news-details
മറ്റുലേഖനങ്ങൾ

അസ്സീസിയിലെ ഒരു മഴവില്‍രാത്രി

അസ്സീസി! ചരിത്രമാകാന്‍ വിസമ്മതിക്കുന്ന ഒരു കവിതയാണ്.  

പ്രകൃതി നിന്‍റെ കാല്‍ച്ചുവട്ടിലും സ്വര്‍ഗ്ഗം നിന്‍റെ ഉള്ളിലും.  

ദൈവത്തിന്‍റെ പ്രിയപ്പെട്ട ഉപമകളായി പൊട്ടിച്ചിതറിയ വിശുദ്ധരായ കുറേ കിറുക്കന്മാര്‍ ഈ ഗ്രാമത്തിലാണ് കൈകൊട്ടി പാട്ടുപാടി കരഞ്ഞു നടന്നത്. ഉന്മാദംകൊണ്ട് നൃത്തം ചവിട്ടിയത്. ലോകത്തിലെ വിജ്ഞരെ എളിമയുള്ളവരാക്കുവാനായി ദുര്‍ബ്ബലരെയും വിഡ്ഢികളെയും ദൈവം തിരഞ്ഞെടുത്തത് ഈ അസ്സീസിഗ്രാമത്തില്‍ നിന്നാണ്. സൂര്യനെ, ചന്ദ്രനെ, കാറ്റിനെ, മണ്ണിനെ, പക്ഷിയെ, നദിയെ, അഗ്നിയെ മുതല്‍ മരണത്തെവരെ സഹോദരിമാരായി സങ്കല്പിച്ചുകൊണ്ട് അതിമഹത്തായ ഒരു സൂര്യസങ്കീര്‍ത്തനം ഇവിടെനിന്നാണുണ്ടായത്.

ഫ്രാന്‍സിസ് സുന്ദരനോ പണ്ഡിതനോ മഹാനോ ഒന്നുമായിരുന്നില്ല. എന്നാല്‍ ലോകവും സ്വര്‍ഗ്ഗവും അയാളെ അത്രമേല്‍ ദാഹിച്ചിരുന്നു. തന്നെക്കാള്‍ എളിയവനും കിറുക്കനുമായ മറ്റൊരു ജീവിയെ ഈ ഭൂമിയില്‍ ദൈവത്തിന് കണ്ടെത്താനാവാത്തതുകൊണ്ട് തന്നെ അതിനായി നിയോഗിച്ചു എന്നാണവന്‍ പറയുക. ആരാണവന്‍? ഏറ്റവും ചെറിയവന്‍, ദുര്‍ബലന്‍, നിര്‍ഗുണന്‍, ദരിദ്രന്‍.  എളിയവരിലൂടെ വലിയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം, വലിയവരെയും കുലീനരെയും ശക്തരെയും പഠിപ്പിക്കുവാന്‍ വിശുദ്ധനായ ഈ ഭ്രാന്തനെ തെരഞ്ഞെടുത്തു.  ദൈവം അവനെ മലര്‍ത്തിയടിച്ചു. കശക്കിയെറിഞ്ഞു. വിശുദ്ധ തുല്യമായ നഗ്നതകൊണ്ടും നിഷ്കളങ്കതകൊണ്ടും അവന്‍ ലോകത്തെ കഴുകി വെടിപ്പാക്കി. ക്രിസ്തുവിനായി വിരിഞ്ഞുനിന്ന വെളുത്ത ഭ്രാന്തന്‍പൂക്കളുടെ താഴ്വര. മുള്ളില്ലാത്ത പനിനീര്‍വനം. രണ്ടാംക്രിസ്തു എന്നവനൊരു വിളിപ്പേരുണ്ട്. അവന്‍ പിറന്നതും വളര്‍ന്നതും മരിച്ചതുമായ ഇറ്റലിയിലെ ഒരുള്‍നാടന്‍ ഗ്രാമമായ അസ്സീസിലേക്കാണ് ഞാന്‍ യാത്ര ചെയ്യുന്നത്.

റോമാ നഗരത്തില്‍നിന്ന് അസ്സീസിയിലേക്ക് ആറ് മണിക്കൂര്‍ യാത്ര ചെയ്യണം.  500 കിലോമീറ്റര്‍. റോമിന്‍റെ ചരിത്രാവശിഷ്ടങ്ങളിലൂടെ ചില പകലുകള്‍ ചെലവഴിച്ചതിനുശേഷമാണ് ഞങ്ങളുടെ, അസീസിയിലേക്കുള്ള യാത്ര. കൊളോസിയവും റോമന്‍ ഫോറവും മ്യൂസിയങ്ങളിലെ എണ്ണിയാലൊടുങ്ങാത്ത കലാരൂപങ്ങളും തെരുവുകളില്‍പ്പോലും ചിതറിക്കിടക്കുന്നു. നവോത്ഥാനകാലസൗന്ദര്യങ്ങളും യുദ്ധസ്മാരകങ്ങളും കണ്ടുകണ്ട് കണ്ണുകള്‍ കലങ്ങിക്കഴിഞ്ഞിരുന്നു.  സ്തംഭിച്ചുനിന്ന കാലത്തില്‍നിന്ന് ചരിത്രത്തെ പിറകോട്ട് വകഞ്ഞുമാറ്റി കരയില്‍ പായുന്ന ഒരു പക്ഷിയെപ്പോലെ ഞങ്ങളുടെ ബസ്സ് തിരക്കിട്ട് യാത്ര ചെയ്യുകയാണ്. ഒരു കിളിക്കൂട് അതിന്‍റെ ആകാശത്തെ തേടുംപോലെ മനസ്സില്‍ നിറയെ ചിറകുകളാണ്. പ്യാസകള്‍, കൊട്ടാരക്കെട്ടുകള്‍, യോദ്ധാക്കളുടെ ശവക്കല്ലറകള്‍, വിജയസ്തംഭങ്ങള്‍, രക്തസാക്ഷിസ്തൂപങ്ങള്‍, അംഗച്ഛേദം സംഭവിച്ച പ്രതിമകള്‍, ചരിത്രത്തിന്‍റെ ചിത്രശാലകള്‍ - റോമാനഗരം മനസ്സിലപ്പോഴും കുളമ്പടിച്ചുകൊണ്ടിരിക്കുന്നുണ്ട്.

