1500 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വിശ്വാസത്തിന് 14 വയസ്സുള്ള ഒരു പെണ്‍കുട്ടി ഭീഷണിയായി കണക്കാക്കപ്പെടുന്നു. അതാണ് മലാല യൂസഫ്സായിയെക്കുറിച്ചുള്ള അപഹാസ്യമായ ഹാസ്യം.
കഴിഞ്ഞ ഒക്ടോബര്‍ 14-ാം തീയതിയാണ് മലാല എന്ന പാക്കിസ്ഥാന്‍കാരി പെണ്‍കുട്ടിക്കു താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റത്. ഒരു മുസ്ലീം പെണ്‍കുട്ടി എന്ന നിലയില്‍ പിറന്ന മണ്ണില്‍ അക്ഷരജ്ഞാനം നേടി സ്വതന്ത്രജീവിതം നയിക്കാനാഗ്രഹിച്ച മലാല താലിബാന്‍റെ ഭീകരതയും സ്ത്രീത്വത്തിന്‍റെ അടിച്ചമര്‍ത്തലും സഹിക്കവയ്യാതെ, പതിനൊന്നാം വയസ്സില്‍ തന്‍റെ ഡയറിക്കുറിപ്പുകളിലൂടെ, തീവ്രവാദവും യുദ്ധവും നരകമാക്കിയ പാകിസ്താന്‍ മണ്ണില്‍നിന്ന് തന്‍റെ ജീവിതം പറയാന്‍ തുടങ്ങി.
വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ മിങ്കോറയാണ് അവളുടെ നാട്. സ്വര്‍ഗംപോലെ സൗന്ദര്യം കവിഞ്ഞൊഴുകുന്ന സ്വാത് താഴ്വരയില്‍ അവര്‍ക്കില്ലാത്തത് സമാധാനം മാത്രം. കാട്ടുയുഗത്തിലേക്ക് ജീവിതം തിരിച്ചുവിട്ട താലിബാന് തിട്ടൂരങ്ങളില്‍ എപ്പോഴും സ്ത്രീകളും പെണ്‍കുട്ടികളും ഇരകള്‍ മാത്രം. താലിബാന്‍ ആദ്യം നിരോധിച്ചത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും മാര്‍ക്കറ്റില്‍ പോകലുമാണ്. ഇന്ന് അത്യാവശ്യത്തിന് പുറത്തിറങ്ങണമെങ്കില്‍ താലിബാന്‍ പറയുന്നപോലത്തെ ബുര്‍ഖ തന്നെ ധരിക്കണം. 2009 ല്‍ സ്വാതില്‍നിന്ന് സൈന്യം താലിബാനെ തുരത്തിയപ്പോഴാണ് മലാല സ്വന്തം പേരില്‍ പ്രത്യക്ഷപ്പെട്ടത്. പെണ്‍വിദ്യാഭ്യാസത്തിനുവേണ്ടി ശക്തമായി ടെലിവിഷനില്‍ വാദിച്ചു. ദേശീയ-അന്താരാഷ്ട്ര തലത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് മലാലയെ സ്കൂള്‍വാനില്‍നിന്ന് പിടിച്ചിറക്കി വെടിവെച്ചത്. ബിബിസിയില്‍ 2009 ല്‍ മലാലയുടെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഗുല് മകായ് എന്ന അപരനാമത്തില്‍ ബിബിസിയുടെ ഉര്‍ദു ഓണ്‍ലൈന്‍ എഡിഷനിലാണ് മലാലയുടെ ഡയറിക്കുറിപ്പുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. താലിബാന്‍ തീവ്രവാദികളെ പ്രകോപിപ്പിച്ചത് മലാലയുടെ സങ്കടം കത്തുന്ന വാക്കുകളായിരുന്നു.
