ഗാന്ധിയുടെ ചിത്രം ചുമരില്‍ തൂക്കിയിട്ടുള്ള ജനറല്‍ വാര്‍ഡിലെ 13-ാം നമ്പര്‍ ബെഡില്‍ ഇരുന്ന് കൊണ്ട് മണി തേങ്ങി. ഡോക്ടര്‍ ജയയ്ക്ക് കഴിഞ്ഞ 3 വര്‍ഷമായി മണിയെ അറിയാം. അമിത മദ്ധ്യപാനം വയറിന് ഉണ്ടാക്കിയ പ്രശ്നം മൂലമാണ് ആദ്യം അയാള്‍ വന്നത്. വിദ്യാസമ്പന്നും ദൃഢഗാത്രനുമായിരുന്ന മണിക്ക് അന്നൊരു സ്വകാര്യ ബസ് കമ്പനിയില്‍ നല്ലൊരു ജോലിയും ഉണ്ടായിരുന്നു. മദ്യപാനത്തിന്‍റെ ദൂഷ്യഫലങ്ങളെപ്പറ്റിയുള്ള ഡോ. ജയയുടെ ഉപദേശങ്ങളെല്ലാം മണി ഓരോ പ്രാവശ്യം വരുമ്പോഴും കേട്ടിരിക്കും. എന്നാല്‍ ഒരിക്കലും മദ്യപാനം ഉപേക്ഷിച്ചില്ല. കൂടുതല്‍ തകര്‍ന്ന ആരോഗ്യവുമായി മണി ഓരോതവണയും വരുന്നത് ഡോക്ടര്‍ വേദനയോടെ നോക്കിനിന്നു. മണിക്ക് ലിവര്‍ സിറോസിസിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. എന്നിട്ടും തന്‍റെ വിഷമങ്ങള്‍ മറക്കാന്‍ എന്ന പേരില്‍ അയാള്‍ മദ്യപാനം തുടര്‍ന്നു കൊണ്ടേയിരുന്നു. മണിയുടെ ശരീരം പതിയെ മെല്ലിച്ചു, വയറ്റില്‍ വെള്ളം കെട്ടി വീര്‍ത്തു, ശ്വാസം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. ആകപ്പാടെ പിന്നെ ചെയ്യാനുണ്ടായിരുന്നത് വയറ്റില്‍ നിന്ന് വെള്ളം കുത്തിയെടുത്ത് കളയുക എന്നതു മാത്രമായിരുന്നു. മണിയുടെ ജോലിയും സമ്പാദ്യവും ഇല്ലാതായി.
ഡോക്ടര്‍ ജയയെപോലെ ഭര്‍ത്താവ് കുടിയനല്ലാത്തതിനാല്‍ സന്തോഷിക്കാന്‍ ഭാഗ്യം ലഭിച്ച ഭാര്യമാര്‍ ഇന്ത്യയില്‍ ചുരുക്കമായിരിക്കും. വിദേശപഠനത്തിന് പോകുമ്പോള്‍ താന്‍ ഒരിക്കലും മദ്യപിക്കില്ലെന്ന് അമ്മയോട് വാഗ്ദാനം ചെയ്ത ഗാന്ധിയുടെ ജീവിതവും, കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ജോലി തേടി പോകുമ്പോള്‍ സ്വന്തം ഭാര്യയോട് മദ്യപിക്കില്ലെന്ന് വാഗ്ദാനം ചെയ്ത തന്‍റെ അച്ചന്‍റെ മാതൃകയും, മദ്ധ്യാപാനത്തിലൂടെ മരണത്തിലേയ്ക്ക് സ്വയം വലിച്ചെറിഞ്ഞ തന്‍റെ രോഗികളും, അവരുടെ തകര്‍ന്ന കുടുംബങ്ങളും, നിസ്സഹായരായ അമ്മമാരുടെ കണ്ണുനീരും, അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങളുടെ ബാല്യവും മദ്യപാനത്തോട് എതിരിടാന്‍ ഡോ. ജയയ്ക്ക് കരുത്തും ദിശാബോധവും നല്‍കി. ഡോക്ടര്‍ തന്നെയാണ് ഗാന്ധിയുടെ ചിത്രം 13-ാം നമ്പര്‍ ബെഡിന്‍റെ മുകളില്‍ സ്ഥാപിച്ചത്.
അന്ന് വൈകുന്നേരം ഡോക്ടര്‍ ജയ അടുത്തെത്തിയപ്പോള്‍ മണി പറഞ്ഞു: "ഡോക്ടര്‍ നാളെ എന്‍റെ അനുജന്‍റെ കല്യാണമാണ് വീട്ടില്‍ ഒറ്റമുറിയേ ഉള്ളൂ. ഇന്ന് വീട്ടില്‍ പോയാല്‍ തിണ്ണയില്‍ കഴിയേണ്ടി വരും. എന്‍റെ വീര്‍ത്ത വയറില്‍ തുറിച്ച് നോക്കി പുറത്ത് കൂടി പോകുന്നവര്‍ പെരുവയറന്‍ എന്ന് പറഞ്ഞ് കളിയാക്കുന്നത് താങ്ങാന്‍ എനിക്കാവില്ല. അതുകൊണ്ടാണ് ഞാന്‍ രണ്ട് ദിവസം സാവകാശം ചോദിച്ചത്."
