news-details
മറ്റുലേഖനങ്ങൾ

വിചാരണ ചെയ്യുന്ന കവിതകള്‍

ആദ്യത്തെ വിയര്‍പ്പുമണികള്‍ മുതല്‍
ഏദനില്‍നിന്നു
പുറത്താക്കിയപ്പോള്‍
നെറ്റിയില്‍ പൊടിഞ്ഞ
ആദ്യത്തെ വിയര്‍പ്പുമണികള്‍ തുടച്ചുകൊണ്ട്
ഹവ്വ
ദൈവത്തെ
അത്ഭുതത്തോടെ നോക്കി.

എന്തിനെന്നു ചോദിക്കണമെന്ന്
അവള്‍ക്കുണ്ടായിരുന്നു.

ആദം
ചൂണ്ടുവിരലുകള്‍
ചുണ്ടുകള്‍ക്ക് കുറുകെവെച്ച്
നിശ്ശബ്ദതയുടെ ഒരു കുരിശുണ്ടാക്കി.

ചോദ്യങ്ങളൊന്നും പാടില്ല പെണ്ണേ
ദൈവമാണ്
അനുസരിച്ചാല്‍ മതിയെന്ന്
ചുവന്ന കണ്ണുകള്‍
ഭൂഗോള വിസ്തൃതമാക്കി.

അന്നുമുതല്‍ ദിവസേനയെന്നോണം
അവള്‍
അനുസരിച്ചുവരികയായിരുന്നു.

എങ്കിലും
ചോദിക്കണമെന്നുണ്ടായിരുന്നു.
ആദത്തെ ഭയപ്പെട്ടുമാത്രം
അവന്‍റെ കണ്ണുരുട്ടലില്‍ ചൂഴ്ന്നുനിന്ന
ഭീതിയെ വിചാരിച്ചുമാത്രം
നിശ്ശബ്ദമായി ഇരുന്നു.

അപ്പോള്‍,
ദൈവം മരിച്ചെന്ന്
ആരോ തരിശുഭൂമിയില്‍ നിന്നു വിളിച്ചുപറയുന്ന
വാക്കിന്‍റെ പ്രതിധ്വനി
അവള്‍ കേട്ടു.

വയലില്‍
ആദ്യം പൂത്ത ഗോതമ്പുചെടിപോലെ
അവള്‍ സന്തോഷവതിയായി.
മതിമറന്ന കാറ്റും കെട്ടഴിച്ചുവിട്ട പക്ഷിയുമായി.

സൂക്ഷിച്ചുവെച്ചിരുന്ന ചോദ്യങ്ങള്‍
ഒന്നൊന്നായി പുറത്തെടുത്ത്
ഉറക്കെ ചോദിക്കുവാന്‍ തുടങ്ങി.

ആദം
നിസ്സഹായനായി
കൈമലര്‍ത്തി.

ദൈവം മരിച്ചെന്ന്
ആരോ തരിശുഭൂമയില്‍ വിളിച്ചുപറയുന്നത്
അയാളും കേട്ടിരുന്നു.

അതോടെ
വിയര്‍പ്പുമണികള്‍ കൊണ്ടുണ്ടാക്കിയ
അപ്പങ്ങള്‍ ഒന്നൊന്നായി
അടുക്കളയില്‍നിന്ന്
അപ്രത്യക്ഷമാകാനും തുടങ്ങി.

ആഗോളഭീമന്‍
ഉച്ചമയക്കം കഴിഞ്ഞ്
കുട്ടി കണ്ണുതുറക്കുമ്പോഴുണ്ട്
അത്ഭുതം
വിചിത്രമൊരു സസ്യംപോല്‍
മുളച്ചുപൊന്തി നില്‍ക്കുന്നു.

വളപ്പിലെ കളിക്കളം
അപ്രത്യക്ഷമായിരിക്കുന്നു.

കുട്ടി
കണ്ണുചിമ്മി കണ്ണുചിമ്മി
അത്ഭുതമെന്ന വിചിത്രസസ്യത്തെ
നോക്കിനോക്കി നിന്നു.