റോമില്‍നിന്ന് അസ്സീസിയിലേക്കുള്ള യാത്ര ചരിത്രത്തെ തലകീഴാക്കി നിര്‍ത്തിയ കവിതകളിലേക്കുള്ള ഒരു പുറപ്പാടായി എനിക്ക് തോന്നി. ഇറ്റലിയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളും മലനിരകളും കടന്നുപോകുന്നതിനിടയില്‍ റോമാസാമ്രാജ്യത്തെ തീറ്റിപ്പോറ്റിയ ഇറ്റലിയുടെ ധാന്യവയലുകളിലൂടെയാണ് യാത്ര.  ഗോതമ്പ് പാടങ്ങളും ബാര്‍ലിത്തോട്ടങ്ങളും മുന്തിരിപ്പന്തലുകളുമാണ് വഴിയുടെ ഇരുവശങ്ങളിലും.  റോമന്‍ സാമ്രാജ്യകാലത്തിന്‍റെ വിരല്‍പ്പാടുകള്‍ ഇപ്പോഴത്തെ അസ്സീസി പട്ടണത്തിലും ചിതറിക്കിടപ്പുണ്ട്. ക്രിസ്തുവിന് മുമ്പേ പണിയപ്പെട്ട മിനര്‍വാക്ഷേത്രത്തിന്‍റെ പൊളിഞ്ഞു തകര്‍ന്ന അവശിഷ്ടങ്ങള്‍ കുന്നുകള്‍ക്കിടയില്‍ കാണാം.  ആംഫി തിയ്യറ്ററിന്‍റെ വിണ്ടടര്‍ന്ന കല്‍പ്പടവുകളും ഗാലറികളും അതിനടുത്തായുണ്ട്.

റോമന്‍ ഫോറത്തിന് പുരാതന അസ്സീസി പട്ടണത്തിനടുത്തുള്ള പെറൂജിയില്‍ മാഞ്ഞുപോകാത്ത ഒരു അധികാരരാഷ്ട്രം ഭൂപടത്തില്‍ കണ്ടു. പക്ഷേ, ഇതൊന്നുമല്ല ഇന്ന് ലോകത്തിന് അസ്സീസി.  ഇറ്റലിയുടെ മറ്റു പട്ടണങ്ങളില്‍നിന്നു വ്യത്യസ്തമായി ഒരു മനുഷ്യന്‍റെ പുണ്യസ്മരണകളില്‍ പണിതുയര്‍ത്തപ്പെട്ട പട്ടണമാണിത്. അസ്സീസി എന്നാല്‍ ഫ്രാന്‍സിസ് എന്നുമാത്രമാണ് ലോകം ഇന്ന് മനസ്സില്‍ ഉച്ചരിക്കുക. അസ്സീസി ഫ്രാന്‍സീസിനെയും ഫ്രാന്‍സിസ്‌ അസ്സീസിയെയും അന്വയിപ്പിച്ചിരിക്കുന്നു.  വീണ്ടും വീണ്ടും പുതുക്കപ്പെടുന്ന, മാറ്റിപ്പണിയപ്പെടുന്ന ആത്മീയദേവാലയങ്ങളുടെ പുനര്‍നിര്‍മ്മിതികളാണ് അസ്സീസിയെ കാണുമ്പോള്‍ മനസ്സ് നിറയ്ക്കുന്നത്.

അസ്സീസി അതിന്‍റെ നിര്‍മ്മലമായ നഗ്നതകൊണ്ടാണ് ആഡംബരപൂര്‍ണ്ണമായ ഇറ്റാലിയന്‍ നാഗരികതയെ ആലിംഗനം ചെയ്തിരിക്കുന്നത്.  ആര്‍ഭാടങ്ങള്‍ക്കുമേല്‍ വിരിച്ചിട്ട എളിമയുടെ ശുഭ്രവസ്ത്രം.

അസ്തമയമാകുന്നു. City of Peace  എന്നെഴുതിവെച്ച ഒരു ചെറിയ ശിലാഫലകം കണ്ടു. അസ്സീസിയിലേക്ക് ബസ് പ്രവേശിക്കുന്നതേയുള്ളൂ.  ആകാശത്ത് ഒരത്ഭുതം വിടര്‍ന്നു നില്‍ക്കുന്നു.  യാത്രകള്‍ക്കിടയില്‍ ചിലപ്പോഴെല്ലാം ഇത്തരം ആശ്ചര്യചിഹ്നങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്.  അസ്സീസിയുടെ ആകാശങ്ങളെ കോര്‍ത്തു നിര്‍ത്തിക്കൊണ്ട് വലിയൊരു മഴവില്ലാണ് ഞങ്ങളെ എതിരേറ്റത്. ബസ്സില്‍ നിന്നിറങ്ങി കുറേ നേരം ആ മഴവില്ലും നോക്കി നിന്നു. ഇളംതണുപ്പും ചാറ്റല്‍ മഴയും ആ സന്ധ്യയെ വിഷാദസൗന്ദര്യമുള്ളതാക്കി മാറ്റി.

