'ഈ ലോകം ഒരു കളിയരങ്ങാണ്, എല്ലാ മനുഷ്യരും നടീനടന്മാരാണ്' എന്നുപറഞ്ഞത് ഷേക്സ്പിയറാണ്. ഓരോ മനുഷ്യനും ജീവിതത്തില്‍ പലവേഷങ്ങള്‍ കെട്ടിയാടാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. അവിടെ വിജയവും പരാജയവുമില്ല. നടനവൈഭവം ചിലപ്പോള്‍ ഭൗതികനേട്ടങ്ങള്‍ക്കു കാരണമാകാം. ജീവിതത്തില്‍ നടിക്കുന്നവന്‍ സന്തുഷ്ടനല്ല. എന്നാല്‍ കലാകാരനായ നടന്‍/നടി രണ്ടു ജീവിതം ജീവിക്കുന്നു. പ്രായോഗികജീവിതത്തിലെ ജീവിതവും അരങ്ങിലെ ജീവിതവും അവന്/ അവള്‍ക്ക് സ്വന്തമായുണ്ട്. അരങ്ങിലെ ജീവിതത്തിന് ജയപരാജയങ്ങളുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് നടന്‍റെയും നടിയുടെയും മേന്മ നിശ്ചയിക്കുന്നത്. തിലകന്‍ എന്ന അഭിനയപ്രതിഭ ജീവിതത്തില്‍ അഭിനയിക്കാതെ അരങ്ങില്‍ എല്ലാ വേഷവും സമര്‍ത്ഥമായി അവതരിപ്പിച്ചാണ് അരങ്ങൊഴിഞ്ഞത്. എത്രയോ അത്യുജ്ജ്വലനിമിഷങ്ങള്‍ നമുക്കു സമ്മാനിച്ചാണ് അദ്ദേഹം യാത്രയായതെന്നു നാം കൃതജ്ഞതയോടെ സ്മരിക്കുക.
അഭിനേതാക്കാള്‍ പലതരക്കാരുണ്ട്. തൊഴിലായി അഭിനയം സ്വീകരിച്ച്, യാന്ത്രികമായി മുന്നോട്ടുപോകുന്നവരും അഭിനയവും കലയും അഭിനിവേശമായി കൊണ്ടുനടക്കുന്നവരും. തിലകന്‍ അഭിനയത്തെ ഭൂതാവേശമായി സ്വീകരിച്ച നടനാണ്. ശ്രേഷ്ഠനടന്മാരുടെ ഗണത്തിലാണ് അദ്ദേഹത്തിനു സ്ഥാനം. പോള്‍മുനി, ആന്‍റണിക്വിന്‍, മര്‍ലോന്‍ ബ്രാന്‍റോ എന്നിങ്ങനെയുള്ള നടന്മാരുടെ ഗോത്രത്തില്‍പ്പെട്ട നടനാണ് തിലകന്‍ എന്നു നിസ്സംശയം പറയാം. ഭരത് ഗോപി, മുരളി എന്നിങ്ങനെ ചിലരും ഈ ഗോത്രബന്ധമുള്ളവരാണ്. കണ്ണും മെയ്യും മനസ്സും ഒന്നുചേരുമ്പോള്‍ അനുഭവത്തിന്‍റെ പുതിയ വന്‍കരകള്‍ തെളിഞ്ഞുവരുന്നത് നാം ഈ നടന്മാരുടെ അഭിനയത്തില്‍ കണ്ടിട്ടുണ്ട്.