2009 ജനുവരി 3 ശനി: പെണ്‍കുട്ടികള്‍ സ്കൂളില്‍ പോയിക്കൂടാ
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു, സൈനിക ഹെലികോപ്ടറുകളും താലിബാന്‍കാരുമുള്ള ഒരു സ്വപ്നം. സൈനിക ഇടപെടലുകള്‍ ആരംഭിച്ച നാളുകള്‍ മുതല്‍ എനിക്ക് ഇത്തരം പല സ്വപ്നങ്ങളുമുണ്ടായിട്ടുണ്ട്. എന്‍റെ ഉമ്മ എനിക്ക് പ്രാതല്‍ തന്ന് സ്കൂളിലേയ്ക്ക് അയച്ചു. സത്യത്തില്‍ സ്കൂളില്‍ പോകാന്‍ എനിക്ക് പേടിയായിരുന്നു. കാരണം പെണ്‍കുട്ടികള്‍ സ്കൂളില്‍ പോയിക്കൂടാ എന്നൊരു വിളംബരം താലിബാനില്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഞങ്ങളുടെ സ്കൂളില്‍നിന്ന് തിരിച്ച് വരുംവഴി ഒരു മനുഷ്യന്‍ "നിന്നെ ഞാന്‍ കൊല്ലും" എന്നെന്നെ ഭീഷണിപ്പെടുത്തി. ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് ഓടി. കുറച്ചുകഴിഞ്ഞ് ആ മനുഷ്യന്‍ എന്‍റെ പുറകെ വരുന്നുണ്ടോ എന്നറിയാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അയാള്‍ ഫോണെടുത്ത് മറ്റാരെയോ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഏതായാലും എനിക്ക് വലിയ ആശ്വാസമായി."
2009 ജനുവരി 4, ഞായര്‍: എനിക്ക് സ്കൂളില്‍ പോകണം
ഇന്ന് അവധി ദിവസമായതുകൊണ്ട് രാവിലെ താമസിച്ച് പത്തുമണിയ്ക്കാണ് ഞാന്‍ എഴുന്നേറ്റത്. ഗ്രീന്‍ ചൊവകില്‍ മൂന്ന് ശവശരീരങ്ങള്‍ കൂടി കിടക്കുന്നതിനെക്കുറിച്ച് എന്‍റെ ബാപ്പ സംസാരിക്കുന്നത് ഞാന്‍ കേട്ടു. ഈ വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. സൈനിക നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഞങ്ങള്‍ ഞായറാഴ്ചകളില്‍ മര്‍ഗാസാറിലും ഫിസാഘട്ടിലും കഞ്ചുവിലും വിനോദത്തിന് വേണ്ടി പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നരവര്‍ഷത്തോളമായി വിനോദത്തിന് വേണ്ടി ഞങ്ങള്‍ പുറത്തിറങ്ങിയിട്ടില്ല.
നേരത്തെ ഞങ്ങള്‍ അത്താഴത്തിനുശേഷം നടക്കാന്‍ പോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സൂര്യനസ്തമിക്കുന്നതിന് മുന്‍പ് ഞങ്ങള്‍ വീട്ടില്‍ കയറും. ഇന്ന് ഞാന്‍ കുറച്ച് വീട്ടുപണികള്‍ ചെയ്യുകയും എന്‍റെ ഗൃഹപാഠം പൂര്‍ത്തീകരിക്കുകയും എന്‍റെ സഹോദരനോടൊപ്പം കളിക്കുകയും ചെയ്തു. അപ്പോഴൊക്കെയും എന്‍റെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു, കാരണം എനിക്ക് നാളെ സ്കൂളില്‍ പോകണം.
2009 ജനുവരി 5 തിങ്കള്‍: നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്
ഞാന്‍ യൂണിഫോം ധരിച്ചുകൊണ്ടിരുന്നപ്പോഴാണ് 'യൂണിഫോം ധരിക്കരുത്, സാധാരണ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് സ്കൂളില്‍ വരണ'മെന്ന് ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ പറഞ്ഞ കാര്യം ഞാനോര്‍ത്തത്. അതുകൊണ്ട് ഞാനെന്‍റെ ഏറ്റവും പ്രിയപ്പെട്ട ഇളംചുമപ്പ് നിറമുള്ള ഡ്രസ്സ് ധരിക്കാന്‍ തീരുമാനിച്ചു. സ്കൂളിലെ മറ്റ് പെണ്‍കുട്ടികളും നിറമുള്ള ഡ്രസ്സുകളാണ് ധരിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്കൂളിന് ഒരു ഗൃഹാന്തരീക്ഷം കൂടുതലുണ്ടായിരുന്നു. എന്‍റെ കൂട്ടുകാരി എന്നോടു ചോദിച്ചു: "ദൈവത്തെയോര്‍ത്ത് നീ സത്യം പറ. താലിബാന്‍കാര്‍ നമ്മുടെ സ്കൂള്‍ ആക്രമിക്കാന്‍ പോവുകയാണോ?" രാവിലെ അസംബ്ലിയുടെ സമയത്ത് ഞങ്ങളോട് പ്രിന്‍സിപ്പാള്‍ പറഞ്ഞു: "താലിബാന്‍കാര്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിറമുള്ള ഡ്രസ്സുകള്‍ ധരിച്ച് സ്കൂളില്‍ വരരുത്."