പ്രശാന്തമായ മലനിരകളും കൃഷിയിടങ്ങളും ചുറ്റുമുണ്ട്. വൈകിമാത്രം രാത്രിക്ക് പ്രവേശനമുള്ള തിളങ്ങുന്ന വസന്തകാലത്തിന്‍റെ സായന്തനമാണിത്. മലനിരകള്‍ക്ക് മുകളിലെ ദേവാലയത്തില്‍നിന്നുള്ള വെളിച്ചത്തിന്‍റെ പ്രവാഹം ഒരു കാട്ടുതീപോലെ താഴ്വരയിലേക്ക് പടര്‍ന്നുകിടക്കുന്നു. പച്ചയുടെയും നീലയുടെയും ഓറഞ്ചിന്‍റെയും നിറങ്ങള്‍ താഴ്വരയില്‍ കലര്‍ന്നൊഴുകുന്നു.  ഓക്കുമരങ്ങളും ബദാം മരങ്ങളും പൈന്‍മരങ്ങളും ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്നത് കാണാം.  

അസ്സീസിയിലെ ഒരു കുന്നിനരികിലാണ് ഞങ്ങളുടെ താമസസ്ഥലം. ഹോട്ടല്‍ ഒറാലിയനോറി. പൈന്‍മരങ്ങള്‍ക്കും വിശാലമായ പുല്‍ത്തകിടികള്‍ക്കും നടുവില്‍ കുലീനസൗന്ദര്യമുളള ഹോട്ടലാണത്. മുറിയിലെ ജനല്‍ തുറന്നാല്‍ സുബാസിയോ മലനിരകള്‍.  മുന്തിരിത്തോപ്പുകളും മള്‍ബറിത്തോട്ടവും.

ഇപ്പോള്‍ ആ വലിയ മഴവില്ലിനെ സന്ധ്യാമഴ അലിയിച്ചു കളഞ്ഞിരിക്കുന്നു. മഴവില്ലില്‍നിന്ന് നനഞ്ഞിറങ്ങിവന്ന മഞ്ഞയും ചുവപ്പും നീലയും. ഞാനിവിടെ കാണുന്നതെല്ലാം ശരിക്കും കാണുന്നതുതന്നെയാണോ? സ്വപ്നവും ആഗ്രഹവും വേദനയും അത്രമേല്‍ എന്നെയിപ്പോള്‍ പൊതിഞ്ഞുകഴിഞ്ഞിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ ഉള്ളില്‍ കേട്ടുകൊണ്ടിരുന്ന കുഞ്ഞുകുഞ്ഞുകരച്ചിലുകള്‍ ഇപ്പോള്‍ ജനല്‍ തുറക്കുമ്പോള്‍ കാപ്പിപ്പൊടിയുടെ നിറമുള്ള കാറ്റായി വന്ന് എന്നെ കുളിര്‍പ്പിക്കുന്നു. ചെറുശബ്ദങ്ങള്‍ എനിക്കുള്ളില്‍ ചിറകടിക്കുന്നു. അസ്സീസി അത്രയധികം ഒരുകാലത്ത് എന്‍റെ ആന്തരികതയെ തിന്നുകൊണ്ടിരുന്നതാണ്. അകം പൊളിഞ്ഞ് ഞാന്‍ കേട്ടിരുന്നിട്ടുണ്ട്, അസ്സീസിപുണ്യവാളന്‍റെ അന്തമറ്റ തമാശകളും കരച്ചിലുകളും.

അസ്സീസി കേവലം ഒരു ഭൂപ്രകൃതിയല്ല. അത് ഭൂമിയിലെ മുഴുവന്‍ ഏകാകികളുടെയും ആത്മദേശമാണ്. മനസ്സില്‍ ഒരു തുള്ളി കിറുക്കെങ്കിലും സൂക്ഷിക്കുന്നവര്‍ക്ക് അസ്സീസി പകരുന്ന ഉന്മാദജലത്തില്‍ നനയാതിരിക്കാനാവില്ല.

ഫ്രാന്‍സിസ്, കസാന്‍ദ്സാക്കിസിലൂടെ മൊഴിഞ്ഞിട്ടുണ്ടല്ലോ, നടക്കാന്‍ തീരുമാനിച്ചുവെങ്കില്‍ ഏറ്റവും ദുര്‍ഗമമായ വഴി തെരഞ്ഞെടുക്കുക. ഒരിക്കലും എത്തിച്ചേരാനാവാത്ത ലക്ഷ്യസ്ഥലത്തെ ആഗ്രഹിക്കുക. പാദരക്ഷകള്‍ ഉപേക്ഷിക്കുക. ദരിദ്രനായിരിക്കുക. ഉടുതുണി ഉരിഞ്ഞ് നഗ്നനായി മലര്‍ന്നു കിടക്കുക. ആത്മീയപ്രലോഭനത്തിനു മാത്രം കീഴടങ്ങുക. സ്വന്തം മാംസത്തില്‍ ദൈവത്തെ കൊത്തിയെടുക്കുക. സ്വന്തം ഭ്രാന്തിന്‍റെ പാട്ടും നൃത്തവുമായി വാവിട്ടുകരയുക. സത്യത്തേക്കാള്‍ വലുതായ ജീവിതസത്യമായി ഫ്രാന്‍സിസ് എനിക്കുള്ളിലിരുന്ന് സ്നേഹത്തിന്‍റെ തീപ്പന്തമായി എരിഞ്ഞുകത്തുകയാണിപ്പോള്‍.