ഉള്‍ക്കടല്‍ മുതല്‍ അര്‍ധനാരിവരെയുള്ള തിലകന്‍റെ അഭിനയയാത്ര നവരസങ്ങളുടെ സാദ്ധ്യതകള്‍ വിപുലപ്പെടുത്തി. കോലങ്ങള്‍, യവനിക, മൂന്നാംപക്കം, പെരുന്തച്ചന്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഋതുഭേദം ഏകാന്തം, ഇന്ത്യന്‍റുപ്പി, സ്പിരിറ്റ്, അച്ഛന്‍ ഇവയെല്ലാം ഇതിനു തെളിവുകള്‍ നല്‍കുന്നു. മനോധര്‍മ്മമാടുന്ന കഥകളിനടനെപ്പോലെ തിലകന്‍ ഓരോ രസത്തിലും പുതിയ വാതായനങ്ങള്‍ തുറന്നിടുന്നു. മനസ്സിനെ കഥാപാത്രത്തിലേക്കു സംക്രമിപ്പിക്കുന്ന അത്ഭുതവിദ്യ സ്വായത്തമായ നടനായിരുന്നു തിലകനെന്ന് നാം അങ്ങനെ മനസ്സിലാക്കി. അതുകൊണ്ടാണ് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ നമ്മുടെ ജീവിതത്തിന്‍റെ സാധ്യതകളെ വിലുപമാക്കിയത്.
ആദ്യം അഭിനയിച്ച സിനിമ മുതല്‍ അവസാനമായി അഭിനയിച്ച ചിത്രംവരെയുള്ള ഗ്രാഫ് പരിശോധിച്ചാല്‍ തിലകന്‍റെ അഭിനയജീവിതത്തിന്‍റെ പൂര്‍ണ്ണത വ്യക്തമാകും. വളര്‍ച്ചയും വികാസവുമാണ് ഓരോ സിനിമയിലും ഈ നടന്‍ പ്രദര്‍ശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അഭിനയത്തിന്‍റെ പാഠപുസ്തകമായി ഗൗരവമായി സിനിമയെ സമീപിക്കുന്നവര്‍ അദ്ദേഹത്തെ വിലയിരുത്തുന്നത്. സംഭാഷണത്തിലെ വ്യതിയാനങ്ങള്‍ സൂക്ഷ്മഭാവവ്യക്തതയ്ക്ക് ഉതകുന്നുവെന്നത് അനുഭവമാണ്. സംഭാഷണത്തിനിടയിലെ മൗനങ്ങള്‍ എത്ര വാചാലമാണെന്ന് നാം അനുഭവിച്ചറിയുന്നു. കലാമൂല്യമുള്ള സിനിമയിലും ജനപ്രിയസിനിമകളിലും തിലകന്‍ സ്വന്തം വേഷം സമര്‍ത്ഥമായി അവതരിപ്പിക്കുന്നു. ആസ്വാദകന്‍റെ ശ്രദ്ധ തന്നിലേക്കാകര്‍ഷിക്കാനുള്ള മാന്ത്രികശക്തി തിലകനുണ്ടായിരുന്നു. കൂട്ടത്തിലഭിനയിക്കുന്ന നടീനടന്മാര്‍ക്ക് ഉത്തേജനം പകരുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശക്തമായ സാന്നിധ്യം. നരസിംഹം, സ്ഫടികം, ചിന്താമണികൊലക്കേസ്, ഇവിടം സ്വര്‍ഗ്ഗമാണ് തുടങ്ങിയ സിനിമകളില്‍ തിലകന്‍റെ പ്രകടനം എടുത്തുപറയേണ്ടതുതന്നെയാണ്.
വളര്‍ച്ചയും വികാസവും നടന്‍റെ ജീവിതത്തെ പൂര്‍ണമാക്കുന്നത് പ്രതിഭകൊണ്ടുകൂടിയാണ്. 'നവനവോന്മേഷശാലിയായ പ്രജ്ഞയാണ് പ്രതിഭ' എന്ന് ആചാര്യന്മാര്‍ എടുത്തുപറഞ്ഞിട്ടുണ്ട്. എന്നും നവീകരിക്കപ്പെട്ടുകൊണ്ടിരുന്ന പ്രജ്ഞയാണ് തിലകനില്‍ നാം കണ്ടത്. നാടകത്തിലൂടെ തിടംവെച്ച ആ പ്രതിഭ സിനിമയില്‍ പൂത്തുലഞ്ഞു. മറ്റു പല നടന്മാര്‍ക്കും സിനിമയിലെത്തിയപ്പോള്‍ നാടകം ഒഴിയാബാധയായി പിന്തുടര്‍ന്നപ്പോള്‍ നാടകത്തെ സിനിമയില്‍നിന്നു മാറ്റിനിര്‍ത്താന്‍ തിലകന് എളുപ്പത്തില്‍ സാധിച്ചു. എത്ര അനായാസമാണ് ഏതു വികാരവും അദ്ദേഹം ആവിഷ്കരിച്ചത്? ജന്മസിദ്ധമായ കഴിവിനെ നിരന്തരസാധനയിലൂടെ മൂര്‍ച്ചകൂട്ടിയതിനുദാഹരണമാണ് അദ്ദേഹത്തിന്‍റെ അവസാനകാല സിനിമകള്‍. ഇന്ത്യന്‍ റുപ്പി, സ്പിരിറ്റ്, ഉസ്താദ് ഹോട്ടല്‍, അച്ഛന്‍ എന്നീ സിനിമകള്‍ എടുത്തുകാണിക്കാവുന്നവയാണ്. ചെറിയ വേഷത്തില്‍ കടന്നുവരുമ്പോഴും പ്രേക്ഷകമനസ്സിലേക്ക് അദ്ദേഹം നേരിട്ടുകടന്നിരിക്കുന്നു. അത് അദ്ദേഹത്തിനു മാത്രം കിട്ടിയ സൗഭാഗ്യമാണ്.
പുതിയ തലമുറയില്‍പ്പെട്ട നടന്മാര്‍ക്കൊപ്പം അഭിനയിക്കുമ്പോഴും തിലകന്‍ യുവത്വം നിലനിര്‍ത്തുന്നു. വാര്‍ദ്ധക്യം ബാധിക്കാത്ത മനസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. നല്ല കഥാപാത്രങ്ങളെയും ചീത്ത സ്വഭാവമുള്ള കഥാപാത്രങ്ങളെയും അദ്ദേഹം ഗംഭീരമാക്കി. ഹാസ്യവും തനിക്കു വഴങ്ങുമെന്ന് തിലകന്‍ തെളിയിച്ചു.
നിരങ്കുശമായ സ്വാതന്ത്ര്യബോധമാണ് തിലകന്‍റെ ശക്തി. സ്വാതന്ത്ര്യബോധമില്ലാത്തവന് സര്‍ഗാത്മകമായി വളരാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ തിലകന്‍ സ്വാതന്ത്ര്യം ആഘോഷിച്ചു. ഇത് നാം തെറ്റിദ്ധരിച്ചു. സംഘടനകളുടെയും താരപ്രഭുക്കന്മാരുടെയും അടിമയാകാതെ സിനിമയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ അദ്ദേഹം മല്ലടിച്ചു. അദ്ദേഹത്തെ സഹിഷ്ണുതയോടെ മനസ്സിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. തിലകന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുവെന്ന സത്യം വിസ്മരിക്കാനാവില്ല. കൂടാതെ, കലാകാരന്‍റെ മനസ്സും നാം തിരിച്ചറിഞ്ഞില്ല. വൈകാരികമായ ചില പ്രതികരണങ്ങള്‍ പെരുപ്പിച്ച് മാധ്യമങ്ങളും പ്രശ്നങ്ങള്‍ വഷളാക്കി. ആ വലിയ കലാകാരനെ ഒഴിവാക്കിയവരും പുറന്തള്ളിയവരും യഥാര്‍ത്ഥ കലയെയാണ് പുറന്തള്ളിയതെന്നറിയാന്‍ ഇനിയും കാലം കുറേ കഴിയും. സിനിമക്കുള്ളിലെ രാഷ്ട്രീയവും മതവും ജാതിയും പണാധിപത്യവും താരാധിപത്യവുമെല്ലാം ഇനിയും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടാനിരിക്കുന്നതേയുള്ളൂ.