പിറ്റേദിവസം മണിയുടെ അവസ്ഥ കുറച്ച് മോശമായി. ഡോ. ജയ വന്ന് പരിശോധിച്ചുകൊണ്ടിരിക്കുമ്പോള്‍ മണി പറഞ്ഞു. "ഈ സമയം കൊണ്ട് എന്‍റെ അനുജന്‍റെ കല്യാണം കഴിഞ്ഞുകാണും കഴിഞ്ഞ 3 വര്‍ഷം നിങ്ങള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടിരുന്നെങ്കില്‍ ഇന്ന് ഞാനും അവനെ പോലെ നല്ല നിലയില്‍ ആകുമായിരുന്നു. എന്‍റെ സുഹൃത്തുക്കള്‍ എന്നെ ചതിച്ചു. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെറിയതോതില്‍ മദ്യപാനം ആരംഭിച്ച എനിക്ക് പിന്നീട് അത് നിര്‍ത്താനായില്ല. എന്‍റെ സമ്പാദ്യം എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നുപോലും എനിക്കറിയില്ല. ജീവിതത്തില്‍ ഒരു നന്മപോലും എനിക്ക് ചെയ്യാന്‍ പറ്റിയില്ല. എനിക്ക് എന്തെങ്കിലും നന്മ ചെയ്യണം ഡോക്ടര്‍. എനിക്ക് ഒരവസരം കൂടി തരാന്‍ പറ്റുമോ?
"മണി ദാ 1-ാം നമ്പര്‍ ബെഡ്ഡില്‍ നീ 3 വര്‍ഷം മുന്‍പ് ഇവിടെ വന്ന അതേ കാരണത്താല്‍ ഒരാള്‍ വന്നിട്ടുണ്ട് ഇങ്ങനെ പോയാല്‍ അയാളുടെ അവസ്ഥയും നിന്‍റേതുപോലെ ആകും. നീ അയാളെ ഒന്നു കണ്ട് സംസാരിക്ക്" ഡോ. ജയ പറഞ്ഞ് നിര്‍ത്തി.
രണ്ട് ദിവസങ്ങള്‍ക്കുശേഷം നന്ദിപറഞ്ഞ് മണി പോകുമ്പോള്‍ അല്പം വേദനയോടെ ആണ് അയാളെ ഡോ. ജയ യാത്ര ആക്കിയത്. മൂന്ന് ആഴ്ചയ്ക്കുശേഷം മണിയുടെ സഹോദരി ഡോക്ടറെ കാണാന്‍ വരുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് ഡോക്ടര്‍ മണിയുടെ മരണവാര്‍ത്ത വായിച്ചെടുക്കാമായിരുന്നു. അവര്‍ ഡോക്ടര്‍ക്ക് നല്‍കിയ കവറില്‍ മണിയുടെ മരണ സമയത്തുള്ള ഒരു ചിത്രം ഉണ്ടായിരുന്നു. മെലിഞ്ഞ ശരീരവും വീര്‍ത്ത വയറുമായുള്ള മണിയുടെ ചിത്രം. അതിന്‍റെ അടിയില്‍ ഇങ്ങനെ എഴുതിയിരുന്നു. "മദ്യപാനം ഒരാളെ ഇങ്ങനെ ആക്കിമാറ്റും."
ഒപ്പമുണ്ടായിരുന്ന എഴുത്ത് ഇപ്രകാരം ആയിരുന്നു: "ജീവിതത്തില്‍ ഒരു നന്മയും ചെയ്യാതെ കടന്നു പോകുന്ന ഒരാളുടെ ആഗ്രഹം ആണ് ഡോക്ടര്‍ ഇത്. ദയവ് ചെയ്ത് ഈ ചിത്രം 13-ാം നമ്പര്‍ ബെഡിന്‍റെ മുകളില്‍ തൂക്കുക. ആരെങ്കിലും ഈ ചിത്രം കണ്ട് തന്നെത്തന്നെ രക്ഷിച്ചാലോ?" മദ്യപാനരോഗികള്‍ക്കായി മാറ്റിവച്ചിരിക്കുന്ന 13-ാം നമ്പര്‍ ബെഡിന്‍റെ മുമ്പില്‍ ഇന്ന് ഗാന്ധിയുടെ ചിത്രത്തിനു പകരം മണിയുടെ ചിത്രം ഒരു മുന്നറിയിപ്പുപോലെ നില്‍ക്കുന്നു.