യൂറോപ്യന്‍ സഞ്ചാരത്തില്‍ മഹാനാഗരികതയുടെ അമ്പരപ്പിക്കുന്ന എത്രയോ കാഴ്ചകളിലൂടെ ഞാന്‍ കടന്നുപോയിരിക്കുന്നു. പക്ഷേ ഈ ഗ്രാമത്തിന്‍റെ ലളിതവിശുദ്ധിയോളം പ്രചോദനാത്മകമായി ഒന്നുമില്ല. ഒരുപക്ഷേ അമ്പരപ്പിക്കുന്ന നാഗരിക സൗന്ദര്യങ്ങളെ കഴുകിത്തുടച്ച് നിര്‍മ്മലമാക്കുവാന്‍ യാത്രികര്‍ക്ക് അസ്സീസി ഒരു സ്നാനഘട്ടാണ്.

അസ്സീസിയില്‍ താമസിച്ച ഹോട്ടലിന്‍റെ മുഴുവന്‍ ചുമതലയും മേരി ജുവാന എന്ന സ്ത്രീയാണ് ഏറ്റെടുത്തിരിക്കുന്നത്. യുവതിയായ ഒരു വീട്ടമ്മയുടെ സൗന്ദര്യത്തോടും ഊര്‍ജ്ജസ്വലതയോടും കൂടി അവര്‍ ഓടിനടന്ന് അതിഥികളെ സ്വീകരിക്കുന്നു. പരിചാരികയായി റസ്റ്റോറന്‍റില്‍ ഭക്ഷണം വിളമ്പി കൊടുക്കുന്നു. അസ്സീസിയിലെ ഭക്ഷണമേശക്കൊരു പ്രത്യേകതയുണ്ട്. ഒലിവെണ്ണയില്‍ പാകം ചെയ്ത കടല്‍മത്സ്യവും ഇറച്ചിക്കറിയും അല്പം വീഞ്ഞും അത്താഴത്തോടൊപ്പം വിളമ്പിയിരുന്നു. വിളമ്പുന്നതിനിടയില്‍ അവര്‍ കാണിക്കുന്ന അന്തസ്സാര്‍ന്ന പെരുമാറ്റത്തിനൊരു ഫ്രാന്‍സിസ്കന്‍ എളിമയും കുലീനതയും ഉണ്ട്.

പുറത്ത് ചാറല്‍ മഴ. തണുപ്പിന് കട്ടികൂടിയിട്ടുണ്ട്. എനിക്ക് ഇന്ന് രാത്രി അസ്സീസിയില്‍ ഒറ്റയ്ക്ക് നടക്കണം. നാളെയാണ് പോര്‍സിങ്കുലായില്‍ അസ്സീസിയുടെയും ക്ലാരയുടെയും ബസിലിക്കയും മറ്റുദേവാലയങ്ങളുമൊക്കെ കാണാനിരിക്കുന്നത്. ഫ്രാന്‍സിസിന്‍റെ ബസിലിക്കയില്‍ ശുശ്രൂഷ ചെയ്യുന്ന ഷാജിയച്ചനെ കാണണം. ഫോണില്‍ വിളിച്ചു പറഞ്ഞു.  അച്ചന്‍റെ ശബ്ദത്തില്‍ സന്തോഷം നിറച്ചുമുണ്ട്. നാളെ ബസിലിക്കയുടെ താഴത്തെ നിലയില്‍ വരണം. ഫ്രാന്‍സിസ് പുണ്യവാളന്‍റെ കബറിടവും തിരുശേഷിപ്പുകളും സന്ദര്‍ശിക്കുവാന്‍ കൂടെയുണ്ടാകാം. സൗകര്യമാകുമെങ്കില്‍ ആശ്രമ ഭക്ഷണവും കഴിക്കണം. എനിക്കും സന്തോഷമായി. നാളെയാണ് ഫ്രാന്‍സിസിന്‍റെയും ക്ലാരയുടെയും കൂട്ടുകാരുടെയും ഓര്‍മ്മകള്‍ സൂക്ഷിക്കുന്നിടത്തേക്ക് പോകുന്നത്. മനസ്സിനെ അതിനായി ഒരുക്കണം. വിശുദ്ധരായ ആ കിറുക്കന്മാരെ, ദൈവത്തിന്‍റെ തെണ്ടികളെ നേരിടുക അത്ര എളുപ്പമല്ലെന്നെനിക്കറിയാം.

ഈ രാത്രി ഒരിക്കലും അവസാനിക്കരുതെന്നും നാളത്തെ പകല്‍ വേഗം വരണമെന്നും എന്‍റെ മനസ്സ് വിചിത്രമായി വാശിപിടിക്കുന്നു. നാളെ പുലര്‍ച്ചക്ക് ഞങ്ങള്‍ പോര്‍സിങ്കുലാ ദേവാലയത്തിലേക്കാണ് പോകുന്നത്. ഫ്രാന്‍സിസും കൂട്ടുകാരും ഏറ്റവും കൂടുതല്‍ കാലം ജീവിച്ചതവിടെയായിരുന്നല്ലോ. പോര്‍സിങ്കുലാ എന്നാല്‍ കൊച്ചുസ്ഥലം എന്നാണര്‍ത്ഥം. ആ കൊച്ചുസ്ഥലത്താണ് കൊച്ചുമനുഷ്യര്‍ അവരുടെ കൊച്ചുജീവിതങ്ങള്‍ക്കൊണ്ട് അസ്സീസി പട്ടണത്തെയും പിന്നീട് ലോകത്തെയും ഇളക്കിമറിച്ചത്.

