഭൂ മാഫിയ വാങ്ങുന്നത്. അവര്‍ അവിടെ കൃഷി ചെയ്യുകയല്ല, കോട്ടേജുകളും മറ്റും നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ആദിവാസികള്‍ ഭൂരഹിതരാകും, ഈ നില തുടര്‍ന്നാല്‍.
മണിയന്‍: ദൈവത്തിന്‍റെ നാടായ കേരളത്തില്‍ ആദിവാസിക്ക് ഭൂമി കൊടുത്താല്‍ അവര്‍ പ്രകൃതിയെ മാറ്റി തിരിച്ചുകൊണ്ടുവരുമെന്ന് എനിക്ക് ബോധ്യമുണ്ട്. എന്നാല്‍ അവരെ ഭൂമിയില്‍ നിന്ന് ഒഴിവാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മദ്യം കൊടുത്ത് അവരെ നശിപ്പിക്കുകയും ചെയ്യുന്നു. ഭൂമി നല്കിയാല്‍ അവന്‍ നന്നായി കൃഷി ചെയ്യുമെന്നും നാടു വികസിക്കുമെന്നും പൊതുസമൂഹത്തിനറിയാം. തമിഴ്നാടിന്‍റെ ആവശ്യം നമുക്കില്ലാതെയും വരും. എന്നാല്‍ ഇത്തരത്തില്‍ വളരാന്‍ ആദിവാസിയെ അനുവദിച്ചാല്‍ തങ്ങള്‍ക്ക് പണിക്ക് ആളെ കിട്ടാതെ വരും. കൊടി പിടിക്കാന്‍ ആളില്ലാതെ വരും. അതിനാലാണ് അവന് ഭൂമി കൊടുക്കാത്തത്.
മഞ്ജി: ആദിവാസികള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം സാമ്പത്തികമാണ്. സ്വന്തം വിഭവങ്ങള്‍ വിറ്റഴിക്കാന്‍ ആദിവാസികള്‍ക്ക് അറിവില്ല. സാമ്പത്തികക്കുറവുകാരണം അവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടു വരുന്നു. പത്തോ പതിനഞ്ചോ ഏക്കര്‍ ഭൂമിയുള്ള ആദിവാസികള്‍ നിസ്സാരം ഒരു ചായയ്ക്കോ ബീഡിക്കോ മദ്യത്തിനോ വേണ്ടി അന്‍പതോ, ഇരുപതോ രൂപയ്ക്ക് ഭൂമി വില്‍ക്കുന്നു.
ഗിരിജ: ആദിവാസിയുടെ ഭൂമി നഷ്ടപ്പെടാന്‍ കാരണം കുടിയേറ്റക്കര്‍ഷകര്‍ മാത്രമല്ല. നമ്മുടെ കാര്‍ന്നോന്‍മാരുടെ ശ്രദ്ധക്കുറവുകൂടിയാണ്. 1/4 സെര്‍ 1 സെര്‍ നെല്ലിനുവേണ്ടി രണ്ടേക്കര്‍ ഭൂമി വരെ വിറ്റവരുണ്ട്.
* ഭൂമി ഒരു മുഖ്യ പ്രശ്നമാണെന്ന് എല്ലാവരും പറഞ്ഞു. ആദിവാസികള്‍ക്ക് ഭൂമി നല്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങളുണ്ട്. 2001 ലെ ആദിവാസി ഉടമ്പടി, 1975 ലെ നിയമം, 1999 ലെ നിയമം ഇതെല്ലാം ആദിവാസികള്‍ക്ക് ഭൂമി നല്കുന്നതിനെപ്പറ്റി പരാമര്‍ശിക്കുന്നതാണ്. കേരളത്തിലെ ആദിവാസികള്‍ക്ക് ഭൂമി നല്കാന്‍ കഴിയാത്തതിനു കാരണം ഇവിടെ വേണ്ടത്ര ഭൂമി ഇല്ലാത്തതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ? നിങ്ങള്‍ ഈ പ്രശ്നത്തെ എങ്ങനെ വിലയിരുത്തുന്നു?
സജീവന്‍: മണിയന്‍ പറഞ്ഞതുപോലെ ഭൂമി ഇല്ലാത്തതുകാരണമല്ല ആദിവാസികള്‍ക്ക് ഭൂമി കൊടുക്കാത്തത്. ആദിവാസികളെ പൊതുസമൂഹം അംഗീകരിക്കാത്തതുകൊണ്ടാണ്. അവര്‍ക്ക് ഭൂമി കൊടുത്താല്‍ അവരെന്തു ചെയ്യാനാണ്! കുടിലുവയ്ക്കാന്‍ രണ്ടോ മൂന്നോ സെന്‍റ് ഭൂമി പോരേ? റിയലെസ്റ്റേറ്റുകാരാണെങ്കില്‍ ഒരുപാട് റിസോര്‍ട്ടുകളും ബില്‍ഡിംഗുകളും നിര്‍മ്മിക്കും. ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും ഈ നിയമം പാലിക്കാന്‍ തയ്യാറല്ല. വനാവകാശ നിയമം ആദിവാസികളുടെ ഉന്നമനത്തിനു സഹായകമായ നിയമം തന്നെയാണ്. എങ്കിലും കേരളത്തില്‍ ഇത് പാലിക്കപ്പെടുന്നില്ല. കൃഷി ചെയ്യാന്‍ ഭൂമി കിട്ടിയാല്‍ ആദിവാസികള്‍ സുഖമായി ജീവിക്കും. പക്ഷേ ചിലര്‍ പറയുന്നു. ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കിയാലും അവരുടെ പ്രശ്നം തീരുകയില്ല. ഒരു ചോരക്കളിയാണ് ഇവിടെ നടക്കുന്നതെന്ന്.
ബാബു മലയില്‍ : ഗവണ്‍മെന്‍റിന്‍റെ കൈയിലിരിക്കുന്ന രേഖകളൊന്നും സത്യസന്ധമല്ല. ഭൂമി നഷ്ടപ്പെട്ട ആദിവാസികളെക്കുറിച്ച് വില്ലേജാഫീസര്‍ ജില്ലാ കളക്ടര്‍ക്ക് സത്യസന്ധമായ ലിസ്റ്റല്ല നല്കുന്നത്. അവരുടെ ബന്ധുക്കള്‍ക്കോ, രാഷ്ട്രീയ പിന്‍ബലമുള്ളവര്‍ക്കോ, സ്വാധീനമുള്ളവര്‍ക്കോ ഒക്കെ ഭൂമി കിട്ടത്തക്കവിധമുള്ള ലിസ്റ്റാണ് നല്കുന്നത്. ഭൂമിയില്ലാത്ത യഥാര്‍ത്ഥ ആദിവാസികളുടെ പേര് ലിസ്റ്റിലില്ല. ഉന്നതതലത്തില്‍ ബന്ധങ്ങളുള്ളവര്‍ ലിസ്റ്റില്‍ കടന്നുകൂടുന്നു. അവര്‍ ഭൂമി പിടിക്കാനെത്തുമ്പോള്‍, പാവപ്പെട്ട തങ്ങളുടെ പേര് ലിസ്റ്റിലില്ലാത്തത് എന്തുകൊണ്ടെന്ന് ആദിവാസികള്‍ ചോദിക്കുന്നു. സമരം നടത്തുന്നു. വീണ്ടും ഭൂമി കൊടുക്കല്‍ ചടങ്ങ് ഗവണ്‍മെന്‍റ് മാറ്റിവയ്ക്കുന്നു.
* ആദിവാസി ഒരു സംഘടിത ശക്തിയല്ലാത്തതുകൊണ്ടല്ലേ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഭൂമി കൊടുക്കാതിരിക്കലും ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്?
ജോജി: ആദിവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നില്ല. അവര്‍ക്ക് കൂട്ടായ്മയില്ല. അവകാശബോധമില്ല. ഇവര്‍ക്കെന്തിനാണ് ഭൂമി കൊടുക്കുന്നതെന്ന് പൊതുസമൂഹം ചോദിക്കുന്നു. അതേസമയം ഭൂമി മറ്റുള്ളവര്‍ക്ക് നല്കിയാല്‍ ഇവിടെ വികസനം നടക്കും. എമര്‍ജിംഗ് കേരള എന്ന ആശയം കൊണ്ടുവരുന്നത് ഇതുതന്നെയാണ്.