ഞാന്‍ സ്കൂളില്‍നിന്ന് തിരിച്ചുവന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം ട്യൂഷനു പോയി. വൈകുന്നേരം റ്റി.വി. ഓണ്‍ ചെയ്തപ്പോള്‍ ഷക്കാര്‍ദ്രയില്‍ നിന്ന് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കര്‍ഫ്യു പിന്‍വലിച്ചിരിക്കുന്നെന്ന വാര്‍ത്ത കേട്ടു. അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി കാരണം എന്‍റെ ഇംഗ്ലീഷ് ടീച്ചര്‍ ആ പ്രദേശത്ത് നിന്നാണ് വരുന്നത്. നാളെ മുതല്‍ ടീച്ചര്‍ സ്കൂളില്‍ വരുമല്ലോ.
2009 ജനുവരി 7 ബുധന്‍: വെടിയുതിര്‍ക്കലില്ലാതെ ഭയമില്ലാതെ
മുഹറത്തിന്‍റെ അവധിക്കാലം ചെലവഴിക്കാനാണ് ഞാന്‍ ബുനയിറില്‍ വന്നത്. മലകളും കടുംപച്ച വയലുകളുമുള്ള ബുനയിറിനെ ഞാന്‍ പ്രണയിക്കുന്നു. എന്‍റെ സ്വാത്തും മനോഹരമാണ്, പക്ഷെ അവിടെ സമാധാനമില്ല. ബുനയിറില്‍ ശാന്തിയും സമാധാനവുമുണ്ട്. ഇവിടെ വെടിയുതിര്‍ക്കലോ ഭയമോ ഇല്ല. ഞങ്ങളെല്ലാം സന്തോഷത്തിലാണ്.
ഇന്ന് ഞങ്ങള്‍ പിര്‍ബാബ സ്മരണമന്ദിരം കാണാന്‍ പോയി. അവിടെ ഒത്തിരി ആളുകള്‍ ഉണ്ടായിരുന്നു. ആളുകള്‍ ഇവിടെ പ്രാര്‍ത്ഥിക്കാന്‍ വന്നതാണ്, ഞങ്ങളാകട്ടെ വിനോദസന്ദര്‍ശനം നടത്താന്‍ വന്നതാണ്. അവിടെ വളകളും കമ്മലുകളും ലോക്കറ്റുകളും മുക്കുപണ്ടങ്ങളും വില്‍ക്കുന്ന കടകളുണ്ട്. എന്തെങ്കിലും വാങ്ങിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഒന്നുംതന്നെ എനിക്ക് ഇഷ്ടപ്പെട്ടില്ല. ഉമ്മ കുറച്ച് വളകളും കമ്മലുകളും വാങ്ങി.
2009 ജനുവരി 9, വെള്ളി: എന്തുകൊണ്ടിങ്ങനെ സ്ഫോടനങ്ങള്‍
ഇന്ന് സ്കൂളില്‍ പോയപ്പോള്‍ ഞാനെന്‍റെ കൂട്ടുകാരികളോട് ഞങ്ങളുടെ ബുനയിര്‍ യാത്രയെക്കുറിച്ച് പറഞ്ഞു. ബുനയിര്‍ കഥകള്‍ കേട്ട് മടുത്തെന്നായിരുന്നു അവളുടെ മറുപടി.