ലോകത്തിലെ ആദ്യത്തെ കമ്മ്യൂണ്‍ ജീവിതം അവിടെ തുടങ്ങി. കൂട്ടായ്മയുടെ സ്നേഹസ്തന്യം ആവോളം നുകര്‍ന്നാണവര്‍ പോര്‍സിങ്കുലായില്‍ ജീവിച്ചത്. അമ്മ കുഞ്ഞുങ്ങളോട് ഇടപെടുംപോലെ ഫ്രാന്‍സിസ് തന്‍റെ പന്ത്രണ്ട് കൂട്ടുകാര്‍ക്കൊപ്പം വിചിത്രമായ ജീവിതപരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടതിന്‍റെ ഊര്‍ജ്ജമാണ് പോര്‍സിങ്കുലാ. ശിശുതുല്യമായ നിഷ്കളങ്കതയും പാതി ഉന്മാദവും സുതാര്യമായ സ്നേഹവും കൊണ്ട് ഇളകിമറിഞ്ഞ ദൈവത്തിന്‍റെ ആ വിദൂഷകര്‍ പാര്‍ത്ത സര്‍വ്വമാലാഖമാരുടെയും രാജ്ഞിയായ കന്യാമറിയത്തിന്‍റെ ദേവാലയത്തിലേക്കാണ് നാളെ ഞങ്ങളുടെ ഗൈഡ് കൊണ്ടുപോകുന്നത്. മരണസോദരിയെ പ്രാര്‍ത്ഥിച്ചു നഗ്നനായി തറയില്‍ക്കിടന്നു മരിച്ച ഫ്രാന്‍സിസിന്‍റെ അന്ത്യസ്ഥലവും അവിടെയാണെന്ന് ഗൈഡ് പറഞ്ഞിരുന്നു. പിന്നീട് സഹോദരസംഘത്തിന്‍റെ നിയമാവലികള്‍ എഴുതപ്പെട്ട റിവര്‍ത്തോര്‍ത്തോയിലേയ്ക്ക്. ഫ്രാന്‍സീസിന്‍റെ പുനര്‍ജന്മം നടന്ന സാന്‍ദാമിയായിലേക്കും സാന്‍റൂഫിനോ കത്തീഡ്രലിലേക്കും ഉംബ്രിയ താഴ്വരയിലെ ഗ്രേച്ചിയോ, കാര്‍ച്ചേരി ഗുഹകളിലേയ്ക്കും ക്ലാരയുടെയും ഫ്രാന്‍സിസിന്‍റെയും മഹാദേവാലയങ്ങളിലേയ്ക്കുമാണ് ഞങ്ങളുടെ നാളത്തെ പകല്‍യാത്ര. യൂറോപ്യന്‍ നവോത്ഥാനകലയുടെ ഗംഭീരങ്ങളായുള്ള തുടക്കങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ള വാസ്തുനിര്‍മ്മിതികളും ചുവര്‍ച്ചിത്രങ്ങളും ഞങ്ങള്‍ നാളെ കാണും.  അവയെല്ലാം കലയുടെ ലോകാത്ഭുതങ്ങളാണെന്ന് ഗൈഡ് ആവേശം കൊള്ളിച്ചു.

പുറത്തെ ചാറ്റല്‍ മഴയിലേക്ക് ഞാനിറങ്ങി നടന്നു.  മഴയില്‍ നനഞ്ഞു കുതിര്‍ന്ന കുന്നിന്‍ മുകളിലേക്കുള്ള കരിങ്കല്ലു പാകിയ വളവും തിരിവും ഉള്ള പാതയിലൂടെയുള്ള രാത്രിനടത്തം  എന്‍റെ ജീവിതത്തിലെ ഏറ്റവും ഏകാന്തത നിറഞ്ഞ ആത്മീയാകുലതകളുടെ അനുഭവമായി മാറി. സുബാസിയോ കുന്നിന്‍ചെരിവില്‍ മങ്ങിയതെങ്കിലും പൂര്‍ണ്ണചന്ദ്രന്‍ വിറങ്ങലിച്ചു നില്‍പ്പുണ്ട്. മഴയില്‍ കുതിര്‍ന്നുപോയ നനഞ്ഞ നിലാവിന്‍റെ രാത്രിയായിരുന്നു. കുന്നിറങ്ങിവരുന്ന ഒരു തണുത്ത കാറ്റ് കൊണ്ടുവന്ന ദിവ്യമായൊരു അനുരാഗത്തിന്‍റെ ഈണം ഹൃദയത്തിലേക്ക് സൗമ്യമായി പ്രവേശിച്ചു. പാതകളെ ചവിട്ടിയരയ്ക്കാതെ അത്രമേല്‍ ശാന്തമായി സൗമ്യമായി ആദരപൂര്‍വ്വം തിരക്കുകളോ തിടുക്കങ്ങളോ ഇല്ലാതെ ഫ്രാന്‍സിസും കൂട്ടുകാരും എട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പേ നടന്നുപോയ അതേ പാതയിലൂടെ ഒറ്റയ്ക്കൊരു മനുഷ്യന്‍ ഇരുട്ടിന്‍റെ ഹൃദയം തുറന്ന് നടക്കുകയാണ്.  അയാള്‍ക്കിപ്പോള്‍ അപ്പൂപ്പന്‍താടിപോലെ മൃദുലമായ ലാഘവത്വം കിട്ടുന്നു. തൂവലുപോലെ കനം കുറഞ്ഞ് അയാള്‍ പാറി നടക്കുന്നു. പൈന്‍ മരങ്ങളുടെയും ബദാംമരങ്ങളുടെയും ഇടയിലൂടെ രാത്രിത്തണുപ്പില്‍ സ്വെറ്ററിനുള്ളില്‍ ഒതുക്കിവെച്ച ശരീരത്തോടെ, കരിമ്പച്ചയായ മലഞ്ചെരുവിലൂടെ കടന്നുവരുന്ന തണുത്ത ചാറ്റല്‍ മഴയ്ക്കും ഇളംകാറ്റിനുമൊപ്പം ഈ നടത്തം എനിക്കുള്ളിലെ എത്രയോ ശൂന്യതകളെയാണ് പൂരിപ്പിച്ചുകൊണ്ടിരിക്കുന്നത്.  വേദനകളുടെ സംഗീതമാണ് കേള്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

അസ്സീസിയെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ട ഏറ്റവും മനോഹരമായ സിനിമയുടെ ഓര്‍മ്മ ഈ രാത്രിയില്‍ എന്നോടൊപ്പമുണ്ട്. ഫ്രാന്‍സിസ് അസ്സീസിയുടെ കൊച്ചുപൂക്കള്‍ എന്ന ചരിത്രഗ്രന്ഥത്തെ  ആസ്പദമായി റോസിലിനിയുടെ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രം ആത്മീയ സിനിമകളിലെ ലോകക്ലാസിക്കുകളിലൊന്നാണ്. څവിശുദ്ധ ഫ്രാന്‍സിസ് ദൈവത്തിന്‍റെ വിദൂഷകന്‍چ എന്നാണ് റോസിലിനി ആ ചിത്രത്തിന്  പേരിട്ടിരിക്കുന്നത്. 'റോം ഓപ്പണ്‍സിറ്റി'യുടെ സംവിധായകനായ റോസിലിനി, ഫെല്ലിനിയുമായി ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. ഫ്രാന്‍സിസിന്‍റെ ജീവിതലാളിത്യം തന്‍റെ കൂട്ടുകാരുടെ അസാധാരണ നിര്‍മ്മലതകളിലൂടെ പത്ത് സംഭവപരമ്പരയായി അവതരിപ്പിച്ച ചിത്രം. റോസലിനിയും ഫെല്ലിനിയും ഒത്തുചേര്‍ന്നിരിക്കുന്ന ഈ ചിത്രത്തില്‍ ഒരാള്‍ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും മറ്റെയാള്‍ സ്വപ്നത്തെക്കുറിച്ചുമാണ് പറയുന്നത്. അവര്‍ ഒരു ബിന്ദുവില്‍ കൂട്ടിമുട്ടുന്നു. ഒരേ സമയം സ്വപ്നം കൊണ്ടും യാഥാര്‍ത്ഥ്യംകൊണ്ടും നെയ്തെടുത്ത ആ മനോഹര ചിത്രം എത്രയോ വട്ടം ഞാന്‍ കണ്ടിട്ടുണ്ടാകും.  ലാളിത്യത്തിനും എളിമയ്ക്കും വിശുദ്ധിക്കും ഇത്രയേറെ ലാവണ്യം പകര്‍ന്ന കലാനുഭവം എനിക്കുണ്ടായിട്ടില്ല.  

ഫ്രാന്‍സിസ് രചിച്ച സൂര്യകീര്‍ത്തനം കേള്‍പ്പിച്ചുകൊണ്ടാണ് അതാരംഭിക്കുന്നത്. ഫ്രാന്‍സിസിന്‍റെ കിറുക്കന്മാരായ കൂട്ടുകാര്‍ അസ്സീസി ഗ്രാമത്തെയാകെ വലയം ചെയ്തുനില്‍ക്കുന്നു. മസ്സെയോ, ബെര്‍നാഡോ, ജീവാനി, ജൂണിപ്പെര്‍, ലിയോ തുടങ്ങിയ കൂട്ടുകാരെല്ലാമുണ്ട്. ക്ലാരയുടെ സുതാര്യസൗന്ദര്യമാണ് ഇവരെയെല്ലാം കൂട്ടിയിണക്കുന്നത്. ക്ലാര പകരുന്ന സ്വപ്നാത്മകതയിലാണ്  ആ സഹോദരസംഘത്തിന്‍റെ യോഗാത്മകഭാവം നിറവാര്‍ന്നതാകുന്നത്. ഇവരുടെ അസാധാരണമായ സാഹോദര്യത്തന്‍റെ ഭൂമികയായി അസ്സീസിയുടെ വയല്‍ക്കരകളും കുന്നിന്‍പുറങ്ങളും ചതുപ്പുകളും കാടുകളും ഞാനിപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

അവര്‍ നടന്നുപോയ നടപ്പാതകളിലൂടെ അവര്‍ ശ്വസിച്ച സ്വര്‍ഗ്ഗീയ നിശ്വാസങ്ങളെയോര്‍ത്ത് ദൈവമേ, മഴയില്‍ കുതിര്‍ന്ന ഈ നിലാവിന്‍റെ രാത്രി എന്നേയും മത്തുപിടപ്പിക്കുന്നുവല്ലോ. ദൈവത്തെ ഉടുപ്പായി ധരിച്ചിരുന്നതുകൊണ്ട് ഏതു കൊടുംതണുപ്പും ഫ്രാന്‍സിസിനെയും സഖാക്കളെയും ബാധിച്ചതേയില്ല.

വനത്തില്‍ നിലാവ് പെയ്യുന്ന രാത്രിയില്‍ ഫ്രാന്‍സിസ് അതിഗാഢമായി പ്രാര്‍ത്ഥിച്ചുകൊണ്ട് ഏകനായി മണ്ണില്‍ക്കിടന്ന് നിര്‍വൃതി കൊള്ളുകയാണ്. അപ്പോഴാണ് അകലേനിന്ന് ഒരു കൈമണിയുടെ കിലുക്കം കേള്‍ക്കുന്നത്. വനത്തിലൂടെ ഒരു കുഷ്ഠരോഗിയാണ് കൈമണി കിലുക്കി വരുന്നത്. മുഖവും ശരീരവും ഏതാണ്ട് അഴുകിത്തീര്‍ന്ന ഒരു വികൃതരൂപം. ഫ്രാന്‍സിസ് ഏറ്റവും ഭയപ്പെട്ടതും ഇതേ രൂപത്തെയായിരുന്നു. പക്ഷേ ആ രാത്രി ഫ്രാന്‍സിസ് അയാളുടെ വൈരൂപ്യത്തിലേക്ക് ഓടിയടുത്തു. പൊട്ടിയൊലിച്ച വ്രണങ്ങളില്‍ ഉമ്മവെച്ചു.  നെഞ്ചിലേക്ക് അണച്ചുപിടിച്ച് ആഴത്തില്‍ ആലിംഗനം ചെയ്തു.  ഫ്രാന്‍സിസ് ആ നിമിഷം അനുഭവിച്ച ആനന്ദം നിലാവും വെളുത്ത പൂക്കളും കാറ്റും തെളിഞ്ഞ ആകാശവും ചേര്‍ന്ന് അസാധാരണമായ ഒരനുഭവമായി മാറി. മണ്ണില്‍ കിടന്നുരുണ്ടുകൊണ്ട് ഫ്രാന്‍സിസ് വാവിട്ടു നിലവിളിച്ചു. റോസിലിനിയുടെ സിനിമയിലെ ആറാം ഖണ്ഡമിങ്ങനെയാണ്. ഫ്രാന്‍സിസ് കുഷ്ഠരോഗിയെ ആലിംഗനം ചെയ്തപ്പോഴാണ് പൂര്‍ണ്ണമായും ദൈവത്തിലേക്ക് രൂപാന്തരപ്പെട്ടത്.

ആ രാത്രിയെന്നെ എത്ര വട്ടമാണ് വാരിപ്പുണര്‍ന്നതെന്നറിയില്ല.  അസ്സീസിയിലെ കൂട്ടുകാര്‍ സ്വന്തം ശരീരങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് എറിഞ്ഞുകളിച്ചതും സ്വന്തം കൊതികളും മോഹങ്ങളും തല്ലിപ്പൊട്ടിച്ചതും ദാരിദ്ര്യത്തെ വിവാഹം കഴിച്ചതും പ്രണയകാമനകളില്‍ അമര്‍ന്നുപോയതും എല്ലാ ഗര്‍വ്വുകളെയും മായ്ച്ചുകളഞ്ഞതുമായ അനുഭവങ്ങളത്രയും ഈ രാത്രിയില്‍ മനസ്സില്‍ കവിഞ്ഞൊഴുകുകയാണ്. ഒരുതരം എപ്പിഫെനിയായി എന്‍റെ ശരീരത്തെ ആ ഏകാന്തരാത്രി വിറപ്പിച്ചുകൊണ്ടിരുന്നു.വഴി തിരിഞ്ഞപ്പോള്‍ ഞാനല്പം കിടുങ്ങിപ്പോയി.  ആരോ പിന്നില്‍നിന്ന് തോളത്തമര്‍ത്തി ചോദിക്കുന്നതുപോലെ. ഇവിടെ എന്തുപേക്ഷിച്ചാണ്, എന്തറുത്ത് കളഞ്ഞാണ് നീ തിരിച്ചുപോകുക? ഈ യാത്രയില്‍ നീ എന്താണ് നഷ്ടപ്പെടുത്തുക?  മരക്കൂട്ടങ്ങള്‍ക്കിടയില്‍ ആ മണികിലുക്കം എന്നെ പിന്തുടരുന്നതുപോലെ.

ചോരയുടെയും കണ്ണീരിന്‍റെയും മണമുള്ള ഒരു ഭയം എന്നിലൂടെ പാഞ്ഞുപോയി. അസ്സീസി ഒരു ഭൂമിശാസ്ത്രമല്ല, ആശയമല്ല. കഠിനമായ അനുഭവസത്യമായി ഹൃദയം പൊള്ളിച്ചു. അകം പൊളിച്ചു.

ജെറൂസലേമിനെക്കുറിച്ച് കസാന്‍ദ്സാക്കിസ് ചുംബനം കൊണ്ടും കരച്ചില്‍ക്കൊണ്ടും എഴുതിവെച്ച വരികള്‍ അസ്സീസിയിലെ ആ രാത്രിയില്‍ ഞാന്‍ ഓര്‍ത്തു. അപ്പോള്‍ ദൈവം പകര്‍ന്ന മുലപ്പാല്‍ എന്‍റെയും ചുണ്ടുകള്‍ രുചിച്ചു.

ആ താഴ്വരയില്‍ കണ്ണടച്ചു നിന്നപ്പോള്‍ കുഴിമാടങ്ങളില്‍നിന്ന് നിദ്രയവസാനിപ്പിച്ച് ഫ്രാന്‍സിസും കൂട്ടുകാരും എഴുന്നേറ്റുവരുന്നു. ജൂണിപ്പര്‍, ലിയോ, ക്ലാര... മഞ്ഞുമലകളെ ആളിക്കത്തിച്ച് കാറ്റുകള്‍ക്ക് തീപിടിക്കുംപോലെ. മണ്ണും പുല്ലും പുല്‍ച്ചാടിയും നായയും കുറുനരിയും ചെന്നായയും... ദൈവമേ, ഫ്രാന്‍സിസിന്‍റെ സഹോദരസംഘമാണ് ഒരുമിച്ച് ഈ രാത്രിയുടെ ഹൃദയത്തിലേക്ക് കൂട്ടുചേര്‍ന്ന് വരുന്നത്. ഞാന്‍ പേടിച്ചുവിറച്ചുപോയി.