മണിയന്‍: ഇപ്പോള്‍ വയനാടിനുതന്നെ ഒരു എം.എല്‍.എ.യും മന്ത്രിയും ഉണ്ട്. പക്ഷേ അവര്‍ ആദിവാസികള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇവരുടെ നിലപാട് ആദിവാസി സമൂഹം തിരിച്ചറിയണം. എന്തിനുവേണ്ടിയാണ് ഇവിടെ ആദിവാസിയുടെ പേരില്‍ ഒരു എം.എല്‍.എ. യും മന്ത്രിയും? അവര്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല. ആദിവാസി സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ പഠിച്ച് അവര്‍ അവര്‍ക്കുവേണ്ടി ശബ്ദിക്കുന്നില്ല. കേരളത്തിലെ ഗവണ്‍മെന്‍റിന് ഭൂരിപക്ഷം കുറവാണ്. ഈയവസരത്തില്‍ ഈ എം.എല്‍.എയും മന്ത്രിയും ആദിവാസികള്‍ക്കുവേണ്ടി ഒന്ന് ആഞ്ഞുപിടിച്ചാല്‍ അവര്‍ക്ക് ഭൂമി നല്‍കാനാകും. ആദിവാസി സമൂഹത്തെ വഞ്ചിക്കുകയാണ് മാറി മാറി വരുന്ന ഇടതു-വലതു സര്‍ക്കാരുകള്‍. മൂന്നാം മുന്നണി കേരളത്തില്‍ വന്നാല്‍ ഇവിടെ നടക്കുന്ന അഴിമതി അന്വേഷിച്ച് കണ്ടെത്തും. കക്ഷി രാഷ്ട്രീയത്തിനെതിരെ ഒരു പ്രവര്‍ത്തനം നടന്നാല്‍ വികസനം നന്നാകും. എല്ലാവര്‍ക്കും ഭൂമി ലഭിക്കുമെന്നും ഞാന്‍ ചിന്തിക്കുന്നു.
* അതിരപ്പള്ളി - വാഴച്ചാല്‍ പ്രദേശത്ത് വനാവകാശ നിയമം നടപ്പിലാക്കാന്‍ സാധിക്കാത്തതിനെക്കുറിച്ച് കാഞ്ചനയ്ക്ക് എന്താണ് പറയാനുള്ളത്?
കാഞ്ചന: ഞങ്ങള്‍ക്ക് കൈവശരേഖ തന്നിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ക്കു തന്നിരിക്കുന്നത് ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന ഇരുപത്തിയഞ്ചു സെന്‍റിന്‍റെ കൈവശ രേഖയാണ്. ഞങ്ങളുടെ പൂര്‍വികര്‍ താമസിച്ചിരുന്ന, അവരുടെ അടുപ്പുകല്ലോ മറ്റെന്തെങ്കിലും അവശിഷ്ടങ്ങളോ കിടക്കുന്ന ഭൂമിയായിരുന്നു വനാവകാശ നിയമപ്രകാരം ഞങ്ങള്‍ക്ക് നല്കേണ്ടിയിരുന്നത്.
* ആദിവാസികളുടെ പേരില്‍ വരുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ ആരാണ് ദുരുപയോഗം ചെയ്തത് എന്നതിനെക്കുറിച്ച് ആദിവാസി നേതാക്കള്‍ എന്ന നിലയില്‍ നിങ്ങളുടെ അഭിപ്രായം എന്ത്?
ബാബു അറയ്ക്കല്‍: ഒരു ഉദാഹരണം പറയാം. ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിലെ ഒരു വാര്‍ഡുമെമ്പര്‍ മലയരയ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയാണ്. ആദിവാസി സംവരണ സീറ്റില്‍ നിന്നല്ല, കോണ്‍ഗ്രസ് സീറ്റിലാണ് അവര്‍ വിജയിച്ചത്. ആ പഞ്ചായത്തില്‍ ആദിവാസികള്‍ക്കായി ഏഴുലക്ഷം രൂപയുടെ ഒരു ഫണ്ടു വന്നു. പഞ്ചായത്തു കമ്മറ്റി കൂടിയപ്പോള്‍ ആദിവാസികള്‍ക്കുവേണ്ടി ഇന്നയിന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് പറയാന്‍ ആ വനിത മെമ്പര്‍ എഴുന്നേറ്റപ്പോള്‍ വൈസ് പ്രസിഡന്‍റ് പറഞ്ഞു, നിങ്ങള്‍ ആദിവാസി സംവരണ സീറ്റില്‍ നിന്നു വന്നതല്ല. മിണ്ടാതിരിക്കൂ. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. അവരെക്കൊണ്ട് ഒന്നും പറയാന്‍ സമ്മതിച്ചില്ല.
*ആദിവാസികളുടെ പേരില്‍ വരുന്ന ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം?
സജീവന്‍: ആദിവാസികളുടെ ഫണ്ട് ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുണ്ട്. ഊരുകൂട്ടം എന്ന സംവിധാനമാണ് ഈ ഫണ്ടിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പക്ഷേ അതു വേണ്ടത്ര കാര്യക്ഷമമല്ല.