അപ്പോള്‍ കണ്ടു
മുറ്റത്തെ മൂവാണ്ടന്‍ മാവുകള്‍ മുറിച്ചിട്ട്
അതിന്മേലിരുന്ന്
മസില്‍പ്പവറുള്ള ഒരാഗോളഭീമന്‍
ബീഡി പുകയ്ക്കുന്നു.
ആകാശത്തേയ്ക്ക്
പുക ഊതിയൂതി നിറയ്ക്കുന്നു.

പോസ്റ്റ്മോര്‍ട്ടം ടേബിളിലെന്നപോലെ
ഒടിഞ്ഞുമടങ്ങി
ലോറിയില്‍ക്കിടക്കുന്നു
ഒരു മൈതാനവും കുന്നിന്‍പുറവും.

ആരോ വരച്ചിട്ട പുതിയ ഭൂപടത്തില്‍
അംബരചുംബികള്‍ക്ക് മുകളില്‍
മഞ്ഞപ്പന്തുപോലൊരു
സൂര്യനുണ്ട്.

മേഘങ്ങളോടൊപ്പം
ദൈവം കളിക്കാന്‍വരുന്നതും നോക്കി
കുട്ടി ബാല്‍ക്കണിയില്‍
ഏകാകിയായി നിന്നു.

 ദ ഗോഡ് ദാറ്റ് ഫെയില്‍ഡ്
എല്ലാ സൃഷ്ടിശ്രമങ്ങളും
പാഴായ ശേഷം
തന്‍റെ അനന്തവും
അസഹ്യവുമായ ഏകാന്തതയിലിരുന്ന്
ദൈവം വെറുതേ ഒച്ചവെച്ചു

തന്‍റെ തന്നെ പ്രതിധ്വനിയുടെ പ്രളയംകണ്ട്
ദൈവം ഭയന്നുവിറച്ചു.
ആകാശത്തെയും നക്ഷത്രങ്ങളെയും
തട്ടിത്തെറിപ്പിച്ച് ഓടുന്നതിനിടയില്‍
അദ്ദേഹം ഭൂമിയില്‍ തട്ടി വീണു.

ചുറ്റിലും അദ്ദേഹത്തെ തന്നെ
തുറിച്ചു നോക്കിക്കൊണ്ട്
മനുഷ്യന്മാര്‍ പൊട്ടിച്ചിരിച്ചു.
ഭൂമിയില്‍ അതോടെ
നീണ്ടുനില്‍ക്കുന്ന
ഉത്സവങ്ങള്‍ തുടങ്ങി...

ഒരാല്‍ മരം
വേണ്ടാത്ത സ്ഥലത്താണ്
മുളച്ചത്
ഇത്തിരി വളര്‍ന്നപ്പോഴാണറിഞ്ഞത്
ഇത്രേം വളര്‍ന്നെന്ന്.

വെട്ടണമെന്നു കരുതിയതാണ്
ഒരു തണലാകുമല്ലോന്നോര്‍ത്ത്
വെട്ടാതിരുന്നതാ.

ഇതിപ്പോള്‍
ഇത്രേം പുകിലാകുമെന്നോര്‍ത്തില്ല.
നാട്ടുകാരെല്ലാം ഇതിന്‍റെചോട്ടില്‍ത്തന്നെ
കൂടുമെന്നറിഞ്ഞില്ല.
ശിലവെയ്ക്കുമെന്നും
പൂജിക്കുമെന്നും
വേലികെട്ടുമെന്നും
സ്വപ്നത്തില്‍ പോലും കരുതിയില്ല.

ഇതെന്‍റെ മണ്ണിലാണെന്നു പറഞ്ഞുചെന്നപ്പോളാണ്
നാണം കെട്ടവനേയെന്ന്
കണ്ണുപൊട്ടിക്കുന്ന
ഒരാട്ട് കേട്ടത്...

വേണ്ടാത്ത സ്ഥലത്താണത്
മുളച്ചത്...

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts