പുസ്തക വില്പനക്കാരനാണ് നൗഷാദ് കാക്കച്ചൂര്‍. ജന്മനായുള്ള അംഗവൈകല്യം തന്‍റെ കാലുകളെ തളര്‍ത്തിയെങ്കിലും തന്‍റെ വൈകല്യം പുതിയ സാധ്യതകള്‍ക്കുള്ള, അന്വേഷണത്തിനുള്ള പ്രചോദനമായി കണ്ട് തന്‍റേതായ വഴികളില്‍ സഞ്ചരിക്കുന്നയാളാണ് നൗഷാദ്. ഇങ്ങനെ അംഗവൈകല്യം സാധ്യതയാക്കി മാറ്റിയവര്‍ ധാരാളമുണ്ട്. ഉള്ള അവയവങ്ങള്‍ തന്നെ നന്നായി ഉപയോഗിക്കാനും തനിക്കും മറ്റുള്ളവര്‍ക്കും പ്രയോജനകരമാക്കിത്തീര്‍ക്കാനും സാധാരണക്കാര്‍ക്ക് കഴിയാതെ വരുമ്പോള്‍, വൈകല്യം ബാധിച്ച തന്‍റെ ശരീരം കൊണ്ട് മറ്റുള്ളവരെ സഹായിക്കുന്ന നൗഷാദുമാര്‍ നമുക്കു ചുറ്റും ധാരാളമുണ്ട്.
പുസ്തകവില്പന കേവലം തൊഴില്‍ മാത്രമല്ല നൗഷാദിന്. അതുകൊണ്ടുതന്നെയാണ് ആശുപത്രികളിലും മറ്റ് പൊതുഇടങ്ങളിലുമൊക്കെ പുസ്തകങ്ങളുമായി നൗഷാദ് പോകുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പുസ്തകം വിറ്റു നടക്കുന്നതിനിടയില്‍ പാവപ്പെട്ട രോഗികളെയും ശുശ്രൂഷിക്കാന്‍ നില്‍ക്കുന്നവരെയും സഹായിക്കാനും നൗഷാദ് സമയം കണ്ടെത്തുന്നു. കിടപ്പിലായ രോഗിയുടെ മൂത്രംനിറഞ്ഞ പാഡ് എടുത്തുമാറ്റി വൃത്തിയാക്കിയും ഭക്ഷണവും മരുന്നും മറ്റും വാങ്ങിക്കൊടുത്തും ചില സമയത്ത് തന്‍റെ പുസ്തക വില്‍പ്പന തന്നെ നൗഷാദ് മറന്നുപോകുന്നു.
നൗഷാദ് വില്ക്കുന്ന പുസ്തകങ്ങള്‍ വെറും 10 ഉം 15 ഉം രൂപ വില വരുന്ന ചെറിയ പുസ്തകങ്ങളാണ്. പാചകവും ഗൃഹവൈദ്യവും മുതല്‍ ഭൗമശാസ്ത്രം വരെ ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയ പുസ്തകങ്ങള്‍ എളുപ്പത്തില്‍ വിറ്റഴിയുന്നതുമാണ്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വഴിയോരങ്ങള്‍ തുടങ്ങി ആളുകള്‍ കൂടുന്ന ഇടങ്ങളിലാണ് നൗഷാദിന്‍റെ വില്പന കേന്ദ്രങ്ങള്‍. പുസ്തകങ്ങള്‍ വില്ക്കുമ്പോള്‍തന്നെ ജനങ്ങളുമായി ഇടപെടാനും കൂടുതല്‍ സുഹൃത്തുക്കളെ പരിചയപ്പെടാനും ശ്രമിക്കുന്നു.
തന്‍റെ ചുറ്റും കാണുന്ന അനീതികളോടും അരുതായ്മകളോടും പ്രതികരിച്ചുകൊണ്ട് സ്വന്തമായി ലഘുലേഖകള്‍ തയ്യാറാക്കി അച്ചടിച്ച് വിതരണം ചെയ്യലാണ് മറ്റൊരു നൗഷാദ് മോഡല്‍ ഇടപെടല്‍. തന്‍റെ ചുറ്റും നടമാടുന്ന നിരവധി സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് നൗഷാദ് ഇതുവരെ ഇറക്കിയ ലഘുലേഖകള്‍ സമാഹരിച്ചാല്‍ വര്‍ത്തമാന കേരളത്തിന്‍റെ നേര്‍ചിത്രം അനാവരണം ചെയ്യും. ഒരു ഗംഭീര പുസ്തകമാകും അത്. ഒരിക്കല്‍ ഒരു മതസംഘടന ഓണഘോഷം ഒരു മതവിഭാഗത്തിന്‍റേതു മാത്രമാണെന്നും അതിനാല്‍ ഓണാഘോഷങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടത് വാര്‍ത്തയായപ്പോള്‍, നൗഷാദ് തന്‍റെ ലഘുലേഖയിലൂടെ പ്രതികരിച്ചത്, 'അങ്ങനെയെങ്കില്‍ ഓണം ആഘോഷിക്കാത്തവര്‍ ഓണം സ്പെഷ്യല്‍ അരിയും ഓണം അലവന്‍സുകളും കൂടി വേണ്ടെന്നുവയ്ക്കട്ടെ' എന്നായിരുന്നു. മലബാറില്‍ നടക്കുന്ന വലിയ സാമൂഹിക വിപത്തായ മൈസൂര്‍ കല്യാണങ്ങള്‍ക്കെതിരെ നൗഷാദ് തന്‍റെ ലഘുലേഖകളിലൂടെ നിരന്തരം പ്രതികരിച്ചുകൊണ്ടേയിരുന്നു. ഒരുപാട് എതിര്‍പ്പുകളും ആ വഴിക്ക് നൗഷാദ് നേരിടുന്നുണ്ട്. തന്‍റെ ആശയ പ്രചാരണങ്ങള്‍ക്കുവേണ്ടി 'നിലപാട്' എന്ന പേരില്‍ ഒരു പത്രവും നൗഷാദ് തുടങ്ങിയിട്ടുണ്ട്. ഒരു പേജില്‍ പുറത്തിറങ്ങുന്ന നൗഷാദിന്‍റെ പത്രം ഒരുപാടു കാര്യങ്ങളാണ് വായനക്കാരോട് സംവദിക്കുന്നത്.
പുസ്തക വില്പനയുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ കണ്ടുമുട്ടുന്ന ആളുകളോട് നിരന്തരം ആശയ വിനിമയം നടത്തുന്ന നൗഷാദ് ആളുകള്‍ക്കുവേണ്ട പല വിവരങ്ങളും കൈമാറുന്നു. പലതരം ആളുകളെ തമ്മില്‍ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി വര്‍ത്തിക്കാനും പുസ്തകവില്പന നൗഷാദിനെ സഹായിക്കുന്നു. ആശയവിനിമയത്തിന്‍റെയും സാമൂഹികപ്രവര്‍ത്തനത്തിന്‍റെയും ബദല്‍ സാധ്യതകളാണ് നൗഷാദ് സ്വന്തം ജീവിതം കൊണ്ട് പരീക്ഷിക്കുന്നത്.
ഏതു സ്ഥലത്തും പുസ്തകക്കെട്ടുമായി പ്രത്യക്ഷപ്പെടുന്ന നൗഷാദ് മറ്റുള്ളവര്‍ക്ക് സഹായകരമായ വിധത്തില്‍ കാര്യങ്ങളിലേര്‍പ്പെടുന്നു. വഴിതെറ്റിയ ഒരു യാത്രക്കാരനാവാം, പൂവാലന്മാര്‍ ശല്യം ചെയ്യുന്ന ഒരു പെണ്‍കുട്ടിയാവാം, റോഡ് മുറിച്ചു കടക്കാന്‍ പ്രയാസപ്പെടുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയാവാം-അങ്ങനെ അവിചാരിതമായി പൊതുസ്ഥലത്ത് കണ്ടുമുട്ടുന്ന സഹായം ആവശ്യമായി വരുന്ന ആര്‍ക്കും നൗഷാദ് അപ്രതീക്ഷിത രക്ഷകനാകുന്നു. വൈകല്യത്തിന്‍റെ പേരില്‍ സഹായത്തിനായി ആരുടെയും മുന്നില്‍ കൈനീട്ടാതെ തന്‍റെ പരിമിതമായ ശാരീരികാവസ്ഥയിലും സ്വാശ്രയത്വവും പരസഹായ മനഃസ്ഥിതിയും പ്രകടിപ്പിച്ച് ശരിക്കും വ്യത്യസ്തമായ കഴിവുകളും വഴികളുമുള്ള ഒരാളായി നൗഷാദ് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഭാര്യയും കുട്ടികളുമുള്ള തന്‍റെ കുടുംബം പോറ്റാനായി പുസ്തകക്കെട്ടുമായി തെരുവിലൂടെ അലയുമ്പോഴും നൗഷാദിന്‍റെ കണ്ണുകള്‍ ചുറ്റുപാടും പരതുകയാണ്. ആരെങ്കിലും തന്‍റെ സഹായം ആവശ്യപ്പെടുന്നുണ്ടോ എന്നാണ് ആ കണ്ണുകള്‍ ചുറ്റും പരതുന്നത്.