എഫ്. എം. റേഡിയോയില്‍ സ്ഥിരമായി പ്രഭാഷണം നടത്തിയിരുന്ന മൗലാനാ ഷാഹ് ദൗരന്‍റെ മരണത്തെപ്പറ്റിയുള്ള അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ചചെയ്തു. മുസ്ലീം പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നത് വിലക്കിയിരിക്കുന്നു എന്ന വാര്‍ത്ത റേഡിയോയില്‍ സംപ്രേഷണം ചെയ്തത് അദ്ദേഹമായിരുന്നു.
മറ്റുള്ളവരുടെ വിയോജിപ്പാണ് അദ്ദേഹത്തിന്‍റെ മരണത്തിന് കാരണമെന്ന് ചില കുട്ടികള്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ചുള്ള കുശുകുശുപ്പുകള്‍ പരക്കാന്‍ കാരണം തലേദിവസം രാത്രിയില്‍ അദ്ദേഹം സാധാരണ എഫ്.എം. റേഡിയോയില്‍ നടത്താറുള്ള പ്രഭാഷണം ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാണ്. അദ്ദേഹം അവധിയില്‍ പോയിരിക്കുകയാണെന്ന് ഒരു കുട്ടി പറഞ്ഞു.
വെള്ളിയാഴ്ച ട്യൂഷന്‍ ഇല്ലാത്തതുകൊണ്ട് ഉച്ചകഴിഞ്ഞ് മുഴുവന്‍ സമയവും ഞാന്‍ കളിച്ചു. വൈകുന്നേരം റ്റി. വി. ഓണ്‍ ചെയ്തപ്പോള്‍ ലാഹോറിലെ സ്ഫോടനത്തെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു. 'എന്തുകൊണ്ടാണ് പാക്കിസ്ഥാനില്‍ ഇങ്ങനെ സ്ഫോടനങ്ങള്‍ നടക്കുന്നതെ'ന്ന് ഞാന്‍ എന്നോടുതന്നെ ചോദിച്ചു.
2009 ജനുവരി 14, ബുധന്‍: ഞാനിനി സ്കൂളില്‍ പോകുന്നില്ല.
നാളെ മുതല്‍ ശൈത്യകാല അവധി ആരംഭിക്കുകയാണ്. അതുകൊണ്ട് ഇന്ന് സ്കൂളില്‍ പോകാന്‍ ഒരു സുഖവും തോന്നിയില്ല. പ്രിന്‍സിപ്പാള്‍ അവധി പ്രഖ്യാപിച്ചെങ്കിലും സ്കൂള്‍ എന്നാണ് തുറക്കുന്നതെന്ന് പറഞ്ഞില്ല. ഇതാദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മുന്‍പൊക്കെ സ്കൂള്‍ തുറക്കുന്ന തീയതി കൃത്യമായി അനൗണ്‍സ് ചെയ്യുമായിരുന്നു. പ്രിന്‍സിപ്പാള്‍ എന്തുകൊണ്ടാണ് സ്കൂള്‍ തുറവിയുടെ തീയതി പറയാത്തതെന്ന കാരണമൊന്നും ബോധിപ്പിച്ചില്ലെങ്കിലും എന്‍റെ ഒരു ഊഹം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ജനുവരി 15 മുതല്‍ താലിബാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ട് തന്നെയായിരിക്കുമെന്നാണ്.
ഇപ്രാവശ്യം കുട്ടികള്‍ അവധിയെക്കുറിച്ച് വലിയ ആവേശഭരിതരായിരുന്നില്ല. കാരണം, അവര്‍ക്കറിയാമായിരുന്നു താലിബാന്‍ അവരുടെ വിളംബരം നടപ്പിലാക്കിയാല്‍ ഇനിയവര്‍ക്ക് സ്കൂളില്‍ വരാനാകില്ലെന്ന്. ചില പെണ്‍കുട്ടികള്‍ സ്കൂള്‍ ഫെബ്രുവരിയില്‍ തുറക്കുമെന്ന കാര്യത്തില്‍ പ്രതീക്ഷാനിര്‍ഭരരായിരുന്നു. എന്നാല്‍ ചിലരുടെ മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സ്വാത്തില്‍നിന്ന് മറ്റ് നഗരങ്ങളിലേക്ക് താമസം മാറ്റാന്‍ തീരുമാനിച്ചിരുന്നു.