* സജീവന്‍ വളരെ പ്രധാനപ്പെട്ട വിഷയത്തിലേക്ക് ചര്‍ച്ചയെ കൊണ്ടുവന്നിരിക്കുന്നു. ആദിവാസികളുടെ വികസനവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ഊരുകൂട്ടവുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണമെന്നാണ് ഗവണ്‍മെന്‍റ് ഉത്തരവ്. നിങ്ങളുടെയൊക്കെ ജില്ലയില്‍ ഊരുകൂട്ടങ്ങള്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടോ? തീരുമാനമെടുക്കുന്നത് ആദിവാസികള്‍ തന്നെയാണോ? ഊരുകൂട്ടത്തിന്‍റെ തീരുമാനങ്ങളുടെമേല്‍ അമിതമായ രാഷ്ട്രീയ സ്വാധീനമുണ്ടോ?
മണിയന്‍: വയനാടു ജില്ലയില്‍ ഊരുകൂട്ടമെന്നത് വെറും തട്ടിപ്പാണ്. കാരണം ഒരു പ്രൊമോട്ടറും ഒരു മെമ്പറുമാണ് അതിലുള്ളത്. അവര്‍ക്ക് ഊരുകൂട്ടമെന്താണെന്നു പോലും അറിയില്ല. ഊരുകൂട്ടത്തില്‍ ട്രൈബല്‍ ആഫീസര്‍ പങ്കെടുക്കാറേയില്ല. കൃഷിയാഫീസറും വില്ലേജാഫീസറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാരുമൊക്കെ ഇതില്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍ അവരാരും ഇതിലേക്ക് വരാറില്ല. അതേസമയം ഗ്രാമസഭയില്‍ ഇവരെല്ലാവരും ഹാജരാകാറുമുണ്ട്. ഇവിടെയും ആദിവാസികള്‍ പുച്ഛിക്കപ്പെടുന്നു. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് ഊരുകൂട്ടം പരാജയപ്പെടുന്നത്. പണ്ടു നടന്നതുപോലുള്ള മാതൃകാ ഊരുകൂട്ടങ്ങള്‍ തിരിച്ചു കൊണ്ടുവരണം.
ജോജി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കപ്പെടുന്ന ഫണ്ടുകളില്‍ വലിയൊരുപങ്ക് ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്‍റി(റ്റി.എസ്.പി.)നാണ്. ഈ ഫണ്ടാണ് വകമാറ്റി മറ്റു കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി വളരെക്കുറച്ചു ഫണ്ടേ അനുവദിക്കപ്പെടുന്നുള്ളൂ.
* നിങ്ങളുടെ കാഴ്ചപ്പാടില്‍ ഈ പ്രശ്നപരിഹാരത്തിനായി പൊതുസമൂഹത്തോട് എന്താണ് പറയാനുള്ളത്?
സജീവന്‍: കേരളത്തിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയസ്വാധീനമില്ലാത്ത സംഘടന വേണം. എങ്കിലേ ഭരണാധികാരികളും രാഷ്ട്രീയക്കാരും ആദിവാസികളെ പേടിക്കുകയുള്ളൂ. ഇത്തരമൊരു സംഘടന നിലവില്‍ വരാത്തിടത്തോളം കാലം ആദിവാസികള്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. വിദ്യാഭ്യാസത്തിനും ആനുകൂല്യങ്ങള്‍ക്കും വേണ്ടി നമ്മള്‍ ഒച്ചയുണ്ടാക്കണം. മന്ത്രിയെയും എം.എല്‍.എയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. ആദിവാസികള്‍ക്ക് മറ്റൊരു മുഖം വേണം. രാഷ്ട്രീയ ചട്ടുകമല്ലാത്ത, ആദിവാസികളെ സ്നേഹിക്കുന്ന, അവരെ വഞ്ചിക്കാത്ത, ആദിവാസി ഫോറം പോലുള്ള ഒരു സംഘടന നിലവില്‍ വരണം.
* കുറേ വര്‍ഷമായി ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയ്ക്ക്, ആദിവാസികള്‍ക്ക് ഒരു സംഘടിത ശക്തിയാകാനും അവകാശങ്ങള്‍ നേടിയെടുക്കാനും സാധിക്കുമെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നുവോ?
ജോജി: പുതിയൊരു തലമുറ ഒറ്റക്കെട്ടായി നിന്ന് അവകാശ ബോധമുള്ള ഒരു സമുദായക്കൂട്ടായ്മ വളര്‍ത്താന്‍ ശ്രമിക്കണം. അതിനവര്‍ക്ക് സാധിക്കും. ഇതെന്‍റെ പ്രതീക്ഷയും ആത്മവിശ്വാസവുമാണ്.