മൂന്നാംപക്കത്തിലെ മുത്തച്ഛന്‍റെ കാത്തിരിപ്പും കിരീടത്തിലെ അച്ഛന്‍റെ വേദനയുമെല്ലാം നാം ഏറ്റുവാങ്ങി. അവാര്‍ഡുകള്‍ക്കും പുരസ്കാരങ്ങള്‍ക്കുമപ്പുറം ജനഹൃദയങ്ങളില്‍ സ്ഥാനം നേടാന്‍ തിലകനുകഴിഞ്ഞത് സിദ്ധിയും സാധനയും കൊണ്ടാണ്. അത്രസുന്ദരമല്ലാത്ത രൂപവും പരുക്കന്‍ സ്വരവുംകൊണ്ട് രംഗവേദിയില്‍ കടന്നുവന്ന അദ്ദേഹം നമ്മുടെ സൗന്ദര്യസങ്കല്പങ്ങള്‍ മാറ്റിമറിച്ചു. പ്രതിഭയുടെ സൗന്ദര്യമാണ് അദ്ദേഹത്തിന്‍റെ കരുത്ത്. അതുകൊണ്ടാണ് മരണശേഷവും അദ്ദേഹം ജീവിക്കുന്നത്. പൂര്‍വാഹ്നത്തിലെ സൂര്യനെപ്പോലെ അദ്ദേഹം വളരുകയായിരുന്നു. ആ വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കാന്‍ മരണത്തിനും സാധിച്ചിട്ടില്ല. ഇനിയും നമുക്കുള്ളില്‍ അദ്ദേഹം വളര്‍ന്നുകൊണ്ടിരിക്കും. അദ്ദേഹം വരച്ചിട്ട ചിത്രങ്ങളുടെ പൊരുളുകള്‍ ഇനിയും തെളിഞ്ഞുകിട്ടാനിരിക്കുന്നതേയുള്ളൂ. വരുംതലമുറകള്‍ അതില്‍ പുതിയ വഴികള്‍ കണ്ടെത്തുമെന്നുറപ്പാണ്.
ഓരോ മരണവും നമ്മില്‍നിന്ന് ചിലതെല്ലാം അപഹരിക്കുന്നു. കലാകാരന്‍റെ മരണം ഭൗതികം മാത്രമാണ്. യഥാര്‍ത്ഥ കലാകാരന് മരണമില്ല. അതുകൊണ്ടുതന്നെ തിലകനും മരണമില്ല. അദ്ദേഹത്തിന്‍റെ എത്രയോ കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ സജീവമായി നിലനില്‍ക്കുന്നു! 'നിന്‍റെ അച്ഛനാടാപറയുന്നത്, കത്തി താഴെയിടടാ' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം കടന്നുവരുന്നു. തനിക്കെതിരെ വാളോങ്ങിയവരോടെല്ലാം അദ്ദേഹം വിളിച്ചുപറയാന്‍ ശ്രമിച്ചതും ഇതുതന്നെയായിരുന്നു. കലാകാരന്‍റെ വൈകാരികാസന്തുലിതാവസ്ഥകള്‍ സഹിഷ്ണുതയോടെ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തിലകനെ കൂടുതല്‍ പ്രയോജനപ്പെടുത്താമായിരുന്നു.
അരങ്ങൊഴിഞ്ഞ ആ പ്രതിഭാശാലി നമ്മെ അതിശയിപ്പിച്ചുകൊണ്ട് ഈ വഴിയില്‍ത്തന്നെയുണ്ട്. അച്ഛനായി, മുത്തച്ഛനായി, പുരോഹിതനായി, പോലീസുകാരനായി, മുതലാളിയായി, ദരിദ്രനായി, വില്ലനായി, നായകനായി, ദുഷ്ടനായി, നല്ലവനായി... തിലകന്‍ നമ്മോടൊപ്പമുണ്ട്. 'എനിക്കു മരണമില്ല' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അദ്ദേഹം നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്നു. ആ മഹാപ്രതിഭയുടെ ഓര്‍മ്മകള്‍ നമുക്ക് അമൂല്യമാണ്.