ഇന്ന് അവസാന സ്കൂള്‍ദിവസമായതുകൊണ്ട് കൂടുതല്‍ സമയം കളിക്കളത്തില്‍ കളിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സ്കൂള്‍ ഒരു നാള്‍ വീണ്ടും തുറക്കുമെന്ന വിശ്വാസമാണ് എനിക്കുള്ളത്. എന്നിരുന്നാലും സ്കൂളില്‍നിന്ന് പോരുമ്പോള്‍ ഇനിയൊരിക്കലും ഞാനിവിടെ തിരിച്ചുവരില്ലെന്ന തോന്നലില്‍ ഒരിക്കല്‍കൂടി ഞാനെന്‍റെ സ്കൂളിനെ നോക്കിനിന്നു.
2009 ജനുവരി 15, വ്യാഴം: പീരങ്കിതീ നിറഞ്ഞ രാത്രി
രാത്രി മുഴുവന്‍ പീരങ്കിയുടെ ശബ്ദം എങ്ങും കേള്‍ക്കാമായിരുന്നു. ഞാന്‍ മൂന്നുവട്ടം ഉറക്കത്തില്‍നിന്ന് എഴുന്നേറ്റു. പഠിത്തമില്ലാത്തതിനാല്‍ രാവിലെ പത്തു മണിയായപ്പോഴാണ് എഴുന്നേറ്റത്. കുറച്ചുകഴിഞ്ഞ് എന്‍റെ കൂട്ടുകാരി വന്നു ഞങ്ങള്‍ ഗൃഹപാഠത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
ഇന്ന് ജനുവരി 15. താലിബാന്‍കാരുടെ വിളംബരം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പുള്ള അവസാനത്തെ ദിവസം. എന്നാല്‍ എന്‍റെ കൂട്ടുകാരി ഗൃഹപാഠത്തെക്കുറിച്ച് സംസാരിക്കുന്നതു കേട്ടാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതുപോലെ തോന്നും.
ഇന്ന് ഞാന്‍ ബിബിസിയ്ക്ക് വേണ്ടി എഴുതി പത്രത്തില്‍ പ്രസിദ്ധീകരിച്ച് വന്ന എന്‍റെ ഡയറിക്കുറിപ്പുകള്‍ വായിക്കുകയും ചെയ്തു. എന്‍റെ ഉമ്മയ്ക്ക് 'ഗുല്‍ മകായ്' എന്ന എന്‍റെ തൂലികാനാമം ഇഷ്ടമായി. "അവളുടെ പേര്' 'ഗുല്‍ മകായ്' എന്ന് മാറ്റിയാലെന്താ?" എന്ന് ബാപ്പയോട് ചോദിക്കുന്നതും കേട്ടു. എനിക്കും ആ പേര് ഇഷ്ടമാണ് കാരണം എന്‍റെ യഥാര്‍ത്ഥ പേരിന്‍റെ അര്‍ത്ഥം "ദുഃഖ പൂരിത" എന്നാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആരോ ഈ ഡയറിക്കുറിപ്പുകളുടെ അച്ചടിപ്പതിപ്പ് കൊണ്ടുവന്ന് ബാപ്പയെ കാണിച്ചിട്ട് എത്ര മനോഹരമായ കുറിപ്പുകള്‍ എന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ബാപ്പയ്ക്ക് ഇതെന്‍റെ മോള്‍ എഴുതിയതാണെന്ന് പറയാന്‍പോലും കഴിഞ്ഞില്ല. ബാപ്പ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
2009 ഫെബ്രുവരി 9, തിങ്കള്‍
ആരും സ്വന്തമിഷ്ടപ്രകാരം ജന്മനാട് വിടുന്നില്ല. മനുഷ്യരാരും സ്വന്തമിഷ്ടപ്രകാരമല്ല ജന്മനാട് വിട്ടുപോകുന്നത്. ഒന്നുകില്‍ ദാരിദ്ര്യമോ അല്ലെങ്കില്‍ പ്രേമമോ മാത്രമാണ് ഒരാളെ സ്വന്തം നാടുപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.