പാതിരാത്രിയാവുന്നു.  കടുത്തുവരുന്ന ഏകാന്തത എന്നെയും ഈ നിമിഷം തിന്നുതീര്‍ക്കുമെന്നുറപ്പ്. ഞാന്‍ കയറ്റം നിര്‍ത്തി പിന്തിരിഞ്ഞോടാന്‍ തുടങ്ങി. കുഷ്ഠരോഗി കിലുക്കുന്ന മണിയുടെ സ്വരം എന്നെ പിന്തുടര്‍ന്നു.  ചാറ്റല്‍മഴക്ക് കനം വെച്ചു. മരങ്ങള്‍ക്കിടയില്‍ നിന്ന് ആ രൂപം എന്നെ പിന്തുടരുന്നുണ്ട്. തീര്‍ച്ച, അതെന്നെ വിടില്ല.

ശരീരം ഭയംകൊണ്ട് വിറച്ചുതുള്ളി.  അസ്സീസിയിലെ രാത്രി ഇത്രയും ഭയഗ്രസ്തമാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല. എട്ടു നൂറ്റാണ്ടുകള്‍ക്കപ്പുറത്തായിരുന്നു ഞാനപ്പോള്‍. കാലങ്ങളെ ചവിട്ടിയാണ് ഞാന്‍ അസ്സീസിയുടെ കുന്നുകള്‍ കയറാന്‍ ശ്രമിച്ചത്.

ഹോട്ടലില്‍ തിരിച്ചെത്തുമ്പോള്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരുന്നു. ഉറക്കത്തിലേക്ക് പോകുംമുമ്പേ ഹോട്ടലിനു മുന്നിലുള്ള പുല്‍ത്തകിടിയില്‍ ഒരു പൈന്‍മരത്തിന്‍റെ ചുവട്ടില്‍ മരപ്പലകകള്‍ കൊണ്ടുള്ള ബെഞ്ചില്‍ ഞാനിരുന്നു. അസ്സീസിയെക്കുറിച്ച് ഞാന്‍ വായിച്ചതും കണ്ടതും അനുഭവിച്ചതും ചെറുകടലാസുകളില്‍ എഴുതാന്‍ തുടങ്ങി.

അസ്സീസി എന്നെ ഇന്ന് സ്വസ്ഥമായി ഉറക്കുമെന്ന് തോന്നുന്നില്ല. ഉള്ളിലെ ചില മുള്ളുകളെ അത് തോണ്ടിയെടുക്കും. ഒളിപ്പിച്ചുവെച്ച ഭ്രാന്തുകളെ അത് വെളുത്ത പൂക്കളായി വിരിയിക്കും. ഫ്രാന്‍സിസ് നമുക്ക് പുറത്തുള്ള ഒരാളല്ല. നമ്മുടെ ആന്തരികതയിലെ അപരനാണെന്ന് എഴുതിയ ബോബിജോസച്ചന്‍ നിനവില്‍ വന്നു. നാം ഇതുവരെ നടന്നെത്തിച്ചേര്‍ന്ന ലോകവും എത്തിച്ചേരേണ്ട ലോകവും തമ്മിലുള്ള അകലമാണ് ഫ്രാന്‍സിസിലേക്കുള്ള നമ്മുടെ ദൂരം. അസ്സീസിഓര്‍മ്മകളിലൊരു വിളിച്ചുണര്‍ത്തലുണ്ട്. കയ്ക്കുന്ന ശരീരത്തില്‍ നിന്ന് മധുരിക്കുന്ന ദൈവത്തിലേയ്ക്ക്.

അസ്സീസിയെ എഴുതിയത് ദൈവത്തിന്‍റെ സ്വന്തം കിറുക്കന്മാരാണ്. ആ കിറുക്കന്മാരുടെ സൗന്ദര്യം കാണണമെങ്കില്‍ അതിലേക്ക് നോക്കുന്നവരിലും വേണം ഒരു തുള്ളി കിറുക്ക്.  
സന്ധ്യക്ക് അസ്സീസിയിലേക്ക് പ്രവേശിച്ചപ്പോള്‍ ഞാന്‍ കണ്ട മഴവില്ല് ആകാശത്തുനിന്ന് എപ്പോഴേ മാഞ്ഞുപോയെങ്കിലും, മനസ്സില്‍ ഒരു ദിവ്യസൗന്ദര്യമായി വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ആ മഴവില്ലിന്‍റെ ഒരറ്റം ഫ്രാന്‍സിസും മറ്റേയറ്റം ക്ലാരയുമാണ് നിവര്‍ത്തിപ്പിടിച്ചിരിക്കുന്നതെന്ന് ഞാനീരാത്രിയില്‍ എഴുതിവെച്ചത് അനുഭവത്തെക്കാള്‍ വലിയൊരു സ്വപ്നമാണ്. അസ്സീസിക്കുമാത്രം സംവേദിക്കാനാവുന്ന സുതാര്യതയുടെ ഒരു ദിവ്യാനുരാഗം എന്നെ ഇപ്പോള്‍ വലയം ചെയ്തിരിക്കുന്നു.  നാളത്തെ പകലില്‍ എന്തൊക്കെയാവും എനിക്ക് ഈ നഗരം കരുതിവെച്ചിരിക്കുന്നത്?

(ഒക്ടോബര്‍ 4, ഫ്രാന്‍സിസിന്‍റെ ഓര്‍മ്മദിനം)

 

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts